രചന – നന്ദ നന്ദിത
ഇവൾ എന്താ ഇവിടെ…?”
ഉണ്ണി ദേഷ്യത്തോടെ ഊർമിളയോടെ ചോദിച്ചു
“അതെന്ത് ചോദ്യം ആണ് ഉണ്ണി…?? അവൾ ഇവിടെ അല്ലേ കിടക്കണ്ടേ…??
“അല്ല… പറ്റില്ല… ഇപ്പൊ ഈ നിമിഷം ഇവളെ ഇവിടുന്ന് പുറത്താക്കണം…”
ഉണ്ണി ദേഷ്യത്തോടെ സംസാരിച്ചതും… ഊർമിളയുടെ കൈ ഉണ്ണിയുടെ കവിളിൽ പതിഞ്ഞു.
“ഇതിനു മുന്നേ അവളുടെ കൂടെ കിടക്കാൻ നിനക്ക് ഒരു കുഴപ്പം ഇല്ലായിരുന്നല്ലോടാ…?? ഇപ്പൊ നിനക്ക് എന്ത് പറ്റി…??
“അമ്മേ ഞാൻ..!!”
“വേണ്ട.. ഇനി നീ ഒരക്ഷരം മിണ്ടരുത്…!!നീ ചെയ്തതിനു ഇത് കുറഞ്ഞുപോയെന്ന് അമ്മക്ക് അറിയാം…പക്ഷെ…!!”
” നീ ചെയ്ത് കൂട്ടിയതൊക്കെ അറിഞ്ഞ നിമിഷം, കല്യാണമാണ്ഡപത്തിൽ എല്ലാവരുടെയും മുന്നിൽ തലകുനിച്ചു നിന്നൊരു അമ്മയാടാ ഞാൻ… നീ എന്റെ വയറ്റിൽ തന്നേ വന്നു കുരുത്തല്ലോടാ മഹാപാപി….!! നോക്ക്… ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… ഇവൾ ഇന്ന് മുതൽ നിന്റെ ഭാര്യ ആണ്… അതിന്റെ എല്ലാ അവകാശവും ഇവൾക്ക് ഈ വീട്ടിൽ ഉണ്ടാവും…!!
തിരിച്ചു പ്രതികരിക്കാൻ അറിയാത്ത ഈ പാവത്തിനെ കഷ്ടപ്പെടുത്താൻ ആണ് ഉദ്ദേശമെങ്കിൽ… നീ ഈ അമ്മയുടെ ഇത് വരെ കാണാത്തൊരു മുഖം കാണും…!!
“എന്റെ മകൻ ഒരു പാവം ആയിരുന്നു എന്നാണ് ഞാൻ കരുതിയത്…. നിന്റെ ഉള്ളിലും, നിന്റെ അച്ഛന്റെത് പോലെ മറ്റൊരു മുഖം ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല….!!
“അമ്മേ ഞാൻ…!!”
“വേണ്ട… ഇനി ഒന്നും പറയണ്ടാ…ഒരു കാര്യം കൂടെ നിന്റെ അച്ഛൻ വരുമ്പോൾ പറഞ്ഞേക്കൂ…
ആഗ്രഹിച്ചതൊക്കെ നേടിയെടുക്കാൻ, കാട്ടികൂട്ടുന്ന ദുഷ്ടത്തരങ്ങൾ… മുകളിൽ ഉള്ള ഒരാൾ കാണുന്നുണ്ടെന്ന്…ഒരിക്കൽ എല്ലാത്തിനും അയാൾ കണക്ക് പറയേണ്ടി വരുമെന്ന്…”
അത്രയും പറഞ്ഞു ഊർമിള ഇറങ്ങി പോയി, കൂടെ അമ്മുവും
മുറിയിൽ നീലുവും, ഉണ്ണിയും മാത്രമായി
“ഉണ്ണിയേട്ടാ… ഉണ്ണിയേട്ടന് വേനിച്ചോ…?? അമ്മായി തല്ലിയിട്ട്…??”
അവൾ പതിയെ പേടിച്ചു പേടിച്ചു ഉണ്ണിയുടെ കവിളിൽ തൊട്ടു..
“ഹും…!!”ഉണ്ണി ദേഷ്യത്തോടെ അവളുടെ കൈതട്ടി പുറത്തേക്ക് പോയി
നീലിമ എന്ത് ചെയ്യണം എന്ന് അറിയാതെ കുറെ നേരം മുറിയിൽ നിന്നു..
