രചന – ഗംഗ ശലഭം
” എന്ത് കേസ്? ആര് കൊന്നു ന്നാ?”
പതർച്ച ഒളിപ്പിച്ച് ദേവൻ മധുവിനോട് ചൂടായി.
” എല്ലാം വിശദമായിട്ട് പറഞ്ഞു തരാനല്ലേ ഞാനിപ്പോ സാറിനെ കൊണ്ട് പോണത്? സാറിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരാം… കൂടെ ഞങ്ങളും ചിലതൊക്കെ ചോദിക്കും. സാറും ഉത്തരം തരണം. സത്യസന്ധമായിട്ട്…. ”
ദേവനോടായി പറഞ്ഞിട്ട് മധു പിറകിൽ നിൽക്കുന്നവരുടെ നേർക്ക് തിരിഞ്ഞു.
“പിടിച്ച് കേറ്റെടോ…”
ദേവൻ ധൃതിയിൽ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തതും മധു അത് പിടിച്ചു വാങ്ങി.
“ദേവൻ സാറിപ്പോ ആരെയും വിളിക്കുന്നില്ല. ”
ദേവനെ നോക്കി താക്കീതോടെ മധു പറഞ്ഞു.
” തൂക്കി എടുത്തു കേറ്റെടോ വണ്ടീല്….”
കൂടെ ഉണ്ടായിരുന്നവർക്ക് ആജ്ഞ കൊടുത്ത ശേഷം മധു ദേവന്റെ മൊബൈൽ സ്വന്തം പോക്കറ്റിലേക്ക് തിരുകി.
” സാറേ… ദേവൻ സാറിനെ സാറിന്റെ കാറിൽ കൊണ്ട് വന്നാൽ പോരെ?”
കൂട്ടത്തിൽ ഒരു പോലീസുകാരൻ മധുവിന്റെ അരികിലേക്ക് നീങ്ങി നിന്ന് ശബ്ദം താഴ്ത്തി ചോദിച്ചു.
” കഴിഞ്ഞ ആഴ്ച മാല മോഷണം ആരോപിച്ച് ഒരു പാവം ചെറുപ്പക്കാരനെ തല്ലികൊല്ലാറാക്കി ഇതിനാത്ത് എടുത്തിട്ടുണ്ട് സ്റ്റേഷനിൽ കൊണ്ട് വന്നപ്പഴും അവസാനം അവനല്ല അത് ചെയ്തത് എന്നറിഞ്ഞപ്പഴും നിനക്ക് ഈ സെന്റിമെന്റ്സ് ഒന്നും ഇല്ലായിരുന്നല്ലോ ശങ്കറേ… വമ്പന്മാരെ തൊടാൻ പേടിയാ? അതോ ഇവനാണോ നിനക്ക് ശമ്പളം തരണത്? പറയുന്നതങ്ങ് കേട്ടാ മതി. ഞാനാ നിന്റെ സുപ്പീരിയർ… ഇവനല്ല…!”
മധുവിന്റെ മുഖഭാവം കണ്ടതും ശങ്കറും ഒപ്പം ഉണ്ടായിരുന്ന പോലീസുകാരും മുന്നോട്ട് വന്നു ദേവനെ പിടിച്ചു.
“ചെവിയിൽ നുള്ളിക്കോ… നീ ഇതിനു അനുഭവിക്കും.”
മധുവിന്റെ നേർക്ക് കത്തുന്ന നോട്ടം എറിഞ്ഞു ദേവൻ പല്ല് കടിച്ചു.
” അതിനുള്ള സമയം ഒന്നും സാറിന് ഇനി കിട്ടുമെന്ന് തോന്നുന്നില്ല. ഇപ്പോ രണ്ട് കൊലപാതകങ്ങളേ ഉള്ളെങ്കിലും അത്രേം ഒന്നും അല്ലല്ലോ ലിസ്റ്റില്…? കാണിച്ച് കൂട്ടീട്ടുള്ള തെമ്മാടിത്തരങ്ങള് ഓരോന്നോരോന്നായിട്ട് വെളീല് വരുമ്പോ ഇതൊക്കെ ഞാൻ ചെയ്തതാണോ എന്നോർത്ത് അന്തം വിടാൻ പോലും തനിക്ക് നേരം കിട്ടൂല്ല….”
മധുവിന്റെ മുഖത്ത് പരിഹാസം നിറഞ്ഞു.
