രചന – അയിഷ അക്ബർ
ഡീ……
ഋഷിയെ ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം രാജേഷ്വരി ഭാമയിലേക്ക് തിരിഞ്ഞു…..
അവരുടെ ദേഷ്യത്തിൽ താൻ ഉരുകി പോകുമോയെന്നവൾ ഭയന്നു…..
തെറ്റ് ചെയ്തത് കൊണ്ട് തന്നെ അവളുടെ ശിരസ്സ് താഴ്ന്നു പോയിരുന്നു…..
എത്ര ധൈര്യമുണ്ടായിട്ടാടീ നീയീ മുറിയിൽ കയറിയത് തന്നെ…..
വലിയ വീട്ടിലെ ചെക്കന്മാരെ കണ്ണും കയ്യും കാണിച് മയക്കിയെടുക്കുന്നത് നിന്നെ പോലുള്ളവരുടെ സ്ഥിരം പരിപാടിയാ…. അതീ വീട്ടിൽ നടക്കില്ല….
രാജേഷ്വരി പല്ലിറുമ്മി അത്രയും പറഞ്ഞ് നിർത്തുമ്പോൾ വിവസ്ത്രയാക്കപ്പെട്ടത് പോൽ ഭാമ നിന്നു…..
അമ്മേ…. അവളെ ….
രാജേഷ്വരിക്കും ഭാമാക്കുമിടയിൽ കയറി നിന്നു ഋഷി അത്രയും പറഞ്ഞ് തുടങ്ങിയപ്പോഴേക്കും രാജേഷ്വരിയുടെ കൈ ഋഷിയുടെ കഴുത്തിൽ മുറുകിയിരുന്നു……
പെട്ടെന്നുള്ള പ്രവർത്തിയിൽ അവനൊന്നു തടയാൻ പോലും സമയം കിട്ടിയിരുന്നില്ല…..
എന്ത് ചെയ്യണമെന്നറിയാതെ ഭാമ നിന്നു….
പിറകിൽ ചുമരിലേക്കവനെയെറിഞ്ഞപ്പോഴാണ് അവരുടെ കൈ അവന്റെ കഴുത്തിൽ നിന്നും അയഞ്ഞത്…..
ചുമച്ചു കൊണ്ട് അവൻ താഴെയിരുന്നു….
അവന്റെ അടുത്തേക്ക് ഓടി തുടങ്ങിയ ഭാമയുടെ കയ്യിൽ രാജേഷ്വരി പിടിച്ചു വലിച്ചു പുറത്തേക്ക് നടന്നു……
നിന്റെ സ്വഭാവം എല്ലാവരും അറിയട്ടെ…..
കോലായിൽ വന്ന് നിന്ന് രാജേഷ്വരി ഉച്ചതിലത് പറയുമ്പോഴേക്കും ഓരോരുത്തരായി രംഗത്തേക്കെത്തി തുടങ്ങിയിരുന്നു…..
എല്ലാവരുടെയും നോട്ടത്തിന് മുന്നിൽ അവൾ ചൂളി പോയി….
എന്താ രാജീ… എന്താ പ്രശ്നം….
വിശ്വൻ വേവലാതിയോടത് ചോദിക്കുമ്പോൾ ഭാമയിലേക്കും രാജിയിലേക്കും മാറി മാറി നോക്കുന്നുണ്ടായിരുന്നു….
വിശ്വേട്ടനല്ലെങ്കിലും ആളുകളെ തിരിച്ചറിയാൻ കഴിയില്ല…. ഇവളെ യീ വീട്ടിൽ കയറ്റേണ്ടെന്ന് അന്ന് ഞാൻ പറഞ്ഞതാ…. കേട്ടില്ല…. ഇപ്പൊ എന്തായി….
ഋഷിയുടെ മുറിയിൽ നിന്നാണ് ഞാൻ ഇവളെ പിടിച്ചത്…..
അപ്പോഴും കാര്യമെന്തെന്ന് മനസ്സിലാവാതെ വിശ്വൻ നിന്നു….
