താലി : ഭാഗം 23

രചന: ആയിഷ അക്ബർ

കൃഷ്ണ പതിയെ മിഴികൾ ദൃശ്യ യിലേക്കൊന്ന് പതിപ്പിച്ചു…….ശക്തിയായി മിടിച്ചു കൊണ്ടിരിക്കുന്ന അവളുടെ ഹൃദയം താൻ കണ്ടിട്ടുള്ള ആ ഫോട്ടോ ഓർത്തെടുക്കാൻശ്രമിച്ചുകൊണ്ടിരിക്കുകയാണ്……അല്ലാ….. ഇതവളല്ലാ….ആ ഫോട്ടോയിലുള്ള ആളുമായി ഈ മുഖം ചേരാത്തത് പോലെ..നിറഞ്ഞു വന്ന ആശ്വാസം അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നു….അപ്പോഴും ദൃശ്യ അതേ ഞെട്ടലോടെ അവളെ നോക്കി നിൽക്കുക തന്നെയാണ്……
കൃഷ്ണ….. ഇത്….. ദൃശ്യ.

അവൾക്ക് അറിയാമെന്ന വണ്ണം അവനത് പറഞ് തന്നെ പരിചയപ്പെടുത്തുമ്പോൾ ദൃശ്യ അവളോടൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…അവളും ഒന്ന് പുഞ്ചിരിച്ചെങ്കിൽ കൂടി മെറിനോട് താനത് പറഞ്ഞു എന്നൊരു ചെറിയ കരട് കലർന്നിരുന്നത് പോലാ ചിരിക്കല്പം മങ്ങലേറ്റിരുന്നു….നിന്നേ കല്യാണ പെണ്ണാക്കി തന്നെ ആളാണ്‌ കൃഷ്ണാ… വേണമെങ്കിലൊന്ന് നന്ദി പറഞ്ഞോ…..ആ സമയവും കാർത്തി ദൃശ്യ യേ കുറ്റപ്പെടുത്താൻ ശ്രമിക്കുമ്പോൾ അവൾ കണ്ണുകൾ ചുരുക്കി അവനെയൊന്ന് നോക്കി…..എടാ…. ഞാൻ…..

ദൃശ്യ ദയനീയമായി അത് പറയുമ്പോൾ കാർത്തിക്കും അവളോടൊരു സഹതാപം തോന്നി…..അത് പോട്ടെ……. ഞങ്ങൾ രണ്ട് പേരും മാച്ച് ഉണ്ടോടി..ആരൊക്കെയോ ഇവിടെ പറഞ് കേട്ടു പരമ ശിവനും പാർവതിയും പോലെയെന്ന്……
ആണോ..കാർത്തി ഒരു ചെറു പുഞ്ചിരിയോടെ അത് ചോദിച്ചതും കൃഷ്ണ നാണം കൊണ്ട് പിടഞ്ഞിരുന്നു….അവൾ തല പതിയെ താഴ്ത്തി നിന്നു…..ദൃശ്യക്ക് കാർത്തിയെ മനസ്സിലാകുന്നേയില്ലായിരുന്നു…..ചില സമയത്തെ അവന്റെ സംസാരം കേട്ടാൽ അവൻ ഒരു നിവൃത്തിയുമില്ലാതെയാണ് ഈ വിവാഹത്തിനൊരുങ്ങുന്നതെന്ന് തോന്നും….. ഇനി ചില സമയം കൃഷ്ണ എന്ന ആ ഒരു പേരിൽ പോലും അവൻ അലിഞ്ഞു പോകുന്നത് പോലെ……

അവളുടെ സൗന്ദര്യത്തിൽ അവൻ മതി മറന്നു പോയതാകുമോ……. അങ്ങനെ സൗന്ദര്യം കൊണ്ട് ആളെ അളക്കുന്ന ഒരു കാർത്തിയെ അല്ല താനറിഞ്ഞത്…..എങ്കിലൊരിക്കലും അവനിത്രയേറെ ഭ്രാന്തമായി മേറിനിൽ പറ്റി പ്പിടിച്ചു കിടക്കില്ലായിരുന്നു….അവൾക്കൊന്നും മനസ്സിലായില്ല..താൻ അകത്തേക്ക് പൊയ്ക്കോ….. ഞാനിവൾക്ക് കഴിക്കാനെന്തെങ്കിലും എടുത്ത് കൊടുക്കട്ടെ…അല്ലാ….. കൃഷ്ണ യുടെ മൈലാഞ്ചിയിടൽ കഴിഞ്ഞില്ലേ……എങ്കി എനിക്കൊരു കമ്പനി തരുന്നതിൽ ബുദ്ധിമുട്ടുണ്ടോ…..

