18/04/2026

നിലാവ് : ഭാഗം 37

രചന – അരുന്ധതി

 

‍‍‍‍‍‍‍‍‍‍‍‍” ഡോക്ടർ, അച്ഛന്,,, ”

” അത് പിന്നെ ,,
ഗംഗാധരൻ സാർ,,,”

” എന്താ ഡോക്ടർ അച്ഛനെന്തെങ്കിലും? ”
ചോദിക്കുമ്പോൾ വിഷ്ണുവിന്റെ വാക്കുകൾ ഇടറിയിരുന്നു.

” അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോളൂ സാർ, ”
വിഷ്ണുവിന്റെ മുഖത്ത് നോക്കാനാവാതെ ഡോക്ടർ അർജുനോട് അത്രയും പറഞ്ഞ്
അകത്തേക്ക് പോയി.
ഡോക്ടർ പോയതും വിഷ്ണു തളർച്ചയോടെ അർജുന് മേലേക്ക് ചാഞ്ഞു.
അർജുൻ അവനെ പിടിച്ച് കസേരയിലേക്കിരുത്തി.

” ഭാമേ,,, നീ ചെല്ല് അവന്റെ അടുത്ത് ചെന്നിരുന്ന് അവനെ സമാധാനിപ്പിക്ക് ”
ദേവി ഭാമയെ അവന്റെ അരികിലേക്കയച്ചു.

” വിച്ചുവേട്ടാ,,”
മുഖം കുനിച്ചിരിക്കുന്ന അവനെ തോളിൽ കൈ പിടിച്ച് വിളിച്ചുകൊണ്ട് അവള് അരികിലേക്കിരുന്നു .
ഭാമയുടെ സാമീപ്യം മനസ്സിലാക്കി വിഷ്ണു അവളുടെ തോളിലേക്ക് ചാഞ്ഞു കിടന്നു.
സങ്കടം മുഴുവൻ അവൻ കരഞ്ഞു തീർത്തു.

പിറ്റേന്ന് രാവിലെ ആയപ്പോൾ ഡോക്ടർ വന്ന് രേവതിയെ ഒരാൾക്ക് കയറി കാണാം എന്ന് പറഞ്ഞു. വിഷ്ണുവാണ് കയറി കണ്ടത്.

“””അമ്മേ,,, “”””എന്നും വിളിച്ച് അവൻ അവരുടെ കയ്യിലേക്ക് പിടിച്ചു.
രേവതി പതിയെ കണ്ണ് തുറന്ന് അവനെ നോക്കി.

” വിച്ചൂ,,,
എന്റെ മോൻ വന്നോ? അച്ഛന് എങ്ങനെയുണ്ട്? ”
അവര് ചോദിച്ചതും ഉത്തരം പറയാനാവാതെ അവനൊന്ന് പതറി.

” എന്താടാ ഒന്നും മിണ്ടാത്തെ, അച്ഛന് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ? ”
ആധിയോടെയുള്ള അവരുടെ ചോദ്യം അവനെ തളർത്തി. നിറഞ്ഞു വന്ന മിഴികൾ അവൻ അവരറിയാതെ തുടച്ചു മാറ്റി.

” ഇപ്പോൾ കുഴപ്പമൊന്നും ഇല്ലമ്മേ ”

” എനിക്കൊന്ന് കാണണം ഗംഗേട്ടനെ. അല്ലാതെ ഒരു സമാധാനവും ഇല്ല. നീ എന്നെ ഒന്ന് കൊണ്ട് കാണിക്ക്. ”

“””അത് അമ്മേ, അച്ഛനെ ഇപ്പോൾ കാണാൻ പറ്റില്ല. അമ്മക്ക് ചെയ്തത് പോലെ അച്ഛനും ഓപ്പറേഷൻ ഉണ്ടായിരുന്നു. അതുകൊണ്ട് ഇൻഫെക്ഷൻ ആവും. ഡോക്ടർ സമ്മതിക്കില്ല. ഇപ്പോൾ അമ്മ ഇവിടെ സമാധാനത്തോടെ ഇരിയ്ക്ക്. ഞാനല്ലേ പറയുന്നേ “”

“””അതേ,,,
ഒത്തിരി സമയം ഇവിടെ നിൽക്കാൻ പാടില്ല”.
അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിസ്റ്റർ പറഞ്ഞു.

