വിവാഹത്തിനുള്ള ദിവസം കുറിക്കുക മാത്രമേ അച്ഛൻ ചെയ്തുള്ളൂ.. ബാക്കി എല്ലാം ഞങ്ങളെ ഏൽപ്പിച്ചു.. ആർഭാടം വേണ്ടാന്നുള്ളത് രണ്ടാളുടെയും തീരുമാനമാണ്. എല്ലാവർക്കു മുന്നിലും അണിഞ്ഞൊരുങ്ങി നിൽക്കാൻ ഇഷ്ടപ്പെടുന്നില്ല.. അല്ലെങ്കിലും ആർക്കു വേണ്ടി.. രണ്ടു മനസ്സുകൾ തമ്മിൽ കൂടിച്ചേരുന്നതിന് സാക്ഷിയായി ദൈവമല്ലാതെ വേറെയാരെയാണ് വേണ്ടെതെന്ന് തോന്നി.. അത് അച്ഛനും മനസ്സിലാക്കി മകളുടെ ആദ്യത്തെ ജീവിത അനുഭവം കൊണ്ട്.. അദ്ദേഹത്തിനിപ്പോൾ മാധവനെ എങ്ങനെയും സ്വന്തമാക്കിയാൽ മതിയെന്നേ ഉള്ളൂ.. പദ്മയേക്കാൾ മാധവനെ സ്വന്തമാക്കാൻ അദ്ദേഹത്തിനാണ് തിടുക്കം കൂടുതൽ.. എല്ലാത്തിനും കൂടി അച്ഛൻ കുറച്ചു പൈസ കയ്യിൽ വെച്ചു കൊടുത്തതും സ്നേഹത്തോടെ നിരസിച്ചു.. വാങ്ങില്ലെന്ന് അച്ഛനും അറിയാം പക്ഷേ കൊടുക്കുക എന്നത് അദ്ദേഹത്തിന്റെ മര്യാദയാണ്..
മാധവന്റെ കയ്യിൽ ഉള്ളത് എന്താണോ അതിൽ നിന്നും ഉള്ളത് മതി.. ഞാനതാണ് ആഗ്രഹിക്കുന്നതും.. അച്ഛനെ പൈസ തിരിച്ചേൽപ്പിച്ചുവെന്ന് പറഞ്ഞപ്പോൾ പദ്മ പറഞ്ഞതാണ്.. അതു തന്നെയല്ലേ താനും ആഗ്രഹിക്കുന്നത്.. അച്ഛനെ ബുദ്ധിമുട്ടിക്കാൻ ഇഷ്ടപ്പെടുന്നില്ല.. അന്നും ഇന്നും അഭിമാനം മാത്രമേ ഉള്ളൂ സ്വന്തമായിട്ട്.. അത് ആകെയൊന്നു പണയം വെച്ചത് പദ്മ ടീച്ചറിന്റെ മുന്നിൽ മാത്രമാണെന്നത് ചിരിയോടു കൂടി ഓർത്തെടുത്തു മാധവൻ.. ഭാര്യ ആവാൻ പോകുന്നവൾക്ക് ഇഷ്ടമുള്ളത് വാങ്ങിക്കൊടുക്കാൻ ഒക്കെ മാധവന് കഴിയും..
എല്ലാം പദ്മയുടെ ഇഷ്ടത്തിനാണ് വാങ്ങിയത്.. മിന്നൂട്ടിയോടും അഭിപ്രായം ചോദിക്കുന്നുണ്ട്.. അധികം വലിപ്പമില്ലാത്ത ഒരു താലിയും മാലയും എടുത്തു.. അതങ്ങനെ കയ്യിൽ വെച്ച് അതിന്റെ ഭംഗി ആസ്വദിച്ചു പദ്മ.. മാധവന് പദ്മയും പദ്മയ്ക്ക് മാധവനും സ്വന്തമെന്നതിന്റെ അടയാളം.. അത് കഴുത്തിൽ വെച്ചു മാധവനോട് കണ്ണുകൊണ്ടു എങ്ങനുണ്ടെന്ന് ചോദിച്ചു.. കൊള്ളാമെന്നു തിരിച്ചും കാണിച്ചു..
