രചന – മിയ അവ
കോളേജിൽ പോവാൻ ഒട്ടും തന്നെ താല്പര്യമില്ലായിരുന്നു. അന്ന് അത്രയും കുട്ടികളുടെ മുന്നിൽ മോശക്കാരനായി നിൽക്കേണ്ടി വന്നതിന്റെ ജാള്യത അപ്പോഴും വേട്ടയാടുന്നുണ്ടായിരുന്നു. ഒപ്പം അമ്മു പറഞ്ഞ കാര്യങ്ങളും ആമിയെ കുറിച്ചുള്ള ചിന്തകളും എല്ലാം കൂടി തലയ്ക്കു ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു.അതു കൊണ്ട് ഹോസ്റ്റലിൽ തന്നെ കടിച്ചു തൂങ്ങി കിടന്നതാണ്. കിഷോർ നിർബന്ധം പിടിച്ചത് കൊണ്ടാ ഉച്ചക്ക് ശേഷം അന്ന് കോളേജിൽ പോയത്.
മനസ്സ് നന്നായി മടുക്കുന്നുണ്ടായിരുന്നു. കിഷോറും ശരത്തും ഷോണിമയും ചുറ്റിലും ഇരുന്നു ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എന്റെ ഉള്ളിലെ തീയണയ്ക്കാൻ മാത്രം പോന്നവയല്ലായിരുന്നു അവയൊന്നും. സത്യാവസ്ഥയെന്തെന്ന് അറിയാതെ മനസ്സ് കിടന്നു പിടയുകയായിരുന്നു. അപ്പോഴാണ് അമ്മു ഞങ്ങൾക്ക് നേരെ നടന്നു വരുന്നത് കണ്ടത്. അവളെ കണ്ടതും ചാടിയെഴുന്നേറ്റു പോവാനൊരുങ്ങിയതാണ് ഞാൻ. കിഷോറാണ് പിടിച്ചു നിർത്തിയത്.
“നീയെന്തിനാടാ എഴുന്നേറ്റു പോവുന്നെ.. അമ്മു ഒരു പാവം അല്ലേടാ.. നിനക്ക് അവളെ എത്ര കാലമായി അറിയുന്നതാണ്… നിന്റെ നല്ലതിന് തന്നെയാവും അവൾ അങ്ങനെ പറഞ്ഞത്.. നീ മറ്റവളുടെ ചതിയിൽ പെടാതിരിക്കാനാവും..മറ്റവളോടുള്ള ദേഷ്യം ഇവളോട് എന്തിനാടാ കാണിക്കുന്നേ…അവൾക്ക് പറയാനുള്ളത് കേട്ടിട്ട് പോവേടാ…”
നിവൃത്തിയില്ലാതെയാണ് അവിടെ തന്നെ ഇരുന്നത്.
“മനുവേട്ടാ…”
വിളി കേൾക്കാൻ പോലും എനിക്ക് തോന്നിയിരുന്നില്ല.
“മനുവേട്ടൻ എന്തിനാ എന്നോട് ഈ വെറുപ്പ് കാണിക്കുന്നേ… ഞാൻ ഇന്നലെ എത്ര തവണ വിളിച്ചു.. ഏട്ടൻ എന്താ ഫോൺ എടുക്കാതിരുന്നേ…”
“എനിക്ക് സംസാരിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് തന്നെ…”
“അതെന്താ ഏട്ടാ അതിന് മാത്രം ഞാൻ എന്ത് തെറ്റാ ചെയ്തേ…ഏട്ടനെ സ്നേഹിക്കുന്നതോ…”
“നിനക്ക് എന്താ അമ്മു ഇപ്പോ വേണ്ടേ.. എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നത്…”
“എനിക്ക് പേടിയുണ്ട് ഏട്ടാ… അതാ ഞാൻ..”
“എന്തിന് പേടി…”
“അവൾ.. അവൾ എന്തെങ്കിലും പറഞ്ഞു ഏട്ടനെ തെറ്റിദ്ധരിപ്പിക്കും… നമ്മളെ തമ്മിൽ ശത്രുക്കളാക്കും…”
“അതോർത്തു അമ്മു വിഷമിക്കണ്ട അങ്ങനെ കള്ള കഥയും കൊണ്ട് അവളിങ്ങ് വരട്ടെ… അവൾക്കുള്ള മറുപടി ഞാൻ കൊടുക്കും…”
കിഷോറായിരുന്നു അത്.
