രചന – ആയിഷ അക്ബർ
തിരിച്ചു പോക്കെന്ന കാര്യം ഓർത്തപ്പോഴേക്കും മനസ്സിൽ ആദ്യം തെളിഞ്ഞു വന്നത് ഹിമയുടെ മുഖമായിരുന്നു…
അവളെന്ന ലോകത്ത് താൻ ബന്ധനസ്തനായത് പോലെ തോന്നി….
നീയെന്താ പെട്ടെന്നിങ്ങോട്ട്….
അവളുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകാൻ പ്രയാസമാണെന്നറിയുന്നത് കൊണ്ട് തന്നെയാണ് അവൻ വിഷയം മാറ്റിയത്….
ചില ഓർമ്മകൾ അങ്ങനെയാണല്ലോ…. മറക്കാൻ ശ്രമിക്കും തോറും അത് നമ്മെ കൂടുതൽ ഓർമിപ്പിച്ചു കൊണ്ടിരിക്കും…..
കുറച്ചു നേരം നിശബ്ദയായ ശേഷം ദൂരേക്ക് മിഴികൾ പായിച്ചു കൊണ്ടാണ് ലൈലായത് പറഞ്ഞത്…. അപ്പോഴും ആ കണ്ണുകളിലൊരു തിളക്കം അവന് കാണുന്നുണ്ടായിരുന്നു….
ഇങ്ങനൊരാവസ്ഥയിൽ….
റാനി പറഞ്ഞു തുടങ്ങും മുന്പേ ലൈല വേണ്ടെന്ന അർത്ഥത്തിൽ കൈകൾ ഉയർത്തി കാണിച്ചു…..
നിനക്ക് ന്യായീകരണങ്ങൾ ഒത്തിരിയുണ്ടെന്ന് എനിക്ക് പണ്ട് മുതലേ അറിയാം റാനീ….
നിന്റെ പ്രശ്നങ്ങളും പ്രാരാബ്ദങ്ങളുമൊന്നും എന്റെ പ്രണയത്തിനു തടസ്സമല്ലെന്നു പറഞ്ഞിട്ടും നിനക്കത് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ അതിനു കാരണം നിന്റെയുള്ളിൽ പ്രണയമില്ലാത്തത് കൊണ്ട് മാത്രമാണ്…….
അവൾ പറഞ്ഞു നിർത്തുമ്പോൾ ഉള്ളിൽ നിന്നൊരു തേങ്ങൽ അവന് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു….
ഞാൻ അതൊന്നും പറഞ്ഞു തർക്കിക്കാനല്ല വന്നത്…… ഒരു പ്രൊജക്റ്റിന്റെ ആവശ്യത്തിന് വേണ്ടി യാത്ര പോകുകയാണെന്നും പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയത് നിന്നെ കാണാൻ തുടിക്കുന്ന കണ്ണുകൾക്ക് അല്പം ആശ്വാസം നൽകാനാണ്… നിന്റെ സ്വരം കേൾക്കാൻ കാത്തിരിക്കുന്ന കാതുകൾക്ക് ശമനം നൽകാനാണ്…..
കുറച്ചു ദിവസം കഴിഞ്ഞാലെനിക്ക് തിരിച്ചു പോകുക തന്നെ വേണം….
അത് വരെ നിന്റെ കൂടെ താമസിക്കാനുള്ള അനുവാദം മാത്രം നീയെനിക്ക് തരണം…..
അവനൊന്നും മിണ്ടിയില്ല….
അകത്തേക്കു വാ…. നല്ല മഞ്ഞ് വീഴ്ചയുണ്ട്……
അവൻ അവളുടെ തോളിൽ തട്ടിയത് പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു…..
