20/04/2026

സത്യഭാമ : ഭാഗം 16

രചന – അയിഷ അക്ബർ ലക്ഷ്മി….. ഇനി ഞങ്ങൾ അങ്ങനെ വിളിചോളാം തന്നെ കാണുമ്പോളെനിക്കെന്തോ ലക്ഷ്മി ദേവിയെയാണ് ഓർമ വരുന്നത്…. അയാൾ മനോഹരമായി പുഞ്ചിരിച്ചു…. അവളും വെറുതെയൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു….. ദിവസങ്ങൾ കഴിയും തോറും അവളുടെ മുറിവുണങ്ങി അത്യാവശ്യം അവൾക്ക് നടക്കാൻ സാധിച്ചു തുടങ്ങി…. അപ്പോഴേക്കും മഹാദേവനും ലക്ഷ്മിയും തമ്മിലുള്ള ബന്ധത്തിന് വല്ലാത്തൊരു ആഴം വന്നു തുടങ്ങിയിരുന്നു…. ആത്മ ബന്ധത്തിന് വളരാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ അവർക്കിടയിലുള്ള ബന്ധം വളരുന്നത് അത്ഭുതത്തോടെയാണ് എല്ലാവരും നോക്കി കണ്ടത്….. ഡോക്ടർ വന്നാൽ ആദ്യം അവളിലേക്ക് നീങ്ങുന്നത് എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

ഭക്ഷണം കഴിച്ചില്ലേ….. സുഖമായോ എന്ന കേവലം വാക്കുകൾ കൊണ്ട് അയാൾ അവൾക്ക് മേൽ ചൊരിയുന്ന വാത്സല്യത്തിന് പ്രത്യേകതയുണ്ടായിരുന്നു…. ഡോക്ടറിനെ കാണുമ്പോൾ മാത്രം വിടരുന്ന അവളുടെ കണ്ണുകളും ശ്രദ്ധിക്കപ്പെടാൻ വണ്ണമുള്ളതായിരുന്നു….. ഡോക്ടർക്കെന്താ ആ കുട്ടിയോടൊരു പ്രത്യേക ഇഷ്ടം…. ലീല ചിരിച്ചു കൊണ്ട് ചോദിക്കുമ്പോൾ മഹാ ദേവൻ അൽപ സമയം ചിന്തിച്ചു നിന്നു….. അറിയില്ല സിസ്റ്ററെ….. ആ കുട്ടിയെ കണ്ടത് മുതൽ തന്റെ ആരോ ആണെന്ന് മനസ്സ് പറയും പോലെ….. എന്തോ ഒരു വൈകാരിക ബന്ധം തങ്ങൾക്കിടയിൽ കൂട് കൂട്ടിയ പോലെ….. മഹാദേവനത് പറയുമ്പോൾ ആ വാക്കുകളിലെ ആത്മാർഥത കേട്ട് നിൽക്കുന്നവർക് മനസ്സിലാകുമായിരുന്നു…. നല്ല പ്രായത്തിൽ കല്യാണം കഴിച്ചിരുന്നേൽ ഇന്നത് പോലൊരു കൊച്ചു വീട്ടിലിരുന്നേനെ ഡോക്ടറെ……. . ലീല തമാശയായി പറഞ്ഞു നടന്നകലുമ്പോൾ മഹാദേവൻ പുഞ്ചിരിച്ചു കൊണ്ട് നിന്നു….. വിവാഹം…. അതെന്നേ ഹൃദയം കൊണ്ട് കഴിഞ്ഞതാണ്….. രാജിയുടെ ഓർമ്മകൾ അയാളുടെ കണ്ണുകളിൽ ഊറി നിന്നു… ബന്ധത്തേക്കാൾ അത് തന്നിലൊരു ബന്ധനമായിരുന്നില്ലേ…. അവൾക്ക് തന്നെ മറക്കാൻ കഴിഞ്ഞെങ്കിലും തന്റെ ഹൃദയം എന്തോ അവളിലേക്ക് മാത്രമായി ചുരുങ്ങിപ്പോയി……

