17/04/2026

നിയതി : ഭാഗം 02

രചന – കണ്ണന്റെ മാത്രം

നിനക്ക് എന്നോട് ഒന്നും ചോദിക്കാനില്ലേ മീരേ… അവർ പോയിക്കഴിഞ്ഞിട്ടും ഒന്നും ചോദിക്കാതെ ഓരോ വാർത്തമാനങ്ങൾ പറഞ്ഞിരിക്കുന്ന മീരയോട് നിധി ചോദിച്ചു…

നേരത്തേ ചോദിച്ചപ്പോൾ നിന്റെ മുഖം മാറിയത് ഞാൻ കണ്ടു.. നിന്നെ വിഷമിപ്പിക്കുന്നത് ഒന്നും എനിക്ക് അറിയണം എന്നില്ല.. പക്ഷെ ഒരു കാര്യം അറിയാൻ ആഗ്രഹം ഉണ്ട്.. ഇത്രയും കൊല്ലം… കൃത്യമായി പറഞ്ഞാൽ 10 കൊല്ലത്തോളം നിനക്ക് എങ്ങനെ എന്നെക്കുറിച്ച് ആലോചിക്കാതെ ജീവിക്കാൻ പറ്റി.. ചെറുപ്പം മുതൽ ഉള്ള കൂട്ടൊന്നും അല്ലെങ്കിലും മെഡിസിന് ഒരുമിച്ച് മെഡിക്കൽ കോളേജിൽ ചേർന്നപ്പോൾ മുതൽ നമ്മൾ ഇണപിരിയാത്ത കൂട്ടുക്കാർ എന്നാണല്ലോ പറഞ്ഞിരുന്നത്. നീ തന്നെ അല്ലേ പറഞ്ഞത് നിന്റെ ഏറ്റവും പ്രിയപെട്ടവരിൽ ഒരാൾ ആണ് ഞാൻ എന്ന്… ചുമ്മാ പറഞ്ഞതായിരിക്കും അല്ലേ.. അല്ലെങ്കിൽ എന്നോട് പോലും മിണ്ടാതെ നീ ഇങ്ങനെ മറഞ്ഞുപോകില്ലായിരുന്നല്ലോ… ഞാൻ ഒരു വിഡ്ഢി.. ഓരോ ആൾക്കൂട്ടം കാണുമ്പോഴും എന്റെ നിധി ഇതിൽ ഉണ്ടോ എന്ന് തിരക്കികൊണ്ടിരുന്നു.. നിന്നെക്കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല.. എവിടേലും സുഖമായി ജീവിക്കുന്നുണ്ടെന്നെങ്കിലും അറിഞ്ഞാൽ മതിയായിരുന്നു എന്നായിരുന്നു എന്റെ പ്രാർത്ഥന… ഞാനൊരു പൊട്ടിക്കാളി ആണെന്ന് ശിവേട്ടൻ പറയുന്നത് ശരിയാ.. കാരണം നിനക്ക് വേണ്ടി ഞാൻ ഇത്രേം ഇവിടെ കിടന്ന് ഉരുകുമ്പോൾ നിനക്ക് എന്നെ വിളിക്കാനോ പറയാനോ ഒരു ബുദ്ധിമുട്ടും ഇല്ല നീ അത് വേണ്ടാന്ന് വച്ചിട്ടാണ് എന്ന് ഞാൻ ചിന്തിച്ചില്ല… മീര നിറഞ്ഞ കണ്ണോടെ എന്നാൽ ആത്മനിന്ദ കലർന്ന ചിരിയോടെ പറഞ്ഞു…

അങ്ങനെ ഒന്നും പറയല്ലേടാ.. നിധി പൊട്ടികരഞ്ഞുകൊണ്ട് മീരയെ കെട്ടിപ്പിടിച്ച് പറഞ്ഞു…

കരയല്ലേ… നിധി… ഡീ… നിന്നെ സങ്കടപ്പെടുത്താൻ പറഞ്ഞതല്ല.. എന്റെ വിഷമം കൊണ്ട് പറഞ്ഞു പോയതാണ്.. നീ ഇങ്ങനെ കരയല്ലേ.. നിധി…. മീര നിധിയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു..

