18/04/2026

നിയതി : ഭാഗം 18

രചന – കണ്ണന്റെ മാത്രം

ഒരാഴ്ച്ച പെട്ടന്ന് കടന്നുപോയി… അന്ന് ജോ കുട്ടികളെയും കൊണ്ടുപോയിട്ട് തിരികെ വന്നത് ഒരു ടോയ് ഷോപ്പും ഒരു ടെക്സ്റ്റൈൽസും മുഴുവൻ വാങ്ങിക്കൊണ്ടായിരുന്നു… എല്ലാം കൂടി കണ്ടിട്ട് നിധിക്ക് തല കറങ്ങിയെങ്കിലും അവൾ ഒന്നും മിണ്ടിയില്ല… അതിന് കാരണം ജോയുടെ മുഖത്തെ സന്തോഷവും സംതൃപ്തിയും തന്നെ ആയിരുന്നു.. ആദ്യമായി തന്റെ മക്കൾക്ക് എന്തെങ്കിലും ഒക്കെ വാങ്ങി കൊടുക്കാൻ പറ്റിയതിന്റെ എല്ലാ സന്തോഷവും അവന്റെ മുഖത്ത് ഉണ്ടായിരുന്നു.. ഒന്നിന്റെ പേരിലും അത് തല്ലി തകർക്കാൻ അവൾ ആഗ്രഹിച്ചില്ല…

ജോ അവരെ അവിടെ ആക്കി പോയതിന് ശേഷം ആണ് കുഞ്ഞി ഒരു കവർ എടുത്ത് നിധിക്ക് കൊടുത്തത്.. അത് തുറന്നു നോക്കിയതും അവളുടെ കണ്ണുകൾ വിടർന്നു… അവൾക്ക് ഏറ്റവും ഇഷ്ടമുള്ള ലാവെൻഡർ കളർ സാരീ ആയിരുന്നു അത്… അവൾ അത് തന്റെ നെഞ്ചിലേക്ക് അടക്കി പിടിച്ചു… അവനോട് നല്ല രീതിയിൽ മിംഗിൾ ആകണം എന്ന് ആഗ്രഹമുണ്ടെങ്കിലും എന്തോ ഒന്ന് തന്നെ പിന്നിലേക്ക് വലിക്കുന്നത് അവൾ അറിയുന്നുണ്ട്… ഇന്ന് അവരെ ഇവിടെ ആക്കാൻ വന്നപ്പോ പറഞ്ഞില്ലെങ്കിലും അവന്റെ കണ്ണിൽ പോകരുത് എന്നൊരു അപേക്ഷ അവൾ കണ്ടതാണ്.. പക്ഷേ എന്തോ അത് കണ്ടില്ല എന്ന് നടിക്കാൻ ആണ് അവൾക്ക് തോന്നിയത്.. അവനോട് ദേഷ്യമോ വെറുപ്പോ ഒന്നും ഇല്ല പക്ഷേ എന്തോ പഴയ നിധി ആവാൻ പറ്റാത്ത പോലെ…

നിധിയേയും മക്കളെയും അവന്റെ കൂടെ കൂട്ടണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും ജോയ്ക് മനസിലാകുമായിരുന്നു അവന്റെ പെണ്ണിന്റെ മനസ്സ്.. അവളുടെ മനസ്സിൽ ഉള്ള വിമുഖത പൂർണമായി മാറാതെ അവളെ ഈ ജീവിതത്തിലേക്ക് ക്ഷണിക്കില്ല എന്ന് അവൻ ഉറപ്പിച്ചിരുന്നു.. അതുകൊണ്ട് തന്നെ അവർ കോർട്ടേഴ്സിലേക്ക് മാറിയത് നോക്കി നിൽക്കാൻ മാത്രേ അവന് കഴിഞ്ഞുള്ളൂ..