“അവൾ എന്ത് കള്ളവും പറയാൻ മടിക്കില്ല ഏട്ടാ.. എനിക്ക് അവളുടെ മുന്നിലൊന്നും പിടിച്ചു നിൽക്കാനുള്ള ധൈര്യവും കൗശലവും ഒന്നും ഇല്ല അതാ എനിക്ക് പേടി…”
“അങ്ങനെ ഒന്നും ഇല്ല അമ്മുവേ.. നിനക്ക് ഒപ്പം ഞങ്ങളൊക്കെ ഇല്ലേ…ല്ലേ മനു..”
അവന്റെ ചോദ്യത്തിന് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
“കണ്ടോ മനുവേട്ടൻ ഒന്നും മിണ്ടുന്നില്ല.. മനുവേട്ടന് ഇപ്പോഴും എന്നെ വിശ്വാസം ഇല്ല..”
അതും പറഞ്ഞു അവൾ എന്റെ മുന്നിൽ നിന്ന് കണ്ണ് നിറച്ചപ്പോൾ ആ കണ്ണുനീരിനെ അവിശ്വസിക്കാൻ എനിക്ക് കഴിഞ്ഞില്ല.
“ഹാ.. നിനക്ക് എന്താ അമ്മു വേണ്ടത്.. ഞാൻ എന്ത് വിശ്വസിക്കണമെന്നാ…”
“അമ്മൂ…”
പെട്ടെന്നാണ് ദേഷ്യത്തോടെയുള്ള ആ വിളി ഞങ്ങൾ കേട്ടത്. നോക്കിയപ്പോൾ കലി തുള്ളി നിൽക്കുന്ന ആമിയായിരുന്നു മുന്നിൽ. അമ്മുവിനോട് അത്രയ്ക്കും ദേഷ്യത്തോടെ നിൽക്കുന്ന അവളെ ഞാൻ ആദ്യമായി കാണുകയായിരുന്നു.
ആമി.. നീ..നീയെന്താ ഈ സമയത്തു ”
“കഴിഞ്ഞോടി…കഴിഞ്ഞോ നിന്റെ നാടകം ”
” ആമി….എന്തൊക്കെയാ നീ പറയുന്നേ.. ഞാൻ.. ഞാനെന്ത് ചെയ്തു…”
“മതി.. കിടന്നു വിയർക്കേണ്ട നീ…നിന്റെ മുഖം മൂടി അഴിഞ്ഞു വീണു അമ്മു… പഞ്ച പാവമായി വന്നു ചോര ഊറ്റി കുടിക്കുകയായിരുന്ന ചെന്നായ…”
അമ്മുവിനോട് കട്ട കലിപ്പോടെ കൊമ്പ് കോർക്കുന്ന ആമിയെയായിരുന്നു എനിക്കവിടെ കാണാൻ കഴിഞ്ഞത്. അതിനിടയിൽ കിഷോർ എന്തോ പറഞ്ഞപ്പോൾ അവനോടും തട്ടി കേറുന്നുണ്ടായിരുന്നു അവൾ… എനിക്കൊരു തെറ്റ് പറ്റിപ്പോയി മനുവിനെ കണ്ട് ആ തെറ്റ് തിരുത്താനാ ഞാൻ വന്നത് എന്ന് കിഷോറിനെ നോക്കി അവൾ പറഞ്ഞപ്പോൾ അമ്മുവിന്റെ വാക്കുകളാണ് എന്റെ മനസ്സിലേക്ക് ഇരച്ചു എത്തിയത്. തെറ്റ് പറ്റിയെന്നൊരു നാടകവുമായി അവൾ വരുമെന്നും അമ്മുവിനോട് ദേഷ്യം പിടിച്ചു വെല്ലുവിളിച്ചാ പോയതെന്നുമൊക്കെയുള്ള അമ്മുവിന്റെ വാക്കുകൾ എന്റെ ഉള്ളിൽ കിടന്നു തത്തി കളിച്ചു. അതിന് മേമ്പോടിയായി അമ്മു എന്റെ അടുത്തേക്ക് നീങ്ങി നിന്ന് വീണ്ടും അത് തന്നെ കുത്തി കേറ്റുകയും ചെയ്തു.
