21/04/2026

പ്രണയിനി : ഭാഗം 15

രചന – ഗംഗശലഭം

 

” നീ എന്താ സൂരജേ പറയുന്നേ…? കൃഷ്ണേം കുഞ്ഞിനേം വാടക വീട്ടിലേക്ക് മാറ്റാനോ? നടന്നത് തന്നെ…..!”

രാജലക്ഷ്‌മി അമ്പിനും വില്ലിനും അടുക്കില്ല എന്ന് തന്നെ.

” ഞാൻ പറയുന്നത് ഒന്ന് കേൾക്കമ്മാ….
അമ്മയ്ക്ക് അറിയില്ലേ? ജോസേട്ടൻ പഴയ മിലിട്ടറി ആണ്. നമുക്ക് അറിയുന്ന ആളും. കൃഷ്ണയ്ക്കും മോക്കും അവിടെ ഒന്നും പേടിക്കേണ്ടി വരില്ല. ”

സൂരജിന്റെ ശബ്ദവും ഉയർന്ന് കേട്ടു. അവൻ രാജലക്ഷ്മിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയാണ്.

” അതൊക്കെ ശരി തന്നെ. പക്ഷെ, ജോസിന്റെ ഇപ്പോഴത്തെ ജോലി നിനക്ക് അറിയാല്ലോ? ടാക്സി ഡ്രൈവറാ… ലോങ്ങ്‌ ഓട്ടം വല്ലോം കിട്ടിയാ അവൻ അവന്റെ ഭാര്യേം പിള്ളേരേം സ്വന്തം വീട്ടിൽ കൊണ്ട് ആക്കീട്ട് ഒരു പോക്കങ്ങു പോവും. അപ്പൊ കൃഷ്ണയും കൊച്ചും അവിടെ തനിച്ചാവില്ലേ? ഇന്ന് തന്നെ കണ്ടില്ലേ? ആ രാക്ഷസൻ കൃഷ്ണയോട് ചെയ്തത്? മധു വന്നത് കൊണ്ട് നന്നായി. ഇല്ലെങ്കിലോ?”

” അങ്ങനെ ജോസേട്ടൻ ലോങ്ങ്‌ പോവുമ്പോ അവരിവിടെ വന്ന് നിന്നോട്ടെ. ”

” അതൊന്നും ശരിയാവില്ല. അവള് നിനക്ക് ആരും അല്ലായിരിക്കും…. പക്ഷെ ഈ കുറച്ചു ദിവസം കൊണ്ട് എനിക്കവളെന്റെ മോള് തന്നെ ആയിട്ടുണ്ട് സൂരജേ…. അതിന് രക്തബന്ധം ആവണമെന്ന് നിർബന്ധം ഒന്നും ഇല്ലടാ……

ഒരുപാട് ആശിച്ചിട്ടുണ്ട് ഞാൻ ഒരു പെൺകുഞ്ഞിന് വേണ്ടി. ദൈവം എനിക്കൊരു മോളെ തന്നില്ല. രണ്ടെണ്ണത്തിനെ തന്നതാ…. സ്നേഹിച്ചു മതിയാവും മുന്നേ അത്ങ്ങളേം കൊണ്ട് പോയി. അതിന് പകരം ദൈവമായിട്ട് തന്നതാ എനിക്കെന്റെ കൃഷ്ണയേം മോളേം….”

രാജാലക്ഷ്മി നിറഞ്ഞ കണ്ണുകൾ തുടയ്ക്കുമ്പോൾ സൂരജും കണ്ണ് തുടയ്ക്കുകയായിരുന്നു.

” നിനക്ക് വേണ്ടെങ്കി വേണ്ട. നിർബന്ധിക്കില്ല ഞാൻ ഇനി….. പക്ഷെ, ഇവിടുന്ന് അവളെ എങ്ങോട്ടും മാറ്റാന്ന് നീ കരുതണ്ട. ഇവിടുന്ന് ഇറങ്ങിയാ ആ ശ്രീനാഥിനെ പേടിച്ചു ജീവിക്കേണ്ടി വരും അവൾക്ക്. അതിന് ഞാൻ സമ്മതിക്കില്ല.”

രാജലക്ഷ്മി അവസാന തീരുമാനം പോലെ പറഞ്ഞു കൊണ്ട് മുറിയിലേക്ക് കയറിപ്പോയി.

സൂരജ് വല്ലാത്ത ഒരസ്വസ്ഥതയോടെ നെറ്റി തടവി. ശേഷം സോഫയിലേക്ക് ചാഞ്ഞു കിടന്ന് കണ്ണുകൾ അടച്ചു.

“സാർ…..”

കൃഷ്ണ പതിയെ വിളിച്ചതും അവൻ തല ഉയർത്തി നോക്കി.

” സാറ് ടെൻഷൻ ആകണ്ട. ലക്ഷ്മിയമ്മയെ ഞാൻ എങ്ങനെയും പറഞ്ഞു സമ്മതിപ്പിച്ചോളാം.”