ഡ്രസ്സ് എടുക്കാൻ രണ്ടാളെയും കൂട്ടി പോയത് ജ്യോതിയുടെ ടെക്സ്റ്റൈൽസിലേക്ക് ആണ്.. മനഃപൂർവം ഒന്നുമല്ല, പക്ഷേ അങ്ങോട്ടേക്ക് പോകാനാണ് തോന്നിയത്.. അത് മനസ്സിലാക്കി മാധവൻ കണ്ണുകൊണ്ട് എന്താ ഉദ്ദേശം ന്ന് ചോദിച്ചു.. “ചുമ്മാ” ന്ന് പറഞ്ഞു നല്ല ഒരു ചിരി കൊടുത്തു.. സാധാരണ തേച്ചിട്ട് പോയ പെണ്ണിന്റെ മുന്നിൽ കൂടി വേറൊരു പെണ്ണിനെ കൂട്ടി പോകുന്നത് ഏതൊരു ആണിനും കുറച്ചു അഹങ്കാരം ആണെന്ന് കേട്ടിട്ടുണ്ട്.. അതും സ്വന്തം പെണ്ണ് ആവുമ്പോൾ .. ഇങ്ങേർക്ക് അങ്ങനെയുള്ള വികാര വിചാരങ്ങൾ ഒന്നുമില്ലേ … ആരെയെങ്കിലും പുറമേ കാണിക്കാൻ ഒന്നും മാധവന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ല.. മണ്ണിന്റെ മണമുള്ള മനുഷ്യൻ ആയതുകൊണ്ടാവും എന്തു കാട്ടിയാലും അതിലൊരു സത്യമുണ്ട്..
“ആദ്യഭാര്യയുടെ കടയല്ലേ.. ഡിസ്‌കൗണ്ട് കിട്ടുമോന്ന് നോക്കാം.. വാ”.. പദ്മ അത് പറഞ്ഞപ്പോൾ ദേഷ്യം കാണിക്കുമെന്നാണ് വിചാരിച്ചത്.. പക്ഷേ ആള് കൂൾ ആണ്.. ചിരിയോടെ കാർ പാർക്ക് ചെയ്യാൻ പോയി.. പണ്ടത്തെ ആ ഒരു ടെൻഷൻ ഒന്നുമില്ല ആ മുഖത്ത് .. അതേ ഷോപ്പ് ആണെന്ന് അറിഞ്ഞിട്ടും കുഞ്ഞിപ്പെണ്ണും ചിരിച്ചു കളിച്ചു കയ്യിൽ തൂങ്ങി നടപ്പുണ്ട്.. കയറി ചെന്നപ്പോളെ ബില്ലിംഗ് സെക്ഷനിലേക്കാണ് നോക്കിയത്.. ഉണ്ട് ഉണ്ട്.. ആളുണ്ട്.. ദൈവം കാത്തു.. കൂടെ കുറച്ചു പ്രായം ഉള്ള ഒരു മനുഷ്യനും.. ഇപ്പോളത്തെ പ്രാണനാഥൻ ആവും.. ശ്ശേ ഞങ്ങളുടെ എൻട്രി അവർ കണ്ടില്ല.. മിസ്സ് ആയിപ്പോയി.. ആ.. ഇനി ഇറങ്ങുമ്പോൾ നോക്കാം.. എന്താണേലും ഈ കാഴ്ച്ച കാണിച്ചിട്ടേ ഞാനിവിടെ നിന്നും പോകൂ.. പദ്മ ഉറപ്പിച്ചു.. ഈ ഭാവങ്ങൾ ഒക്കെയും നോക്കി അടുത്തൊരാൾ നിൽപ്പുണ്ടെന്ന കാര്യം മറന്നു പോയി.. “കഴിഞ്ഞോ” ന്ന് ചോദിച്ചു.. ഒരു ചിരിയങ്ങു ചിരിച്ചു കാണിച്ചു.. സ്റ്റെപ്സ് കയറുമ്പോൾ തോളിൽ കയ്യിട്ടു ചേർത്തു പിടിച്ചു പറഞ്ഞു..
