19/04/2026

പ്രണയിനി : ഭാഗം 31

രചന – ഗംഗ ശലഭ

അപകടത്തിൽപ്പെട്ട വാഹനത്തിൽ സായിയും ഉണ്ടായിരുന്നു എന്ന് പോലീസിനോട് പറഞ്ഞത് ശ്രീനാഥ് ആണ്. അപകടം നടന്നത് പാലത്തിൽ വച്ചായത് കൊണ്ട് ശ്രീനാഥ് മനസ്സിൽ മറ്റൊരു പ്ലാൻ ഇതിനോടകം തയാറാക്കി എടുത്തിരുന്നു. ഏറെ പഴക്കം ഉണ്ടായിരുന്ന പാലത്തിന്റെ കൈവരി അപകടത്തിൽ തകർന്ന് പോയിരുന്നു. വലിപ്പമുള്ള ടാങ്കർ ലോറി കാറിൽ വന്നിടിച്ചതിന്റെ ആഘാദത്തിൽ സായി കാറിൽ നിന്നും തെറിച്ചു പുഴയിലേക്ക് വീണിട്ടുണ്ടാകുമെന്ന അനുമാനത്തിൽ എത്തി പോലീസ്. സായിക്കായി പുഴയിൽ തിരച്ചിൽ ആരംഭിച്ചു.

അന്ന് രാത്രി ശ്രീനാഥ് സ്റ്റീഫന്റെ രഹസ്യ സംഗേദത്തിൽ എത്തി. സായിയെ കൊലപ്പെടുത്തി പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു ലക്ഷ്യം. ശ്രീനാഥിന്റെ നിർദ്ദേശപ്രകാരം ഇർഷാദ് ആക്‌സിഡന്റിനിടെ സായി വീണു പോയി എന്ന് കരുതുന്ന അതേ പുഴയിൽ നിന്നും പുഴവെള്ളം ശേഖരിച്ചിരുന്നു. ആ വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ചു സായിയെ കൊല്ലണം. ശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിക്കണം. അങ്ങനെ ആയാൽ പോസ്റ്റ്‌ മോർട്ടത്തിലും സംശയം തോന്നുകയില്ല. പോലീസിന്റെ അടുത്ത ദിവസത്തെ തിരച്ചിലിൽ പുഴയിൽ നിന്നും സായിയുടെ മൃതദേഹം കണ്ടെടുക്കും. അതോടെ മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലാതെ ആ അദ്ധ്യായവും അവസാനിക്കും. അതായിരുന്നു പ്ലാൻ. മരണസമയത്തിൽ ഉണ്ടായേക്കാവുന്ന സംശയത്തെക്കുറിച്ച് അന്നേരം ശ്രീനാഥ് ചിന്തിച്ചിരുന്നില്ല.

പക്ഷെ സ്റ്റീഫനും ശ്രീനാഥും ഒരുമിച്ചു സായിയെ ഒളിപ്പിച്ചിരുന്നിടത്ത് എത്തുമ്പോൾ സായി രക്ഷപെടാനുള്ള ശ്രമത്തിൽ ആയിരുന്നു. അവൻ എങ്ങനെയൊക്കെയോ സ്വയം ബന്ധനത്തിൽ നിന്നും മോചിതനായിരുന്നു.

ശ്രീനാഥിനെയും സ്റ്റീഫന്റെ കൂട്ടാളിയെയും തള്ളി നിലത്തേക്കിട്ട് സായി രക്ഷപെടാൻ ശ്രമിച്ചു. സ്റ്റീഫൻ അവനെ പിറകിൽ നിന്നും ചവിട്ടി വീഴ്ത്തി. സ്റ്റീഫനുമായി സായി ഏറ്റുമുട്ടുന്നതിനിടയിലാണ് അവന്റെ തലയിൽ ശക്തമായ ഒരടി വീണത്. നിലത്തേയ്ക്ക് വീണു പോയി സായി. കയ്യിൽ ഒരു ഇരുമ്പ് കസേരയും പിടിച്ച് ദേഷ്യം കൊണ്ട് വിറച്ചു നിന്നു ശ്രീനാഥ്.

ശക്തമായ അടിയിൽ സായിയുടെ മുഖത്തിന്റെ ഒരു വശം ആകെ ചതഞ്ഞു പോയിരുന്നു… തലയിൽ നിന്നും രക്തം നിലത്തേക്ക് ഒഴുകി പരന്നു. ശ്രീനാഥിന്റെ ആ പ്രവർത്തിയിൽ സ്റ്റീഫൻ പോലും അമ്പരന്ന് പോയി.

വീണ്ടും അവന്റെ തലയിലേക്ക് കസേര അടിക്കാൻ ഓങ്ങിയ ശ്രീനാഥിനെ സ്റ്റീഫൻ വിലക്കി.