കാർത്തി കൃഷ്ണയെ നോക്കി അത് പറഞ്ഞതിന് പിറകെയാണ് ദൃശ്യ അവളോടത് ചോദിച്ചത്…..
കൃഷ്ണ പെട്ടെന്ന് അവളെയൊന്ന് നോക്കി പിന്നേ പതിയെ ഇല്ലെന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു……ആ….. എങ്കി നിങ്ങൾ അങ്ങോട്ടിരുന്നോ… ഞാൻ ഫുഡ്‌ എടുത്ത് വരാം…..കാർത്തി അത് പറഞ് തിരിഞ്ഞതിനു പിറകെ ദൃശ്യ യും കൃഷ്ണയും നടന്നു………മുകളിലേ വരാന്തയിലെ ആളൊഴിഞ്ഞ ആ മൂലയിൽ അവരിരിക്കുമ്പോൾ ദൃശ്യയുടെ കണ്ണുകൾ ഇടയ്ക്കിടെ കൃഷ്ണയേ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു……..

അവളെ ഒന്ന് കൂടി അടുത്തറിയണമായിരുന്നവൾക്ക്……..എങ്കിലേ കാർത്തിക്കും അവൾക്കുമിക്കിടയിൽ അകലം സൃഷ്ടിക്കാൻ കഴിയു എന്നവൾക്ക് ബോധ്യമുണ്ടായിരുന്നു……അവളെന്തെങ്കിലും ചോദിച്ചു തുടങ്ങുന്നതിനു മുമ്പ് തന്നെ കാർത്തി ഭക്ഷണവുമായി വന്നിരുന്നു……..കാർത്തി ദൃശ്യക്ക് വിളമ്പി കൊടുക്കുന്നത് നോക്കി കൃഷ്ണ അങ്ങനെ നിന്നു…..നല്ല വിശപ്പ് തുടങ്ങിയിട്ടുണ്ട്….
ഇനി തനിക്കെപ്പോ ഭക്ഷണം കിട്ടുമെന്ന് അവൾക്കറിയില്ലായിരുന്നു….അവനാണെങ്കിൽ കഴിക്കുന്നതിനു പറ്റി ഒന്നും ചോദിക്കുന്നുമില്ല……

അല്ലെങ്കിലും തന്റെ വിശപ്പൊക്കെ ആരറിയാൻ………അവൾ സ്വയമൊന്ന് നെടു വീർപ്പിട്ടു…..ദൃശ്യയും ഒരു നിമിഷം അത് തന്നെയായിരുന്നു ചിന്തിച്ചത്……കൃഷ്ണ കഴിച്ചോ ഇല്ലയോ എന്നതിനെ പറ്റി അവൻ ആലോചിക്കുന്നു കൂടിയില്ല എന്നതിന് അവന്റെ മനസ്സിൽ അവളോടുള്ള ചിന്തക്ക് പരിമിതികളുണ്ട് എന്നതവൾക്ക് വ്യക്തമാക്കി…..അതവൾക്ക് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല…..കൃഷ്ണ കഴിക്കുന്നില്ലേ…..
ദൃശ്യ പെട്ടെന്നത് ചോദിച്ചതും ഒരു പുഞ്ചിരിയുടെ കൂട്ടോടെ കയ്യിലുള്ള മൈലാഞ്ചിയെ അവൾ കുറ്റപ്പെടുത്തി…..അപ്പോഴും കാർത്തി ഒന്നും മിണ്ടാതിരിക്കുന്നത് കണ്ട് ദൃശ്യക്ക് സമാധാനമായിരുന്നു…….

അവൾ ഭക്ഷണം വേഗം കഴിച്ചു തുടങ്ങി…….
ദൃഷ്യയും കൃഷ്ണയും ഇരിക്കുന്ന ബെഞ്ചിനടുത്തേക്ക് ഒരു കസേര വലിച്ചിട്ടു അവനുമിരുന്നു…….
അപ്പോഴാണ് തങ്ങളെ ലക്ഷ്യമാക്കി ചന്ദ്ര കടന്ന് വരുന്നത് അവർ കാണുന്നത്…….അവരെ കണ്ടതും ഒരു കസേര കൂടി അവനവർക്കിട്ട് കൊടുത്തു….ശേഷം ഒരു പാത്രത്തിലേക്ക് ഭക്ഷണം കൂടി വിളമ്പി അവരുടെ കയ്യിലേക്ക് കൊടുത്തു……
അവരോരു പുഞ്ചിരിയോടെ അത് കുഴച്ചു ആദ്യത്തെ ഉരുള കൃഷ്ണക്ക് നേരെ നീട്ടിയതും അവളൊന്നു ഞെട്ടിയിരുന്നു..