ജനിപ്പിച്ച തന്തയും തള്ളയുമാണോ സമ്പത്തു
കണ്ടിടത് നുഴഞ്ഞു കയറാനുള്ള തന്ത്രം നിന്നെ പഠിപ്പിച്ചിങ്ങോട്ടയച്ചത്….
രാജേഷ്വരി അത് പറഞ്ഞതും നിറ കണ്ണുകൾ തുറിച്ചു ഭാമായവരെ നോക്കി…
തന്നെ പറയുന്നത് കൂടാതെ അച്ഛനുമമ്മയെ കൂടി പറഞ്ഞപ്പോഴേക്കും അവൾക്കത് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു…..
രാജിയുടെ ആ ചോദ്യം വിശ്വന്റെ മനസ്സിൽ മിന്നൽ പിണർപ്പുകൾ സൃഷ്ടിച്ചു….
അതിന് തെറ്റ് ചെയ്തത് ഞാൻ മാത്രമല്ലല്ലോ….
ഇഷ്ടം തോന്നിയത് ഞങ്ങൾക്ക് രണ്ട് പേർക്കുമാണ്…..
ഭാമയത് പറയുമ്പോൾ ദേഷ്യവും സങ്കടവും ആ വാക്കുകളിൽ ഇട കലർന്നിരുന്നു….
കേട്ടത് വിശ്വസിക്കാനാവാതെ വിശ്വൻ നിന്നു….
വലിയ വീട്ടിലെ ആൺകുട്ടികൾ അങ്ങനെ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് അതും വിശ്വസിച് എന്റെ മോന്റെ റാണിയായി കഴിയാമെന്നാണോ നിന്റെ വിചാരം…..
രാജേഷ്വരി പുച്ഛിച്ചു കൊണ്ടത് പറയുമ്പോൾ ഭാമക്ക് ദേഷ്യം വന്നു….
ഓഹ് അപ്പൊ ജോലിക്ക് വരുന്ന പാവപ്പെട്ട പെൺകുട്ടികളെ വശീകരിക്കാനുള്ള തന്ത്രം മകനെ പഠിപ്പിച്ചു എന്റെയടുത്തേക്ക് വിട്ടതും നിങ്ങള് തന്നെയായിരിക്കുമല്ലേ…..
അച്ഛനെയും അമ്മയെയും പറഞ്ഞ ദേഷ്യം ഭാമ ആ വാക്കുകളിലൂടെ തീർക്കുമ്പോൾ പിന്നീടെന്ത് സംഭവിക്കുമെന്നതിനെ കുറിച്ചവൾ ഓർത്തില്ല….
ആത്മാഭിമാനം മാത്രമായിരുന്നു മനസ്സിൽ….
ദേഷ്യം നിയന്ത്രണം വിട്ട രാജേഷ്വരി ഭാമയെ അടിക്കാനായി കയ്യൊങ്ങിയതും ആ ശബ്ദം എല്ലാവരെയും ഒരുപോലെ നിശ്ചലമാക്കിയിരുന്നു….
തൊട്ട് പോകരുതവളെ…..
ഗൗരവമുള്ള ആ ശബ്ദം പലരുടെയും മറവിയിലേക്കാഴ്ന്നു തുടങ്ങിയിരുന്നത് കൊണ്ട് തന്നെ അതെല്ലാവരെയും ഒരു നിമിഷമൊന്ന് ചിന്തിപ്പിച്ചു…..
ശബ്ദം കേട്ട ദിക്കിലേക്ക് കണ്ണുകൾ പറിച്ചു വെക്കുമ്പോൾ ഒരു കണ്ണുകളിലും അത്ഭുതം കൂറി നിന്നു…..
വയലറ്റ് നിറമുള്ള പട്ടു സാരി ചുറ്റി സാരി തലപ്പ് കയ്യിൽ പിടിച് പ്രൌടിയോടെ വരുന്ന യാശോദ തമ്പുരാട്ടി പലരുടെയും മനസ്സിൽ മറന്നു തുടങ്ങിയ ഒരു ചിത്രമായിരുന്നു….
