19/04/2026

പ്രണയിനി : ഭാഗം 42

രചന – ഗംഗ ശലഭം

” ഞാൻ ഒന്ന് വൈശാലിയെയും ഡോക്ടർ രാജഗോപാലിനെയും വിളിക്കട്ടെ. പറ്റുമെങ്കിൽ സായി ഉണർന്നിട്ട് നമുക്ക് ഡോക്ടർ പ്രമീളയെ ഒന്ന് പോയി കാണാം.”

സൂരജ് പോക്കറ്റിൽ നിന്നും മൊബൈലും എടുത്തു മുന്നോട്ട് നടക്കാൻ ഒരുങ്ങി.

“ലക്ഷ്മിയമ്മ….”

കൃഷ്ണ എന്തോ പറയാൻ ഒരുങ്ങിയതും സൂരജ് തിരിഞ്ഞു നിന്നു.

” അമ്മയോട് ഞാൻ പറഞ്ഞോളാം…. അമ്മയ്ക്കറിയാം അവൻ സൂര്യ അല്ലന്ന്. അത് കൊണ്ട് കാര്യമായ ഞെട്ടലൊന്നും ഉണ്ടാവില്ല. അമ്മയോട് പക്ഷെ ഇതിനൊക്കെ പിന്നിൽ ശ്രീനാഥ് ആണെന്ന് പറയാൻ പറ്റില്ല. രഹസ്യം സൂക്ഷിക്കാൻ അറിയില്ല അമ്മയ്ക്ക്. അതാണ്‌ ഞാൻ അമ്മയോട് എല്ലാം ഒളിച്ചു വച്ചത്. ഡീറ്റൈൽ ആയിട്ട് പറഞ്ഞാൽ, ഇനി ശ്രീനാഥിനെ എവിടെ വച്ചെങ്കിലും കണ്ടാൽ അപ്പൊ പോയി ചോദിച്ചു കളയും. അതാണ്‌ സ്വഭാവം. അമ്മയ്ക്ക് എല്ലാം നേരെ പോ നേരെ വാ മട്ടാ… ”

” എന്നോട് ചോദിച്ചു സൂര്യക്ക് എന്താ പറ്റിയേന്ന്… ഞാൻ ഒന്നും പറഞ്ഞില്ല. പടി കേറാൻ വയ്യാഞ്ഞിട്ടാ… ഇല്ലെങ്കിൽ ഇതിനും മുന്നേ ഇങ്ങു വന്നേനെ… ”

” എന്നാൽ ഞാൻ ആദ്യം അമ്മേ കാണാം. എന്നിട്ട് വൈശാലിയെ വിളിക്കാം. ഉണ്ണിമോൾ എവിടെ? ”

” ലക്ഷ്മിയമ്മേടെ അടുത്താ…. ”

” താൻ ഉണ്ണിമോളുടെ അടുത്തോട്ടു ചെല്ല്. കുഞ്ഞ് ആകെ പേടിച്ചിട്ടുണ്ട്. മോളേം വിളിച്ച് മുറ്റത്തൊക്കെ ഒന്ന് നടന്നിട്ട് വാ.. ഞാൻ അപ്പോഴേക്കും അമ്മയോടൊന്ന് സംസാരിക്കട്ടെ…. ”

കൃഷ്ണ പതിയെ തലയാട്ടി. തല ചെരിച്ചു വാതിലിന്റെ വിടവിലൂടെ മുറിക്ക് ഉള്ളിലേക്ക് നോക്കി. സായി ശാന്തമായി ഉറങ്ങുന്നത് കണ്ടതും തിരിഞ്ഞവൾ താഴേക്ക് ഇറങ്ങി പോയി. അവൾക്ക് പിറകെ സൂരജും താഴേക്ക് ചെന്നു. കൃഷ്ണ ഉണ്ണിമോളെയും കൂട്ടി പുറത്തേക്ക് ഇറങ്ങിയതും സൂരജ് രാജലക്ഷ്മിയോട് വിവരങ്ങൾ പറഞ്ഞു. ശ്രീനാഥാണ്‌ എല്ലാത്തിനും പിറകിൽ എന്ന് മാത്രം മനഃപൂർവം മറച്ചു വച്ചു.

