15/04/2026

നിയതി : ഭാഗം 06

രചന – കണ്ണന്റെ മാത്രം

കുറച്ച് മണിക്കൂറുകൾക്ക് മുൻപ്…..

ജോയും ആദവും ഓഫീസിൽ എത്തുമ്പോൾ അവിടെ അവരെ കാത്തുനിൽക്കുന്ന ആളെ കണ്ടതും ആദം ഞെട്ടിപ്പോയി….

രഞ്ജുവേട്ടാ…നിങ്ങൾ ഇതെപ്പോ എത്തി മനുഷ്യാ… എന്താ ഇവിടെ.. തറവാട്ടിലേക്ക് എന്താ വരാഞ്ഞത്…എത്ര കൊല്ലം ആയി കണ്ടിട്ട്…അവിടെ നിൽക്കുന്ന നിരഞ്ജനെ കണ്ടതും ആദം ചോദിച്ചു..

ഞാൻ ദേ എയർപോർട്ടിൽ നിന്ന് വരുന്ന വഴിയാണ്.. എന്നോട് ഇന്നലെ ഇവൻ വിളിച്ച് ഇന്ന് രാവിലെ ഇവിടെ ഉണ്ടാകണം എന്ന് പറഞ്ഞു… ദേ ഞാൻ എത്തി… രഞ്ജു ആദത്തെ നോക്കി പറഞ്ഞു… ഇടയിൽ ജോയെ ഒന്ന് ഇടം കണ്ണിട്ട് നോക്കാനും മറന്നില്ല.. ജോ അവർ പറയുന്നത് ശ്രദ്ധിക്കാത്ത പോലെയാണ് നിൽപ്പ്.. എങ്കിലും രണ്ടാളുടെയും സംസാരത്തിൽ ആയിരുന്നു അവന്റെ ശ്രദ്ധ…

ഏഹ്.. അതെന്തിന്… ആദം ഒന്നും മനസിലാകാതെ ചോദിച്ചു…

ആവോ… അത് നീ നിന്റെ ചേട്ടനോട് ചോദിക്ക്…. രഞ്ജു പറഞ്ഞു…

ആദം നീ നമ്മുടെ പുതിയ GM നെ കണ്ടില്ലല്ലോ… മീറ്റ് നിരഞ്ജൻ ശ്രീനിവാസൻ.. നമ്മുടെ പുതിയ GM… ജോ രഞ്ജുവിനെ തട്ടിക്കൊണ്ട് പറഞ്ഞിട്ട് സ്വന്തം കാബിനിലേക്ക് പോയി….

ജോ പറഞ്ഞതുകേട്ട ആദത്തിന്റെ ഒപ്പം രഞ്ജുവിന്റെയും വായ തുറന്നുപോയി…. രണ്ടാളുടെയും കിളികൾ ഒരുപോലെ പറന്നു..

ഞാനോ.. എപ്പാ… രഞ്ജു അറിയാതെ ചോദിച്ചുപോയി…

ഏഹ്ഹ്… അതെന്താ അങ്ങനെ ചോദിച്ചേ… രഞ്ജുവിന്റെ ചോദ്യം കേട്ട ആദം ഒന്നും മനസിലാകാതെ ചോദിച്ചു…

എനിക്കറിയില്ലായിരുന്നു ഞാൻ ആണ് നിങ്ങളുടെ കമ്പനിയുടെ പുതിയ GM എന്ന്…. രഞ്ജു കിളിപോയ പോലെ പറഞ്ഞു…

എന്തോന്നാ… രഞ്ജു പറഞ്ഞതുകേട്ട ആദം ഒന്നും മനസിലാകാതെ അവനെ നോക്കി…

അതായത്… നിങ്ങളുടെ കമ്പനിയുടെ പുതിയ GM ഞാൻ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു എന്ന്…