“നമുക്കേ വാശിയും വൈരാഗ്യവും ഒന്നും വേണ്ടാ.. അത് ആരോടായാലും.. എന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചു പോയതാണ് ജ്യോതി.. എനിക്ക് അത് കഴിഞ്ഞു പോയ ജീവിതം ആണ്.. അതിലേക്ക് തിരിഞ്ഞൊന്നു നോക്കുക കൂടി ചെയ്യില്ല ഞാൻ.. എന്റെ കുഞ്ഞും.. സന്തോഷം ആണെങ്കിലും വിഷമം ആണെങ്കിലും അതവൾ അനുഭവിച്ചോളും.. നമ്മളെ ബാധിക്കില്ല.. ഇതെന്റെ പുതിയ ജന്മം ആണ്.. അതുകൊണ്ട് ഈ കാട്ടായം അങ്ങു നിർത്തിക്കോ”.. തലകുലുക്കി സമ്മതിച്ചു മാധവനെ ഒരു കൈകൊണ്ട് ചുറ്റി പിടിച്ചു.. എന്നിട്ട് മനസ്സിൽ പറഞ്ഞു.. “താനൊന്നു പോടോ.. ഒരു പുണ്യാളൻ .. ഞാൻ ഈ ഷോ നിർത്താൻ ഉദ്ദേശിക്കുന്നില്ല.. ഒരിക്കലെങ്കിലും ജ്യോതി മനസ്സിലാക്കണം ഈ അപ്പനും മകളും അവൾക് തീർത്താൽ തീരാത്ത നഷ്ടമായിരുന്നുവെന്ന്.. കെട്ടിയോനെ ഓർത്തില്ലെങ്കിലും സ്വന്തം ജീവനിൽ നിന്നും വന്ന കുഞ്ഞിനെ എങ്കിലും ഓർക്കണം.. എന്നുവെച്ചു അവർക്ക് അവകാശം പറയാനെങ്ങാനും വന്നാൽ കൊല്ലും ഞാൻ”..
അത്രയും സ്നേഹത്തിൽ തോളിൽ കയ്യിട്ടു നടന്ന മാധവന്റെ ഉദ്ദേശം പദ്മ മനസ്സിലാക്കി.. ലിഫ്റ്റിൽ കയറാതിരിക്കാൻ ഒഴിഞ്ഞു മാറിയതാ ആള്.. എന്നോടാ കളി.. കാണിച്ചു തരാം..
അധികം ഒന്നും എടുത്തില്ല.. അച്ഛനും അമ്മയ്ക്കും മാധവനും തനിക്കും മിന്നൂട്ടിക്കും മാത്രം.. അടുത്തിരുന്നു പദ്മ ചെയ്യുന്നതെല്ലാം നോക്കി കാണുകയാണ് മാധവൻ.. ഓരോ ഡ്രസ്സ് എടുക്കുമ്പോഴും അതവരിടുമ്പോൾ എങ്ങനെ ഉണ്ടാവുമെന്ന് മനസ്സിൽ കാണുന്നുണ്ട്.. ഒരു പ്രത്യേക രീതിയിൽ മുഖം ചെരിച്ചു ആലോചിച്ചു നോക്കും .. ഒരു പത്തു ഷർട്ട് എങ്കിലും മാധവന്റെ ദേഹത്തു വെച്ചു നോക്കി.. എന്നിട്ട് അത് ഒന്നും ശ്രദ്ധിക്കാതെ ഒരു ബന്ധവും ഇല്ലാത്ത വേറൊരു ഷർട്ട് തിരഞ്ഞെടുത്തു.. മാധവൻ പദ്മയെ കണ്ണുപറിക്കാതെ നോക്കുന്നത് കണ്ടിട്ട് സെയിൽസ് ഗേളിന് വരെ നാണം വന്നു..
