19/04/2026

പ്രണയിനി : അവസാന ഭാഗം

രചന – ഗംഗ ശലഭം

ഉണ്ണിമോളുടെ ഉറക്കെയുള്ള വിളി കേട്ട് പേടിച്ചരണ്ട് ഹാളിൽ എത്തിയ കൃഷ്ണ കാണുന്നത് ഓടി വരുന്ന ഉണ്ണിമോളെയും, അവൾക്ക് പിറകിലായി ചുണ്ടിൽ നേർത്ത പുഞ്ചിരിയുമായി നടന്നു വരുന്ന സായിയെയുമാണ്. ഒരു നിമിഷം കണ്ണുകളെ വിശ്വസിക്കാനാകാതെ നിന്നു പോയി കൃഷ്ണ. ശേഷം ഒരു കുതിപ്പിന് അവന്റ നെഞ്ചിലേക്ക് ചെന്ന് ചേർന്നു.

ഉണ്ണിമോൾ ആ മുറിയിൽ ഉണ്ടെന്ന് പോലും അവൾ അന്നേരം മറന്നു പോയിരുന്നു. അവളുടെ കണ്ണിൽ അപ്പോൾ സായി മാത്രമേ ഉണ്ടായിരുന്നുള്ളൂ…..

അവളുടെ എല്ലാമെല്ലാമായ സായി മാത്രം….! അതും അവന്റെ യദാർത്ഥ രൂപത്തിൽ…..!

കൃഷ്ണ സായി എന്ന് ആവർത്തിച്ചു മന്ത്രിച്ചു കൊണ്ട് അവനെ മുറുകെ പുണർന്നു നിന്നു. സായി അവളുടെ നെറുകയിൽ പതിയെ തലോടി.

“അമ്മാ…….ഇതാരാ?”

ഉണ്ണിമോളുടെ ചോദ്യം കേട്ടതും കൃഷ്ണ അകന്ന് മാറി.

കൃഷ്ണ കുഞ്ഞിനെ എടുക്കും മുന്നേ സായി ഉണ്ണിമോളെ വാരിയെടുത്ത് നെഞ്ചോട് ചേർത്തിരുന്നു.

കുഞ്ഞ് അമ്പരപ്പോടെ കൃഷ്ണയെ നോക്കി.

“അച്ഛനാ…. ഉണ്ണിമോളുടെ അച്ഛൻ…”

കൃഷ്ണ കരഞ്ഞു കൊണ്ട് ചിരിച്ചു.

ഉണ്ണിമോൾ അമ്പരപ്പ് മാറാതെ സായിയെ നോക്കി.

“ശെരിക്കും?”

“ശെരിക്കും….”

സായിയും കൃഷ്ണയും ഒന്നിച്ചു പറഞ്ഞു.

” ഹായ്…. ഉണ്ണിമോളുടെ അച്ഛൻ…. ഉണ്ണിമോളുടെ അച്ഛൻ വന്നേ….”

കുഞ്ഞ് കൈ കൊട്ടി ചിരിച്ചു.

ഉണ്ണിമോൾ അമ്പിളിക്കല പോലെ വിടർന്നു ചിരിക്കുന്നത് കണ്ട് സായിയുടെയും കൃഷ്ണയുടെയും മനസ്സ് നിറഞ്ഞു.

സായിയുടെ ഫോട്ടോ ഉണ്ണിമോൾ കണ്ടിട്ടുണ്ട്. പക്ഷെ, അതിൽ നിന്നൊക്കെ അവനിപ്പോ കുറെയേറെ വെത്യാസങ്ങളുണ്ട്. അതാകും കുഞ്ഞിന് തീരെ മനസ്സിലാകാത്തത് എന്ന് കൃഷ്ണ ചിന്തിച്ചു.

” അപ്പഴേ അച്ഛാ… അച്ഛൻ ഇനി എനിക്ക് കളിപ്പാട്ടം വാങ്ങി തരോ? ഉടുപ്പ് വാങ്ങി തരോ? പാർക്കീ കൊണ്ടോവോ? ബീച്ചീ കൊണ്ടോവോ?”

ഉണ്ണിമോൾ ഓരോ വിരലുകളായി നിവർത്തി സായിയോട് ചോദിച്ചു.

” അച്ഛനിങ് വന്നല്ലേ ഉള്ളൂ മോളൂ…?”

കൃഷ്ണ എന്തോ പറയാൻ തുടങ്ങിയതും സായി അവളെ തടഞ്ഞു.

“ഒക്കെ വാങ്ങിത്തരാം….”

സായി ചിരിയോടെ പറഞ്ഞതും ഉണ്ണിമോൾ അവനെ കെട്ടിപ്പിടിച്ച് ഇരുകവിളിലും ഉമ്മ വച്ചു.

” ആമിയേം കിയാരേം അച്ചൂനേം ഒക്കെ അവരുടെ അച്ഛൻ പാർക്കിലും ബീച്ചിലും ഒക്കെ കൊണ്ടോവും… ഉടുപ്പും കളിപ്പാട്ടൊം കഥാബുക്കും ഒക്കെ മേടിച്ചു കൊടുക്കും. അവരതൊക്കെ എന്നോട് വന്നു പറയും. എന്റെ അച്ഛൻ എന്റടുത്ത് ഇല്ലാന്ന് അവരോട് പറയുമ്പോ അവരെന്നെ കളിയാക്കും. ഞാൻ ഇവിടെ വന്നു അമ്മെടോടെ ചോദിക്കുമ്പോ അമ്മ പറയും അച്ഛൻ വരട്ടെ… എന്നിട്ട് എന്നേം കൊണ്ടോവുംന്ന്…
കൊണ്ടോവില്ലേ അച്ഛാ… നമ്മക്കേ സിനിമ കാണാനും പോണംട്ടാ….”

ഉണ്ണിമോളുടെ വർത്തമാനം കേട്ട് സായി നിറഞ്ഞ കണ്ണുകൾ തുടയ്ക്കാതെ കുഞ്ഞിനെ കൂടുതൽ നെഞ്ചോട് അമർത്തി പിടിച്ചു. കൃഷ്ണ കരഞ്ഞു പോയിരുന്നു. ഉണ്ണിമോൾ അപ്പോഴും നിഷ്കളങ്കമായി ചിരിച്ചു.

ആ ആറ് വയസുകാരിയെ സംബന്ധിച്ചിടത്തോളം അവൾ എണ്ണിപ്പറഞ്ഞതോരോന്നും അവളുടെ ഏറ്റവും വലിയ നഷ്ടങ്ങളായിരുന്നു. ആ നഷ്ടങ്ങൾ ഒക്കെ നികത്തപ്പെടാൻ പോകുന്നു എന്ന ചിന്തയായിരുന്നു അച്ഛൻ തിരിച്ചു വന്നതിനേക്കാൾ അവളെ സന്തോഷിപ്പിച്ചത്.

അച്ഛൻ എന്ന വാക്കിന് അതിനുമപ്പുറം പല അർത്ഥങ്ങളുണ്ടെന്ന് തിരിച്ചറിയാൻ, അച്ഛനെ അറിഞ്ഞിട്ടില്ലാത്ത.. അച്ഛന്റെ സ്നേഹവും വാത്സല്യവും കരുതലും അറിഞ്ഞിട്ടില്ലാത്ത ആ കുരുന്നിന് എങ്ങനെ കഴിയും?

” ഇന്ന് വൈകിട്ട് അമ്പലത്തിൽ പോണം… നമുക്ക് ഒന്നിച്ച്…. സൂരജ് സാറിനേം ലക്ഷ്മിയമ്മേം കൂട്ടാം… എനിക്ക് നന്ദി പറയണം ദൈവങ്ങളോട്… എന്റെ സായിയെ തിരികെ തന്നില്ലേ? കുറേ നേർച്ചകളുണ്ട്… എല്ലാം നടത്തണം… നമുക്ക് ഉണ്ണിമോളേം കൂട്ടി പോകണം….”

കൃഷ്ണ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു… ഉള്ളിലെ സന്തോഷം എങ്ങനെ പ്രകടമാക്കണമെന്ന് അവൾക്ക് അറിയുന്നുണ്ടായിരുന്നില്ല.

ഉണ്ണിമോളും എന്തൊക്കെയോ പറയുന്നുണ്ട്. സായി നിറഞ്ഞ മനസ്സോടെ ഇരുവരെയും ചേർത്ത് പിടിച്ച് അങ്ങനെ നിന്നു…

*******

പതിവില്ലാതെ ഒറ്റയ്ക്ക് തൊടിയിലേക്ക് ഇറങ്ങിയതാണ് ലക്ഷ്മിയമ്മ. തിരികെ വന്നു കയറുമ്പോൾ കാണുന്നത് സായിയോട് ചേർന്ന് നിൽക്കുന്ന കൃഷ്ണയേയും ഉണ്ണിമോളെയുമാണ്.

ആ കാഴ്ച്ചയിൽ അവരുടെ കണ്ണും മനസ്സും നിറഞ്ഞു.

“മക്കളെ….”

ലക്ഷ്മിയമ്മയുടെ വിളി കേട്ടതും മൂവരും ഒന്നിച്ചു തിരിഞ്ഞു നോക്കി. ഉണ്ണിമോൾ സായിയുടെ കയ്യിൽ നിന്നും ഊർന്നിറങ്ങി ലക്ഷ്മിയമ്മയുടെ അടുത്തേയ്ക്കൊടി.

