18/04/2026

പ്രണയിനി : ഭാഗം 27

രചന – ഗംഗ ശലഭം

രാവിലെ അരവിന്ദൻ ചായയുമായി സിറ്റൗട്ടിൽ ഇരിക്കുമ്പോഴാണ് മധു അങ്ങോട്ടേക്ക് വരുന്നത്. ഇന്ന് ഞായറാഴ്ച ആയതിനാൽ തലേന്ന് രാത്രി തിരുവനന്തപുരത്തു നിന്നും വന്നതാണ് അരവിന്ദൻ.

“നീ ചായ കുടിച്ചു കഴിഞ്ഞോ?”

“ഉവ്വച്ഛാ…”

“എന്നാൽ വാ… അങ്ങോട്ട് നടക്കാം… എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്.”

തൊടിയിലേക്ക് നോക്കി പറയുമ്പോൾ പതിവിലും കൂടുതൽ മധുവിന്റെ ശബ്ദം ഗൗരവത്തിൽ ആണെന്ന് അരവിന്ദന് തോന്നി.

“ഞാൻ ഇത് ഒന്ന് കഴുകി വച്ചിട്ട് വരാം.”

അരവിന്ദൻ ചായക്കപ്പുമായി ധൃതിയിൽ അടുക്കളയിലേക്ക് നടന്നു. വേഗത്തിൽ അത് കഴുകി വച്ച് മടങ്ങി വരികയും ചെയ്തു.

ഇരുവരും ഒന്നിച്ചു തൊടിയിലേക്കിറങ്ങി.

“അപ്പു പറഞ്ഞ ആലോചയെക്കുറിച്ച് എന്താ നിന്റെ അഭിപ്രായം?”

“അത്…. അച്ഛാ… ”

അരവിന്ദൻ അയാളോട് എന്ത് പറയണം എന്നറിയാതെ കുഴങ്ങി.

” കൃഷ്ണയുടെ കാര്യം ആണെങ്കിൽ അത് വിട്ടേക്ക്… മറ്റൊരുവന്റെ ഭാര്യയെ മോഹിക്കാൻ മാത്രം വഷളനല്ല എന്റെ മകൻ എന്നാണ് എന്റെ വിശ്വാസം.”

“പക്ഷെ… അച്ഛാ….”

അരവിന്ദൻ എന്തോ പറയാൻ ഒരുങ്ങിയതും മധു അവനെ കയ്യെടുത്തു വിലക്കി.

തുടർന്ന് അയാൾ പറഞ്ഞതൊക്കെയും ഞെട്ടലോടെയാണ് അരവിന്ദൻ കേട്ടത്.

“അപ്പോ സായി ജീവനോടെ ഉണ്ടെന്നാണോ?”

അരവിന്ദന്റെ മിഴിഞ്ഞ കണ്ണുകളിലേക്ക് നോക്കി മധു പതിയെ തലയാട്ടി.

അരവിന്ദന്റെ കണ്ണ് നിറഞ്ഞു. എങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു. ആകാശത്തിലേക്ക് നോക്കി കണ്ണുകൾ ഇറുക്കെ മൂടുമ്പോൾ കൺകോണിൽ നിന്നും രണ്ടു തുള്ളി ഇറ്റ് അവന്റെ കവിളിലേക്ക് വീണൊഴുകി…

ഇത് മതി….
ഇതാണ് നല്ലത്…
അവൾ എന്നും സന്തോഷമായിരിക്കണം…

മനസ്സ് നിറഞ്ഞ സന്തോഷത്തോടെ തന്നെ പുഞ്ചിരിക്കുമ്പോഴും എന്തിനെന്നറിയാതെ അവന്റെ ഹൃദയത്തിൽ ഒരു നീറ്റൽ പടർന്നു.

**********

വരണ്ട എന്ന് വിലക്കിയിട്ടും കൃഷ്ണയും രാജലക്ഷ്മിയോടൊപ്പം ആശുപത്രിയിലേക്ക് പോയി. പോകുന്ന വഴിയിൽ ഉണ്ണിമോളെ അരവിന്ദന്റെ വീട്ടിൽ ആക്കി. അവിടെ ആകുമ്പോ കുഞ്ഞിനെ വിശ്വസിച്ച് ഏൽപ്പിക്കാം എന്ന് രാജലക്ഷ്മിയും പറഞ്ഞു.

കൃഷ്ണ സംശയിച്ചത് പോലെ രാജലക്ഷ്മിയുടെ കാലിൽ പൊട്ടൽ ഉണ്ടായിരുന്നു. പ്ലാസ്റ്റർ ഒക്കെ ഇട്ട് ആശുപത്രിയിൽ നിന്നും ഇറങ്ങുമ്പോഴേക്കും സമയം പന്ത്രണ്ടര കഴിഞ്ഞിരുന്നു.