മീര കുറേ പറഞ്ഞതാണ് അവിടെ നിൽക്കാം എന്ന്… പക്ഷേ ആരെയും ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല നിധിക്ക്.. തിങ്കളാഴ്ച ജോയിൻ ചെയ്ത് അന്ന് തന്നെ മക്കളുടെ സ്കൂളിലെ ഫോർമാലിറ്റി ഒക്കെ തീർത്തു നിധി.. കഴിഞ്ഞ ബുധനാഴ്ച മുതൽ സ്കൂളിൽ പോയി തുടങ്ങി അവർ… ജോ അവരെ സ്കൂളിൽ കാണാൻ വരുന്നതും വൈകീട്ട് ഇവിടെ കൊണ്ടാക്കുന്നതും ഒക്കെ അവൾ അറിഞ്ഞെങ്കിലും അവൾ അതറിഞ്ഞതായി ഭാവിച്ചില്ല… കുഞ്ഞിയാണ് തനി പപ്പയുടെ ആളായി വരുന്നത്…. ചിട്ടു ഇപ്പോഴും അമ്മമോൻ ആണ്…

ജോയിൻ ചെയ്തതിന്റെ തിക്കും തിരക്കും ആയതിനാൽ നിധിക്ക് ഒന്നിനും നേരം കിട്ടിയിരുന്നില്ല… ഈ ശനിയും ഞായറും ആയി നാട്ടിലേക്ക് പോകണം എന്ന് കരുതിയിരുന്നു അവൾ. പക്ഷേ ശനിയാഴ്ച വന്നൊരു മീറ്റിംഗ് കാരണം അവൾക്ക് അത് കഴിഞ്ഞില്ല… ഇനിയിപ്പോ അടുത്ത ആഴ്ച പോകാം എന്ന് കരുതി അവൾ…

മടിയോടെ ആണ് അന്നത്തെ ദിവസം അവൾ കണ്ണ് തുറന്നത്.. ഞായറാഴ്ച ആയതുകൊണ്ട് അവൾക്ക് ഓഫീസും കുഞ്ഞുങ്ങൾക്ക് ക്ലാസും ഉണ്ടായിരുന്നില്ല.. കഴിഞ്ഞ ആഴ്ച ഒഫീഷ്യൽ തിരക്കുകൾ നിറഞ്ഞതായതുകൊണ്ട് വീട് ഒന്ന് സെറ്റ് ചെയ്തിട്ടൊന്നും ഉണ്ടായിരുന്നില്ല.. ഇന്ന് അതൊക്കെ ചെയ്യണ്ടേ എന്നതാണ് രാവിലെ എഴുന്നേറ്റപ്പോൾ തന്നെ ഉള്ള നിധിയുടെ മടിയുടെ പ്രധാന കാരണം.. കൊച്ചിന് പണിയെടുക്കാൻ അത്രേം ഇഷ്ടമാണേ…

……………..

ജോ കാലത്തെ ബ്രേക്ഫാസ്റ്റ് എല്ലാം കഴിഞ്ഞ് ഇരിക്കുന്ന നേരത്താണ് രഞ്ജുവും ആദവും കൂടി വന്നത്… ഗസ്റ്റ് ഹൗസിൽ തന്നെ ആണ് അവൻ ഇപ്പോഴും.. അന്ന് തറവാട്ടിൽ നിന്ന് ഇറങ്ങിയതിന് ശേഷം അവൻ ഇതുവരെ തറവാട്ടിലേക്ക് തിരികെ പോയിട്ടില്ല… ഇടയിൽ വല്യപ്പച്ചൻ അവനെ കാണാൻ അങ്ങോട്ട് വന്നിരുന്നു.. ഇന്നിപ്പോ ആദത്തിന്റെ ഈ വരവ് എന്തെങ്കിലും സന്ധി സംഭാഷണം ആയിരിക്കും എന്ന് അവന് ഉറപ്പായിരുന്നു…

എന്താ നിങ്ങൾ ഇത്ര രാവിലെ തന്നെ… അവരെ കണ്ടതും ജോ ചോദിച്ചു…

ഏയ്യ് ഒന്നുമില്ലെടാ.. ഞാൻ ഇന്നലെ രാത്രി അല്ലേ വന്നത്… അപ്പൊ തോന്നി നിന്നെ ഒന്ന് കാണാം എന്ന്… അതാ രാവിലെ തന്നെ ഇങ്ങോട്ട് പോന്നത്… ഞാൻ വരുന്നുണ്ട് എന്ന് പറഞ്ഞപ്പോ ദേ ഇവനും വരുന്നുണ്ട് എന്ന് പറഞ്ഞു… അപ്പൊ അവനേം കൂടെ കൂട്ടി എന്നേ ഉള്ളൂ… രഞ്ജു ആദത്തെ കാട്ടികൊണ്ട് പറഞ്ഞു…

മ്മ്… നിന്റെ ഗൾഫിലെ എല്ലാ പരിപാടിയും കഴിഞ്ഞോ… ജോ ചോദിച്ചു..