“അതിന് നീ ജീവനോടെ ഉണ്ടായിട്ട് വേണ്ടേ?”
മധുവിനെ നോക്കിയ ദേവന്റെ കണ്ണുകളിൽ തീ എരിഞ്ഞു.
മധു പിന്നെയും ചിരിച്ചു.
” എന്നെ കൊന്നാ നീ രക്ഷപെടും ന്നാ? ഇതിന്റെ ഒക്കെ പിന്നില് ആരാണെന്നെങ്കിലും നിനക്ക് അറിയാമോ? അല്ല അറിഞ്ഞിട്ടും വല്യ കാര്യമൊന്നും ഇല്ല. നിന്നെക്കൊണ്ട് ഒരു ചുക്കും ചെയ്യാൻ ഒക്കില്ല. എന്നെ കൊല്ലാനുള്ള കൊട്ടേഷന് ആളെ അന്വേഷിക്കുന്ന നേരത്തിന് ചെയ്‌ത പാപങ്ങളുടെ കണക്കൊന്ന് എടുത്തു വച്ചോ… കുമ്പസാരം പോലെ ഒക്കെ ഏറ്റു പറയേണ്ടി വരുമ്പം എളുപ്പമാകും…. പറഞ്ഞില്ലെങ്കിൽ പറയിപ്പിക്കും ഞങ്ങള്….”
കൂടുതൽ ഒന്നും പറയാതെ മധു വെട്ടി തിരിഞ്ഞു ജീപ്പിലേക്ക് കയറി ഇരുന്നു. അയാളുടെ പിറകെ നടന്നു ചെന്ന് സ്വയം പോലീസ് വാഹനത്തിന്റെ പിറകിൽ കയറി ഇരിക്കുന്ന ദേവനെ കണ്ട് ഒപ്പമുള്ള പോലീസുകാർ അന്തം വിട്ട് പരസ്പരം നോക്കി.
************
ഓഫീസിൽ നിന്നും വന്നു കുളിച്ചു വന്നതേ അരവിന്ദൻ ബെഡിലേക്ക് വീണു. പുറത്ത് നിന്നും ചായയും കുടിച്ചിട്ടാണ് വന്നത്. അത് കൊണ്ട് ഇനിയിപ്പോ രാത്രി എന്തെങ്കിലും ഉണ്ടാക്കാൻ എഴുന്നേറ്റാൽ മതി.
മധുവിന്റെ പരിചയക്കാരായ വൃദ്ധദമ്പതികളുടെ വീടിന്റെ മുകൾ നിലയിലെ വാടകക്കാരനാണ് അരവിന്ദൻ. രാവിലെയും രാത്രിയും ആഹാരം അവൻ സ്വയം ഉണ്ടാക്കാറാണ് പതിവ്. ഉച്ചയ്ക്ക് ക്യാന്റീനിൽ നിന്നോ പുറത്ത് നിന്നോ കഴിക്കും. ചില ദിവസങ്ങളിൽ മാത്രം രാത്രിയിലേക്കുള്ള ആഹാരം പുറത്ത് നിന്നും വാങ്ങി വരും.
പുട്ടോ ചപ്പാത്തിയോ ഉപ്പുമാവോ അങ്ങനെ എന്തെങ്കിലും ഒക്കെ ആവും ഉണ്ടാക്കാറ്. ആദ്യമൊക്കെ വീട്ടുടമസ്ഥർ അവനും കൂടി ആഹാരം കൊടുക്കാമായിരുന്നു. പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവരെ ആഹാരത്തിനും കൂടി ബുദ്ധിമുട്ടിക്കാൻ തോന്നാത്തത് കൊണ്ട് പതിയെ തനിക്കുള്ള ആഹാരം അവൻ സ്വയം ഉണ്ടാക്കാൻ തുടങ്ങി. ഇപ്പൊ ഇടയ്ക്കൊക്കെ രാത്രിയിൽ വീട്ടുകാർക്കും കൂടി അവൻ ആഹാരം ഉണ്ടാക്കി കൊടുക്കാറുണ്ട്. മക്കളും ചെറുമക്കളും ഒക്കെ വിദേശത്തുള്ള വീട്ടുകാർ ആകട്ടെ അരവിന്ദനെ സ്വന്തം മകനെപോലെയാണ് കരുതുന്നത്.
കണ്ണുകളിൽ ഉറക്കം പതിയെ തഴുകി തുടങ്ങിയതും അരവിന്ദന്റെ മൊബൈൽ ബെല്ലടിച്ചു.