പിന്നെ മേശയുടെ മുകളിൽ വെച്ചിരുന്ന ഉണ്ണിയുടെ ഫോട്ടോ കയ്യിൽ എടുത്തു.
“ഉണ്ണിയേട്ടനോട് നീലു മിണ്ടുല… എന്നോട് പിണങ്ങീലെ..??എന്നോട് ഇപ്പൊ ഒട്ടും ഇഷ്ടില്യാലോ ഉണ്ണിയേട്ടന്… ഇനി ഞാൻ ഞാവൽപഴോ, അമ്മ ഇണ്ടാക്കണ ഉണ്ണിയപ്പോ ഒന്നും കൊണ്ടു തരുലാ…”
അവൾ ആ ഫോട്ടോ എടുത്ത് നെഞ്ചോട് ചേർത്ത് കട്ടിലിൽ കേറി കിടന്നു
***************
പ്രിയയുടെ വോൾപേപ്പർ ഇട്ട ഫോൺ അൺലോക്ക് ആക്കി, ഉണ്ണി പ്രിയ എന്ന നമ്പറിലേക്ക് കാൾ ചെയ്തു.
നിരാശ ആയിരുന്നു ഫലം…
“പ്രിയാ… നീ… നീയും എന്നെ…??”
അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു
പിന്നെയും ഒന്ന് രണ്ട് തവണ കൂടെ ഫോൺ വിളിച്ചെങ്കിലും… കിട്ടാതായപ്പോൾ… അവൻ മുറിയിലേക്ക് മടങ്ങി പോയി
മുറിയിലേക്ക് കേറി, കതക് ചാരി കിടക്കാൻ കട്ടിലിനടുത്തു വന്നപ്പോഴേക്കും കണ്ടു, തന്റെ ചിത്രം നെഞ്ചോരം ചേർത്ത് പിടിച്ചു ഉറങ്ങുന്ന നീലുനെ…
അവൻ പതിയെ അവൾക്ക് അരികിലേക്ക് നീങ്ങി, പതിയെ കൈകൾ മാറ്റി ആ ഫോട്ടോ എടുത്തു
ഒരു നിമിഷം അവളുടെ നിഷ്കളങ്കമായ മുഖം നോക്കി നിന്നു
അടുത്ത നിമിഷം, ഫോട്ടോ മേശയിലേക്ക് വെച്ചു…
അവളുടെ കാൽപാദത്തിലേക്ക് കൈകൾ ചേർത്ത് വെച്ചു…
അവന്റെ കണ്ണുകളിൽ നിന്ന് ഉതിർന്നു വീണ കണ്ണുനീർ കവിളിലൂടെ അവളുടെ കാൽപാദങ്ങളിലേക്ക് പതിച്ചു.
കുറച്ചു സമയങ്ങൾക്ക് ശേഷം, പുതപ്പെടുത്തു അവളെ പുതപ്പിച്ചു,
കട്ടിലിൽ ഒരു ഓരം ചേർന്നവൻ കിടന്നു
രാവിലെ, കണ്ണുതുറക്കുമ്പോൾ , തന്നോട് ചേർന്നു നീലു കിടക്കുന്നുണ്ടായിരുന്നു…
നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകളെ മാറ്റി…അവളുടെ നെറുകയിൽ വിരലുകൾ ഓടിച്ചു..
അല്പസമയത്തിന് ശേഷം, അവൻ എഴുന്നേറ്റ്… പോയി
കുളികഴിഞ്ഞു റെഡി ആയി, താഴേക്ക് വരുമ്പോൾ,
ഊർമിളയും, അമ്മുവും ബ്രേക്ഫാസ്റ് എടുത്ത് മേശയിലേക്ക് വെച്ചു… അപ്പോഴേക്കും വാസുദേവനും എത്തിയിരുന്നു
വാസുദേവനെ കണ്ടതും ഊർമിള അടുക്കളയിലേക്ക് പോയി
അമ്മു അച്ഛനും ഏട്ടനും വിളമ്പി കൊടുത്തു.
