19/04/2026

ഗൗരി കല്യാണി : ഭാഗം 03

രചന – കണ്ണന്റെ മാത്രം

കല്ലുവും ഗൗരിയും അവരുടെ സീറ്റിൽ എത്തി വർക്ക്‌ തുടങ്ങി. പെട്ടെന്നാണ് കല്ലു രാധുനെ ഡോക്ടറെ കാട്ടേണ്ട കാര്യം ഓർത്തത്.
ഗൗരീ എനിക്ക് ഇന്ന് കുറച്ച് നേരത്തെ ഇറങ്ങണം….

അതെന്തിനാ… എന്തേലും വിശേഷം ഉണ്ടോഡാ…

വിശേഷം ഒന്നും ഇല്ലെടാ. രണ്ടുദിവസമായി രാധുനു ഒരു സുഖം ഇല്ല. ഡോക്ടറെ അടുത്ത് പോവാം എന്ന്‌ പറഞ്ഞാ കേൾക്കണ്ടേ. ഇന്നെന്തായാലും പിടിച്ചു കൊണ്ട് പോവണം…

ആണോ എന്തുപറ്റി രാധുമ്മക്ക്…

ആവോ അറിയില്ല ഭയങ്കര ക്ഷീണംപോലെ തോന്നുന്നു കാണുമ്പോൾ പിന്നെ ആ ശ്വാസംമുട്ടിന്റെ ബുദ്ധിമുട്ടും ഉണ്ടെന്നു തോന്നുന്നു. അതിന് എന്തുണ്ടെങ്കിലും മിണ്ടില്ലല്ലോ. ഇന്ന് എന്തായാലും ഒന്ന് കൊണ്ടുപോയി കാണിക്കണം…

നമുക്ക് ദേവേട്ടനോട് ചോദിച്ചു ഇത്തിരി നേരത്തേ ഇറങ്ങാൻ നോക്കാം. ഞാനും വരാം കൂടെ..

ഏയ്യ് അതിന്റെ ആവശ്യം ഇല്ലെടാ ഞാൻ മതിയല്ലോ..

നീയൊന്നും പറയണ്ട രാധുമ്മ എന്റേം കൂടെ അമ്മയാണ്. എന്റെ അമ്മ എന്നേ മനസിലാക്കേം സ്നേഹിക്കേം ചെയ്യുന്നതിനേക്കാൾ രാധുമ്മ എന്നേ സ്നേഹിക്കുന്നുണ്ട്. എന്റെ അമ്മക്കും അച്ഛനും ഞാൻ ഒരു അധികപ്പറ്റാണ്. അവർക്ക് ചേട്ടനെ മാത്രേ വേണ്ടു. ആ അവരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആഗ്രഹിക്കാതെ കിട്ടിയതല്ലേ എന്നേ അപ്പൊ പിന്നെ സ്നേഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല അല്ലേടാ..

പിന്നേ നിന്റെ വീട്ടുകാർക്ക് പ്രാന്താണ്. അല്ലെങ്കിൽ ഇത്രേം നല്ല നിന്നെ ഇതുപോലെ രണ്ടാംതരം കാണോ. എല്ലാവരും കണക്കാണ്. നിന്റെ മൂരാച്ചി അച്ഛനും അമ്മയും ആ കോന്തൻ ചേട്ടനും ഒക്കെ. ഞാൻ ആവേണ്ടിരുന്നു അവരുടെ മോളായിട്ട്. എന്നാ അവരെ ഒരു പാഠം പഠിപ്പിച്ചേനെ. അല്ലെങ്കിൽ ഡിഗ്രിക്ക് റാങ്ക് വാങ്ങിയ നിന്നോട് പഠിപ്പ് നിർത്തി ജോലിക്ക് പോകാൻ ആരെങ്കിലും പറയോ. അതൊക്കെ മൂളി കേൾക്കാൻ നീ ഒരുത്തിയും. കല്ലു അവളെ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു.