ഞെട്ടൽ ഉണ്ടായി എങ്കിലും സൂരജ് പ്രതീക്ഷിച്ചത് പോലെ രാജലക്ഷ്മിക്ക് വിഷമം ഒന്നും ഉണ്ടായില്ല. പകരം അവർ സന്തോഷിക്കുകയാണ് ചെയ്തത്. സൂരജിന്റെ സുഹൃത്തായിരുന്ന സായിയെ രാജലക്ഷ്മിക്കും വലിയ ഇഷ്ടമായിരുന്നു. അധികം തവണയൊന്നും അവർ അവനെ കണ്ടിട്ടില്ല. സൂരജിന്റെയും സായിയുടെയും അച്ഛന്മാർ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു എങ്കിലും സായിയുടെ പഠനം ഒക്കെ വിദേശത്തായിരുന്നു. സായിയുടെ അച്ഛന്റെ സഹോദരി വിദേശത്ത് സെറ്റിൽഡ് ആണ്. സായി അവർക്കൊപ്പം നിന്നാണ് വളർന്നതും പഠിച്ചതും. വിദേശത്ത് MBA ചെയ്യാൻ സൂരജ് തീരുമാനിച്ചപ്പോൾ, ‘എന്നാപ്പിന്നെ അവൻ എന്റെ അനിയത്തിയുടെ ഒപ്പം നിൽക്കട്ടെ’ എന്ന് പറഞ്ഞത് സായിയുടെ അച്ഛൻ തന്നെയാണ്. അങ്ങനെ സായി താമസിച്ചിരുന്ന വീട്ടിൽ, പഠന കാലാവധി തീരുന്നത് വരെ മാത്രം താമസിക്കുന്ന ഒരു അതിഥിയായി സൂരജും എത്തി.
അതോടെ സായിയും സൂരജും തമ്മിലുള്ള സൗഹൃദത്തിനു തുടക്കമായി.
വളരെ കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ ആ സൗഹൃദം ദൃഢമാവുകയും ചെയ്തു.

സൂരജ് പഠനം പൂർത്തിയാക്കി തിരികെ ബാംഗ്ലൂരേക്ക് വന്നു എങ്കിലും ഇരുവരുടെയും സൗഹൃദത്തെ അത് ബാധിച്ചതേയില്ല. പിന്നെയും കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞാണ് സായി വിദേശവാസം അവസാനിപ്പിച്ച് ബാംഗ്ലൂരേയ്ക്ക് മടങ്ങി വരുന്നത്. തിരികെ വന്ന ഉടനെ തന്നെ അവൻ വർമ്മയുടെ നിർബന്ധപ്രകാരം എം ടെക് ചെയ്യുന്നതിനായി കേരളത്തിലേക്ക് പോരുകയും ചെയ്തു. അതിനാൽത്തന്നെ രാജലക്ഷ്മിയും സായിയുമായി ഒന്നോ രണ്ടോ തവണ കണ്ടുള്ള പരിചയം മാത്രമേയുള്ളൂ…
ആ ചുരുക്കം കൂടിക്കാഴ്ചകളിലൂടെ തന്നെ രാജലക്ഷ്മിയുടെ മനസ്സിൽ സായിക്ക് ഇടം ലഭിച്ചിരുന്നു. അവന്റെ സരസമായ പെരുമാറ്റവും പുഞ്ചിരിയോടെയുള്ള സംസാരവും എല്ലാരേയും എന്ന പോലെ അവരെയും സ്വാധീനിച്ചു. നേരിൽ കാണും മുന്നേ തന്നെ സൂരജിന്റെ നാവിൽ നിന്നും ഇടയ്ക്കിടെ വരുന്ന സായി എന്നാ പേര് അവരുടെ മനസ്സിൽ ഇടം നേടിയിരുന്നു.

ആ സായിയാണ് സൂര്യയായി തന്റെ ഒപ്പം ഉള്ളതെന്ന് അറിഞ്ഞപ്പോൾ രാജലക്ഷ്മി പുഞ്ചിരിക്കുകയാണ് ചെയ്തത്.

