17/04/2026

ഈ നിമിഷം : ഭാഗം 10

രചന – രോഹിണി ആമി

ഇത് ശീലമാക്കേണ്ടന്ന് മിന്നുവിനോട് പറഞ്ഞെങ്കിലും അവൾ അത് അനുസരിക്കാൻ തയ്യാറല്ലായിരുന്നു… വണ്ടിയിൽ പോകുക എന്ന അവളുടെ ആഗ്രഹത്തെ നിരുത്സാഹപ്പെടുത്താനും കഴിഞ്ഞില്ല… ക്ലാസ്സ്‌ കഴിയുമ്പോളേ ബാഗും എടുത്തു ഓടി വന്നു “നമുക്ക് പോവാം” ന്ന് ആഗ്രത്തോടെ പറയുന്നവളോട് കൂടെ വരേണ്ടന്ന് എങ്ങനെ പറയും…. കുഞ്ഞല്ലേ.. പദ്മയ്ക്ക് മറുത്തൊരു വാക്ക് പറയാൻ കഴിഞ്ഞിട്ടില്ല അവളോട് ഇന്നേവരെ .. മിക്കപ്പോളുമുള്ള പറച്ചിലിൽ അവളുടെ കുഞ്ഞാവ തീരെ ചെറുതാണെന്നും അമ്മച്ചിയാണ് നോക്കുന്നതെന്നും മനസ്സിലായി… ഇത്രെയും ചെറിയ ഒരു കുഞ്ഞിനോട് വീട്ടിലെ കാര്യങ്ങൾ ചോദിച്ചറിയാൻ പദ്മയ്ക്ക് മടി തോന്നി.. അതുകൊണ്ട് കൂടുതൽ തിരക്കാൻ പോയിട്ടില്ല..

ഒരിക്കൽ അവളെ വീട്ടിൽ ഇറക്കാൻ ചെന്നപ്പോൾ മുന്നിൽ മാർഗ്ഗതടസമായി ഒരാൾ നിന്നു…. അടുത്തേക്ക് വന്നു ഹാൻഡിലിൽ പിടിച്ചു നിന്നു…. കയ്യിലിരുന്ന ബീഡിയുടെ പുകയൂതി വിട്ടു… എന്നിട്ട് പിറകിലേക്ക് ഒന്ന് നോക്കി…. മിന്നു ധൃതിയിൽ ചാടിയിറങ്ങി ബാഗ് എടുത്തു അയാൾക്ക് പിറകിലായി നിന്നു….. അയാളുടെ അടുത്തു നിന്നും മദ്യത്തിന്റെ നാറ്റം അടിക്കുന്നുണ്ടായിരുന്നു.. കാണരുതെന്ന് പേടിച്ചു നടന്ന ആളുടെ മുന്നിലാണ് താനിപ്പോൾ നിൽക്കുന്നതെന്ന് അവൾക്ക് മനസ്സിലായി… പിന്നിലേക്ക് വണ്ടി തിരിച്ചെടുക്കാൻ നോക്കി.. അയാൾ ഹാൻഡിൽ മുറുക്കെ പിടിച്ചിരിക്കുകയാണ്…

ആരാ…… അയാൾ മറ്റേ കൈ കൊണ്ട് ചൂണ്ടി ചോദിച്ചു…

മദ്യത്തിന്റെ വാട അടിച്ചപ്പോളേക്കും പദ്മ മുഖം തിരിച്ചു…… “ഞാൻ മിന്നുവിന്റെ സ്കൂളിലെ ടീച്ചർ ആണ്”…

“ഓ.. മനച്ചിലായി… ഇവിടെന്താ”… അയാളുടെ ചോദ്യത്തിന് പദ്മ മറുപടി ഒന്നും പറഞ്ഞില്ല..