നിധി അപ്പോഴും മീരയെ ചുറ്റിപ്പിടിച്ച് കരഞ്ഞുകൊണ്ടിരുന്നു.. തന്റെ സ്വർത്ഥമായ തീരുമാനം തന്നെ ആത്മാർത്ഥമായി സ്നേഹിച്ച കൂട്ടുകാരിയെ എത്രമാത്രം സങ്കടത്തിൽ ആഴ്ത്തി എന്നാണ് അവൾ ചിന്തിച്ചത്…

ഇനി പറയ്… എന്തിനായിരുന്നു ഇത്രേം നാളത്തെ അജ്ഞാതവാസം.. നീ എന്താ എന്നെ പോലും ഒന്ന് വിളിക്കാതെ ഇരുന്നത്… ആറ് മാസം അല്ലേ ആയിട്ടുള്ളു ഇപ്പൊ എന്നെ വിളിച്ച് തുടങ്ങിയിട്ട്.. അതുവരെ എന്താ നീ എന്നെ പോലും അകറ്റി നിർത്തിയത്…
നിധിയുടെ കരച്ചിൽ ഒന്ന് ശമിച്ചപ്പോൾ മീര ചോദിച്ചു…

അറിയില്ലെടാ… എനിക്ക് തന്നെ അറിയില്ല എന്താ ഞാൻ നിന്നെ വിളിക്കാതെ ഇരുന്നിരുന്നത് എന്ന്.. ഞാൻ മുൻപ് പറഞ്ഞത് സത്യം തന്നെ ആണ്… എനിക്ക് അത്രയും പ്രിയപ്പെട്ടവൾ ആണ് നീ.. ഒരുപക്ഷെ ഇപ്പൊ ഈ ഭൂമിയിൽ എന്റെ മക്കൾ കഴിഞ്ഞാൽ എന്നെ ആത്മാർഥമായി സ്നേഹിക്കുന്ന കുറച്ചുപേരിൽ ഒരാൾ നീ ആയിരിക്കും … ആ നിന്നെ പോലും വിളിക്കാൻ ഉള്ള ശക്തി എനിക്ക് ഉണ്ടായിരുന്നില്ല.. ഒരു പക്ഷേ നീ പറയുന്ന വിശേഷങ്ങൾ എന്നെ തകർക്കാൻ മാത്രം കേൾപ്പുള്ളതാണെങ്കിലോ എന്ന ഭയമായിരിക്കാം.. എത്ര പ്രാവശ്യം ഞാൻ നിന്നെ വിളിക്കാൻ ഫോൺ എടുത്തിട്ട് അത് തിരികെ വച്ചിട്ടുണ്ടെന്നോ…. നിധി ഒരു നിശ്വാസത്തോടെ പറഞ്ഞു നിർത്തി…

എന്തിനായിരുന്നു അങ്ങനെ ഒരു ഒളിച്ചോട്ടം എന്ന് ഞാൻ ചോദിക്കുന്നില്ല.. പക്ഷേ തിരിച്ചുവരാൻ എന്തിനായിരുന്നു ഇത്രേം കാലതാമസം.. അതുപോലെ മക്കൾ.. അവർ എങ്ങനെ… മീര എന്ത് ചോദിക്കണം എന്നറിയാതെ നിന്നു…

