The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഗംഗ ശലഭം
” എന്നാപ്പിന്നെ സൂരജിന് ബ്രേക്ക് ഫാസ്റ്റ് കൂടി എടുത്തു കൊടുത്തിട്ട് വാ…. അവന് പോകാൻ നേരമായിട്ടുണ്ടാവും…. ”
വീട്ടിലേക്ക് നടക്കാൻ തുടങ്ങിയ കൃഷ്ണ രാജലക്ഷ്മി പറഞ്ഞത് കേട്ടതും പെട്ടെന്ന് നിന്നു.
സൂരജിന് താൻ ആഹാരം വിളമ്പി കൊടുക്കാനോ? അത് ഓർത്തപ്പോഴേ കൃഷ്ണയ്ക്ക് വല്ലാത്ത പരിഭ്രമം തോന്നി. സൂരജിന് അത് ഇഷ്ടമാവില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.
കുമാരൻ കൂടെ നിൽക്കുന്നത് കൊണ്ട് രാജലക്ഷ്മിയോട് എതിർത്തു പറയാനും അവൾക്ക് തോന്നിയില്ല.
“അമ്മേ… അത്…. ഞാൻ….”
കൃഷ്ണയുടെ പരിഭ്രമം കണ്ട് രാജലക്ഷ്മിക്ക് ചിരി വന്നെങ്കിലും അവരത് പുറമെ കാണിച്ചില്ല.
“എന്താ മോളെ? എന്തെങ്കിലും പ്രശ്നം ഉണ്ടോ?”
ചിരിയൊതുക്കി രാജലക്ഷ്മി സ്വഭാവികതയോടെ ചോദിച്ചു.
“ഞാൻ…. ഞാൻ എടുത്തു കൊടുത്താൽ സാറിന് അത് ഇഷ്ടപ്പെടില്ല.”
അവൾ മടിച്ചു മടിച്ചു പറഞ്ഞു.
“അതിപ്പോ നീ എടുത്തു കൊടുത്താലല്ലേ അറിയൂ….?”
രാജലക്ഷ്മി ചോദിച്ചതും കൃഷ്ണ ദയനീയമായി അവരെ നോക്കി. ഇത്തവണ എന്തോ രാജലക്ഷ്മിക്ക് അവളുടെ മുഖഭാവം കണ്ടപ്പോൾ കൂടുതൽ നിർബന്ധിക്കാൻ തോന്നിയില്ല.
“എന്നാലൊരു കാര്യം ചെയ്യ്. നീ ഇവിടെ നിക്ക്…. ഞാൻ പോയി അവന് ബ്രേക്ക്ഫാസ്റ്റ് എടുത്തു കൊടുത്ത്, വെള്ളോം എടുത്തോണ്ട് വരാം.”
കൃഷ്ണയുടെ മറുപടിക്ക് കാക്കാതെ രാജലക്ഷ്മി വീട്ടിലേക്ക് നടന്നു.
” കൃഷ്ണേ…. നിനക്ക് സൂരജിനെക്കുറിച്ച് എന്താ അഭിപ്രായം?”
വീണ്ടും കുനിഞ്ഞു മാങ്ങ പെറുക്കാൻ തുടങ്ങിയതും കരുണന്റെ ചോദ്യം വന്നു.
കൃഷ്ണ സംശയത്തോടെ തല ഉയർത്തി നോക്കി.
” ഇത്തിരി ദേഷ്യക്കാരനാണെങ്കിലും ആള് നല്ലതാ ഇല്ലേ? മുൻപ് കുറച്ചു നാള് കുടി ഒക്കെ ഉണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാലും ഇപ്പൊ അങ്ങനത്തെ ദുശീലങ്ങൾ ഒന്നൂല്ലല്ലോ?”
കൃഷ്ണ ഇതൊക്കെ ഇപ്പൊ എന്തിനാ തന്നോട് പറയുന്നത് എന്നൊരു ഭാവത്തിൽ നിൽക്കുകയാണ്.
കൃഷ്ണയുടെ നിൽപ്പ് കണ്ടിട്ടാവണം അയാൾ എന്തോ രഹസ്യം പറയാനെന്നത് പോലെ കുറച്ചു കൂടി അവൾക്ക് അരികിലേക്ക് നീങ്ങി നിന്നു. രാജലക്ഷ്മി വരുന്നുണ്ടോ എന്ന് നോക്കിയ ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു.
