രചന – രേഷ്ജ അഖിലേഷ്
വിനീത തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് പ്രണവിനെയാണ്.
അവനെ ഒരു നോക്കു കണ്ടതും വിനീതയുടെ ഉള്ളിൽ ഒരു നോവ് പടർന്നു. അതിന് കാരണം അവനിലെ ഇപ്പോഴത്തെ മാറ്റങ്ങളായിരുന്നു.പഴയ തേജ്ജസ്സെല്ലാം പോയത് പോലെ
ഞായറാഴ്ച ആയതുകൊണ്ട് ജോലി ഇല്ല. ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആയിട്ട് ജോലി കിട്ടിയിട്ട് അധികം നാൾ ആയിട്ടില്ലായിരുന്നു പ്രണവിന്. ജോലി കിട്ടി ദിവസങ്ങൾക്കകം പ്രണവിന്റെ സ്വഭാവത്തിൽ കാര്യമായി മാറ്റങ്ങളുണ്ടായി.
ഈയിടെ പ്രണവിന്റെ പെരുമാറ്റങ്ങൾ എല്ലാവരെയും വേദനിപ്പിച്ചു കൊണ്ടായിരുന്നു.
പക്ഷേ പ്രണവിനെ കണ്ടപ്പോൾ എന്തിനാണ് അഭിഷേകിന്റെ മുഖത്ത് വിദ്വേഷം പോലൊരു ഭാവം നിറഞ്ഞതെന്ന് അവൾ ആലോചിക്കാതിരുന്നില്ല. ബന്ധം ഇത്തിരി അകന്നത് ആണെങ്കിലും മുൻപേ തമ്മിൽ പരിചയം ഉണ്ടായിരിക്കുമോ എന്നും സംശയിച്ചു.
കറുപ്പ് ഷർട്ടും വെള്ള മുണ്ടുമാണ് പ്രണവിന്റെ വേഷം. മുൻപ് അതിടുമ്പോഴെല്ലാം എന്തു ഭംഗിയായിരുന്നു പ്രണവേട്ടനെ കാണാൻ എന്ന് അവൾ വേദനയോടെ ഓർമ്മിച്ചു.
“ഡി… അമ്മ ഇവിടെ ഉണ്ടോ?”
“ഉണ്ടല്ലോ… അങ്കിളും ആന്റിയും കുറേ നേരായി വന്നിട്ട്… എന്താ കാര്യം?’
“അമ്മ ഇവിടെ ഉണ്ടോ എന്ന് മാത്രേ ചോദിച്ചുള്ളൂ… അമ്മയോട് പറയേണ്ട കാര്യം നിന്നോട് പറഞ്ഞാൽ ശരിയാകുമോ?”
വിനീത അഭിഷേകിനെ മാവിൻ ചുവട്ടിൽ തന്നെ നിർത്തിക്കൊണ്ട്… സാരി നടക്കാൻ പാകത്തിന് ഒരൽപ്പം പൊക്കിക്കൊണ്ട് ദേഷ്യത്തോടെ നടന്നു പ്രണവിന് മുൻപിൽ എത്തി.
ശബ്ദം താഴ്ത്തിക്കൊണ്ട് പറഞ്ഞു :
“ശ്ശോ കിടന്നു ചൂടാകാതെ… എന്നെ പെണ്ണ് കാണാൻ വന്നവരാണ്… അകത്തു ഒരു പോലീസ് കാരൻ കൂടിയുണ്ട് പ്രണവേട്ടൻ അറിയും… അന്നത്തെ ആ കേസിലെ…”
പ്രണവ് ചെറുതായി അമ്പരന്നു.
“പ്രണവേട്ടൻ വാ… അതാണ് പെണ്ണുകാണാൻ വന്ന ചെക്കൻ… പരിചയപ്പെടേണ്ടേ… ” പ്രണവിന്റെ കയ്യിൽ പിടിച്ചു വലിച്ചു നടക്കാൻ ഒരുങ്ങിയ വിനീതയുടെ കൈയ്യെടുത്തു മാറ്റി ദേഷ്യത്തോടെ പ്രണവ് നടന്നകന്നു. അറിയാതെ വിനീതയുടെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു.അവൻ പോകുന്നതും നോക്കി നിന്നു.
“എടോ… വിനീത…” വിനീതയുടെ തൊട്ടു പുറകിൽ വന്നു അഭിഷേക് വിളിച്ചു.