അന്ന് ഇവിടെ നിന്ന് പോകുമ്പോൾ സത്യമായിട്ടും എനിക്കറിയില്ലായിരുന്നു എന്റെ ഉള്ളിൽ അവർ ഉണ്ടെന്ന്.. എനിക്ക് എത്രയും പെട്ടന്ന് ഇവിടെ നിന്ന് ദൂരേക്ക് പോകണം എന്നേ ഉണ്ടായിരുന്നുള്ളൂ. അല്ലെങ്കിൽ ചിലപ്പോൾ ഞാൻ എന്നേ തന്നെ ഇല്ലാതെ ആക്കിയേനെ… അച്ഛാ പണ്ട് പറഞ്ഞിട്ടുള്ള അച്ഛേടെ ഫ്രണ്ടിനെ തപ്പി ഡൽഹിയിലേക്ക് പോകുമ്പോൾ ഇനിയെന്ത് എന്നൊന്നും എനിക്കറിയില്ലായിരുന്നു.. ഫോണിൽ സംസാരിച്ച് പരിചയമുണ്ടെങ്കിലും നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളെ അന്വേഷിച്ച് ഒരു അഡ്രസ്സും എന്റെ സർട്ടിഫിക്കറ്റ്സും എടുത്ത് ഇവിടെ നിന്നിറങ്ങുമ്പോൾ എന്റെ ഉള്ളം ശൂന്യമായിരുന്നു… ഫാസിലുപ്പയെ ഡൽഹിയിൽ വച്ച് കണ്ടതിന് ശേഷം ആണ് ഇനിയെന്ത് എന്ന് ഞാൻ ചിന്തിച്ചത് തന്നെ… ഫാസിലുപ്പയും റസിയുമ്മയും എന്നെ അവരുടെ മകളെ പോലെ അല്ല മകളായി തന്നെ ആണ് കണ്ടത്.. അവിടെ വച്ചാണ് ഞാൻ ഗർഭിണി ആണെന്ന് അറിയുന്നത്.. അറിഞ്ഞപ്പോൾ എനിക്ക് തന്നെ അറിയില്ല ഏതു വികാരം ആണ് എന്നെ മൂടിയത് എന്ന്….

എന്നിട്ടും എന്താടാ നീ ഒന്നും ചേട്ടായിയെ വിളിച്ച് പറയാഞ്ഞത്… അത്രയും വെറുക്കുന്നുണ്ടോ നീ ചേട്ടായിയെ… മീര ദൈന്യതയോടെ ചോദിച്ചു…

വെറുക്കാനോ… ഇന്ന് ഈ നിമിഷം വരെ നിയതിക്ക് അവളുടെ ഇച്ചായനോട് ഒരു വെറുപ്പും ഇല്ല… എല്ലാം എന്റെ വിധിയായിട്ടേ കണ്ടിട്ടുള്ളൂ.. പക്ഷേ ഭയമായിരുന്നു.. എന്നെ വേണ്ടതായതുപോലെ എന്റെ മക്കളെയും വേണ്ടാ എന്ന് ഇച്ചായൻ പറഞ്ഞാൽ അതെനിക്ക് സഹിക്കാൻ പറ്റില്ല.. അതുകൊണ്ടാ ഞാൻ ഒന്നും ആരെയും അറിയിക്കാതെ ഇരുന്നത്…
മക്കൾ ഉണ്ടായി കഴിഞ്ഞ് ഒരിക്കൽ ഇച്ചാക്കയുടെ ലൈബ്രറിയിൽ ആളുടെ upsc എക്സാമിന്റെ ബുക്ക്‌ എടുത്ത് മറിച്ചുനോക്കുന്ന എന്നെ കണ്ടപ്പോൾ അദ്ദേഹം ആണ് എന്നെ നിർബന്ധിച്ച് ട്രൈനിങ്ങിന് ചേർത്തത്… അദ്ദേഹം തന്നെ ആയിരുന്നു എന്റെ വഴികാട്ടിയും..
മക്കളുടെ കാര്യം ഫാസിലുപ്പയും റസിയുമ്മയും ഏറ്റെടുത്തപ്പോൾ എനിക്ക് പഠിക്കാൻ ഒത്തിരി സമയം കിട്ടി.. എനിക്ക് വേണ്ട ബുക്കുകൾ ഇച്ചാക്കയും നിച്ചുക്കയും തിരഞ്ഞു പിടിച്ച് കൊണ്ട് വന്ന് തരും… ആ കുടുംബം ആണ് ഇന്നത്തെ നിയതിയെ വാർത്തെടുത്തത്…

