രചന – ശ്രീതു ശ്രീ
ഇടയ്ക്ക് നേഹയുടെ വീട്ടുകാർ റോഷന്റെ വീട്ടുകാരുമായി വിട്ടുവീഴ്ചകൾക്ക് ശ്രമിച്ചെങ്കിലും അവർ ഒരുമിച്ചിരുന്നു ചർച്ച ചെയ്യാൻ പോലും തയാറായില്ല….. നേഹയും റോഷന്റെ മാതാപിതാക്കളും പരസ്പരം കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല … എങ്കിലും നേഹയെ ഫോണിൽ ബന്ധപ്പെട്ട് റോഷന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോകണം എന്ന് പലകുറി ഭീഷണിപ്പെടുത്തിയിട്ടുണ്ട്….. പക്ഷെ റോഷൻ എപ്പോഴും നേഹയ്‌ക്കൊപ്പം തന്നെ നിന്നു…… റോഷന്റെ വീട്ടുകാരുമായുള്ള പ്രശ്നം തുടരുന്നതിനിടയിൽ അവൻ സ്വന്തം കുടുംബം നടത്തുന്ന കമ്പനിയിലെ ജോലി മറ്റൊരു സുഹൃത്തിനൊപ്പം ചേർന്ന് ഒരു സൂപ്പർ മാർക്കറ്റ് ആരംഭിച്ചു…… കാലം കടന്നുപോയി…. നേഹ ഗർഭിണിയായി……. ഇതിനിടയിൽ നേഹയുടെ സഹോദരൻ നോവിൻ , സിനിയെ വിവാഹം കഴിച്ചു….. നേഹയെ പരിചരിക്കുന്നതിനായി നേഹയുടെ അമ്മയും അവൾക്കൊപ്പം താമസം തുടങ്ങി…..പക്ഷെ അത് അധികനാൾ തുടരേണ്ടി വന്നില്ല….
ഏഴാം മാസമെത്തിയപ്പോൾ സൂപ്പർ മാർക്കെറ്റിന്റെ കൂടുതൽ ശാഖകൾ തുറക്കുന്നതിന്റെ ചർച്ചയ്ക്കായി ഒരു സുഹൃത്തിനെ കാണാനെന്നും പറഞ്ഞു റോഷൻ എവിടേയ്‌ക്കോ പോകുന്നു……. ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും കടന്നുപോയി…. റോഷനെക്കുറിച്ച് ഒരു വിവരവും ഇല്ലാതായി….. പോലീസിൽ പരാതി കൊടുക്കാൻ തുനിഞ്ഞെങ്കിലും ആന്റണി അത് തടഞ്ഞു……. പിന്നെ പലപ്പോഴും നേഹയും അമ്മയും സഹോദരനുമൊക്കെ റോഷന്റെ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ചു….. പക്ഷെ അവർക്ക് റോഷനെ സംബന്ധിച്ച് യാതൊന്നും അറിയില്ല…. ആ കുടുംബവുമായി ഒരു ബന്ധവുമില്ല തുടങ്ങിയ കാര്യങ്ങളും അവർ തന്നെ പറഞ്ഞു…. കൂടുതലൊന്നും സംസാരിക്കാൻ അവർക്ക് താല്പര്യം ഇല്ലായിരുന്നു….. ഒരുപക്ഷെ അവളെ ചതിച്ചതാണോ എന്ന് പോലും എല്ലാവരും ചിന്തിച്ചു……
പക്ഷെ നേഹ കാത്തിരിപ്പ് തുടർന്നു…. റോഷൻ പോയിക്കഴിഞ്ഞു ഒരു മാസത്തോളം മാത്രമേ ആ വീട്ടിൽ നേഹയും അമ്മയും നിന്നുള്ളു പിന്നീട് എല്ലാം പറക്കികെട്ടി സ്വന്തം വീട്ടിലേക്ക് തിരിച്ചു…… റോഷൻ പോയതോടെ സൂപ്പർ മാർക്കെറ്റുകളുടെ പ്രവർത്തനം താറുമാറായി….. കുറെ നഷ്ടങ്ങളും ഉണ്ടായി…. പ്രസവമടുത്തപ്പോളേക്കും നേഹ സ്വന്തം വീട്ടിൽ എത്തിയിരുന്നു…..അതാകട്ടെ സഹോദരന്റെ ഭാര്യ സിനിക്ക് അത്ര പിടിച്ചതും ഇല്ല…..അവർ ദേഷ്യം ഉള്ളിലൊതുക്കി എന്നാൽ പറ്റുമ്പോളൊക്കെ കുറേശ്ശെ നേഹയോട് തീർത്തും കൊണ്ടിരുന്നു…. നേഹ എല്ലാം സഹിച്ചും ക്ഷമിച്ചും അവിടെ കഴിഞ്ഞു കൂടി….. നേഹയെ പ്രസവത്തിനു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത സമയത്ത് ഒരുകൂട്ടം ആൾക്കാർ വന്ന് ആന്റണിയുടെ കയ്യിൽ നിന്ന് വീടിന്റെ താക്കോൽ വാങ്ങിക്കൊണ്ട് പോയി…..