ഏഹ്… അതെന്താ അങ്ങനെ…

ആവോ… എന്നോട് നിന്റെ ചേട്ടൻ ഇന്ന് രാവിലെ ഇവിടെ വേണം എന്നേ പറഞ്ഞുള്ളു… അവനായിട്ട് വിളിക്കാൻ കാത്തിരിക്കുവായിരുന്നു ഞാൻ ഈ കൊല്ലങ്ങൾ മുഴുവൻ.. അവൻ അച്ഛനേം അമ്മയെയും അവളെയും വിളിക്കാറുണ്ട്… എന്തിന് എന്റെ പിള്ളേർക്ക് വരെ അവരുടെ ജോ അങ്കിളിനെ മതി… എന്നെ മാത്രം വിളിക്കാറില്ല.. അവൻ വിളിക്കാതെ ഞാൻ വരില്ല എന്നൊരു കുഞ്ഞ് വാശി എനിക്കും ഉണ്ടായിരുന്നു… ഇന്നലെ ഉച്ചയോടെ വിളിച്ചിട്ട് ഇന്ന് മോർണിംഗ് ഇവിടെ ഉണ്ടാകണം എന്ന് പറഞ്ഞു… ഓഫീസിൽ എമർജൻസി ലീവ് എടുത്തിട്ടാണ് കിട്ടിയ ഫ്ലൈറ്റ് കയറി ഇങ്ങോട്ട് പോന്നത്…. ഇതിപ്പോ എന്താ കഥ എന്ന് എനിക്കറിയില്ല…. രഞ്ജു പറഞ്ഞു..

എന്നാൽ ഏട്ടൻ പോയൊന്നു ചോദിച്ചു നോക്ക്… അപ്പൊ അറിയാലോ എന്താ കഥ എന്ന്… ആദം പറഞ്ഞു…

അതെന്താ നിനക്ക് പോയി ചോദിച്ചാൽ.. ആദത്തെ കൂർപ്പിച്ചു നോക്കികൊണ്ട്‌ രഞ്ജു ചോദിച്ചു…

കാര്യം ഞാൻ പേരാണ് വിളിക്കുന്നത്, ഒരു ഫ്രണ്ടിനെ പോലെ ആണ് പെരുമാറുന്നത് എന്നാണെങ്കിലും അതെന്റെ ചേട്ടായി ആണ് മോനേ രഞ്ജു.. പരസ്പരം എല്ലാം തുറന്നുപറയും എങ്കിലും അവന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്യാനുള്ള ധൈര്യം ഒന്നും എനിക്കില്ല മോനേ….

നീ ചോദ്യം ചെയ്യേണ്ട… ഞാൻ ചോദിച്ചോളാം…. എനിക്ക് ആരെയും പേടിയില്ല…

ഓഹ്… സമ്മതിച്ചു… ജോയുടെ മുന്നിൽ ചെന്ന് നിൽക്കുമ്പോഴും ഈ ഉശിര് കാണണം ട്ടോ… ആദം ഒരു കളിയോടെ പറഞ്ഞു…

നീ പോടാ.. നിന്റെ കോ എന്നെ ഒന്നും ചെയ്യില്ല.. അവനേ എന്നെ ഭയങ്കര പേടിയാ.. ഹും…രഞ്ജു ഒരു പുച്ഛത്തോടെ പറഞ്ഞു…

ആ എന്താ ജോ… ആദം രഞ്ജുവിന്റെ പിന്നിലേക്ക് നോക്കി ചോദിച്ചു… അത്‌ കണ്ടതും രഞ്ജു ഞെട്ടലോടെ തിരിഞ്ഞു നോക്കി…

പറ്റിച്ചതാണല്ലേ… രഞ്ജു ഒരിളിഞ്ഞ ചിരിയോടെ ചോദിച്ചു…

രഞ്ജുവേട്ടന് തീരെ പേടിയില്ല അല്ലേ… ആദം ഒരാക്കി ചിരിയോടെ ചോദിച്ചു…

നീ പോടാ.. ഞാൻ അവന്റെ അടുത്തേക്ക് പോവാണ്… അതും പറഞ്ഞ് രഞ്ജു ജോയുടെ കാബിൻ ലക്ഷ്യമാക്കി നടന്നു.. അവൻ പോകുന്നത് ഒന്ന് നോക്കിയിട്ട് ആദവും അവന്റെ കാബിനിലേക്ക് പോയി…