നിധി… നിന്നോട് ഞാൻ ചോദിക്കേണ്ട എന്ന് കരുതിയതാണ് പക്ഷേ ഇപ്പൊ എനിക്ക് അത് അറിഞ്ഞേ പറ്റുള്ളൂ… എന്താ നിന്നെ ഇതുപോലെ ഒളിച്ചോടാൻ പ്രേരിപ്പിച്ച ഘടകം.. അതിന് മുമ്പ് നമ്മൾ കണ്ടപ്പോൾ വരെ എന്തൊക്കെ വന്നാലും നീ ഇച്ചായനെ വിട്ട് പോകില്ല എന്നല്ലേ പറഞ്ഞത്.. പിന്നെ എന്താ പെട്ടന്ന് അങ്ങനെ ഒരു തീരുമാനത്തിൽ നീ എത്തിയത്… ഒന്നുമില്ല എന്ന് പറയണ്ട.. എന്തെങ്കിലും വാലിഡ് റീസൺ ഇല്ലാതെ നീ അങ്ങനെ ചെയ്യില്ല എന്ന് എനിക്കറിയാം… മീര നിധിയെ ഉറ്റുനോക്കികൊണ്ട് ചോദിച്ചു…

മീരയുടെ ചോദ്യം കേട്ടതും നിധിയുടെ മുഖത്തെ ചോര വറ്റിയതുപോലെ വിളറിവെളുത്തു… അവളുടെ മുഖത്ത് പലഭാവങ്ങളും മിന്നിമറഞ്ഞു… അവസാനം നിസ്സഹായതയും ദേഷ്യവും നിറഞ്ഞു നിന്നു ആ മുഖത്ത്..

പറ നിധി… എന്തായിരുന്നു കാരണം…

നിധി അത് പറയാൻ തുടങ്ങിയ നേരത്താണ് പുറത്തൊരു വണ്ടി വന്ന് നിൽക്കുന്ന ശബ്ദം അവർ കേട്ടത്….

പോയവർ തിരിച്ചെത്തി എന്ന് തോന്നുന്നു… മീര പറഞ്ഞുകൊണ്ട് സോഫയിൽ നിന്ന് എഴുന്നേറ്റു… ഒപ്പം നിധിയും… അവർ പുറത്തേക്ക് ചെല്ലുമ്പോഴേക്കും കാറിൽ നിന്ന് കുഞ്ഞിയും ചിട്ടുവും ഒപ്പം വേറെ മൂന്ന് ആൺകുട്ടികളും പുറത്തേക്ക് ഇറങ്ങി.. ഒന്ന് അപ്പു ആണെന്ന് നിധിക്ക് മനസിലായി ബാക്കി രണ്ടുപേരെയും മനസിലാകാത്തത് കൊണ്ട് അവൾ മീരയെ നോക്കി…

ഏട്ടന്റെ പ്രോഡക്ടസ് ആണ് രണ്ടും… മീര നിധിയുടെ ചോദ്യം മനസിലാക്കി എന്നതുപോലെ പറഞ്ഞു.. അപ്പോഴേക്കും പിള്ളേര് 5 ഉം അവരുടെ അടുത്തേക്ക് എത്തിയിരുന്നു…

ഹായ് ആന്റി… അപ്പു നിധിയെ നോക്കി പറഞ്ഞു…

ഹായ് അപ്പു.. സുഖല്ലേ മോനേ… നിധി അവനോട് ചോദിച്ചു…

സുഖം ആന്റി… ദേ ഇവരെ മനസിലായോ.
അപ്പു അവന്റെ കൂടെയുള്ള രണ്ട് മക്കളെയും ചൂണ്ടിക്കൊണ്ട് ചോദിച്ചു…

മ്മ്… മനുവേട്ടന്റെ മക്കൾ അല്ലേ എന്നോട് മീര പറഞ്ഞു.. സുഖമല്ലേ മക്കളെ.. എന്താ നിങ്ങളുടെ പേര്…

ഞാൻ ആരവ്… ഇത് ആരുഷ്… അവരിൽ മൂത്തവൻ എന്ന് തോന്നിക്കുന്നവൻ പറഞ്ഞു…

നിധി അവരുടെ മുടിയിലൂടെ ഒന്ന് തഴുകിക്കൊണ്ട് അവരെ ചേർത്ത് പിടിച്ചു.. അപ്പോഴേക്കും വണ്ടി ലോക്ക് ചെയ്യത് ശിവയും എത്തി… എങ്കിൽ ഇനി ബാക്കി സംസാരം ഉള്ളിൽ ഇരുന്നിട്ടാവാം എന്നും പറഞ്ഞു എല്ലാവരെയും വിളിച്ചുകൊണ്ട് മീര ഉള്ളിലേക്ക് നടന്നു… പിന്നാലെ ഉള്ളിലേക്ക് നടന്നു…

…………..