“അച്ഛനാ… ഉണ്ണിമോൾടെ അച്ഛനാ…”

കുഞ്ഞ് ഒരു കൈ കൊണ്ട് സായിയെ ചൂണ്ടി മറുകൈ സ്വന്തം നെഞ്ചിൽ തൊട്ട് കൊണ്ട് പറഞ്ഞു. ഉണ്ണിമോളുടെ സന്തോഷം കണ്ട് ലക്ഷ്മിയമ്മയുടെ മനം നിറഞ്ഞു. അവരവളെ വാരിയെടുത്തു കവിളിൽ മുത്തി.

കൃഷ്ണയുടെ അടുത്തെത്തിയതും കൃഷ്ണ കുഞ്ഞിനെ കയ്യിൽ വാങ്ങി. ലക്ഷ്മിയമ്മ സായിയുടെ നേരെ തിരിഞ്ഞു.

അവരവന്റെ കൈ കവർന്നു.

” മുഖം മാറിയാലും നീ എനിക്കെന്റെ സൂര്യ തന്നെയാ. എന്റെ മോൻ… അത് മാറില്ല കേട്ടോ… അല്ലാന്ന് നീയും പറഞ്ഞേക്കരുത്.”

രാജലക്ഷ്മി കണ്ണ് തുടച്ചു.

സായി അവരെ ചേർത്ത് പിടിച്ചതും അവരവന്റെ മുഖം പിടിച്ചു താഴ്ത്തി നെറ്റിയിൽ ചുംബിച്ചു.

“എന്നെ സൂര്യ എന്നല്ലാതെ വിളിക്കേം ചെയ്യരുത്….”

സായിയും അവരുടെ നെറ്റിയിൽ ഉമ്മ വച്ച് ചിരിച്ചു.

“സൂരജ് എവിടെ മോനെ?”

അപ്പോഴാണ് കൃഷ്ണയും അതോർത്തത്.

“അതേ… സൂരജ് സാർ എവിടെ സായി?”

“ദേ കൊച്ചേ… നിന്നോട് ഞാൻ പല തവണയായി പറയുന്നു ഈ സാർ വിളി നിർത്താൻ. അപ്പൊ അവന് ഇഷ്ടമാവില്ല എന്ന് പറഞ്ഞു നിർത്തിയില്ല. ഇനിയും ഇത് തുടരാനാണ് ഭാവമെങ്കി….?
ഒന്നുകിൽ ഇവൻ വിളിക്കും പോലെ ചേട്ടാന്ന് വിളിക്കണം. ഇല്ലേ നീ പേര് വിളിച്ചോ ഒരു കുഴപ്പോം ഇല്ല. പക്ഷെ സാറേന്ന് ഇനി വിളിക്കണത് കേട്ടേക്കരുത്.”

“എന്നാ സൂരജേട്ടാണ് വിളിക്കാം. ”

“അതാ നിനക്ക് നല്ലത്. ഇല്ലേ നീ എന്റേന്ന് മേടിക്കും….”

രാജലക്ഷ്മി കളിയായി കയ്യോങ്ങി.

“എന്റെ അമ്മേ തല്ലിയാ ഞാൻ കരയും.”

ഉണ്ണിമോളത് കണ്ട് ചുണ്ട് മലർത്തി പറഞ്ഞതും മൂവരും ഒരുമിച്ചു ചിരിച്ചു.

“ചേട്ടായി വരുന്ന വഴി ടെക്സ്റ്റെൽസിൽ ഇറങ്ങി. ഒരുമിച്ചു പോരാന്നു പറഞ്ഞതാ. എനിക്ക് അത് വരെ ക്ഷമയുണ്ടായില്ല.”

” പിന്നെ ഇന്ന് വൈകിട്ട് ആളൊരു ഔട്ടിങ് പ്ലാൻ ചെയ്തിട്ടുണ്ട്. നമ്മുടെ കുടുംബം. കൂടെ വൈശാലിയും….”

“അത് നന്നായി. ആ കൊച്ചിനെ ഒന്നൂടെ നേരിട്ട് കണ്ട് നന്ദി പറയണമെന്ന് ഞാൻ കരുതിയിരുന്നതാ. ഒക്കെത്തിനും നിങ്ങളുടെ ഒപ്പം നിന്നില്ലേ? പിന്നേ അന്ന് സൂരജ് ബോധമില്ലാതെ നടന്നപ്പഴും എനിക്ക് കൂട്ട് നിന്നത് അവളാ….”

“അപ്പൊ അമ്പലത്തിലോ?”

കൃഷ്ണ ചോദിച്ചതും പോകുന്ന വഴി അമ്പലത്തിലും കേറാമെന്ന് സായി പറഞ്ഞു.

“നീയൊന്നും കഴിച്ചില്ലല്ലോ? പോയി ഫ്രഷ് ആയി വാ… ഞാൻ കഴിക്കാൻ എടുക്കാം.”

രാജലക്ഷ്മി അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങിയതും കൃഷ്ണയും ഒപ്പം കൂടി. സായി ഉണ്ണിമോളെയുമെടുത്ത് മുറിയിലേക് നടന്നു പോയി. ഉണ്ണിമോൾ അപ്പോഴും അവന്റെ കഴുത്തിലൂടെ കൈ ചുറ്റിപിടിച്ചിരുന്ന് എന്തൊക്കെയോ വാ തോരാതെ പറയുന്നുണ്ടായിരുന്നു. അത് കണ്ടു ചിരിയോടെ കൃഷ്ണയും രാജലക്ഷ്മിയും അടുക്കളയിലേക്ക് നടന്നു.

************

അമ്പലത്തിൽ തൊഴുതു കഴിഞ്ഞ് ബീച്ചിൽ എത്തിയപ്പോഴേക്കും സന്ധ്യയോടടുത്തിരുന്നു. ഉണ്ണിമോളെയും തൂക്കിയെടുത്തു സായി അപ്പോഴേ കടലിലേക്കിറങ്ങി. അച്ഛന്റെ കൈ പിടിച്ചു കടലിൽ ഇറങ്ങാൻ കുഞ്ഞിനും വല്ലാത്ത ഉത്സാഹമായിരുന്നു. തിരമാലകൾ പേടിയാണെന്ന് പറഞ്ഞു കൃഷ്ണ കാലു മാത്രം നനച്ച് കുറച്ചു മാറി നിന്നു.

സായിയും ഉണ്ണിമോളും തിരമാലയിൽ ആകെ നനഞ്ഞു കുതിർന്നു. തിര തീരം തൊടാൻ വരുമ്പോഴൊക്കെയും ‘ മതി സായി….. മോളെ പിടിക്ക്’ എന്ന് കൃഷ്ണ ഉറക്കെ വിളിക്കും. സായി കുഞ്ഞിനേയും മുറുകെ പിടിച്ചു തിരമാലയിൽ നനയും. ഇരുവരും ഉറക്കെ പൊട്ടിച്ചിരിക്കും…. കൃഷ്ണ വേവലാതിയോടെ നിൽക്കും.

സായി ഉണ്ണിമോളുടെ ചെവിയിൽ എന്തോ രഹസ്യം പറയുന്നതും, ഇരുവരും ഒരുമിച്ചു വന്നു കൃഷ്ണയെ വലിച്ചു കൊണ്ട് കടലിലേക്ക് പോകുന്നതും, ഒരു വലിയ തിരമാല കൃഷ്ണയെ ആകെ നനയ്ക്കുന്നതും, നനഞ്ഞു കുതിർന്ന ചുരിദാർ നോക്കി കൃഷ്ണ സായിയുടെ നേർക്ക് മുഖം വീർപ്പിക്കുന്നതും, ശേഷം മൂവരും കൈ കോർത്തു പൊട്ടിച്ചിരിക്കുന്നതും ഒക്കെ നോക്കി സ്റ്റോൺ ബെഞ്ചിൽ ഇരിക്കുകയാണ് സൂരജ്. രാജലക്ഷ്മി അമ്പലത്തിൽ തൊഴുത ശേഷം ബീച്ചിലേക്കൊന്നും വയ്യ എന്നും പറഞ്ഞു വീട്ടിലേക്ക് മടങ്ങിയിരുന്നു.

ഉണ്ണിമോളുടെ ചിരിക്കുന്ന മുഖം നോക്കിയിരിക്കും തോറും സൂരജിന്റെ മനസ്സിൽ മറ്റൊരു കുഞ്ഞ് മുഖം തെളിഞ്ഞു വന്നു. തണുത്തുറഞ്ഞു കിടന്ന തന്റെ കുഞ്ഞിന്റെ മുഖം ഓർത്തതും അവന് ആരോടൊക്കെയോ ഇനിയും അടങ്ങാത്ത ദേഷ്യം തോന്നി. കണ്ണ് നിറഞ്ഞു. അറിയാതെ മുഷ്ടി ചുരുണ്ടു.

സ്റ്റോൺ ബെഞ്ചിൽ പിടിച്ചിരുന്ന ചുരുണ്ട വിരലുകൾക്ക് മുകളിൽ ആരുടെയോ കൈ ചേർന്നതറിഞ്ഞാണ് സൂരജ് തല ചരിച്ചു നോക്കിയത്. തൊട്ടരികിൽ അവനെത്തന്നെ നോക്കിയിരിക്കുകയാണ് വൈശാലി….