“””അമ്മേ,,””
എന്ന് വിളിച്ചവൻ അവരുടെ കൈ മുറുക്കി പിടിച്ച് പുറത്തേക്കിറങ്ങാനായി തിരിഞ്ഞു.

” മോനേ,,, നിനക്ക് അച്ഛനോടും അമ്മയോടുമുള്ള വെറുപ്പ് മാറിയോ? ”

ആ ചോദ്യത്തിന് അവൻ രേവതിയുടെ മുഖത്തേക്ക് നോക്കി. പിന്നെ രണ്ട് കൈയ്യും പിടിച്ച് ഒന്ന് കണ്ണ് ചിമ്മി കാണിച്ച് പുറത്തേക്കിറങ്ങി.

അപ്പോഴേക്കും ദേവകിയമ്മ പുറത്തെത്തിയിരുന്നു. പുറത്തിറങ്ങിയ വിഷ്ണു ദേവകിയമ്മയുടെ അടുത്തേക്ക് വന്നു. ഓരോ ചുവടുകൾ വെയ്ക്കും തോറും അവന്റെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു.
ദേവകിയമ്മ അവനെ സമാധാനിപ്പിച്ച് ഒരമ്മയുടെ വാത്സല്യം നൽകി അടുത്തിരുത്തി.

കുറച്ച് കഴിഞ്ഞ് എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവൻ അവിടെ നിന്നും എഴുന്നേറ്റ് മുൻപോട്ട് നടന്നു .

“””വിച്ചൂ,, നീ എങ്ങോട്ടാ? “”
അർജുൻ അവനെ തടഞ്ഞു നിർത്തി ചോദിച്ചു.

“””എന്റെ അച്ഛനെ കൊന്ന്, എന്റെ അമ്മയെ ഈ വിധത്തിൽ കിടത്തിയ അയാളെ എനിക്ക് കാണണം. ഏട്ടൻ മാറ് “”

“””നീ ഒറ്റയ്ക്ക് പോകണ്ട. ഞാനും ഉണ്ട് നിന്റെ കൂടെ. “”
മറ്റാരുടേയും മുഖത്തേക്ക് നോക്കാതെ അവര് രണ്ടാളും പുറത്തേക്കിറങ്ങി.

“””ഹലോ അശോക്,,,
എന്തായി? കർത്താ എവിടെയുണ്ട് എന്ന് ട്രേസ് ചെയ്തോ? ”

” ഇല്ല സാർ,, ഞങ്ങള് പരമാവധി നോക്കുന്നുണ്ട്. “”

“” ശെരി. ഞാനും വിഷ്ണുവും ഉടൻ അങ്ങെത്തും “””
അതും പറഞ്ഞവൻ ഫോൺ കട്ട് ചെയ്തു.

അവരുടെ കാറ് പകുതി വഴി ആയതും അർജുൻ വീണ്ടും അശോകിന്റെ ഫോണിലേക്ക് വിളിച്ചു. എന്തെങ്കിലും വിവരമുണ്ടോ എന്ന് അന്വേഷിക്കുമ്പോഴേക്കും കേട്ടു
കർത്താ ഇപ്പോൾ കുമരകത്തുണ്ടെന്ന് ഡേവിഡ് പറയുന്നത്.

“””അശോക്,
ഫോൺ ഡേവിഡിന് കൊടുക്ക്. “”

“” അത് സാർ,,, “”

” കൊടുക്കാനല്ലേ പറഞ്ഞത് ”
അർജുൻ ദേഷ്യത്തോടെ പറഞ്ഞു.

” ഹലോ ഡേവിഡ്,,, ”

“”സാർ,,,
കർത്തായുടെ ബിനാമിയുടെ പേരിലുള്ള ഒരു ബംഗ്ലാവുണ്ട് കുമരകത്ത്. അയാള് അവിടെയുണ്ട്. “””അത് കേട്ടതും അർജുൻ ഫോൺ കട്ട് ചെയ്ത് വേഗം കാറ് അങ്ങോട്ടേക്ക് തിരിച്ചു.