കൃഷ്ണ പതിയെ പറഞ്ഞു.

“അമ്മാ….”

ഉണ്ണിമോൾ ഓടി വന്നവളെ ചുറ്റി പിടിച്ചു.

“ആഹാ… അമ്മേടെ ചക്കര വന്നായിരുന്നോ?”

കൃഷ്ണ കുഞ്ഞിനെ എടുക്കാൻ നോക്കി എങ്കിലും കഴുത്തിനു വല്ലാത്ത വേദന തോന്നിയപ്പോൾ അവളെ താഴെ തന്നെ നിർത്തി.

” മ്മ്…. കുറച്ചു നേരായി. ലക്ഷ്മി അമ്മൂമ്മ പറഞ്ഞു അമ്മയ്ക്ക് വയ്യാതെ ഉറങ്ങുവാണെന്ന്. അതാ ഞാൻ വിളിക്കാത്തെ…..”

“എന്നാ വാ…. മേല് കഴുകി തരാം.”

“അതൊക്കെ ലക്ഷ്മി അമ്മൂമ്മ കഴുകി തന്നു.”

“ആണോ? അപ്പൊ ചായ കുടിക്കാം….”

“മ്മ്….”

തലയാട്ടി ചിരിച്ചു ഉണ്ണിമോൾ കൃഷ്ണയുടെ കൈ പിടിച്ചു അടുക്കളയിലേക്ക് നടന്നു.

“അമ്മക്ക് എന്താ പറ്റിയെ? പനിയാ?”

പോകുന്ന വഴി ഉണ്ണിമോൾ ചോദിക്കുന്നതും കൃഷ്ണ അവൾക്ക് എന്തോ മറുപടി കൊടുക്കുന്നതും സൂരജ് നോക്കി ഇരുന്നു.

എപ്പോഴത്തെയും പോലെ ഉണ്ണിമോളേ മടിയിലേക്ക് എടുത്ത് ഇരുത്തി നെഞ്ചോട് ചേർത്ത് പിടിക്കാൻ തോന്നി സൂരജിന്. എന്റേതാണെന്ന് പറയാൻ…. എന്റെ മകളാണെന്ന് പറഞ്ഞ് അടക്കിപ്പിടിക്കാൻ…..

സ്നേഹിച്ചു പോകുവാണാ കുഞ്ഞിനെ….
തന്റെ കുഞ്ഞോളെപ്പോലെ….
ഒരുപാട് ഒരുപാട് സ്നേഹിച്ചു പോവുന്നു….

അത് കൊണ്ടാണ്….
അത് കൊണ്ട് മാത്രമാണ് കൃഷ്ണയെയും കുഞ്ഞിനേയും ഇവിടെ നിന്നും മാറ്റണമെന്ന് തീരുമാനിച്ചതും.
സ്വന്തം ആണെന്ന് കരുതി ചേർത്ത് നിർത്തിയിട്ട്, ഒടുവിൽ നഷ്ടപ്പെടുമ്പോൾ ഹൃദയം മുറിഞ്ഞു നീറി നൊമ്പരപ്പെടാൻ വയ്യാത്തത് കൊണ്ട്.

ഉണ്ണിമോൾ ഒരു നിധിയാണ്. താൻ അതിന്റെ സൂക്ഷിപ്പ്കാരനും…..
സൂക്ഷിപ്പ്കാരന് നിധി ആരും തട്ടിയെടുക്കാതെ കാവൽ നിൽക്കാനേ അവകാശം ഉള്ളൂ… സ്വന്തമാക്കാൻ കഴിയില്ല. ഉടമസ്ഥൻ മടങ്ങി വരുമ്പോൾ അത് തിരികെ നൽകുക തന്നെ വേണം.

സൂരജ് ഒന്ന് നെടുവീർപ്പുതിർത്തു.

അമ്മയ്ക്ക് കൃഷ്ണയോട് മറ്റൊരു രീതിയിൽ ഉള്ള താല്പര്യം ഉണ്ടെന്ന് അറിഞ്ഞത് മുതലാണ് കൃഷ്ണയോട് ദേഷ്യം കാണിക്കാൻ തുടങ്ങിയത്. തനിക്ക് അവളെ ഇഷ്ടമില്ല എന്ന്… അവളോട് ദേഷ്യമാണെന്ന് അമ്മ കരുതട്ടെ എന്ന് വിചാരിച്ചു. അതും വെറുതെയായി.

ഉണ്ണിമോളേ കാണുമ്പോ കുഞ്ഞോളെയാണ് ഇപ്പൊ ഓർമ്മ വരാറ്.
സ്വപ്നങ്ങളിൽ പോലും കുഞ്ഞോൾക്ക് ഇപ്പൊ ഉണ്ണിമോളുടെ മുഖമാണ്.
പേടിയാണിപ്പോ ഉണ്ണിമോളേ സ്നേഹിക്കാൻ….
നാളെ അവൾ ഇവിടുന്ന് പോകുമ്പോ അതൂടെ താങ്ങാൻ തന്റെ ഹൃദയത്തിനു കഴിയാതെ പോയാലോ എന്ന പേടി.