അപ്പോഴേക്ക് ഉറക്കം എഴുന്നേറ്റ് നീലുവും വന്നു…
മേശപ്പുറത്തിരിക്കുന്ന ഇഡലിയും സാമ്പാറും കണ്ട് അവളുടെ കണ്ണുകൾ തിളങ്ങി…
“ഹായ്.. ഇഡലി…”അവൾ ഓടി വന്നു കസേരയിൽ ഇരുന്നു, പ്ലേറ്റ് എടുത്ത് ഇഡലി എടുത്തു…
“ഹാ… വന്നോ നശുലം… ഛെ… എന്താ ഈ പെണ്ണ് കാട്ടണേ…”
വാസുദേവൻ പല്ലിറുമി.
ഉണ്ണി വേഗം എഴുന്നേറ്റ് കൈകഴുകി…കാറെടുത്തു പോയി
അത് കണ്ടതും വാസുദേവൻ വേഗം ദേഷ്യത്തോടെ എഴുന്നേറ്റ് അവളുടെ നേരെ ചെന്നു…
അവളെ വലിച്ചു എഴുന്നേൽപ്പിച്ചു
“എണീക്കടി… നീ ഇവിടുത്തെ കെട്ടിലമ്മ ആയി വാഴം എന്ന് കരുതിയോ…വാഴിക്കാടി നിന്നെ ഞൻ…”
“നിർത്ത്…നിർത്താൻ…”
ഊർമിള വേഗം അടുക്കളയിൽ നിന്ന് വന്നു
“നിങ്ങളുടെ പരാക്രമം ഈ പാവത്തിനോട് വേണ്ട…!!”
“ടീ…!!!”
“വെറുതെ കിടന്ന് അലറണ്ട…!!നിങ്ങളെ സ്നേഹിക്കേം, അനുസരിക്കേം ചെയ്തിരുന്ന ഊർമിള അല്ലിപ്പൊ…അത് കൊണ്ട് എന്നെ ഇനി ഭയപ്പെടുത്താം എന്ന് വിചാരിക്കേം വേണ്ട…!!”
“നീ വാ മോളെ…”അവർ നീലിയെ ചേർത്ത് പിടിച്ചു കൊണ്ട് അകത്തേക്ക് പോയി
“ഛെ…!!വാസുദേവൻ ദേഷ്യത്തോടെ അവിടിരുന്ന പ്ലേറ്റ് തട്ടി മറിച്ചു പുറത്തേക്ക് പോയി
” മോള് വിഷമിക്കേണ്ടട്ടൊ
എന്തുണ്ടെങ്കിലും അമ്മായി നോക്കിക്കോളാം.. ”
പ്ളേറ്റിലേക്ക് ഒരു ഇഡ്ഡലികൂടെ അവർ അവൾക്ക് വച്ച് കൊടുത്തു..
” അമ്മായി.. അമ്മയെവിടെ…?
അമ്മ എന്താ എന്നെ കാണാൻ വരാത്തെ..
നിക്ക് അമ്മേ കാണാൻ കൊതിയാവുന്നു…”
” മോൾക്ക് ദേവാക്കിയേ കാണണോ..? ”
” ഉം..!!”
” ഇഡ്ഡലി കഴിച്ചിട്ട് അമ്മൂനേം കൂട്ടി പോയി വാട്ടോ..!!
” അമ്മൂ.. ”
” എന്താമ്മേ..?
ഏട്ടത്തിനേം കൂട്ടി ദേവകി അപ്പച്ചീടെ അടുത്ത് പോയിട്ട് വാട്ടോ..””
” ഉം ശരി അമ്മേ!!”
അമ്മു തലയാട്ടി
” അമ്മേ…. ഞങ്ങൾ പോയിട്ട് വരാം ”
അമ്മു ഊർമിളയെ നോക്കി പറഞ്ഞു.
അവർ വേഗം അടുക്കളയിൽ നിന്നും നടന്നു..
” സൂക്ഷിച്ചു പോണേ മോളെ
വേഗം ഇങ്ങട് വരണം രണ്ടാളും.. ”
ഊർമിള രണ്ടുപേരെയും നോക്കി പറഞ്ഞു.
പിന്നെ എന്തോ ഓർത്തത് പോലെ വേഗം പൂജ മുറിയിലേക്ക് പോയ് പെട്ടെന്ന് തന്നെ തിരികെ വന്നു.