അത് കൊണ്ട് തന്നെയാവാം കണ്ട കാഴ്ച വിശ്വസിക്കാനാവാതെ ഓരോരുത്തരും നിന്നത്….
വിശ്വന്റെ മുഖത്ത് അത്ഭുതോടൊപ്പം കണ്ട കാഴ്ച നൽകിയ സന്തോഷത്താലാവാം ഒരു വെളിച്ചം നിറഞ്ഞത്…..
രാജി യാശോധയുടെ മുഖത്തു നോക്കി തറഞ്ഞു നിന്നു…..
അവളുടെ ദേഹത്തു കൈ വെക്കാൻ നിനക്കെന്ത് ധൈര്യമുണ്ട്….. അവളെന്റെ ആവശ്യത്തിനായി വന്നവളാണ്…..
എന്റെ കാര്യങ്ങൾ ചെയ്ത് തരാനാണ് അവൾക്കെന്റെ ഭർത്താവ് ശമ്പളം കൊടുക്കുന്നത്….. അല്ലാതെ എല്ലാവർക്കും മെക്കിട്ട് കയറാനുള്ള ഒരു വസ്തുവല്ല….
അവളുടെ മേലെന്തെങ്കിലും പരാതിയുണ്ടെങ്കിൽ അതെന്നെയാണ് അറിയിക്കേണ്ടതും…
പുച്ഛിച്ചു കൊണ്ട് യാശോദയത് പറഞ്ഞതത്രയും മിണ്ടാൻ പോലും മറന്ന് നിൽക്കുന്ന രാജിയുടെ മുഖത്ത് നോക്കി തന്നെയായിരുന്നു….
അവളെന്റെ മകനെ കണ്ണും കയ്യും കാണിച്ചു വളച്ചെടുത്തിരിക്കുകയല്ലേ….
രാജിയത് പറഞ്ഞപ്പോഴേക്കും ഋഷിയുമങ്ങോട്ടെത്തിയിരുന്നു….
രണ്ട് പേരുടെയും കണ്ണുകൾ അവനിലേക്ക് നീങ്ങി….
കഴുത്തിലെ പിടിയുടെ വേദന മാറിയിട്ടില്ലെന്ന വണ്ണം അവൻ ചെറുതായി ചുമക്കുന്നുണ്ടായിരുന്നു….
നിന്റെ മോനോ…. അവനെങ്ങനെയാ നിന്റെ മോനാകുന്നത്…..
യാശോദ രാജിയോടത് ചോദിക്കുമ്പോൾ ഉത്തരമില്ലാതെ രാജി നിന്നു…..
എല്ലാവരോടും പറഞ്ഞ് ശീലിച്ച ആ അടക്കി വാഴൽ ഈ യാശോധയോട് വേണ്ട….
പുച്ഛിച്ചു കൊണ്ട് യാശോദായത് പറയുമ്പോൾ രാജിക്ക് മേലാസകലം കുഴയുന്നത് പോലെ തോന്നി…..
ഋഷി….. വാ….
യാശോധയവനെ അടുത്തേക്ക് വിളിച്ചു…..
ഈ കേട്ടതാണോ ശെരി…. അതോ മറ്റെന്തെങ്കിലുമൊ….
യാശോദ ചോദിച്ചത് ഗൗരവത്തോടെയാണെങ്കിലും അവന്റെ വാക്കുകൾക്ക് അവർ കാതോർത്തുന്നു….
അത്….. എനിക്കവളെ ഇഷ്ടമാണ്….. ജീവിതം മുഴുവൻ ഞാൻ അവളോടൊപ്പമാവാനാണ് ആഗ്രഹിക്കുന്നത്…..
അത്രയും പേരുടെ മുന്നിൽ വെച്ചത് പറയുമ്പോൾ അവനിൽ ഭയമുണ്ടായിരുന്നെങ്കിലും അത് പറയാൻ അവൻ കാണിച്ച ധൈര്യത്തെയോർത് യാശോധക്കഭിമാനം തോന്നി…..
മോള് വാ….
സ്നേഹത്തോടെ അവർ ഭാമയെ അടുത്ത് വിളിച്ചോ….