ഏയ്യ് അത് സാരമില്ലടാ എനിക്ക് വിഷമം ഒന്നും ഇല്ല. അവരുടെ കൈയിൽ പൈസ ഉണ്ടാവില്ല എന്നേ പഠിപ്പിക്കാൻ. പിന്നേ ചേട്ടനെ ഒന്നും പറയണ്ടടാ എന്നേ ആ വീട്ടിൽ ആകെ സ്നേഹിക്കുന്നത് ചേട്ടൻ മാത്രം ആണ്. പിന്നേ അച്ഛനേം അമ്മേനേം ധിക്കരിക്കാൻ ചേട്ടന് പറ്റില്ല. അതാ എന്റെ പഠിപ്പിന്റെ കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റാഞ്ഞേ.

പിന്നേ….പുതിയ കാർ വാങ്ങാനും ഭൂമി വാങ്ങാനും ഒക്കെ നിന്റെ അച്ഛന്റെ കൈയിൽ പൈസ ഉണ്ട് നിന്നെ പഠിപ്പിക്കാൻ മാത്രം ഇല്ല.പിന്നെ നിന്റെ ചേട്ടന് വേണമെങ്കിൽ നിന്നെ പഠിപ്പിക്കായിരുന്നു. ഒന്നുമില്ലെങ്കിൽ ആളൊരു ബാങ്ക് മാനേജർ അല്ലെ. പക്ഷേ അങ്ങേർക്കും വയ്യാ നിനക്ക് വേണ്ടി എന്തേലും ചെയ്യാൻ.അതാണ് ആളും ഒന്നും ചെയ്യാണ്ടിരുന്നത്.ആ അതൊക്കെ പോട്ടെ നിന്നോട് ഞാൻ പറഞ്ഞതല്ലേ നിന്നെ ഞാൻ പഠിപ്പിക്കാം എന്ന്‌. അപ്പൊ അവൾക്ക് അതും പറ്റില്ല.. ഹും.. കല്ലു ദേഷ്യത്തോടെ മുഖം വെട്ടിച്ചു.

പിന്നേ… നീ പഠിപ്പ് സ്റ്റോപ്പ്‌ ചെയ്ത് ജോലിക്ക് പോണത് എന്നേ പഠിപ്പിക്കാൻ അല്ലെ. നീ ആദ്യം നിന്റെ ഡ്രീം ആയ സ്വന്തമായി വീടൊരെണ്ണം ഉണ്ടാക്ക്. എന്നിട്ട് നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് പിജിക്ക് ചേരാം. ഇപ്പോ തത്കാലം നമുക്ക് നമ്മുടെ പണിയെടുക്കാം…

അത് ശെരിയാ.. ഇല്ലെങ്കിൽ ആ പൂട്ടിപിശാശ് കണ്ടാൽ പിന്നേ അതുമതി കിടന്നു തുള്ളാൻ. അവൾടെ വിചാരം അവളാണ് ഇവിടത്തെ ceo എന്നാ.കല്ലു ഒരു പുച്ഛത്തോടെ പറഞ്ഞു.

ഒന്ന് മിണ്ടാതിരിക്ക് കല്ലു. ഇനി അത് കേട്ടുകൊണ്ട് വന്ന അതുമതി ശ്രീയ മാഡത്തിന് ചൂടാവാൻ. അല്ലെങ്കിലേ അവർക്ക് എന്താണാവോ നമ്മളോട് ഇത്രേം ദേഷ്യം. ഗൗരി പറഞ്ഞു….

നമ്മളോട് അല്ല. നിന്നോട് ആണ് കൂടുതൽ… ഹിഹി

ഏഹ് അതെന്തിനാ എന്നോട് ദേഷ്യം കൂടുതൽ.. ഗൗരി ഞെട്ടികൊണ്ട് ചോദിച്ചു.