“അതാരാ… ”
“അത് പ്രണവേട്ടൻ… ആന്റിടേം അങ്കിളിന്റേം മൂത്ത മോനാ… ”
“ഓഹോ… ആളത്ര ശരിയല്ല എന്ന് തോന്നുന്നു… ആ നോട്ടം എനിക്കങ്ങോട്ട് പിടിച്ചില്ല…”
“അയ്യോ… പ്രണവേട്ടൻ പാവാ…ഇങ്ങനെ ഒന്നും അല്ലാരുന്നു… ഞാനും വിച്ചും പ്രണവേട്ടനും നല്ല കൂട്ടായിരുന്നു. ഇപ്പൊ എന്തു പറ്റിയെന്നറിയില്ല…”
“ഹും… ശരി ”
അവർ പിന്നേയും കുറച്ച് നിമിഷങ്ങൾ സംസാരിച്ചു നിന്നു.പ്രദീപ് അവരെ വിളിച്ചു അകത്തേയ്ക്ക് പോയി. ജാതകകുറിപ്പ് വാങ്ങി അഭിഷേകും വീട്ടുകാരും പോകാൻ തയ്യാറെടുത്തു.
“ഞങ്ങളിറങ്ങുവാ എന്നാൽ…പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ… കല്യാണം അധികം നീണ്ടു പോകരുതെന്ന ഒരു ഡിമാൻഡ് മാത്രേ ഞങ്ങൾക്കുള്ളു…പണിക്കരെ കാണിച്ചു പൊരുത്തം നോക്കിയിട്ട് അറിയിക്കാം.”
“ശരി അങ്ങനെ ആകട്ടെ…”
അവർ യാത്ര പറഞ്ഞിറങ്ങി. കാറിൽ കയറാൻ നേരം അഭിഷേക് വിനീതയുടെ നമ്പർ വാങ്ങിച്ചു. ലതയ്ക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിലും പ്രദീപ് അത് സാരമില്ല എന്ന മട്ടിൽ ആഗ്യം കാണിച്ചു.
കാറിൽ കയറി പോകുന്നതും നോക്കി എല്ലാവരും ഉമ്മറത്ത് തന്നെ നിന്നു. പോയിക്കഴിഞ്ഞപ്പോൾ വിനീത രജനിയോട് പ്രണവ് അന്വേഷിച്ചു വന്ന കാര്യം പറഞ്ഞു. രജനിയും പ്രദീപും വീട്ടിലേക്കു മടങ്ങി.
🔻🔹🔺🔻🔹🔺🔻🔹🔺🔻🔹🔻🔺
അടുക്കളയിൽ അത്താഴത്തിനുള്ള പാചകത്തിൽ അമ്മയെ സഹായിക്കുകയായിരുന്നു വിനീതയും അനിയത്തിയും.
“ചേച്ചീടെ ചെക്കനെ കാണാൻ നല്ല സ്റ്റൈൽ ആണല്ലേ അമ്മേ…”
“പിന്നേ സ്റ്റൈൽ ഇല്ലാണ്ടിരിക്കോ… നല്ല കാശുകാരാ…”
“ഹും… പണക്കാര് മാത്രേ സ്റ്റൈൽ ആയിട്ട് നടക്കുള്ളു… നമ്മുടെ പ്രണവേട്ടനും വല്ല്യേ വീട്ടില് അല്ലെ എന്നിട്ട് ഇപ്പൊ നടക്കണ കോലം കണ്ടോ…”
“അവൻ കേൾക്കണ്ട നീ പറയണത്…
അവര് ജാതകം നോക്കീട്ട് വിളിക്കും എന്നല്ലേ പറഞ്ഞത്…അതാ എന്റെ ചിന്ത…”
“ന്റെ അമ്മേ അവര് വിളിച്ചോളും… ചിലപ്പോൾ വിളിച്ചില്ലന്നും വരും… അത് മാത്രാണോ അമ്മേടെ ചിന്ത… ഒരാഴ്ച മുൻപ് വരെ നമ്മൾ എങ്ങനെ ആയിരുന്നോ അപ്പോഴുണ്ടായിരുന്ന ആലോചനകളൊക്കെ മതി ഒന്നിലും അമിത പ്രതീക്ഷ വെയ്ക്കരുതമ്മേ…” വിനീതയുടെ പക്വതയാർന്ന വാക്കുകൾ.