എന്റെ സ്വത്ത് വകകളെ കുറിച്ചറിഞ്ഞു ഒരു കള്ള കഥയുമായി ആമി എത്തുമെന്ന വാക്കുകൾ കാതിൽ വട്ടമിട്ടു പറക്കുന്നതിനനുസരിച്ച് തെറ്റ് പറ്റിയെന്നു പറഞ്ഞു അമ്മുവിനെ കടിച്ചു കീറാൻ നിൽക്കുന്ന ആമിയെ കൂടി കാണവേ ആ വാക്കുകൾ സത്യമാണെന്നു എന്റെ മനസ്സ് പതിയെ ഉറപ്പിക്കുന്നുണ്ടായിരുന്നു. അതേ സമയത്താണ് അമ്മുവിനെ അടിക്കാനായി ആമിയുടെ കൈ ദേഷ്യത്തോടെ ഉയരുന്നത് ഞാൻ കണ്ടത്. ഇഷ്ടമാണെന്നു ഞാൻ പറഞ്ഞപ്പോൾ ചങ്കൂറ്റത്തോടെ അത് നിരസിച്ച ആമിയോട് എനിക്ക് പൊറുക്കാൻ പറ്റുമായിരുന്നു… എന്നാൽ എന്റെ സ്വത്ത് മോഹിച്ച് എനിക്ക് മുന്നിൽ സ്വന്തം നിലവാരം പോലും മറന്നു കള്ളക്കഥ പറയാനായി വന്നു അഭിനയിച്ചു നിൽക്കുന്നവളോട് നിമി നേരം കൊണ്ട് വെറുപ്പും ദേഷ്യവും വന്നു പൊതിഞ്ഞു മനസ്സിൽ. അതിന്റെ തീവ്രതയിലാണ് അമ്മുവിന് നേരെ ഉയർന്ന ആമിയുടെ കൈ ഞാൻ തടുത്തത്.
“തൊട്ട് പോകരുത് അവളെ…അവൾ എന്റെ പെണ്ണാ.. ഈ മനു ശങ്കറിന്റെ പെണ്ണ്..”
കോപമെരിയുന്ന അവളുടെ കണ്ണുകളെ അതേ നോട്ടത്തോടെ തന്നെ നേരിടുമ്പോൾ പറഞ്ഞു പോയ വാക്കുകൾ എന്താണെന്ന് ഞാൻ അപ്പോൾ ഓർത്തിരുന്നില്ല. അമ്മുവിന്റെ കൈകൾ എന്റെ കയ്യിൽ അമർന്നപ്പോൾ മാത്രമാണ് നാവ് പിഴച്ചു പോയത് ഞാൻ മനസ്സിലാക്കിയത്. പക്ഷെ ആമിയുടെ മുന്നിൽ തോറ്റു കൊടുക്കാൻ മനസ്സ് അപ്പോൾ അനുവദിച്ചിരുന്നില്ല. എനിക്ക് മുന്നിൽ കിടന്നു വീണ്ടും വാക്ക് പോര് നടത്തുന്നവളെ വാക്കുകൾ കൊണ്ട് തന്നെ ജയിക്കാൻ ഞാനും മുന്നിട്ട് നിന്നു. അവളെ നോക്കി …ഈ മനു ശങ്കറിന്റെ ജീവിതത്തിൽ ഇനി ഒരു പെണ്ണുണ്ടെങ്കിൽ.. അതെന്റെ അമ്മു മാത്രമായിരിക്കുമെന്ന് ഉറക്കെ വിളിച്ചു പറയുമ്പോൾ അവളുടെ അഹങ്കാരത്തിന് മുകളിൽ… അവളുടെ അഭിനയത്തിന് മുന്നിൽ ഞാനെന്റെ വിജയം ഉറപ്പിക്കുകയായിരുന്നു മനസ്സിൽ. എന്നാൽ അതിന് പകരമായി അവൾ പറഞ്ഞ കാര്യങ്ങൾ എന്റെ വാശിയെ കൂടുതൽ ആളി കത്തിക്കുകയായിരുന്നു.