അവൾക്ക് നിന്റെ കണ്ണേട്ടന്റെ മേൽ ഒരു കണ്ണുണ്ട്. അങ്ങേരാണെങ്കിൽ അവളെ മൈൻഡും ചെയ്യുന്നില്ല. നീ ആണെങ്കിൽ ആളുടെ ഫേവറേറ്റും. പോരേ പൂരം. അവൾക്കറിയില്ലല്ലോ നീ അങ്ങേരുടെ ജനിക്കാതെ പോയ സഹോദരി ആണെന്ന്.. ഒരു കള്ളച്ചിരിയോടെ കല്ലു പറഞ്ഞു..

ഇതുകേട്ട് ഗൗരി ഞെട്ടി കൊണ്ട് ചോദിച്ചു ഇതിനുപിന്നിൽ ഇങ്ങനെ ഒരു കാര്യമുണ്ടായിരുന്നോ ഞാൻ ഒന്നുമറിഞ്ഞില്ല…

അതുകേട്ട് കല്ലു പൊട്ടി ചിരിച്ചു…

……………….

Commissioner Office

May I come in sir???

Yes come in…

ആ വരണം വരണം mr. അഗ്നി ദേവ് വർമ IPS ന്യൂ DCP ലോ and ഓർഡർ. ജോയിൻ ചെയ്യാൻ വന്നതാണോ..

Yes sir…

ഇനി ഇവിടെ എത്ര നാൾ ഉണ്ടാവും ഡ്യൂട്ടിയിൽ.

അറിയില്ല sir…

നാണമില്ലെടാ നിനക്ക്. ഒരു കൊല്ലത്തിനിടയിൽ ഇത് എത്രാമത്തെ ട്രാൻസ്ഫർ ആണ്. എന്ന്‌ നീ കേരളത്തിലേക്ക് വന്നോ അന്ന് മുതൽ ഓരോ മാസവും ട്രാൻസ്ഫർ അല്ലേടാ.

അല്ല sir. ഇടയിൽ മൂന്ന് മാസം ഞാൻ സസ്പെന്ഷനിൽ ആയിരുന്നു.

ദേ അച്ചു എന്നേ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ. എന്തിനാടാ നീ ഇങ്ങനെ ഓരോന്നും ഉണ്ടാക്കി വെക്കുന്നെ. പാവം എന്റെ പെങ്ങൾ നിന്റെ കാര്യം ആലോചിച്ചു വിഷമിക്കാനേ നേരം ഉള്ളൂ.
മ്മ് മ്മ് അത് പോട്ടെ ഇപ്പോ എന്തിനാ ഈ ട്രാൻസ്ഫർ ആരെയാ എടുത്തിട്ട് ചാമ്പിയത്.

അത് ഹോം മിനിസ്റ്ററുടെ മോനെ…

ഹഹഹ… നന്നായി അവനു അല്ലെങ്കിലും ഒരെല്ല് കൂടുതൽ ആയിരുന്നു. എന്നിട്ട് എത്ര എല്ല് ഒടിഞ്ഞു അവന്റെ.

ഏയ്യ് അധികം ഒന്നും ഇല്ല. വലത്തേ കൈയും ഇടത്തെ കാലും.

അട പാവി അവനു നേരെ നിക്കാൻ വയ്യാതാക്കിയല്ലോ നീ. വെറുതെ അല്ല നിന്നെ കൊച്ചിയിലേക്ക് തന്നെ തട്ടിയത്. പിന്നേ അച്ചു കേരളത്തിലെ ബാക്കി ഉള്ള സ്ഥലങ്ങൾ പോലെ അല്ല കൊച്ചി. ഇവിടെ ക്രിമിനൽസിന്റെ ഒരു ഹബ്ബ് ആണ്. ഡൽഹിയിലും ബോംബെയിലും ഒക്കെ വർക്ക്‌ ചെയ്തിട്ടുള്ള നിന്നോട് പറയണ്ട കാര്യമില്ല എന്നറിയാം എന്നാലും സൂക്ഷിക്കണം. എന്ത് ചെയ്യുമ്പോഴും ഒരു ജാഗ്രത വേണം. കൂട്ടത്തിൽ തന്നെ ഉണ്ട് ഒറ്റുകാർ.