ലിഫ്റ്റ് കണ്ടപ്പോൾ രണ്ടും തിരിഞ്ഞോടാൻ നിന്നു.. പദ്മ പിടിച്ച പിടിയാലേ പേടിപ്പിച്ചു രണ്ടിനെയും അകത്തു കേറ്റി.. ഇത്രയ്ക്കും പേടി കൊള്ളില്ലല്ലോ.. ഡോർ അടഞ്ഞപ്പോളേക്കും മിന്നു വന്നു പദ്മയെ കെട്ടിപ്പിടിച്ചു.. മാധവന്റെ മുഖം കണ്ടപ്പോഴേക്കും ചിരി വന്നു.. വേറെ ആരുമില്ലാഞ്ഞതുകൊണ്ട് പദ്മ ഒരു കൈ നീട്ടി മാധവനെ ക്ഷണിച്ചു.. മിന്നുവിനെ കൂട്ടി പദ്മയെ കെട്ടിപ്പിടിച്ചു.. ഒന്നു പേടിച്ചുവെന്ന് കരുതി ഇത്രയും വേണ്ടായിരുന്നു.. നെറുകയിൽ മാധവന്റെ ശ്വാസം അടിച്ചു… പദ്മയുടെ ചുണ്ടിൽ നാണം നിറഞ്ഞ ഒരു ചിരിയുണ്ടായിരുന്നു.. “ഹണിമൂണിന് വിദേശത്തോട്ട് ഒക്കെ പോണമെന്നു കരുതിയതാ.. ലിഫ്റ്റിൽ പോലും കയറാൻ പേടിയുള്ളവരെ ഫ്ലൈറ്റിൽ എങ്ങനെ കേറ്റും ഞാൻ ഈശ്വരാ”.. പദ്മ കളിയാക്കി… “അത് നീ തന്നെ പോയാൽ മതി ഞാൻ ഇവിടെ ഊട്ടിയിലോ തേക്കടിയിലോ പൊക്കോളാം”.. മാധവൻ മെല്ലെ ചെവിയിൽ പറഞ്ഞു.. “ഞാൻ അമ്മേടെ കൂടെ ഫ്ലൈറ്റ്നേ ഉള്ളൂ”.. മിന്നു മുഖം ഉയർത്താതെ പറഞ്ഞു..
ലിഫ്റ്റ് ഓപ്പൺ ആയപ്പോൾ മാധവന്റെ ചെവിയിൽ പറഞ്ഞു.. “ഇങ്ങനെ നിൽക്കാൻ ഇത് വീടല്ല.. ഇറങ്ങേണ്ട സ്ഥലം എത്തി..” ലിഫ്റ്റ് ക്ലോസ് ആവാതിരിക്കാൻ കൈവെച്ചു തടഞ്ഞു പദ്മ.. പെട്ടെന്ന് പദ്മയെ ഒന്നു നോക്കിയിട്ട് മാധവൻ മാറി നടന്നു.. ആ അതങ്ങനല്ലേ വരൂ.. ഭൂമിയിൽ കാലു കുത്തിയാൽ പിന്നെ ജാഡയാ…
ബില്ലടയ്ക്കാൻ ക്യാഷ് വാങ്ങിയത് ജ്യോതിയാണ്.. അത് മാധവനെ കണ്ടു മനഃപൂർവം ആണെന്ന് മനസ്സിലായി.. മാധവനെ ഇടയ്ക്കിടെ നോക്കുന്നുണ്ട് പക്ഷേ ചെറിയൊരു നോട്ടം പോലും തിരിച്ചു കൊടുക്കുന്നില്ല.. അത്രയും വർഷം ഒരുമിച്ചുണ്ടായിട്ടും ഇപ്പോളാണോ ആ മുഖം കാണുന്നത്.. ഇത്രയും കാണാൻ കൊതി ആയിരുന്നെങ്കിൽ ഇട്ടേച്ചു പോകണ്ട വല്ല കാര്യവും ഉണ്ടാരുന്നോ.. ജ്യോതിയുടെ ആ നോട്ടം കണ്ടിട്ട് പദ്മ ചിന്തിച്ചു.. മിന്നുവിനെ നോക്കുന്ന കൂട്ടത്തിൽ ജ്യോതി എന്നെയും നോക്കുന്നുണ്ട്..
തന്റെ ഒരു കയ്യിൽ കൈ കോർത്തു പിടിച്ചു മറുകയ്യിൽ മുണ്ടിന്റെ അറ്റവും പിടിച്ചു മാധവൻ നടന്നു.. ഈ മനുഷ്യന്റെ മുഖത്ത് നിന്നും കണ്ണൊന്നു തിരിച്ചെടുക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ.. തിരിഞ്ഞൊന്നു ജ്യോതിയെ നോക്കാനും മറന്നു.. ശ്ശേ.. എന്തൊക്കെയോ ജ്യോതിയെ മനസ്സിലാക്കി കൊടുക്കാൻ വന്നതാ.. എല്ലാം നശിപ്പിച്ചു.. ഈ മനുഷ്യൻ കാരണം ഒന്നിനും പറ്റിയില്ല… മിന്നൂട്ടൻ തുള്ളി തുള്ളി മുന്നിൽ നടക്കുന്നുണ്ട്.. ഓ അവൾടെ അമ്മേടെ ഷോപ്പ് ആണല്ലോ.. അതിന്റെ അഹങ്കാരവാ..
