The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഊർമ്മിള മിഥിലാത്മജ
എന്താ മോളെ എന്തിനാ നീ കരയുന്നത്… എന്താ കാര്യം?? രാമൻ ആവലാതിയോടെ ചോദിച്ചു…നിക്ക് കുറച്ച് സംസാരിക്കാനുണ്ട് അമ്മാവാ എല്ലാവരും ഒന്ന് അകത്തേക്ക് വന്നേ.. അതും പറഞ്ഞു ലച്ചു അകത്തേക്ക് നടന്നു.. അവളെത്തന്നെ നോക്കി രാമനും വാസുദേവനും അന്തിച്ചു നിന്നു…ശേഷം അവളെ പിന്തുടർന്ന് ഹാളിലേക്ക് കയറി.. അമ്മേ ഒന്നിങ്ങട് വരൂ… എനിക്കൊരൂട്ടം പറയാനുണ്ട്… അവൾ അകത്തേക്ക് നോക്കി അമ്മയോടായി പറഞ്ഞു…ആഹാ വന്നോ എത്ര നേരായടി പോയിട്ട് ഉണ്ണി എവിടെ??? വീണ്ടും അടിയുണ്ടാക്കി വന്നതാണോ കണ്ണൊക്കെ കലങ്ങി കിടക്കുന്നല്ലോ??
ആ എനിക്കറിയില്ല ഞാനിങ്ങു പോന്നു.. എനിക്ക് വളരെ സീരിയസ് ആയി ഒരു കാര്യം പറയാനുണ്ട് എല്ലാരോടും..ആാാ നീ പറയ് ഞങ്ങൾ ഇവിടെതന്നെയല്ലേ നിൽക്കുന്നത്..രാധ ദേഷ്യത്തോടെ പറഞ്ഞു..
ഞങ്ങളുടെ കല്യാണം എത്രയും പെട്ടന്ന് നടത്തിതരണം… ഉണ്ണിയേട്ടന്റെ സ്വഭാവത്തിൽ ആകെപ്പാടെയൊരു മാറ്റം … എന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നപോലെ… ആദ്യം കളിയാണെന്ന് കരുതി പക്ഷെ ഇതങ്ങനെ അല്ല… പലതവണയായ് ഉണ്ണിയേട്ടൻ ഇതുതന്നെ ആവർത്തിക്കുന്നു…. ഇന്നൊ ഇന്നലയോ മനസ്സിൽ കയറ്റിയതല്ല ആ മനുഷ്യനെ.. ഇനിയൊട്ട് മറക്കാനും പറ്റില്ല…മോളെ നീ ഇങ്ങനെ കടുംപിടുത്തം പിടിക്കാതെ നീ കൂടി അമ്മാവനെ തോൽപ്പിച്ചു കളയാതെ .. രാമന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കഴിഞ്ഞിരുന്നു.. അയാളുടെ കണ്ണുകളിൽ കാണുന്ന വേദനയുടെ അർത്ഥം അവൾക്ക് മനസ്സിലായില്ല ..
