19/04/2026

പ്രണയിനി : ഭാഗം 21

രചന – ഗംഗ ശലഭം

വല്ലാത്തൊരു ഞെട്ടലിൽ ആയിരുന്നു സൂര്യയും. ഒരു മായക്കാഴ്ച്ചയായി തന്റെ മുന്നിൽ തെളിഞ്ഞ അതേ സുന്ദരിയാണ് ഇപ്പോൾ തന്റെ കൈക്കുള്ളിൽ എന്ന് വിശ്വസിക്കാൻ അവന് പ്രയാസം തോന്നി. ഒരുപക്ഷെ, ഇതും ഒരു സ്വപ്നം ആയിരിക്കാം. ഇമ ചിമ്മാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു സൂര്യ.

ആദ്യം സ്വബോധത്തിലേക്ക് മടങ്ങി വന്നത് കൃഷ്ണയാണ്. പിടഞ്ഞകന്ന് മാറി നിന്നവൾ സൂര്യയുടെ മുഖത്തേക്ക് നോക്കി.

അല്ല….
മുന്നിൽ ഉള്ളത് സായി അല്ല….
മുന്നിൽ നിൽക്കുന്ന മനുഷ്യന് സായിയുടെ മുഖമല്ല. പക്ഷെ എവിടെയൊക്കെയോ സായിയുടെ മുഖഛായ ഉണ്ട്.

കൃഷ്ണ വേദനയോടെ ഒന്ന് ഇമചിമ്മി. ഒരു നിമിഷം സായി തിരികെ വന്നതിൽ അവൾ മതിമറന്നു സന്തോഷിച്ചു പോയിരുന്നു…..

” ഞാൻ… അത്… പെട്ടെന്ന് വിളിച്ചപ്പോ…. പേടിച്ചിട്ട്….”

കൃഷ്ണ സൂര്യയുടെ മുന്നിൽ നിന്ന് വിക്കി….

” ഇട്സ് ഓക്കേ. ഞാനും പെട്ടെന്ന്…. താൻ വീഴാൻ പോയപ്പോ….”

സൂര്യ ഒന്ന് മുടിയിലൂടെ വിരലോടിച്ചു കൊണ്ട് തല കുടഞ്ഞു.

“അല്ല… താൻ ആരാ?”

അവൻ കൃഷ്ണയുടെ മുഖത്തേക്ക് നോക്കി നെറ്റി ചുളിച്ചു.

“ഞാൻ…. ഇവിടെ…. ലക്ഷ്മിയമ്മേടെ…..”

പരിഭ്രമം വിട്ട് മാറാതെ കൃഷ്ണ പതിയെ പറഞ്ഞു. അപ്പോഴും അവനാരാണെന്നൊ, എങ്ങനെ അവൻ അവിടെ വന്നെന്നോ ചോദിക്കാനുള്ള ബോധം അവൾക്ക് ഉണ്ടായില്ല.

“ലക്ഷ്മിയമ്മേടെ….? ലക്ഷ്മിയമ്മേടെ ആരാ…?”

അവളുടെ പരിഭ്രമം കണ്ട് സൂര്യക്ക് ചിരി വരുന്നുണ്ടായിരുന്നു.

“ഓഹ്…. താൻ…. താൻ കൃഷ്ണയാണോ?”

പെട്ടെന്ന് ഓർത്തത് പോലെ സൂര്യയുടെ മുഖത്ത് അമ്പരപ്പ് നിറഞ്ഞു. ഉണ്ണിമോളുടെ ഫോട്ടോസ് പലവട്ടം സൂരജ് വാട്സ്ആപ്പിലും മറ്റും അയച്ചു തന്നിട്ടുണ്ട്. അത് കൊണ്ട് ഉണ്ണിമോളേ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ പറ്റും. പക്ഷെ കൃഷ്ണയെ കാണുന്നത് ഇതാദ്യമായിട്ടാണ്. എന്നിട്ടും എങ്ങനെയാണ് അന്ന് താൻ ഇവളെ കണ്മുന്നിൽ കണ്ടത്? ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ…? അതൊരു സ്വപ്നം ആയിരുന്നു എന്ന് വിശ്വസിക്കാൻ ഇപ്പോഴും പ്രയാസം തോന്നുന്നു.

കൃഷ്ണ അവന്റെ ചോദ്യത്തിന് മറുപടിയായി ‘അതേ’ എന്ന് പറഞ്ഞതോ തന്റെ മുന്നിൽ നിന്നവൾ ധൃതിയിൽ നടന്നു പോയതോ ഒന്നും സൂര്യ അറിഞ്ഞില്ല.

