രചന: കണ്ണൻ്റെമാത്രം
നിധി രാവിലെ കണ്ണുതുറക്കുമ്പോൾ കാണുന്നത് അവളെ ചുറ്റിപ്പിടിച്ചു കിടക്കുന്ന ജോയെ ആണ്… ഇവർ എപ്പോ വന്നു.. സോഫയിൽ ഇരുന്ന് ഉറങ്ങിപ്പോയത് മാത്രം ആൾക്ക് ഓർമ്മയുള്ളൂ…അവൾ അവന്റെ കൈക്കുള്ളിൽ നിന്ന് മാറുവാൻ നോക്കി… അവളുടെ ആ ശ്രമം ജോയുടെ ഉറക്കം ഞെട്ടിച്ചു…ആ എഴുന്നേറ്റോ പെണ്ണേ… അവൻ അവളുടെ നെറ്റിയിലായി ഒന്ന് മുത്തിക്കൊണ്ട് ചോദിച്ചു…ഇച്ചായാ.. നിങ്ങൾ എപ്പോഴാ ഇന്നലെ എത്തിയത്… ഞാൻ ഉറങ്ങിപ്പോയെന്നേ.. അറിഞ്ഞില്ല നിങ്ങൾ എത്തിയത്… എന്താ വിളിക്കാഞ്ഞേ…ഞങ്ങൾ വന്നപ്പോൾ കണ്ടു സോഫയിൽ ഇരുന്ന് ഉറങ്ങുന്നത്.. എന്തേ റൂമിൽ കിടക്കാൻ സ്ഥലം ഇല്ലാത്തതുകൊണ്ടാണോ നീ സോഫയിൽ ഇരുന്ന് ഉറങ്ങിയത്… നിന്റെ ഉറക്കം മുറിയേണ്ട എന്ന് കരുതിയാണ് വിളിക്കാഞ്ഞത്.. നീ ഫ്രഷ് ആയി വായോ കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ട്.. ഞാൻ മക്കളുടെ റൂമിൽ ഫ്രഷ് ആയിക്കോളാം… ഇച്ചു എഴുന്നേറ്റോന്ന് നോക്കട്ടെ.. ജോ എഴുന്നേറ്റ് പുറത്തേക്ക് പോയി..
നിധി ഫ്രഷ് ആയി വരുമ്പോഴേക്കും ആവി പറക്കുന്ന ചായകളുമായി ജോയും ഇച്ചുവും അവളെ കാത്തെന്നോണം ഇരുന്നിരുന്നു…ഇച്ചാക്ക നേരത്തേ എഴുന്നേറ്റോ.. ചായ കപ്പ് കൈയിൽ എടുത്ത് അവിടെ ഇരുന്നുകൊണ്ട് നിധി ചോദിച്ചു..ഇല്ല മോളെ…. ദേ ഇപ്പൊ ഫ്രഷ് ആയി വന്നേ ഉള്ളൂ… ചായ ഒന്ന് മുത്തികൊണ്ട് അവൻ പറഞ്ഞു….മ്മ്…ഇന്നലെ മോളെന്താ സോഫയിൽ കിടന്നത്… ഞങ്ങളെ കാത്തിരുന്നതാണോ… പറഞ്ഞിരുന്നതല്ലേ വൈകും എന്ന്… ഇച്ചു അവളോട് ചോദിച്ചു…ഒരുമിനിറ്റ്.. ഞാൻ ഇപ്പൊ വരാം… ഇച്ചു അത് ചോദിച്ചതും നിധി അതും പറഞ്ഞുകൊണ്ട് വേഗം റൂമിലേക്ക് പോയി…