“ടീച്ചർ ഒക്കെ അങ്ങ് സ്കൂളിൽ…. ഇത് എന്റെ വീടാണ്… അവൾ എന്റെ കൊച്ചും…. ആരുടേയും ഔദാര്യം അവൾക് വേണ്ടാ… കുറേ അവളുമാര് ഉണ്ട് അമ്മയില്ലാന്ന് കേട്ടാൽ ഉടനെ കൊച്ചിനെ ഏറ്റെടുക്കാൻ പോന്നോളും … ഒരുത്തീടേം സഹതാപം ആവശ്യമില്ല ഇവിടെ… കേട്ടോ… അതല്ല അത്രയ്ക്ക് വിഷമം ആണെങ്കിൽ ഇവിടങ്ങു കൂടിക്കോ…. കൊച്ചിന്റെ അമ്മയായിട്ട്… എനിക്ക് കുഴപ്പമില്ല… അതാവുമ്പോ ടീച്ചറിനും കൊച്ചിനും ഒരുമിച്ച് പോകുവോ വരുവോ ഒക്കെ ചെയ്യാമല്ലോ.. എനിക്കും ഒരു സഹായം ആകും “…. അയാൾ ഒരു വൃത്തികെട്ട ചിരി ചിരിച്ചു പദ്മയെ ഉഴിഞ്ഞു നോക്കി…

“ശ്ശേ”…. പദ്മയുടെ വായിൽ നിന്നും അറിയാതെ വന്നു…. എന്നിട്ട് മുഖം തിരിച്ചു പിടിച്ചു..

“എന്ത് ശ്ശേ…. എന്റെ പിള്ളേരുടെ കാര്യം നോക്കാൻ എനിക്കറിയാം…. കുറച്ചു ദിവസമായില്ലേ ഈ വരവും പോക്കും… നിർത്തിക്കോ…. ഒരുത്തീടേം സിംപതി വേണ്ടാ…. ഇനി ഇവിടെയെങ്ങാനും കണ്ടാൽ പച്ചത്തെറി വിളിക്കും ഞാൻ…. കേട്ടല്ലോ”… വിരൽ ചൂണ്ടി അയാൾ പറഞ്ഞു……

“എന്തുകണ്ടോണ്ട് നിൽക്കുവാടീ… കേറിപ്പോ അസത്തെ അകത്തു…. ഒരു ടീച്ചറും കുട്ടിയും…. ത്ഫൂ”…. അയാൾ കാർക്കിച്ചു മിറ്റത്തോട്ട് തുപ്പി…. മിന്നു കേട്ട പാടേ പേടിച്ചു അകത്തേക്ക് ഓടി കയറി… അയാൾ ഹാൻഡിലിൽ നിന്ന് കയ്യെടുത്തു ആടിയാടി നിന്നു…അടുത്ത ബീഡിക്ക് തീ കൊളുത്തി….. പദ്മ പെട്ടെന്ന് തന്നെ സ്കൂട്ടി എടുത്തു അവിടെ നിന്നും പോന്നു…. ഒന്നുരണ്ട് അയൽക്കാർ എത്തി നോക്കുന്നുണ്ട്… ആരെയും ശ്രദ്ധിക്കാൻ നിന്നില്ല … ഉള്ളിൽ മുഴുവൻ അയാൾ പറഞ്ഞ വൃത്തികെട്ട വാക്കുകൾ ആയിരുന്നു….

വീട്ടിൽ എത്തി എല്ലാവരോടും സന്തോഷം അഭിനയിക്കാൻ കുറച്ചു പാട് പെടേണ്ടി വന്നു.. എന്തൊക്കെയോ ബുക്ക്‌ എടുത്തു നിരത്തി വെച്ചു എക്സാം പ്രിപ്പറേഷൻ ഉണ്ടെന്ന് പറഞ്ഞു… പിന്നെ ആരും ചെറിയൊരു ശല്യത്തിന് പോലും വന്നില്ല… വിഷ്ണുവിന് ശേഷം ഇങ്ങനൊരു അപമാനം ഇന്ന് ആദ്യമാ….. ഒന്നും വേണ്ടായിരുന്നു.. ആദ്യമേ ഇത് മുറിച്ചു മാറ്റിയാൽ മതിയായിരുന്നു… പക്ഷേ കുഞ്ഞു കുട്ടിയല്ലേ അവൾ… എന്തു പറയാനാണ് അവളെ…. അമ്മയില്ലെന്ന് അറിയുന്നത് തന്നെ ഇന്ന് അയാൾ പറയുമ്പോളാണ്… സിംപതി തോന്നിയത് ചീത്തയായ ഭക്ഷണം കഴിക്കാൻ തുടങ്ങിയത് കൊണ്ടാണ്…..വേറൊരു കുട്ടിയും തന്റെ അടുത്ത് ഇത്രയും അടുത്തിട്ടില്ല… മിന്നുവിന്റെ കുറുമ്പ് താനും അങ്ങ് ആസ്വദിച്ചു… ആ സമയത്ത് ഒരു നേരംപോക്ക്… മനസ്സിന് സന്തോഷം…. അത്രെയേ ഓർത്തുള്ളൂ… നാളെ മുതൽ കുറച്ചു അകലം ഇടണം… അവൾക്ക് മനസ്സിലായില്ലെങ്കിൽ പറഞ്ഞു തിരുത്തണം… കുറച്ചു തീരുമാനങ്ങൾ എടുത്തു പദ്മ ഉറങ്ങാൻ കിടന്നു….