“ഇല്ല മക്കളെ… അമ്മയ്ക്കുറപ്പുണ്ട് ഇത് നടക്കും. ചെക്കനും അമ്മയ്ക്കും പിന്നെ ആ ചെറിയച്ഛനും എല്ലാവർക്കും ഇഷ്ട്ടായിട്ടുണ്ട് നിന്നെ. നിങ്ങടെ അച്ഛന്റെ കാര്യോം ചോദിച്ചറിഞ്ഞിട്ടുണ്ട്… അച്ഛൻ ഒന്നിനും സഹകരിച്ചില്ലെങ്കിലും പ്രശ്നങ്ങളുണ്ടാക്കാൻ നിൽക്കുമെന്ന് തോന്നുന്നില്ല. പയ്യന്റെ ചെറിയച്ഛൻ പോലീസിൽ ആണെന്നറിഞ്ഞാൽ പേടി ഉണ്ടാവും. കല്യാണം അധികം താമസിക്കാതെ വേണം എന്ന ഒറ്റ നിബന്ധനയെ ഉള്ളൂ അവർക്ക് ”
“അമ്മ അച്ഛനോട് പറയാൻ പോവാണോ ” വിസ്മയ ചോദിച്ചു.
“നമ്മൾ പറഞ്ഞില്ലെങ്കിലും അച്ഛൻ അറിയാതിരിക്കോ ” വിനീത പറഞ്ഞു.
“അല്ല മക്കളെ… അച്ഛൻ അറിയുമായിരിക്കും. പക്ഷേ കുറച്ചു കൂടെ കഴിയട്ടെ… തുടക്കത്തിൽ തന്നെ കല്ല് കടിച്ചാൽ ശരിയാകില്ല. ”
“ഊം… ശരിയാ… എല്ലായിടത്തും പ്രശ്നം ഉണ്ടാക്കുന്ന പോലെ ആ പോലീസ്കാരന്റെ അടുത്ത് ചെന്നാൽ അച്ഛന്റെ ഗതി അതോ ഗതി…”
വിസ്മയ അതും പറഞ്ഞു ചിരിക്കാൻ തുടങ്ങി. അവളുടെ താമശയിൽ വിനീതയ്ക്കും ലതയ്ക്കും ചിരി വന്നില്ലെങ്കിലും അവളുടെ ഓരോ ആംഗ്യങ്ങൾ കണ്ടു അവരും കൂടെ ചിരിച്ചു.
“എന്താടി ഇവിടെ ഒരു കൂട്ടച്ചിരി…”
ജയന്റെ അപ്രതീക്ഷിതമായ കടന്നു വരവ് മൂവരിലും ഭയമുളവാക്കി.
തങ്ങൾ ഇത്രയും നേരം സംസാരിച്ചു നിന്നത് ജയൻ കേട്ടു കാണുമോ എന്ന ആശങ്ക ആ അമ്മയിലും മക്കളിലും ഉണ്ടായിരുന്നു.
അവരുടെ നിൽപ്പിൽ ജയന് സംശയം ഉണ്ടാക്കി.
“എന്താടി മൂന്നാളും നിന്നു പരുങ്ങുന്നേ… എന്താ കാര്യം ”
“എന്ത് കാര്യം… നിങ്ങൾക്ക് കുടിച്ചിട്ടു വരുമ്പോൾ അങ്ങനെ പലതും തൊന്നും.”
“ഹഹഹ… ഞാൻ ആദ്യമായിട്ടല്ലടി കുടിക്കുന്നേ…
അന്നത്തെപ്പോലെ എന്റെ കള്ളുകുടി മാറ്റാൻ എന്തേലും തന്ത്രം ആലോചിച്ചു വെച്ചിട്ടുണ്ടോ… ഓർമ്മയുണ്ടല്ലോ അന്ന് മൂന്നെണ്ണത്തിനും കിട്ടിയത്…”
ജയന്റെ മദ്യപാനം മാറ്റാൻ ലത ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്.
മരുന്നും മന്ത്രവും അങ്ങനെ പലതും.
ഒരിക്കൽ ജയനോട് നുണ പറഞ്ഞു ഒരു കൌൺസിലിങ്ങിനു കൊണ്ടുപോയിരുന്നു ലതയും പ്രദീപും വിനീതയും ചേർന്ന്.
അതിന്റെ ദേഷ്യത്തിന് അമ്മയെയും മക്കളെയും രാത്രയിൽ ജയൻ ഉപദ്രവിച്ചിട്ടുമുണ്ട്.
“അയ്യോ… നിങ്ങളെ നന്നാക്കാൻ ഇനിയാരും വരുന്നില്ല. കുടിക്കേ വലിക്കെ… എവിടേലും കിടന്നു ചാവേ… എന്താന്ന് വെച്ചാ ആയിക്കോ…”
ലതയുടെ വാക്കുകൾക് മറുപടി നൽകിയത് ജയന്റെ കൈപത്തിയായിരുന്നു.