അതാണവളെ മാറ്റി നിർത്താൻ നോക്കുന്നതും. കാണാതിരുന്നാൽ ഇത് പോലെ നെഞ്ചോട് അടക്കി പിടിക്കാൻ തോന്നില്ലല്ലോ?

സൂരജിന് കണ്ണ് നിറഞ്ഞു.

അമ്മേടേം അച്ഛന്റേം നിർബന്ധപ്രകാരമാണ് നന്ദനയേ വിവാഹം ചെയ്യുന്നത്. അവൾ തന്റെ മുറപ്പെണ്ണായിരുന്നു. നന്ദനയും താനും തമ്മിൽ പൊരുത്തത്തെക്കാളേറെ പൊരുത്തക്കേടുകൾ ആയിരുന്നു. വിവാഹശേഷമാണ് അവൾക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു എന്നറിയുന്നത്. അവൾ തന്നെയാണത് തുറന്ന് പറഞ്ഞത്. അയാൾ മറ്റൊരു വിവാഹം കഴിച്ച് പോയത്രേ. അയാൾ നന്ദനയേ ചതിച്ചിട്ടും അവൾക്ക് അയാളെ മറക്കാൻ പറ്റിയില്ല. എങ്കിലും പുതിയ ജീവിതവുമായി അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കാം എന്നവൾ ഉറപ്പ് നൽകി. അവളുമൊത്തൊരു ജീവിതം തുടങ്ങുമ്പോൾ അത് തന്നെയായിരുന്നു തന്റെയും പ്രതീക്ഷ.

പക്ഷെ, അവളെന്നെ എല്ലാ കാര്യങ്ങളിലും അയാളുമായി കമ്പയർ ചെയ്യാൻ തുടങ്ങി. മനുഷ്യരെ തമ്മിൽ താരതമ്യം ചെയ്യുന്നതിനോളം അസഹ്യമായത് മറ്റൊന്നില്ല എന്നതാണ് സത്യം. ഒരുപക്ഷെ അവളുടെ ആ താരതമ്യം തന്നെയാണ് ഒരിക്കലും കൂടിച്ചേരാൻ ആകാത്ത വിധം ഞങ്ങളുടെ മനസ്സുകൾ തമ്മിൽ അകറ്റിയതും.

പക്ഷെ, നനന്ദനയുടെയും തന്റെയും മകൾ, തന്റെ കുഞ്ഞോൾ…. അവളായിരുന്നു തനിക്ക് എല്ലാം. കുഞ്ഞോൾ തന്റെ പ്രാണനായിരുന്നു. ഒരുപക്ഷെ നന്ദനയ്ക്ക് കൊടുക്കാനുള്ള സ്നേഹം കൂടി താൻ കുഞ്ഞിന് കൊടുത്തിരിക്കണം.

അവൾ ഇല്ലാതായപ്പോ പ്രാണൻ പറിഞ്ഞു പോകുന്ന വേദന തോന്നിയിരുന്നു…..
ഇപ്പൊ ആ കുഞ്ഞോളെയാണ് ഉണ്ണിമോളിൽ കണ്ടെത്താൻ തന്റെ മനസ്സ് ശ്രമിക്കുന്നത്. പാടില്ല…. ഉണ്ണിമോളെ ഇവിടെ നിന്നും മാറ്റി നിർത്തണം. അവൻ വരുന്നത് വരെ എങ്കിലും…..!

ഓരോന്നോർത്ത് പിന്നെയും സോഫയിലേക്ക് ചായാൻ തുടങ്ങുമ്പോഴാണ് സൂരജിന്റെ ഫോൺ ബെല്ലടിച്ചത്.

സൂര്യ കാളിംഗ്…..

സ്ക്രീനിലെ പേര് കണ്ടതും അത് വരെ മനസ്സിൽ മുളച്ച സംഘർഷങ്ങൾ താനേ കരിഞ്ഞു പോകുന്നതറിഞ്ഞു സൂരജ്.

ഒരു ചെറു ചിരിയോടെയാണ് അവൻ കാൾ എടുത്തത്.

“ഗുഡ് ആഫ്റ്റർ നൂൺ ചേട്ടായി….”

മറുവശത്തു നിന്നും ഉത്സാഹത്തോടെ ഒരു പുരുഷ സ്വരം കേട്ടതും സൂരജിന്റെ മുഖത്തെ ചിരിക്ക് ഒന്ന് കൂടി തെളിച്ചം കൂടി.

***†***

ഇഷ്ടമായാൽ അഭിപ്രായം പറയണേ…. ❤️