ഹോസ്പിറ്റലിൽ നിന്നും തിരിച്ചെത്തിയ നേഹ അറിയുന്നത് റോഷന്റെ വീട്ടുകാർ അവരുടെ കുറെ തൊഴിലാളികൾക്ക് താമസിക്കുന്നതിനു ആ വീട് വിട്ട് നൽകി… നേഹയും കുഞ്ഞും സ്വന്തം വീട്ടിൽ തന്നെ തുടർന്നു…. റോഹന് രണ്ടു വയസ്സ് ആയപ്പോളേക്കും നേഹയുടെ അമ്മയും മരിച്ചു….. അതോടെ സിനി മിക്കവാറും നേഹയോട് വഴക്ക് കൂടാൻ നോക്കി…. നേഹയും മോനും ആ വീട്ടിൽ നിൽക്കുന്നത് അവൾക്കു തീരെ ഇഷ്ടമില്ലായിരുന്നു…..അങ്ങനെ ഒന്നൊന്നര വർഷത്തോളം ഫാദർ ജേക്കബ് പോളിന് ബന്ധമുള്ള ഒരു ചാരിട്രെബിൾ ട്രസ്റ്റ് ന്റെ കീഴിലുള്ള സ്ഥാപനത്തിൽ പോയി നിന്നു കുഞ്ഞിനേയും കൊണ്ട് നേഹ താമസം തുടങ്ങി… അതിന് ശേഷം നേഹയ്ക്ക് പല വിവാഹ ആലോചനകളും നോക്കി…. പക്ഷെ ഒന്നിനും അവൾ സമ്മതിച്ചില്ല……
റോഷൻ എന്നെങ്കിലും വരും എന്ന പ്രതീക്ഷയിൽ തന്നെ അവൾ മുന്നോട്ടുപോയി….. അങ്ങനെ ഏറ്റുവുമൊടുവിൽ അവളെ തേടിവന്ന ആലോചനയാണ് ജോണിയുടേത്…….ഇഷ്ടത്തോടെ അല്ലെങ്കിലും അവളതിന് സമ്മതം മൂളി… അങ്ങനെ അവളിന്ന് ജോണിയുടെ ഭാര്യയും ആയി… കണ്ണീര് അവശേഷിപ്പിച്ചുകൊണ്ട് ചിന്തകൾ മുറിഞ്ഞുപോയി….. ഏങ്ങലുകൾ അടക്കിപിടിക്കാൻ ശ്രമിച്ചെങ്കിലും കൈപ്പിടിയിൽ ഒതുങ്ങാതെ അതിന്റെ ചീളുകൾ അന്തരീക്ഷത്തിലേക്ക് തെറിച്ചു വീണു….അതൊക്കെ ജോണിയുടെ കാതിലേക്ക് തുളച്ചു കയറി….. അവളുടെ കരച്ചിൽ അവനെ എന്തെന്നില്ലാതെ അസ്വസ്ഥനാക്കി…… ആ കണ്ണീരിന്റെ കാരണം റോഷന്റെ ഓർമ്മകളാണ് എന്നത് കൊണ്ടുതന്നെ അവനെ അവളെ ആശ്വസിപ്പിക്കാൻ മാനസികമായി എന്തൊ ബുദ്ധിമുട്ട് തോന്നി….താൻ ഒരു പരാജയപ്പെട്ട ഭർത്താവാണ് എന്ന ചിന്തയും അവനിൽ വന്നും പോയുമിരുന്നു…..