രഞ്ജു ജോയുടെ കാബിന്റെ ഡോറിൽ ഒന്ന് തട്ടിക്കൊണ്ട് ഉള്ളിലേക്ക് കയറി…സീറ്റിൽ തല ചാരിവച്ചു കണ്ണടച്ചിരിക്കുന്ന ജോയെ ആണ് അവൻ കണ്ടത്…

ജോ… എന്താടാ.. പെട്ടന്ന് കാണണം എന്ന് പറഞ്ഞത്… താൻ വന്നതറിഞ്ഞിട്ടും അങ്ങനെയേ ഇരിക്കുന്ന ജോയെ നോക്കി രഞ്ജു ചോദിച്ചു….

അവൾ തിരികെ വന്നെടാ… ജോ അങ്ങനെ തന്നെ ഇരുന്നുകൊണ്ട് പറഞ്ഞു…

ആര്…. രഞ്ജു ഒന്നും മനസിലാകാതെ ചോദിച്ചു….

Dr. നിയതി രാംകുമാർ അല്ലെങ്കിൽ Dr. നിയതി ജോഷ്വാ ആലുക്കൽ തിരികെ വന്നു എന്ന്… ജോ ഒരു പുച്ഛചിരിയോടെ പറഞ്ഞു…

ഏഹ്… നിധി വന്നോ.. എന്ന്.. നിന്റെ അടുത്തുണ്ടോ അവൾ… സുഖമാണോ… രഞ്ജു ഒറ്റശ്വാസത്തിൽ തന്നെ കുറേ ചോദ്യങ്ങൾ ചോദിച്ചു..

അവൾ വന്നു… മീരയുടെ അടുത്തേക്കാണ് വന്നത്… അവള് ഒറ്റക്കല്ല വന്നത്.. എന്റെ രണ്ട് മക്കളെയും കൊണ്ടാണ് വന്നത്…

ഏഹ്… നിന്റെ മക്കളോ.. അതെങ്ങനെ… എപ്പോഴാ വന്നത്.. നീ കണ്ടോ…

കണ്ടു.. മീര ഇന്നലെ വിളിച്ച് പറഞ്ഞിരുന്നു അവൾ ഇന്ന് രാവിലെ വരും എന്ന്.. അവളെ ഒന്ന് കാണാൻ വേണ്ടിയാണ് മീരയുടെ വീടിന്റെ ഓപ്പോസിറ്റ് ഉള്ള ഗസ്റ്റ് ഹൗസിൽ പോയത്… പക്ഷേ… പക്ഷേ… എന്റെ മക്കൾ…

ജോയ്ക് വികാരക്ഷോപം കൊണ്ട് മുഴുവനാക്കാൻ പറ്റിയില്ല…

ജോ… രഞ്ജു സങ്കടത്തോടെ വിളിച്ചു…

അവൾക്ക് മാപ്പില്ല രഞ്ജു.. എന്റെ കുഞ്ഞുങ്ങളെ ഇത്രയും കാലം എന്നിൽ നിന്ന് അകറ്റിയ അവൾക്ക് മാപ്പില്ല… ഇന്ന് മീര വിളിച്ച് അത് എന്റെ മക്കൾ ആണെന്ന് ഉറപ്പിച്ചപ്പോൾ എനിക്ക് തന്നെ അറിയില്ലായിരുന്നു എനിക്ക് എന്താ തോന്നിയത് എന്ന്… അവർക്ക് എന്നെ അറിയുകപോലും ഇല്ലായിരിക്കും അല്ലേടാ.. ഇങ്ങനെ ഒരു പപ്പ അവർ ഈ ഭൂമിൽ ഉള്ളതുപോലും അറിയാതെ… എന്തിനായിരുന്നെടാ ഇങ്ങനെ ഒരു ചതി അവൾ ചെയ്യ്തത്… അവൾക്ക് അറിയുമായിരുന്നില്ലേ എല്ലാം…. എന്നിട്ടും… അവസാനമായപ്പോഴേക്കും ജോയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ശബ്ദം ഇടറി…

ജോയുടെ അവസ്ഥ കണ്ടപ്പോൾ രഞ്ജുവിന്റെയും കണ്ണുകൾ നിറഞ്ഞു.. അവൻ വേഗം എഴുന്നേറ്റ് സ്വന്തം കണ്ണുകൾ തുടച്ചിട്ട് ജോയെ പോയി കെട്ടിപ്പിടിച്ചു….