മ്മ്… ഇനി ഇവിടെ ഒന്ന് സെറ്റ് ആവണം.. മക്കൾക്ക് സ്കൂൾ ഒക്കെ നോക്കണം… പിന്നെ വീട്ടിലും കുറച്ച് അറ്റകുറ്റ പണികൾ ഉണ്ട്.. അതൊക്കെ തീർക്കണം… പിന്നെ നോട്ടീസ് പീരിയഡ് ആണ് വൺ മന്ത് അത് ഓൺലൈൻ ആയിട്ടായാലും വർക്ക്‌ ചെയ്യണം….

മ്മ്… നീ എന്നേക്കാ ജോയിൻ ചെയ്യാൻ ഉദ്ദേശിക്കുന്നത്…

ഞാൻ ഓഫീസിൽ വരണമെങ്കിൽ വരാം.. പക്ഷേ ഫുൾ ടൈം സ്റ്റാഫ്‌ ആവുന്നത് ഒരു മാസം കഴിഞ്ഞിട്ട്….

മ്മ്.. എങ്കിൽ നീ വൺ വീക്ക്‌ കഴിഞ്ഞിട്ട് വന്നു തുടങ്ങിക്കോ.. എല്ലാം ഒന്ന് പഠിക്കാലോ… അല്ലേ ആദം… ജോ അത് ചോദിച്ചതും എന്തോ ചിന്തയിൽ ആയിരുന്ന ആദം ഞെട്ടിക്കൊണ്ട് അവനെ പകച്ചു നോക്കി…

എൻ.. എന്താ ജോ…. അവൻ വിക്കലോടെ ചോദിച്ചു.

നീ ഇത് എവിടെയാ ആദം.. ഞാൻ നീ വന്നപ്പോ മുതൽ ശ്രദ്ധിക്കുന്നുണ്ട്… എന്തോ കാര്യമായി നിന്നെ അലട്ടുന്നുണ്ട്… എന്താ കാര്യം…

അത് ജോ.. ഗ്രേസിയമ്മ…. ആദം സംസാരിച്ചു തുങ്ങിയപ്പോഴേക്കും ജോ അതിനെ തടഞ്ഞിരുന്നു…

എനിക്ക് തോന്നി ഇതു തന്നെ ആവും കാരണം എന്ന്… വേണ്ടാ ആദം ഒരു സന്ധി സംഭാഷണം ആണ് നീ ഉദ്ദേശിക്കുന്നത് എങ്കിൽ അത് വേണ്ടാ.. വെറുതെ നമ്മൾ തമ്മിൽ മുഷിയണ്ട ഓരോന്നും പറഞ്ഞിട്ട്…. ജോ താൽപ്പര്യം ഇല്ലാതെ പറഞ്ഞു…

അതല്ല ജോ…. ശരിയാണ് ഗ്രേസിയമ്മക്ക് ഒരു തെറ്റുപറ്റി… പക്ഷേ അവർ അതൊക്കെ ചെയ്യ്തത് നിന്നോടുള്ള സ്വാർത്ഥമായ സ്നേഹം കൊണ്ടല്ലേ… ഈ ഒരു ഒറ്റത്തവണത്തേക്ക് ക്ഷമിച്ചൂടെ…

ആഹാ.. പറയാൻ എന്തെളുപ്പം കഴിഞ്ഞു പക്ഷേ അവരുടെ ആ സ്വാർത്ഥതകൊണ്ട് എനിക്കുണ്ടായ നഷ്ടം അത് നികത്താൻ ആരെക്കൊണ്ടും ഒരു കാലത്തും പറ്റില്ല… ഇനി ആരൊക്കെ അവർക്ക് വേണ്ടി സംസാരിക്കാൻ വന്നാലും എന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടാവില്ല… നീ പോകാൻ നോക്ക്. ഇനിയൊരിക്കൽകൂടി ഇങ്ങനെ ഒരാവശ്യവും പറഞ്ഞുകൊണ്ട് നീ എന്റെ അടുത്തേക്ക് വരരുത്… ജോ ഗൗരവത്തോടെ പറഞ്ഞു….

