23/04/2026

നിലാവ് : ഭാഗം 51

രചന – അരുന്ധതി

‍‍‍‍”””അതേ,,,
ഒന്ന് താഴേയ്ക്കിറങ്ങി വരുന്നുണ്ടോ രണ്ടാളും .
ഈ സാധനങ്ങളൊക്കെ വാങ്ങി വെച്ചിട്ട് ബിരിയാണിയൊക്കെ ആരുണ്ടാക്കുമെന്നാ.
കണ്ണാ,,, വിച്ചുവേട്ടാ,,,””

ഭാമ അലറി വിളിയ്ക്കുന്നത് കേട്ടാണ് അവര് രണ്ടാളും ആ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയത്.

“”എന്തിനാ ഭാമേ നീ വിളിച്ച് കൂവുന്നേ? “”
വിഷ്ണുവാണ് അവൾടെ അടുത്തേയ്ക്ക് വന്ന് ചോദിച്ചത്

“”അല്ല ബിരിയാണി ഉണ്ടാക്കുന്നു എന്നും പറഞ്ഞ് സാധനം വാങ്ങി വെച്ചിട്ട് അങ്ങ് പോയാൽ പിന്നെ ആരുണ്ടാക്കുമെന്നാ.? “”

“”നമ്മളെല്ലാരും കൂടി അങ്ങ് ഒത്തു കൂടി ഉണ്ടാക്കുന്നു “”
ഭാമയുടെ കവിളിൽ തട്ടിക്കൊണ്ട് കണ്ണൻ പറഞ്ഞതും,,,

“”എന്തോ,,,,,,,, എങ്ങനെ,,,,,,,,??
എല്ലാരും കൂടി ഒത്തുകൂടിയല്ല നിങ്ങള് രണ്ടാളും കൂടി. കേട്ടല്ലോ “”
കണ്ണന്റെ കവിളിലേയ്ക്ക് തിരിച്ച് തട്ടി ഭാമ പറഞ്ഞു.

“”വേണ്ട,,, ഞങ്ങൾക്കാരുടെയും സഹായം വേണ്ട. ഞങ്ങള് രണ്ടാളും കൂടി ഉണ്ടാക്കും.
അവസാനം കഴിയ്ക്കാൻ വന്നേക്കരുത്. “”
വിഷ്ണു വലിയ ഗമയിൽ പറഞ്ഞു.

“”അയ്യടാ,,,
അതിനാർക്ക് വേണം നിങ്ങടെ ബിരിയാണി. ഞാനെ,,,, ഞാൻ കാശ് കൊടുത്ത് പുറത്തൂന്ന് മേടിച്ച് തിന്നും. ഹോ,,, “”
മുഖം കോട്ടി അവള് പറഞ്ഞു.

“”ഓഹോ,,, അങ്ങനെയാണോ “”

“”ആഹാ അങ്ങനെയാണ് “”

കണ്ണന്റെ ചോദ്യത്തിന് ഭാമയും അതേ പോലെ തന്നെ മറുപടി കൊടുത്തു.

“”എങ്കിൽ നമുക്ക് കാണാം “”
വിഷ്ണു ഭാമയുടെ മുഖത്തിന്‌ നേരെ ചെന്ന് പറഞ്ഞു.

“”ഇങ്ങോട്ട് വാ…
എന്റെ പെങ്ങളായത് കൊണ്ട് പൊക്കി പറയുവല്ല. ഒത്തിരി കളിയ്ക്കാൻ ചെന്നാൽ ആ മൂക്കിടിച്ച് പഞ്ചറാക്കും പറഞ്ഞില്ലെന്ന് വേണ്ട “”
ഭാമയുടെ നേർക്ക് നേർ നിൽക്കുന്ന വിഷ്ണുവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് പിന്നിലേയ്ക്ക് വലിച്ച് കണ്ണൻ അവന്റെ ചെവിയിൽ പറഞ്ഞു.

“”അപ്പോൾ പോകാം അല്ലേ “”
വിഷ്ണുവും തിരിച്ച് കണ്ണന്റെ ചെവിയിൽ ചോദിച്ചു.