വിഷമിക്കല്ലേ ജോ… നിനക്ക് കാണേണ്ടേടാ അവരെ.. രഞ്ജു ചോദിച്ചു…

വേണം… ഇപ്പോഴല്ല.. എന്തിനാ അവൾ എന്നെ വിട്ട് പോയത് എന്ന് അറിയട്ടെ… എന്നിട്ട് ഞാൻ പോകുന്നുണ്ട് അവളുടെ മുന്നിലേക്ക്… എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം അവൾ തരണം എനിക്ക്… എന്റെ കുഞ്ഞുങ്ങളെ എന്നിൽ നിന്ന് മറച്ചതെന്തിനു എന്നടക്കം.. അത് പറയുമ്പോൾ ജോയുടെ മുഖം വല്ലാതെ മുറുകിയിരുന്നു…

ജോ.. നീ എന്നാ അറിഞ്ഞത് നിധി വരുന്ന കാര്യം… അവൾ എവിടെയാണെന്ന് നിനക്ക് ആദ്യമേ അറിയാമായിരുന്നോ… രഞ്ജു ചോദിച്ചു…

മീരയെ അവൾ കോൺടാക്ട് ചെയ്തപ്പോൾ മുതൽ ഞാൻ അറിഞ്ഞിരുന്നു അവളുടെ വിശേഷങ്ങൾ.. Ias എടുത്തതും ഒക്കെ അങ്ങനെ ആണ് അറിഞ്ഞത്. പക്ഷേ മക്കളുടെ കാര്യം മീരക്ക് വരെ അറിയില്ലായിരുന്നു. അതുപോലെ അവൾ എവിടെയാണെന്നും പറഞ്ഞിരുന്നില്ല… ഇന്നലെ ആണ് മീര പറയുന്നത് ഇന്ന് മോർണിംഗ് അവൾ എത്തും എന്ന്.. അവളെ കാണാനായി ഒരു നോക്ക് കാത്തിരുന്നതാ ഞാൻ.. ആ എന്റെ മുന്നിലേക്ക് ആണ് എന്റെ രണ്ട് മക്കളെ.. നിനക്ക് കാണണോ അവരെ.. എന്ത് രസമാണെന്നോ കാണാൻ… ജോ അതും പറഞ്ഞിട്ട് തന്റെ ഫോണിലേക്ക് മീര അയച്ചുകൊടുത്ത അവരുടെ പിക് രഞ്ജുവിന് കാണിച്ചുകൊടുത്തു…

ഞാൻ പറഞ്ഞത് ശരിയല്ലേ.. നല്ല രസമില്ലേ എന്റെ മക്കളെ കാണാൻ… എന്റെ അല്ലേ മക്കൾ പിന്നെ അവരെ കാണാൻ സൂപ്പർ ആയിരിക്കില്ലേ… ജോ ഇത്തിരി അഹങ്കാരത്തോടെ പറഞ്ഞു..

അയ്യടാ.. നീ നിന്നെ കണ്ണാടിയിൽ നോക്കാറില്ലേ.. കാടന്മാരുടെ പോലെ ഉണ്ട് നിന്നെ കാണാൻ.. ഇത് എന്റെ പെങ്ങളെ പോലെ ആണ്.. അതാ ഇവരെ കാണാൻ ഇത്ര ക്യൂട്ട്.. രഞ്ജു ജോയെ നോക്കി പുച്ഛിച്ചുകൊണ്ട് പറഞ്ഞു..