“ഫ്ഭാ… അവള്ടെ ഒരു പൂതി കേട്ടില്ലേ…
മൂന്നെണ്ണത്തിനും കള്ള ലക്ഷണാ… എന്നെ ഒളിച്ചു ഒന്നും ചെയ്യാന്ന് വിചാരിക്കണ്ട കേട്ടോടി… ഊം ”
മുരണ്ടു കൊണ്ട് അയാൾ അടുക്കളയിൽ നിന്നും പോയി.
അടികൊണ്ടിട്ടും ലത കവിൾ ഒന്ന് തടവി തുടയ്ക്കുക പോലും ചെയ്തില്ല. കാരണം അത് ശീലമായിരിക്കുന്നു.
വിനീതയും അനിയത്തിയും വിഷമിച്ചു നിന്നു.
“അമ്മയ്ക്കിതു പതിവല്ലേ മക്കളെ…”
ലത പുഞ്ചിരിക്കാൻ വിഫലമായൊരു ശ്രമം നടത്തി.
ആ രാവും അമ്മയുടെയും മക്കളുടെയും വിഷമതകൾക്ക് സാക്ഷിയായി അലിഞ്ഞു തീർന്നു.
🔺🔹🔻🔹🔺🔻🔹🔺🔻🔺🔹🔻
ഒരാഴ്ച കടന്നു പോയി.അതിനിടയിൽ അഭിഷേകിന്റെ വീട്ടുകാർ ജാതകം പൊരുത്തം ഉണ്ടെന്ന് പറഞ്ഞു വിളിച്ചിരുന്നു.
അന്ന് ഒരു അവധി ദിവസം ആയിരുന്നു.
“വിനീതേ… നീ ലാപ്ടോപ്ന്റെ കാര്യം പറഞ്ഞിരുന്നില്ലേ…രജനി പറഞ്ഞു അവിടെ കുട്ട്യോൾടെ പഴയ ലാപ്ടോപ് ഉണ്ടെന്ന്… നിന്റെ ആവശ്യത്തിനു അത് പൊരെ നീ പോയി വാങ്ങിച്ചോ… കേടു വരുത്താണ്ട് തിരിച്ചു കൊടുത്താൽ മതി. ”
“അത് വേണ്ടമ്മേ… ആന്റിയ്ക്ക് നമ്മളോട് വലിയ സ്നേഹ… പക്ഷേ അവിടെ ഉള്ളവർ എല്ലാരും അങ്ങനെ അല്ല…”
“ദേ നോക്ക് വിനീതേ… നീ ആരെയാ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായി. അവന് നമ്മളോടുള്ള അകൽച്ചയൊന്നും നീ കാര്യാക്കണ്ട… അതെല്ലാം മാറും. നമ്മളോട് മാത്രല്ല എല്ലാവരോടും അവൻ ഇപ്പൊ ഇങ്ങനെയാ… നിന്ന് ചിണുങ്ങാതെ പോയി വാങ്ങിക്കാൻ നോക്ക്… അവര് എങ്ങോട്ടോ പോണംന്ന് പറഞ്ഞേര്ന്നു… അതിന് മുൻപ് ചെല്ലാൻ നോക്ക്…”
അൽപ്പം മടിച്ചു മടിച്ചാണ് വിനീത പ്രദീപിന്റെ വീട്ടിലേയ്ക്ക് പോയത്. വേറെ വഴിയില്ലാത്തതുകൊണ്ട്.
“ആന്റി… ആന്റി…”
വിനീത ഉമ്മറത്ത് നിന്നു വിളിച്ചതല്ലാതെ അകത്തു നിന്നു മറുപടിയൊന്നും കിട്ടിയില്ല. രജനി അടുക്കളയിലൊ മറ്റോ ആകുമെന്ന് കരുതി അവൾ അകത്തേയ്ക്ക് നടന്നു.
ആരെയും കാണുന്നില്ല. പക്ഷെ വാതിൽ തുറന്നാണ് കിടന്നിരുന്നത്. മുകളിലെ മുറിയിൽ നിന്നും ശബ്ദം കേൾക്കനുണ്ടായിരുന്നു.
പ്രദീപ് അങ്കിൾ സാധാരണ അവധി കിട്ടുന്ന ദിവസം വീട്ടിൽ ഉണ്ടാകാറില്ല. മൂത്ത മകൻ പ്രണവും ഇളയവൻ പ്രവീണും അങ്ങനെ തന്നെ. ഗ്രൗണ്ടിൽ കളിക്കാൻ പോവുകയാണ് പതിവ്.