“എനിക്ക് കുറച്ചായി ഒരു സംശയം ഉണ്ട് കൊച്ചേ… ഇവിടുത്തെ സൂരജ് മോനെക്കൊണ്ട് നിന്നെ കല്യാണം കഴിപ്പിക്കാനുള്ള തീരുമാനത്തിലാണ് ചേച്ചി എന്നാ എനിക്ക് തോന്നുന്നത്…..”
കൃഷ്ണ മിഴിഞ്ഞ കണ്ണുകളോടെ കുമാരനെ നോക്കി. കേട്ടത് വിശ്വസിക്കാൻ പ്രയാസം തോന്നി അവൾക്ക്.
“നീ ഇങ്ങനെ കണ്ണ് മിഴിച്ച് നോക്കണ്ട. ഞാൻ പറഞ്ഞത് ഒള്ളതാ… ഇല്ലേ നോക്കിക്കോ അധികം താമസിക്കാതെ ലക്ഷ്മി ചേച്ചി നിന്നോടത് പറയും.”
കരുണൻ തറപ്പിച്ചു പറഞ്ഞു.
കൃഷ്ണയുടെ മനസ്സാകെ അസ്വസ്ഥമായി.
രാജലക്ഷ്മിക്ക് അങ്ങനെ ഒരു ചിന്ത ഉണ്ടാകുമോ? അവരങ്ങനെ തന്നോട് പറഞ്ഞാൽ എങ്ങനെ താൻ അതിനെ എതിർത്തു പറയും? അവര് കാരണമാണ് താനും കുഞ്ഞും ഇന്ന് ഇങ്ങനെ ജീവിക്കുന്നത് തന്നെ….
കൃഷ്ണയ്ക്ക് വല്ലാത്തൊരു വെപ്രാളം തോന്നി. തന്റെ ജീവിതം ലക്ഷ്മി അമ്മയ്ക്ക് കടപ്പെട്ടതാണ്.
പക്ഷെ… ഇത്… ഇങ്ങനെ ഒരാവശ്യം എങ്ങനെ അംഗീകരിക്കും? താനും സൂരജ് സാറും തമ്മിലുള്ള അന്തരം ഓർത്തപ്പോൾ ഒക്കെയും കുമാരേട്ടന്റെ തോന്നൽ ആണെന്ന് മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എങ്കിലും രാജലക്ഷ്മി അങ്ങനെ വലിപ്പചെറുപ്പം നോക്കുന്ന ആളല്ല എന്ന് അറിയുന്നത് കൊണ്ട് തന്നെ കുമാരന്റെ സംശയം പൂർണമായും തള്ളിക്കളയാനും അവൾക്ക് കഴിഞ്ഞില്ല.
ഇത്തവണ കുനിഞ്ഞു മാങ്ങ പെറുക്കുമ്പോൾ കൈ വിറയ്ക്കുന്നുണ്ടെന്ന് തോന്നി കൃഷ്ണയ്ക്ക്.
ലക്ഷ്മിയമ്മ ഇല്ലായിരുന്നു എങ്കിൽ രണ്ടു വർഷങ്ങൾക്ക് മുൻപ് ഇല്ലാതാകേണ്ടതായിരുന്നു തന്റെയും കുഞ്ഞിന്റെയും ജീവിതം.
ഓർക്കാൻ ഇഷ്ടമില്ലെങ്കിലും ഒരിക്കലും മാഞ്ഞു പോകാതെ ഇടയ്ക്കിടെ കുത്തി നോവിക്കുന്ന ചില ഓർമ്മകൾ….. അതൊക്കെ വീണ്ടും കൃഷ്ണയുടെ ബോധമണ്ഡലത്തിലേക്ക് കടന്ന് വന്നു.
*********
നാട്ടിലെ പേര് കേട്ട തറവാടാണ് ഇന്ദ്രപ്രസ്ഥം. അവിടുത്തെ മുതിർന്ന കാരണവരായ മാധവൻതമ്പിയുടെ ഡ്രൈവർ ആയിരുന്നു കൃഷ്ണയുടെ അച്ഛൻ ശിവശങ്കരൻ. അമ്മ കൃഷ്ണ കുഞ്ഞായിരുന്നപ്പോഴേ മരിച്ചു പോയിരുന്നു. പിന്നീട് ശങ്കരൻ ജീവിച്ചത് കൃഷ്ണയ്ക്ക് വേണ്ടിയാണ്. അയാൾ ഒരു പുനർവിവാഹത്തേക്കുറിച്ച് ചിന്തിച്ചത് പോലുമില്ല. കൃഷ്ണ ശങ്കരന്റെ പ്രാണനായിരുന്നു. കൃഷ്ണയ്ക്ക് ശങ്കരനും….