ഇതേ സമയം,,,

“”” ഹലോ,,, ഐസക് സാർ,,, കർത്താ എവിടെയുണ്ടെന്ന് ട്രേസ് ചെയ്തു. “”

” അതെയോ,, അർജുൻ അശോകിനെ വിളിക്കും അവനോട് ഈ കാര്യം പറയണ്ട ”

“പക്ഷേ സാർ,,, “”
നടന്നതെല്ലാം അശോക് ഐസക്കിനെ പറഞ്ഞു കേൾപ്പിച്ചു.

” എന്റെ കർത്താവെ,,
ഇനി ആ ചെറുക്കൻ എന്നതൊക്കെ ഒപ്പിക്കും എന്ന് ഒരു പിടിത്തവുമില്ല.”
അതും പറഞ്ഞ് അയാള് ഫോൺ വെച്ചു.

“”ആനീ,,, ”
ഐസക് ടെൻഷൻ ആയി ഹാളിലിരുന്ന് ഭാര്യ
ആനിയെ വിളിച്ചു.

“”എന്നതാ ഇച്ചായാ,,,
ഞാൻ ദേ ഇറങ്ങി ”
ഹോസ്പിറ്റലിലേക്ക് പോകാൻ താഴേക്കിറങ്ങി വന്ന് കൊണ്ട് ആനി പറഞ്ഞു.

” ഡീ,,,
മൊത്തം കുഴപ്പമായി. ആ ചെറുക്കൻ ആണ്ടെ കർത്തയുടെ അടുത്തേക്ക് പോയിട്ടുണ്ട്. വിഷ്ണുവും കൂടെയുണ്ട്. ഇനി എന്നതൊക്കെയാണാവോ നടക്കാൻ പോകുന്നത്. ഞാനാ അശോകിനോട് പ്രത്യേകം പറഞ്ഞിരുന്നതാ അവനെ അറിയിക്കുന്നതിനും മുന്നേ എന്നെ അറിയിക്കണം എന്ന്. ഇനി ഇപ്പോൾ എന്നാ ചെയ്യുവൊ. തല്ക്കാലം നീ ഇവിടെ നിൽക്ക് ഞാൻ അവരുടെ അടുത്തേക്ക് പോകുവാ. ”
അതും പറഞ്ഞ് അയാളും അങ്ങോട്ടേക്ക് പുറപ്പെട്ടു.

ഈ സമയം,,,

“”” ഡോ,,, “””
വാതിൽ ചവിട്ടി തുറന്ന് അർജുനും, വിഷ്ണുവും അയാളുടെ മുന്നിൽ ചെന്ന് നിന്നു.

“””ആഹാ ഇതാരൊക്കെയാ,,,
വരണം, വരണം. നിന്നെ ഒന്നും ചെയ്യാൻ പറ്റാതെ പോരേണ്ടി വന്നല്ലോ എന്ന സങ്കടം എനിക്കുണ്ടായിരുന്നു. എന്തായാലും ഇപ്പോൾ അതങ്ങ് മാറി. ചാവാനായി നീ തന്നെ ഇങ്ങ് വന്നില്ലേ? ”

“” ഡോ,,, അപ്പോൾ എനിക്ക് തന്നെയെന്നും ചെയ്യാൻ പറ്റാതെ പോയത് തന്റെ തോക്ക് കണ്ടു പേടിച്ചിട്ടല്ല. അവരുടെ രണ്ടാളുടെയും ജീവൻ എന്റെ കൈക്കുള്ളിലാണ് എന്ന് ബോധ്യമുള്ളത് കൊണ്ടാ… ഇപ്പോൾ അതിലൊരു ജീവൻ നഷ്ടപ്പെട്ടു.
ഇനി തന്നെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. എന്റെ കുടുംബത്തിൽ കേറി കളിച്ചിട്ട് വെറുതെ കൈയും കെട്ടി ഞാൻ നോക്കി നിന്നാൽ ഞാൻ മഹേശ്വര വർമ്മയുടെ മകനല്ലാതായി പോകും. ”

” ഓ പിന്നെ,,, നീ എന്നെ അങ്ങ്,, $#$$….
ഒന്ന് പോടാ കൊച്ചനേ,,, നിന്നെപ്പോലെയുള്ള ഒരുപാട് എണ്ണത്തിനെ നിലയ്‌ക്ക് നിർത്തിയിട്ട് തന്നെയാ ഈ കർത്താ ഇവിടെ വരെ എത്തിയത്.
ടാ പിള്ളേരെ,,, സാറിന് കൊടുക്കാനുള്ളത് കൊടുത്ത് അങ്ങ് പറഞ്ഞ് വിട്ടേരെ. ഞാൻ ഇവിടെ ഇരുന്ന് കാണാം ”
അത്രയും പറഞ്ഞ് അയാള് പിറകിലേക്ക് മാറിയിരുന്നു.