“എന്താടാ? ഇപ്പോഴും നീ അതൊക്കെ ഓർത്തിരിക്കയാണോ?”

സൂരജിന്റെ ചിന്തകൾ മനസ്സിലാക്കിയത് പോലെ വൈശാലി ചോദിച്ചു.

“മറക്കാൻ പറ്റുവോടി?”

സൂരജ് നനഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു.

” മറക്കണമെന്നല്ല പറഞ്ഞത്. കുഞ്ഞോളെ മറക്കാൻ നിനക്ക് പറ്റില്ല എന്ന് എനിക്കും അറിയാം. പക്ഷെ ആ ഓർമ്മകളെ നിയന്ത്രിക്കാൻ പറ്റണം.”

“ശ്രമിക്കാഞ്ഞിട്ടല്ലെടി… ഇത് പോലെ ചില കുഞ്ഞുങ്ങളുടെ കളിയും ചിരിയുമൊക്കെ കാണുമ്പോ… വേണ്ടാന്ന് വച്ചാലും ഓർത്തു പോകും…. അവളുണ്ടായിരുന്നെകിൽ എന്ന്….
എനിക്കെന്ന് പറയാൻ….
ചേർത്ത് പിടിക്കാൻ….
അവളെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന്….”

സൂരജിന്റെ തൊണ്ടയിടറി…

“ഞാൻ ഉണ്ടെങ്കിലോ?”

വൈശാലി പെട്ടെന്ന് പറഞ്ഞു.

സൂരജ് തല ചരിച്ചു വൈശാലിയെ നോക്കി.

” നീയുണ്ടാകും. അറിയാം…. നീയുള്ളത് കൊണ്ടാണല്ലോ ഞാൻ ഇന്ന് ഇവിടെ ഇങ്ങനെ ഇരിക്കുന്നത്. ഇല്ലേൽ എന്നേ കുടിച്ച് കുടിച്ച് കരളു വെന്ത് ചത്തേനെ….

പക്ഷെ… എത്ര നാൾ? വിവാഹം ഒക്കെ കഴിഞ്ഞ് ഒരു കുടുംബം ഒക്കെ ആയിക്കഴിഞ്ഞാൽ നിന്നെ പിന്നെ കാണാൻ കൂടി കിട്ടിയെന്ന് വരില്ല.”

സൂരജ് ചിരിച്ചു.

” വിവാഹം കഴിഞ്ഞും നിന്റെ ഒപ്പം തന്നെ ഞാൻ ഉണ്ടായാലോ?”

വൈശാലിയുടെ സ്വരം ആർദ്രമായി. അവളുടെ കണ്ണുകളിൽ പുതിയൊരു ഭാവം തിളങ്ങി.

“അതൊക്കെ പറയാനും കേൾക്കാനും ഒക്കെ രസമാണ്… പ്രാക്റ്റിക്കൽ അല്ല.”

സൂരജ് അവളിലെ ഭാവമാറ്റം ശ്രദ്ധിക്കാതെ നിരാശപ്പെട്ടു.

” എന്റെ ദൈവമേ…. ഇവനോട് ഇങ്ങനെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അൺ റൊമാന്റിക് മൂരാച്ചി.”

വൈശാലി കൈവെള്ള കൊണ്ട് സ്വന്തം നെറ്റിക്കടിച്ചു.

” എടാ പൊട്ടാ…. കല്യാണം കഴിഞ്ഞും ഞാൻ നിന്റെ കൂടെ ഉണ്ടാവുംന്ന്… എന്ന് വച്ചാ എന്നെ കെട്ടി കൂടെ കൂട്ടിക്കോളാൻ.
ഒന്ന് റൊമാന്റിക് ആയിട്ട് പ്രപ്പോസ് ചെയ്യാംന്ന് കരുതിയപ്പോ…. അവന്റെ ഒടുക്കത്തെ സെന്റിമെന്റ്സ്….. അല്ല പിന്നെ….!”

വൈശാലി തിരിഞ്ഞിരുന്നു.

സൂരജ് അമ്പരപ്പോടെ അവളെ നോക്കി.

“നീ എന്താ പറഞ്ഞത്?”

“ഇനിയും മനസ്സിലായില്ലേ? ഇതിലും ക്ലിയർ ആയിട്ട് എനിക്ക് പറയാൻ അറിഞ്ഞൂടാ…”

വൈശാലി കൈ മലർത്തിക്കൊണ്ട് മുഖം വീർപ്പിച്ചു.

ഗൗരവത്തോടെ മാത്രം കണ്ടിട്ടുള്ളവളിലെ കുട്ടിത്തം നിറഞ്ഞ ഭാവം ആസ്വദിക്കുന്നത് പോലെ അവനൊന്നു ചിരിച്ചു.

“Expected…!”

സൂരജിന്റെ ചിരി മായുന്നേയില്ല.

“എന്ത്?”

വൈശാലി കണ്ണ് മിഴിച്ചവനെ നോക്കി.

” നീയിത് പറയും എന്നല്ല… നീയിങ്ങനെ പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ പ്രതീക്ഷിച്ചിട്ടുണ്ട്. ആഗ്രഹിച്ചിട്ടുണ്ട്.”

ഇത്തവണ അമ്പരന്നത് വൈശാലിയാണ്.

” നിന്നോളം എന്നെ മനസ്സിലാക്കിയവരില്ല വൈശു. ആ നീ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്… വെറുതെ… വെറുതെ…. ഈയടുത്ത് എപ്പോഴോ മനസ്സിൽ കയറികൂടിയ ഒരു മോഹമാണത്.”

“പിന്നെ നീയെന്താ അതെന്നോട് പറയാതിരുന്നത്?”

“അങ്ങനെ ചോദിച്ചാ…. നിന്റെ സ്വഭാവം വച്ച് നീ എടുത്തടിച്ചത് പോലെ നോ പറഞ്ഞാലോ? അല്ലേൽ എന്നെ എടുത്തിട്ടടിച്ചാലോ? നമ്മുടെ ഫ്രണ്ട്‌ഷിപ്പിന് മങ്ങലേറ്റാലോ? അതൊന്നും എനിക്ക് ഓർക്കാൻ കൂടെ പറ്റില്ലായിരുന്നു.”

“അപ്പൊ ഞാൻ നിന്നോട് ചോദിച്ചതോ?”

വൈശാലിയുടെ ആ ചോദ്യത്തിന് സൂരജിന് ഉത്തരം ഉണ്ടായിരുന്നില്ല.

” അതൊക്കെ പോട്ടെ… അപ്പൊ എന്റെ പ്രൊപോസൽ നീ അക്‌സെപ്റ്റ് ചെയ്തു. റൈറ്റ്?”

വൈശാലി കുസൃതി ചിരി ചിരിച്ചു.

“അങ്ങനെ ഒന്നും പറയാറായിട്ടില്ല.”

“അതെന്താ?”

വൈശാലി കണ്ണ് കൂർപ്പിച്ചു.

“ദേഷ്യം വരുമ്പോ നീ എന്റെ നേർക്ക് കളരി പ്രയോഗിക്കില്ല എന്ന് ഉറപ്പ് തന്നാൽ ഞാൻ yes പറയാം.”

” അങ്ങനെ പ്രോഗിച്ചാ നീ നിന്റെ അരയിൽ കെട്ടീട്ടുള്ള കരാട്ടെ ബ്ളാക്ക് ബെൽറ്റ് ഊരി തടഞ്ഞാ മതീന്നെ…”

“അപ്പൊ ഐ പി എസ് നെ കയ്യേറ്റം ചെയ്തൂന്നും പറഞ്ഞു നീ കേസ് എടുക്കില്ലേ?”

“May be… എടുത്തെന്നിരിക്കും….”

വൈശാലി ഊറിച്ചിരിച്ചു.

“എന്നാ എനിക്ക് ഒന്നും കൂടി ആലോചിക്കണം.”

സൂരജ് താടി തടവി നിന്നു.

” ആലോചിച്ചോ… മോൻ ഇവിടെ ഇരുന്ന് ആലോചിച്ചോ. എനിക്ക് ഒരു കാൾ വരുന്നുണ്ട്. ഐ ജിയാ.. ഞാൻ ഒന്ന് സംസാരിച്ചിട്ട് വരാം. ഞാൻ തിരികെ വരുമ്പോ yes പറഞ്ഞാ മതി. അത് വരെ ആലോചിക്കാൻ നിറയെ സമയമുണ്ട്.”

തന്റെ തോളിൽ ഒന്ന് തട്ടി ചിരിയോടെ നടന്നു പോകുന്നവളെ സൂരജും ചിരിച്ചു കൊണ്ട് നോക്കിയിരുന്നു. മനസ്സിൽ പുകഞ്ഞു കൊണ്ടിരുന്ന കനലിന് മുകളിലേക്ക് ആരോ മഞ്ഞു കണങ്ങൾ വിതറിയത് പോലെ… ഹൃദയത്തിനൊരു കുളിർമ.

“എന്താണ് ചേട്ടായി ഒരു കള്ള നോട്ടം? സെറ്റായോ?”

നനഞ്ഞ വേഷത്തിൽ സായി അവനരികെ വന്നിരുന്നു.

“എന്തോന്ന്?”

സൂരജ് നെറ്റി ചുളിച്ചവനെ നോക്കി.