പഠിക്കാൻ അത്ര മിടുക്കി ഒന്നും ആയിരുന്നില്ല കൃഷ്ണ. അത് കൊണ്ട് തന്നെ പ്ലസ് ടൂ തോറ്റപ്പോൾ പഠിത്തം നിർത്തി.
പിന്നീട് ശങ്കരന്റെ നിർബന്ധം കൊണ്ട് ടൗണിൽ ഉള്ള ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ടൈപ്പ് റൈറ്റിങ് പഠിക്കാനായി കൃഷ്ണയെ ചേർത്തത്. മിക്കവാറും ദിവസങ്ങളിൽ ഉച്ച കഴിഞ്ഞായിരുന്നു ക്ലാസ്.
ഒരു ദിവസം വൈകിട്ട് ടൈപ്പ് റൈറ്റിങ്ങിന് പോയി മടങ്ങി വന്ന കൃഷ്ണ കാണുന്നത് വീടിന്റെ മുറ്റത്ത് അച്ഛനോടൊപ്പം സംസാരിച്ചു നിൽക്കുന്ന ഒരു ചെറുപ്പക്കാരനെയാണ്. നന്നേ വെളുത്തു സുന്ദരനായ ഒരാൾ…..
കാതിന് പിറകിലേക്ക് വളർന്ന് കിടക്കുന്ന മുടി അയാൾ ഒരു മെറ്റൽ ഹെയർ ബാൻഡ് വച്ച് ഒതുക്കി വച്ചിരുന്നു. വട്ട കണ്ണടയ്ക്ക് പിന്നിലെ പീലികൾ തിങ്ങി നിറഞ്ഞ നക്ഷത്ര കണ്ണുകൾക്ക് വല്ലാത്ത കാന്ത ശക്തി ഉണ്ടെന്ന് തോന്നി കൃഷ്ണയ്ക്ക്…
“ഇത് എന്റെ മകളാണ്…..”
ശങ്കരൻ അയാൾക്ക് കൃഷ്ണയെ പരിചയപ്പെടുത്തി കൊടുത്തു.
അവൻ അവളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. ആ പുഞ്ചിരിയേക്കാളും നോട്ടമാണ് കൃഷ്ണയെ ആകർഷിച്ചത്. ഹൃദയത്തിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ…! കൃഷ്ണ പെട്ടെന്ന് നോട്ടം മാറ്റിക്കളഞ്ഞു.
” മോളെ…. ഇത് മാധവൻ സാറിന്റെ സുഹൃത്തിന്റെ മകനാണ്. ഇവിടെ ടൗണിലെ കോളേജിൽ എം ടെക്കിന് പഠിക്കാൻ വന്നതാ…. മാധവൻ സാറിന്റെ വീട്ടിൽ എല്ലാർക്കും ഇപ്പൊ ചിക്കൻ പോക്സ് ആയിട്ട് കിടക്കുവല്ലേ? അതൊന്ന് മാറുന്നത് വരെ നമ്മുടെ വീടിന്റെ മുകളിൽ താമസിപ്പിക്കാമോ എന്ന് സാർ ചോദിച്ചു. അവിടിപ്പോ എന്തായാലും ഒഴിഞ്ഞു കിടക്കുവല്ലേ? പിന്നെ കുറച്ചു ദിവസത്തെ കാര്യമല്ലേ ഉള്ളൂ….”
ശങ്കരൻ വിശദീകരിച്ചപ്പോൾ കൃഷ്ണ വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി.
“ഹൈ… ഐ ആം കൃഷ്ണ….!”
അവൻ അവളുടെ നേർക്ക് കൈ നീട്ടിക്കൊണ്ട് പറഞ്ഞു.
കൃഷ്ണ അവന്റെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി.
“മോളുടെ പേരും കൃഷ്ണ എന്നാ…”
ശങ്കരൻ പറഞ്ഞപ്പോൾ അവന്റെ മുഖത്തും അമ്പരപ്പ് നിറഞ്ഞു.