ഓടി വന്ന് അടുക്കളപ്പുറത്തെ ചുമരിനോട് ചേർന്ന് നിൽക്കുമ്പോഴും കൃഷ്ണയ്ക്ക് ശരീരം വിറക്കുന്നുണ്ടായിരുന്നു. അതിലുമേറെ മനസ്സ് വിറക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി. കുറച്ചു മുൻപ് കണ്ട ആ മനുഷ്യനെ സായി എന്ന് വിളിച്ചു പോയല്ലോ എന്നോർത്ത്……

അന്യനായൊരു പുരുഷനെ സായി എന്ന് വിളിച്ചിരിക്കുന്നു! വല്ലാത്ത ഒരാത്മനിന്ദ തോന്നി കൃഷ്ണയ്ക്ക്. സായിയെ തിരിച്ചറിയാൻ കഴിയാതായോ തനിക്ക്?

ഹൃദയം നിറയെ ഇപ്പോഴും അവനാണ്. ഓരോ നിമിഷവും അവനെ മാത്രമാണ് ഓർക്കുന്നത്. എന്നിട്ടാ ഹൃദയവും ഒരു നിമിഷം തന്നെ കബളിപ്പിച്ചല്ലോ?

പക്ഷെ…..
ആ നോട്ടം…..
അത് സായിയുടേതല്ലേ?
ഒറ്റ നോക്കിൽ തന്റെ ഹൃദയം കവർന്നെടുത്ത അതേ കണ്ണുകൾ തന്നെയല്ലേ താൻ കണ്ടത്?

ഒന്നുമൊന്നും മനസ്സിലാക്കാനായില്ല കൃഷ്ണയ്ക്ക്….

ചുരിദാറിനുള്ളിൽ മറഞ്ഞു കിടന്ന താലി എടുത്തു കയ്യിൽ പിടിച്ചു കൃഷ്ണ.

‘സായി….
എന്നോട് ക്ഷമിച്ചേക്ക്….
മറന്നിട്ടില്ല ഞാൻ നിന്നെ….
മരിക്കുവോളം മറക്കാനും കഴിയില്ല…..’
സായിയോടെന്ന പോലെ അവൾ മന്ത്രിച്ചു. ഉള്ളുരുകുന്നുണ്ടായിരുന്നു കൃഷ്ണയ്ക്ക്….

അവളാ താലി ചുണ്ടോടടുപ്പിച്ചു. സ്വർണ്ണ നിറമാർന്ന ആ ലോഹം അവളുടെ ചുണ്ടിലേക്ക് ചേരും മുന്നേ അവളുടെ കണ്ണുനീർ അതിനെ ചുംബിച്ചു കഴിഞ്ഞിരുന്നു.

പെട്ടെന്ന് സ്വബോധം വന്നത് പോലെ കൃഷ്ണ താലി ചുരിദാറിനുള്ളിൽ ഒളിപ്പിച്ചു.

അയാൾ എന്താണ് ഇവിടെ? ഈ കോമ്പോണ്ടിനുള്ളിൽ? ആരാ അയാള്? എങ്ങനെയാ അയാള് ഇതിനകത്ത് കയറിയത്? ഇനി സൂരജ് സാറിന്റെ കൂട്ടുകാരൻ വല്ലതും ആയിരിക്കുമോ?

ഓരോന്ന് ചിന്തിച്ച് അവൾ വീടിനുള്ളിലേക്ക് ഓടിക്കയറി.

“എന്താ കൃഷ്ണേ…? പപ്പായ എവിടെ?”

വെപ്രാളത്തോടെ ഓടി വരുന്നവളെക്കണ്ട് രാജലക്ഷ്മി അമ്പരന്നു.

” അത്… ലക്ഷ്മിയമ്മേ…. അവിടെ…. ഒരാള്….”

കൃഷ്ണ നിന്ന് കിതച്ചു.

“ആളോ? ആര്? എവിടെ?”

രാജലക്ഷ്മി പുറത്തേക്ക് നോക്കി. അപ്പോഴേക്കും കയ്യിൽ ഒരു പപ്പായയുമായി സൂര്യയും അവിടേക്ക് എത്തിയിരുന്നു.

“സൂര്യ….! മോനേ… നീയിതെപ്പൊ വന്നു…?”

രാജലക്ഷ്മി അതിയായ സന്തോഷത്തോടെ അവന്റെ അടുത്തേക്ക് നടക്കാൻ ഒരുങ്ങിയതും സൂര്യ ഓടി വന്നവരെ ചുറ്റി പിടിച്ചിരുന്നു.

സൂര്യയോ? ഇതാണോ സൂര്യ?

കൃഷ്ണ അവന്റെ മുഖത്തേക്ക് നോക്കി. ഒരിക്കൽ ഫോട്ടോയിൽ കണ്ടതാണ്. പക്ഷെ, ഓർമ്മ കിട്ടിയില്ല. അല്ലെങ്കിലും ഒരു തവണ കണ്ടാലൊന്നും താൻ ആരെയും ഓർത്തിരിക്കാറില്ലല്ലോ?