മതി നോക്കിയത്.. അവന്റെ ഒരു പെങ്ങള്.. അവൾക്കുള്ളത് ഞാൻ കൊടുത്തോളാം… ജോ വീർപ്പിച്ച മുഖത്തോടെ പറഞ്ഞു.. അവന്റെ മുഖത്ത് കാണുന്ന കുശുമ്പും വാശിയും രഞ്ജുവിനെ സന്തോഷിപ്പിച്ചു.. വീട്ടിലേക്ക് വീഡിയോ കാൾ ചെയ്യുമ്പോൾ ഉള്ള അവന്റെ നിസ്സംഗമായ ഭാവം രഞ്ജുവിനെ ഒരുപാട് വേദനിപ്പിച്ചിരുന്നു… പെട്ടന്നാണ് അവന് ഒരു കാര്യം ഓർമ വന്നത്…

അല്ലടാ.. തറവാട്ടിൽ അറിഞ്ഞോ ഇവരുടെ വരവിന്റെ കാര്യം…

തറവാട്ടിൽ എന്നല്ല ആർക്കും അറിയില്ല.. ആദത്തിന് പോലും.. ആദ്യം സത്യങ്ങൾ എല്ലാം ഞാൻ മനസിലാക്കട്ടെ.. എന്നിട്ട് തീരുമാനിക്കാം അവിടെ എപ്പോ പറയണം എന്ന്…

മ്മ്.. എങ്കിൽ ഞാൻ അങ്ങോട്ട്.. പോകാൻ വേണ്ടി എഴുന്നേറ്റപ്പോൾ ആണ് രഞ്ജുവിന് ചോദിക്കാൻ വന്ന കാര്യം ഓർമ വന്നത്.. അല്ലേടാ എന്താ നീ അവിടെ വച്ച് പറഞ്ഞത്.. ഞാൻ GM…

നീ വേണം രഞ്ജു ഇവിടെ.. എനിക്ക് ഒന്ന് തല ചായിക്കാൻ നിന്റെ തോള് വേണം.. എല്ലാവർക്കും എന്റെ സ്വത്തുക്കളിൽ ആണെടാ കണ്ണ്.. ഞാൻ എന്ന മനുഷ്യനെ ആരും കാണുന്നില്ല.. ജോ നിരാശയോടെ പറഞ്ഞു..

ഞാൻ എന്ത് വേണമെങ്കിൽ ചെയ്തോളാം നീ എന്തിനാ അതിനീ നാടക ഡയലോഗ് ഒക്കെ അടിക്കുന്നേ..എനിക്ക് എന്തായാലും ഒന്ന് തിരികെ പോകണം.. റിസൈൻ ഇട്ടിട്ട് എല്ലാവരെയും കൂട്ടി നാട്ടിലേക്ക് വരാം.. അച്ഛനും അമ്മയും കുറച്ചായി നാട്ടിൽ സെറ്റിൽ ആകേണ്ട കാര്യം പറയുന്നു.. ഇനിയിപ്പോ നീ തല്ലി ഓടിക്കാതെ ഞാൻ ഇവിടെ നിന്ന് പോകില്ല.. എങ്കിൽ ഞാൻ പോട്ടെ ഡാ.. ആദത്തെയും കണ്ടിട്ട് വേണം പോകാൻ… രഞ്ജു അവിടെ നിന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു..

മ്മ്.. രഞ്ജു ആദത്തോട് ഇപ്പൊ ഒന്നും പറയേണ്ട ട്ടോ.. അവൻ അറിഞ്ഞാൽ തറവാട്ടിൽ അറിയും. തല്ക്കാലം അവിടെ ആരും ഒന്നും അറിയണ്ട…

മ്മ്.. ഞാൻ പറയുന്നില്ല.. അപ്പൊ ബൈ.. അവൻ തിരികെ ഡോറിനടുത്തേക്ക് പോയി പിന്നെ തിരിഞ്ഞ് ജോയെ നോക്കികൊണ്ട്‌ പറഞ്ഞു…

ഡാ ചുള്ളാ.. നിന്റെ മക്കൾക്ക് നിന്റെ ഛായ തന്നെ ആണ് കേട്ടോ…

രഞ്ജു പറഞ്ഞിട്ട് പോയത് കേട്ടതും ജോയുടെ ചൊടികളിൽ അവന്റെ മക്കളുടെ ഓർമയിൽ ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു.. നിയതിയുടെ മുഖം ഓർമയിൽ വന്നതും അവന്റെ മുഖത്തെ പുഞ്ചിരി മാറി.. അവിടെ സങ്കടവും ദേഷ്യവും നിറഞ്ഞു..