അവള്ടെ ശബ്ദം വീണ്ടും വീണ്ടും കാതുകളിലേക്ക് അലയടിച്ചെത്തുമ്പോൾ അവനിലെ ഹൃദയജാലക വാതിലുകൾ തുറക്കാൻ വെമ്പൽ കൊണ്ടു…. ഒടുവിൽ സഹികെട്ട് ജോണി അവൾ കിടന്ന വശത്തേക്ക് അവനും തിരിഞ്ഞു കിടന്നു…. ഭിത്തിയുടെ നേരെ ചരിഞ്ഞു കിടന്ന നേഹയുടെ തോളിൽ പതിയെ അവൻ തന്റെ വലത് കരം വച്ചു….. എന്താണ് പറയേണ്ടതെന്ന് ആലോചിക്കും തോറും അവന്റെ മനസ് കൂടുതൽ സംഘർഷത്തിലേക്ക് വീണു…… “നേഹേ…. എന്തായിത്….? ഇങ്ങനെ കരയാനും മാത്രം ഇപ്പൊ എന്താ ഉണ്ടായേ….?” “ഏയ്… ഒന്നൂല്ല… ഞാൻ .. വെറുതെ ഓരോന്ന്……” അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു…. അവളുടെ വേദന എന്തെന്ന് ജോണിക്ക് മനസിലായിരുന്നു…. “പോട്ടെടോ….ഓരോന്നും നമ്മുടെ വിധിയാ…. വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല….
എന്തായാലും അത് സമയം പോലെ നമ്മളെത്തേടി വരും….മനസിലാവുന്നുണ്ടോ……? എനിക്കറിയാം..നിനക്ക് എന്നെ ഒരിക്കലും റോഷന്റെ സ്ഥാനത്തു കാണാൻ കഴിയില്ലെന്ന്…. എന്നെങ്കിലും റോഷൻ വന്നു വിളിക്കുവാണെങ്കിൽ നീ മോനേം കൊണ്ട് അവനൊപ്പം പൊയ്ക്കോ…. ഞാൻ തടയാൻ ഒരിക്കലും വരില്ല….എന്റെ കുഞ്ഞും വരില്ല….” “റോഷിച്ചായൻ വരുന്നത് വരെയുള്ള ഒരു ഇടത്താവളം മാത്രമാണോ ഇത്…?” നേഹ അറിയാതെ ചോദിച്ചുപോയി…… “എന്നെനിക്ക് പറയാൻ കഴിയില്ല….. കുറച്ചു നാൾ മുൻപ് ഇതെന്നോട് ചോദിച്ചിരുന്നെങ്കിൽ ഞാൻ അതെ എന്ന് പറഞ്ഞേനെ….. പക്ഷെ ഇപ്പൊ… താനെന്റെ കൂടെ എന്നും കാണണമെന്ന് തന്നെയാണ് ആഗ്രഹം…. ആഗ്രഹിക്കുന്നതിൽ തെറ്റും ചിലവും ഒന്നുമില്ലല്ലോ…..” “അപ്പൊ ഞാൻ പോയാൽ വിഷമമാകുമോ…? “എനിക്കെന്തു വിഷമം….? ഒരുപാട് നാളെന്റെ കൂടെ ഉണ്ടായിരുന്ന ഒരു വികാരമാണത്….. ഇപ്പൊ അതെന്നോടൊപ്പം കൂടാറില്ല …. ആ വികാരത്തിനു പോലും എന്നെ വെറുപ്പാണ് ….” അവന്റെ മറുപടി കേട്ടപ്പോൾ നേഹയ്ക്ക് മറുപടിയായി എന്തു പറയണം എന്നൊരൂഹവും ഉണ്ടായില്ല……