അവളും അവന് പിറകെ നടന്നു……
മാർദ്ദവമേറിയ മെത്തയിൽ കിടന്നു ശീലിച്ച അവൾ പരുക്കനായ തറയിൽ പായ വിരിച്ചു കിടക്കുന്നത് കാണുമ്പോൾ റാനിക്ക് വല്ലാത്ത സങ്കടം തോന്നി…
തറയിൽ കിടന്നു ശീലമില്ലാത്തവൾക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നിയിരുന്നു….. അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു….
രാവിലെ എഴുന്നേറ്റപ്പോഴും മേലാസകാലം വേദന തോന്നിയിരുന്നു….
എഴുന്നേൽക്കുമ്പോൾ വേദന കൊണ്ട് മുഖം ചുളിക്കുന്നവളെ നോക്കി പുഞ്ചിരിയോടെ റാനി നിൽക്കുന്നുണ്ടായിരുന്നു…
അവന്റെ കയ്യിൽ ചൂട് പാറുന്ന കട്ടൻ കാപ്പിയുമുണ്ടായിരുന്നു….
എന്താണ് ലൈല മാഡം…
മുഖത്തൊരു വല്ലായ്മ….
അവൻ കുസൃതി ചിരിയോടെ ചോദിച്ചപ്പോൾ അവളൊന്ന് പരുങ്ങി….
ഏയ്… ഒന്നുമില്ല….
മേല് വേദനയെടുക്കുന്നുണ്ടോ….
അവൻ ചോദിക്കുമ്പോൾ അവൾ അതേയെന്ന അർത്ഥത്തിൽ തലയാട്ടി…
അതിനൊരു മരുന്നുണ്ട്…. ഇന്നലെ പറഞ്ഞ ആ പ്രണയം ഉണ്ടായിരുന്നില്ലേ…. അതിൽ നിന്നു കുറച്ചെടുത്തു തേച്ചാൽ മതി….. പെട്ടെന്ന് മാറിക്കോളും…..
അവൻ ചിരിച്ചു കൊണ്ടത് പറയുമ്പോൾ അവളെ കളിയാക്കിയാണ് പറയുന്നതെന്ന് മനസ്സിലായപ്പോൾ അവൾ മുഖം കൂർപ്പിച്ചവനെ നോക്കി….
ചെല്ല്…..കുളിമുറിയിൽ ചൂട് വെള്ളം എടുത്ത് വെച്ചിട്ടുണ്ട്…ഈ കാപ്പി കുടിച്ചിട്ട് തല വഴിയൊഴിച്ചോന്ന് കുളിച്ചു വാ…..
അവൾ ചൂടു കാപ്പി ചുണ്ടോടു ചേർക്കുന്നതും നോക്കിയവൻ നിന്നു….
ആദ്യമായി തനിക്ക് തറയിൽ കിടന്നപ്പോഴുണ്ടായ അതേ ബുദ്ധിമുട്ടവൾക്കും തോന്നുമെന്നുറപ്പുള്ളതിനാലാണ് അതിരാവിലെ വെള്ളം ചൂടാക്കി വെച്ചത്….
മണിമാളികയിൽ കഴിഞ്ഞവൾക്ക് കുടിലിനോട് പൊരുതൊപെടാനുള്ള പ്രയാസം അവനറിയാമായിരുന്നു….
ഇതൊക്കെ തന്നെയാണ് പലവട്ടം ഞാൻ നിന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നത്…..
നിനക്ക് ചേരുന്ന റാനിയല്ല ഞാനിപ്പോൾ….. പൊരുത്തപ്പെടാൻ നിനക്ക് കഴിയി……
അവളോടത് പറഞ്ഞു മുഴുവനാകും മുന്പേ അവൾ കൈകളെ കൊണ്ടവന്റെ വാ പൊത്തിയിരുന്നു…..
ഞാൻ പറയുന്ന പ്രണയത്തിന്റെ അർത്ഥം നിനക്കെന്നു മനസ്സിലാവുമെന്നെനിക്കറിയില്ല റാനീ…..
പക്ഷെ മനസ്സിലാകുന്ന ഒരു ദിവസം തീർച്ചയായും വരും….