“നിങ്ങടെ മനസ്സിലിരിപ്പ് ഞാൻ മനസ്സിലാക്കീട്ട് കുറച്ചു ദിവസമായി കള്ള കാമുകാ….”

സായി പറഞ്ഞതും സൂരജ് ഒരു ചമ്മിയ ചിരിയോടെ മുഖം കുനിച്ചു.

അപ്പോഴേക്കും കൃഷ്ണയും കുഞ്ഞും അവർക്ക് അടുത്തേയ്ക്കെത്തി.

” കേട്ടോ കൃഷ്ണേ…. കണ്ണടച്ച് പാല് കുടിച്ചാൽ ആർക്കും മനസ്സിലാവില്ല എന്നാ ചില ജാഡ പൂച്ചകളുടെ വിചാരം.”

കൃഷ്ണ ഒന്നും മനസ്സിലാക്കാതെ ഇരുവരെയും മാറി മാറി നോക്കി.

“മനസ്സിലായില്ല അല്ലെ? ഇവിടെ ഒരാൾക്ക് പ്രേമം?”

സായി ചിരി ഒതുക്കി.

“പ്രേമോ? ആർക്ക് സൂരജേട്ടനോ? ആരോട്?”

കൃഷ്ണ വിശ്വസിക്കാനാകാത്തത് പോലെ കണ്ണ് മിഴിച്ചു നിന്നു.

“വേറെ ആരോട്…? നമ്മുടെ വൈശാലി ചേച്ചിയോട്.”

“ആണോ സൂരജേട്ടാ?”

കൃഷ്ണ സന്തോഷത്തോടെ ചോദിച്ചു.

സൂരജ് ഒന്നും മിണ്ടാതെ ഇരുന്ന് ചിരിച്ചു.

“കണ്ടാ… കണ്ടാ… നാണം വരുന്നത് കണ്ടാ..?”

സായി സൂരജിനെ കളിയാക്കി.

“എഴുന്നേറ്റു പോടാ….”

സൂരജ് കപടദേഷ്യം നടിച്ചതും സായി പൊട്ടിച്ചിരിച്ചു കൊണ്ടവനെ ചേർത്ത് പിടിച്ചു.

കൃഷ്ണയ്ക്ക് സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു. അവൾക്ക് രാജലക്ഷ്മിയുടെ മുഖം ഓർമ്മ വന്നു. മകന്റെ ഭാവി ഓർത്ത് വേവലാതിപ്പെടുന്ന ആ അമ്മമനം ഇതറിയുമ്പോൾ എത്ര മാത്രം സന്തോഷിക്കുമെന്ന് ഓർത്തപ്പോൾ കൃഷ്ണയുടെ ചുണ്ടിലും ചിരി വിടർന്നു.

” വാ… ഞങ്ങളാകെ നനഞ്ഞിരിക്കുവാ… വീട്ടിൽ പോകാം. മാറി ഉടുക്കാൻ ഉണ്ണിമോൾക്ക് മാത്രേ ഡ്രസ്സ്‌ എടുത്തിട്ടുള്ളൂ…”

സായി പറഞ്ഞിട്ട് എഴുന്നേറ്റതും സൂരജും എഴുന്നേറ്റു. അപ്പോഴേക്കും വൈശാലിയും കാൾ അവസാനിപ്പിച്ചു മടങ്ങി വന്നിരുന്നു.

കാറിനടുത്തേയ്ക്ക് നടക്കുന്നേരം സൂരജ് വൈശാലിയുടെ കൈയ്യിലേക്ക് കൈ കോർത്തു പിടിച്ചു. ഇരുവരുടെയും ചുണ്ടുകളിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞിരുന്നു. അത് വരെ സൗഹൃദത്തിന്റെ വിവിധ വർണ്ണങ്ങൾ നിറഞ്ഞിരുന്ന ഹൃദയങ്ങളിൽ അന്നേരം പ്രണയത്തിന്റെ ചെഞ്ചുവപ്പ് പടർന്നു പിടിച്ചിരുന്നു……

കാറിലേക്ക് കയറും മുന്നേ സൂരജ് കടലിലേക്ക് തിരിഞ്ഞു നോക്കി. സൂര്യന്റെ ചുംബനമേറ്റ് നാണത്താൽ ചുവന്നു തുടുത്തിരിക്കുന്ന അനന്തസാഗരത്തിലേക്ക്….. പ്രണയം ചുവപ്പിച്ച മനസ്സുമായി കുറച്ചു നിമിഷങ്ങൾ അവനാ കാഴ്ച ഇമ ചിമ്മാതെ നോക്കി നിന്നു.

*********

ഇടം കൈ കൊണ്ട് ജനലഴിയിൽ പിടിച്ച് പുറത്തെ ചാറ്റൽ മഴയിലേക്ക് കണ്ണ് നട്ടു നിന്നു കൃഷ്ണ. വലം കയ്യിൽ അവളൊരു പുസ്തകം നിധി പോലെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു.

ജനലഴിയും കടന്ന് ഉള്ളിലേക്ക് വീശുന്ന മഴത്തണുപ്പുള്ള കാറ്റ് അവളുടെ ശരീരത്തെ കുളിരണിയിച്ചില്ല… മുഖത്തേക്ക് തെറിച്ചു വീഴുന്ന ചാറ്റൽ മഴത്തുള്ളികളോ, മുറ്റത്തെ കിളിമരത്തിൽ നിറഞ്ഞു പൂത്തു കിടക്കുന്ന കുടമുല്ലപ്പൂക്കളുടെ മനം മയക്കുന്ന ഗന്ധമോ അവളറിഞ്ഞില്ല…..

ഇമ ചിമ്മാതെ ഇരുളിലേക്ക് നോക്കി ഏതൊക്കെയോ ഓർമ്മകളിൽ അലിഞ്ഞവൾ അങ്ങനെ നിന്നു.

പിന്നിൽ നിന്നും സായിയുടെ കൈകൾ കൃഷ്ണയെ പുണർന്നു.

“ഇരുട്ടിലേക്ക് നോക്കി ആലോചന എന്താണ്?”

കൃഷ്ണയുടെ തോളിൽ താടി മുട്ടിച്ച് കാതോരം അവൻ ചോദിക്കവേ അവളിൽ നിന്നൊരേങ്ങൽ ഉയർന്നു. കൃഷ്ണയെ ചുറ്റിപ്പിടിച്ചിരുന്ന സായിയുടെ കയ്യിലേക്ക് മിഴിനീരിറ്റ് വീണു.

സായി അകന്ന് മാറി അവളെ തന്റെ നേർക്ക് തിരിച്ചു നിർത്തി.

“കരയുന്നോ? എന്തിന്?”

അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കാണെ അവന്റെ ഉള്ളം വല്ലാതെ പിടഞ്ഞു. സായി ചൂണ്ടുവിരൽ കൊണ്ട് കൃഷ്ണയുടെ മിഴിനീര് തുടച്ചു മാറ്റി.

കൃഷ്ണ മറുപടി പറയാതെ മാറോടടക്കിപ്പിടിച്ചിരുന്ന പുസ്തകം സായിക്ക് കൈമാറി.

അവനത് പതിയെ തുറന്ന് നോക്കി. അതിനുള്ളിൽ നിറയെ ചിത്രങ്ങളായിരുന്നു. പല ഭാവത്തിലുള്ള ചിത്രങ്ങൾ…. കൃഷ്ണയുടെ ജീവൻ തുടിയ്ക്കുന്ന ചിത്രങ്ങൾ….

“നീ വരച്ചതാ…. ഓർത്തെടുക്കാൻ പറ്റുന്നുണ്ടോ?”

കൃഷ്ണ സായിയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.

മൂടൽ മഞ്ഞ് പൊതിഞ്ഞത് പോലെ അവ്യക്തമായി ചിലതൊക്കെ മനസ്സിൽ മിന്നി മായാറുണ്ടെങ്കിലും പഴയ ഓർമ്മകൾ ഇപ്പോഴും സായിക്ക് അന്യമാണ്.

ഹൃദയം തകർത്തൊരു നോവ് സായിയെ പൊതിഞ്ഞു. അവൻ ഇല്ല എന്ന് മെല്ലെ തല വെട്ടിച്ചു.

അപ്പോഴും സായിയുടെ വിരൽത്തുമ്പ് പേജുകൾ ഓരോന്നായി മറിച്ചു കൊണ്ടിരുന്നു.

ആ പുസ്തകത്തിന്റെ അവസാന പേജുകളിൽ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. പകരം അവിടെ നിറയെ ഒരായിരം വട്ടം സായി എന്നെഴുതി വച്ചിരുന്നു. മഷി പടർന്ന സ്വന്തം പേരിലൂടെ സായി സാവധാനം വിരലോടിച്ചു. അതെഴുതുമ്പോൾ കൃഷ്ണ ഹൃദയം നൊന്ത് കരഞ്ഞിരിക്കണം….

” നീ വല്ലാതെ വേദനിച്ചിയുന്നു അല്ലെ കൃഷ്ണാ…. കരഞ്ഞിരുന്നു അല്ലെ? എന്നെ… എന്നെ നീ ഒരുപാട്…. ഒരുപാട് സ്നേഹിക്കുന്നുണ്ടല്ലേ?”

സായിയുടെ തൊണ്ടയിടറി….