ഹന്ന മോളെ…

എന്താ മമ്മി….

എന്താ നിന്റെ ഉദ്ദേശം… ഇനിയും അവന്റെ പിന്നാലെ പോകാൻ തന്നെ ആണോ… അതിനാണോ നീ നിന്റെ കെട്ടുംപൊട്ടിച്ച് ഇങ്ങോട്ട് വന്നത്.. അവൻ നിന്നെ വേണ്ടാ എന്ന് എത്രവട്ടം വിളിച്ചു പറഞ്ഞു… അതും എല്ലാവരുടെയും മുൻപിൽ വച്ച് തന്നെ…

എനിക്ക് അവനെ വേണം മമ്മി. അവനില്ലാതെ എനിക്ക് പറ്റില്ല…. അതുകൊണ്ടല്ലേ ആൽഫിയുമായിട്ട് എനിക്ക് ഒത്തുപോകാൻ പറ്റാതെ വന്നത്… എത്രകാലം വേണമെങ്കിൽ ഞാൻ കാത്തിരിക്കും മമ്മി… ഇന്നല്ലെങ്കിൽ നാളെ അവൻ എന്റെ സ്വന്തമാകും മമ്മി… ഞാനല്ലാതെ മറ്റൊരു പെണ്ണ് അവന്റെ ജീവിതത്തിൽ വരാൻ ഞാൻ സമ്മതിക്കില്ല… അങ്ങനെയൊരുത്തി വന്നാൽ ആ മാറ്റവളുടെ അവസ്ഥ തന്നെ ആവും ആ പെണ്ണിനും… അവൾ ക്രൂരതയോടെ പറഞ്ഞു…

ഹന്നമോളെ… പക്ഷേ ജോ….

വേണ്ട മമ്മി… ഒന്നും പറയണ്ട… എന്റെ തീരുമാനത്തിൽ മാറ്റം ഒന്നുമില്ല… അവൾ അതും പറഞ്ഞിട്ട് എഴുന്നേറ്റ് പോയി…

അവർ അവൾ പോയ വഴിയെ നോക്കി നെടുവീർപ്പിട്ടു…

…………………..

ആലുക്കൽ തറവാട്ടിൽ എല്ലാവരും ബ്രേക്ഫാസ്റ് കഴിക്കാനായി ഇരുന്നു…
എല്ലാവരും ഇരുന്നിട്ടും ഒഴിഞ്ഞു കിടക്കുന്ന ചെയറിലേക്ക് എല്ലാവരുടെയും കണ്ണ് പോയി…. ചിലരുടെ കണ്ണുകൾ നിറഞ്ഞെങ്കിൽ ചിലരുടെ കണ്ണുകളിൽ ഗൂഢമായ സന്തോഷം ആയിരുന്നു…

അപ്പച്ചാ… ആ കസേരയിലേക്ക് തന്നെ നോക്കിയിരിക്കുന്ന തന്റെ അപ്പനെ വിൻസെന്റ് വിളിച്ചു…

ഏഹ്… എന്താടാ… അയാൾ ഒന്ന് ഞെട്ടിക്കൊണ്ട് ചോദിച്ചു…

എന്ത് നോക്കി ഇരിക്കാണ്.. ഭക്ഷണം കഴിക്ക്…

മ്മ്.. അയാൾ ഒരു നിശ്വാസത്തോടെ മൂളി… പിന്നീട് തന്റെ ഭക്ഷണം കഴിക്കാൻ തുടങ്ങി…

ചേട്ടായി…. വിൻസെന്റിന്റെ അനിയൻ ആന്റണി അവനെ വിളിച്ചു…

എന്താ.. ആന്റണി… അയാൾ ചോദിച്ചു…

ഇത്രേം കൊല്ലം ആയില്ലേ ജോ ഓഫീസിൽ ഒന്നും പോകാതെ ഇരിക്കുന്നു. നമുക്ക് ക്രിസ്റ്റിയെ കമ്പനി md ആക്കിയാലോ….അയാൾ അല്പം പരുങ്ങലോടെ ചോദിച്ചു…