ഇപ്പൊ എന്താ അമ്മാവ എല്ലാവരും ഇങ്ങനെ… ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ ആരും.. ന്നെ ഇഷ്ട്ടം ആയിരുന്നില്ലെങ്കിൽ എനിക്ക് മോഹം തന്നതെന്തിനാ.. അന്നേ എതിർത്തൂടായിരുന്നോ സ്വപ്നം കാണേണ്ടന്ന് വിലക്കികൂടായിരുന്നോ?? ഉണ്ണിക് പറ്റിയ പെണ്ണല്ല നീയെന്നു പറഞ്ഞു തിരുത്തികൂടായിരുന്നോ.. പറ്റില്ല അമ്മാവ വിട്ടുകളയാൻ എനിക്കിനി ഒരിക്കലും പറ്റില്ല.. ഈ ലച്ചൂന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അതെന്റെ ഉണ്ണിയേട്ടൻ കെട്ടുന്നതായിരിക്കും..അവളുടെ ശബ്ദം ഉറച്ചതായിരുന്നു.ഒരുവാക്കുപോലും മിണ്ടാനാവാതെ രണ്ടച്ചന്മാർ തലകുനിച്ചിരുന്നു… അവരുടെ മനസ്സിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു..എന്തുപറഞ്ഞു സമാധാനിപ്പിക്കും അവർ പരസ്പരം മുഖത്തോട് മുഖം നോക്കി…
മരിച്ചുപോയൊരുത്തന്റെ താലിക്ക് വേണ്ടി ഇനിയും കാത്തിരിക്കുന്ന നീ ജീവിതകാലം മുഴുവൻ ഈ വീട്ടിലിങ്ങനെ നിന്നുപോകത്തെയുള്ളു… നീ കാത്തിരിക്കുന്നവൻ മരിച്ചു പരലോകത്തെത്തിയിട്ട് ഇന്ന് പതിനെട്ടു ദിവസം കഴിഞ്ഞു… ഇനിയും ആരെ കാത്തിരിക്കുവാടി നീ …. നീ ഇങ്ങനെ കിടന്നു ബഹളം വയ്ക്കാൻ അവൻ നിന്നെ കെട്ടിയിട്ടൊന്നും ഇല്ലല്ലോ… അലറുകയായിരുന്നു വേദ്…ഞെട്ടിപ്പിടഞ്ഞു വാതിൽക്കലേക്ക് നോക്കിയവരെല്ലാം അവന്റെ ഭാവമാറ്റം കണ്ടവനെ തന്നെ നോക്കിയിരുന്നു..ഒരക്ഷരം മിണ്ടിപ്പോകരുത് ഇനി ഇങ്ങനെപറഞ്ഞാൽ കൊന്നുകളയും ഞാൻ… നിങ്ങള് കളിയ്ക്കുന്നത് എന്റെ ജീവിതം വച്ചാണ്…. എന്റെ ഉണ്ണിയേട്ടൻ മരിച്ചു പോയെങ്കിൽ പിന്നെ താൻ ആരാടോ ??? അവളുടെ ശബ്ദം ഉയർന്നു അവളവന്റെ കോളറിൽ പിടിത്തമിട്ടിരുന്നു…
ഇനിയെങ്കിലും പറഞ്ഞില്ലെങ്കിൽ ശരിയാവില്ലച്ച ലക്ഷ്മി എല്ലാം അറിയണ്ട സമയമായി….ദയനീയമായ് തന്നെ നോക്കുന്ന ആ രണ്ട് അച്ഛന്മാരെയും നോക്കി വേദ് അനുവാദം വാങ്ങി… അവനവളുടെ കൈ തട്ടിയെറിഞ്ഞു… ഞാൻ ഉണ്ണികൃഷ്ണൻ അല്ല ലക്ഷ്മി.. ഞാൻ വേദ് ആണ്.. വേദ് ജനാർദ്ദനൻ..ഒരേരൂപവും ഭാവവുമുള്ള ഉണ്ണിയുടെ അപരൻ.. പട്ടാളക്യാമ്പിൽ ആദ്യമായി ഉണ്ണിയേ കണ്ടപ്പോൾ ഞാനും അവനും ഒരേപോലെ പകച്ചു നിന്നിട്ടുണ്ട്… ഇതേ രൂപസദൃശ്യം തന്നെയാണ് എന്നെയും അവനെയും ഉറ്റ സുഹൃത്തുക്കൾ ആക്കിയതും..