************

പിറ്റേന്ന് പുലർച്ചെയാണ് സായി ഉറക്കം വിട്ടുണരുന്നത്. അപ്പോഴും തലവേദന അവനെ വിട്ടൊഴിഞ്ഞിരുന്നില്ല. ഓരോന്ന് ചിന്തിക്കും തോറും അവന്റെ അസ്വസ്ഥതകൾ കൂടി വന്നു. ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് ഡോക്ടർ പ്രമീളയെ കാണാൻ പോകാമെന്ന് സൂരജ് നിർദ്ദേശം വച്ചപ്പോൾ ഒരു എതിർപ്പും കൂടാതെ സായി അത് സമ്മതിച്ചു.
വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു എങ്കിലും എങ്ങനെയൊക്കെയോ എഴുന്നേറ്റ് ഫ്രഷ് ആയി അവൻ താഴേക്ക് വന്നു. പതിവ് പോലെ ഡൈനിങ് ടേബിളിൽ ഭക്ഷണം എടുത്തു വച്ച് രാജലക്ഷമി കാത്തിരിക്കുന്നുണ്ടായിയുന്നു.
സായി ഒന്നും മിണ്ടാതെ ഭക്ഷണത്തിനു മുന്നിൽ വന്നിരുന്നു.

രാജലക്ഷ്മിയുടെ മുഖത്തെ ചിരിക്ക് പതിവിലും തെളിച്ചം ഉണ്ടെന്ന് സായിക്ക് തോന്നി. വിളമ്പി വച്ച ഭക്ഷണത്തിനു മുന്നിൽ തന്നെത്തന്നെ നോക്കി ഇരിക്കുന്നവന് അരികിലേക്ക് രാജലക്ഷ്മി നീങ്ങി നിന്നു.

“കഴിക്ക്…”
അവർ അവന്റെ മുടിയിൽ വാത്സല്യത്തോടെ തലോടി.

സായി ഇമ ചിമ്മാതെ അവരെത്തന്നെ നോക്കി ഇരുന്നു.

ഇവർ തന്റെ അമ്മ അല്ലെന്നോ?
അവന്റെ ഉള്ളുരുകി… കണ്ണ് നിറഞ്ഞു.
അരികിലേക്ക് നിൽക്കുകയായിരുന്ന രാജലക്ഷ്മിയേ ചുറ്റിപ്പിടിച്ച് അവരുടെ വയറിലേക്ക് മുഖം ചേർത്ത് സായി പൊട്ടിക്കരഞ്ഞു.

പെട്ടെന്നുള്ള സായിയുടെ പ്രവർത്തിയിൽ രാജലക്ഷ്മിയും വല്ലാതായി.
അവരുടെ നെഞ്ചു പിടഞ്ഞു.

മകൻ തന്നെയാണ്.
അങ്ങനെയേ കരുതിയിട്ടുള്ളൂ….

അവരവനെ ഒന്ന് കൂടി തന്നോട് ചേർത്തണച്ചു.

” എന്താടാ…? എന്താ എന്റെ കുഞ്ഞന് പറ്റിയത്… ? എന്റെ കുഞ്ഞൻ എന്തിനാ വിഷമിക്കണത്? ങേ?”

അവരുടെ ഹൃദയത്തിൽ മാതൃവാത്സല്യം കിനിഞ്ഞു. ഉള്ളിലെ നൊമ്പരം ശബ്ദത്തിൽ അറിയാതിരിക്കാൻ പാട് പെട്ടു രാജലക്ഷ്മി.

സൂര്യയെ ഒത്തിരി സ്നേഹം കൂടുമ്പോൾ കുഞ്ഞിലേ വിളിച്ചിട്ടുള്ളതാണ് ‘കുഞ്ഞാ’ ന്ന്….
സൂര്യ തന്നെയാണ് ഇവൻ…..
തന്റെ മകൻ…..
ആദ്യം കണ്ടപ്പോഴേ അങ്ങനെ കരുതി തന്നെയാണ് നെഞ്ചോട് ചേർത്തത്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും….

സായി അവരിലുള്ള പിടി വിടാതെ തന്നെ ഒന്നുമില്ല എന്ന് തല വെട്ടിച്ചു.

അടുക്കള വാതിൽക്കൽ മറഞ്ഞു നിന്ന് സായിയെ നോക്കിയിരുന്ന കൃഷ്ണയും അത് കണ്ടിരുന്നു.