“ഡോ.. താൻ എന്നെ എല്ലാവരുടെയും മുന്നിലിട്ട് പരിഹസിക്കാൻ നോക്കുവാണോ..എന്നാ കേട്ടോ…ശരിയാ താൻ പറഞ്ഞത്… തന്റെ സ്വത്ത് തന്നെയാ എന്റെ ലക്ഷ്യം.. അതുക്കൊണ്ട് തന്നെ ആമി ആണയിട്ട് പറയുവാ..ഈ ആമിയുടെ കൊക്കിനു ജീവനുണ്ടേൽ നിങ്ങൾ തമ്മിലുള്ള വിവാഹം നടക്കില്ല… നടക്കാൻ ആമി സമ്മതിക്കില്ല..ഓർത്തു വെച്ചോ…”
എന്റെ സ്വത്ത് ആണ് ലക്ഷ്യമെന്ന് അവളുടെ വായിൽ നിന്ന് തന്നെ കേട്ടപ്പോൾ തൊട്ട് മുന്നേയുള്ള നിമിഷം വരെ അവളെ പ്രണയിച്ചു പോയതിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപ്പോയി… ഞങ്ങളെ ഒന്നിപ്പിക്കില്ലെന്ന് വെല്ലുവിളിച്ചവൾക്ക് മുന്നിൽ ഒന്നിച്ച് ജീവിച്ചു കാണിച്ചു കൊടുക്കണമെന്ന് ഞാൻ പോലുമറിയാതെ മനസ്സ് ദൃഡനിശ്ചയമെടുക്കുന്നുണ്ടായിരുന്നു. ഞങ്ങളെ തറപ്പിച്ചൊന്ന് നോക്കി മറുപടിയ്ക്ക് കാക്കാതെ അവൾ നടന്നു പോയപ്പോൾ മുഷ്ടി ചുരുട്ടി ദേഷ്യം കടിച്ചു പിടിച്ചു ഞാൻ തിരിഞ്ഞു നടന്നതാണ്.. അപ്പോഴാണ് അമ്മുവിന്റെ പിടി കയ്യിൽ വീണത്. പറഞ്ഞു പോയ അബദ്ധങ്ങൾ ഒരു വിലങ്ങു തടിയായി എന്റെ മുന്നിൽ വന്നു.
“മനുവേട്ടാ…”
അമ്മുവിന്റെ വിളിയിൽ യാന്ത്രികമായി ഞാൻ അവൾക്ക് നേരെ തിരിഞ്ഞു.
“നേരാണോ.. ഈ കേട്ടതൊക്കെ നേരാണോ മനുവേട്ടാ…”
“അത് അമ്മു.. ഞാൻ അപ്പോഴത്തെ..”
“അതിൽ എന്താ ഇത്ര ചോദിക്കാൻ അമ്മുവേ.. അവൾക്ക് മുന്നിൽ മനു വെല്ലുവിളിച്ചിട്ടുണ്ടങ്കിൽ നിന്നെ തന്നെ ഇവൻ കെട്ടും..ഒരു സംശയവും വേണ്ട അതിൽ…”
“ഏയ്.. ടാ കിഷോർ.. നീ വെറുതെ…”
“എന്തോന്ന് വെറുതെ.. എന്റെ മനു..വേറെ ആരെയും അല്ലല്ലോ കുഞ്ഞു നാൾ മുതൽ നീ അറിയുന്ന നിന്റെ അമ്മുവിനെ തന്നെയല്ലേ.. ഇവൾക്ക് ആണെങ്കിൽ നീ ജീവനും ആണ് പിന്നെ എന്ത് ആലോചിക്കാനാടാ…”
“പ്ലീസ് മനുവേട്ടാ.. ഇനി പറ്റില്ലെന്ന് പറയല്ലേ.. ആമിയോട് അങ്ങനെ ഒക്കെ ഏട്ടൻ പറയുമ്പോൾ മനസ്സ് സന്തോഷം കൊണ്ട് തുടി കൊട്ടുകയായിരുന്നു… ആശിച്ചു പോയി.. വല്ലാതെ മോഹിച്ചു പോയി ഞാൻ.. ഇനിയും എന്നെ ഒഴിവാക്കല്ലേ ഏട്ടാ.. എന്റെ ഇഷ്ട്ടത്തെ കണ്ടില്ലെന്നു വെയ്ക്കല്ലേ..താങ്ങില്ല ഞാൻ.. തളർന്നു പോവും ഞാൻ…പ്ലീസ്..”
പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ എന്റെ നെഞ്ചിലേക്ക് വീണപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാൻ പകച്ചു നിന്നു പോയി. പിന്നെ എന്റെ രണ്ടു കൈ കൊണ്ടും അവളെ ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞു.