പക്ഷെ ഒരു അപകടത്തിൽ അവനെന്നെ ഒറ്റക്കാക്കി നേരത്തെ അങ്ങ് പോയപ്പോൾ അവന്റെ വീട്ടിലേ അവസ്ഥ അറിയാൻ അവന്റെ കൂട്ടുകാരനായി വന്നതാണ് ഞാൻ പക്ഷെ എനിക്ക് നിങ്ങളുടെയെല്ലാം സ്നേഹത്തിനു മുൻപിൽ ഉണ്ണിയായി അഭിനയിക്കേണ്ടി വന്നു…എനിക്കൊരിക്കലും നിന്റെ ഉണ്ണിയാവൻ പറ്റില്ല ലക്ഷ്മി.. ഒരേ രൂപമെങ്കിലും ഞങ്ങൾ രണ്ട് വ്യക്തിത്വങ്ങൾ ആണ്.. അവൻ ഉണ്ണി … ഞാൻ വേദ്… ഞങ്ങളിൽ ഒരുവൻ ഇന്ന് ജീവനോടെയില്ല.. ആ ഒരാൾ നിന്റെ ഉണ്ണിയേട്ടനാണ്… അവൾക്കവളുടെ കാതുകളെ വിശ്വസിക്കുവാനായില്ല ..ഇല്ല കള്ളം പറയുവാ നിങ്ങൾ എന്നെ പറ്റിക്കാൻ നോക്കുവാ എല്ലാവരും.. എന്റെ ഉണ്ണിയേട്ടൻ എവിടെയും പോയിട്ടില്ല എന്നെ ഒറ്റക്കാക്കി പോകാൻ ഉണ്ണിയേട്ടന് പറ്റില്ല… വെറുതെ പറഞ്ഞതാണെന്ന് പറ ഉണ്ണിയേട്ടാ എനിക്ക് ഭ്രാന്ത് പിടിക്കും …വെറുതെ പറഞ്ഞതല്ല ലക്ഷ്മി… സത്യമാണ്… വേദ് അവന്റെ ഫോണിൽ നിന്നും ഉണ്ണിയും വേദും ഒരുമിച്ചുള്ള ചിത്രങ്ങൾ അവൾക്ക് കാണിച്ചു കൊടുത്തു..വിശ്വസിക്കാനാവാതവൾ അവന്റെ മുഖത്തേക്കും ചിത്രത്തിലേക്കും മാറിമാറി നോക്കി… പിന്നെ അവന്റെ ഷർട്ട് ഒറ്റവലിക്ക് വലിച്ചുകീറി അവന്റെ നെഞ്ചിൽ പരതിനോക്കി ഒരു വെളിപാടെന്നപോലെ അവനിൽ നിന്നും അടർന്നുമാറി.
അല്ല ഇതെന്റെ ഉണ്ണിയേട്ടനല്ല.. ഇവിടെ ലച്ചൂട്ടിയില്ല… ഇതെന്റെ ഉണ്ണിയേട്ടനല്ല അവളലറി കരഞ്ഞു… ഉണ്ണിയുടെ നെഞ്ചിലെ ലച്ചൂട്ടി എന്ന് പച്ചകുത്തിയ പേരാണവൾ തിരഞ്ഞതെന്നു വേദനയോടെവൻ തിരിച്ചറിഞ്ഞു…അവളുടെ കരച്ചിൽ താങ്ങാൻ ആവാതെ ആ വീട്ടിലുള്ള ഓരോരുത്തരും കരഞ്ഞുപോയിരുന്നു… നിമിഷങ്ങളും മണിക്കൂറുകളും കടന്നുപോകെ അവൾ മെല്ലെ എഴുന്നേറ്റ് മുറി ലക്ഷ്യമാക്കി നടന്നു… രാധ അവൾക്ക് പുറകെ പോകാൻ ശ്രമിച്ചെങ്കിലും വേണ്ടന്നവൾ അവരെ വിലക്കി… മരിച്ചുകളയില്ലമ്മേ ഞാൻ… ന്റെ ഉണ്ണിയേട്ടന്റെ പെണ്ണത്ര ഭീരുവൊന്നുമല്ല… എനിക്ക് കുറച്ചു ഒറ്റക്കിരിക്കണം..