ഭാമയുടെ കൈ പിടിച് ആ വരാന്തയിലൂടെ നടക്കാൻ മഹാ ദേവനുണ്ടായിരുന്നു…. വേദനിപ്പിക്കാനോ സന്തോഷിപ്പിക്കാനോ ഉള്ള ഒരുതരം ഓർമ്മകളും അവളിലില്ലാത്തത് കൊണ്ട് തന്നെ ഡോക്ടർ പറയുന്നതിലേക്ക് മാത്രമായി അവളുടെ ലോകം ചുരുങ്ങുകയായിരുന്നു….. എന്നാൽ ആരുമായും അത്ര മേൽ ആത്മബന്ധം സൂക്ഷിക്കാത്ത അയാളുടെ ലോകം അവളിലൂടെ വിശാലമാവുന്നത് അയാളറിഞ്ഞിരുന്നു….. നാടോ വീടോ അച്ഛനെയോ അമ്മയെയോ എന്തെങ്കിലും ഓർമ വരുന്നുണ്ടോ ലക്ഷ്മി….. മഹാദേവനത് ചോദിക്കുമ്പോൾ അവൾ പതിയേ മുഖമുയർത്തി…. എന്റെ നാടും വീടും അച്ഛനുമമ്മയും എല്ലാം നിങ്ങളായത് പോലെയുണ്ട് ഡോക്ടർ….. അവളത് പറഞ്ഞത് അത്രമേൽ ഹൃദമായത് കൊണ്ട് തന്നെ അയാൾക്കവളെ ചേർത്ത് പിടിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല……

അയാളുടെ കണ്ണുകളിൽ നീർമുത്തുകൾ തിളങ്ങി….. ഹോസ്പിറ്റലിൽ കിടക്കേണ്ട ഒരു ആവശ്യവും ഇപ്പൊ തനിക്കില്ല….. യു ർ പെർഫെക്റ്റ്ലി ആൽറൈറ്…… മഹാദേവൻ പുഞ്ചിരിച്ചു കൊണ്ടത് പറയുമ്പോൾ അവളുടെ മുഖം പെട്ടെന്ന് മാറി…… ആരോരുമില്ലാത്ത ഞാനിനി എങ്ങോട്ട് പോവും ഡോക്ടർ …… അവളുടെയാ ചോദ്യം അയാളിലും ഒരു നീറ്റൽ നൽകി….. ലക്ഷ്മിക്കാരുമില്ലെന്ന് ആരാ പറഞ്ഞത്…. കാത്തിരിക്കാൻ ഒത്തിരി പേരുള്ള ഒരാളായിരിക്കാം ലക്ഷ്മി…. തന്നെ കാണാത്തതിൽ ഹൃദയം നൊന്ത് കരയുന്ന ഒരച്ഛനുമാമ്മയും ഉണ്ടായിരിക്കാം….. കൂടെ പിറപ്പിനെ കാത്തിരിക്കുന്ന സഹോദരങ്ങളുണ്ടായിരിക്കാം…… പറ്റാവുന്നിടത്തൊക്കെ അന്നെഷിക്കുന്നുണ്ട്… എത്രയും പെട്ടെന്ന് അവർ നിന്നെ തേടിയെത്തും…. അത് വരെ നിന്നെ ഞാൻ കൂടെ കൂട്ടിക്കോളാം….. അതും പറഞ്ഞവളുടെ മുഖം കയ്കുമ്പിളിലെടുക്കുമ്പോൾ അവളുടെ മുഖത്ത് ആശ്വാസം തളം കെട്ടി നിന്നു…