“ഞാൻ പറഞ്ഞതല്ലേ മോളെ വരണ്ടാന്ന് … ഇനിയിപ്പോ ചെന്നിട്ട് എപ്പഴാ ആ കൊച്ചിന് സദ്യ വല്ലോം ഉണ്ടാക്കി കൊടുക്കുന്നെ? നല്ലൊരു ദിവസമായിട്ട് ഉണ്ണിമോക്ക് സദ്യ കൂടി ഉണ്ടാക്കിക്കൊടുക്കാൻ പറ്റീല്ലല്ലോ?”

കാറിലേക്ക് കൃഷ്ണയുടെ കൈ പിടിച്ചു കയറുമ്പോൾ രാജലക്ഷ്മിയ്ക്ക് അതായിരുന്നു സങ്കടം. കൃഷ്ണയുടെ മനസ്സിലും അതേ ചിന്ത തന്നെ ആയിരുന്നു.

ഒന്നും വേണമെന്ന് പറഞ്ഞു വാശി കാട്ടാറില്ല ഉണ്ണിമോള്. ആകെ വേണമെന്ന് പറഞ്ഞത് സദ്യയാണ്. കൂടെ അവിൽ പായസവും….. സദ്യ വലിയ ഇഷ്ടമാണ് കുഞ്ഞിന്.

പായസം വൈകിട്ട് ആയാലും ഉണ്ടാക്കാം. പക്ഷെ ഇന്ന് സൺ‌ഡേ ആയിട്ടും കുഞ്ഞിന് സദ്യ ഉണ്ടാക്കി കൊടുക്കാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ കൃഷ്ണയ്ക്കും വല്ലാത്ത വിഷമം തോന്നി. അരി വടിച്ചിട്ടിട്ടാണ് വന്നത്. കറികൾക്കൊന്നും പച്ചക്കറി നുറുക്കി പോലും വച്ചിട്ടില്ല. ഇനിയിപ്പോ ചെന്നിട്ട് രസമോ മോര് കാച്ചിയതോ പപ്പടമോ അങ്ങനെ എന്തെങ്കിലും ഉണ്ടാക്കാനെ സമയം കിട്ടൂ… അവിടെ എല്ലാർക്കും ഒന്നരയ്ക്ക് മുന്നേ ഊണ് കഴിക്കുന്നതാണ് ശീലം. പിന്നെ ആർക്കും അങ്ങനെ പ്രത്യേകിച്ചു നിർബന്ധം ഒന്നും ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ല.

കാർ മുന്നോട്ട് ഓടുമ്പോഴും കൃഷ്ണയുടെ ചിന്തകൾ ഇതൊക്കെ തന്നെ ആയിരുന്നു. ഇടയ്ക്കെപ്പോഴോ തല ഉയർത്തി നോക്കുന്നേരം കാറിന്റെ റിയർവ്യൂ മിററിൽ കൂടി സൂര്യയുടെ കണ്ണുകളുമായി കണ്ണുകൾ കോർത്തു.

സായി….
ആ നിമിഷം പിന്നെയും ഹൃദയം മന്ത്രിച്ചു. എങ്കിലും ഒരു പിടച്ചിലോടെ കൃഷ്ണ നോട്ടം മാറ്റി.

ഇന്ന് ആ ടാറ്റൂ കണ്ട ശേഷം ആശുപത്രിയിൽ വച്ച് അവനെ കാണുന്ന ഓരോ നിമിഷവും ഇതെന്റെ സായി ആണെന്ന് ഹൃദയം അലമുറയിട്ട് കരയുന്നുണ്ടായിരുന്നു. ഓടിച്ചെന്ന് ആ നെഞ്ചോട് ചേരാൻ ഉള്ള് തുടിച്ചിരുന്നു. അപ്പോഴൊക്കെയും ബുദ്ധി വിലക്കും… ആ മുഖത്തേക്ക് നോക്കാൻ പറയും. ഇത് സായി അല്ല എന്ന് ആവർത്തിക്കും…

അറിയില്ല….
എന്താണ് സത്യമെന്ന്…?
പക്ഷെ ഒന്നറിയാം….
ഈ ഇരിക്കുന്ന സൂര്യയും സായിയും തമ്മിൽ എന്തോ ബന്ധമുണ്ട്.
ചെറുതല്ലാത്തൊരു ബന്ധം…!

***********

വീട്ടിലേക്ക് പോകുന്ന വഴിയിൽ ഉണ്ണിമോളെ കൂട്ടാനായി അരവിന്ദന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ അരവിന്ദനും മധുവും ഒക്കെ അവരെ പ്രതീക്ഷിച്ചെന്നോണം മുറ്റത്തു തന്നെ നിന്നിരുന്നു.