” നീയിത് എപ്പൊ വന്നു? ഇതെങ്ങനെ അകത്തു കയറി?”

അവന്റെ വേഷം കണ്ട് അവർ അമ്പരപ്പോടെ ചോദിച്ചു.

” ഞാൻ ഇന്നലെ രാത്രി എത്തി അമ്മേ…. ഒരുപാട് ലേറ്റ്‌ ആയോണ്ട് സൂരജേട്ടനെ ഫോണിൽ വിളിച്ചു.”

“എന്നെ വിളിച്ചൂടായിരുന്നോ കുഞ്ഞേ…?”

അവരവന്റെ കവിളിൽ വാത്സല്യത്തോടെ തഴുകി.

” എന്നാൽ ഇപ്പൊ ഈ മുഖത്തെ അമ്പരപ്പും സന്തോഷോം ഇങ്ങനെ കാണാൻ പറ്റോ എനിക്ക്? അതും അല്ല, ഉറക്കപ്പിച്ചിൽ ഇനി അടി വല്ലോം കിട്ടിയാലോ എന്ന പേടിയും ഉണ്ടായിരുന്നേ….”

സൂര്യ കളിയായി ചിരിച്ചു.

പിന്നെയും അവർ തമ്മിൽ ചേർന്ന് നിന്ന് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു….

അവന്റെ നിറഞ്ഞ ചിരിയും, തെളിമയുള്ള സംഭാഷണവും, തിളക്കമുള്ള കണ്ണുകളും….
കൃഷ്ണയ്ക്ക് പിന്നെയും മറ്റൊരു മുഖം മനസ്സിൽ തെളിഞ്ഞു. എല്ലാവരോടും ചിരിയോടെ സരസമായി മാത്രം സംസാരിക്കുന്ന ഒരുവന്റെ മുഖം….!

അവൾക്ക് കണ്ണ് നിറഞ്ഞു…
നെഞ്ച് പിടഞ്ഞു…..

സംസാരത്തിനിടയിലും തന്നെ തേടി എത്തുന്ന സൂര്യയുടെ നോട്ടങ്ങൾ അവളിൽ അസ്വസ്ഥത സൃഷ്ടിച്ചു. കൃഷ്ണ പതിയെ തിരിഞ്ഞു നടന്നു.

കൃഷ്ണ അടുക്കളയിൽ നിന്നും പുറത്തേക്ക് നടക്കുമ്പോഴും സൂര്യയുടെ നോട്ടം അവളെ തേടി ചെല്ലുന്നുണ്ടായിരുന്നു.

അടുക്കളയിൽ നിന്നും ഹാളിലേക്ക് നടക്കുമ്പോൾ കൃഷ്ണ സൂരയെക്കുറിച്ചാണ് ഓർത്തത്.
എന്ത് കൊണ്ടാണ് അവൻ നോക്കുമ്പോൾ താൻ ഇത്രയേറെ വെപ്രാളപ്പെടുന്നത്?

വീഴാൻ പോയപ്പോ അവൻ തന്നെ താങ്ങിയത് കൊണ്ടാണോ?

അല്ല…
മാനുഷികമായ നല്ല മൂല്യങ്ങൾ സൂക്ഷിക്കുന്ന ആരും ആൺ പെൺ വെത്യാസം ഇല്ലാതെ ചെയ്യുന്ന ഒരു കാര്യം….. സഹജീവികളെ അപകടത്തിൽ സഹായിക്കുക എന്നത്…! അതേ അവനും ചെയ്തുള്ളൂ….
അപ്പൊ അതല്ല തന്റെ പ്രശ്നം.

ശരിക്കും തന്നെ അസ്വസ്ഥമാക്കുന്നത് ആ കണ്ണുകളാണ്.

ഒരിക്കൽ താൻ ഒരുപാട് കൊതിച്ചിരുന്നൊരു നോട്ടത്തെ, ആ കണ്ണുകളെ അനുസ്മരിപ്പിക്കുന്ന നോട്ടം. അതാണ്‌ തന്നെ അസ്വസ്ഥയാക്കുന്നത് എന്ന് കൃഷ്ണ തിരിച്ചറിഞ്ഞു.

സൂര്യ ഇവിടെ ഉണ്ടെങ്കിൽ എത്രയും വേഗം ഇവിടെ നിന്നും മാറുന്നതാണ് നല്ലതെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.

അതേ സമയം സൂര്യയുടെ ചിന്തകളിലും കൃഷ്ണ തന്നെ ആയിരുന്നു…

കൃഷ്ണ…..
നീയെനിക്ക് ആരാണ്?
എന്തിനാണ് നിന്നെ കണ്ടപ്പോൾ എന്റെ ഹൃദയം ഇങ്ങനെ പിടയ്ക്കുന്നത്?
എനിക്ക് മനസ്സിലാകുന്നില്ലല്ലോ…?

***********

അഭിപ്രായം മറക്കല്ലേ…..