“ഈ ആന്റിടെ ഒരു കാര്യം… വാതിലെല്ലാം തുറന്നിട്ടിട്ട് മോളിൽ പോയി നിൽക്കുവാ… വല്ല കള്ളന്മാരും കേറിയാലോ… ഒരു ചിന്തയുമില്ല… ഇങ്ങനൊരു ആന്റി…”
മനസ്സിൽ അങ്ങനെ ചിന്തിച്ചു കൊണ്ട് അവൾ സ്റ്റൈർകേസ് കയറി. വിനീതയെന്നാൽ രജനിയ്ക്ക് മോളെപ്പോലെയാണ്… വിനീതയ്ക്കു അത്ര തന്നെ സ്വാതന്ത്ര്യം അവൾ കൊടുത്തിട്ടുണ്ട്.
ഗോവണിപ്പടികൾ കയറി മുകളിൽ എത്തിയിട്ടും ആന്റിയെ കണ്ടില്ല. പ്രണവിന്റെ മുറിയിൽ നിന്നും ആയിരുന്നു ആ ശബ്ദം.
“ഓഹോ… പ്രണവ്വേട്ടന്റെ റൂം ക്ലീൻ ചെയ്യുവാണോ…”
വിനീത പ്രണവിന്റെ മുറിയിലേക്ക് കടന്നു. പക്ഷേ അവിടെ രജനി ഉണ്ടായിരുന്നില്ല.
കട്ടിലിൽ ഒരു സിഗരറ്റ് കൂടു കിടക്കുന്നത് വിനീതയുടെ കണ്ണിലുടക്കി. അവൾ അതിൽ തന്നെ നോക്കി നിൽക്കുമ്പോൾ ബാത്‌റൂമിൽ നിന്നും പ്രണവ് ഇറങ്ങി വന്നു.
“ഓഹോ ശമ്പളക്കാരനായപ്പോൾ വലിയും തുടങ്ങിയല്ലേ… ഛെ…”
“അതെന്റെയല്ല… എന്റെ ഫ്രണ്ട് വന്നപ്പോൾ മറന്നു വെച്ചതാ…”
“അയ്യോ മതി… കള്ളം പറഞ്ഞു ബുദ്ധിമുട്ടണ്ടാ…”
പുച്ഛത്തോടെ അവൾ പറഞ്ഞത് കേട്ടു പ്രണവിന് ദേഷ്യം വന്നു.
“അല്ല എന്റേത് തന്നെയാ… എനിക്ക് സ്‌മോക്കിങ് ഹാബിറ്റ് ഉണ്ട്… നിനക്കെന്ത… നീ എന്റെ വീട്ടില് കയറി വന്നിട്ട് എന്നെ പഠിപ്പിക്കാൻ വരുന്നോ…ഇറങ്ങിപ്പോടി ”
“പ്രണവേട്ടൻ ഇങ്ങനെ ചീപ് ആവുംന്ന് ഞാൻ വിചാരിച്ചില്ല. ഞാൻ പോവാ…”
അത്രയും അടുപ്പമുള്ള ഒരാളുടെ ഭാഗത്തുനിന്നു അങ്ങനെയൊരു പ്രതികരണം അവൾ പ്രതീക്ഷിച്ചില്ല. അവൾ കരഞ്ഞു കൊണ്ട് മുറിയിൽ നിന്നിറങ്ങി.
പറഞ്ഞത് കൂടിപ്പോയെന്ന് തോന്നിയിട്ടാവാം പ്രണവ് അവളെ തിരിച്ചു വിളിക്കാൻ തുനിഞ്ഞു.
“ടീ… വിനീതേ…”
കേൾക്കാത്തത് പോലെ അവൾ തിരിഞ്ഞു നോക്കാതെ നടന്നു.
ഗോവണിപ്പടികൾ ഇറങ്ങാൻ നേരം അവൻ പുറകെ ഓടിച്ചെന്ന് അവളുടെ കയ്യിൽ പിടിച്ചു.
അവൾ ദേഷ്യത്തോടെ അത് വിടുവിക്കാൻ ശ്രമിച്ചു.
“ടാ… വിടെടാ അവളെ..”
താഴെ നിന്നും പെട്ടന്നായിരുന്നു ആ ശബ്ദം.വിനീതയും പ്രണവും ഒരുപോലെ ഞെട്ടി.
തുടരും.

by