“നാശം…. ആരാ ഈ നേരത്ത്?”
നേർത്തൊരു നീരസത്തോടെ അരവിന്ദൻ എഴുന്നേറ്റ് ടേബിളിന് മുകളിൽ ഇരുന്ന മൊബൈൽ എടുത്തു നോക്കി.
“കല്ലു…”
സ്‌ക്രീനിൽ തെളിഞ്ഞ പേര് ഉച്ചരിക്കുന്നതിനൊപ്പം അവന്റെ ചുണ്ടിൽ ഒരു നേർത്ത ചിരി തെളിഞ്ഞു.
“മ്മ്… എന്താ?”
ഉള്ളിൽ നേരിയ സന്തോഷം പൊടിഞ്ഞെങ്കിലും ചോദ്യം ഗൗരവത്തിൽ തന്നെ ആയിരുന്നു.
“അരവിന്ദേട്ടൻ ഞായറാഴ്ച വീട്ടിലോട്ട് വരുമോ?”
എടുത്ത പാടെ കല്യാണിയുടെ ചോദ്യം വന്നു. അവളുടെ ശബ്ദത്തിൽ അവൻ കാൾ എടുത്തതിലെ സന്തോഷം നിറഞ്ഞു നിന്നു.
“വരുമെങ്കിൽ…?”
അരവിന്ദന് അവളെ വെറുതെ കളിപ്പിക്കാനാണ് തോന്നിയത്.
“മ്ച്ചും.. വരുമോന്നു പറ….”
“വരും. എന്താ?”
“ചുമ്മാ…. ഒന്ന് കാണാനാ….”
“എന്നെ കാണാനായിട്ട് ആരും വീട്ടിലോട്ട് വരണ്ട.”
“നിങ്ങളെന്നെ നോക്കണ്ടാന്നേ… ഞാൻ നോക്കിക്കോളാം…. ”
കല്യാണിയ്ക്ക് കുസൃതി ചിരി….
“എന്നെ ആരും നോക്കണ്ട എന്നാ പറഞ്ഞത്.”
” ഞാൻ നോക്കും… എന്റെ കണ്ണടയുന്നത് വരെ നോക്കും…. കൊതിയാവാ കാണാൻ… ”
മറുപുറത്ത് നിന്നും മറുപടി ഒന്നും കിട്ടാതായപ്പോ കല്യാണി പിന്നെയും വിളിച്ചു.
“അരവിന്ദേട്ടാ….
അന്ന് പറഞ്ഞതു നേരാണോ?”
“എന്ത്?”
“എന്നെ ഇഷ്ടപ്പെടാൻ ശ്രമിക്കുവാണെന്ന്…”
“മ്മ്…”
“എന്നിട്ട്….”
“എന്നിട്ടെന്താ?”
“എന്നെ…. എന്നെ സ്നേഹിക്കാൻ പറ്റുന്നുണ്ടോ? അത്ര പെട്ടെന്ന് പറ്റില്ല എന്നറിയാം… എന്നാലും…..”
“നിന്നോട് എനിക്ക് എന്നും സ്നേഹം തന്നെ ആയിരുന്നു കല്ലു…”
“എനിക്ക് വേണ്ടത് ആ സ്നേഹം അല്ലല്ലോ… ഞാൻ സ്നേഹിക്കുന്ന പോലെ എന്നെ തിരിച്ചു സ്നേഹിക്കാൻ അരവിന്ദേട്ടന് എത്ര നാള് വേണ്ടി വരും?
ഒരു വർഷം….?
രണ്ടു വർഷം…?
അഞ്ച് വർഷം…?
അതോ ഈ ജീവിതകാലം മുഴുവൻ വേണ്ടി വരുമോ?
എന്നാലും ഞാൻ കാത്തിരിക്കും……
എന്നോട് അന്ന് പറഞ്ഞല്ലോ? എന്നെ ഇഷ്ടപ്പെടാൻ ശ്രമിക്കുവാണെന്ന്…. ആ ധൈര്യത്തിലാ ഞാൻ ഇന്ന് വിളിച്ചത് തന്നെ. എടുക്കുമെന്ന് പോലും കരുതീല… എടുത്തില്ലേ? ഇത്രേം നേരം എന്നോട് സംസാരിച്ചില്ലേ? അത് തന്നെ സന്തോഷം….. എത്ര നാള് വേണേലും കാത്തിരിക്കാം ഞാൻ. എനിക്ക് എന്റെ അരവിന്ദേട്ടനെ കിട്ടൂന്ന് ഇപ്പൊ പ്രതീക്ഷയുണ്ട്. ഇഷ്ടാ അരവിന്ദേട്ടാ എനിക്ക് നിങ്ങളെ…. എത്രയാന്ന് പറയാൻ പറ്റാത്തത്ര ഇഷ്ടം….”