ഐസ്ക്രീം ഒക്കെ തിന്നു മുഖം മുഴുവൻ ആക്കിയിട്ട് ഉറക്കം പിടിച്ചു കാന്താരി.. “എന്റെ കുഞ്ഞ് ജ്യോതിയെ ഒന്നു നോക്കുക കൂടി ചെയ്തില്ല.. എന്റെ കയ്യിൽ തൂങ്ങിയായിരുന്നു നടപ്പ്, അതിലൊരുപാട് സന്തോഷം ഉണ്ട്”.. അതും പറഞ്ഞു അവളെ ചേർത്തു പിടിച്ചു തലോടിയിരിക്കുമ്പോളാണ് മാധവൻ ചിരിയോടെ പറഞ്ഞത്.. “എന്റെ ടീച്ചർക്ക് ഈ കുശുമ്പ് ചേരുന്നില്ല കേട്ടോ.. ഒരു രസമില്ല.. മിന്നുവിനോടും എന്നോടും കാണിക്കുന്ന കുറുമ്പിനേ കാണാൻ ഭംഗി ഉള്ളൂ”..
“ചെറിയൊരു കുശുമ്പ് ഉണ്ടായിരുന്നു.. പക്ഷേ അത് കാട്ടാൻ നിങ്ങൾ എന്നെ വിട്ടില്ലല്ലോ..പിടിച്ചു വെച്ചേക്കുവല്ലാരുന്നോ.. പിന്നെ രണ്ടു കണ്ണും എന്റെ മുഖത്തും അല്ലായിരുന്നോ”.. ചിരിയോടെ പറഞ്ഞിട്ട് പദ്മ വെളിയിലേക്ക് നോക്കിയിരുന്നു..
“പലപ്പോഴും ഓർത്തിട്ടുണ്ട് ഞാൻ, നിങ്ങളുടെ കാര്യം.. ഒരിക്കൽ പരസ്പരം സ്നേഹിച്ച നിങ്ങൾക്ക് രണ്ടാൾക്കും എങ്ങനെ പിരിയാൻ സാധിച്ചുവെന്ന് .. എളുപ്പമാണോ അത്.. എത്രയെത്ര രാവും പകലും കൂടെയിരുന്നിട്ടുണ്ടാവും , ഒരുമിച്ചുള്ള യാത്രകൾ, വഴക്കുകൾ, അതിനു ശേഷമുള്ള ഇണക്കങ്ങൾ, എങ്ങനെ മറക്കാനാവും ഇതൊക്കെ.. ഇങ്ങനെയൊക്കെ നിങ്ങൾക്കിടയിലും ഉണ്ടായിട്ടുണ്ടാവില്ലേ”.. പദ്മ ചോദിച്ചു.. “എന്നിട്ടിപ്പോൾ വെറും അന്യരെപ്പോലെ, തമ്മിൽ പരസ്പരം കാണുമ്പോൾ ഒരുമിച്ചുള്ള കാര്യങ്ങൾ മനസ്സിലേക്ക് വരാറില്ലേ.. ഒന്നും”.. പദ്മ മാധവന്റെ മുഖത്തേക്ക് നോക്കി.. ആള് എന്റെ ചോദ്യം കേട്ടു.. എന്നിട്ടും ഒന്നും മിണ്ടാതെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിക്കുവാ..
“സ്നേഹിച്ചപ്പോളുള്ള ഒന്നും ഇപ്പോൾ മനസ്സിലേക്ക് വരുന്നില്ല എന്നു പറഞ്ഞാൽ വിശ്വസിക്കുമോ.. അതൊന്നും ഓർക്കാതിരിക്കാൻ മാത്രമുള്ള ആഴത്തിലുള്ള ഒരു വേദനയാണ് ജ്യോതി എനിക്ക് തന്നത്.. ഇന്നും ആ ഒരു നിമിഷം ഓർക്കുമ്പോൾ മനസ്സിൽ ഒരു പിടപ്പ് ഉണ്ട്.. മിന്നൂന്റേം അവളുടെ കയ്യിലിരുന്നു കരയുന്ന ആ കുഞ്ഞിന്റെയും മുഖം കണ്ടില്ലെന്ന് നടിച്ചു പോകുന്ന ജ്യോതിയേ ഞാൻ ഒരിക്കലും മറക്കില്ല.. ആ ഒരു വേദന മനസ്സിൽ ഉള്ളിടത്തോളം കാലം എങ്ങനെയാണ് ഞാൻ പഴയ ജീവിതം ഒന്ന് ഓർക്കാൻ ധൈര്യപ്പെടുക.. വീണ്ടും വിശ്വസിക്കാൻ പഠിപ്പിച്ചതും തോറ്റു പോയ ജീവിതത്തിന് ഉയിർത്തെഴുന്നേൽക്കാൻ പ്രതീക്ഷ തന്നതും പദ്മയാണ്.. സമനില തെറ്റി നെഞ്ചു നീറി നിന്നപ്പോൾ ഒരു ആശ്വാസം തന്നത് നീയാണ്.. നിന്റെ കൂടെ ഇരിക്കാനും കൂടെ നടക്കാനും നിന്റെ വരുതിയിൽ അനുസരിച്ചു ജീവിക്കാനുമൊക്കെയാണ് ഇപ്പോൾ കൊതി.. എപ്പോളും മനസ്സിൽ ഈയൊരു മുഖം മാത്രമേ ഉള്ളൂ”.. പദ്മയുടെ കയ്യിൽ ചേർത്തു പിടിച്ചു..