അത് ഞാൻ ശ്രദ്ധിച്ചോളാം മാമേ. മാമി എന്ത് പറയുന്നു. ഞാൻ വരുന്നുണ്ട് എന്ന്‌ പറയൂ മാമിടെ നെയ്ച്ചോറും ചിക്കനും കഴിക്കാൻ.

പിന്നേ നീ വാടാ നീയല്ലാതെ വേറെ ആരാ ഞങ്ങൾക്ക് ഉള്ളത് ഇതൊക്കെ ഉണ്ടാക്കി തരാൻ. അപ്പൊ പറഞ്ഞതൊന്നും മറക്കണ്ടാ…

Yes sir..

അച്ചു തിരിച്ചു ഇറങ്ങുമ്പോ അവന്റെ മാമയെ കുറിച്ചാണ് ചിന്തിച്ചത്. അവന്റെ അമ്മയുടെ ഒരേ ഒരു സഹോദരൻ ആണ് കമ്മീഷണർ ഹരികൃഷ്ണൻ IPS ഭാര്യ സുല്ഫത്ത് ( High School Teacher) . ആ അത് തന്നെ ഇന്റർകാസ്റ്റ് കല്യാണം ആയിരുന്നു അവരുടെ. അതോടെ മാമിടെ വീട്ടുകാർ എല്ലാവരും ശത്രുക്കൾ ആയി. കണ്ണൂരിലെ പ്രസിദ്ധമായ കൂട്ടരാണ് മാമിയുടെ വീട്ടുകാർ. മാമയും ആയിട്ടുള്ള ബന്ധം അറിഞ്ഞ മാമിയുടെ വീട്ടുകാർ മാമിക്ക് വേറെ കല്യാണം ഉറപ്പിച്ചു. അപ്പൊ നിന്നനിൽപ്പിൽ മാമിയെയും അടിച്ചു കൊണ്ടുവന്നതാണ് മാമ. അവർക്ക് മക്കൾ ഇല്ല. സീതലക്ഷ്മിയുടെ മക്കൾ ആണ് അവരുടെയും മക്കൾ. അതിൽ തന്നെ അച്ചു ആണ് അവരുടെ പ്രിയപ്പെട്ടത്…

അച്ചു നേരെ DCP ഓഫീസിൽ എത്തി. എല്ലാവരും അച്ചുവിനെ കണ്ടപ്പോ തന്നെ എഴുന്നേറ്റു. അച്ചു നേരെ അവന്റെ ക്യാബിനിൽ പോയി…

പുതിയ DCP ആള് കലിപ്പ് ആണല്ലോ ഫൈസലിക്ക കണ്ടിട്ട്. അവസാനം വരെ ഇതൊക്കെ കണ്ടാൽ മതി.

അതെന്താ ജോർജേ അങ്ങനെ ഒരു വർത്താനം. നിനക്ക് അദ്ദേഹത്തെ കുറിച്ച് ഒന്നും അറിയില്ലേ..

പിന്നേ ഇപ്പോ എന്താ ഇത്രേം അറിയാൻ മാത്രം. എല്ലാം ഈ മന്ത്രിമാരുടെ കളിപ്പാവകൾ അല്ലെ..

നീ ഒന്ന് പതുക്കെ പറ ജോർജ് അങ്ങേര് കേൾക്കണ്ട. നിനക്ക് അഗ്നി സാറിനെ കുറിച്ച് കൂടുതൽ അറിയാത്തതുകൊണ്ട് പറയുന്നതാണ് ഇതൊക്കെ. ഇന്ത്യയിലെ തന്നെ വണ്‍ ഓഫ് ദി ബെസ്റ്റ് പോലീസ് ഓഫീസറാണ് അഗ്നിസാർ. എൻകൌണ്ടർ സ്പെഷ്യലിസ്റ്. ഇതുവരെ അന്വേഷിച്ച ഒരു കേസും തെളിയിക്കാതെ ഇരുന്നിട്ടില്ല. അതിപ്പോ എത്ര ഉന്നതങ്ങളിൽ നിന്ന് വിളി വന്നാലും ആള് തീരുമാനിച്ചതേ മൂപ്പര് ചെയ്യൂ. കേരളത്തിലേക്ക് മാറ്റം കിട്ടിയിട്ട് ഒരു കൊല്ലം ആവുന്നേയുള്ളൂ അതിലും മുമ്പ് ഡൽഹിയും ബോംബെയും ഒക്കെ വിറപ്പിച്ച ആളാണ്. ആൾക്ക് കേന്ദ്രത്തിൽ ഒക്കെ നല്ല പിടിയാ. പിന്നേ ഇപ്പോ കേരളത്തിലേക്ക് വന്നതിലും എന്തെങ്കിലും അജണ്ട ഉണ്ടാവും.