പക്ഷേ… പദ്മ വിചാരിച്ചത് പോലെ ആയിരുന്നില്ല നടന്നത്… മിന്നു പിന്നീട് അവളെ കാണാൻ വന്നില്ല… പദ്മയ്ക്ക് എന്തോ വല്ലാത്ത വിഷമം തോന്നി.. ആ കുഞ്ഞിനെ കുറച്ചു അകറ്റണം എന്ന് തീരുമാനിച്ചു വന്നതാ… പക്ഷേ ഇതിപ്പോൾ തനിക്കാണല്ലോ അവളെ പിരിഞ്ഞിരിക്കാൻ ബുദ്ധിമുട്ട്…. വൈകുന്നേരം സ്കൂട്ടി എടുത്തപ്പോൾ ചുറ്റിനും നോക്കി.. ഇല്ല… ഇനി അയാൾ കൊച്ചിനെ ഉപദ്രവിച്ചിട്ടുണ്ടാകുമോ… പേടിപ്പിച്ചിട്ടുണ്ടാവും… അതാവും വരാത്തത്….

ഓരോ ദിവസം കഴിയും തോറും മിന്നുവിനെ കാണാഞ്ഞിട്ട് വിഷമം കൂടി വന്നു… ഉച്ചക്ക് ചോറുണ്ണാൻ വിടുമ്പോൾ ഓടി കളിക്കുന്ന കുട്ടികളിൽ അവളെ തിരയും…. വൈകുന്നേരവും അങ്ങനെ തന്നെ… മറ്റുള്ള ടീച്ചേഴ്സിനോട് അവളെക്കുറിച്ച് അന്വേഷിക്കാനും ഒരു ചമ്മൽ…. അപ്പോൾ തുടങ്ങും ഉപദേശം…. തനിക്കും കിട്ടിബോധിച്ചു എന്ന് അവരോടെങ്ങനെ പറയും.. പിന്നീട് ആശ്വസിച്ചു.. ഒരുകണക്കിന് നല്ലതാണ്… അയാളോട് ഉള്ള വെറുപ്പ് മനസ്സിൽ കിടപ്പുണ്ട്.. അത് ഉള്ളിൽ വെച്ച് മിന്നുവിനോട് പണ്ടത്തെ ആ ഒരടുപ്പം കാണിക്കാൻ സാധിക്കില്ല… അയാളുടെ ആ നോട്ടവും സംസാരവും ഓർത്തപ്പോൾ തന്നെ ദേഹത്ത് പുഴു കയറും പോലെ…

വീണ്ടും പദ്മയുടെ ലോകത്തേക്ക് തന്നെ മടങ്ങി പോയി അവൾ… വീട്ടിൽ എല്ലാവരും ചോദിക്കും ഇപ്പോൾ മിന്നുവിന്റെ പുതിയ കുരുത്തക്കേടുകൾ ഒന്നും ഇല്ലേയെന്ന്… എക്സാം ആയതുകൊണ്ട് അധികം കാണാറില്ലെന്ന് പറഞ്ഞു.. അവളെക്കുറിച്ച് ഒന്നുമിപ്പോൾ പറയാറില്ലല്ലോ.. അതാവും .. അന്ന് നടന്നതൊന്നും വീട്ടിൽ അറിയിച്ചിട്ടില്ല.. അവർക്കും വിഷമം ആകും… അമ്മയ്ക്ക് ആധി കൂടും… മിന്നുവിഷയത്തിൽ തല ഇടാതിരുന്നാൽ പ്രശ്നം ഒന്നും ഉണ്ടാവില്ലല്ലോ… തല്ക്കാലം ആരും അറിയണ്ട.. പക്ഷേ ഒരിക്കൽ അച്ഛനോടും അമ്മമാരോടും ഇത് പറയേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല.. അതിന് കാരണം താൻ തന്നെ ആകുമെന്നും വിചാരിച്ചില്ല …

