16/04/2026

നിയതി : ഭാഗം 08

രചന – കണ്ണന്റെ മാത്രം

ഇതാണ് Dr. രാംകുമാറിന്റെയും Dr. വന്ദനയുടെയും കിളിക്കൂട്.. അതിലെ അവരുടെ ഒരേഒരു കിളികുഞ്ഞ് നിയതി രാംകുമാർ എന്ന എല്ലാവരുടെയും നിധി.. അവളുടെ അച്ഛന്റെ മാത്രം കണ്ണൻ.. രാംകുമാറും വന്ദനയും ഇടുക്കിയിലെ നാഗരികത അധികം എത്തിനോക്കാത്ത ഇടമലക്കുടി എന്ന ഗ്രാമത്തിൽ ആണ് ജീവിക്കുന്നത്.. അവിടെ ഒരു കുഞ്ഞു ക്ലിനിക് ഇട്ട് അവിടെ ഉള്ള ജനങ്ങളെ ചികിൽസിച്ച് കഴിയുന്നു.. ആ നാട്ടുകാർക്കും വീട്ടുകാർക്കും ഒക്കെ രാമേട്ടൻ ആണ് Dr. രാംകുമാർ.. ഒരു പനി മുതൽ പ്രസവത്തിന് വരെ രാമേട്ടന്റെ അടുത്താണ് ജനങ്ങൾ ആദ്യം വരുന്നത്.. അദ്ദേഹം മുൻകൈ എടുത്താണ് അവരെ കുറച്ച് ദൂരെ ഉള്ള ഹോസ്പിറ്റലിൽ എത്തിക്കാൻ ഉള്ള കാര്യങ്ങൾ ചെയ്യുന്നത്.. ദന്ത ഡോക്ടർ ആണെങ്കിലും പനിക്കും മറ്റും രാമേട്ടൻ ഇല്ലെങ്കിൽ വന്ദു ഡോക്ടറുടെ അടുത്താണ് അവർ വരുന്നത്..

രാംകുമാർ ഒരു അനാഥൻ ആണ്.. ഒരു ആശ്രമത്തിൽ വളർന്ന് പഠിക്കാൻ മിടുക്കൻ ആയതുകൊണ്ട് ആരുടെ ഒക്കെയോ കാരുണ്യം കൊണ്ട് പഠിച്ച് ഡോക്ടർ ആയി.. വന്ദന രാം കുമാർ വർക്ക്‌ ചെയ്തിരുന്ന ഹോസ്പിറ്റലിന്റെ ഡെന്റൽ കോളേജിൽ പഠിക്കാൻ വന്നപ്പോൾ ആണ് രാം കുമാറിനെ ആദ്യം കാണുന്നത്.. ആദ്യ ദൃഷ്ടിയിലെ അവൾക്ക് അയാളോട് അനുരാഗം തോന്നി… അത് അവൾ അയാളോട് തുറന്നു പറയുകയും ചെയ്യ്തു.. താല്പര്യമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു പോവുകയായിരുന്നു അയാൾ… പക്ഷേ പിന്നെ അവളുടെ നിരന്തരമായ അയാളുടെ പിന്നാലെ ഉള്ള നടപ്പ് ആദ്യം അയാൾ കണ്ടില്ല എന്ന് നടിച്ചെങ്കിലും പിന്നീട് അവളുടെ സ്നേഹം മനസിലാക്കാൻ നിർബന്ധിതനാക്കി.. അയാൾക്കും അവളെ ഇഷ്ടമായിരുന്നു.. അവളെ പോലെ ഒരു വലിയ തറവാട്ടിലെ കുട്ടിക്ക് തന്നെ പോലെ ഒരു അനാഥൻ ചേരില്ല എന്ന ചിന്ത ആണ് അവളോട്‌ തന്റെ ഇഷ്ടം പറയുന്നതിൽ നിന്ന് അയാളെ പിൻതിരിപ്പിച്ചത്.. പക്ഷേ അവസാനം അവളുടെ സ്നേഹം വിജയിച്ചു. അയാൾ തന്റെ ഇഷ്ടം തുറന്നു പറഞ്ഞു…

പിന്നെ അങ്ങോട്ട് അവരുടെ പ്രണയകാലം ആയിരുന്നു… അവളുടെ പഠനം കഴിയുന്നതുവരെ ആരോരും അറിയാതെ അവർ പ്രണയിച്ചു… അവളുടെ പഠിപ്പ് കഴിഞ്ഞ സമയത്ത് അവൾക്ക് വിവാഹം ആലോചിച്ച് തുടങ്ങിയപ്പോൾ രാമേട്ടൻ അവരുടെ വീട്ടിൽ അവളെ പെണ്ണ് ചോദിച്ച് ചെന്നു.. അവളുടെ അച്ഛനും ആങ്ങളമാരും അതിന് സമ്മതിച്ചില്ല എന്ന് മാത്രം അല്ല അവനെ അപമാനിച്ചിറക്കി വിട്ടു.. അവളെ വീട്ടുതടങ്കലിലും ആക്കി.. ആരും അവളോട്‌ കരുണകാട്ടിയില്ല.. മാതാപിതാക്കളും കൂടെപ്പിറപ്പുകളും ഒരു ശത്രുവിനോട് എന്നപോലെ ആണ് അവളോട്‌ പെരുമാറിയത്…

അവളുടെ നാട്ടിൽ തന്നെ ഉള്ള രാമേട്ടന്റെ ഫ്രണ്ട് ഫാസിലിന്റെ സഹായത്തിൽ അവർ ഒളിച്ചോടുമ്പോൾ എത്രയും ദൂരേക്ക് പോകണം എന്നേ ഉണ്ടായിരുന്നുള്ളൂ.. അങ്ങനെ അവർ എത്തിപ്പെട്ടതാണ് ആ ഗ്രാമത്തിൽ.. അവിടത്തെ ജനങ്ങൾ അവരെ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. പിന്നെ അവർ അവിടെ തന്നെ ഒരു ക്ലിനിക് ഇട്ട് ആ ജനങ്ങൾക്ക് ഒരു സഹായമായി അവിടെ കഴിഞ്ഞു.. നിധിയുടെ കൂടി പഠിപ്പ് കഴിഞ്ഞാൽ അത്യാവശ്യം സൗകര്യങ്ങൾ ആയിട്ട് ഒരു ഹോസ്പിറ്റൽ അവിടെ പണിയണം എന്നാണ് അവരുടെ ആഗ്രഹം. നിധി ഇപ്പൊ കൊച്ചിയിൽ മെഡിക്കൽ കോളേജിൽ ലാസ്റ്റ് ഇയർ ആണ് പഠിക്കുന്നത്… ഇപ്പൊ 8th സേം എക്സാം കഴിഞ്ഞ പത്തുദിവസത്തെ വെക്കേഷന് വന്നതാണ് ആള്.. 9th സേം കഴിഞ്ഞ് ഒരു കൊല്ലത്തെ ഇന്റേൺഷിപ് കൂടി കഴിഞ്ഞാൽ അവൾ ഡോക്ടർ നിയതി ആയി…. ഇപ്പോഴേ ആ നാട്ടുകാർ അവളെ ഡോക്ടർ എന്ന് തന്നെ ആണ് വിളിക്കുന്നത്.. അവൾക്ക് അത് ചമ്മൽ ആണെങ്കിലും അവർ അത് മാറ്റില്ല…

ഇന്ന് രാമേട്ടനും വന്ദുവും കൂടി അവിടെ തന്നെ ഉള്ള ഒരു കല്യാണത്തിന്റെ തലേ ദിവസ പാർട്ടിക്ക് ആണ് പോയത്… അതിന് പോകാൻ നിധിയെ വന്ദു നിർബന്ധിക്കുന്നതാണ് ഇത്തിരി നേരത്തേ കണ്ടത്.. പീരിയഡ്‌സിന്റെ ചെറിയ ബുദ്ധിമുട്ടും പിന്നെ എഴുതാനുള്ള അസൈൻമെന്റ് കൂമ്പാരവും അവളെ അതിന് പോകാൻ അനുവദിച്ചില്ല എന്ന് മാത്രം… അവർ പോയതും അവൾ വാതിൽ അടച്ചിട്ട് വന്ന് മീരയെ വിളിച്ചു.. എംബിബിസ്സിന് കൊച്ചിയിൽ ചെന്ന് ജോയിൻ ചെയ്ത അന്ന് മുതൽ അവൾക്ക് കിട്ടിയ കൂട്ടാണ് മീര… കൊച്ചിയിൽ തന്നെ ആണ് അവളുടെ വീട്.. അതുകൊണ്ട് തന്നെ നിധിക്ക് അവളുടെ വീട്ടുക്കാരെയും നന്നായി അറിയാം.. മീരക്ക് രാമേട്ടനേയും വന്ദുവിനെയും അറിയാം…