കർത്തയുടെ കൂടെയുള്ളവര് അർജുനും, വിഷ്ണുവുമായി ഏറ്റുമുട്ടി. അവസാനം കാര്യങ്ങൾ വിചാരിക്കുന്നിടത്ത് നിൽക്കുന്നില്ലാന്ന് കണ്ടതും കർത്താ എഴുന്നേറ്റു. അപ്പോഴേക്കും അർജുൻ അയാൾക്ക് നേരെ തോക്ക് ചൂണ്ടിയിരുന്നു.

” വിച്ചൂ,,,,
ഇയാളെ കൊല്ലാൻ എന്നെക്കാളും അർഹത നിനക്കാ. ദാ,, ”
അത്രയും പറഞ്ഞ് അർജുൻ വിഷ്ണുവിന് നേരെ തോക്ക് നീട്ടി. അവനതും വാങ്ങി കർത്തയുടെ അടുത്തേക്ക് നടന്നു. കാഞ്ചി വലിക്കാനാഞ്ഞതും ഐസക് അവിടെയെത്തി.

” വിഷ്ണു,,,
വേണ്ടാ,,, അയാളെ ഒന്നും ചെയ്യരുത്. നിയമത്തിന് വിട്ട് തരണം ”

” ഇല്ല സാർ,,,, ”

” വിഷ്ണു,,,
പറയുന്നത് കേൾക്ക്. നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ല. അതുകൊണ്ട് നീ ആ തോക്കിങ് താ . ” എന്ന് പറഞ്ഞ് ഐസക് വിഷ്ണുവിന്റെ കൈയ്യിൽ നിന്നും തോക്ക് വാങ്ങി.

” അച്ചായാ,,,
അവനെ തടയണ്ട…”

” ടാ നീയും കൂടി ഇങ്ങനെ പറയരുത്. ഇയാൾക്ക് മുകളിലുള്ള പിടിപാട് എത്രമാത്രമാണെന്ന് നിനക്കറിയില്ല.
ഇയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ… ”

“””അങ്ങനെ തെറിക്കാനാണെങ്കിൽ അങ്ങ് പോട്ടെ അച്ചായാ,,, ”

” അങ്ങനെ ഇയാളെപ്പോലെ ഒരുത്തനെ കൊന്നതിന്റെ പേരിൽ സർവീസിൽ ദുഷ്‌പേര് കേൾക്കേണ്ടവനല്ല നീ. ”

അവര് പരസ്പരം സംസാരിക്കുന്നതിനിടയിൽ കർത്തയിലുള്ള അവരുടെ ശ്രദ്ധ ഒരു നിമിഷത്തേക്ക് തെറ്റി. അപ്പോഴേക്കും അയാള് അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് അർജുന് നേരെ എറിഞ്ഞു.

അത് കണ്ടതും ഐസക് കർത്തയെ വെടി വെച്ചു. അയാൾ അവർക്ക് മുന്നിൽ തന്നെ കിടന്ന് ജീവന് വേണ്ടി പിടഞ്ഞു.
പക്ഷേ അതിനോടകം അയാളെറിഞ്ഞ കത്തി അർജുന്റെ ഇടത്തേ കൈയിലേക്ക് തറഞ്ഞു കയറിയിരുന്നു.

“”” അയ്യോ ഏട്ടാ,,, “”വിച്ചു അർജുന്റെ അടുത്തേക്ക് ചെന്ന് അവനെ താങ്ങിപ്പിടിച്ചു.

“””ഏയ് ഒന്നുവില്ലടാ,,, ചെറിയ ഒരു മുറിവ് അത്രയേ ഉള്ളു. “”
തറഞ്ഞു കയറിയ കത്തി പുറത്തേക്ക് വലിച്ചൂരിക്കൊണ്ട് അർജുൻ പറഞ്ഞു.

“”” അയ്യോ ഏട്ടാ ദേ ചോര നിൽക്കുന്നില്ല “”

“” ഒന്നുവില്ലടാ,,, നീ പേടിക്കണ്ട. “അതും പറഞ്ഞവൻ ഐസക്കിനെ നോക്കി.