“ഇനിയാരും വരേണ്ട അവകാശം പറഞ്ഞ്. ആരും നോക്കുകയും വേണ്ട.. ഈ ചിരിയും സംസാരവും ഒക്കെ എന്റെയാ.. എന്നെ പിടിച്ചു നിർത്താനുള്ള എന്തോ ഒരു പ്രത്യേകത അതിനുണ്ട്.. എന്നെ വലിച്ചടുപ്പിക്കുന്ന എന്തോ ഒന്ന്.. ഞാൻ തട്ടി വീണു പോയതും അതിലെന്തോ ഒന്നിൽ ആണ് “..പദ്മ അയാളെ ഒന്നു നോക്കിയിട്ട് തോളിലേക്ക് ചാഞ്ഞു.. ഒരു കൈ കൊണ്ട് മാധവന്റെ താടിയിൽ ഉഴിഞ്ഞു..
“മ്മ്.. അങ്ങനെ പലതും തോന്നും.. കാക്കയ്ക്കും തൻകുഞ്ഞു പൊൻകുഞ്ഞ് എന്നാണ് “.. മാധവൻ ഒന്നുറക്കെ ചിരിച്ചു.. മിന്നു ഒന്നനങ്ങിയപ്പോൾ പദ്മ ആ വായ പൊത്തി പിടിച്ചു..
ഇനിയും കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാലും ആഗ്രഹിക്കുന്ന സമയത്ത് കാണാൻ പറ്റുന്നത് തന്നെ വലിയൊരു ആശ്വാസമായിരുന്നു രണ്ടാൾക്കും.. അമ്മയെപ്പോഴാ അങ്ങോട്ട് വരുന്നേന്ന് മിന്നു എപ്പോളും ചോദിക്കും.. ഈ പെണ്ണ് ചോദിച്ചു ചോദിച്ചു ഇപ്പോ എങ്ങനെയെങ്കിലും അവിടെ ചെന്നാൽ മതീന്നേ ഉള്ളൂ.. മാധവന്റെ മുഖത്തും ഈ ഭാവം തന്നെയാണ്.. ഒന്നു കാണാൻ ചെന്നാലോ മിന്നുവിനെ കൂട്ടാൻ ചെന്നാലോ തിരിച്ചു വിടാൻ മടിയാണ്.. കുറച്ചൂടെ നേരം ഇരിക്ക് ന്ന് പറഞ്ഞു ആ വീട്ടിൽ പിടിച്ചു നിർത്തും.. നേരത്തെ ഞാൻ പോകാൻ മടിക്കുമ്പോൾ വടി എടുത്ത് ഓടിച്ചിരുന്ന ആളാണ് ന്ന് ഓർക്കണം .. കൃഷിയിടത്തിലേക്ക് ഇറങ്ങുമ്പോൾ തലയാട്ടി വിളിക്കും.. അമ്മയോ അച്ഛനോ എന്റെ അരികിൽ ഉണ്ടെങ്കിൽ കണ്ണുകൊണ്ടാണ് വിളിക്കുക .. എന്നിട്ടും ചെന്നില്ലെങ്കിൽ ഒരു പ്രത്യേക തരം ശബ്ദം ഉണ്ടാക്കും.. ഷൂളമടിക്കും പോലെ.. ചില നായക്കുട്ടികളെ വിളിക്കില്ലേ അതേപോലെ.. അറിയാതെ ചെന്നുപോകും ഇല്ലെങ്കിൽ ഇനിയും താമസിച്ചാൽ വന്ന് എടുത്തോണ്ട് പോകും.. പിന്നെ അവിടിരുന്നു കാര്യങ്ങൾ പറയും, മാധവൻ സ്വന്തം പണിയും ചെയ്യും.. ആ കണ്ണെത്തുന്ന ദൂരത്തായിട്ട് എവിടെയെങ്കിലും താനുണ്ടായാൽ മതി.. ഓരോരോ മോഹങ്ങളേ..