“നീ എന്നെയും ഒരുപാട് സ്നേഹിച്ചിരുന്നു സായി…..”

കൃഷ്ണ അവനോട് കൂടുതൽ ചേർന്ന് നിന്നു.

സായി വലം കൈ കൊടണ്ടവളുടെ വായ മൂടി.

” ഇപ്പോഴും സ്നേഹിക്കുന്നു….
എന്റെ മരണം വരെയും സ്നേഹിക്കും…..!”

” ഒന്നും ഒന്നും ഓർക്കാനായില്ലെങ്കിലും ഇപ്പോ ഈ നെഞ്ച് നിറയെ നീയാ…. എന്റെയാ… വിട്ട് കളയില്ല ഞാൻ….”

അവന്റെ കണ്ണ് നനഞ്ഞു… കൃഷ്ണയുടേത് നിറഞ്ഞൊഴുകി.

സായി കൃഷ്ണയെ നെഞ്ചോടടക്കിപ്പിടിച്ചു.
മുഖം കുനിച്ച് പതിയെ അവളുടെ നെറുകയിൽ ചുംബിച്ചു.

കൃഷ്ണ സായിയെ മുറുകെ പുണർന്ന് നിന്നു.

തന്റെ നെഞ്ചോട് ചേർന്നിരിക്കുന്ന കൃഷ്ണയുടെ മുഖം അവൻ കൈകുമ്പിളിൽ ഒതുക്കി.

അവനവളെ മൃദുവായി ചുംബിച്ചു. ഉള്ളിലെ സ്നേഹം മുഴുവൻ നിറച്ച ആയിരം ചുംബനങ്ങൾ…..

നീണ്ട മിഴിയിണകളിൽ….
കണ്ണീർ നനവ് പടർന്ന കവിളുകളിൽ…. നീണ്ട നാസികത്തുമ്പിൽ…..
അവനവളുടെ മുഖമാകെ ചുംബനം കൊണ്ട് മൂടി. ഭ്രാന്തമായി സായി കൃഷ്ണയെ ചുംബിച്ചു കൊണ്ടേയിരുന്നു.

ഒടുവിൽ ചുണ്ടുകൾ അവയുടെ ഇണകളെ തേടിയെത്തിയപ്പോഴേക്കും കൃഷ്ണയും മനസ്സ് കൊണ്ടൊരു മഴ നനയാൻ തയാറായിരുന്നു…. വിരഹത്തിനിപ്പുറം ഒരിക്കൽക്കൂടി ഉയിരും ഉടലും ഒന്നായി ഒരു പ്രണയമഴ നനയാൻ……. ❤️

**********

മായാദേവിയുടെ ക്ഷണ പ്രകാരം അവരുടെ വീട്ടിലേക്ക് വന്നതാണ് സായിയും കൃഷ്ണയും.

“ഒരു പ്രധാന കാര്യം സംസാരിക്കാനാണ് ഞാൻ നിങ്ങളെ വിളിപ്പിച്ചത്.”

മായാദേവി സെറ്റിയിലേക്ക് ചാഞ്ഞിരുന്നു.

ഗൗരവം ചോരാത്ത മുഖം. ലളിതമായ വസ്ത്രധാരണമെങ്കിലും ആഡ്യത്വം നിറഞ്ഞ ആകാരം. മുന്നിൽ വരുന്നവർ ആരായാലും അവരെ അറിയാതെ ബഹുമാനിച്ചു പോകുമെന്ന് കൃഷ്ണയ്ക്ക് തോന്നി.

“സ്വര….?”

(സ്വര സാരംഗിയുടെ മകളാണ്.)

” ഞങ്ങളുടെ ഒപ്പമാണ്. അവളും എന്റെ മകള് തന്നെയല്ലേ? ഉണ്ണിമോളെപ്പോലെ… വേർതിരിച്ചു കാണില്ല ഞാൻ…”

സായി സ്വന്തം നെഞ്ചിൽ കൈ ചേർത്തു.

“ഹമ്…”

മായാദേവി സംതൃപ്തിയോടെ ഒന്ന് മൂളി.

” ഞാൻ വിളിപ്പിച്ചത് എന്തിനാണെന്ന് പറയാം. എം ഡി ഗ്രൂപ്സ് ഞാൻ നിങ്ങളെ ഏൽപ്പിക്കുകയാണ്. മുഴുവൻ സ്വത്തുക്കളും ഉണ്ണിമോളുടെയും സ്വരയുടെയും പേരിലേക്ക് മാറ്റിയിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് പ്രായപൂർത്തിയാകുന്നത് വരെ നിങ്ങളായിരിക്കും എല്ലാത്തിന്റെയും കെയർ ടേക്കേഴ്സ്.”

ഗാംഭീര്യമുള്ള ശബ്ദത്തിൽ അവർ പറഞ്ഞു നിർത്തിയതും കൃഷ്ണയും സായിയും അമ്പരപ്പോടെ മുഖാമുഖം നോക്കി.

“പക്ഷെ…. അമ്മേ… അതിന്റെ ആവശ്യമുണ്ടോ?”

സായി സങ്കോചത്തോടെ ചോദിച്ചു.

” ഉണ്ട്. നിങ്ങൾ രണ്ടാളെയും ഞാൻ പ്രസവിച്ചില്ലെങ്കിലും എനിക്ക് നിങ്ങൾ മക്കൾ തന്നെയാണ്. ആദ്യമായി സ്വന്തമെന്ന് പറഞ്ഞു നെഞ്ചോട് ചേർത്തത് അവളെയാണ്. സാരംഗിയെ. എന്നെ ആദ്യം അമ്മ എന്ന് വിളിച്ചതും അവളാ… എന്റെ ചോരയല്ലെങ്കിലും മകളെന്നേ കരുതിയിട്ടുള്ളൂ…. നിന്നെയും അങ്ങനെ തന്നെ….”

മായാദേവിയുടെ മുഖത്ത് നിസ്സംഗത പടർന്നു.

“അപ്പോ സാരംഗി…? സാരംഗി മാഡത്തിന്റെ മകൾ അല്ലെന്നാണോ?”

കൃഷ്ണ അമ്പരപ്പോടെ മായാദേവിയെ നോക്കി.

” സാരംഗിയുടെയും സായിയുടെയും അമ്മ ഒരാളാണ്. ”

ഗൗരവം വിടാതെ മറുപടി വന്നു.

കൃഷ്ണ ഒന്നും മനസ്സിലാക്കാതെ സായിയെയും മായാദേവിയെയും നോക്കിയിരുന്നു. കൂടുതൽ ചോദിക്കാൻ അവൾക്ക് ധൈര്യം കിട്ടിയില്ല. മായാദേവിയുടെ ഗൗരവത്തോടെയുള്ള പെരുമാറ്റം തന്നെയായിരുന്നു കാരണം.

കൃഷ്ണയുടെ സംശയം മനസ്സിലാക്കിയത് പോലെ മായാദേവി പറഞ്ഞു തുടങ്ങി….

” എന്റെ അച്ഛന്റെ ബിസിനസ്സ് സ്ഥാപനത്തിലെ ജോലിക്കാരനായാണ് വർമ്മ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. MBA ഹോൾഡർ ആയിരുന്നു. മിടുമിടുക്കനും. വർമ്മയുടെ കഠിനാധ്വാനവും കൂർമ്മ ബുദ്ധിയും കൊണ്ട് ബിസിനസ്സ് അതിവേഗം വളർന്നു.

MD ഗ്രൂപ്സ് ഇന്ത്യ ഒട്ടുക്ക് അറിയപ്പെടുന്നൊരു സംരംഭമായി മാറാൻ അധികം കാലതാമസം ഉണ്ടായില്ല. എല്ലാം വർമ്മയുടെ മിടുക്കായിരുന്നു. അയാളുടെ കാലിബറിൽ അച്ഛൻ വല്ലാതെ ഇമ്പ്രസ്സ്ഡ് ആയി. എന്നെ അയാൾക്ക് വിവാഹം ആലോചിക്കാൻ അച്ഛന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എനിക്കും സമ്മതക്കുറവൊന്നും ഇല്ലായിരുന്നു.

സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഒരു കുടുംബം എന്നതൊഴിച്ചാൽ സുന്ദരനും സൽസ്വഭാവിയുമായ അയാളെ ആർക്കാണ് ഇഷ്ടമാകാത്തത്?

വിവാഹം നടന്നു. മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായില്ല. ഒരു കുഞ്ഞിനെ ചുമക്കാനുള്ള ശക്തി എന്റെ ഗർഭപാത്രത്തിനില്ലെന്ന് ഡോക്ടർസ് പറഞ്ഞപ്പോ വല്ലാതെ തകർന്ന് പോയിരുന്നു ഞാനന്ന്… അതിനും വർമ്മ പരിഹാരം കണ്ടെത്തി.

അയാൾ ഒരു പെൺകുഞ്ഞുമായി വീട്ടിലെത്തി. ആരോരുമില്ലാത്ത കുഞ്ഞാണെന്ന് എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. ആ കുഞ്ഞിനെ ഞങ്ങളുടെ കുഞ്ഞായി ദത്തെടുക്കാനുള്ള ഏർപ്പാടുകളൊക്കെ ചെയ്തു.