ഇച്ചുവും ജോയും പരസ്പരം നോക്കി ഇതെന്താ സംഭവം എന്നറിയാതെ… റൂമിൽ നിന്നും ഇറങ്ങി വന്ന നിധിയുടെ കൈയിൽ അവളുടെ ഫോണും ഉണ്ടായിരുന്നു… അവൾ അതിൽ നിന്ന് ഒരു റെക്കോർഡിങ് on ചെയ്ത് ടേബിളിലേക്ക് വച്ചു.. ഇന്നലെ നിധിക്ക് വന്ന കാളിന്റെ റെക്കോർഡിങ് ആയിരുന്നു അത്….അത് കേൾക്കും തോറും ജോയുടെയും ഇച്ചുവിന്റെയും മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.. മുഷ്ടി ചുരുണ്ടു…സുറുമി.. ഇത്…ഇന്നലെ എന്റെ ഒഫീഷ്യൽ നമ്പറിലേക്ക് വന്നതാണ് ഇവന്റെ കാൾ.. ഞാൻ എന്ത് ചെയ്യുന്നു എന്നൊക്കെ മനസിലാക്കിയിരിക്കുന്നു അവർ… ഒഫീഷ്യൽ നമ്പറിലേക്ക് വരുന്ന എല്ലാ കാൾസും ഓട്ടോമാറ്റിക്കലി റെക്കോർഡ് ആകും.. ഇതും അങ്ങനെ റെക്കോർഡ് ആയതാണ്…. നിധി പറഞ്ഞു…ഇച്ചായാ… അറിയാം ഇവനൊക്കെ ഇച്ചായന്റെ രക്തബന്ധം ആണെന്ന് പക്ഷേ എന്റെ മോളെ ഇത്രയും വൃത്തികെട്ട കണ്ണിൽ കൂടെ കാണുകയും കുഞ്ഞാണെന്ന് പോലും ചിന്തിക്കാതെ അവളെ കുറിച്ച് ഇത്രയും നിന്ധ്യമായ രീതിയിൽ സംസാരിക്കുകയും ചെയ്ത അവൻ ഇനി ജീവനോടെ ഇരിക്കണ്ടാ.. അവന്റെ മരണം അത് എന്റെ കൈകൊണ്ടായിരിക്കണം… എന്റെ കുഞ്ഞിനെ മറ്റൊരു രീതിയിൽ നോക്കിയ അവന്റെ കണ്ണിൽ മരിക്കാൻ നേരം തെളിയുന്ന ഭയം എനിക്ക് കാണണം… നിധിയുടെ മുഖത്തെ ഭാവം ജോയും ഇച്ചുവും പകപ്പോടെ ആണ് നോക്കികണ്ടത്.. ആ സമയം അവൾ ഒരു അമ്മ മാത്രം ആയിരുന്നു.. തന്റെ കുഞ്ഞിനെ മറ്റൊരു കണ്ണിലൂടെ നോക്കിയവനെ കൊല്ലാനുള്ള പകയോടെ നിൽക്കുന്ന ഒരമ്മ…
നല്ലവനായി അഭിനയിച്ച് കുടുംബത്തെ മൊത്തം പറ്റിക്കുന്ന ഇവനെ കുടുംബത്തിന് മുന്നിൽ തുറന്നുക്കാട്ടി അധികം വൈകാതെ ഇവൻ നമ്മുടെ പിടിയിൽ ആവും.. പിന്നെ ഒരു വെളിച്ചം അവൻ കാണില്ല… നീ ഇരിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്… ജോ നിധിയോട് പറഞ്ഞു…നിധി ഇരുന്നതും ജോയും ഇച്ചുവും കൂടി ഇന്നലെ നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു… അവസാനം ഹന്ന അവിടെ ജോയുടെ കസ്റ്റഡിയിൽ ഉള്ളത് പറഞ്ഞപ്പോൾ നിധി ഞെട്ടലോടെ ആണ് നോക്കിയത്…പക്ഷേ ഇച്ചായാ… ഹന്ന അവളെ എങ്ങനെ… എപ്പോ അവൾ ഇച്ചായന്റെ കസ്റ്റഡിയിൽ ആയി…. നിധി ആശ്ചര്യത്തോടെ ചോദിച്ചു…അന്ന് മക്കളെ എയർപോർട്ടിൽ കൊണ്ടാക്കാൻ പോയില്ലേ അപ്പോഴാണ് അവൾ എയർപോർട്ടിൽ നിന്ന് ഇറങ്ങുന്നതും ടാക്സി വിളിച്ച് പോകുന്നതും കണ്ടത്… അവൾ നേരെ പോയത് ആ ഹോട്ടലിലേക്ക് ആയിരുന്നു.. അവളും മറ്റവനും കൂത്തടിക്കുന്ന ഹോട്ടലിലേക്ക്…. അവളുടെ വീട്ടിൽ അറിഞ്ഞിട്ടുള്ള വരവല്ല അതെന്ന് അപ്പോൾ മനസിലായി.. സ്റ്റീഫനും കൂട്ടരും അതോടെ അവിടെ തമ്പടിച്ചു… നല്ലൊരു അവസരം ഒത്തുവന്നപ്പോൾ ഇരുചെവിയറിയാതെ അവളെ അവിടെ നിന്ന് പൊക്കി…. അവളുടെ വീട്ടുകാരുടെ കണ്ണിൽ അവൾ ഇപ്പോഴും ബാംഗ്ലൂർ ആണ്… ആർക്കേലും എന്തേലും സംശയം തോന്നി തുടങ്ങുന്നതിന് മുൻപ് എല്ലാം തീരുമാനമാക്കണം….
ശരിയാ ഇച്ചായാ… മക്കൾ തിരികെ വരുന്നത്തിന് മുൻപ് എല്ലാം ശരിയാക്കണം… സ്വന്തം വീട്ടിൽ തന്നെ ഒരു ശത്രു ഉള്ളപ്പോൾ അവിടത്തെ ജീവിതം എപ്പോഴും ഒരു ടെൻഷൻന്റെ പുറത്തായിരിക്കും….മ്മ്… ഇനിയെന്താ നിന്റെ തീരുമാനം… അയാളെ കാണണ്ടേ നിനക്ക്… ദേ സ്റ്റീഫന്റെ സ്പഷ്യൽ ട്രീറ്റ്മെന്റിൽ കുളിരു കോരി ഇരിക്കുന്നുണ്ട് ആള് അല്ലേ ജോ… ഇച്ചു നിധിയോട് ചോദിച്ചു….കാണണം… എനിക്ക് മാത്രമല്ലല്ലോ അയാളെ നേരിട്ട് കാണേണ്ടത്…ഇന്ന് തന്നെ പോകാം അയാളുടെ അടുത്തേക്ക്… നാളെ ആലുക്കലും പോകണം.. എല്ലാം എത്രയും പെട്ടന്ന് അവസാനിപ്പിക്കണം.. മടുത്തു ഈ ടെൻഷൻ അടിച്ചുള്ള ജീവിതം.. ഒന്നും രണ്ടും അല്ല 10 കൊല്ലത്തിന് മുകളിൽ ആയി ഇങ്ങനെ ഉരുകി ഉരുകി… ഇച്ചായന്റെ അടുത്ത് നിന്ന് മാറി നിൽക്കുമ്പോഴും ഒരു സമാധാനക്കേട് ആയിരുന്നു.. എന്തെങ്കിലും പറ്റിയോ.. ആരെങ്കിലും എന്തെങ്കിലും ഇച്ചായനെ ചെയ്തോ എന്നൊക്കെ ആലോചിച്ചിട്ട്.. ഇനി മക്കളുടെ കാര്യത്തിൽ കൂടി ടെൻഷൻ ആവാൻ വയ്യാ… അറിയാം ഇച്ചായൻ മക്കൾക്ക് ഒന്നും വരുത്തില്ല എന്ന്.. എന്നാലും ഒരാൾ ഇങ്ങനെ ഉപദ്രവിക്കാൻ തക്കം പാർത്തിരിക്കുന്നത് ആലോചിച്ചാൽ സമാധാനം ഉണ്ടാവില്ല… നിധി ദൈന്യതയോടെ പറഞ്ഞു….