” ഓഹ്… ഈസ് ഇറ്റ്? നൈസ്….!”
അവൻ കൃഷ്ണയെ നോക്കി പുഞ്ചിരിച്ചു. ചിരിക്കുമ്പോൾ തെളിയുന്ന അവന്റെ ഇടത്തെ കോമ്പല്ലിലേക്ക് കൃഷ്ണ കൗതുകത്തോടെ നോക്കി.
” ആക്ച്വലി എന്റെ പേര് സായ് കൃഷ്ണ എന്നാണ്. എല്ലാവരും കൃഷ്ണ എന്ന് വിളിക്കും. അതാണ് ഞാൻ അങ്ങനെ ഇൻട്രോഡ്യൂസ് ചെയ്തത്. ഇനിയിപ്പോ ഒരു കൺഫ്യൂഷൻ വേണ്ട… നിങ്ങൾ എന്നെ സായ് എന്ന് വിളിച്ചോളൂ….”
അപ്പോഴും കൃഷ്ണയ്ക്ക് നേരെ നീട്ടിപ്പിടിച്ച കൈ അവൻ പിൻവലിച്ചിട്ടുണ്ടായിരുന്നില്ല. ആ കയ്യിലേക്ക് തന്റെ കൈ ചേർക്കാൻ കൃഷ്ണയ്ക്ക് ചമ്മൽ തോന്നി. അതും അച്ഛന്റെ മുന്നിൽ വച്ച്…
അവൾ ശങ്കരനെ നോക്കി. അവളുടെ വിഷമം മനസ്സിലായത് കൊണ്ടാകും അയാൾ ചിരിയോടെ കണ്ണ് ചിമ്മി.
മടിച്ചു മടിച്ചു അവൾ തന്റെ വലത് കൈ മുന്നോട്ട് നീട്ടി. പൂവ് പോലെ മൃദുലമായ കൃഷ്ണയുടെ കയ്യിലേക്ക് കൈ ചേർത്തവൻ മനോഹരമായി ചിരിച്ചു. ആ ചിരി കൃഷ്ണയുടെ ഹൃദയത്തെ കവർന്നുകളഞ്ഞു….! അവൾ പെട്ടെന്ന് തന്നെ തന്റെ കൈ പിൻവലിച്ച് കൊണ്ട് ധൃതിയിൽ വീട്ടിലേക്ക് നടന്നു.
വാതിൽക്കൽ എത്തി തിരിഞ്ഞു നോക്കുന്നേരം ശങ്കരൻ കാറിന്റെ ഡിക്കിയിൽ നിന്നും സായിയുടെ ലഗേജുകൾ എടുക്കുന്നതാണ് കണ്ടത്. സായി അയാളെ സഹായിക്കുന്നുണ്ട്. അതിനിടയിൽ അവനൊന്നു തിരിഞ്ഞു നോക്കി. നോട്ടങ്ങൾ തമ്മിൽ കോർത്തു.
വല്ലാത്ത ഒരു പിടച്ചിലോടെ നോട്ടം പിൻവലിച്ചു കൃഷ്ണ അകത്തേയ്ക്ക് ഓടിപ്പോയ്ക്കളഞ്ഞു. സായിയുടെ ചുണ്ടുകൾ അപ്പോഴും പുഞ്ചിരിച്ചു. ഒറ്റ നോട്ടത്തിൽ കൃഷ്ണയുടെ ഹൃദയം കവർന്ന അതേ പുഞ്ചിരി…..!
( തുടരും….)
ഇനി കൃഷ്ണയുടെ പാസ്ററ് കുറച്ചു പറഞ്ഞിട്ട് നമുക്ക് പ്രസന്റ്ലേക്ക് വരാം. കൃഷ്ണയുടെ ഭർത്താവിന് എന്ത് പറ്റി എന്നും അവൾ എങ്ങനെ അനാഥ ആയി എന്നുമൊക്കെ അറിയണ്ടേ?
ഒരുപാട് ഒന്നും ഉണ്ടാവില്ല ട്ടോ… ഏറിയാൽ ഒരു നാലോ അഞ്ചോ പാർട്ട്. ചിലപ്പോ അതിലും കുറവായിരിക്കും. കൂടെ കാണില്ലേ?
ഇഷ്ടമാകുന്നുണ്ടോ?
അഭിപ്രായം പറയണേ…. ❤️