അവൾക്ക് ഞാൻ സാരംഗി എന്ന് പേരിട്ടു. എന്നെ അവൾ അമ്മ എന്ന് വിളിച്ചു. ഞാൻ അവളെ എന്റെ സ്വന്തം മക്കളായി തന്നെ കണ്ടു.

ഒരു വർഷം കടന്നപ്പോഴാണ് സാരംഗി വർമ്മയുടെ തന്നെ ചോരയാണെന്ന് ഞാൻ തിരിച്ചറിയുന്നത്. വിവാഹത്തിന് മുന്നേ അയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. സ്വത്തിനു വേണ്ടിയാണ് അയാളെന്നെ വിവാഹം കഴിച്ചതെന്നും, വിവാഹശേഷവും അയാൾ ആ സ്ത്രീയുടെ ബന്ധം തുടർന്നിരുന്നു എന്നും അറിഞ്ഞപ്പോ തകർന്ന് പോയി ഞാൻ….

അച്ഛൻ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ബിസിനസ്സിന്റെ ബാലപാഠങ്ങൾ പോലും അറിയാത്ത എനിക്ക് അത്രയും വലിയ ബിസിനസ് സംരംഭം നോക്കി നടത്താനൊന്നും കഴിയില്ല എന്ന് ഉറപ്പായിരുന്നു. അത് കൊണ്ട് മാത്രം ബിസിനസ്സിന്റെ ചുമതല വർമ്മയെത്തന്നെ ഏല്പിച്ച് ഞാൻ അയാളുടെ ജീവിതത്തിൽ നിന്നും പടിയിറങ്ങി.

വർമ്മയ്ക്ക് വേണ്ടിയിരുന്നത് പ്രശസ്തിയാണ്. അത് കൊണ്ട് MD ഗ്രൂപ്സ്ന്റെ സി ഇ ഓ പദവിയിൽ ഇരുന്ന് കൊണ്ട് അയാൾ അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തി.

അയാളുടെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോന്നെങ്കിലും അയാൾക്ക് ഞാൻ ഡിവോഴ്സ് അനുവദിച്ചു കൊടുത്തില്ല. എന്റെ ജീവിതം ഇല്ലാതാക്കിയിട്ട്… എന്നെ ചതിച്ചിട്ട് അയാളുടെ ഭാര്യാ പദം അലങ്കരിച്ച് ഇവരുടെ അമ്മ അയാൾക്കൊപ്പം ജീവിക്കണ്ട എന്നത് എന്റെ വാശി തന്നെയായിരുന്നു.

എന്നെ എതിർത്താൽ സി ഇ ഓ പദവി കൂടി നഷ്ടമാകുമെന്ന് പേടിച്ചായിരിക്കണം അയാളും പ്രശ്നത്തിനൊന്നും മുതിർന്നില്ല.

എന്റെ അച്ഛന്റെ വിശ്വസ്തനായിരുന്ന രാമലിംഗം അപ്പോഴും അയാൾക്കൊപ്പം ഉണ്ടായിരുന്നു. എന്റെ ആളായിട്ട്…..

ജീവിതത്തിൽ കള്ളം കാണിച്ചെങ്കിലും ബിസിനസ്സിൽ അയാൾ ഒരിക്കലും കളവു കാണിച്ചിട്ടില്ല കേട്ടോ….

എല്ലാ സ്വത്തുക്കളും എന്റെ പേരിലായിരുന്നു. ബിസിനസ്സ് ഉൾപ്പെടെ എല്ലാം അച്ഛൻ എന്റെ പേർക്ക് മാറ്റിയിരുന്നു.

നിങ്ങൾക്ക് അറിയാമോ? എന്റെ ഒരൊപ്പിന് വേണ്ടി ബിസിനസ്സ് കിങ് ആയ വർമ്മ മണിക്കൂറുകളോളം കാത്ത് നിന്നിട്ടുണ്ട്. ഞാൻ കാത്ത് നിർത്തിച്ചിട്ടുണ്ട്. പ്രശസ്തരായ പലരും അയാളുടെ സമയത്തിന് വേണ്ടി കാത്ത് നിൽക്കുമ്പോൾ അയാൾ എനിക്ക് വേണ്ടി കാത്ത് നിൽക്കുന്നു എന്നത് എനിക്ക് ഹരമായിരുന്നു. എന്നെ സംബന്ധിച്ച് എന്റെ പ്രതികാരം….!

ഞാൻ രാഷ്ട്രീയത്തിലേക്കിറങ്ങിയതും ചുവടുറപ്പിച്ചതുമൊക്കെ അക്കാലത്താണ്.

സ്വന്തമെന്ന് പറയാൻ എനിക്കന്ന് ആരും ഉണ്ടായിരുന്നില്ല. കോടികൾ വിലമതിക്കുന്ന സ്വത്തുക്കളും വലിയൊരു ബിസിനസ് സാമ്രാജ്യവും രാഷ്ട്രീയത്തിലെ പ്രമുഖ എന്ന ലേബലും അലാതെ മറ്റൊന്നും… വർഷങ്ങൾക്കിപ്പുറം സായി എന്നെ തിരഞ്ഞു വരുന്നത് വരെ ഞാൻ ഒറ്റയ്ക്ക് തന്നെയായിരുന്നു….

സായിയുടെ അമ്മയെക്കുറിച്ച് ഞാൻ അത് വരെ ചിന്തിച്ചു വച്ചിരുന്നതൊക്കെ തെറ്റായിരുന്നു എന്ന് ഇവൻ എന്നെ വന്നു കണ്ട ശേഷമാണ് എനിക്ക് ബോധ്യമായത്. ആരോരും ഇല്ലാത്തൊരു സാധു സ്ത്രീയായിരുന്നു അവർ. പഞ്ചാര വാക്കുകളിൽ പൊതിഞ്ഞ് അവരെ അയാൾ വിദഗ്ധമായി കബളിപ്പിച്ചതാണെന്ന് ആ പാവം അറിയാൻ ഒരുപാട് വൈകിപ്പോയി. അറിഞ്ഞപ്പോഴാകട്ടെ അയാളില്ലാതെ പറ്റില്ല എന്ന അവസ്ഥയിലേക്ക് അവരെത്തിയിരുന്നു. അപ്പോഴേക്കും ഞാൻ അയാളുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോയിക്കഴിഞ്ഞിരുന്നു…..

എന്നെക്കുറിച്ച് സായി അറിഞ്ഞത് അവരിൽ നിന്നുമാണ്. അവനെന്നെ തേടി വന്നു. അവന്റെ അമ്മയെ ശപിക്കരുത് എന്ന് പറയാൻ.”

മായാദേവി ചിരിച്ചു. വികാരങ്ങളില്ലാതെയും ചിരിക്കാനാകുമെന്ന് അപ്പോഴാണ് കൃഷ്ണയ്ക്ക് മനസ്സിലായത്. സായി ഒന്ന് മുഖം ഉയർത്തി പോലും നോക്കാതെ കുനിഞ്ഞിരിക്കുകയാണ്.

” പിന്നെ ഇടയ്ക്കിടെ ഇവന്റെ ഫോൺ കാളുകൾ എന്നെ തേടി വരാൻ തുടങ്ങി. നാട്ടിലേക്ക് വരുമ്പോഴൊക്കെ നേരിട്ട് കാണാനെത്തി. വല്ലപ്പോഴുമൊക്കെ സാരംഗിയും…..

നിന്നെക്കുറിച്ചും ഇടക്ക് എപ്പോഴോ സായി എന്നോട് പറഞ്ഞിരുന്നു. പക്ഷെ നിങ്ങളുടെ വിവാഹം കഴിഞ്ഞതൊക്കെ ഞാൻ അറിയാതെ പോയി. ഇല്ലെങ്കിൽ അന്നത്തെ അപകടത്തിനു ശേഷം കൃഷ്ണ കുറച്ചു കാലം ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരില്ലായിരുന്നു.”

മായാദേവിയിൽ നിന്നും ഒരു നെടുവീർപ്പുതിർന്നു.

” അതൊക്കെ കഴിഞ്ഞതാണ്. കൃഷ്ണയുടെ സംശയങ്ങൾ മാറ്റാൻ വേണ്ടി മാത്രമാണ് ഞാനിപ്പോ ഇത്രേം പറഞ്ഞത്. ഇത് പറയാനല്ല ഞാൻ നിങ്ങളെ വിളിപ്പിച്ചത്.നിങ്ങളെ ഇതേല്പിക്കാൻ വേണ്ടിയാണ്.

മായാദേവി ഒരു ഫയൽ സായിക്ക് നീട്ടി. സ്വരയുടെയും ഉണ്ണിമോളുടെയും പേരിൽ സ്വത്തുക്കൾ മാറ്റിയത്തിന്റെ രേഖയാണ് എന്ന് മനസ്സിലായെങ്കിലും മടിയൊന്നും കൂടാതെ സായി അത് കൈനീട്ടി വാങ്ങി. തർക്കിച്ചിട്ട് കാര്യമില്ലെന്ന് അവനറിയാമായിരുന്നു. മായാദേവി ഒന്ന് തീരുമാനിച്ചാൽ അതിൽ നിന്നും അണുവിട മാറാറില്ല.

” കുഞ്ഞുങ്ങളെയും സൂരജിനെയും കൂടി കാണണമെന്നുണ്ട്. സൗകര്യം പോലെ അവരെയും കൂട്ടി വരൂ…”

കൂടുതൽ ഒന്നും പറയാനില്ലെന്നത് പോലെ മായാദേവി എഴുന്നേറ്റു.