“”എന്താ രണ്ടും കൂടി ഒരു ഗൂഢാലോചന “”
ഭാമ രണ്ട് പേരെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു

“”എന്താ ഇവിടെ ബഹളം. ഇവിടെ ബാക്കിയുള്ളവർക്ക് ജീവിയ്ക്കണ്ടേ . “”
താഴെ നിന്നുമുള്ള അങ്കം വെട്ട് കേട്ട് ദേവകി അങ്ങോട്ടിറങ്ങി വന്നു.

“”അത്, അമ്മേ,,, “”
വിഷ്ണു ഒന്ന് പരുങ്ങി.

“”നിനക്കൊന്ന് വായടച്ച് വെച്ചൂടെ എന്റെ ഭാമേ “”
ഭാമയുടെ ചെവിയ്ക്ക് പിടിച്ച് തിരിച്ച് കൊണ്ട് ദേവകി പറഞ്ഞു.

“”ആ,,,,
വിടമ്മേ,,, ഞാനല്ല ഇവര് രണ്ടും കൂടിയാ എന്നോട് വഴക്കിടുന്നത്. “”
അവരെ നോക്കി ചൂണ്ടിക്കൊണ്ട് ഭാമ പറഞ്ഞു.

“”ഡി കള്ളി ചേച്ചി,,, ഞങ്ങളോ,,, “”

“”നിർത്ത്…
ഇനി ഇവിടെ കിടന്ന് ആരെങ്കിലും ഒച്ചയുണ്ടാക്കിയാൽ അപ്പോൾ പറയാം ഞാൻ ബാക്കി. “”
മൂന്നാളുടെയും മുഖത്തേയ്ക്ക് നോക്കി ദേവകി പറഞ്ഞു.

“”മുകളിൽ ഒരാളെ റസ്റ്റ്‌ എടുക്കാനാണെന്നും പറഞ്ഞ് ഇരുത്തിയിട്ട് നിങ്ങള് ഇവിടെ കിടന്ന് ഇങ്ങനെ അടിയിട്ടാലോ “”
രേവതിയും അങ്ങോട്ടേക്കെത്തി.

“”പൂർത്തിയായി.
ഇനി ഇവിടെ വഴക്ക് പറയാൻ വേറെ ആരെങ്കിലും ഉണ്ടോ “”
കണ്ണൻ പതിയെ വിഷ്ണുവിന്റെ ചെവിയുടെ അടുത്തേയ്ക്ക് ചെന്ന് ചോദിച്ചു.

“”ഭാമേ,,, നീ പോയി എന്തെങ്കിലും ചെയ്യ്. അല്ലെങ്കിൽ അവിടെയെങ്ങാനും പോയിരിയ്ക്ക്.
നിങ്ങള് രണ്ടാളും പോയി ബിരിയാണിയോ എന്തെങ്കിലും ഉണ്ടാക്ക്.
ഇനി ഇവിടെ കിടന്ന് ഒച്ചയിടരുത്. “”
ദേവകി പറഞ്ഞതും,

രണ്ട് പേരെയും ഒന്ന് വീക്ഷിച്ച് മുഖവും വെട്ടിച്ച് ഭാമ തിരിഞ്ഞ് നടന്ന് സോഫയിലേയ്ക്ക് പോയിരുന്നു.
വിഷ്ണുവും, കണ്ണനും അടുക്കളയിലേയ്ക്കും.

❤️❤️❤️

“”ദേവീ,,
നീ കിടന്നുറങ്ങ്. ഹോസ്പിറ്റലിൽ വെച്ച് കഴിച്ചത് കൊണ്ട് ഇനി വൈകിട്ട് ചായ കുടിയ്ക്കാൻ നേരം ഞാൻ വിളിയ്ക്കാം. “”
അവൾടെ മുടിയിൽ തലോടിക്കൊണ്ട് അർജുൻ പറഞ്ഞു.