ഉച്ചക്ക് ഊണ് കഴിഞ്ഞ് മൊബൈൽ എടുത്തു നോക്കുവാരുന്നു… വാതിലിന്റെ അടുത്ത് അനക്കം കണ്ടപ്പോൾ ഒന്ന് നോക്കി.. മിന്നു.. തന്നെ നോക്കി നിൽക്കുവാ.. അറിയാതെ കാലുകൾ അങ്ങോട്ടേക്ക് ചലിച്ചു.. മുഖത്ത് ആകെ വിഷാദം.. കരഞ്ഞത് പോലെ ഒക്കെയുണ്ട്.. ഇനി അയാൾ ഉപദ്രവിച്ചു കാണുവോ.. നൂറു ചിന്തകൾ മനസ്സിൽ കൂടി കയറിയിറങ്ങി..

“എന്താ മിന്നു.. എന്തു പറ്റി”.. പദ്മ കുറച്ചു ഗൗരവത്തിൽ ചോദിച്ചു.. മറുപടി പറയാതെ നിന്ന അവളുടെ കണ്ണ് നിറഞ്ഞൊഴുകി..

എത്രയൊക്കെ പിടിച്ചു നിന്നാലും വാത്സല്യം എന്നൊന്ന് ഉണ്ടല്ലോ.. അവളെ പിടിച്ചു ചേർത്തു നിർത്തി.. കെട്ടിപ്പിടിച്ചു എങ്ങലടിച്ചു കുഞ്ഞ്… എന്നാലും ഇത്രയും ദിവസം നിനക്ക് എന്നെ കാണാതിരിക്കാൻ കഴിഞ്ഞല്ലോ മിന്നൂ.. പദ്മ മനസ്സിൽ പരിഭവം പറഞ്ഞു..

“കുഞ്ഞാവക്ക് വയ്യ”.. അവളുടെ കുഞ്ഞു ശബ്ദം ചെവിയിൽ എത്തി..

“എന്തുപറ്റി”.. അവളെ അടർത്തി മാറ്റി ചോദിച്ചു..

“പനിയാ”..

“ഹോസ്പിറ്റലിൽ കൊണ്ടുപോയില്ലേ”..

“ഇല്ല”..

“അതെന്താ.. അമ്മച്ചിയോടു പറ കൊണ്ടുപോകാൻ.. അല്ലെങ്കിൽ നിന്റെ അച്ഛൻ ഇല്ലേ അവിടെ.. അയാളോട് പറ”.. അയാളുടെ കാര്യം പറഞ്ഞപ്പോൾ തന്നെ പദ്മയുടെ ശബ്ദത്തിൽ വെറുപ്പ് നിറഞ്ഞു…

“അമ്മച്ചി അവിടെ ഇല്ല.. അച്ഛനോടും പറഞ്ഞതാ . പക്ഷേ”.. അവൾ ദയനീയമായി പദ്മയെ നോക്കി.

അതിന് ബോധം ഉണ്ടായാൽ അല്ലേ അയാൾക്ക് കാര്യം മനസ്സിലാകൂ.. എന്തൊരു മനുഷ്യനാ ഈശ്വരാ.. പദ്മ നെറ്റിയിൽ കൈവെച്ചു ആലോചിച്ചു..

“ടീച്ചർ വരുവോ.. കുഞ്ഞാവയെ ഡോതറിനെ കാണിക്കാൻ”… അവൾ പ്രതീക്ഷയോടെ പദ്മയുടെ മുഖത്തേക്ക് നോക്കി..

പദ്മയൊന്നു ഞെട്ടി. ഞാനോ.. ദൈവമേ.. ഇനിയും അയാളുടെ വായിലിരിക്കുന്നത് കേൾക്കാനോ.. അയാളുടെ വീട്ടുകാര്യത്തിൽ തനിക്ക് ഇടപെടേണ്ട കാര്യമില്ല.. ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കും അയാൾ.. ഇനി തെറി കേൾക്കാൻ കൂടി ഉള്ള ത്രാണി ഇല്ല.. ഇനി ചിലപ്പോൾ പൈസ ഇല്ലാത്തത് കൊണ്ടാണോ.. ഓരോന്ന് ആലോചിച്ചു നിന്ന് അവസാനം പദ്മ ഒരു തീരുമാനത്തിൽ എത്തി… ബാഗിൽ നിന്നും രണ്ട് അഞ്ഞൂറിന്റെ നോട്ട് എടുത്തു വന്നു… ആ കുഞ്ഞിക്കയ്യിൽ പിടിപ്പിച്ചു.. എന്നിട്ട് പറഞ്ഞു.. “അമ്മച്ചി വരുമ്പോൾ കുഞ്ഞിനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പറയണം”..