അവർ കയ്യിലിരുന്ന സിന്തൂരച്ചെപ്പിൽ നിന്ന് ഒരു നുള്ള് കുങ്കുമം എടുത്ത് നീലുവിന്റെ സിന്തൂരരേഖയിൽ തൊട്ട് കൊടുത്തു..
” നീലു മോളെ ഇനിമുതൽ എന്നും കുളിച്ചു, നെറ്റിയിൽ സിന്തൂരമിടണെ..'”
അവളുടെ കവിളിൽ തലോടിക്കൊണ്ടവർ പറഞ്ഞു.
” ന്തിനാ മ്മായി…. ഞാൻ ഇത് ഇടണേ..?? ”
” കല്യാണം കഴിഞ്ഞ പെൺകുട്ടികൾ നെറ്റിയിൽ സിന്തൂരം ഇടണം മോളെ.. ”
“മക്കള് പോയിട്ട് വാ..”
ഊർമിളയോട് യാത്ര പറഞ്ഞു, അമ്മുവും നീലുവും നടന്നു.
പോകുന്ന വഴിയിൽ അത്രയും, നീലു ഓരോ സംശയങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. അതിനെല്ലാം ക്ഷേമയോടെ അമ്മു മറുപടി കൊടുത്തു
പടി കേറി വരുമ്പോഴേ ദേവകിയമ്മ വയ്ക്കോൽ തുറുവിൽ നിന്ന്, വയ്ക്കോൽ എടുക്കുന്നത് നീലു കണ്ടു…
“അമ്മേ… ”
അവൾ വേഗം ഓടിപ്പോയി അമ്മേ കെട്ടിപിടിച്ചു..
“മോളെ…. ന്റെ പൊന്ന് മോളെ…”അവർ അവളുടെ മുഖം തഴുകി ഉമ്മ കൊടുത്തു.
“അമ്മ എന്താ വരാതെ…?? അങ്ങോട്ട്…?? എന്തെമ്മേ അമ്മ ഉണ്ണിയേട്ടന്റെ അടുത്ത് വരാതെ…??
“അമ്മ വരാം മോളെ…”
“അതെ അപ്പച്ചി… മോളെ മാത്രല്ലാട്ടോ… ഈ പാവം കൂടെ ഉണ്ട്… ഒന്ന് മൈൻഡ് ചെയ്യ്…”
“നീ പോടി കാന്താരി… നിന്നെ മൈൻഡ് ചെയ്യാതിരിക്കോ… മക്കൾ വാ…”
അവർ അവരെയും കൂട്ടി അകത്തേക്ക് നടന്നു
“ന്റെ മക്കള് കഴിച്ചോ എന്തേലും…?”
“കഴിച്ചമ്മേ… അമ്മായി എനിക്കെ ഇഡലി ഇണ്ടാക്കി തന്നു…”
നീലു ഭയകര സന്തോഷത്തിൽ പറഞ്ഞു.
അവളുടെ ചിരിച്ച മുഖം കണ്ട്, ദേവകിയമ്മയുടെ കണ്ണുകൾ നിറഞ്ഞു
“ഉണ്ണി… ഉണ്ണിമോന് ന്റെ കുഞ്ഞിനോട് ദേഷ്യം ഉണ്ടോ മോളെ…”
അവളുടെ താടി ഉയർത്തി കൊണ്ടു അവർ ചോദിച്ചു
“ഉണ്ണിയേട്ടൻ…. ഉണ്ണിയേട്ടൻ ന്നോട് പിണക്കാമ്മേ… ന്നോട് മിണ്ടണില്യ… ഞാനും മിണ്ടുല… ഞാനും വഴക്കാ ഉണ്ണിയേട്ടനോട്…”
അവൾ പരിഭവത്തോടെ പറഞ്ഞു
“സാരില്യാട്ടോ ഉണ്ണി മിണ്ടും അമ്മേടെ മോളോടെ…”
അവർ അവരെ സമാധാനിപ്പിച്ചു
“അയ്യേ… ഈ അപ്പച്ചി… ഇങ്ങനെ ഓരോന്ന് പറഞ്ഞു കരയാതെ… ന്റെ അച്ഛൻ പെങ്ങള് വേഗം ആ സ്പെഷ്യൽ ഐറ്റം എടുത്തേ…”
അമ്മു ദേവകിടെ തോളിലൂടെ കയ്യിട്ട് തടിയിൽ പിടിച്ചു കുലുക്കി