അതും പറഞ്ഞു കൊണ്ടവൾ കുളിക്കാനായി പ്പോയി… അവൾ കുളി കഴിഞ്ഞു വന്നപ്പോഴേക്കും അവൻ ജോലിക്ക് പോയിരുന്നു…..
പതിവ് പോലെ അന്നും അവൻ ഹിമയെ കണ്ടിരുന്നു…..
അവനെ കാണുമ്പോൾ ആ മുഖത്ത് വിടരുന്ന പുഞ്ചിരി മാത്രം മതിയായിരുന്നു അവനാ ദിവസം മുഴുവൻ ഓർക്കുവാൻ…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
റാനീ…. ആ കൊച്ചു വന്നിട്ട് എന്നെ കണ്ട് ബോറടിച്ചു തുടങ്ങിയിട്ടുണ്ടാവും…. നീ രണ്ട് ദിവസം ലീവെടുക്ക്….
അവളെ നാടൊക്കെ ഒന്ന് ചുറ്റി കാണിച്ചു കൊടുക്ക്…
ശെരിയാണെന്നവന് തോന്നിയെങ്കിലും ഹിമയെ ഓർക്കുമ്പോൾ അവന് ബസ്സിൽ പോകാതിരിക്കാൻ കഴിയുമായിരുന്നില്ല…..
എങ്കിലും അവൻ രമേശനെ വിളിച്ചു ലീവ് പറഞ്ഞു…..
ലൈലയുടെ മുഖം വിടർന്നിരുന്നു….
അവനവളെ കൂട്ടി പലയിടത്തും കറങ്ങി….
സ്ഥലങ്ങളെക്കാളേറെ അവളിൽ നിറഞ്ഞു നിന്നതത്രയും റാനിയായിരുന്നു….. അതവനറിയുന്നുണ്ടെങ്കിലും അവൻ മനപ്പൂർവം ഒഴിഞ്ഞു മാറി….
വൈകുന്നേരം വായനാശാലയിലേക്ക് പോകുമ്പോഴും അവന്റെ കൂടെ അവളും ഉണ്ടായിരുന്നു….
എതിർ വശത്തായി നടന്നു വരുന്ന ഹിമയെ കണ്ടവന്റെ കണ്ണുകൾ വിടർന്നെങ്കിലും അവളുടെ നോട്ടമത്രയും അവന്റെ കൂടെയുള്ള സുന്ദരിയായ ആ പെൺകുട്ടിയിലേക്കായിരുന്നു….
അപ്പോഴാണ് ലൈല അവന്റെ കൈകളിൽ പിടിച്ചത്…..
ഹിമക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി…
തിരിഞ്ഞു നടക്കുമ്പോൾ അവൻ പിറകിലേക്ക് തിരിഞ്ഞവളെ നോക്കുന്നുണ്ടായിരുന്നെങ്കിലും കലങ്ങിയ കണ്ണുകൾ കൊണ്ടവനെ നോക്കാൻ അവൾ മുതിർന്നില്ല….
പിറ്റേന്ന് ബസ്സിൽ പോയപ്പോഴും അവളവനെ നോക്കുന്നുണ്ടായിരുന്നില്ല…
മുഖം കൂർപ്പിച്ചു നിൽക്കുന്ന അവളെ അവൻ അമ്പരപ്പോടെ നോക്കി…..
അവന്റെ വീടിന്റെ മുന്നിലുള്ള സ്റ്റോപ്പിലെത്തിയപ്പോൾ അവനെ കാത്തെന്ന പോൽ ലൈല അവിടെയുണ്ടായിരുന്നു…
അവളുടെ കൈകളിൽ പൊതിഞ്ഞു വെച്ച ഭക്ഷണം അവന് നേരെ കൊടുക്കുമ്പോഴും അവളുടെ മുഖം വിടർന്നു കാണപ്പെട്ടു…..