ആഹാ അപ്പൊ ആള് പുലി ആണല്ലോ….ഫൈസലിക്ക ASI ജീവൻ പറഞ്ഞു.

അല്ലാതെപിന്നെ ഇതിപ്പോ കേരളത്തിലേക്ക് മാറ്റം കിട്ടിയിട്ട് തന്നെ എത്രാമത്തെ ട്രാൻസ്ഫർ ആണെന്ന് അറിയോ. എല്ലാതും ഈ രാഷ്ട്രീയക്കാരെ എടുത്തിട്ട് പെരുമാറിയതിന് കിട്ടിയിട്ടുള്ള ട്രാൻസ്ഫർ തന്നെയാണ്. ഇതിപ്പോ നമ്മുടെ ഹോം മിനിസ്റ്ററുടെ മകനെ എടുത്തിട്ട് ചാമ്പിയതിന് കിട്ടിയ ട്രാൻസ്ഫർ ആണ്.ഫൈസൽ ഒരു ചിരിയോടെ പറഞ്ഞു..

ആൾക്ക് കണ്ടാൽ അത്ര പ്രായം ഒന്നും തോന്നുന്നില്ലല്ലോ അപ്പൊ ചെറിയ പ്രായത്തിൽ സർവീസിൽ കേറിയോ.. ജോർജ് ചോദിച്ചു..

ഇതുകേട്ട ഫൈസൽ പറഞ്ഞു സാർനു 30 വയസു ആവുന്നേ ഉള്ളൂ. 25 ആവുമ്പോഴേക്കും ആള് സർവീസിൽ കേറി. പിന്നേ സാറിന്റെ കുടുംബവും മോശം ഒന്നും ഇല്ല. നീ DM ഗ്രൂപ്പ്സ് കേട്ടിട്ടുണ്ടോ..

പിന്നേ അറിയാതെ ഇന്ത്യയിലെ തന്നെ ബെസ്റ്റ് ബിസിനസ്‌ ഗ്രൂപ്പ്സിൽ ഒന്നല്ലേ അത്. എന്റെ ഭാര്യയുടെ ആങ്ങളകൊച്ചൻ അവരുടെ കോൺസ്ട്രക്ഷൻസിൽ ആണ് വർക്ക്‌ ചെയ്യുന്നേ… ജോർജ് പറഞ്ഞു.

ആ എന്നാ സാറിന്റെ ഒക്കെ ആണ് DM ഗ്രൂപ്പ്സ്. അതുപോരാതെ നമ്മുടെ കമ്മീഷണർ സാർന്റെ പെങ്ങളുടെ മകൻ ആണ് അഗ്നി
സാർ.

ആഹാ അപ്പൊ ചെറിയ പുള്ളി അല്ല അല്ലെ ആള്. ഇക്കാക്ക് എങ്ങനെയാ ഇത്രയൊക്കെ അറിയുന്നേ….

എന്റെ അനിയൻ അല്ലെ കമ്മീഷണറുടെ ഡ്രൈവർ. അങ്ങനെ അറിഞ്ഞതാണ് ഇതൊക്കെ ഫൈസൽ പറഞ്ഞു…

അപ്പോഴേക്കും അവരെ അച്ചു ഉള്ളിലേക്ക് വിളിപ്പിച്ചു….

തുടരും…..