മീരയെ വിളിച്ച് അസൈൻമെന്റിന്റെ കാര്യങ്ങളെല്ലാം സംസാരിച്ച് അതൊക്കെ എഴുതിയതിനു ശേഷം ആണ് അവൾ കുറച്ച് നേരം കിടന്നത്… ചുമ്മാ കിടക്കാനാണ് ഉദ്ദേശിച്ചതെങ്കിലും ആ കിടപ്പിൽ അവൾ മയങ്ങിപ്പോയി… കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടപ്പോൾ ആണ് പിന്നെ അവൾ എഴുന്നേറ്റത്… അവൾ വേഗം പോയി വാതിൽ തുറന്ന് നോക്കി… സാരിയിൽ ആകെ ചോരയൊക്കെ ആയി നിൽക്കുന്ന വന്ദുവിനെ ആണ് അവൾ കണ്ടത്…

എന്താ അമ്മാ.. സാരിയിൽ ആകെ ബ്ലഡ്‌ ആണല്ലോ.. രാമേട്ടൻ എന്തിയേ… അവൾ ആകെ പരിഭ്രാന്തിയോടെ ചോദിച്ചു…

ഒന്നുല്ല്യ നിധി.. ഞങ്ങൾ വരുന്ന വഴിയിൽ ഒരു ആക്‌സിഡന്റ് കണ്ടു.. ആ പേഷ്യന്റിനെ നോക്കിയപ്പോൾ പറ്റിയതാണ്.. രാമേട്ടൻ കാറിൽ ഉണ്ട്.. നീ ആ ക്ലിനിക്കിന്റെ ചാവി ഇങ്ങോട്ട് എടുത്തേ… അയാൾക്ക് എത്രയും പെട്ടന്ന് ചികിത്സ കൊടുക്കണം.. വേഗം എടുക്ക്…

ആ അമ്മാ.. ഒരു മിനിറ്റ്.. അതും പറഞ്ഞ് അവൾ ഓടിപ്പോയി വീടിനോട് ചേർന്നുള്ള ക്ലിനിക്കിന്റെ ചാവി എടുത്തിട്ട് വന്നു…

കണ്ണാ പോയി അത് തുറക്ക്.. ഞങ്ങൾ ഈ കുട്ടിയേ അങ്ങോട്ട് എടുക്കട്ടെ… അവൾ ചാവിയും കൊണ്ട് വന്നതും രാമേട്ടൻ അവളോട് പറഞ്ഞു…

അവൾ തലയാട്ടികൊണ്ട് വേഗം പോയി വാതിൽ തുറന്ന് ഉള്ളിലെ ലൈറ്റ് എല്ലാം ഇട്ടു.. അപ്പോഴേക്കും രാമേട്ടനും വന്ദുവും കൂടി അയാളെ താങ്ങി അതിനുള്ളിലേക്ക് കൊണ്ട് വന്നു… ആകെ ചോരയിൽ കുളിച്ച ഒരു രൂപം ഒറ്റനോട്ടത്തിൽ അത്രയേ അവൾക്ക് മനസിലായുള്ളൂ…

രാമേട്ടൻ വേഗം അയാൾക്ക് ഫസ്റ്റ് എയ്ഡ് കൊടുത്തു.. ആകെ ക്ലീൻ ചെയ്യത് നോക്കിയപ്പോൾ ആണ് തലയിൽ ആഴത്തിൽ ഉള്ള മുറിവ് കണ്ടത്.. അയാൾ വേഗം അത് ഡ്രസ്സ്‌ ചെയ്യത് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്യ്തു…

രാമേട്ടാ.. ഇയാളെ ഇങ്ങനെ ഇവിടെ കിടത്തിയാൽ മതിയോ.. ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് മറ്റേണ്ടേ… വന്ദു ചോദിച്ചു..