നിറഞ്ഞൊഴുകുന്ന കണ്ണുകൾ വേദനയോടെ തുടച്ച് മാറ്റി കൃഷ്ണ. താൻ മുന്നിൽ പോയി നിന്നാൽ അത് സായിക്ക് എത്രയധികം മനോവിഷമം ഉണ്ടാക്കും എന്നറിയുന്നത് കൊണ്ട് കൃഷ്ണ അവന് മുന്നിൽ പോകാതെ മറഞ്ഞു തന്നെ നിന്നു.

ഡോക്ടറിനെ കണ്ടിട്ട് വരട്ടെ…
എല്ലാം അറിയട്ടെ….
അപ്പൊ ഓടി വരും തന്റെ അടുത്തേക്ക്….
എന്റെ സായിയായിട്ട്….!

അങ്ങനെ ആവണേ ദേവീ….
അവൾ കണ്ണുകൾ മുകളിലേക്ക് ഉയർത്തി ഒരു നെടുവീർപ്പോടെ കൈകൾ കൂപ്പി.

അല്പസമയം കഴിഞ്ഞ് മനസ്സ് നിയന്ത്രണത്തിൽ ആയതും സായി അവരിലെ പിടി അയച്ച് മുഖം അമർത്തി തുടച്ച് നേരെ ഇരുന്നു. രാജലക്ഷ്മി അവനരികിലായി കസേര വലിച്ചിട്ടിരുന്നു. പ്ളേറ്റിൽ എടുത്തു വച്ചിരുന്ന ദോശയിൽ ഒരു കഷ്ണം മുറിച്ച് കറിയിൽ മുക്കി അവന്റെ വായിലേക്ക് നീട്ടി. വായ തുറന്ന് അത് വാങ്ങുമ്പോൾ സായിയുടെ കണ്ണ് പിന്നെയും നിറഞ്ഞു.

ഞാൻ ഇനി സായി ആണെങ്കിൽ പോലും നിങ്ങൾ എനിക്ക് അമ്മ തന്നെയാ….
അവന്റെ മനസ്സ് ഉരുവിട്ട്. അത് മനസ്സിലായിട്ടെന്ന പോലെ രാജലക്ഷ്മി അവന്റെ കവിളിൽ തഴുകി പുഞ്ചിരിച്ചു.

അത് കണ്ട് വന്ന സൂരജിന്റെ ചുണ്ടിലും ഒരു നേർത്ത ചിരി വിരിഞ്ഞു. അവന്റെ കണ്ണുകളും നനഞിരുന്നു.

**********

“അകത്തേക്ക് വരൂ….”

കൺസൾറ്റിംഗ് റൂമിന്റെ വാതിൽ തുറന്ന് ഡോക്ടർ പ്രമീള പറഞ്ഞതും സൂരജ് ഇരുന്നിടത്ത് നിന്നും പെട്ടെന്ന് എഴുന്നേറ്റു.

ഡോക്ടർ പ്രമീളയുടെ വീടിനോട് ചേർന്ന് ഒരുക്കിയിരുന്ന കൺസൾറ്റിംഗ് റൂമിന് പുറത്തെ ചെയറിൽ ഇരിക്കുകയായിരുന്നു സൂരജ്. ഏതാണ്ട് രണ്ടു മണിക്കൂറോളമായി സായിയുമായി ഡോക്ടർ പ്രമീള സംസാരിക്കാൻ തുടങ്ങിയിട്ട്. അത്ര നേരവും സായി എങ്ങനെ എല്ലാം ഉൾക്കൊള്ളും എന്നോർത്ത് ഭയവും പരിഭ്രമവും ഒതുക്കി പുറത്തിരിക്കുകയായിരുന്നു സൂരജ്. സായിയുടെ അവസ്ഥ എന്താകും എന്ന ആശങ്കയോടെയാണ് അവൻ ഡോക്ടറിന് പിന്നാലെ റൂമിലേക്ക് ചെന്നത്.

അവിടെ ഒരു ചെയറിലായി ഇരു കൈകളിലും തല താങ്ങി കുനിഞ്ഞിരിക്കുന്ന സായിയെ കണ്ടതും സൂരജ് ഒരു കുതിപ്പിന് അവനരികിൽ എത്തി.

*********

ബാക്കി പിന്നെ…. ❤️

.