അവൾ നോട്ടിലേക്കും തന്റെ മുഖത്തേക്കും മാറി മാറി നോക്കി.. “സാരമില്ല.. പേടിക്കേണ്ട.. കുഞ്ഞിന് ഒന്നും പറ്റില്ല.. ചെറിയ പനിയല്ലേ. മാറിക്കോളും.. നീ വിഷമിക്കണ്ട “.. കവിളിൽ തട്ടി ആശ്വസിപ്പിക്കുമ്പോൾ മിന്നുവിന്റെ ആ പഴയ ടീച്ചർ ആയി.. ഒന്നും മിണ്ടാതെ തിരിഞ്ഞു നോക്കി പോകുന്നവൾ വല്ലാത്തൊരു വേദന ആയി പദ്മയ്ക്ക്.. ആ കുഞ്ഞിക്കണ്ണുകൾക്ക് ഇനിയും എന്തോ പറഞ്ഞു തീർക്കാൻ ഉള്ളത് പോലെ… ഇപ്പോൾ താൻ ചെയ്തത് തന്നെയാണ് ശരിയെന്നു മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചു.. മനസ്സിന് ആകെയൊരു സമാധാനക്കേട് തോന്നിയപ്പോൾ രണ്ടു ദിവസത്തെ ലീവ് ചോദിച്ചു വീട്ടിലേക്ക് തിരിച്ചു… വേറൊന്നും ചിന്തിക്കാതെ വീട്ടിൽ അമ്മമാർക്ക് നടുവിൽ കഥയും കാര്യങ്ങളും പറഞ്ഞു മനസ്സ് ഒന്ന് ശാന്തമാക്കി..

ലീവ് ഒക്കെ കഴിഞ്ഞു ഒന്ന് ഉഷാറായി സ്കൂളിലേക്ക് പോന്നു.. ടീച്ചേഴ്‌സ് എല്ലാവരും എന്തൊക്കെയോ ചർച്ചയിലാ… സീരിയസ് ആണെന്ന് തോന്നുന്നു.. അപ്പോഴാണ് അടുത്തിരുന്ന ആര്യ ടീച്ചർ പറഞ്ഞത് ..

“പദ്മ അറിഞ്ഞോ കാര്യങ്ങൾ… തന്നെ കാണാൻ ഇടയ്ക്ക് വരാറുള്ള ആ കുട്ടിയില്ലേ അതിന്റെ ഇളയത് മരിച്ചു പോയി.. കൊച്ചു കുഞ്ഞായിരുന്നു.. പനി കൂടി ന്യുമോണിയ ആയി.. നമ്മൾ അറിഞ്ഞു വന്നപ്പോൾ എല്ലാം കഴിഞ്ഞു… എങ്കിലും പേരിന് സ്കൂളിൽ നിന്നും രണ്ടു മൂന്ന് പേര് പോയി.. ആ കൊച്ച് ഭയങ്കര കരച്ചിൽ ആയിരുന്നുവെന്നാ പോയിട്ടു വന്നവർ പറഞ്ഞത്… കണ്ടു നിൽക്കാൻ പാടായിരുന്നുവെന്ന്”… പദ്മയ്ക്ക് ചെവി കൊട്ടിയടയ്ക്കും പോലെ തോന്നി… ടീച്ചർ അടുത്തിരുന്ന് എന്തൊക്കെയോ പറയുന്നുണ്ട്… മുഴക്കം പോലെ എന്തൊക്കെയോ കാതിൽ വന്നടിക്കുന്നു.. മനസ്സിൽ മുഴുവൻ കയ്യിൽ നോട്ടും ചുരുട്ടി പിടിച്ചു തന്നെ ദയനീയമായി നോക്കുന്ന മിന്നു ആയിരുന്നു… എങ്ങനെയും ഒന്ന് വീട്ടിൽ എത്തിയാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളു.. വീടിന്റെ സ്റ്റെപ് കയറുമ്പോളേക്കും പിടിച്ചു വെച്ചിരുന്ന കരച്ചിൽ പുറത്തേക്ക് വന്നു… രണ്ടു കയ്യിലും മുഖം മറച്ചിരുന്നു കരയുന്ന പദ്മയെ കണ്ട് അച്ഛനും അമ്മമാരും പേടിച്ചു… ചുറ്റും വന്നിരുന്നു കാര്യങ്ങൾ ചോദിച്ചു… വിതുമ്പി കരയുന്നതിനിടക്ക് ഒരുവിധം കാര്യങ്ങൾ അവരെ അറിയിച്ചു…അവളുടെ വീട്ടിൽ പോയതും കുഞ്ഞിനെ ഹോസ്പിറ്റലിൽ കാണിക്കാഞ്ഞതും എല്ലാം..