വന്ദു നീയും കണ്ടതല്ലേ അത് ഒരു സാധാരണ ആക്‌സിഡന്റ് അല്ലല്ലോ ആയിരുന്നത്.. ആരോ മനപ്പൂർവം ചെയ്യ്തത് അല്ലേ.. അങ്ങനെ ഉള്ളപ്പോൾ ഇയാളെ ഇപ്പോൾ ഹോസ്പിറ്റലിലേക്ക് മാറ്റുന്നത് ചിലപ്പോൾ അയാളുടെ ജീവന് തന്നെ ഭീഷിണി ആവും…

എന്താ രാമേട്ടാ.. കൊലപാതക ശ്രമമോ… എന്തൊക്കെയാ ഈ പറയുന്നത്.. എന്നിട്ട് നിങ്ങൾ പോലീസിൽ അറിയിച്ചില്ലേ ഒന്നും… നിധി ആദിയോടെ ചോദിച്ചു…

ആടാ കണ്ണാ… ഞങ്ങൾ പാർട്ടി കഴിഞ്ഞ് വരുന്ന വഴിക്കാണ് ഒരു കാറിനെ ലോറി ഇടിക്കുന്നത് കാണുന്നത്.. ഒരു സാധാ ആക്‌സിഡന്റ് എന്നേ ഞങ്ങൾ ആദ്യം കരുതിയുള്ളൂ. പക്ഷേ ആ ലോറി റിവേഴ്‌സ് എടുത്ത് പിന്നെയും ഇടിക്കാൻ വരുന്നത് കണ്ടപ്പോൾ ആണ് അപകടം മനസിലായത്.. അപ്പോഴേക്കും ഞങ്ങളുടെ കാർ അവിടെ എത്തിയിരുന്നു.. ഞാൻ വേഗം ഹെഡ്ലൈറ്റ് ഫുൾ പ്രകാശിപ്പിച്ചു. പിന്നെ ഹോർണും അടിച്ചു. അതോടെ അവർ ആ ശ്രമം ഉപേക്ഷിച്ച് പോയി.. ഇങ്ങനെ ഉള്ളപ്പോൾ ഇയാളെ ഹോസ്പിറ്റലിൽ ആക്കാൻ പറ്റുമോ… അവർ എന്തായാലും ഇവിടെ അടുത്തുള്ള ഹോസ്പിറ്റലിൽ എല്ലാം അന്വേഷിക്കും.. ഫോറെസ്റ്റ് ഏരിയ ആയതുകൊണ്ട് ഞങ്ങൾ എങ്ങോട്ടായിരിക്കും പോയിരിക്കുക എന്ന് അവർക്ക് അറിയില്ല. പക്ഷേ ഈ അടുത്തുള്ള ഹോസ്പിറ്റലുകൾ മുഴുവൻ അവർ തപ്പും.. പിന്നെ പോലീസിൽ അറിയിക്കുന്ന കാര്യം.. ആദ്യം ഇയാൾക്ക് ബോധം വരട്ടെ.. എന്നിട്ട് നമുക്ക് തീരുമാനിക്കാം അത്…

മ്മ്… എന്താ ഇപ്പൊ ഇയാളുടെ അവസ്ഥ… നിധി അവനേ ഒന്ന് നോക്കികൊണ്ട്‌ ചോദിച്ചു.. ആരോഗ്യ ദൃഢഗാത്രനായ ഒരുവൻ.. കാണാനും തെറ്റില്ല.. വേഷവും സെറ്റപ്പും കണ്ടിട്ട് ഏതോ വലിയ വീട്ടിലെ ആണെന്ന് തോന്നുന്നു… അയാളുടെ കഴുത്തിൽ ഉള്ള കുരിശും ജോഷ്വാ എന്ന് പേരെഴുതിയ ലോക്കറ്റും ഉള്ള മാല അയാളുടെ പേര് ജോഷ്വാ എന്നാണ് ആവാനുള്ള ചാൻസ് അവർക്ക് കാട്ടികൊടുത്തു…