അവളെ കൂട്ടി അയാൾ ചെന്നു നിന്നത് മനോഹരമായൊരു വീടിന്റെ മുറ്റത്താണ്…. ആശുപത്രിയിൽ നിന്നോത്തിരി ദൂരെയല്ല ആ വീട്.. കുഞ്ഞ് വീടിന്റെ നാല് പാടും മനോഹരങ്ങളായ ചെടികൾ വെച്ചു പിടിപ്പിച്ചിരിക്കുന്നു….. പൊതുവെ തണുപ്പുള്ള പ്രദേശമായതിനാലാവാം ജനൽ പാളികൾ ചില്ലുകളാൽ കാണപ്പെട്ടത്…. ചെടികൾക്ക് നടുവിലായി ഒരു കുഞ്ഞ് മേശയും കസേരയും…….. അവൾക്ക് മൊത്തത്തിൽ ആ അന്തരീക്ഷം വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു….. അകത്തേക്ക് കയറി ചെല്ലുമ്പോൾ അവരുടെ കുടുംബങ്ങൾക്കായി അവളുടെ കണ്ണുകൾ പരതിയെങ്കിലും വളരേ നിശബ്ദമായ അന്തരീക്ഷം അവളെ സംശയത്തിലാക്കി…. ഇവിടെ ഡോക്ടർ ഒറ്റക്കാണോ താമസം…… അല്ലാ….. ഒരാള് കൂടിയുണ്ട്… അയാൾ പുഞ്ചിരിച്ചു കൊണ്ടത് പറഞ്ഞു നടന്നത് ഒരു മുറിയിലേക്കായിരുന്നു….. ജനലിനോരത്തായി ചാരു കസേരയിലിരിക്കുന്ന ആ വൃദ്ധയിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു…..

ഡോക്ടറിനന്റെ അമ്മയായിരിക്കാം ഒരുപക്ഷെ എന്നവളൂഹിച്ചു….. ആളനക്കം അറിഞ്ഞതും മുഖത്തെ കണ്ണട ശെരിയാക്കി അവർ അവരെ നോക്കി…… വാ….. അയാളവളെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി…. ഇതാണോ നിന്റെ ലക്ഷ്മി….. അവർ പുഞ്ചിരിച്ചു കൊണ്ടത് ചോദിക്കുമ്പോൾ അയാൾക്കൊപ്പം അവളും പുഞ്ചിരിച്ചു…… ദിവസങ്ങൾ നീങ്ങും തോറും ആ വീടുമായി അവളും ഇഴുകി ചേർന്നു…. ആ വീട്ടിലൊരംഗമായി അവൾ മാറാൻ അധിക സമയം വേണ്ടി വന്നില്ല….. അവൾ സ്വന്തം വീട്ടിലെത്തി ചേർന്ന പോലെ തോന്നിയവൾക്ക്….. അവരുമായി അവൾക്കുള്ള ബന്ധതെ ഏതോ കാണാ നൂല് കൊണ്ട് ബന്ധിച്ച പോലെ…. താനൊരു അഭയാർത്തിയാണെന്നുള്ള അവളുടെ ചിന്തകൾ പാടേ മറന്നത് അച്ഛന്റെ വാത്സല്യം തന്ന് തന്നെ ചേർത്ത് പിടിക്കുന്ന അയാളിലൂടെയായിരുന്നു… അടുക്കളയിൽ അവളുടെ കൈയാൽ സ്വാദ്ള്ള വിഭവങ്ങൾ ജന്മം കൊണ്ടു….

മുത്തശ്ശിയോടൊപ്പം പകൽ സമയം ചിലവഴിച്ചാലും സന്ധ്യയോന്ന് മയങ്ങി വരുന്ന ഡോക്ടർക്കായി അവൾ കാത്തു നിന്നു…. കയ്യിൽ അവൾക്കായി കരുതിയ പലഹാരങ്ങൾ നീട്ടുമ്പോൾ അതത്ര മേൽ ആസ്വദിച്ചു കഴിക്കുന്നവൾ അയാളുടെ കണ്ണുകൾക്കും കുളിര്മയുള്ള കാഴ്ചയായിരുന്നു…… ഉറങ്ങിപ്പോയ വീട് അവളുടെ വരവിനാൽ ഉണർന്നിരുന്നു……. ആഭരണപ്പെട്ടിയിൽ ആർക്കും കയമാറാനില്ലാതെ മുത്തശ്ശി സൂക്ഷിച് വെച്ച വെള്ളി കൊലുസ് തന്റെ കാലുകളിലേക്കിട്ട് തരുമ്പോൾ നിറഞ്ഞത് തന്റെമനസ്സായിരുന്നില്ലേ….. ആ പാദസരത്തിന്റെ ശബ്ദം ആ വീട്ടിൽ നിറഞ്ഞു നിൽക്കും തോറും അവരുടെ സന്തോഷവും പരക്കുകയായിരുന്നില്ലേ…. മുത്തശ്ശിക്ക് ഇതൊന്നും കൊടുക്കാൻ ആരുമില്ലാതായി പ്പോയി…. ഈ വീട് മൂകതയിലേക്ക് ആഴ്ന്നിറങ്ങിയത് അത് കാരണമാണ്…. നിന്നെ പോലെയുള്ള പേരക്കുട്ടികളെ കൊഞ്ചിച്ചിരിക്കേണ്ട ഞാനായിരുന്നു….. എല്ലാം ആ പെണ്ണൊരുതി കാരണമാണ്…. ഭാമ അവരുടെ വാക്കുകൾക്ക് ശ്രദ്ധയോടെ ചെവിയോർത്തു…… പ്രണയം മനുഷ്യരെ അന്ധന്മാരാക്കുമല്ലോ…. അവന്റെ നല്ല പ്രായത്തിൽ അവൻ കുടുങ്ങിയ അവൾ വലിയ തറവാട്ടിലെയായിരുന്നു….

അവളുടെ അച്ഛൻ ഇവരുടെ പ്രണയമറിഞ്ഞു അവളെ വേറെ കാല്യാണം ഉറപ്പിക്കുകയും എന്റെ മോനെ കൊല്ലാൻ ആളെ അയക്കുകയും ചെയ്തു…. ഭാഗ്യത്തിന്റെ കണികയോ എന്റെ പ്രാർത്ഥനയോ എന്നറിയില്ല….. അവൻ തലനാരിഴക്ക് മരണത്തിൽ നിന്നും രക്ഷപ്പെട്ടു….. വീണ്ടും അവർ അവനെ പിന്തുടരുന്നുണ്ടെന്നറിഞ്ഞതും എന്നെയും കൂട്ടി അവൻ ദൂരെ ഇവിടേക്ക് എത്തി ചേർന്നു….. പഴയ ഓർമ്മകൾ മറക്കാൻ അവനിന്നും കഴിഞ്ഞിട്ടില്ല… അല്ലെങ്കിൽ……. അവളെതോ നാട്ടിൽ കുടുംബവും കുട്ടികളുമായി സന്തോഷത്തോടെ കഴിയുകയായിരിക്കും…. എന്നാൽ എന്റെ മോൻ…. ഞാൻ കൂടി പോയാൽ അവൻ തനിച്ചായി പോവുമല്ലോയെന്നോർക്കുമ്പോഴാണ്…… അവരുടെ ശബ്ദം ഇടറി… കണ്ണട മുഖത്ത് നിന്ന് നീക്കി കണ്ണുകളവർ അമർത്തി തുടച്ചു….. ഭാമക്ക് ഹൃദയത്തിൽ വല്ലാത്ത വേദന തോന്നി…. നിന്നെ ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ അവൻ പറഞ്ഞിരുന്നു അവന് അവനെ തന്നെയാണ് നിന്നിൽ കാണുന്നതെന്ന്…..

ഒരുപക്ഷെ അവളും പ്രണയത്തിന്റെ പേരിൽ അക്രമിക്കപ്പെട്ടവളാകാമെന്ന്…… പ്രണയത്തിന്റെ പേരിൽ മാത്രമേ ഇത്രയേറെ വേദനകൾ ഏറ്റു വാങ്ങേണ്ടതായും യാധനകൾ സഹിക്കേണ്ടതായും വരികയുള്ളു എന്നു….. അവരത് പറഞ്ഞതും അവളാലോചിച്ചു…. ആണോ…. താനും ഇത് പോലെ പ്രണയത്താൽ മുറിവേറ്റവളാണോ…. എങ്കിൽ ആരാണവൻ…. മനസ്സിൽ മിന്നി തെളിഞ്ഞൊരു മുഖമുണ്ടായിരുന്നു…. എന്നാൽ ആ മുഖത്തിനത്രയും വ്യക്തത കുറവായിരുന്നു.. തലക്ക് ഭാരം തോന്നിയത് കൊണ്ട് തന്നെ അവൾ വേഗം കണ്ണുകളടച്ചു……….. (തുടരും )