The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഗംഗ ശലഭം
ശ്രീനാഥ് ജീവിതത്തിലേക്ക് മടങ്ങി വന്നു. ഒരു കാലും കണ്ണും ഇല്ലാതെ…..!
ദേവന്റെ മരണം ശ്രീനാഥിനെ മാനസികമായി തളർത്തിക്കളഞ്ഞിരിഞ്ഞു. ഇനിയൊരിക്കലും താൻ ആഗ്രഹിച്ചത് പോലൊരു ജീവിതം ഉണ്ടാകില്ല എന്നവൻ മനസ്സിലാക്കി.
അപ്പോഴേക്കും ആക്‌സിഡന്റ് എന്ന് തീർച്ചപ്പെടുത്തിയിരുന്ന മറ്റ് അഞ്ചു മരണങ്ങൾ കൂടി പുണരന്വേഷണം ആരംഭിച്ചിരുന്നു. ഒന്നാം പ്രതിയായ ദേവൻ മരണപ്പെട്ടിരുന്നല്ലോ? രണ്ടാം പ്രതിയായ ശ്രീനാഥിനും കൊലപാതകത്തിൽ മുഖ്യപങ്കുണ്ടെന്ന് നിരീക്ഷിച്ച കോടതി ശ്രീനാഥിന് വിധിച്ചത് ഇരട്ട ജീവപര്യന്തവും പിഴയുമാണ്.
അവന് വേണ്ടി ആരും കോടതിയിൽ എത്തിയില്ല. ഒരു മനസ്സ് പോലും വേദനിച്ചില്ല. കോടതിയിൽ നിന്നും ജയിലിലേക്ക് കൊണ്ട് പോകാനായി ജീപ്പിലേക്ക് കയറ്റുമ്പോൾ ശ്രീനാഥിന്റെ മുഖം കുറ്റബോധത്താൽ കുനിഞ്ഞു തന്നെയിരുന്നു.
ശ്രീനാഥിന്റെ കേസിന്റെ വിധി വന്നതിന്റെ അന്ന് തന്നെ ഡോക്ടർ വില്യം ഒരിക്കൽക്കൂടി ബാംഗ്ലൂർ എത്തി. സായിക്ക് പഴയ മുഖം തിരികെ നൽകാനായി……
**********
ദിനങ്ങൾ ഓടി മറഞ്ഞു. അന്നൊരു ശനിയാഴ്ചയായിരുന്നു. മനസ്സ് നിറഞ്ഞു തുളുമ്പുന്ന സന്തോഷവുമായിട്ടാണ് കല്യാണി അരവിന്ദന്റെ വീട്ടിൽ എത്തിയത്. അരവിന്ദൻ വന്നിട്ടുണ്ടെന്നറിഞ്ഞ് അവനെ കാണായിത്തന്നെയുള്ള വരവാണ്.
കല്യാണി എത്തുമ്പോൾ അരവിന്ദൻ ഡെയിനിങ് റൂമിലിരുന്ന് ബ്രെക്ക് ഫാസ്റ്റ് കഴിക്കുകയാണ്. അവളും ഒരു ചെയർ വലിച്ചിട്ട് അവനരികിലായി ഇരുന്നു.
“മാമി എവിടെ അരവിന്ദേട്ടാ?”
അവൾ അടുക്കളയിലേക്ക് എത്തിച്ചു നോക്കികൊണ്ട് ചോദിച്ചു.
“അമ്മ പുറത്ത് പോയി.”
അരവിന്ദൻ അവളെ ശ്രദ്ധിക്കാത്ത രീതിയിൽ ഇരുന്നു.
“എവിടെ?”
“ആ….”
“എപ്പോ വരും?”
“ആ…..”
“ദേ അരവിന്ദേട്ടാ… വായ തുറന്ന് പറഞ്ഞൂടെ?”
കല്യാണി ചുണ്ട് കൂർപ്പിച്ചു.
“നിനക്കിപ്പോ എന്താ വേണ്ടേ?”
അരവിന്ദൻ ഇടത് കൈ മുട്ട് ടേബിളിൽ മുട്ടിച്ച് താടിക്ക് കൈ കൊടുത്ത് അവളെ നോക്കി.
“പുട്ടും കടലേം ആണാ?”
“അല്ല… ബിരിയാണിയാ….”
“ഓ….”
അവൾ ചുണ്ട് കോട്ടി….
“എനിക്ക് പുട്ട് വേണം….”
കല്യാണി അരവിന്ദന്റെ പ്ളേറ്റിലേക്ക് നോക്കി പറഞ്ഞു.
“അടുക്കളയിൽ കാണും പോയി എടുത്തോ….”
അരവിന്ദൻ പിന്നെയും കഴിക്കാൻ തുടങ്ങി.