🌿🌿🌿🌿🌿🌿🌿🌿🌿🌿
തിരികെ വീട്ടിലേക്കു കയറിചെല്ലുമ്പോൾ കാണുന്നത് വിളക്ക് വച്ചു തൊഴുതുനിൽക്കുന്ന ലളിതയെ ആണ്.. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നതവർ കണ്ടിരുന്നു.. മുറ്റത്തു നിൽക്കുന്ന അച്ഛനെയും മകനെയും കാണെ സാരിതലപ്പുയർത്തി കണ്ണ് തുടച്ചവർ അവരെ നോക്കി പുഞ്ചിരിച്ചു..ആഹാ എപ്പോ പോയതാ രണ്ടാളും ഇത്ര നേരമായിട്ടും കാണാതെ ആയപ്പോ എന്താന്ന് ഓർത്തുപോയി.. അവിടെ തന്നെ നിൽക്കാതെ കയറി വാ മോനെ…അതും പറഞ്ഞു അകത്തേക്ക് തിരിഞ്ഞു നടക്കാൻ തുടങ്ങിയ ആ അമ്മയെ അവൻ കയ്യിൽ പിടിച്ചു നിർത്തി… അമ്മേ എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്.. അവന്റെ വാക്കുകളിലെ ദൃഡത ആ അമ്മ തിരിച്ചറിഞ്ഞു.. നമുക്കകത്തിരുന്നു സംസാരിക്കാം മോനെ അതേ ഗൗരവത്തിൽ തന്നെ അവന്റെ കയ്യും പിടിച്ചവർ അകത്തേക്ക് നടന്നു…ഡൈനിങ് ടേബിൾ ന് ഇരുവശവുമായവർ മൂന്നുപേരും ഇരുപ്പുറപ്പിച്ചു… കുറച്ചു നിമിഷത്തെ നിശബ്ദതക്ക് ശേഷം വേദ് പറഞ്ഞു തുടങ്ങി…ഞാൻ പറയുന്നത് അമ്മ ശ്രദ്ധിച്ചു കേൾക്കണം.. സങ്കടം ഉണ്ടാവും എനിക്കറിയാം പക്ഷെ ക്ഷമയോടെ കേൾക്കാം എന്നമ്മ എനിക്ക് വാക്ക് തരണം… അവൻ അനുവാടമെന്നോണം ആ അമ്മക്ക് നേർക്ക് തിരിഞ്ഞു…
ആ മുഖത്തപ്പോൾ വേദന നിറഞ്ഞ ഒരു പുഞ്ചിരിമാത്രമായിരുന്നു അവശേഷിച്ചത്..അതിലൊളിഞ്ഞു നിൽക്കുന്ന ഭാവവ്യത്യാസം എന്താണെന്ന് അവനു മനസ്സിലായില്ല…അമ്മേ… അമ്മ കരുതുന്നത് പോലെ ഞാൻ…. ഞാൻ ഉണ്ണിയല്ല…എനിക്കറിയാം വേദ്.. നീയെന്റെ ഉണ്ണിയല്ല… ഞാൻ എന്റെ ഉണ്ണിയേ പ്രസവിച്ച അവന്റെ അമ്മയാണ്.. അവന്റെ ഇരുപ്പും നടപ്പും ചൂടും ചലനങ്ങളും എന്തിനെറേ അവന്റെയൊരു നോട്ടം പോലുമെനിക്ക് കാണാപാഠമാണ്… നീയന്നു കയറിവന്നരാത്രിയിൽ തന്നെ ഞാൻ അറിഞ്ഞിരുന്നു. ഇതെന്റെ ഉണ്ണിയല്ലന്ന്…. അവൻ ചിരിക്കുമ്പോൾ തെളിഞ്ഞുവരുന്ന മനോഹരമായ നുണക്കുഴികൾ നിനക്കില്ല… അവന്റേത് പോലെ തിളക്കമുള്ള കാപ്പിപ്പൊടി കണ്ണുകളല്ല നിന്റേത്… അടുക്കളപ്പുറത്തമ്മയോട് കിന്നാരം പറഞ്ഞിരിക്കാനാഗ്രഹിക്കുന്ന എന്റെ ഉണ്ണിയേ നിന്നിലെവിടെയും എനിക്ക് കാണാൻ സാധിച്ചില്ല.. അവന്റെ ഓരോ വാക്കുകളും അതിന്റെ പദപ്രയോഗങ്ങളും മാറ്റാരേക്കാളും എനിക്ക് മനസ്സിലാക്കാൻ സാധിക്കും . അവന്റെ മൂക്കിൻതുമ്പിൽ വിരിഞ്ഞു നിൽക്കുന്ന മറുക്പോലും എനിക്ക് സുപരിചിതമാണ്.. അവനെന്റെ മകൻ ആണെന്നല്ല പറയുന്നത് അവൻ ഞാൻ തന്നെയാണ് വേദ്…അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ നിന്നെ സ്വീകരിച്ചത്…
നിനക്കറിയോ വേദ് കഴിഞ്ഞവരവിൽ ഉണ്ണിയെന്നോട് ചോദിച്ചിരുന്നു..അമ്മക്ക് എന്നെപ്പോലെ തന്നെ വേറൊരു മോനേക്കൂടി തരട്ടെ ഞാൻ എന്ന്… ആരോരുമില്ലാതെ ഒറ്റക്ക് ജീവിച്ചു ശീലിച്ച, ഇവിടുത്തെ വിശേഷങ്ങൾ അറിയാൻ അവനെക്കാളും ആകാംഷകാണിക്കുന്ന നിന്നെ അന്നവൻ എന്നെ കാണിച്ചിരുന്നു. ഞാൻ വെറുതെ പറഞ്ഞതല്ല വേദ് ഞാനറിയാത്തൊരു രഹസ്യം പോലും എന്റെ കുഞ്ഞിന്റെ ജീവിതത്തിൽ ഇല്ല..അത്ഭുതമായിരുന്നു എനിക്ക് ഒരു ബന്ധവുമില്ലാത്ത രണ്ടുപേർ ഒരേപോലെ .. രൂപത്തിലും ഭാവത്തിലും വ്യത്യാസം ഇല്ലാതെ.. പക്ഷെ എന്റെ ഉണ്ണി നിന്നെക്കാൾ മൂന്ന് വയസ്സിനു മൂത്തതാണെന്ന് അവൻ പറഞ്ഞപ്പോൾ വീണ്ടും അത്ഭുതം.. എന്റെ ആവശ്യപ്രകാരമാണ് അടുത്ത വരവിൽ നിന്നെയും കൊണ്ട് വരാമെന്നവൻ സമ്മതിച്ചത്..പക്ഷെ അന്ന് രാത്രി നീയൊറ്റക്ക് വന്നു കയറിയതും നിന്റെയും അച്ഛന്റെയും മുഖത്തെ പരിഭ്രമവും എല്ലാം കണ്ടപ്പോൾ ഞാൻ മനസ്സിലാക്കിയിരുന്നു. എന്റെ ഉണ്ണി ഇനിയീ ലോകത്തില്ലന്ന്… മുപ്പതു കൊല്ലം കഴിഞ്ഞിരിക്കുന്നു ഇവിടുള്ളോരേ കാണാൻ തുടങ്ങിയിട്ട് ആ മുഖത്തെ വേദന മാത്രം മതിയായിരുന്നു എനിക്ക് സത്യം മനസ്സിലാക്കാൻ. കരയാനോ അലമുറയിടാനോ തോന്നിയില്ല അവനു പകരം മറ്റൊരു മകനേ എന്റെ കയ്യിൽ ഏൽപ്പിച്ചിട്ടാണ് ന്റെ ഉണ്ണി പോയത്…
സങ്കടം ഉണ്ട് വേദ് പക്ഷെ എന്റെ ഉണ്ണി മരിച്ചത് അവന്റെ രാജ്യത്തിന് വേണ്ടിയാണ്. എന്നയും അച്ഛനെയും പോലെ ഒരുപാട് മാതാപിതാക്കൾക്ക് അവരുടെ മക്കളെ നഷ്ടപ്പെട്ടവരുണ്ട്.. പക്ഷെ അപ്പോഴും നമ്മൾ കരയാതെ പിടിച്ചു നിൽക്കുന്നത് എന്തുകൊണ്ടാണെന്നറിയോ?