അവളുടെ പുഞ്ചിരി ഹിമക്കത്ര മേൽ അസ്സഹനീയമായി തോന്നി….
നിന്റെ മുറച്ചെറുക്കന്റെ കൂടെയേതാടീ ഒരു സുന്ദരി…
അഞ്ജലി തന്നെ കളിയാക്കിയാണ് ചോദിക്കുന്നതെന്ന് അറിയാമായിരുന്നത് കൊണ്ട് തന്നെ അവൾ നിശബ്ദയായി…..
നാല് കുപ്പി വള തന്നത് കൊണ്ട് നീയവനെ മനസ്സിൽ വെച്ചു നടന്നിട്ടൊന്നും ഒരു കാര്യവുമില്ല…..
അഞ്ജലി പുച്ഛിച്ചു കൊണ്ടത് പറയുമ്പോൾ ശെരിയാണെന്നവൾക്കും തോന്നി…..
ഇഷ്ടമാണെന്ന് ഇത് വരെ പറഞ്ഞിട്ടില്ലെങ്കിലും അവനിലെ ഇഷ്ടത്തെ അവൾ തിരിച്ചറിഞ്ഞിരുന്നു….
എന്നാൽ ആ പെൺകുട്ടി….
അവൾ ഇവിടുത്തുകാരിയല്ല….
ഇത്രയേറെ ദൂരം കടന്ന് അവനിലേക്ക് വരാൻ മാത്രം അവര് തമ്മിലുള്ള ബന്ധം എന്തായിരിക്കും….
ഓർക്കും തോറും അവൾക്കൊന്നുറക്കെ കരയാൻ തോന്നി….
അവൾ ഇറങ്ങാനായപ്പോൾ ഡോറിന്റെ അരികിലായി നിന്നു….
അവളുടെ അടുത്തായി അവനും നിന്നിരുന്നു….
അവളുടെ മുഖം അപ്പോഴും ദേഷ്യത്തിൽ തന്നെയായിരുന്നു…..
അവൻ മുഖത്തേക്ക് നോക്കുന്നുണ്ടെന്നറിഞ്ഞിട്ടും അവൾ പുറത്തേക്ക് നോക്കിയിരുന്നു…. അപ്പോഴും അവന്റെ ചൊടികളിൽ ഒരു പുഞ്ചിരി പറ്റിപ്പിടിച്ചിരുന്നു……
ബസ്സിലെവിടെയോ ഒരു കടന്നൽ കൂട് കണ്ടിരുന്നല്ലോ രമേശേട്ടാ….
അതിലെ കടന്നലിവിടെ ആരൊക്കെയോ കുത്തിയിട്ടുണ്ടെന്ന് തോന്നുന്നു…..
അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ടത് പറയുമ്പോൾ രമേശനും ചിരിച്ചു…..
അവളവനെ തറപ്പിച്ചൊന്നു നോക്കി…..
കൂടെ നടക്കാനും ഭക്ഷണം കൊണ്ട് തരാനുമൊക്കെ ആളായല്ലോ…. അപ്പൊ ഇനി അങ്ങനെയൊക്കെ തോന്നും…..
അവൾ അർത്ഥം വെച്ചത് പറഞ്ഞു നിർത്തുമ്പോൾ അവൾക്ക് കരച്ചിൽ വരുന്നത് പോലെ തോന്നിയവന്….
അവളുടെ ദേഷ്യത്തിന്റെ കാരണം ലൈലയാണെന്നറിഞ്ഞതും അവന് ചിരി വന്നു…..
അത്…. അവൾ…..
പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവളുടെ സ്റ്റോപ്പെത്തി ദേഷ്യത്തിൽ അവളിറങ്ങിപ്പോയി….
പതിവായി തിരിഞ്ഞു നോക്കാറുള്ള അവൾ അത് പോലുമില്ലാതെ പോകുമ്പോൾ അവനവളെ തന്നെ നോക്കിനിന്നു….
(തുടരും )

by