” അച്ചായോ,,, അപ്പോൾ എങ്ങനെയാ കാര്യങ്ങൾ? ”
അവൻ ചോദിച്ചതിന്റെ അർത്ഥം മനസ്സിലായത് കൊണ്ട് ഐസക്ക് അവനെ നോക്കിയൊന്ന് ചിരിച്ചു.

” നീ വന്നേ രക്തം പൊയ്ക്കൊണ്ടേ ഇരിക്കുവാ. ”
അതും പറഞ്ഞ് അവര് വേഗം തന്നെ ഹോസ്പിറ്റലിലേക്ക് പോയി. അവിടെ ചെന്ന് മുറിവ് സ്റ്റിച് ചെയ്തു.

കുറച്ച് കഴിഞ്ഞ് ഐസക് അവന്റെ അടുത്തേക്ക് വന്നു.
” അസിസ്റ്റന്റ് കമ്മീഷ്ണറെ കൊല്ലാൻ ശ്രമിച്ച പ്രതിയെ തന്റെ സർവീസ് റിവോൾവർ ഉപയോഗിച്ച് കമ്മീഷ്ണർ വെടി വെച്ചു.
എന്നതാടാ ഉവ്വേ റിപ്പോർട്ട്‌ ശെരിയല്ലായോ? ”

അർജുനെ നോക്കി ചിരിച്ചു കൊണ്ട് ഐസക് പറഞ്ഞതും അവൻ അയാളെ നോക്കിയൊന്ന് ചിരിച്ചു.

” വിഷ്ണൂ,,,
നീ നോക്കുന്നതിന്റെ അർത്ഥം എനിക്ക് മനസ്സിലായി. ഒരു നന്മയ്ക്കു വേണ്ടി ചെറുതായി ഒന്ന് കണ്ണടയ്ക്കുന്നതിൽ തെറ്റൊന്നുമില്ലടാ . ഇവിടെ അയാൾ അതർഹിക്കുന്നു അതുകൊണ്ടാ . ”

കുറച്ച് സമയം അവിടെ റസ്റ്റ്‌ ചെയ്ത് അവര് അവിടെ നിന്നും പുറപ്പെട്ടു.

പിറ്റേന്ന്,,, ദേവകിയമ്മയെ ഹോസ്പിറ്റലിൽ നിർത്തി എല്ലാവരും വീട്ടിലേക്ക് പോന്നു. വിഷ്ണു ആചാരവിധി പോലെ ഗംഗാധരന്റെ കർമ്മങ്ങളെല്ലാം ചെയ്തു.
ഇതൊന്നും രേവതി അറിഞ്ഞില്ല. എല്ലാവരെയും തിരക്കിയപ്പോൾ വീട്ടിൽ പോയി അല്പ സമയത്തിന് ശേഷം എത്തും എന്ന് മാത്രം ദേവകിയമ്മ പറഞ്ഞു.

🌹🌹🌹🌹🌹

“”” അച്ചുവേട്ടാ, എല്ലാം കഴിഞ്ഞ് ഒരാഴ്ചയായി. ഇന്ന് വൈകുന്നേരത്തിനു മുൻപ് അപ്പച്ചിയെ ഡിസ്ചാർജ് ചെയ്യും. ഇളയച്ഛനെ അന്വേഷിച്ചാൽ നമ്മളെന്ത് പറയും? ”
ഹോസ്പിറ്റലിലേക്കുള്ള യാത്രക്കിടയിൽ ദേവി അർജുനോട് ചോദിച്ചു.

” അതോർത്തിട്ട് എനിക്കൊരു രൂപവുമില്ല. പക്ഷേ പറയാതെ എത്ര നാള് നമ്മള് മറച്ചു വെക്കും?എനിക്കാകെ ഭ്രാന്ത് പിടിക്കുന്നുണ്ട്”

” ഈശ്വരൻ എന്തെങ്കിലും ഒരു വഴി നമുക്ക് കാണിച്ചു തരുമായിരിക്കും “.

അവര് ഹോസ്പിറ്റലിലെത്തി മുറിയിലേക്ക് ചെന്നു. അപ്പോഴാണ് അർജുനെ ഡോക്ടർ അന്വേഷിച്ചു എന്ന് ഭാമ പറഞ്ഞത്.
അവൻ അവിടുന്ന് നേരെ ഡോക്ടറുടെ അടുത്തേക്ക് പോയി.