അവനെപ്പോലൊരു ധൈര്യമുളള ആൺകുട്ടിക്ക് ജന്മം നൽകിയ ഗർഭപാത്രമാണ് എന്റേത് എന്ന ബോധ്യമാണ്.. എന്റെ മകൻ ഒരിക്കലും ഒരു കള്ളനോ പെണ്ണുപിടിയനോ ആയിരുന്നില്ല ഒരു സൈനികൻ ആയിരുന്നു. പൊട്ടിക്കരയണമെന്നുണ്ട് വേദ് പക്ഷെ ഞാൻ കരഞ്ഞാൽ തോറ്റുപോകുന്നത് എന്റെ ഉണ്ണിയാണ്. അവന്റെ പ്രയത്നമാണ്.. അവനെന്തിന് വേണ്ടിയാണോ ഇല്ലാണ്ടായത് അതിന്റെ പരാജയം ആണ്..കണ്ണുകളിൽ തളം കെട്ടിയ കണ്ണുനീരിനെ ഒഴുക്കിവിടാനനുവദിക്കാതെ പിടിച്ചു നിർത്തുന്ന ആ അമ്മയെ വേദ് നെഞ്ചോടടുക്കി.. അവരുടെ നെറുകയിൽ മുത്തങ്ങൾ കൊണ്ട് മൂടി…നീയെന്റെ മകൻ തന്നെയാണ് വേദ്.. പക്ഷെ എന്റെ ഉണ്ണിയല്ല.. നിനക്കൊരിക്കലും അവനാകാൻ സാധിക്കില്ല.. എന്റെ മൂത്തമകൻ ഞങ്ങളെ വിട്ട് പോയി.. ഇനിയെന്റെ ഇളയമകൻ ആയി നീയെന്റെകൂടെ വേണം …നിന്നെ ഉണ്ണി എന്ന് വിളിച്ചു സംസാരിക്കുമ്പോൾ നിന്റെ മുഖത്തുണ്ടാകുന്ന വേദന എനിക്കറിയാമായിരുന്നു. പക്ഷെ എനിക്ക് നിന്റെ വായിൽ നിന്നുതന്നെ സത്യം അറിയണമായിരുന്നു… ആ അമ്മയുടെയും മകന്റെയും വാക്കുകൾ കേട്ട്.. ആ അച്ഛന്റെ മിഴികൾ നിറഞ്ഞുതൂവി അവരെ രണ്ടുപേരെയും നെഞ്ചോടടുക്കി അയാൾ ഭരമൊഴിഞ്ഞ മനസ്സോടെ നിശ്വസിച്ചു…
🌿🌿🌿🌿🌿🌿🌿🌿🌿🌿
ദിവസങ്ങളും ആഴ്ചകളും അതിവേഗം കടന്നുപോയിക്കൊണ്ടിരുന്നു… വേദ് ആ വീട്ടിലേ ഒരംഗമായി മാറിക്കഴിഞ്ഞിരുന്നു. അമ്മക്കവൻ അവരുടെ മകനായികഴിഞ്ഞിരുന്നു…പിന്നീടുള്ള ദിവസങ്ങളിലൊരിക്കലും ലക്ഷ്മി അവിടേക്ക് കടന്നുവന്നിരുന്നില്ല.. അവളെക്കുറിച്ചന്വേഷിച്ചിരുന്നെങ്കിലും അവളവിടെനിന്നും അതില്പിന്നെ പുറത്തേക്കിറങ്ങിയിട്ടില്ലന്നവർ അറിഞ്ഞു..
അമ്മയുടെ നിർബന്ധപ്രകാരമാണ് വേദും അച്ഛനും ലക്ഷ്മിയുടെ വീട്ടിലേക്കു പോകാൻ തയ്യാറായത്… അവന്റെ കൈകളെ വിടാതെ നടക്കുന്ന ആ അമ്മയേ അവൻ ശ്രദ്ധയോടെ നോക്കി… ഇനിയൊരിക്കലും വിട്ടുകളയില്ല എന്ന വാശിയോടെ അവരവനെ ചേർത്തുനിർത്തിയിരുന്നു… വീടിന്റെ ഉമ്മറത്തു തന്നെ അമ്മാവനും അമ്മായിയും ഉണ്ടായിരുന്നു…എന്താ രാധേ നിങ്ങളെ അങ്ങോട്ടൊന്നും കാണാൻ ഇല്ലല്ലോ എത്ര ദിവസായി കണ്ടിട്ട്… ഇതെന്തു കോലവാ രണ്ടിന്റെയും…