“ഞാൻ കാരണം ആണ് ആ കുഞ്ഞു മരിച്ചത്… മിന്നു പ്രതീക്ഷയോടെ ആണ് വന്നത് എന്റെ അരികിൽ.. അത്രയും വിശ്വാസത്തോടെ… ഞാൻ ആ കുഞ്ഞിനെ ഹോസ്പിറ്റലിൽ കൊണ്ടുപോകും എന്നു വിശ്വസിച്ചാവില്ലേ അവൾ ഓടി വന്ന് എന്നോട് പറഞ്ഞിട്ടുണ്ടാവുക… അന്ന് ഞാൻ കൊണ്ടുപോയിരുന്നുവെങ്കിൽ ഇന്നാ കുഞ്ഞു ജീവനോടെ ഉണ്ടാകുമായിരുന്നു… അതിന് പകരം കുറച്ചു പൈസ കൊടുത്ത് അവളെ ഞാൻ ഒഴിവാക്കി വിട്ടു “…. ഓരോന്നും പറഞ്ഞു കരയുന്നവളെ അമ്മമാർ ആശ്വസിപ്പിച്ചു.. മനസ്സൊന്നു ശാന്തമായെങ്കിലും കണ്ണുനീർ ഒഴുകിക്കൊണ്ടേ ഇരുന്നു.. തന്റെ കയ്യിൽ നിന്നും വന്നൊരു പിഴ കാരണമാണ് ആ കുഞ്ഞു മരിക്കാനിട വന്നതെന്ന് അവൾ വിശ്വസിച്ചു.. അച്ഛൻ അവളുടെ തലയിൽ ഒന്ന് തലോടിയിട്ട് ഡ്രസ്സ്‌ മാറ്റി വന്നു എന്നിട്ട് അവളുടെ കയ്യിൽ പിടിച്ചു മെല്ലെ കാറിൽ കൊണ്ടിരുത്തി … ചോദ്യഭാവത്തിൽ അവൾ നോക്കുന്നുണ്ടായിരുന്നു.. “മിന്നുവിന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു താ മോളേ “.. പദ്മ പറയാൻ തയ്യാറായില്ല.. അവൾക് പോകേണ്ട എന്ന് മുഖം പറയുന്നുണ്ടായിരുന്നു.. ” അച്ഛൻ പോയി കാണാം.. വിവരങ്ങൾ അറിഞ്ഞു വരാം.. മോള് ഇറങ്ങേണ്ട ..അത്രയും ചെറിയ കുഞ്ഞ് നിന്റെ വിവരം അറിയാൻ തേടിപ്പിടിച്ചു വന്നതല്ലേ വീട്ടിൽ .. ആ ഒരു സ്നേഹം അവളോട് തിരിച്ചു കാണിക്കണ്ടേ നമ്മൾ.. അല്ലെങ്കിലും നിന്നെ അവൾ ആഗ്രഹിക്കുന്നുണ്ടാവും… ഒന്ന് കാണാൻ എങ്കിലും “..

പദ്മ പറഞ്ഞ വഴിയേ അച്ഛൻ കാറോടിച്ചു.. വഴിയിൽ ഒതുക്കി നിർത്തി.. പന്തൽ ഒന്നും അഴിച്ചിട്ടുണ്ടായിരുന്നില്ല.. അവളെ കാറിൽ ഇരുത്തി അച്ഛൻ അകത്തേക്ക് നടന്നു… പദ്മയ്ക്ക് കാണാമായിരുന്നു വീടിന്റെ മുൻഭാഗം.. വരാന്തയിൽ തന്നെ അയാൾ തൂണിൽ തല ചായിച്ചു ഇരുപ്പുണ്ടായിരുന്നു.. അച്ഛൻ അയാൾക്കരികിൽ ഇരിക്കുന്നതും മുണ്ടൊക്കെ ഒതുക്കി പിടിച്ച് മര്യാദയ്ക്ക് അയാൾ ഇരിക്കുന്നതും ഒക്കെ പദ്മ കാണുന്നുണ്ടായിരുന്നു.. ഇടയ്ക്ക് അയാൾ കാറിലേക്ക് നോക്കി.. അച്ഛൻ തന്നെപ്പറ്റി എന്തേലും പറഞ്ഞു കാണും… അച്ഛൻ അരികിൽ വന്ന് ഡോർ തുറന്നു ഇറങ്ങാൻ പറഞ്ഞു…