” എന്താ ഡോക്ടർ കാണണമെന്ന് പറഞ്ഞത്? ”

” സാർ,,,
പ്രത്യേകിച്ചൊന്നുമില്ല. ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യും. ഇടയ്ക്ക് രണ്ട് ചെക്കപ്പ് ഉണ്ട്. പിന്നെ മരുന്നൊക്കെ കൃത്യമായി കൊടുക്കണം. ഞാൻ ഇടക്ക് അങ്ങോട്ട് വന്നോളാം ”

” ശെരി ഡോക്ടർ,, എന്നാൽ ഞാനങ്ങോട്ട് ”
എന്നും പറഞ്ഞ് അവൻ എഴുന്നേറ്റു.

വൈകുന്നേരത്തോടു കൂടി തന്നെ രേവതിയെ ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തി അവരെ അർജുനും, വിഷ്ണുവും കൂടി മുറിയിൽ കൊണ്ട് കിടത്തി. എല്ലാവരോടും സംസാരിച്ചിട്ടും രേവതി ഗംഗാധരനെ കുറിച്ചൊന്നും ചോദിക്കാത്തത് എല്ലാവരിലും അതിശയമുളവാക്കി .

“”” വിച്ചൂ,,, ഇങ്ങ് വന്നേ”””
അവര് അവനെ അടുത്തേക്ക് വിളിച്ചതും എല്ലാവരും അവർക്ക് സംസാരിക്കാൻ വേണ്ടി പുറത്തേക്കിറങ്ങി കൊടുത്തു.

” എന്റെ മോൻ അമ്മയോടെന്തു പറയും എന്ന് വിചാരിച്ച് ഇങ്ങനെ വിഷമിക്കണ്ട. എല്ലാവരുടെ മുഖത്തും ഇതേ വിഷമം തന്നെ. നിന്റെ അച്ഛൻ ഈ ലോകത്തില്ല എന്ന്
അന്ന് നീ എനിക്ക് ബോധം വന്നപ്പോൾ കാണാൻ വന്നില്ലേ അന്നേ അമ്മക്ക് മനസ്സിലായതാ. ”
അത് കേട്ടതും വിഷ്ണു പെട്ടെന്ന് സ്തബ്ധനായി പോയി.

” അമ്മേ,,, ”

” ഒരു കാര്യമോർത്ത് അമ്മക്ക് സന്തോഷമുണ്ട് അവനോട് ചെയ്തതിന് അവന്റെ ജീവൻ തന്നെ തിരിച്ചു കൊടുത്ത് പ്രായശ്ചിത്തം ചെയ്തിട്ടാ നിന്റെ അച്ഛൻ പോയത്.
പിന്നെ, ഞങ്ങളുടെ മോന് ഞങ്ങളോടുള്ള വെറുപ്പ് മാറിയല്ലോ ”

” വെറുപ്പായിരുന്നില്ല അമ്മേ,,,
ഏട്ടനോട് ചെയ്തതും, പിന്നെ സ്വത്തിന് വേണ്ടിയുള്ള ഓട്ടത്തിനിടയിൽ എന്നെ മറന്നതും എല്ലാം കൂടി ആയപ്പോൾ ചെറുപ്രായത്തിലേ നിങ്ങളോട് രണ്ടാളോടും എനിക്ക് ഇഷ്ടക്കേട് തോന്നിത്തുടങ്ങി. ഞാൻ വളർന്നപ്പോൾ ആ ഇഷ്ടക്കേടും എന്റെ ഒപ്പം വളർന്നു. നിങ്ങളെ വെറുക്കുന്നു എന്ന് പറയുമ്പോഴും മനസ്സ് കൊണ്ട് വെറുക്കാൻ സാധിച്ചിട്ടില്ല. ”

‘ എന്തായാലും അമ്മയുടെ മനസ്സ് നിറഞ്ഞു. പക്ഷേ ഒരു സങ്കടമേ ഉള്ളു. ഈ സന്തോഷം കാണാൻ നിന്റെ അച്ഛൻ ജീവനോടെ ഇല്ലല്ലോ എന്ന്. ”
പറഞ്ഞ് തീർന്നതും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

തുടരും,,,,