“വേണ്ട സാർ…. ഇപ്പൊ തന്നെ തീർന്ന മട്ടാ…. ഈ പരുവത്തിൽ ഇവനെ തൂക്കി പുഴയിൽ ഇട്ടാൽ, തന്നേ മുങ്ങി ചത്തോളും. നാളെ പുഴേന്ന് തന്നെ ബോഡി കിട്ടുകേം ചെയ്യും. ”

ശ്രീനാഥിന്റെ കയ്യിൽ നിന്നും കസേര പിടിച്ച് വാങ്ങി സ്റ്റീഫൻ അത് പറഞ്ഞപ്പോൾ അതാണ്‌ നല്ലതെന്ന് ശ്രീനാഥിനും തോന്നി. അപ്പോഴേക്കും ഇർഷാദും എത്തിയിരുന്നു. ഇർഷാദും സ്റ്റീഫന്റെ മറ്റൊരു കൂട്ടാളിയും ചേർന്ന് സായിയുടെ ശരീരം വലിയൊരു ചാക്കിനുള്ളിലാക്കി.

“ഇത് തീർന്നു സാറേ….”

അന്നേരം ഇർഷാദ് പറഞ്ഞത് കേട്ട് ശ്രീനാഥ് നെറ്റിയിലൂടെ വിരലോടിച്ചു.

“സാർ…. നാളെ പുഴേന്ന് കിട്ടുന്ന ഈ ചെറുക്കന്റെ ബോഡി പോസ്റ്റ്‌ മോർട്ടം ചെയ്യുന്ന ഫോറെൻസിക് സർജ്ജൻ നമ്മുടെ ആളായിരിക്കണം. സാറിനത് പറ്റോ?”

സ്റ്റീഫന്റെ ചോദ്യത്തിന് ഉറപ്പോടെ ‘പറ്റും’ എന്ന് ശ്രീനാഥ് മറുപടി കൊടുത്തു.

“എന്നാ സാറ് ടെൻഷൻ ആവാതെ. ഇവന്റെ ബോഡി നാളെ പോലീസിന് കിട്ടും. അതേ പൊഴേന്ന്… ബാക്കി ഒക്കെ സാറിന്റെ കയ്യിലാ….”

സ്റ്റീഫൻ കുടിലതയോടെ ചിരിച്ചു. ശേഷം അയാൾ ഇർഷാദിന് എന്തൊക്കെയോ നിർദേശങ്ങൾ കൊടുത്തു.

ഇർഷാദും സ്റ്റീഫന്റെ കൂട്ടാളിയും ചേർന്ന് ചാക്ക് കെട്ട് കാറിന്റെ ഡിക്കിയിലേക്ക് വലിച്ചിട്ടു. ശേഷ ഇരുവരും കാറിൽ കയറി ഓടിച്ചു പോയി.

*********

പുഴയോട് ചേർന്നുള്ള റോഡിൽ പോലീസ് വാഹനം കണ്ടതും ഇർഷാദ് കാർ ദൂരെ മാറ്റി നിർത്തി. ശേഷം ചുറ്റിനും നോക്കി. ഇടതു വശത്ത് റോഡിനോട് ചേർന്ന് കുട്ടിച്ചെടികൾ വളർന്ന് നിൽക്കുന്നത് അയാൾ കണ്ടു.

“എന്തായാലും നമുക്കിത് റോഡിൽ കൂടി കൊണ്ട് പോകാൻ പറ്റില്ല. മൈതാനം ചുറ്റി പോണം. തൽക്കാലം നമുക്ക് ഇതിവിടെ കുറ്റിക്കാട്ടിൽ ഒളിപ്പിക്കാം. കാർ അപ്പുറത് പാർക്ക് ചെയ്തിട്ട് വന്ന് എടുത്തോണ്ട് പോയി പുഴേൽ തള്ളാം.”

ഇർഷാദ് പറഞ്ഞത് മറ്റയാളും സമ്മതിച്ചു. ഇരുവരും ചേർന്ന് ചാക്ക് കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു.

ശേഷം പോലീസിന് മുന്നിലൂടെ തന്നെ അവർ വാഹനം ഓടിച്ചു പോയി. കാര്യമായ ചെക്കിങ് ഒന്നും ഉണ്ടായില്ല. വാഹനം മൈതാനം ചുറ്റി പുഴയിൽ നിന്നും അല്പം മാറ്റി പാർക്ക് ചെയ്ത ശേഷം അവർ ഇരുവരും മതിൽ ചാടിക്കടന്ന് മൈതാനത്തിലൂടെ നടന്ന് കുറ്റിച്ചെടികൾ ഇടതൂർന്ന് വളർന്ന് നിൽക്കുന്ന ആ കുറ്റിക്കാടിനടുത്തെത്തി. എന്നാൽ , അവരവിടെ ഒളിപ്പിച്ചു പോയത് അന്നേരം അവിടെ ഉണ്ടായിരുന്നില്ല….!