“ഞാൻ പറയാം അമ്മു..നീ കരയാതിരിക്ക്..ഞാൻ ഒന്ന് ആലോചിക്കട്ടെ.. നീയിപ്പോ ചെല്ല്…”
പതിയെ ഒന്ന് മൂളി തിരിഞ്ഞു പോവാനൊരുങ്ങിയ അവൾ ധൃതിയിൽ തിരിച്ചു വന്നു എന്റെ കവിളിൽ ചുണ്ട് ചേർത്തപ്പോൾ തടയാൻ എന്റെ കൈകൾക്ക് അപ്പോൾ ശക്തിയില്ലായിരുന്നു. ഒരു പാവ കണക്കെ അവൾ പോവുന്നതും നോക്കി ഞാൻ നിന്നു. ശരത്തും ഷോണിമയും പോയിട്ടും കിഷോർ എന്റെ കൂടെ തന്നെ കൂടി. അമ്മുവിനെ പോലെ അത്രയും പാവം കൊച്ചിനെ നിനക്ക് ഇനി വേറെ കിട്ടില്ലെന്നൊക്കെ പറഞ്ഞു അവൻ എന്റെ മനസ്സിനെ സ്വാധീനിച്ചു കൊണ്ടിരുന്നു. അത് പക്ഷെ അമ്മുവിനോടുള്ള അവന്റെ സ്നേഹമോ അനുകമ്പയോ അല്ല മറിച്ച് ആമിയോടുള്ള വെറുപ്പ് കൊണ്ടായിരുന്നുവെന്ന് എനിക്ക് ഊഹിക്കാമായിരുന്നു. എങ്കിലും അവന്റെ വാക്കുകളെ അംഗീകരിക്കാനാണ് എനിക്കപ്പോൾ തോന്നിയത്. അമ്മുവിനെ വിളിച്ച് ഞാൻ ഉണ്ടാവും കൂടെ അങ്ങ് അവസാനം വരെയെന്ന് വാക്ക് കൊടുക്കുമ്പോൾ ആമിയോടുള്ള എന്റെ പ്രണയത്തെ ഞാൻ മറവിക്ക് വിട്ടു കൊടുത്തിരുന്നു.
പിന്നീട് അങ്ങോട്ട് കോളേജിൽ നടന്നത് ഞങ്ങളും ആമിയും തമ്മിലുള്ള യുദ്ധം തന്നെയായിരുന്നു. പകരത്തിന് പകരം എന്ന കണക്കിൽ ജയിച്ചു നിൽക്കാൻ ഞങ്ങൾ ഓരോ ദിവസവും മത്സരിച്ചു. പലരും ഞങ്ങളെ തമ്മിൽ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞങ്ങൾക്കിടയിലെ വാശിയും ദേഷ്യവും ദിനംപ്രതി കൂടി കൊണ്ടിരുന്നതല്ലാതെ ഒരു മാറ്റവും ഉണ്ടായില്ല.ആമിയോടുള്ള വാശി കൂടുന്നതിന് അനുസരിച്ചു അമ്മുവിനോടുള്ള എന്റെ പ്രണയവും മുറുകുന്നുണ്ടായിരുന്നു.അവൾ തകർക്കാൻ ശ്രമിക്കുന്ന ഞങ്ങളുടെ പ്രണയം കൂടുതൽ ശക്തിപ്പെട്ടു. ദിവസങ്ങളും മാസങ്ങളും അങ്ങനെ കൊഴിഞ്ഞു പോയി. ഞങ്ങടെ യാത്രയയപ്പിന്റെ അന്ന് എല്ലാവരോടും യാത്ര ചോദിച്ചു ഞാൻ മടങ്ങാൻ നേരത്താണ് അമ്മു ഓടി വന്നെന്നെ കെട്ടിപിടിച്ചത്. എന്റെ നെഞ്ചിൽ വീണു കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു.
“മനുവേട്ടാ.. എന്നേം കൂടി കൊണ്ട് പോ.. എന്നെ ഇവിടെ തനിയെ വിട്ടിട്ട് പോവല്ലേ മനുവേട്ടാ… അവൾ എന്തും ചെയ്യാൻ മടിക്കാത്തവളാ… മനുവേട്ടൻ ഇവിടെ ഇല്ലാതെ എന്നെ ഒറ്റയ്ക്ക് കിട്ടിയാൽ എന്നെ കൊല്ലാൻ വരെ മടിക്കില്ല അവൾ.. വാശി കേറിയാൽ അവൾ തനി ഭ്രാന്തിയാ… എനിക്ക് പേടിയാ മനുവേട്ടാ..മനുവേട്ടനില്ലാതെ എനിക്കിവിടെ പഠിക്കണ്ട… പ്ലീസ് മനുവേട്ടാ..”