“അത് വേണ്ട. ഇത് മതി. വായിൽ വച്ച് തരോ?”
കല്യാണി കൊഞ്ചി.
“പോയി രേണുമാമിയോട് പറ.”
അരവിന്ദൻ മുഖം വെട്ടിച്ചു. രേണുക കല്യാണിയുടെ അമ്മയാണ്.
കല്യാണിയുടെ മുഖം വീർത്തു വരുന്നതും അവൾ പിണങ്ങി തിരിഞ്ഞിരിക്കുന്നതും കൺ കോണിലൂടെ കണ്ട അരവിന്ദൻ ഊറി ചിരിച്ചു.
“ഹാ…. ഇന്നലെ നിന്റെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു.”
“എന്തിന്?”
കല്യാണി പെട്ടെന്ന് അരവിന്ദന് നേരെ തിരിഞ്ഞു. അച്ഛനത് തന്നോട് പറഞ്ഞില്ലല്ലോ എന്നവൾ ഓർത്തു.
“നിന്റെ എക്സാം കഴിഞ്ഞല്ലോ… റിസൾട്ടും വരാറായി… ഇനിയിപ്പോ നമ്മുടെ കല്യാണം നടത്തിയാലോ എന്ന് ചോദിച്ചു.”
വലിയ താല്പര്യം ഇല്ലാത്ത മട്ടിലാണ് അരവിന്ദന്റെ സംസാരം.
“എന്നിട്ട്…… ?”
കല്യാണിയുടെ സ്വരത്തിൽ ആകാംക്ഷ നിറഞ്ഞു.
“എന്നിട്ടെന്താ? എനിക്ക് താല്പര്യം ഇല്ലെന്ന് ഞാൻ പറഞ്ഞു.”
അരവിന്ദൻ കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റു.
കല്യാണിയുടെ മനസ്സിടിഞ്ഞു. കണ്ണ് നിറഞ്ഞു. അരവിന്ദൻ അങ്ങനെ പറഞ്ഞതിനാലാകുമോ അച്ഛൻ തന്നോടത് പറയാതിരുന്നത്?
ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് വാഷ് ഏരിയയിലേക്ക് നടക്കാനൊരുങ്ങിയ അരവിന്ദന്റെ കയ്യിൽ അവൾ പിടിച്ച് നിർത്തി. അവന്റെ മുന്നിലേക്ക് കയറി നിന്നു.
” പറ്റുന്നില്ലേ അരവിന്ദേട്ടാ? എന്നെ അംഗീകരിക്കാൻ… ഇനിയും പറ്റുന്നില്ലേ?”
കല്യാണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ചുണ്ട് വിതുമ്പി.
കല്യാണിയുടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ അരവിന്ദനും വല്ലാതായി. അവളുടെ നിറഞ്ഞ കണ്ണ് കാണുമ്പോൾ ഉള്ളിലൊരു കുഞ്ഞ് മുള്ള് തറച്ച നീറ്റൽ….
“എടി… പൊട്ടിക്കാളി…”
അരവിന്ദൻ എച്ചിൽ കൈ കൊണ്ട് കല്യാണിയുടെ തലയിൽ ഒന്ന് കൊട്ടി. മറുകൈയ്യിലെ പിടി അവൾ അപ്പോഴും വിട്ടിട്ടില്ല.
” അടുത്ത മാസം നല്ലൊരു മുഹൂർത്ഥമുണ്ട്. ഫിക്സ് ചെയ്യട്ടെ എന്ന് വന്നു ചോദിച്ചാൽ പിന്നെ ഞാൻ ഓക്കേ പറയണോ?”
കല്യാണിയുടെ കണ്ണ് കൂർത്തു. കണ്ണീർ ഗ്രന്ധി വറ്റിപ്പോയ പോലെ പെട്ടെന്ന് കണ്ണീർ നിന്നു.
” നിനക്ക് പി ജി ചെയ്യണ്ടേ? NET എഴുതി എടുക്കണ്ടേ? അസിസ്റ്റന്റ് പ്രൊഫസർ ആവണ്ടേ?”
അരവിന്ദന്റെ ഓരോ ചോദ്യത്തിനും കല്യാണി തലയാട്ടിക്കൊണ്ടിരുന്നു.
“ആ… അതാണ്…
അത് കൊണ്ട് ഒരു രണ്ട് വർഷം കഴിഞ്ഞ് ഞാൻ നിന്നെ കെട്ടിക്കോളാം എന്ന് നിന്റെ അച്ഛനോട് പറഞ്ഞിട്ടുണ്ട്. ഏഴെട്ട് വർഷം എന്റെ അനുവാദം പോലും ഇല്ലാതെ നീ എന്നെ സ്നേഹിച്ചില്ലേ? അടുത്ത രണ്ട് വർഷം ഞാൻ നിന്നെക്കൂടി പ്രേമിക്കട്ടേടീ…”
കല്യാണിയുടെ കവിളിൽ ചൂണ്ടു വിരൽ കൊണ്ടൊന്നു കുത്തി അരവിന്ദൻ കൈ കഴുകാനായി നടന്നു.