മ്മ്… ആദം അതിനൊന്ന് മൂളി.. എങ്കിൽ ഞാൻ ഇറങ്ങാൻ നോക്കട്ടെ… രഞ്ജുവേട്ടൻ വരുന്നുണ്ടോ കൂടെ… ആദം രഞ്ജുവിനോടായി ചോദിച്ചു…

ഇല്ലെടാ.. നീ പൊക്കോ.. രഞ്ജു പറഞ്ഞതും ആദം അവരോട് രണ്ടുപേരോടുമായി പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി.. അവന്റെ കാർ സ്റ്റാർട്ട്‌ ആയി പോകുന്ന ശബ്ദം കേട്ടതും രഞ്ജു ജോയെ കൂർപ്പിച്ചു നോക്കി…

എന്താടാ… എന്തിനാ നീ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത്…. ജോ രഞ്ജുവിന്റെ മുഖത്ത് നോക്കാതെ ചോദിച്ചു…

ജോ നിനക്കെന്തിനാ ആദത്തോട് ദേഷ്യം…

ദേഷ്യമോ… എനിക്ക് ദേഷ്യം ഒന്നുമില്ല.. നീ ഒന്ന് ചുമ്മാ ഇരുന്നേ…..

ജോ വേണ്ടാ… എന്നോട് ഒന്നും ഒളിക്കണ്ട. ഇന്നും ഇന്നലെയും ഒന്നും കാണാൻ തുടങ്ങിയത് അല്ലല്ലോ ഞാൻ നിന്നെ.. എനിക്ക് സത്യം അറിഞ്ഞാൽ മതി … പറയ് എന്തിനാ നിനക്ക് ആദത്തോട് ദേഷ്യം…

ദേഷ്യം അല്ലേടാ പരിഭവം ആണ്… നീ പോലും നിധിക്ക് വേണ്ടി എന്നോട് വാദിച്ചില്ലേ… അതല്ലേ നീയും ഞാനും പിണങ്ങാനും ഇത്രനാളും നമ്മൾ തമ്മിൽ അകലാനും കാരണം.. പക്ഷേ ആദം തറവാട്ടിൽ ഉണ്ടായിട്ടും അവൻ ഒരിക്കൽ പോലും നിധിക്ക് വേണ്ടി എന്നോട് സംസാരിച്ചിട്ടില്ല… നമ്മൾ പിണങ്ങിയപ്പോൾ നിനക്ക് വേണ്ടി എന്നോട് അവൻ സംസാരിക്കാൻ വന്നു അത്രപോലും നിധിക്ക് വേണ്ടി അവൻ ശ്രമിച്ചിട്ടില്ല… ചിലപ്പോ അവൻ പറഞ്ഞാലും ഞാൻ ഒന്നും കേൾക്കണം എന്നില്ല.. കാരണം അത്രേം ഞാൻ mrs. വിൻസെന്റിനെ വിശ്വസിച്ചിരുന്നു… പക്ഷേ എങ്കിലും അവൻ എന്നോട് അതേ കുറിച്ച് ഒരിക്കലും ഒന്നും സംസാരിക്കാതെ ഇരുന്നത് എന്തോ ഒരു കരടായി എന്റെ ഉള്ളിൽ കിടക്കുന്നുണ്ട്… അതാ എനിക്ക് അവനോട് പണ്ടത്തെപ്പോലെ തുറന്ന് പെരുമാറാൻ പറ്റാത്തത്…

മ്മ്.. നീ അത് വിട്.. എന്തു പറയുന്നു നിധിയും മക്കളും… നിന്നോട് അടുത്തോ അവർ…

പിന്നില്ലാതെ… എന്ത് നല്ല മക്കൾ ആണെന്നോ.. ഇപ്പോഴേ എന്തൊരു കാര്യപ്രാപ്തി ആണ് രണ്ടുപേർക്കും എന്നറിയോ… നിധി അത്രയും നന്നായിട്ടാണ് മക്കളെ വളർത്തിയിട്ടുള്ളത്.. ആവശ്യമില്ലാത്ത വാശിയോ ദേഷ്യവോ ഒന്നും ഇല്ല അവർക്ക്…

ആ അപ്പൊ നിന്റെ പോലെ അല്ല എന്ന് സാരം.. നീ ദേഷ്യത്തിന്റെ ഉസ്താത് ആയിരുന്നല്ലോ…

അതിന് ജോ രഞ്ജുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി….