എന്തിന്… അതിന്റെ ആവശ്യം എന്താണ്… വല്യപ്പച്ചൻ ചോദിച്ചു…

അല്ല അപ്പച്ചാ… അതുപിന്നെ…

അവൻ ഓഫീസിൽ പോയാലും ഇല്ലെങ്കിലും ആ ഓഫീസിലെ ഓരോ കാര്യങ്ങളും അവൻ തന്നെ അല്ലേ നോക്കുന്നത്.. പിന്നെ തറവാട്ട് പേരിൽ ആണ് ബിസിനസ്‌ എങ്കിലും അത് മുഴുവൻ അവനായിട്ട് ഉണ്ടാക്കിയതാണ് അല്ലാതെ നമുക്കാർക്കും അതിൽ അവകാശം ഇല്ല…. നീ നേരത്തെ പറഞ്ഞതുപോലെ റൂമിൽ അടച്ചിരുന്നിട്ട് തന്നെ ആണ് അവൻ അത് മുഴുവൻ ഉണ്ടാക്കിയത്… അപ്പൊ പിന്നെ നിന്റെ മോനേ അവന്റെ കമ്പനിയുടെ md ആക്കണം എന്നൊക്കെ പറഞ്ഞാൽ അത് നടക്കുന്ന കാര്യമാണോ..

അതെന്ത് വാർത്തമാനമാ അപ്പച്ചനീ പറയുന്നത്… അപ്പൊ നമുക്കാർക്കും ഒന്നും ഇല്ല എന്നാണോ അപ്പച്ചൻ പറയുന്നത്… ആന്റണിയുടെ ഭാര്യ മാർഗരറ്റ് എന്ന മാഗി ചോദിച്ചു…

അതേ… അത് തന്നെ ആണ് ഞാൻ പറഞ്ഞതിന് അർത്ഥം.. നിങ്ങൾക്ക് ഒക്കെ തന്നതുപോലെ ഒരു ഓഹരി ആണ് ഞാൻ ദേ ഇവനും കൊടുത്തത്.. അവൻ അത് അവന്റെ മകന് ബിസിനസ്‌ ചെയ്യാൻ വിട്ടുകൊടുത്തു. ആ കാശുകൊണ്ട് അവൻ ബിസിനസ്‌ ചെയ്യത് വിജയിച്ചു.. അതിൽ ഇവന് അവകാശം പറയാം. അല്ലാതെ നിങ്ങൾക്ക് ആർക്കെങ്കിലും അവകാശം പറയാൻ അധികാരം ഉണ്ടോ.. അയാൾ വിൻസെന്റിനെ കാട്ടികൊണ്ട് എല്ലാവരോടും ആയി ചോദിച്ചു..

അതോടെ ആർക്കും ഒന്നും പറയാൻ ഇല്ലാതെ ആയി.. പെട്ടന്നാണ് മുകളിലെ ഒരു മുറിയുടെ വാതിൽ ശക്തിയിൽ അടയുന്ന ശബ്ദം കേട്ടത്… അധികം വൈകാതെ നല്ല ശക്തിയിൽ പതിയുന്ന ഷൂവിന്റെ ശബ്ദവും.. അതോടെ എല്ലാവരുടെയും ശ്രദ്ധ മുകളിലേക്കായി.. മുകളിൽ നിന്നും ഒരു ഒറ്റയാന്റെ തലയെടുപ്പോടെ ഇറങ്ങി വരുന്നവനിലായിരുന്നു എല്ലാവരുടെയും കണ്ണുകൾ….

അവൻ ജോഷ്വാ വിൻസന്റ് ആലുക്കൽ….

തുടരും…