എന്തിനായിരുന്നു പെണ്ണേ.. എന്നോട് ഇത്രയും വലിയൊരു ദ്രോഹം.. അവൻ ആരോടെന്നില്ലാതെ ചോദിച്ചു.. അവന്റെ കണ്ണുകൾ നിറഞ്ഞു..

സമയം പെട്ടന്ന് കടന്നുപോയി.. ഇതിനിടയിൽ നിധി അവൾക്ക് അവളുടെ ഇച്ചായനോട് വെറുപ്പില്ല എന്ന് പറയുന്നത് മീര റെക്കോർഡ് ചെയ്യ്തു അയച്ചിരുന്നു.. അത് കേട്ടപ്പോൾ മുതൽ അവന്റെ ഉള്ളിൽ സംശയങ്ങൾ നിറഞ്ഞു.. അങ്ങനെ തന്നോട് വെറുപ്പും ദേഷ്യവുമൊന്നും ഇല്ലെങ്കിൽ എന്തിന് ഇത്രയും കൊല്ലം അവൾ ഇങ്ങനെ ഒളിഞ്ഞു നിന്നു.. എന്ന്… തന്റെ സംശയങ്ങൾക്കുള്ള ഉത്തരം നിധിയിൽ നിന്ന് തന്നെ അറിയണം.. അവൻ ഉറപ്പിച്ചു..

ഓഫീസ് സമയം കഴിഞ്ഞതും ആദം അടക്കം എല്ലാവരും പോയി… അവൻ അപ്പോഴും വീട്ടിലേക്ക് പോകാൻ ഒരു മനസ്സില്ലാതെ അവിടെ തന്നെ ഇരിക്കുകയായിരുന്നു.. 9 മണി കഴിഞ്ഞു എന്ന് കണ്ടതും ഇനിയും വൈകിയാൽ ശരിയാവില്ല എന്ന ചിന്തയിൽ ഇറങ്ങാൻ നിൽക്കുന്ന നേരത്താണ് അവന്റെ ഫോൺ ബെല്ലടിച്ചത്.. നോക്കിയപ്പോൾ മീരയുടെ നമ്പർ ആണ്..

ആ അസമയത്‌ മീരയുടെ നമ്പർ കണ്ടപ്പോൾ ജോ ആകെ ടെൻഷൻ ആയി. നിധിക്കും മക്കൾക്കും എന്തേലും എന്ന പേടിയിൽ ആണ് അവൻ ഫോൺ എടുത്തത്… എന്നാൽ ആദ്യം തന്നെ കേട്ടത് നിധിയുടെ ശബ്ദം ആണ്.. വർഷങ്ങൾക്ക് ശേഷം തന്റെ പ്രാണനായവളുടെ ശബ്ദം കേട്ടതും ജോയുടെ കൈകൾ ഫോണിൽ ഒന്നുകൂടി മുറുകി.. പക്ഷേ പിന്നീട് നിധി അവൾ തന്നെ വിട്ട് പോകാൻ ഇടയായ സാഹചര്യത്തെ കുറിച്ച് പറയുന്ന ഓരോ വാക്കുകളും അവനെ ജീവനോടെ എരിക്കാൻ ശേഷിയുള്ളതായിരുന്നു.. തന്റെ അമ്മ തന്നെ ആണ് തന്റെ നഷ്ടങ്ങൾക്കുള്ള മൂലകാരണം എന്നത് അവന് ഉൾകൊള്ളാൻ കഴിയുന്നുണ്ടായില്ല…

തുടരും….