“”അച്ചുവേട്ടനെവിടെ പോകുവാ,,, “”

“”ഞാനെവിടെ പോകാനാ… “”

“”അല്ല,,,
അപ്പോൾ പിന്നെ എന്നോട് കിടന്നോളാനൊക്കെ പറഞ്ഞതോ “”

“”ഞാനെവിടെയും പോവില്ല. നിന്റെ അടുത്ത് തന്നെ ഉണ്ടാവും. ഉറങ്ങിയ്ക്കോ “”
അത്രയും പറഞ്ഞതും അവന്റെ ചുണ്ട് അവളുടെ നെറ്റിയിലേക്ക് മുട്ടിച്ചു.

“”എങ്കിൽ ഞാൻ ഉറങ്ങട്ടെ “”
അവള് അവന്റെ കൈ എടുത്ത് ചേർത്ത് പിടിച്ച് കിടന്നു. കൊച്ചുകുഞ്ഞിനെ പോലെയുള്ള അവളുടെ കിടപ്പ് നോക്കി അവൻ അവളോട്‌ ചേർന്നിരുന്നു.

❤️❤️❤️❤️❤️

അടുക്കളയിൽ നിന്നും തട്ടും, മുട്ടും കേൾക്കുമ്പോൾ ഭാമ പതിയെ ഒന്നങ്ങോട്ട് നോക്കും.
“”ഒന്ന് പോയി നോക്കിയാലോ,,,,?
അല്ലെങ്കിൽ വേണ്ട. നാണക്കേടാ…
അല്ലെങ്കിൽ തന്നെ എന്തിനാ നാണക്കേട്?? ചോദിച്ചാൽ ഞാൻ വെള്ളം കുടിയ്ക്കാൻ വന്നതാണെന്ന് പറയും. “”
ഇങ്ങനെയെല്ലാം തനിയെ സംസാരിച്ച് കൊണ്ട് ഭാമ അടുക്കളയിലേയ്ക്ക് ചെന്നു.

പതിയെ തലയിട്ട് അകത്തേയ്ക്ക് നോക്കിയതും,ഒരു വലിയ പാത്രത്തിലേയ്ക്ക് എല്ലാം ഓരോ ലെയറായി രണ്ടാളും അടുക്കി അടുക്കി ഇടുന്നത് കണ്ടു.

“”ഓ,,, ദം ബിരിയാണിയാ…
ശേ,,,
വെറുതെ അത്രയും പറയണ്ടായിരുന്നു.
ഇതിപ്പോൾ കഴിയ്ക്കാതിരിയ്ക്കുന്നതെങ്ങനെയാ. കഴിച്ചാൽ ആകപ്പാടെ മൊത്തം നാണക്കേടാകുവല്ലോ.. “”
തനിയെ സംസാരിച്ചു കൊണ്ട് അവള് ഒന്ന് കൂടി അകത്തേയ്ക്ക് എത്തി നോക്കി. പെട്ടെന്നു കാല് തെന്നി മുന്നോട്ടാഞ്ഞു.

“”എന്താ ഭാമേച്ചി,,, “”
കണ്ണൻ വിനയം വാരി വിതറി ചോദിച്ചു.

“”അത് പിന്നെ,, “”

“”വെള്ളം കുടിയ്ക്കാൻ വന്നതാവും അല്ലേ””
ഭാമയുടെ നേർക്ക് നോക്കി വിഷ്ണു ചോദിച്ചു.

“”ആ,,, അതേ. വെള്ളം കുടിയ്ക്കാൻ വന്നതാ “”

“”ഇന്നാ,,, നല്ല തണുത്ത വെള്ളം.
അവിടെ പോയിരുന്ന് കുടിച്ചോ കേട്ടോ. “”
ഫ്രിഡ്ജ് തുറന്നൊരു കുപ്പി വെള്ളമെടുത്ത് അവൾക്ക് നേരെ നീട്ടിക്കൊണ്ട് കണ്ണൻ പറഞ്ഞു.

അവരെ നോക്കിയൊന്ന് ചിരിച്ച് അവള് തിരികെ സോഫയിൽ വന്നിരുന്നു.

“”ശേ ,,,,
നാണക്കേടായല്ലോ. അവർക്ക് മനസ്സിലായിക്കാണും. “”

അവള് ആലോചിച്ചിരിയ്ക്കുന്നതിനിടയിൽ കണ്ണനും, വിഷ്ണുവും അങ്ങോട്ട് വന്നു.