ദൃശ്യയും തീരെ പ്രതീക്ഷിക്കാത്തത് പോൽ അവരെ നോക്കി……….കഴിക്ക് മോളെ…… കയ്യിലെ മൈലാഞ്ചി ഉണങ്ങുമ്പോഴേക്കും നിനക്ക് വിശക്കില്ലേ…..ചന്ദ്ര അത് കൂടി പറഞവളെ ഏറെ വാത്സല്യത്തോടെ നോക്കുമ്പോൾ കൃഷ്ണയുടെ ഉള്ളം സന്തോഷമോ സങ്കടമോ എന്നറിയാതെയൊരു തരം വികാരം സ്ഥാനംപിടിച്ചു……തനിക്കിനിയൊരിക്കലും കിട്ടില്ലെന്ന്‌ കരുതിയ പലതും വിധി തനിക്ക് വെച്ചു നീട്ടുന്നത് പോൽ….അവൾ പതിയെ വായ തുറന്നതും കാണുന്നവർക്കെല്ലാം അതൊരു സ്വഭാവികമായ കാഴ്ചയാണെങ്കിൽ കൂടി കൃഷ്ണ യുടെ ഉള്ളം വല്ലാത്തപിരിമുറുക്കത്തിലായിരുന്നു…..

കാർത്തിയും ദൃശ്യ യും ചന്ദ്ര യും അവളെ നോക്കിയിരിക്കെ അവൾ പെട്ടെന്ന് കയ്യിന്റെ പുറം ഭാഗം കൊണ്ട് മുഖം പൊത്തിയതും എന്തെന്ന് മനസ്സിലാവാതെ അവർ മൂന്ന് പേരും ഒന്ന് ഞെട്ടി….
മോളെ….. കൃഷ്ണാ….ചന്ദ്ര ആശങ്കയോടെ അവളുടെ തോളിൽ കൈ വെച്ചു……അവൾ പതിയെ മുഖത് വെച്ച കൈ മാറ്റിയതും നിറഞ്ഞൊഴുകിയ കണ്ണുകൾ അവളുടെ കവിളുകളിൽ ചുവപ്പ് പടർത്തിയിരുന്നു…….അവളെ നോക്കി ചാരിയിരുന്നിടത്നിന്ന്കാർത്തിയൊന്നുയർന്നിരുന്നു……എന്താ…. മോളെ…. എന്തിനാ നീയിങ്ങനെ കരയുന്നത്……

ചന്ദ്ര വീണ്ടുമത് ചോദിച്ചതും അവളുടെ അധരങ്ങൾ കണ്ണ് നീരിലും ഒന്ന് വിടർന്നു….ഒരു ചെറു പുഞ്ചിരി ആ മുഖത്തിന്റെ തിളക്കം കൂട്ടി…..ഞാൻ…… സന്തോഷംകൊണ്ടാ…..എനിക്കിങ്ങനെയൊക്കെ……അവളത് പറഞ് നിർത്തുമ്പോഴും ഉള്ളം പേറിയ സന്തോഷത്താൽ ആ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു……കാർത്തി കണ്ണിമ വെട്ടാതെ അവളെ നോക്കിയിരിക്കുമ്പോൾ അവന്റെ മനസ്സിൽ മുന്നിട്ടു നിന്നിരുന്ന വികാരത്തേ അവനു തന്നെ അറിയുന്നുണ്ടായിരുന്നില്ല…..

ഇരു കൈകൾ കൊണ്ടും അവളെ നെഞ്ചോട് ചേർത്ത് പിടിക്കാൻ അവനു കൊതി തോന്നി….
കരഞ്ഞു കൊണ്ട് പുഞ്ചിരിക്കുന്ന നിഷ്കളങ്കയായ ആ പെൺകുട്ടിയെ ദൃശ്യ യും ഒരു കൗതുകത്തോടെയാണ് നോക്കി കണ്ടത്………ഇത് വരെ ഇങ്ങനെയൊന്നും ഇല്ലെന്ന് വെച്ചിട്ട് ഇനി അങ്ങനെ ആയിക്കൂടെന്നുണ്ടോ……ചന്ദ്ര ഏറെ സ്നേഹ ത്തോടെ അത് പറയുമ്പോൾ അവൾ കണ്ണുകൾ വിടർത്തി അവരെ നോക്കി…..ഇത് വരെ നിനക്ക് സ്വന്തമെന്ന് പറയാൻ ആരുമില്ലായിരിക്കാം…..
എന്നാലിനി അങ്ങനെയല്ലാ……ഇനി ഞങ്ങളെല്ലാവരും നിന്റെ സ്വന്തമാണ്…….