നീ നോക്കി പേടിപ്പിക്കേണ്ട ഞാൻ സത്യം അല്ലേ പറഞ്ഞത്…

പോടാ… ജോ അവനെ നോക്കി മുഖം കോട്ടികൊണ്ട് പറഞ്ഞു… അതിന് രഞ്ജു അവനെ കളിയാക്കി ചിരിച്ചു…

അല്ലടാ.. നീ തറവാട്ടിൽ പറയുന്നില്ലേ നിധിയുടെയും മക്കളുടെയും കാര്യം…

നിധി എന്റെ കൂടെ താമസം ആക്കാതെ ഞാനായിട്ട് തറവാട്ടിൽ പറയില്ല അവരുടെ കാര്യം… ശത്രു ഇപ്പോഴും ആരെന്ന് അറിയില്ല… അതുകൊണ്ട് അവരുടെ കാര്യം തല്ക്കാലം രഹസ്യമായി ഇരിക്കട്ടെ എന്ന് വച്ചു…

ശത്രുവോ.. നീ എന്തൊക്കെയാ ഈ പറയുന്നത്… രഞ്ജു ഒന്നും മനസിലാകാതെ ചോദിച്ചു…

മ്മ്… എന്റെ ആദ്യ ആക്‌സിഡന്റ് ഒരു മർഡർ അറ്റെപ്റ് ആയിരുന്നത് നിനക്കറിയില്ലേ… രണ്ടാമത് ആക്‌സിഡന്റ് ആയതും അങ്ങനെ ഒന്നായിരുന്നു…

എന്താ… അത് നിനക്കെങ്ങനെ മനസിലായി… രഞ്ജു ഒരു ഞെട്ടലോടെ ചോദിച്ചു…

നിധി ഇറങ്ങിപ്പോകാൻ mrs. വിൻസെന്റ് അല്ലാതെ മറ്റൊരു കാരണം അവളുടെ ഫോണിലേക്ക് അറിയാത്ത ഒരു നമ്പറിൽ നിന്ന് വന്ന കുറച്ച് വോയിസ്‌ നോട്ടുകളും വിഡിയോസും ഫോട്ടോസും ആണ്… മുഴുവനായിട്ട് എനിക്കും അറിയില്ല പക്ഷേ ആരോ എന്റെ ജീവൻ വച്ച് അവളോട് വിലപ്പേശിയിട്ടുണ്ട്.. എന്താ ഏതാ എന്നൊക്കെ അറിയാൻ നിധിയോട് തന്നെ ചോദിക്കേണ്ടി വരും..

എന്തൊക്കെയാ ജോ ഈ നടക്കുന്നത്.. ആരാ നിനക്ക് ഇതിനും വേണ്ടി ശത്രുക്കൾ… ഇപ്പോഴാണെങ്കിൽ പറയാം.. അത്യാവശ്യം ശത്രുക്കളെ നീ തന്നെ ഉണ്ടാക്കി വച്ചിട്ടുണ്ട്.. പക്ഷേ അന്ന് അങ്ങനെ അല്ലല്ലോ…

അറിയില്ല രഞ്ജു.. നിധിയോട് സംസാരിക്കണം… അത് ആരാ എന്നറിയാൻ എന്തെങ്കിലും തുമ്പ് അവളുടെ കൈയിൽ ഉണ്ടോന്ന്… വെറുതെ വിടില്ല… എന്റെ ജീവിതം തകർക്കാൻ നോക്കിയ ഒറ്റയെണ്ണത്തിനെയും വെറുതെ വിടില്ല ഞാൻ… ജോ വല്ലാത്ത ഒരു പകയോടെ മുരണ്ടു…

തുടരും…