വിവാഹത്തിന് തലേന്ന് പോലും ഇതേപോലെ അടുത്തിരുന്നു സംസാരിക്കാൻ ഭാഗ്യം ലഭിച്ചവർ ചിലപ്പോൾ ഞങ്ങൾ മാത്രമേ കാണു.. ആ ദിവസത്തിന് ശരിക്കും നീളം കൂടുതലാണെന്ന് പോലും തോന്നി.. ഓരോ നിമിഷവും ഇഴഞ്ഞു പോകും പോലെ.. അതോ നാളത്തെ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പു കൊണ്ട് തോന്നുന്നതാണോ.. ആയിരിക്കാം.. എന്തായാലും നെഞ്ചിൽ ചാരിയുള്ള ഈ ഇരിപ്പിലും വല്ലാത്തൊരു സുഖമാണ്.. ഈയൊരു ഇരിപ്പിൽ ഇടയിലുള്ള മൗനത്തിനും വല്ലാത്ത സുഖമാണ്.. മടിയിൽ ചൂടുപറ്റി ഉറങ്ങുന്ന കുട്ടികുറുമ്പിയും.. ഒരിക്കലും തീരാത്ത സ്വപ്നം കാണലും .. എല്ലാം.. എല്ലാമൊരു സുഖമാണ്.. ഇനിയുമൊരുപാട് ഒരുപാട് ഇതേപോലെ കൂടെയിരുന്നു ആഗ്രഹിക്കണം .. നേടിയെടുക്കണം..
ബന്ധങ്ങൾ ഒന്നുമില്ലാതെ ഒരു കുഞ്ഞിന്റെ അമ്മയുമായതാണ് ,കുറച്ചു നാളായിട്ട് ഭാര്യയും, ഇനി നാളെ അത് ഊട്ടി ഉറപ്പിക്കുകയാണ്.. ഉള്ള് നിറയെ സന്തോഷം ആണ്.. നാളെ ഇവർക്കൊപ്പം പകലും രാവും പിരിയാതെ.. അച്ഛന്റെയും അമ്മയുടെയും കൺവെട്ടത്ത്.. താൻ മനസ്സുകൊണ്ട് ആഗ്രഹിച്ച ജീവിതം ഇതായിരുന്നു .. സ്വപ്നം കണ്ടതും.. പദ്മ മാധവനെ ഒന്നു നോക്കി.. ആള് വലിയ ചിന്തയിലാണ്..ആ മനസ്സിലും ഇതൊക്കെ തന്നെയാണെന്ന് മനസ്സിലാകുന്നുണ്ട് .. പദ്മ കണ്ണുകൊണ്ടു ന്തേ ന്ന് ചോദിച്ചു..
“ഇപ്പോഴുള്ള ചില തോന്നലുകൾ ഒക്കെ എനിക്ക് ആദ്യമായിട്ടാ.. സുഖം ഉണ്ട്.. അതോടൊപ്പം വിഷമം ഉണ്ട്, ഇതൊക്കെ കുറച്ചു നേരത്തെ തോന്നിയിരുന്നെങ്കിൽ എന്നോർത്തിട്ട്.. ചേരേണ്ടവർ നമ്മളാണെന്ന് അറിഞ്ഞിട്ടും എന്താണ് ദൈവം ആദ്യമേ നമ്മളെ ഒരുമിപ്പിക്കാഞ്ഞത്.. ഇത്രയും വിഷമം തരേണ്ട ആവശ്യമുണ്ടായിരുന്നോ”.. മാധവൻ ചോദിച്ചത് ശരിയാണ്.. എന്തിനായിരുന്നു അങ്ങനെ, ഞങ്ങൾക്കിടയിലെ അത്രയും നാളുകൾ എന്തിനാണ് വെറുതെ നഷ്ടപ്പെടുത്തിയത്..