അവളുടെ പേടിയും വിഷമവും കണ്ടാണ് രണ്ടു ദിവസം കഴിഞ്ഞു വന്നു ഞാൻ അവളുടെ പേര് വെട്ടി ടിസിയും വാങ്ങി അവളെയും കൊണ്ട് നാട്ടിലേക്ക് മടങ്ങിയത്. എന്നിട്ട് പാർട്ടിയിലെ എന്റെ സ്വാധീനം വെച്ച് അവൾക്ക് നാട്ടിൽ തന്നെ ഒരു കോളേജിൽ ഡിഗ്രിയ്ക്ക് അഡ്മിഷനും എടുത്തു. അപ്പോഴേക്കും വീട്ടിൽ ഞാൻ അമ്മുവിന്റെ കാര്യം അവതരിപ്പിച്ചിരുന്നു. അമ്മുവിനെ അവർക്ക് നന്നായി അറിയുന്നത് കൊണ്ട് ഞങ്ങടെ ബന്ധത്തിൽ അവർക്കും സമ്മതമായിരുന്നു. അമ്മുവിന്റെ വീട്ടുക്കാരെയും പോയി കണ്ടു ഞങ്ങൾ അനുവാദം വാങ്ങിയിരുന്നു. എനിക്ക് ആ സമയം തൃശൂർ മൾട്ടി കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി കിട്ടിയിരുന്നു. വീട്ടിൽ ഒരുപാട് സ്വത്ത് ഉണ്ടെങ്കിലും ജോലിയിൽ ഒന്ന് കര പറ്റി സ്വന്തം കാലിൽ ഉറച്ചു നിന്നിട്ട് മതി കല്യാണം എന്നത് എന്റെ ആഗ്രഹമായിരുന്നു. പിന്നീട് ഒരിക്കൽ പോലും ആമിയെ കാണാനോ അവളെ കുറിച്ച് ചിന്തിക്കാനോ ഞങ്ങൾ ശ്രമിച്ചില്ല… ആമിയെന്ന ചാപ്റ്റർ ഞങ്ങളുടെ ജീവിതത്തിൽ അവിടെ അവസാനിക്കുകയായിരുന്നു.
വർഷങ്ങൾ പലതും കടന്നു പോയി.. ഇതിനോടകം എന്റെയും അമ്മുവിന്റെയും എൻഗേജ്മെന്റും കഴിഞ്ഞിരുന്നു. അങ്ങനെയിരിക്കെയാണ് ജാതക ദോഷമെന്ന വില്ലൻ ഞങ്ങൾക്കിടയിലേക്ക് കടന്നു വന്നത്. എന്നാൽ അമ്മുവിന് എന്നോടുള്ള പ്രണയത്തിന് മുന്നിൽ മംഗലത്ത് വീട്ടുകാരും അമ്മുവിന്റെ കുടുംബവും എന്തിന് ആ ജാതക ദോഷം തന്നെ മുട്ട് കുത്തി പോയെന്ന് തോന്നിപ്പോയി. ഇനിയൊരു ശക്തി വിചാരിച്ചാലും ഞങ്ങളെ പിരിക്കാൻ ആവില്ലെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു.
അങ്ങനെ കല്യണതിയ്യതിയും മറ്റും ഉറപ്പിച്ചു. ഡ്രസ്സും ആഭരണങ്ങളും ഒന്നിച്ചു എടുക്കാമെന്ന് തീരുമാനിച്ചത് കൊണ്ട് ഞാൻ അന്നേ ദിവസം തൃശൂരിൽ നിന്ന് നാട്ടിലെത്തി.
“ഹലോ മനുവേട്ടാ… ”
“നീയിത് എവിടെയാ അമ്മു… എന്താ വൈകുന്നേ… എത്ര നേരായി ഞങ്ങൾ വെയിറ്റ് ചെയ്യുന്നു… പെട്ടെന്ന് വന്നേ…”
“സോറി.. ഏട്ടാ..അമ്മ അമ്പലത്തിൽ പോയിരിക്കുവായിരുന്നു.. വരാൻ ലേറ്റ് ആയി.. അതാ ഇറങ്ങാൻ താമസിച്ചേ.. ഞങ്ങളിതാ എത്താറായി… ”
“അതെയോ.. എന്നാ ശരി.. പെട്ടെന്ന് വാ.. ഞങ്ങളിതാ R. K ജ്വലറിയുടെ മുന്നിൽ നിൽപ്പുണ്ട്… ”
“ഓക്കേ.. മനുവേട്ടാ ഞങ്ങൾ എത്തിയിട്ട് വിളിക്കാം… ”
വിവാഹത്തിന് ഇനി അധിക ദിവസങ്ങൾ ഇല്ലാത്തതിനാൽ എല്ലാവരും ഓരോ ഓട്ടത്തിലാണ്.