കേട്ടതൊക്കെ ബ്രെയിനിൽ ഒന്ന് രജിസ്റ്റർ ആവാനും അതിന്റെ ശരിയായ മീനിങ്ങ് കിട്ടാനും കല്യാണിക്ക് കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു. വെളിച്ചം വന്നതും അവൾ അരവിന്ദന്റെ അടുത്തേയ്ക്കോടി.
” അതും ശെരിയാ… എന്നെ പ്രേമിച്ച് പ്രേമിച്ച് പ്രേമിച്ച് അവസാനം എന്നെ കാണാതിരുന്നാൽ അരവിന്ദേട്ടൻ ചങ്കു പോട്ടി ചത്തു പോകുമെന്നുള്ള അവസ്ഥ വരണം. എന്നാലേ കല്യാണം കഴിഞ്ഞിട്ട് നിങ്ങള് എന്നേം കൂടി തിരുവനന്തപുരത്തേയ്ക്ക് കൊണ്ട് പോകൂ…”
അവളവന്റെ അടുത്തേക്ക് ചേർന്ന് നിന്ന് കുറുമ്പോടെ പറഞ്ഞു.
“അമ്പടി…. ഇപ്പോഴേ ഇതൊക്കെയാ ചിന്ത അല്ലെ?”
അരവിന്ദൻ ടവലിൽ തുടച്ച് നനവ് മാറ്റിയ കൈ കൊണ്ട് വേദനിപ്പിക്കാതെ അവളുടെ ചെവിയിൽ പിടിച്ചു കിഴുക്കി.
“പിന്നേ… Net കിട്ടിയില്ലേൽ ഞാൻ കല്യാണത്തീന്ന് പിന്മാറും കേട്ടോ…”
“എന്നാപ്പിന്നെ ഞാൻ ഫസ്റ്റ് ചാൻസിൽ തന്നെ എഴുതി എടുത്തിരിക്കും.”
കല്യാണി പറഞ്ഞു നിർത്തിയതും ഇരുവരും ഒരുമിച്ചു ചിരിച്ചു.
“അല്ല… രാവിലെ തന്നെ നീ ഇങ്ങോട്ട് വന്നത് വെറുതെ ആവില്ലല്ലോ?”
അരവിന്ദൻ ചോദിച്ചപ്പോഴാണ് വന്നത് എന്തിനാണെന്ന് കല്യാണി ഓർക്കുന്നത് തന്നെ…
അവൾ കൈവെള്ള കൊണ്ട് സ്വന്തം നെറ്റിയിലടിച്ചു.
“അതേ… എന്റെ ഫൈനൽ സേം റിസൾട്ട് വന്നു.”
“ആഹാ… എന്നിട്ട്….?”
അരവിന്ദന് ആകാംക്ഷയായി.
“പറഞ്ഞാൽ എനിക്കെന്തു സമ്മാനം തരും?”
“അതൊക്കെ തരാം… നീ പറയ്…”
“സെക്കന്റ് റാങ്കുണ്ട്.”
അരവിന്ദന്റെ മുഖം വിടർന്നു.
“Congrats…”
അവൻ പുഞ്ചിരിയോടെ പറഞ്ഞു.
“അതേ ഉള്ളൂ….”
കല്യാണി മുഖം വീർപ്പിച്ചു.
“വേറെന്ത്?”
അരവിന്ദൻ താടിയിൽ വിരലൂന്നി ആലോചിക്കുന്നത് പോലെ നിന്നു. ശേഷം ചിരിയോടെ അവളെ നോക്കി. ആ ചിരിയിൽ ഒളിച്ചിരുന്ന കുറുമ്പ് അന്നേരം അവളറിഞ്ഞില്ല.
“കൈ നീട്ട്….”
കല്യാണി രണ്ട് കയ്യും നീട്ടിപ്പിടിച്ചു.
“കണ്ണടയ്ക്ക്….”
അവൾ രണ്ട് കണ്ണും ഇറുക്കെ മൂടി.
ഒരു നിമിഷത്തിന് ശേഷം അരവിന്ദൻ തന്റെ കൈ പിടിക്കുന്നത് അവളറിഞ്ഞു.
അരവിന്ദൻ അവളുടെ ഇരു കൈവെള്ളയിലും പതിയെ ചുംബിച്ചു. കല്യാണിയ്ക്ക് കൈ വിറച്ചു. ഹൃദയം നിറഞ്ഞു.