ദേവകി നിറഞ്ഞ കണ്ണുകൾ തുടച്ചു, അടുക്കളയിലേക്ക് നടന്നു… പുറകെ അമ്മുവും നീലുവും…
ദേവകി വേഗം മേശ പുറത്തിരുന്ന ഭരണിയിൽ നിന്ന് ഉണ്ണിയപ്പം എടുത്ത് രണ്ട് പേർക്കും കൊടുത്തു…
“ഹായ്.. ഉണ്ണിയപ്പം…”നീലു വേഗം ചാടി വാങ്ങി
അത് കണ്ട് അമ്മു ചിരിച്ചു
“കുറെ നേരായി… ഞങ്ങൾ ഇറങ്ങട്ടെ അമ്മായി…”
നീലുവിന്റെ കയ്യിൽ പിടിച്ചു, അമ്മു പോകാൻ തയ്യാറായി…
ദേവകി നീലുനെ കെട്ടിപിടിച്ചു…
“ന്റെ കുട്ടി നല്ല മോളായിരിക്കണം… അനുസരണക്കേട് ഒന്നും കാട്ടരുത്ട്ടോ… ഉണ്ണിയോടെ വഴക്കൊന്നും ഇടല്ലേ…”
നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവർ പറഞ്ഞു
നീലുവും കരഞ്ഞു കൊണ്ട് തലയാട്ടി
“ഏട്ടൻ…??”
ദേവകി പ്രേതീക്ഷയോടെ അമ്മുവിനോടായി ചോദിച്ചു
“അമ്മായി വിഷമിക്കണ്ട.. അച്ചന്റെ സ്വഭാവം അറിയണേലെ…?? ഏട്ടത്തിക്ക് ഞാനും അമ്മയും ഉണ്ണിയേട്ടനും ഒക്കെ ഉണ്ടല്ലോ… വിഷമിക്കണ്ടാട്ടോ… ഞങ്ങൾ ഇറങ്ങട്ടെ
അമ്മുവും,നീലുവും പോകുന്നത് നോക്കി ദേവകി അമ്മ നിന്നു
******************
വൈകിട്ട് ഒത്തിരി വൈകിയാണ് ഉണ്ണി തിരിച്ചെത്തിയത്.
ഉണ്ണി വരുന്നത് വരെ, നീലു ഉമ്മറത്തു ഇരുന്നു
അവനെ കണ്ടതും… അവൾ അകത്തേക്ക് ഓടി
അപ്പോഴേക്കും അവൻ പടിക്കെട്ടുകൾ കയറി മുറിയിലേക്ക് പോയിരുന്നു
അവൻ വന്നപാടെ കട്ടിലിലേക്ക് കിടന്നു…
നീലു വേഗം പടിക്കെട്ടുകൾ ഓടി കയറി, അപ്പോഴേക്കും അവൾക്ക് കുറുകെയായി വാസുദേവൻ നിന്നു.
അവൾ പേടിച്ചു, പുറകോട്ട് മാറി.
“എങ്ങോട്ട് ആടി ചാടി തുള്ളി പോകുന്നേ…? ന്റെ മോന്റെ ജീവിതം ഇല്ലാണ്ടാക്കാൻ വന്ന നശൂലം…!!!
നീ ഇവിടെ സുഖിച്ചു വാഴന്ന് കരുതണ്ടടി…”
അയാൾ വേഗം അവളുടെ കഴുത്തിലേക്ക് കുത്തിപിടിച്ചു… മതലിലേക്ക് ചേർത്ത് നിർത്തി…
അവൾ ശ്വാസം കിട്ടാതേ പിടഞ്ഞു..
ഒന്നുടെ ശക്തിയിൽ പിടിച്ചു മതലിലേക്ക് ചേർത്ത്, മേലോട്ട് ഉയർത്തി…
അവളുടെ കണ്ണുകളിലൂടെ കണ്ണുനീരോഴുകി, പുറത്തേക്ക് തള്ളി വന്നു…
ഒരിറ്റു ശ്വാസത്തിനായി അവൾ തേങ്ങി…
ഉണ്ണിക്കായ് കരുതി വെച്ച ഉണ്ണിയപ്പപൊതി അവളുടെ കയ്യിൽ നിന്ന് ഊർന്നു താഴെ വീണു.
(തുടരും )

by