നിമിഷങ്ങൾക്കകം അമ്മുവും വീട്ടുകാരും R k ജ്വല്ലറിയുടെ മുന്നിൽ എത്തിച്ചേർന്നു. അമ്മുവിനെയും വീട്ടുകാരെയും സ്നേഹത്തോടെ തന്നെ എന്റെ വീട്ടുകാർ സ്വീകരിച്ചതിന് ശേഷം എല്ലാവരും കൂടി ജ്വല്ലറിയിലേക്ക് കയറി.
അമ്മുവിന്റെ മനസ്സിന് ഇണങ്ങുന്ന ആഭരണങ്ങളും അവൾക്കും വീട്ടിലുള്ളവർക്കുമുള്ള ഡ്രെസ്സും ഞങ്ങൾ സെലക്ട് ചെയ്തു. ബിൽ പേ ചെയ്യാൻ പോയ അമ്മുവിന്റെ അച്ഛനെ തടഞ്ഞ് എന്റെ അച്ഛൻ തന്നെ അതിന്റെയെല്ലാം ബിൽ പേ ചെയ്തു.
മടങ്ങുന്ന വഴിയിൽ അമ്മുവിന് ബീച്ചിൽ പോവണമെന്ന് ഒരു ആഗ്രഹം പറഞ്ഞപ്പോൾ അവളെ എന്റെ ഒപ്പം വിട്ടു ബാക്കി എല്ലാവരും വീടുകളിലേക്ക് തിരിച്ചു.
പോകുന്ന വഴിയിൽ അമ്മു എന്റെ തോളിലേക്ക് തല ചായ്ച്ച് കിടന്നു.
“എന്ത് പറ്റി പെണ്ണേ… ക്ഷീണിച്ചോ…? ”
“മ്മ്.. കുറച്ച്…. ”
“സാരോല്ല ഇനി കുറച്ചു ദിവസങ്ങൾ കൂടി ഈ തിരക്ക് സഹിച്ചാൽ മതിയല്ലോ… അത് കഴിഞ്ഞ് ആവിശ്യത്തിന് നമുക്ക് റസ്റ്റ് എടുക്കാലോ.. ”
“മ്മ്”
ഒരു മൂളലിൽ മാത്രം മറുപടി ഒതുക്കിയപ്പോൾ അവളെ എന്തോ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി. അല്പ സമയത്തെ നിശബ്ദതയ്ക്ക് ശേഷം..
“അമ്മു…”
“മ്മ്…”
“എന്തു പറ്റി നിനക്ക്…എന്തെങ്കിലും വിഷമം ഉണ്ടോ…എന്താ നീ ഒന്നും മിണ്ടാതെ ഇരിക്കുന്നേ… എന്താണെങ്കിലും എന്നോട് പറ പെണ്ണേ…. ”
“ഏയ്… ഒന്നുല്ല മനുവേട്ടാ….ഞാൻ വെറുതെ ഓരോന്നും ഓർത്ത് ഇരുന്ന് പോയതാ… ”
“എന്താ ഇതിന് മാത്രം നിനക്ക് ഓർക്കാൻ…നീ കാര്യം പറ… ”
“അത്.. അത് പിന്നെ മനുവേട്ടാ… കല്യാണല്ലേ വീട്ടിൽ ഓരോ പണികൾ നടന്നു കൊണ്ടിരിക്കുവാണല്ലോ… അച്ഛൻ പ്രതീക്ഷിച്ചതിലും മേലെ ആവുന്നുണ്ട് വീട് പണിയുടെ ചിലവുകൾ…പിന്നെ അത് കൂടാതെയുള്ള മറ്റ് ചിലവുകളും…അനുവിന്റെ പഠിപ്പും എല്ലാം കൂടി ആ പാവത്തിന് നല്ല ബുദ്ധിമുട്ട് ആവുന്നുണ്ട്… ഒന്നും എന്നെ അറിയിക്കാതെ ഉള്ളിൽ വെയ്ക്കാൻ നന്നായി പാട് പെടുന്നുണ്ട് അച്ഛൻ… പക്ഷെ ആ മുഖത്ത് നിന്ന് എനിക്കത് മനസിലാവും… പാവം.. ”
“ഇതാണോ നിന്റെ പ്രശ്നം…..അപ്പോ നിനക്ക് ഇപ്പോഴും ഞാനൊരു അന്യനാണോ അമ്മു..?.. ”
“അയ്യോ.. അങ്ങനല്ല. മനുവേട്ടാ..”