“”എല്ലാം ശെരിയാക്കി വെച്ചു. ഇനി നമുക്ക് പോയി കുളിച്ചിട്ടൊക്കെ വരാം . അല്ലേടാ…
പിന്നെ ബിരിയാണി ആവി കൊണ്ട് ഇരിയ്ക്കുന്നത് നല്ലതല്ലേ. അത്രയും കൂടി സ്വാദ് കൂടും. “”
വിഷ്ണു ഭാമയെ കേൾപ്പിയ്ക്കാൻ അവിടെ നിന്ന് കണ്ണനോട് പറഞ്ഞ് അകത്തേയ്ക്ക് കയറി പോയി.

“”എന്നെ കേൾപ്പിയ്ക്കാനാണോ രണ്ടും അത്രയും പറഞ്ഞത്.???
ഏയ് അല്ലായിരിയ്ക്കും.
ഇനി ആണോ?? “”
മുകളിൽ ചെന്ന് താഴേയ്ക്ക് നോക്കി ഭാമയുടെ നവരസങ്ങൾ കണ്ട് വിഷ്ണുവും, കണ്ണനും മുഖത്തോട് മുഖം നോക്കി ചിരിച്ചു.

❤️❤️❤️

“”നാളെ രാവിലെ അവരെല്ലാവരും ഇങ്ങ് വരില്ലേ,,, “”
വൈകിട്ട് ഭക്ഷണം കഴിയ്ക്കാനായി മേശയ്ക്ക് ചുറ്റും എല്ലാവരും കൂടി ഇരിയ്ക്കുമ്പോൾ രേവതി ചോദിച്ചു.

“”അപ്പച്ചി,,,
എല്ലാവരും ഒരു പത്തുമണിയോട് കൂടി ഷോപ്പിംഗ് മാളിൽ എത്തും. അപ്പോഴേയ്ക്കും നമ്മളും അങ്ങ് എത്തിയാൽ മതിയല്ലോ “”
അർജുൻ പറയുമ്പോഴും ഭാമ ഒളി കണ്ണിട്ട് അടുക്കളയിലേയ്ക്ക് നോക്കുകയായിരുന്നു.

“”ബിരിയാണി റെഡി,,, ബിരിയാണി റെഡി “”
എല്ലാം എടുത്ത് കൊണ്ട് കണ്ണനും, വിഷ്ണുവും കൂടി അങ്ങോട്ടേക്ക് വന്നു.

“”എനിയ്ക്ക് വേണ്ട. “”
അവര് നിർബന്ധിയ്ക്കാൻ വേണ്ടി വലിയ ഗമയിൽ അവള് പറഞ്ഞു.

“”ഭാമേ,,, “”
ഭാമ പറഞ്ഞത് കേട്ട് ദേവി അവളെ അൽപം കടുപ്പിച്ച് തന്നെ വിളിച്ചു.

“”വേണ്ട ദേവിയേച്ചി . ഭാമേച്ചിക്കിഷ്ടല്ലെങ്കിൽ വേണ്ട,,,””
കണ്ണൻ പറഞ്ഞ് തീർന്നതും ഭാമയുടെ മുഖം ഇഞ്ചി കടിച്ച കുരങ്ങന്റെ പോലെ ആയി.

“”ഈശ്വരാ,,,
എനിയ്ക്കെന്തിന്റെ കേടായിരുന്നു. “”
മുന്നിലിരിയ്ക്കുന്ന ബിരിയാണി കണ്ട് ഭാമ അവളോട്‌ തന്നെ സ്വയം ചോദിച്ചു.

“”എങ്കിൽ എല്ലാവർക്കും വിളമ്പ്‌ വിച്ചുവേട്ടാ,,,””
കണ്ണൻ ഭാമയെ ഒന്ന് നോക്കി വിഷ്ണുവിനോട് പറഞ്ഞു.

അപ്പോഴേയ്ക്കും മുഖം കോട്ടി ഭാമ എഴുന്നേറ്റ് പോയി.
അത് കണ്ടതും എല്ലാവരുടെയും മുഖം മങ്ങി.
വിഷ്ണു അവളുടെ പോക്ക് നോക്കി ചിരിച്ചു.