“നിന്റെ കൈപ്പിഴ കൊണ്ടൊന്നും അല്ല മോളേ.. അത് മാസം തികയാതെയാ ഉണ്ടായത്… ഉണ്ടായത് തന്നെ എന്തൊക്കെയോ അസുഖങ്ങൾ കൊണ്ടും… നീ വന്ന് ആ കുഞ്ഞിനെ ഒന്ന് കാണ്.. മാധവൻ ഒന്നും പറയില്ല.. അയാൾ ആകെ വല്ലാത്ത അവസ്ഥയിൽ ആണ്.. വാ “.. അച്ഛൻ പറഞ്ഞപ്പോൾ പദ്മയ്ക്ക് അനുസരിക്കാതിരിക്കാൻ പറ്റിയില്ല.. അച്ഛനൊപ്പം ആ വീട്ടിലേക്ക് ചെന്നു.. ഞങ്ങളെ കണ്ടപ്പോൾ മാധവൻ അകത്തേക്ക് നോക്കി വിളിച്ചു… “മിന്നൂ “…

മിന്നു ഇറങ്ങി വന്നപ്പോളെ പദ്മയെ ആണ് കണ്ടത്… കുറച്ചു നേരം നോക്കി നിന്നു.. രണ്ട് ദിവസം കൊണ്ട് ആകെ കോലം കെട്ടത് പോലെ.. മുടിയൊക്കെ പാറി പറന്ന്.. കരഞ്ഞു തളർന്നു.. പദ്മ രണ്ടു കയ്യും നീട്ടി അവളെ കെട്ടിപ്പിടിച്ചു.. “കുഞ്ഞാവ പോയി ടീച്ചറെ.. എനിക്ക് ആരും ഇല്ല”.. മിന്നുവിന്റെ കണ്ണുനീർ സാരിയെ നനച്ചു… പദ്മ വിതുമ്പി കരഞ്ഞു.. അച്ഛൻ കണ്ണട ഊരി കണ്ണു തുടച്ചു.. മാധവൻ വേറെ എങ്ങോ നോക്കിയിരുന്നു.. മിന്നുവിന്റെ കരച്ചിൽ ഒന്നു ശാന്തമായപ്പോൾ പദ്മ ശരീരത്തിൽ നിന്നും അകറ്റി മാറ്റി… സ്കൂളിൽ വരണമെന്ന് പറഞ്ഞു കവിളിൽ ഉമ്മ കൊടുത്തു തിരിച്ചു നടന്നു… അച്ഛൻ പോരാൻ നേരം മാധവന്റെ തോളിൽ ഒന്നു തട്ടി ആശ്വസിപ്പിച്ചു..

“ടീച്ചറേ “.. പിന്നിൽ നിന്നും മിന്നുവിന്റെ വിളി കേട്ട് പദ്മ നിന്നു… അന്ന് കൊടുത്ത രണ്ട് നോട്ടുകൾ അവൾ പദ്മക്ക് നേരെ നീട്ടി… വാങ്ങാതിരുന്ന പദ്മയുടെ കയ്യിൽ അവളത് വെച്ചു കൊടുത്തിട്ട് തിരിച്ചു വീട്ടിലേക്ക് നടന്നു.. തീയിൽ നിൽക്കും പോലെ തോന്നി പദ്മയ്ക്ക്..

തിരിച്ചുള്ള യാത്രയിലും പദ്മയുടെ മനസ്സ് ശാന്തമായിരുന്നില്ല.. എന്തൊക്കെ കാരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ആ കുഞ്ഞിന്റെ മരണത്തിന് താനും ഒരു കാരണം ആണ്.. അതിങ്ങനെ മനസ്സിൽ കിടന്നു കുത്തിക്കുത്തി വേദനിപ്പിക്കുകയാണ് …..

ഓടി വരും..