” ഇന്നിനിയിപ്പോ നിങ്ങൾ വീട്ടിൽ പോയി ഫുഡ്‌ ഒക്കെ എപ്പൊ ഉണ്ടാക്കി കഴിക്കാനാ? വരാൻ ലേറ്റ് ആകുമെന്ന് കൃഷ്ണ വിളിച്ചു പറഞ്ഞപ്പോ തന്നെ ഞാൻ നിങ്ങൾക്കൂടെ ഫുഡ്‌ ഉണ്ടാക്കി വച്ചു. ഒരു കുഞ്ഞ് സദ്യയും… ഉണ്ണിമോളുടെ ഫേവറിറ്റ് പായസവും. ഇത്തവണ കുഞ്ഞിന്റെ പിറന്നാൾ സദ്യ ഇവിടെ ആകട്ടെ…. ഇതും അവളുടെ വീട് തന്നെ അല്ലെ? അല്ലേടി കുറുമ്പി…?”

കയ്യിൽ എടുത്തു പിടിച്ചിരുന്ന കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ട് ഗീത പറയവേ എന്ത് മറുപടി കൊടുക്കണം എന്നറിയാതെ കൃഷ്ണ തിരിഞ്ഞ് രാജലക്ഷ്മിയേ നോക്കി.

രാജലക്ഷ്മിയ്ക്ക് ഇവിടെ നിന്നും കഴിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല. കൃഷ്ണയ്ക്ക് അവരെ നന്നായിട്ടറിയാം. പക്ഷെ സൂര്യ…?

” നമ്മക്ക് സദ്യ കഴിക്കാം അമ്മേ…. എനിക്ക് ഗീതാമ്മൂമ്മ പായസൊക്കെ ഉണ്ടാക്കീട്ടൊണ്ട്.”

ഉണ്ണിമോൾ കൃഷ്ണയോട് കെഞ്ചി പറയുന്നത് കേട്ടതും,
” എന്നെ ഇതിനാത്തൂന്ന് ഒന്ന് ഇറക്കു കൊച്ചേ… ഇതിനാത്തിരുന്നാ കഴിക്കാൻ പറ്റോ? എനിക്കാണേൽ വിശന്നിട്ടു വയ്യ… ”
എന്ന് പറഞ്ഞു രാജലക്ഷ്മി ചിരിയോടെ കാറിന്റെ ഡോർ തുറന്ന് പിടിച്ചു നിൽക്കുന്ന കൃഷ്ണയുടെ നേർക്ക് കൈ നീട്ടി.

കൃഷ്ണ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന സൂര്യയെ നോക്കിയതും അരവിന്ദൻ ഇറങ്ങി വന്ന് എന്തൊക്കെയോ പറഞ്ഞ് അവനെയും കാറിന് പുറത്തേക്കിറക്കി.
രാജലക്ഷ്മിയെ താങ്ങി പിടിച്ചു കാറിന് പുറത്തേക്കിറക്കി വീട്ടിലേക്ക് കയറുമ്പോൾ കൃഷ്ണയുടെ കണ്ണുകൾ അരവിന്ദനിലും സൂര്യയിലും എത്തി. അവർ എന്തൊക്കെയോ സംസാരിച്ചു നിൽപ്പാണ്.

അത്ര പെട്ടെന്നൊന്നും ആരോടും അടുക്കാത്ത ആളാണ്‌ അരവിന്ദൻ. അങ്ങനെ ഉള്ള ആള് സൂര്യയോടൊപ്പം ചിരപരിചിതരെപ്പോലെ സംസാരിച്ചു നിൽക്കുന്നത് കണ്ട് കൃഷ്ണയ്ക്ക് അത്ഭുതം തോന്നി.

മറ്റുള്ളവരെല്ലാം അകത്തേയ്ക്ക് കയറിയതും ഉണ്ണിമോൾ ഓടി അരവിന്ദനൊപ്പം നിന്ന സൂര്യയുടെ അടുത്തേക്ക് വന്നു. കുറഞ്ഞ ദിവസങ്ങൾക്കിടയിൽ തന്നെ ഉണ്ണിമോളും സൂര്യയുമായി നല്ലൊരു സ്നേഹബന്ധം ഉടലെടുത്തിരുന്നു.

കുഞ്ഞിനെ കണ്ട പാടെ ‘കുറുമ്പി’ എന്ന് വിളിച്ച് അവൻ ഇരു കൈകൾ കൊണ്ടും ഉണ്ണിമോളേ പൊക്കി എടുത്തു കറക്കി.
ഉണ്ണിമോൾ കുടുകുടെ പൊട്ടിച്ചിരിച്ചു.

അരവിന്ദൻ നേർത്തൊരു പുഞ്ചിരിയോടെ ആ കാഴ്ച്ച നോക്കി നിന്നു. കണ്മുന്നിൽ കാണുന്ന കാഴ്ചയ്ക്കൊപ്പം കൃഷ്ണയെയും കൂടി ചേർത്ത് വയ്ക്കുകയായിരുന്നു അന്നേരം അവന്റെ മനസ്സ്.