എല്ലാവരും കഴിച്ച് സ്വന്തം മുറിയിലേയ്ക്ക് പോയി.

❤️❤️❤️

“”ദേവൂ,,,, “”

“”കണ്ണേട്ടാ,,, “”

“”നാളെ നേരത്തേ ഒരുങ്ങി ഇറങ്ങണം കേട്ടോ. “”

“”ഞാൻ നേരത്തെ എഴുന്നേറ്റൊരുങ്ങും. നോക്കിക്കോ.””

“”നിന്നെയൊന്ന് കണ്ടിട്ട് എത്ര ദിവസായി ദേവു “”

“”മ്മ്മ്,,,
അവന്റെ ചോദ്യത്തിന് അവള് ഒന്ന് മൂളി

“”അടുത്ത ആഴ്ച ഈ സമയം നീ എന്റെ കൂടെ, എന്റെ നല്ല പാതിയായി, എന്റെ താലിയും കഴുത്തിലിട്ട് എന്റെ ഒപ്പം തന്നെയുണ്ട്. അല്ലേ ദേവൂ,,, “”

“”മ്മ്മ് “”
അവള് വീണ്ടും പതിയെ ഒന്ന് മൂളി.

“”ദേവൂ,,, “”

“”ഇന്നെന്താ മോനേ കണ്ണേട്ടാ,,, ശബ്ദത്തിൽ അൽപം പഞ്ചാര മയം കൂടുതലാണല്ലോ “”
അവള് പതിയെ ചിരിച്ച് കൊണ്ട് ചോദിച്ചു.

“”ആണോ,,, “”
അവൻ ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു.

“”അപ്പോഴേ,,,
ഞാൻ വെക്കുവാ കേട്ടോ””…

“”അയ്യോ വെക്കല്ലേടി,,,
എനിയ്ക്കൊരു കാര്യം വേണം. അത്‌ തന്നിട്ട് നീ വെച്ചോ “”

“”എന്റെ കണ്ണേട്ടാ,,, എനിയ്ക്കറിയില്ലേ കണ്ണേട്ടനെ. അവസാനം ഇവിടെ വന്ന് നിൽക്കും എന്നെനിയ്ക്കറിയാം. അതുകൊണ്ടാ ഞാൻ പറഞ്ഞെ വെക്കുവാ എന്ന്. “”

“”അപ്പോൾ മനസ്സിലായല്ലോ,,,
ഇനി ഇങ്ങ് താ,,, “”

“”ഇല്ല. തരൂല്ല “”
ദേവു കുറുമ്പോടെ പറഞ്ഞു.

“”ദേവൂ,,, “”

“”എന്റെ കണ്ണേട്ടൻ സുഖായിട്ട് കിടന്നുറങ്ങിക്കോ,,,””

“”മോളേ ദേവൂ,,,
ഇതൊന്നും ഞാൻ മറക്കൂല്ല കേട്ടോ “”
അവൻ അവളെ ഒന്നാക്കി പറഞ്ഞു.

“”ഓ ആയിക്കോട്ടെ “”
അത്രയും പറഞ്ഞതും അവള് ഫോൺ വെച്ചു.

❤️❤️❤️

“”അച്ചുവേട്ടാ,,,
എന്നെ ഇഷ്ടപ്പെടാനുള്ള കാരണമെന്താ?? “”
അർജുന്റെ നെഞ്ചിലേയ്ക്ക് പറ്റി ചേർന്ന് കിടന്ന് കൊണ്ട് ദേവി ചോദിച്ചു.

“”അങ്ങനെ ചോദിച്ചാൽ,,,,
പ്രത്യേകിച്ച് കാരണമൊന്നുമില്ല. അങ്ങിഷ്ടായി അത്രേം ഉള്ളു. “”
ലാലേട്ടൻ സ്റ്റൈലിൽ അർജുൻ പറഞ്ഞു.

“”പോ അവിടുന്ന്… കാര്യം പറ. “”

“”എത്ര വട്ടം നീ ചോദിച്ച ചോദ്യമാ എന്റെ ദേവി “”

“”എത്ര വട്ടം ചോദിച്ചിട്ടും ഇതുവരെ ഉത്തരം തന്നില്ലല്ലോ. “”
അവള് കുറുമ്പോടെ ചോദിച്ചു.