കൃഷ്ണയും സായിയും പോകാനായി ഇറങ്ങുന്നേരം അവർ സായിയെ ചേർത്ത് പിടിച്ചു.

” ഇടയ്ക്ക് വരണം…. എനിക്കിനി നീയേ ഉള്ളൂ….”

ഗൗരവത്തിന്റെ മുഖംമൂടിയില്ലാതെ മായാദേവി എന്ന രാഷ്ട്രീയ പ്രവർത്തകയല്ലാതെ സായിയുടെ അമ്മ മാത്രമായി മാറിയിരുന്നു അവരന്നേരം….

സായിയും അവരെ ചേർത്ത് പിടിച്ചു.

” വരും… എന്റെ അമ്മയല്ലേ? കാണണം എന്ന് തോന്നുമ്പോ ഞാൻ ഓടിവരും…”

***********

കാലചക്രം കറങ്ങിക്കൊണ്ടേയിരുന്നു….

സായിയും കൃഷ്ണയും ഇപ്പോൾ ബാംഗ്ലൂരാണ്. വർമ്മയുടെ ബിസിനസ് ഇപ്പൊ സായിയുടെ മേൽനോട്ടത്തിൽ ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്.

സ്വര ഇപ്പൊ ബി ബി എ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. ഉണ്ണിമോള് പ്ലസ് വണ്ണിലും. ഇരുവരും എം ബി എ ചെയ്ത ശേഷം ബിസിനസ്സ് രണ്ട് പേരെയുമായി ഏൽപ്പിച്ച് വിശ്രമ ജീവിതം നയിക്കണമെന്നാണ് സായിയുടെയും കൃഷ്ണയുടെയും ഇപ്പോഴത്തെ ആഗ്രഹം.

******

ഓഫീസിൽ നിന്നും ആകെ ക്ഷീണിച്ചാണ് സായി അന്ന് വീട്ടിൽ എത്തിയത്.

“കൃഷ്ണാ…. ഒരു കോഫി….”

വിളിച്ചു പറഞ്ഞു കൊണ്ട് അവൻ റൂമിലേക്ക് നടന്നു.

സായി ഫ്രഷ് ആയി വരുമ്പോഴേക്കും സ്വരയും ഉണ്ണിമോളും ഹാളിൽ ഇരിപ്പുണ്ട്. അവൻ ഇരുവർക്കും അടുത്തായി പോയിരുന്നു. അപ്പോഴേക്കും കൃഷ്ണയും കോഫിയുമായെത്തി.

“അച്ഛാ…. എനിക്ക് ശ്രീനാഥിനെ ഒന്നു കാണണം.”

സായി ചുണ്ടോടടുപ്പിച്ച കോഫി മഗ്ഗ്
ഒന്ന് തുളുമ്പി. അവൻ ചുളിഞ്ഞ നെറ്റിയോടെ സ്വരയെ നോക്കി.

“അയാൾക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞു. മരിക്കും മുൻപ് എനിക്കൊന്ന് കാണണം.”

സ്വര വീണ്ടും പറഞ്ഞു.

സായി കൃഷ്ണയെ നോക്കി.

“അവളെന്നോടും പറഞ്ഞിരുന്നു. എത്രയൊക്കെ പറഞ്ഞാലും അച്ഛനല്ലേ സായി. ഒന്ന് കൊണ്ടേ കാണിക്ക്.”

സ്വര സായിയെത്തന്നെ നോക്കിയിരിക്കുകയാണ്. അവൻ പതിയെ ഒന്ന് മൂളി.

********

ജയിലഴിക്ക് മറുപുറം നിൽക്കുന്ന ശ്രീനാഥിനെ സ്വര നോക്കി നിന്നു. കണ്ണുകൾ കുഴിഞ്ഞ് കവിളെല്ലുകൾ ഉന്തി എഴുന്നേറ്റ് നിൽക്കാൻ പോലും ശക്തി ഇല്ലാതെ വെറുമൊരു അസ്ഥിപഞ്ചരം…..

“സ്വര മോളെ…. വന്നല്ലോ? എന്നെ ഒന്ന് കാണാൻ വന്നല്ലോ? വരുമെന്ന് കരുതിയില്ല ഞാൻ…”

ശ്രീനാഥിന്റെ ശബ്ദം പോലും കുഴഞ്ഞിരുന്നു.

” നിങ്ങളുടെ ഈ അവസ്ഥ കണ്ട് വേദനിക്കാനല്ല വന്നത്. കണ്ട് സന്തോഷിക്കാനാ…. നിങ്ങൾക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോ ഇനി അധിക നാൾ ജീവിക്കില്ല എന്നറിഞ്ഞപ്പോ എനിക്കുണ്ടായ സന്തോഷം നിങ്ങളെ അറിയിക്കാനാ വന്നത്. നിങ്ങൾ ഇവിടെ മൂന്ന് നേരം തിന്ന് കൊഴുത്തു കിടന്നിരുന്നേൽ വരില്ലായിരുന്നു ഞാൻ….

എന്റെ അമ്മേ ഒരു ദയയും ഇല്ലാതെ കൊന്ന് കളഞ്ഞതല്ലേ? എന്നെക്കുറിച്ചെങ്കിലും നിങ്ങൾ അന്ന് ഓർത്തിരുന്നോ? വേദനിച്ചു വേദനിച്ചേ നിങ്ങളുടെ മരിക്കൂ…. സന്തോഷമായെനിക്ക്… ഇനി പോവാ….”

സ്വര നിന്ന് കിതച്ചു.

” അച്ഛനോട് ക്ഷമിക്ക് മോളെ… പറ്റിപ്പോയി… തെറ്റായിരുന്നു ചെയ്തതൊക്കെ… തിരിച്ചറിയാൻ ഒരുപാട് വൈകിപ്പോയി. മാപ്പ്…. ഒരായിരം വട്ടം മാപ്പ്… ”

സ്വര പുച്ഛത്തോടെ ചിരിച്ചു കൊണ്ട് തിരിഞ്ഞു.

” അച്ഛാന്ന് ഒന്ന് വിളിച്ചിട്ടെങ്കിലും പോ മോളെ….”

ശ്രീനാഥിന്റെ ശബ്ദം വിറച്ചു. പകുതിയും കരച്ചിലിൽ മുറിഞ്ഞു പോയി.

“ഇനിയും നിങ്ങളെ അച്ഛാ എന്ന് വിളിക്കേണ്ടി വന്നാൽ പിഴുതെറിയും ഞാനെന്റെ നാവ്.”

സ്വര വെട്ടിത്തിരിഞ്ഞു നടന്നു കളഞ്ഞു.

പതിനെട്ടു വയസ്സ് മാത്രമുള്ള തന്റെ മകൾ പറഞ്ഞത്….!!!

ജയിലഴിയിൽ മുറുകെ പിടിച്ചിരുന്ന ശ്രീനാഥ് അലറികരഞ്ഞു. സായിയിൽ പോലും ആ കാഴ്ച വേദനയുളവാക്കി. എന്നാൽ സ്വരം ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടന്നകന്നു.

അമ്മിഞ്ഞപ്പാൽ മണം നാവിൽ നിന്നും മാറും മുന്നേ അമ്മയെ തന്നിൽ നിന്നും അടർത്തി മാറ്റിയവന്റെ നോവ്, കണ്ടിട്ടും അവൾ കണ്ടില്ലെന്ന് നടിച്ചു. ഇന്നും അമ്മയെ പ്രാണനെപ്പോലെ സ്നേഹിക്കുന്ന ആ മകൾക്ക് അതിനേ കഴിയുമായിരുന്നുള്ളൂ….

സ്വന്തമെന്ന് പറയാൻ ഈ ലോകത്തിനി ആകെ അവശേഷിക്കുന്നവൾ… സ്വന്തം ചോര…! മരണാസന്നനാണെന്ന് അറിഞ്ഞിട്ട് പോലും അവളിൽ നിന്നും വന്ന വാക്കുകൾ…. ജീവനോടെ ഹൃദയം ആരോ തുരന്നെടുക്കുന്നത് പോലെ ശ്രീനാഥ് നൊന്ത് പിടഞ്ഞു.

സ്വര…. സ്വര… എന്ന് അവ്യക്തമായി വിളിച്ചു കൊണ്ട് വിറച്ചു വിറച്ചു അയാൾ നിലത്തേയ്ക്ക് കുഴഞ്ഞു വീണു….

എന്തൊക്കെയോ വെട്ടിപ്പിടിക്കാൻ വെറി പൂണ്ട് ഉഴറി നടന്നവന്റെ അന്ത്യം….!
വെറുമൊരു അനാഥനെപ്പോലെ….!

*********

വീട്ടിലെത്തിയ സ്വര മൂകയായിരുന്നു…..

സായിയും കൃഷ്ണയും ഉണ്ണിമോളും ചേർന്ന് അവളെ ചിരിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു പോയി. സ്വരയുടെ മനസ്സ് മുഴുവൻ അന്നേരം അവളുടെ അമ്മയായിരുന്നു.