സുറുമി… എന്താ മോളെ ഇത്… ഇച്ചു അവളെ നോക്കി ചോദിച്ചു…ഇതിനും മാത്രം എന്ത് തെറ്റാ ഇച്ചാക്ക ഞങ്ങൾ ചെയ്യ്തത്.. എന്റെ വന്ദുവിന്റെ പേരിൽ സ്വത്ത് മുത്തശ്ശൻ എഴുതി വച്ചതിനു എന്റെ വന്ദുവിന്റെ ജീവൻ അല്ലേ പോയത്.. ഇപ്പൊ ഇച്ചായന്റെ കേസിലും ഈ കാശും സ്വത്തുക്കളും തന്നെ അല്ലേ വില്ലൻ.. എന്തിനാ മനുഷ്യന്മാർക്ക് ഇതിനോടൊക്കെ ഇത്ര ആർത്തി.. മൃഗങ്ങളേക്കാൾ അതപതിച്ചുപോയല്ലോ ഇവരൊക്കെ… ഇന്നലെ അവൻ പറഞ്ഞത്.. എന്ത് പ്രായം ഉണ്ട് എന്റെ കുഞ്ഞിന്.. 10 വയസ്സ്.. ആ കുഞ്ഞിനെ അല്ലേ അവൻ കാമകണ്ണുകളിലൂടെ നോക്കിയത്… എന്തൊക്കെ ആയാലും ഒരേ ചോര അല്ലേ ഇവരുടെ ഒക്കെ ഉള്ളിൽ ഓടുന്നത്.. എന്നിട്ടും.. അവൾ ദേഷ്യത്തോടെ പറഞ്ഞു നിർത്തി…സുറുമി.. നിനക്ക് ഒരു കാര്യം അറിയോ.. ഈ ലോകത്ത് മനുഷ്യന് എത്ര കിട്ടിയാലും മതി വരാത്തത് സമ്പത്ത് തന്നെയാണ്… ആരെങ്കിലും കാശും പണവും വേണ്ടാ എന്ന് പറയുന്നത് നീ കേട്ടിട്ടുണ്ടോ… ചിലർ അത് നല്ല രീതിയിൽ ഉണ്ടാക്കുമ്പോൾ ചിലർ അതിന് വളഞ്ഞ വഴികൾ നോക്കുന്നു എന്ന് മാത്രം…നീ വിഷമിക്കേണ്ട എല്ലാം നമുക്ക് റെഡി ആക്കാം.. ഇപ്പൊ പോയി റെഡി ആകാൻ നോക്ക്… നമുക്ക് പോകണ്ടേ….മ്മ്… അവൾ ഒരു മൂളലോടെ റൂമിലേക്ക് എഴുന്നേറ്റ് പോയി… ഇച്ചു അപ്പോഴാണ് തലയും കുമ്പിട്ടിരിക്കുന്ന ജോയെ കണ്ടത്..