“”അങ്ങനെ കാരണമൊന്നുമില്ല. ആദ്യ കാഴ്ചയിലേ ഈ മുഖം എന്റെ ഹൃദയത്തിലേയ്ക്ക് പതിഞ്ഞു പോയി. എന്നും ഈ മുഖം എന്റെ ഒപ്പം ഉണ്ടാവണം എന്ന് തോന്നി. “”
അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് കൊണ്ട് അർജുൻ പറഞ്ഞു.

❤️❤️❤️

ഇതേ സമയം അടുത്ത മുറിയിൽ,,,

രാത്രിയിൽ ഒന്നും കഴിയ്ക്കാതെ കിടന്നിട്ട് ഭാമയ്ക്ക് ഉറങ്ങാനേ പറ്റിയില്ല. കുറച്ച് സമയം അവള് മുറിയ്ക്കുള്ളിലൂടെ അങ്ങോട്ടും, ഇങ്ങോട്ടും നടന്നു.
എന്നിട്ട് വാതിൽ പതിയെ തുറന്ന് പുറത്തേക്കിറങ്ങി. പതിയെ സ്റ്റെപ്പിറങ്ങി താഴെ വന്നു. ചുറ്റിനും നോക്കിയപ്പോൾ ആരുമില്ല എന്നുറപ്പ് വരുത്തി അവള് അടുക്കള വാതിൽ തുറന്നു.
പതിയെ ഉള്ളിലേയ്ക്ക് കയറി ബിരിയാണി പാത്രം തുറന്നു. പാത്രം തുറന്നപ്പോഴുള്ള മണം മൂക്കിലേയ്ക്ക് അടിച്ചു കയറിയതും അവള് വേഗം തന്നെ ഒരു പ്ലേറ്റിലേയ്ക്ക് കുറച്ചെടുത്തു. ധൃതിയിൽ കുറച്ചേറെ വേഗം തന്നെ എടുത്ത് കഴിച്ചു.
പെട്ടെന്ന് അവൾക്ക് വല്ലാതെ വിക്കി പോയി.
അവള് വെള്ളത്തിന്‌ തൊട്ടതും കൈയ്യിലേയ്ക്ക് വെള്ളം കിട്ടി. അവള് ആശ്വാസത്തോടെ വീണ്ടും ബിരിയാണി എടുത്ത് കഴിച്ചു. പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവള് വായിലേയ്ക്ക് വെച്ച ചിക്കനിൽ നിന്നും കൈ പോലും തിരിച്ചെടുക്കാതെ നേരെ നോക്കി.
മുന്നിൽ വെള്ളവും പിടിച്ചിരിയ്ക്കുന്ന വിഷ്ണുവിനെ കണ്ടതും അവള് ഞെട്ടി.

“”എന്താ മോളേ ഭാമേ ഇവിടെ,,, “”
അവളുടെ അടുത്തേയ്ക്കിരുന്നു കൊണ്ട് വിഷ്ണു ചോദിച്ചു.

“”അത്‌,,, പിന്നെ,,, “”

“”എന്റെ ഭാമേ,,,
നീ ഇന്ന് രാത്രി അടുക്കളയിൽ വരും എന്ന് ഇവിടെ ആർക്കാ അറിയാത്തത് “”

അവൻ ചോദിച്ചതും അവള് അവനെ നോക്കി മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിച്ചു.

“”ചിരിയ്ക്കുന്നോ,,, “”
എന്നും പറഞ്ഞവൻ അവളുടെ ചെവിയ്ക്ക് പിടിച്ചു.

“‘വിച്ചുവേട്ടാ,,,
ശല്യപ്പെടുത്താതെ ഞാനിതൊന്ന് കഴിച്ചോട്ടെ””.

“”എന്റെ ഭാമേ നിന്റെ ഒരു കാര്യം “”
എന്നും പറഞ്ഞവൻ അവളെ തന്നെ നോക്കിയിരുന്നു.

തുടരും,,,