സായി മൊബൈൽ എടുത്ത് ആരെയോ വിളിച്ചു.
അല്പം സമയത്തിന് ശേഷം അവൻ ഫോണുമായി സ്വരയുടെ അടുത്തെത്തി. ഗ്രൂപ്പ് വീഡിയോ കാളാണ്. തിരുവനന്തപുരത്തു നിന്നും അരവിന്ദനും കല്യാണിയും, കൃഷ്ണയുടെ നാട്ടിൽ നിന്നും സൂരജും വൈശാലിയും.

അരവിന്ദനും കല്യാണിയും വിവാഹിതരായിട്ട് എട്ട് വർഷങ്ങൾ പിന്നിട്ടു. ഇരുവരും തിരുവനന്തപുരത്താണ് താമസം. ഇരുവർക്കും രണ്ട് ആൺ കുഞ്ഞുങ്ങൾ. കല്യാണി മൂന്നാമത് ഗർഭിണിയാണിപ്പോൾ….

അരവിന്ദന്റെ ഭീഷണി ഭയന്നോ എന്തോ കല്യാണി ആദ്യ ചാൻസിൽത്തന്നെ NET കരസ്തമാക്കി. ഇപ്പോൾ തിരുവനന്തപുരത്തെ ഒരു എയ്ഡഡ് കോളേജിൽ ഗസ്റ്റ്‌ അധ്യാപികയായി ജോലി നോക്കുന്നു. ഒപ്പം പി എസ് സി വഴി ഗവർമെന്റ് സർവീസിൽ ജോലി നേടാനുള്ള ശ്രമവുമുണ്ട്.

കല്യാണി ഇപ്പോഴും അരവിന്ദനെ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു… അതിന് ഇരട്ടിയായി അരവിന്ദൻ കല്യാണിയെയും….!

സൂരജിനും വൈശാലിക്കും, സൂരജിന്റെ ആഗ്രഹം പോലെ തന്നെ മകളാണ്. നാല് വയസ്സുകാരി വൈദേഹി സൂരജ്. അവർ ഇപ്പോഴും നാട്ടിൽ തന്നെയാണ്. കൃഷ്ണയുടെ നാട്ടിൽ… രാജലക്ഷ്മിയ്ക്കൊപ്പം സന്തോഷത്തോടെ കഴിയുന്നു.

“സ്വര മോളെ…. ഇവിടെ ഒരാൾക്കേ സ്വര ചേച്ചിയെ ഡാൻസ് കളിച്ചു കാണിക്കണമെന്ന്.”

കല്യാണിയുടെ ശബ്ദം കേട്ടതും സ്വര മൊബൈൽ സ്ക്രീനിലേക്ക് നോക്കി.
അപ്പോഴും അവളുടെ മുഖത്ത് നിസ്സംഗത മാത്രമായിരുന്നു.

കല്യാണിയുടെ രണ്ടാമത്തെ മകൻ മൂന്ന് വയസ്സുകാരൻ ഗോകുൽ മൊബൈലിൽ പ്ളേ ചെയ്ത പാട്ടിനൊപ്പം ചുവടു വയ്ക്കാൻ തുടങ്ങി. സ്വര തന്നെ പാടിയൊരു പാട്ട് കല്യാണി റെക്കോർഡ് ചെയ്തു വച്ചിരുന്നതാണ്. നല്ലൊരു പാട്ടുകാരിയാണ് സ്വര. ഉണ്ണിമോൾക്ക് നൃത്തത്തിലാണ് താല്പര്യം.

പാട്ടിനൊപ്പം ഗോകുലിന്റെ കാട്ടിക്കൂട്ടലുകൾ കണ്ടതും സ്വരയ്ക്ക് ചിരി വന്നു തുടങ്ങി. അവനൊപ്പം കല്യാണിയുടെയും അരവിന്ദന്റെയും മൂത്ത മകൻ ഗോവിന്ദ് കൂടി ചേർന്നതും വലിയൊരു ചിരിക്കുള്ള വകയായി. ഇതൊക്കെ വൈശാലിക്കും സൂരജിനുമൊപ്പം കണ്ടിരുന്ന വൈദേഹി മോൾക്കും ഇരിപ്പുറച്ചില്ല. അവളും അവൾക്ക് ഇഷ്ടമുള്ളത് പോലെ ഡാൻസ് ചെയ്യാൻ തുടങ്ങി.

സ്വരയുടെ മനസ്സിലെ വിഷമങ്ങൾ ഒഴിഞ്ഞു പോയി. കയ്യും കാലുമിളക്കി എന്തൊക്കെയോ ഭാവങ്ങൾ കാണിച്ചു മൂന്ന് കുഞ്ഞുങ്ങളും കൂടി ഡാൻസ് കളിക്കുന്നത് കാണവേ സ്വരയും ഉണ്ണിമോളും പൊട്ടിച്ചിരിച്ചു. അവർക്കൊപ്പം അത് കണ്ട് നിന്ന മറ്റുള്ളവരും.

അല്ലെങ്കിലും ഏത് വലിയ വിഷമവും തുടച്ചു മാറ്റാൻ നിഷ്കളങ്കരായ കുരുന്നുകളോളം മറ്റാർക്കു കഴിയും?

“അല്ല അരവിന്ദേട്ടാ? ഇത് കല്യാണിക്കുള്ള ശിക്ഷയാണോ?”

കല്യാണിയുടെ വീർത്ത വയറിലേക്ക് നോക്കി കൃഷ്ണ കുസൃതിയോടെ ചോദിച്ചു.

” മര്യാദയ്ക്ക് നടന്ന എന്നെ പിറകെ നടന്നു പ്രേമിച്ചു വളച്ചെടുത്തതല്ലേ? ശിക്ഷ തന്നെയാ….”

അരവിന്ദനും കുസൃതിയോടെ പറഞ്ഞു.

” ഇതോടെ ശിക്ഷ അവസാനിക്കോ? അതോ….?”

വൈശാലിയും സൂരജും ഒരുമിച്ചാണത് ചോദിച്ചത്.

“ഇല്ലില്ല… അഞ്ച് കുഞ്ഞുങ്ങൾ വേണമെന്നാ എനിക്ക്…”

അരവിന്ദൻ ചിരിയൊതുക്കി ഇടം കണ്ണിട്ട് കല്യാണിയെ നോക്കി.

” പിന്നേ…. അഞ്ചേ….?! ഇതോടെ നിർത്തിയേക്കണം. ഇനി വേണേലേ അരവിന്ദേട്ടൻ തന്നെ പ്രസവിച്ചോ….”

കല്യാണി അരവിന്ദനെ നോക്കി കണ്ണുരുട്ടിയതും കൂട്ടച്ചിരി ഉയർന്നു.

പിന്നെയും ഏറെ നേരം സംസാരിച്ചിട്ടാണവർ കാൾ അവസാനിപ്പിച്ചത്.

“സ്വര മോളെ… ഒന്ന് പാടിയെ….”

മൊബൈൽ ടേബിളിലേക്കിട്ട് സായി സെറ്റിയിലേക്ക് ചാരി ഇരുന്നു. കൃഷ്ണയും അവനരികിലേക്ക് വന്നിരുന്നു.

“എന്നാൽ ഞാൻ ആടാം….”

ഉണ്ണിമോൾ വേഗം മുറിയിലേക്കോടി ചിലങ്കയുമായി വന്നു.

സ്വര മധുരമായി പാടി. ഉണ്ണി പാടിനൊപ്പിച്ച് നിറഞ്ഞാടി.

കണ്ണിനും കാതിനും ഒരുപോലെ കുളിർമ്മ നൽകുന്ന സംഗീതവും നൃത്തവും….. കൃഷ്ണയുടെയും സായിയുടെയും ഉള്ളിൽ മക്കളെയോർത്ത് അഭിമാനം നിറഞ്ഞു.
ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ കൃഷ്ണ സായിയുടെ തോളിലേക്ക് ചാഞ്ഞു. സായി അവളെ തന്നോട് ചേർത്ത് പിടിച്ചു.

ആദ്യം തളർന്നത് ഉണ്ണിമോളാണ്. അവളോടി സായിയുടെയും കൃഷ്ണയുടെയും അരികിൽ വന്നിരുന്നു. പിറകെ സ്വരയും… സായി ഇരുവരെയും ചേർത്ത് പിടിച്ചു കവിളിൽ ഉമ്മ വച്ചു.

“അപ്പൊ എനിക്കോ?”

കവിൾ നീട്ടി കൃഷ്ണ ചോദിച്ചതും പൊട്ടിച്ചിരിച്ചു കൊണ്ട് മൂവരും കൃഷ്‌ണയുടെ നെറ്റിയിലും കവിളിലുമായി ചുണ്ടുകൾ ചേർത്തു വച്ചു.

❤️‍🔥❤️ പ്രണയിനി ❤️❤️‍🔥

ഇനിയൊരു തുടർച്ചയില്ല….

പ്രണയിനി ഇവിടെ അവസാനിക്കുന്നു.

കൂടെ കൂടിയ ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി.

ഇതെന്റെ ആദ്യ കഥയാണ്. എത്രത്തോളം നന്നായി എന്ന് പറയേണ്ടത് നിങ്ങളാണ്. ഈ അവസാന ഭാഗത്തെങ്കിലും അഭിപ്രായം പറയാതെ പോകല്ലേ….

നിങ്ങളുടെ റിവ്യൂ ആണ് എന്റെ എനർജി ബൂസ്റ്റർ… എനിക്ക് നിങ്ങൾ തരുന്ന സപ്പോർട്ട്.