കുറച്ചു മാറി കൂട്ടം ചേർന്ന് നിന്ന തെരുവ് നായ്ക്കൾ അവരെക്കണ്ട് ഉച്ചത്തിൽ ഓരിയിട്ടു. ഇരുവരും പരസ്പരം നോക്കി.

ഇർഷാദ് സ്റ്റീഫനെ വിളിച്ച് വിവരം ധരിപ്പിച്ചു.

” ചോരേടെ മണം അടിച്ചു വന്ന തെരുവ് പട്ടികള് കൊണ്ട് പോയതാ സാറേ… ചത്തെന്ന് ഞങ്ങക്ക് ഉറപ്പാ…”

“ഏത് പട്ടി കൊണ്ട് പോയാലും അത് കിട്ടിയിരിക്കണം…!”

ഫോണിൽ കൂടി ഇർഷാദിനെ ചീത്ത പറഞ്ഞു സ്റ്റീഫൻ കാൾ കട്ടാക്കി.

എന്നാൽ കുറേ തിരഞ്ഞിട്ടും അവർക്കത് കിട്ടിയില്ല.

ഒടുവിൽ രണ്ടാഴ്ചയ്ക്കിപ്പുറം അതേ പുഴയിൽ നിന്നും അഴുകി തിരിച്ചറിയാനാകാത്ത നിലയിൽ ഒരു മൃതദേഹം കിട്ടി. ഊരോ പേരോ അറിയാത്ത ഒരു നാടോടി സായിക്ക് വേണ്ടി ബലിയാടായി. പക്ഷെ, ഇത്രയൊക്കെ പ്ലാൻ ചെയ്തു നടപ്പാക്കിയ ദേവനും ശ്രീനാഥിനും ആ ആജ്ഞാത മൃതദേഹത്തെ സായിയാക്കാൻ അധികം പ്രയാസമുണ്ടായിരുന്നില്ല.

അങ്ങനെ സായി എന്ന അധ്യായം അവിടെ അവസാനിച്ചു എന്ന് ശ്രീനാഥ് വിശ്വസിച്ചു. എങ്കിലും സായിയുടെ മൃതദേഹം എവിടെ പോയി എന്നത് അവന്റെ ഉള്ളിൽ ഒരു ചോദ്യചിഹ്നമായി തന്നെ നിന്നു.

ആർക്ക് വേണ്ടിയാണോ ശ്രീനാഥ് ഇതൊക്കെ ചെയ്തു കൂട്ടിയത് അവളെ പിന്നീടവൻ നേരിൽ കാണുന്നത് സാരംഗി മരിച്ച് ഒരു വർഷം കഴിഞ്ഞപ്പോഴാണ്.

ഒരിക്കൽക്കൂടി അവൻ അവളെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. ഒരിക്കൽ സംഭവിച്ചു പോയതിന് അവളോട് ക്ഷമ ചോദിച്ചു. ഇനി ഒരിക്കലും ആർക്ക് വേണ്ടിയും അവളെ വിട്ട് കളയില്ല എന്ന് ഉറപ്പ് കൊടുത്തു. താൻ അവളെ ഭ്രാന്തമായി സ്നേഹിക്കുന്നു എന്ന് അവളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. അവളതൊക്കെയും ഒരു പുഞ്ചിരിയോടെ കേട്ടിരുന്നു.

“എനിക്ക് വേണ്ടി ഇനിയും കാത്തിരിക്കാൻ നീ ഒരുക്കമാണോ ശ്രീ?”

ഒടുവിൽ അവൾ ചോദിച്ചു.

‘അതേ’ എന്ന് മറുപടി കൊടുക്കാൻ ശ്രീനാഥിന് തെല്ലും ആലോചിക്കേണ്ടി വന്നില്ല.

” എന്നാൽ കാത്തിരിക്കൂ… നിന്നെ തിരഞ്ഞു ഞാൻ വരുന്ന ദിവസത്തിന് വേണ്ടി. അധികം വൈകാതെ നിന്റെ അടുത്തേക്ക് ഞാൻ വരും. അത് വരെ എന്നെ നീയിനി തിരയരുത്. കാണാൻ ശ്രമിക്കരുത്. നീ എന്നെ തിരയുന്നു എന്ന് ഞാൻ അറിഞ്ഞാൽ, എന്നെ നീ കാണാൻ ശ്രമിച്ചാൽ പിന്നീടൊരിക്കലും നമ്മൾ തമ്മിൽ കാണില്ല. ”

അവൾ തന്നെ സ്വീകരിക്കാൻ തയാറാണെന്ന ചിന്ത തന്നെ ശ്രീനാഥിൽ അതിയായ സന്തോഷം നിറച്ചിരുന്നു….. അവൻ ആഹ്ലാദത്തോടെ തല കുലുക്കി.

*************

അടുത്ത പാർട്ട്‌ മുതൽ പ്രെസെന്റ് ആണ് ട്ടോ…

അപ്പൊ സായിക്ക് എന്താ പറ്റിയെന്നു എല്ലാർക്കും മനസ്സിലായല്ലോ ല്ലേ? 😁