പദ്മ മുഖമൊന്ന് ഉയർത്തി ആ മുഖത്തേക്ക് നോക്കി.. പദ്മയുടെ കണ്ണിൽ കൂടി നോക്കുമ്പോൾ ആ നിലാവെട്ടത്തിലെ അമ്പിളിയേക്കാൾ ഭംഗി തോന്നിച്ചു മാധവന്റെ മുഖത്തിന്.. വിഷമിച്ചിരിക്കുന്ന മാധവന്റെ മുഖം പിടിച്ചു കുനിച്ചു കവിളിൽ ഒരുമ്മ കൊടുത്തു.. ‘സാരമില്ല.. പോയ സമയം ഒക്കെയും നമുക്ക് വീണ്ടെടുക്കാം, ഇനിയൊരു നിമിഷം പോലും കളയാതെ’… അങ്ങനൊരു അർത്ഥമുണ്ടായിരുന്നു ആ ചുംബനത്തിന്.. ആളുടെ കണ്ണൊക്കെ വിടർത്തി അത്ഭുതത്തോടെ തന്നെ നോക്കുന്നുണ്ട്.. ചുണ്ടിൽ നല്ലൊരു ചിരി തെളിഞ്ഞു.. തന്നെയും മിന്നൂനെയും ചേർത്തു പിടിച്ചിട്ട് ചെവിയിൽ പറഞ്ഞു.. “ഒന്നൂടെ”.. ഇല്ലാന്ന് പദ്മ തലയാട്ടി.. വിഷമിക്കുന്നത് കണ്ടപ്പോൾ അറിയാതെ കൊടുത്തുപോയതാണ്.. ആ വിഷമത്തിന് മരുന്നാവാൻ വാക്കുകൾക്ക് കഴിയില്ല എന്നു തോന്നിയപ്പോൾ ചെയ്തു പോയതാണ്.. ചമ്മൽ തോന്നിയപ്പോൾ പദ്മ കൈ വിടുവിച്ചു മിന്നുവിനെ എടുത്തുകൊണ്ട് എഴുന്നേറ്റു.. പദ്മയുടെ കയ്യിൽ പിടിച്ചു നിർത്തി.. പോകല്ലേന്ന് ആ കണ്ണുകൾ പറയുണ്ടായിരുന്നു.. ഇനിയും നിന്നാൽ തനിക്കു ചിലപ്പോൾ പോകാൻ സാധിക്കില്ല ഈയൊരു സ്നേഹം വിട്ട് .. പോകാനോ തിരിച്ചു വരാനോ വയ്യാത്ത അവസ്ഥ… കൈവെള്ളയിൽ ചുണ്ടു പതിയുന്നത് അറിഞ്ഞു… മാധവന്റെ ആദ്യ ചുംബനം..ശരീരത്തിലും മനസ്സിലും ഒരേപോലെ കലരുന്ന സുഖമുള്ള ഒരുതരം ഭ്രാന്ത് പിടിപ്പിക്കുന്ന സുഖം.. കയ്യിലെ പിടി അയഞ്ഞു.. പതിയെ വിട്ടു.. തിരിഞ്ഞൊന്നു നോക്കാതെ വീട്ടിലേക്ക് നടന്നു.. ഡോറടയ്ക്കുമ്പോൾ കണ്ടു കൈകൾ രണ്ടും തലയ്ക്കു പിന്നിൽ വെച്ച് തന്നെ നോക്കി കിടക്കുന്ന ആളെ.. മാധവൻ ചോദിച്ച അതേ ചോദ്യം പദ്മയും ചോദിച്ചു ദൈവത്തിനോട്.. കുറച്ചു പരിഭവത്തോടെ തന്നെ.. എന്തിന് ഇത്രയും കാലം ഞങ്ങളെ തമ്മിൽ മറച്ചു വെച്ചു.. എന്തേ എനിക്ക് കാട്ടിത്തന്നില്ല ഈയൊരു സ്നേഹം.. മിന്നൂട്ടനെ കിടത്തി കൂടെ കിടക്കുമ്പോൾ ചൂടാറാതെ കവിളിലേക്ക് ചേർത്തു വെച്ചു മാധവൻ തന്ന സമ്മാനം.. നാളത്തെ നല്ല ദിവസം മനസ്സിൽ ഓർത്ത്..
ഓടി വരും ♥️♥️ഇല്ലേൽ നടന്നു വരും 🤭♥️♥️

by