ജോ…ഇച്ചുവിന്റെ വിളികേട്ട ജോ അവനെ തലയുയർത്തി നോക്കി.. ചുവന്നുകലങ്ങി ഇരിക്കുന്ന അവന്റെ കണ്ണുകൾ ഇച്ചുവിനെ വിഷമിപ്പിച്ചു…എന്താടാ ഇത്…ഞാൻ എന്തൊരു പരാജയം ആണല്ലേ.. രാമേട്ടന്റെ കണ്ണൻ എന്റെ കൈയിൽ സുരക്ഷിത ആകും എന്ന് കരുതിയിട്ടല്ലേ അവളെ എനിക്ക് തന്നത്.. എന്നിട്ടോ ഇന്നത്തെ വരെ മനസമാധാനം എന്താന്ന് അറിഞ്ഞിട്ടുണ്ടോ അവൾ.. അറിഞ്ഞുകൊണ്ടല്ലെങ്കിലും ഞാൻ അല്ലേ അവളുടെ സമാധാനക്കേടിന് മുഴുവൻ കാരണം.. എന്റെ ഭാര്യ ആയതുകൊണ്ടല്ലേ എന്റെ വീട്ടുക്കാർ അവളെ ഇങ്ങനെ ഉപദ്രവിക്കാൻ നടക്കുന്നത്… വേണ്ടിയിരുന്നില്ല.. മറ്റാരെങ്കിലും കല്യാണം കഴിച്ചാൽ മതിയായിരുന്നു അവളെ.. ഇത്രത്തോളം ഒന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു ആ പാവം…ജോ.. എന്താടാ ഇത് അവൾ അങ്ങനെ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ലടാ.. എല്ലാം കൂടി ടെൻഷൻ ആയപ്പോൾ പറഞ്ഞതല്ലേ അവൾ..
അറിയാം ഇച്ചു.. എന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ വരെ അവൾ എന്നെ കുറ്റപ്പെടുത്തി ഒരു വാക്ക് പറയില്ല എന്ന് എനിക്കറിയാം.. പക്ഷേ എന്റെ ബന്ധങ്ങൾ അല്ലേടാ അവൾക്ക് ഇങ്ങനെ സ്വൈര്യം കൊടുക്കാതെ പിന്നാലെ ഉള്ളത്.. കളിച്ച് കളിച്ച് എന്റെ കുഞ്ഞിനെ വരെ അവൻ കണ്ണിട്ടില്ലേ.. സഹിക്കുന്നില്ല ഇച്ചു.. നമ്മൾ എത്രയൊക്കെ വായകൊണ്ട് അവർ ചെയ്യുന്നത് നമ്മളെ ബാധിക്കുന്നില്ല എന്ന് പറഞ്ഞാലും അവർ ചെയ്യുന്ന ഓരോന്ന് കാരണം നോവുന്ന ഒരു നെഞ്ച് ഉണ്ട് എനിക്ക്.. എന്തൊക്കെ ആയാലും ഇത്ര നാളും ഞാൻ സ്വന്തമായി കണ്ട് സ്നേഹച്ചതല്ലെടോ അവരെ….
ജോ ഇതിനർത്ഥം അവരോട് നീ…ഒരിക്കലും ഇല്ല ഇച്ചു… അവനെയൊന്നും ഒരു ബന്ധത്തിന്റെ പേരിലും ഞാൻ വെറുതെ വിടില്ല.. എന്റെ പെണ്ണിനേയും കുഞ്ഞിനേയും വേറൊരു കണ്ണിലൂടെ കണ്ടവൻ എനിക്ക് ശത്രു തന്നെ ആണ്…മ്മ്.. താൻ ഈ മൂടൊക്കെ മാറ്റി ഒന്ന് ഉഷാറാവ്… എന്നിട്ട് റെഡി ആയി ഇറങ്ങാം നമുക്ക്… നിധി പറഞ്ഞതുപോലെ എല്ലാം അവസാനിപ്പിക്കണം ഈ രണ്ടുമൂന്ന് ദിവസത്തിൽ.. കലാശകൊട്ടിനുള്ള നേരമായി…………………….