അവൾ കണ്ണുകൾ തുറന്ന് നോക്കി. അവളെത്തന്നെ നോക്കി നിന്നിരുന്ന അരവിന്ദന്റെ കണ്ണുകളിൽ അവളന്ന് ആദ്യമായി അവളോടുള്ള പ്രണയം കണ്ടു.
“””””””ഇഷ്ടമായിട്ടില്ല… ഇഷ്ടമാകട്ടെ… അന്ന് തിരികെ തന്നേക്കാം…””””””
ഒരു വർഷം മുൻപ് അരവിന്ദൻ തന്നോട് പറഞ്ഞത് അവൾ ഓർത്തെടുത്തു. അന്നും ഇത് പോലെ അവനോട് റിസൾട്ട് പറയാൻ വന്നതാണ്.
അരവിന്ദന്റെ കണ്ണുകളിൽ തെളിഞ്ഞ തന്റെ പ്രതിബിംബത്തിലേക്ക് നോക്കി കല്യാണി മനസ്സ് നിറഞ്ഞു ചിരിച്ചു.
ചില പ്രണയങ്ങൾ അങ്ങനെയാണ്. സ്വാർത്ഥതയെന്ന് തൊന്നുമെങ്കിലും പവിത്രമായ ചിലത്. കിട്ടില്ല എന്ന് മനസ്സ് പറയുമ്പോഴും കിട്ടുമെന്ന് വിശ്വസിച്ചു ഹൃദയം പൊതിഞ്ഞു പിടിക്കുന്ന ചില ഇഷ്ടങ്ങൾ….. വർഷങ്ങളോളം മുഷിച്ചിലില്ലാതെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ചില ഇഷ്ടങ്ങൾ…..
കല്യാണയ്ക്ക് അരവിന്ദനോടുള്ള പ്രണയം പോലെ….!
*******
സിറ്റൗട്ടിലേക്ക് കയറുന്ന പടിയിലിരുന്ന്, സൂരജ് വാങ്ങിക്കൊടുത്ത പുതിയ കഥാപുസ്തകത്തിലെ അക്ഷരങ്ങൾ ഓരോന്നായി എണ്ണിപ്പെറുക്കി വായിക്കാൻ ശ്രമിക്കുകയാണ് ഉണ്ണിമോൾ.
മൂക്കിന് മുകളിലായി അവളുടെ മുഖത്തിലും വലിയൊരു കണ്ണട വച്ചിട്ടുണ്ട്. രാജലക്ഷ്മിയുടെ കണ്ണടയാണ്. രാജലക്ഷ്മിയുടെ മുറിയിൽ നിന്നും അവര് കാണാതെ അടിച്ചു മാറ്റിയത്.
അടുത്തായി കുറച്ചു കളിപ്പാട്ടങ്ങളും നിരത്തി വച്ചിട്ടുണ്ട്. അവരൊക്കെ ഉണ്ണിമോളുടെ ക്ലാസ്സിലെ കുട്ടികളാണ്. ഉണ്ണിമോള് ടീച്ചറും. ഉണ്ണിടീച്ചർ കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കുന്ന തിരക്കിൽ ഇരിക്കുമ്പോഴാണ് മുറ്റത്ത് സൂരജിന്റെ കാർ വന്നു നിന്നത്.
മുൻവശത്തെ ഡോർ തുറന്ന് ഇറങ്ങുന്ന അപരിചിതനെ കണ്ടതും ഇരുന്ന ഇരിപ്പിൽ ഇരുന്ന് കൊണ്ട്തന്നെ ഉണ്ണിമോൾ ആഗതനെ സൂക്ഷിച്ചു നോക്കി.
അയാൾ ചിരിയോടെ അവൾക്ക് അടുത്തേയ്ക്ക് വന്നതും ഉണ്ണിമോൾ എഴുന്നേറ്റു നിന്നു.
“ആരാ?”
രണ്ട് കയ്യും പിറകിൽ കെട്ടി നിന്ന് വലിയ ആളിനെപോലെയുള്ള കുഞ്ഞിന്റെ ചോദ്യം കേട്ട് ആഗതൻ ചിരിച്ചു പോയി.
“ഉണ്ണിമോളുടെ അച്ഛൻ…!”
അയാൾ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞതും ഉണ്ണിമോൾ അമ്പരപ്പോടെ പിറകിലേക്ക് മാറി. പിന്നേ “അമ്മേ” എന്ന് ഉറക്കെ വിളിച്ച് കൊണ്ട് വീടിനുള്ളിലേക്ക് തിരിഞ്ഞോടി….
*********
അഭിപ്രായം പ്ലീസ്….