നിനക്കും ഇവനോടുള്ളത് ആത്മാർത്ഥമായ സ്നേഹം തന്നെയാണോ….
യാശോദ ഭാമയോടത് ചോദിക്കുമ്പോൾ നിറ കണ്ണുകളാൽ അവളവരെ നോക്കി……
മ്മ്…..
ആ ഒരു മൂളലിൽ അവളാ ഇഷ്ടത്തെ ഒതുക്കിയങ്കിലും അതിനവളുടെ മനസ്സിലുള്ള സ്ഥാനം അവളുടെ മിഴികൾ വിളിച്ചോതുന്നുണ്ടായിരുന്നു……
ഒന്ന് നാവനക്കാൻ പോലുമാവാതെ രംഗം കണ്ട് തീർക്കുന്ന രാജിയിലേക്ക് യാശോദ നോക്കി….
സംഭവിക്കുന്ന കാര്യങ്ങളെ എങ്ങനെ തടയുമെന്നോർത്ത് തല പുകച്ചു വിശ്വനും അതിനെല്ലാം സാക്ഷിയായി…..
ഇവർ തമ്മിൽ ഇഷ്ടമാണെന്ന് പറഞ്ഞ സ്ഥിതിക്ക് ഈ സത്യ ഭാമയെ എന്റെ മകൻ ഋഷി വിശ്വനാഥൻ വിവാഹം കഴിക്കും……
ആ വാക്കുകൾ ഓരോരുരുത്തർക്കുമുള്ള അറിയിപ്പായിരുന്നു…..
എല്ലാവരും ഒരുപോലെ മിഴിച്ചു നിന്നു…..
യാശോധേ…. ഒന്ന് കൂടിയൊന്ന് ആലോചിച്ചിട്ട് പോരെ…..
വിശ്വൻ അനിനയിപ്പിക്കാൻ ശ്രമിച്ചു…..
സമ്പത്തിന്റെയും തറവാടിത്തതിന്റെയും അളവ് കോല് കൊണ്ടാണ് നിങ്ങളിവളെ അളക്കുന്നതെങ്കിൽ എന്റെ മരുമകൾക്ക് അതോന്നും ആവശ്യമില്ല…..
ആരിലും കാണാത്ത കരുണയുള്ള ഒരു മനസ്സ് അവളിൽ ഞാനിതിനോടകം കണ്ട് കഴിഞ്ഞു….. അതിനേക്കാൾ വലുതായി മറ്റൊന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല….
അവനും അങ്ങനെ ചിന്തിക്കുന്നത് കൊണ്ടാണല്ലോ അവളെ മതിയെന്നത് പറഞ്ഞത്….
അത് കൊണ്ട് തന്നെ ഈ സംസാരം ഇവിടെ അവസാനിപ്പിക്കാം….
മഠത്തിൽ തറവാട് ഇനി ഇവരുടെ ആർഭാടമായ വിവാഹത്തിന് സാക്ഷിയാവട്ടെ….
എല്ലാവരെയും നോക്കി ചെറു പുഞ്ചിരിയോടത് അവിടെ നിന്നും യാശോദ നടന്നകന്നു…..
ഓരോ കണ്ണുകളും അവരാ വാതിൽ പടി കടക്കും വരെയും അവരെ പിന്തുടർന്നിരുന്നു…….
രാജേഷ്വരിയുടെ കണ്ണുകളിൽ നിറഞ്ഞത് പകയായിരുന്നു…..
ഋഷിയുടെ മനസ്സിൽ അവന്റെ പ്രണയമോർത്തൊരു തണുപ്പിരച്ചെത്തിയെങ്കിലും രാജേഷ്വരിയെ ഓർക്കുമ്പോൾ അവനെന്തോ വല്ലാത്തൊരു വേദന നിറഞ്ഞു നിന്നു…….
ആരോടും ഒന്നും പറയാനാകാതെ വിശ്വനും ശ്വാസം വിലങ്ങി നിന്നു……
(തുടരും )
Aysha Akbar

by