എന്റെ ചേച്ചി ഇവിടൊരുത്തി ഊണും ഇല്ല ഉറക്കവും ഇല്ലാതെ ഇരിക്കാൻ തുടങ്ങിയിട്ട് നാളെത്ര ആയെന്നറിയോ ?? പെണ്ണിന് പ്രായം കൂടി വരുവാ.. ഇനിയെങ്കിലും അവൾക്കൊരു ജീവിതം വേണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നത് തെറ്റാണോ.?അത് പറഞ്ഞപ്പോൾ അവള് ഞങ്ങളെയും ശത്രുക്കൾ ആയിട്ടാ കാണുന്നത്…ഞങ്ങളോടൊന്ന് മിണ്ടിയിട്ട് ദിവസം എത്ര ആയെന്നറിയോ ?? രാധ വേവലാതിയോടെ പറഞ്ഞു..നീ വിഷമിക്കാതെ രാധേ ആ കാര്യം സംസാരിക്കാനാ ഞാനും വന്നത്… ഞാൻ സംസാരിക്കാം അവളോട്… അതിന് മൂൻപ് എനിക്ക് നിങ്ങളുടെ സമ്മതം വേണം .. ലളിതയുടെ വാക്കുകൾ സംശയത്തോടെ കെട്ടിരിക്കുകയായിരുന്നു.. ബാക്കി നാലുപേർ…എന്താ ചേച്ചി?? എന്താ പറയുന്നത്..?ഞാൻ എന്റെ രണ്ടാമത്തെ മകന് പെണ്ണ് ചോദിക്കാൻ വന്നതാണ്… വേദ് ന് ന്റെ ലക്ഷ്മിമോളെ തന്നേക്കുവോ??അമ്മയുടെ വാക്കുകൾ വിശ്വസിക്കാനാവാതെ വേദ് ഞെട്ടിതരിച്ചു പോയി??? ഇല്ല.. ഇത് നടക്കാൻ പാടില്ല… എന്റെ ഉണ്ണീടെ പെണ്ണാണ് അവന്റെ പ്രാണൻ അങ്ങനൊരു ചിന്തപോലും അബദ്ധമാണ്… പാടില്ല തെറ്റിലേക്കെന്നെ കൊണ്ടിടല്ലേ ദൈവമേ… പക്ഷെ ചുറ്റും കൂടി നിന്ന മുഖങ്ങളിലെ ആശ്വാസം അവനെ ഭയപ്പെടുത്തി എല്ലാ മുഖങ്ങളിലും പൂർണ്ണ സമ്മതം …പാടില്ല അവന്റെ മനസ്സ് അലമുറയിട്ടുകൊണ്ടിരുന്നു…ഞാനൊന്ന് സംസാരിക്കട്ടെ ലച്ചുമോളോട്.. അതും പറഞ്ഞു അമ്മ എഴുന്നേറ്റ് പോയ തക്കത്തിന്ന് വേദ് പുറത്തേക്കിറങ്ങി നിന്നു.. അവന്റെ ചിന്തകൾ അവനെ കൊത്തിവലിച്ചുകൊണ്ടിരുന്നു…
മോനെ.. മോനെപ്പോലൊരാൾക്ക് ഈ നാട്ടിൻപുറത്തെലക്ഷ്മിയെപ്പോലൊരു പെണ്ണിനെ ഇഷ്ട്ടവോ എന്നൊന്നും എനിക്കറിയില്ല പക്ഷെ ഞാനെന്ന അച്ഛൻ ഇപ്പൊ സ്വാർത്ഥനായ് പോകുന്നു… എന്റെ മുൻപിൽ ഇപ്പോൾ എന്റെ മകളുടെ ഭാവി മാത്രമാണ്. ഉണ്ണി ഇനി ഒരിക്കലും തിരിച്ചു വരില്ലന്നറിഞ്ഞും അവനുവേണ്ടി കാത്തിരിക്കുന്ന എന്റെ മകളുടെ ഭാവി മാത്രമാണ് എന്റെ മുന്നിൽ… എനിക്കാവതുള്ളടുത്തോളംകാലം ഞാൻ നോക്കും അവളെ പക്ഷെ ഞങ്ങളും കൂടെ പോയാൽ ന്റെ കുട്ടിക്ക് പിന്നെ ആരുമില്ല. ന്റെ ധർമ്മസങ്കടം മോൻ മനസ്സിലാക്കണം എന്റെ കുട്ടിയെ സ്വീകരിക്കണം ഇതെന്റെ അപേക്ഷയാണ്.. അതും പറഞ്ഞു കരഞ്ഞുകൊണ്ട് തന്റെ കാലിൽ വീണ അമ്മാവൻ അവന്റെ ഹൃദയത്തിൽ ഒരു വേദനയായ് നിന്നു… അവനായാളെ പിടിച്ചുയർത്തി.. നിറകണ്ണുകളോടെ അയാളെ തന്നെ നോക്കി. പക്ഷെ അവനുറപ്പായിരുന്നു അങ്ങനൊരു ബന്ധത്തിന് ലക്ഷ്മി സമ്മതിക്കില്ലന്ന് …