മാത്രവുമല്ല…….. നിനക്ക് കിട്ടാതെ പോയ സന്തോഷങ്ങളൊക്കെ തരാൻ ഭർത്താവായി ഇവൻ കൂടെയുണ്ട്……..ചന്ദ്ര അത് പറഞ്ഞു കൊണ്ട് അരികിലിരുന്ന കാർത്തിയുടെ കയ്യിലൊന്ന് തൊട്ടതും കൃഷ്ണ പിടിക്കുന്ന മിഴികൾ അവനിലേക്കൊന്ന് നോക്കി…അവനൊന്നും മിണ്ടാതെ അപ്പോഴും അവളെ നോക്കിയിരിക്കുകയാണ്……
പറയുന്നതോരൊന്നും തന്റെ മനസ്സാക്ഷിയെ വിഷമിപ്പിക്കുന്നത് പോലെ അവനു തോന്നുന്നുണ്ടായിരുന്നു…..എല്ലാം അറിഞ്ഞു കൊണ്ടാണ് അവൾ തന്റെ മുമ്പിൽ കഴുത് നീട്ടുന്നതെങ്കിലും ആ കണ്ണുകളിൽ കാണുന്ന പ്രതീക്ഷ തനിക്ക് വ്യക്തമാണ്…..

അതിനൊരു മറുപടി കൊടുക്കാൻ കഴിയാത്ത വിധം താൻ നിസ്സഹായനായി പ്പോകുകയാണ്…….ഇപ്പൊ തന്നെ കണ്ടില്ലേ…… മൈലാഞ്ചി എടുക്കോമ്പോഴേക്കും നിനക്ക് വിശക്കുന്നുണ്ടാവുമെന്ന് പറഞ്ഞു ആ തിരക്കിനിടയിൽ നിന്നേന്നെ പിടിച്ച പിടിയാലേ നിനക്ക് ഭക്ഷണം വായിൽ തരാൻ വിളിച്ചു കൊണ്ട് വന്നതാ അവനെന്നെ……..
നീ പോലും ഓർക്കുന്നതിനപ്പുറം അവൻ നിന്നേ ഓർക്കുന്നത് കൊണ്ടല്ലേ അത്…….ചന്ദ്ര ഏറെ അഭിമാനത്തോടെ അതും കൂടി പറഞ്ഞു നിർത്തുമ്പോൾ കൃഷ്ണ യുടെ കണ്ണുകൾ വിടർന്നു…..

അവളതോട്ടും പ്രതീക്ഷിട്ടില്ലെന്ന പോൽ….അവൾ വല്ലാത്തൊരു ഭാവത്തോടെ അവനെ നോക്കുമ്പോൾ അവൻ തിങ്ങി നിറഞ്ഞ ആ താടിയിലൂഴിഞ്ഞു കൊണ്ട് താഴേക്ക് മിഴികൾ പതിപ്പിച്ചു……
ദൃശ്യയിൽ ആ വാക്കുകൾ തീർത്തതൊരു പ്രയാസമായിരുന്നു….ഓരോ കെട്ടുകളും അഴിച്ചു അവനെ സ്വന്തമാക്കാൻ ശ്രമിക്കും തോറും അവൻ കൂടുതൽ ബന്ധിതനാകുന്നത് പോലെ…….
അവൾക്ക് കയ്യിലെടുത്ത ഭക്ഷണം തൊണ്ടയിൽ നിന്നിറങ്ങിയിരുന്നില്ല……കാർത്തി….. വാ……

അപ്പോഴേക്കും താഴെ നിന്നാരോ വിളി ച്ചതും കാർത്തി അങ്ങോട്ടേക്ക് നടന്നിരുന്നു………ഒരു കണക്കിന് അവളുടെ നോട്ടത്തിൽ നിന്ന് തനിക്ക് ഓടി രക്ഷപ്പെടുക തന്നെയാണ്വേണ്ടത്….അല്ലെങ്കിലൊരു പക്ഷെ താൻ ആ കണ്ണുകളിൽ കുരുങ്ങി പ്പോയാലോ…. അവൻ താഴേക്ക് നടക്കുമ്പോഴും മനസ്സ് ഏറെ അസ്വസ്ഥമായിരുന്നു….കൃഷ്ണയും മേരിനും മനസ്സിന്റെ രണ്ട് കോണിൽ കിടന്ന് തന്റെ ഹൃദയത്തെ കാർന്നു തുടങ്ങിയത് അവനറിഞ്ഞിരുന്നു………അപ്പോഴും ചെറിയമ്മ വായിൽ കൊടുക്കുന്ന ഭക്ഷണം മനസ്സ് നിറയേ കഴിച്ചു കൊണ്ട് തന്നെ പിന്തുടരുന്ന ആ നിറഞ്ഞ മിഴികളെ അവനറിയുന്നുണ്ടായിരുന്നു…….

(തുടരും)

Leave a Reply