“പിന്നെ… പിന്നെ എന്താ ഈ പറഞ്ഞതിന്റെ അർത്ഥം… ഞാൻ ഉള്ളപ്പോഴും പൈസയുടെ കാര്യം ഓർത്ത് നീ ടെൻഷനടിക്കുന്നുന്ന് പറയുമ്പോൾ… ഞാൻ നിനക്ക് ആരുമല്ലെന്നല്ലേ അർത്ഥം…”
“ന്റെ പൊന്നോ… എന്റെ പൊന്നു മനുവേട്ടാ… ഞാൻ അങ്ങനെയൊന്നും വിചാരിച്ചില്ല… ഇപ്പോ തന്നെ എല്ലാത്തിനും പണം ചിലവാക്കുന്നത് ഏട്ടനും വീട്ടുകാരുമല്ലേ… ഇനിയും ഏട്ടനോട് ചോദിച്ചാൽ അച്ഛന് അതൊരു കുറച്ചിലായാലോന്ന് തോന്നി… അതോണ്ടാ ഞാൻ… ”
“അതിന് അച്ഛനോട് ഞാൻ തന്നതാന്ന് പറയണ്ടല്ലോ… നിന്റെ ഫ്രണ്ട്സോ മറ്റോ സഹായിച്ചതാണെന്ന് പറഞ്ഞാൽ പോരേ…. ”
“മ്മ്.. സോറി.. ഞാൻ അത്രയ്ക്കൊന്നും ചിന്തിച്ചില്ല… ”
“കാണില്ല… അതെങ്ങനാ.. എന്റെയീ ബുന്ദുസിന് അങ്ങനെ ചിന്തിക്കാൻ മാത്രം ബുദ്ധിയൊന്നും ഇല്ലല്ലോ… അതോണ്ട് ഇത്തവണ ഞാൻ ക്ഷമിച്ചു.. പക്ഷെ ഇനി ഇത് ആവർത്തിക്കരുത്… കേട്ടല്ലോ.. ”
“ഓ… ഉവ്വേ…”
“ഹ..ഹ. ഹ… അപ്പഴേ.. നമ്മുടെ രണ്ട് പേരുടെയും പേരിൽ എടുത്ത ഒരു മുച്ചൽ അക്കൗണ്ട് ഇല്ലേ… അതിലിപ്പോ ഒരു അൻപതു ലക്ഷത്തോളം കാണണം… അതിൽ നിന്ന് എത്രയാന്ന് വെച്ചാൽ നീ എഴുതി എടുത്തോ…ചെക്ക് ഞാൻ നാളെ തന്നെ സൈൻ ചെയ്തു തന്നേക്കാം..എമൗണ്ട് നീ എഴുതിയാൽ മതി..പിന്നെ കല്യാണം കഴിഞ്ഞു മതിയെന്ന് ഞാൻ ഓർത്തതാ പക്ഷെ ഒന്നും ഇല്ലാതെ എന്റെ വീട്ടിലേക്ക് വന്നുവെന്ന തോന്നൽ നിനക്കോ നിന്റെ വീട്ടുകാർക്കോ വേണ്ട.. അതുകൊണ്ട് എന്റെ പേരിലുള്ള കുറച്ചു സ്ഥലവും പിന്നെ നമ്മൾക്ക് രണ്ടുപേർക്കുമായി പുതുതായി നിർമ്മിക്കാൻ പോവുന്ന ആ വീടും നിന്റെ പേരിലേക്ക് ഉടനെ തന്നെ രജിസ്റ്റർ ചെയ്തു തരുന്നുണ്ട്.. കല്യാണത്തിന് മുന്നെ തന്നെ അത് ശരിയാവും… പോരെ..”
“പക്ഷെ മനുവേട്ടാ കല്യാണത്തിന് മുന്നെ എന്റെ പേരിലേക്ക് ആക്കാൻ ഏട്ടന്റെ വീട്ടുകാർ സമ്മതിക്കോ…”
“അതിന് ഇപ്പോ ഇത് ആരോടും പറയുന്നില്ല നമ്മൾ..തത്കാലം ഇത് നമ്മൾ രണ്ടു പേരും മാത്രം അറിഞ്ഞാൽ മതി കേട്ടല്ലോ..”
“മ്മ്.. ഓക്കേ ഏട്ടാ … ”
“മ്മ് ഇപ്പോ ഹാപ്പി ആയോ എന്റെ വുഡ് ബി..?.. ”
“മ്മ്… നിറയെ… ”
പറഞ്ഞു കൊണ്ട് അവൾ എന്റെ കവിളിൽ പതിയെ ചുംബിച്ചു.
(തുടരും )

by