കല്യാണിയുടെ സ്വരം ഇടറി. അരവിന്ദന്റെ നെഞ്ചിൽ ഒരു കുഞ്ഞ് മുള്ള് തറഞ്ഞത് പോലെ ഒരു നീറ്റൽ ഉണ്ടായി. സുഖമുള്ള ഒരു നീറ്റൽ….
ഇതേ വരെ അവളെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഇപ്പൊ അവളെ അംഗീകരിക്കാൻ ശ്രമിക്കുന്നത് കൊണ്ടാവണം… മനസ്സിലാക്കാൻ കഴിയുന്നുണ്ട്….
” ഇത് ഞാൻ അരവിന്ദേട്ടനോട് പല വട്ടം പറഞ്ഞിട്ടുണ്ടെന്ന് അറിയാം. എന്നാലും എത്ര പറഞ്ഞാലും മതിയാവാത്ത പോലെ….
ലവ് യു അരവിന്ദേട്ടാ….
എന്നെങ്കിലും എന്നോട് ഇത് തിരിച്ചു പറയുമായിരിക്കും അല്ലെ?”
അരവിന്ദൻ അതിനും മറുപടി കൊടുത്തില്ല. കല്യാണി മറുപടി പ്രതീക്ഷിച്ചുമില്ല. വർഷങ്ങളോളം മനസ്സിലിട്ട് താലോലിച്ച ഒരാളെ മാറ്റി അവിടെ മറ്റൊരാളെ പ്രതിഷ്ടിക്കാൻ അത്ര എളുപ്പമല്ല എന്നവൾക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു.
എങ്കിലും കാൾ കട്ട് ചെയുമ്പോൾ കല്യാണിക്ക് സന്തോഷം തോന്നി. സാധാരണ ഇങ്ങനെ ഒക്കെ പറയുമ്പോ ചാടികടിക്കാൻ വരാറുള്ളതാണ്. ഇന്നത്തെ അവന്റെ നിശബ്ദത അവൻ തന്നെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നു എന്നതിന്റെ തെളിവാണല്ലോ? അത് മതി…. കാത്തിരിക്കാൻ ആ ഒരു പ്രതീക്ഷ മാത്രം മതി….
മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞ അരവിന്ദന്റെ ചിരിക്കുന്ന മുഖത്തേക്ക് നോക്കി കല്യാണി മനോഹരമായി പുഞ്ചിരിച്ചു.
” ലവ് യു അരവിന്ദേട്ടാ….”
അവൾ വീണ്ടും പറഞ്ഞു. അത്രയും പ്രണയത്തോടെ…..
അതേ സമയം വെളിച്ചം അണഞ്ഞ മൊബൈൽ സ്ക്രീനിലേക്ക് നോക്കി അരവിന്ദനും ചിരിക്കുന്നുണ്ടായിരുന്നു.
എന്നെങ്കിലും മുള പൊട്ടാനായി അവൻ തന്റെ ഹൃദയത്തിൽ വിതച്ചിരുന്ന കല്യാണിയുടെ പേര് എഴുതിയ പ്രണയത്തിന്റെ വിത്തുകൾ കുറച്ചു മുൻപ് അവളുടെ പതിഞ്ഞ ശബ്ദം പെയ്യിച്ച പ്രണയം മഴയിൽ നനഞ്ഞു തുടങ്ങിയിരുന്നു…..
” ലവ് യു അരവിന്ദേട്ടാ….”
കല്യാണിയുടെ ആർദ്രമായ ശബ്ദം വീണ്ടും അവന്റെ കാതിൽ കേട്ടു. മൊബൈൽ കയ്യിൽ മുറുകെ പിടിച്ചു ചുണ്ടിൽ നേർത്തൊരു പുഞ്ചിരിയുമായി അരവിന്ദൻ കട്ടിലിലേക്ക് ചാഞ്ഞു പതിയെ കണ്ണുകൾ അടച്ചു.
************
കല്യാണിയേം അരവിന്ദനേം നിങ്ങളൊക്കെ മറന്നോ? 🙈

by