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
ലക്ഷ്മിമോളെ അമ്മായി പറയാൻ ഉള്ളതൊക്കെ പറഞ്ഞു കഴിഞ്ഞു.. അമ്മായിടെ ഉണ്ണി ഇനിയൊരിക്കലും തിരിച്ചു വരാത്തലോകത്തേക്ക് പോയി. അപ്പോഴും അവനെനിക്കൊരു മകനേ തന്നിട്ടാ പോയത്… വേദ് അവൻ നല്ലവനാ ..ന്റെ കുട്ടി ഇതിന് സമ്മതിക്കണം… ഉണ്ണിക്ക് ജന്മം കൊടുത്ത അമ്മയാണ് ഞാൻ.. മറ്റാരേക്കാളും അവനെ നഷ്ട്ടമായ വേദന എനിക്കുണ്ട്.. പക്ഷെ അതിന്റെ കൂടെ മോളുകൂടി ഞങ്ങളെ ഇങ്ങനെ വിഷമിക്കരുത്…. മോൾക്ക് നല്ലൊരു ഭാവി വേണം .. അതിന് ഏറ്റവും അനുയോജ്യൻ വേദ് തന്നെയാണ്..എന്റെ മോളായിട്ട് നിന്നെ വേണം എനിക്ക് .. അച്ഛന്റേം അമ്മേടേം എല്ലാവരുടെയും സമ്മതം അറിയിച്ചു കഴിഞ്ഞു… എന്തായാലും നിന്നെ ഇങ്ങനെ ഒറ്റക്ക് കഴിയാൻ അനുവദിക്കില്ല.. ഒന്നുകിൽ എന്റെ മോളായിട്ട് വേദിന്റെ ഭാര്യയായിട്ട് മോള് അവിടേക്ക് വരണം അല്ലെങ്കിൽ മോള് മറ്റൊരു വിവാഹത്തിന് തയ്യാറാകണം … വാക്കുകൾ ഉറച്ചതായിരുന്നു ..രണ്ടാഴ്ച നീണ്ട നിർബന്ധവും ഒടുവിൽ സമ്മതിച്ചില്ലെങ്കിൽ ചത്തുകളയും എന്ന മാതാപിതാക്കളുടെ ഭീഷണിക്കും ബാലപ്രയോഗത്തിനുമപ്പുറം ലക്ഷ്മി വിവാഹത്തിന് സമ്മതിച്ചു… വേദിന്റെ ലീവ് തീരാറായത് കൊണ്ട്പെട്ടന്ന് നടത്താൻ തീരുമാനിച്ചു.. വീട്ടുകാർ മാത്രമായി അമ്പലത്തിൽ വച്ചു താലിക്കെട്ട് മാത്രമാണ് ഉണ്ടായിരുന്നത്..ഒരേ മുറിയിൽ രണ്ടപരിചിതരെ പോലവർ കിടന്നു… ഒരു പരിചാരികയെ പോലെ വേദിനുവേണ്ട കാര്യങ്ങൾ എടുത്തു കൊടുക്കും എന്നതിലുപരി അവർ തമ്മിലൊരു സംസാരം പോലും ഉണ്ടായിരുന്നില്ല… ലക്ഷ്മിയിലെ ആ പഴയ വായാടിപ്പെണ്ണിന് വന്ന മാറ്റത്തെ വേദ് വേദനയോടെ നോക്കിക്കണ്ടു…ഒരാഴ്ചക്ക് ശേഷം വേദിന്റെ ലീവ് തീർന്നതോടെ അവൻ വീണ്ടും ക്യാമ്പിലേക്ക് പോയി… ലക്ഷ്മി വീണ്ടും പഴയ ഓർമകളുമായി .. ആ വീടിനുള്ളിൽ ഒതുങ്ങി കൂടികൊണ്ടിരുന്നു……തുടരും….