മുഖത്ത് ശക്തിയിൽ പതിഞ്ഞ വെള്ളമാണ് വീരനെ മയക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ചത്.. ഇന്നലെ ഒറ്റ ദിവസം കൊണ്ട് അയാൾ ക്ഷീണതനായിട്ടുണ്ടായിരുന്നു.. സ്റ്റീഫന്റെ പീഡനമുറകൾ അയാളെ വല്ലാതെ തളർത്തി.. ഐസിൽ അധികം നേരം കിടന്നതുകൊണ്ട് നന്നായി പനിക്കുന്നുണ്ട് എന്ന് അയാൾക്ക് മനസിലായി.. അതുപോരാതെ ശരീരമാകെ വേദനയും കളറും മാറിയിട്ടുണ്ട്… മുഖത്ത് പതിച്ച വെള്ളത്തിന്റെ ശക്തിൽ കുറച്ച് നേരം കണ്ണുപോലും തുറക്കാൻ പറ്റാതെ അയാൾ ഇരുന്നു.. അല്പനേരത്തിനു ശേഷം കണ്ണുകൾ ചിമ്മി തുറന്നുക്കൊണ്ട് അയാൾ ചുറ്റും നോക്കി… ഇന്നലെ തല കീഴായി കെട്ടിതൂക്കിയിട്ടിരുന്ന ജിത്തുവിനെയും മനുവിനെയും തന്റെ അടുത്തായി ഒരു കസേരയിൽ കെട്ടിയിട്ടിട്ടുണ്ട്… അവരുടെ കോലം കണ്ടതും വീരന്റെ ഉള്ളൊന്ന് പിടച്ചു… ആകെ നീരുവച്ചു നീലച്ചും ചുവന്നും കിടക്കുന്നുണ്ട് ശരീരമാകെ.. മുഖത്തൊക്കെ അടികൊണ്ട് തിണർത്ത പാടുകൾ ആണ്…
എന്താടോ…. കൂട്ടാളികളുടെ ചന്തം നോക്കി കഴിഞ്ഞോ… സ്റ്റീഫന്റെ ശബ്ദം ആണ് അയാളുടെ ശ്രദ്ധ ജിത്തുവിൽ നിന്നും മനുവിൽ നിന്നും മാറ്റിയത്…എടാ.. നീയൊക്കെ അനുഭവിക്കാൻ പോകുന്നേ ഉള്ളൂ… ഇതിനൊക്കെ ഞാൻ പകരം വീട്ടിയിരിക്കും… വീരൻ സ്റ്റീഫനെ നോക്കി അലറി…ആഹാ.. ഇത്രയൊക്കെ ആയിട്ടും കിഴവന്റെ ശൗര്യം ഒന്ന് നോക്ക്… സ്റ്റീഫന്റെ കൂടെ ഉള്ള ഒരുത്തൻ പറഞ്ഞു…എന്ത് കണ്ടിട്ടാടോ തന്റെ ഈ അഹങ്കാരം… ഇവിടെ നിന്ന് ഒരു വിടുതൽ താൻ പ്രതീക്ഷിക്കുന്നുണ്ടോ… എങ്കിൽ കേട്ടോ അത് താൻ പ്രതീക്ഷിക്കണ്ട… അല്ല അത് അധികം വൈകാതെ തനിക്ക് മനസിലാകും വരാൻ ഉള്ളവർ മുഴുവൻ ഒന്ന് വന്നോട്ടെ… സ്റ്റീഫൻ വീരനെ നോക്കി അല്പം പുച്ഛത്തോടെ പറഞ്ഞു…
ആര് വരാൻ…കാണാൻ പോകുന്ന പൂരം എന്തിനാടോ പറഞ്ഞറിയുന്നത്.. അത് കണ്ടു തന്നെ അറിയാമല്ലോ… സ്റ്റീഫൻ അത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് വാതിലിൽ ഒരു തട്ട് കേട്ടത്.. സ്റ്റീഫന്റെ കൂടെ ഉള്ളവൻ പോയി വാതിൽ തുറന്നു… ആദ്യം ഇച്ചുവും അതിന് പിന്നിലായി ജോയും ഉള്ളിലേക്ക് കയറി… അവരുടെ പിന്നിലായി കയറിയ നിധിയെ കണ്ടതും അയാൾ ഞെട്ടി.. എന്നാൽ നിധിക്ക് പിന്നിലായി റൂമിലേക്ക് വന്നവരെ കണ്ട വീരന്റെ കണ്ണുകൾ തുറിച്ചു.. അയാൾക്ക് തന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയാൻ കഴിഞ്ഞു…
തുടരും….

by