പക്ഷെ… ഇനിയെന്നും കൂടെയുണ്ടാകും എന്നവനോട് പറയാൻ ഉള്ളിലിരുന്നാരോ പ്രോത്സാഹിപ്പിക്കും പോലെ ആ നേരത്തവൾക്ക് തോന്നി…. എങ്കിലും വാക്കുകളൊന്നും പുറത്തേയ്ക്ക് വന്നില്ല….. ഇരുവരും മൗനത്തെ പുണർന്നു കിടന്നു… അല്പം കഴിഞ്ഞപ്പോൾ നേഹയുടെ ഫോണിൽ സെറ്റ് ചെയ്തിരുന്ന അലാറം ശബ്ദിച്ചു….സമയം നാലരയായി….. ഞായറാഴ്ച ആണെങ്കിലും രാവിലെ പള്ളിയിൽ പോകേണ്ടതിനാൽ ആ സമയത്ത് എഴുന്നേറ്റെങ്കിലെ പറ്റൂ…. അവൾ കൈനീട്ടി ഫോണെടുത്ത് അലാറം ഓഫാക്കിയിട്ട് കട്ടിലിൽ നിന്നുമിറങ്ങി….. ജോണി അപ്പോഴും ഉണർന്ന് തന്നെ കിടന്നു….. അടുക്കളയിലെ ജോലിയൊക്കെ ഒതുക്കി കുളിയും കഴിഞ്ഞു വന്ന നേഹ പള്ളിയിലേക്ക് പോകാൻ കുട്ടികളെ ഒരുക്കി…..അവൾ കുളിക്കും മുൻപെ കുട്ടികളെ കുളിപ്പിച്ചിരുന്നു……
“മമ്മാ… പപ്പയ്ക്ക് കൂടി പൗടറിറ്റ് കൊട്…” എന്ന് റോഹൻ പറഞ്ഞപ്പോൾ അവൾ അവൻ നോക്കിയ ഭാഗത്തേയ്ക്ക് കണ്ണയച്ചു…. ജോണി പതിവില്ലാതെ പള്ളിയിൽ പോകാൻ തയാറായി വരികയാണ്…..നേഹയ്ക്ക് അത് കണ്ടപ്പോൾ അത്ഭുതം തോന്നാതിരുന്നില്ല… “എന്താടോ…” ജോണിയുടെ ശബ്ദം ഉയർന്നതും അവൾ നോട്ടം പിൻവലിച്ചു….. റോഹൻ ഗെയിം കളിച്ചുകൊണ്ടിരുന്ന ജിൻസിയുടെ ഫോണിൽ ഒരു കോളെത്തി…… കുട്ടികൾ രണ്ടും അപ്പോൾ തന്നെ ആ ഫോണും കൊണ്ടു ജിൻസിയുടെ അടുത്തേയ്ക്കോടി…….. കയ്യിലിരുന്ന പൗഡർ ടിന്നും കൊണ്ടു തിരിഞ്ഞതും തൊട്ട് മുൻപിൽ ജോണിനിൽക്കുന്നു….അവന്റെ നോട്ടം കണ്ടതും അവൾക്കെന്തോ പോലെ തോന്നി…അവൾ തറയിലേക്ക് നോക്കാൻ ശ്രമിച്ചപ്പോളേക്കും ജോണി അവളുടെ താടി പിടിച്ചു മേൽപ്പോട്ട് ഉയർത്തി…..
അവന്റെ അരികിൽ നിന്നും മാറാൻ അവളാഗ്രഹിച്ചില്ല…. അതുകൊണ്ട് അവന് വിധേയമായി നേഹ നിന്നു…. അവനെന്തോ അവളോട് പറയാൻ തുടങ്ങിയപ്പോളേക്കും… പിള്ളാര് രണ്ടുംകൂടി അങ്ങോട്ട് വന്നു…. “പപ്പാ…. വന്ന് വണ്ടിയെടുക്ക്….നമുക്ക് പോണ്ടേ…..” അങ്ങനെ എല്ലാവരും സന്തോഷത്തോടെ പള്ളിയിലേക്ക് തിരിച്ചു….. പ്രാർത്ഥന കഴിഞ്ഞ് ജോണി ആദ്യമെ തന്നെ പുറത്തേക്കിറങ്ങി…. ഓട്ടോയ്ക്ക് അടുത്തേക്ക് അവൻ നടന്നു…. അപ്പോഴാണ് “ജോണിച്ചായ “എന്നൊരു വിളികേട്ടത്…. അവൻ തിരിഞ്ഞു നോക്കിയപ്പോൾ ആളെ മനസിലായതും ഉള്ളിൽ ഒരു ഞെട്ടലുണ്ടായി…. (തുടരും )

by