തലയിലെ മുറിവ് ആഴത്തിൽ ഉള്ളതാണ്.. അതാണ് ഇത്ര ബ്ലഡ്‌ പോയത്… ബാക്കി ഉള്ളതെല്ലാം ചെറിയ മുറിവുകൾ ആണ്.. എന്തായാലും എല്ലാം ഒന്ന് ഡ്രസ്സ്‌ ചെയ്തിട്ട് രണ്ട് ദിവസം ഒന്ന് വെയിറ്റ് ചെയ്യാം.. എന്നിട്ടും ബോധം വന്നില്ലെങ്കിൽ പിന്നത്തെ കാര്യം നമുക്ക് അപ്പൊ ആലോചിക്കാം…

മ്മ്… നിധി ഒന്ന് മൂളി..

വന്ദു നിങ്ങൾ രണ്ടാളും വീട്ടിലേക്ക് പൊക്കൊ.. ഞാൻ ഇന്ന് ഇവിടെ നിൽക്കാം.. അയാൾ പറഞ്ഞു..

വേണ്ട രാമേട്ടാ.. ഇന്നിപ്പോ ഇയാൾക്ക് ബോധം ഒന്നും വരാൻ പോകുന്നില്ലല്ലോ.. ഞാൻ ഇവിടെ നിൽക്കാം.. നിങ്ങൾ രണ്ടാളും പോയി കുളിച്ച് കുറച്ചുനേരം കിടക്ക്… നിധി പറഞ്ഞു..

കണ്ണാ.. അത്…

വേണ്ടാ.. തടസ്സം ഒന്നും പറയണ്ടാ.. പോയിക്കേ പോയിക്കേ.. എന്തേലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ വന്ന് വിളിച്ചോളാം.. വേഗം പോകാൻ നോക്ക്… അവൾ അയാളെ പറഞ്ഞ് മുഴുവനാക്കാൻ സമ്മതിക്കാതെ അവസാനതീരുമാനം എന്നപോലെ പറഞ്ഞു…

എങ്കിൽ വാടോ ഭാര്യേ നമുക്ക് ഒന്ന് ഫ്രഷ് ആയി റസ്റ്റ്‌ ഒക്കെ എടുത്ത് വരാം… ഇവിടെ കുട്ടി ഡോക്ടർ ഉണ്ടല്ലോ… അയാൾ ഒരു കളിയോടെ അതും പറഞ്ഞുകൊണ്ട് വന്ദുവിനെയും കൂട്ടി പോയി…. നിധി ഒരു കസേര നീക്കിയിട്ട് അയാളുടെ അടുത്തായി ഇരുന്നു… അവൾ അയാളുടെ മുഖത്തേക്ക് നന്നായി നോക്കി…

ആകെ താടിയും മുടിയും നീട്ടിവളർത്തിയ ഒരു രൂപം… ഇയാളുടെ നാട്ടിൽ ബാർബർ ഷോപ്പ് ഒന്നും ഇല്ലേ ആവോ… അയാളെ ഒന്ന് നോക്കികൊണ്ട്‌ അവൾ ആലോചിച്ചു…

കുറച്ചുനേരം അവിടെ ഉള്ള മെഡിക്കൽ ബുക്കും ജേർണലും ഒക്കെ വായിച്ച് നേരം കളഞ്ഞെങ്കിലും പിന്നെ അവൾക്ക് ബോർ അടിച്ചപ്പോൾ ചുമ്മാ അവൾ കട്ടിലിലേക്ക് തല വച്ച് കിടന്നു… ആ കിടപ്പിൽ അവൾ ഉറങ്ങിപ്പോയി…

കൈയിൽ എന്തോ മുറുക്കം തോന്നിയപ്പോൾ ആണ് അവൾ പിന്നെ കണ്ണ് തുറക്കുന്നത്.. കുറച്ച് നേരം എടുത്തു അവൾക്ക് സ്ഥലകാല ബോധം വരാൻ… അവൾ ജനലിന്റെ അവിടേക്ക് നോക്കിയപ്പോൾ വെട്ടം വീണു തുടങ്ങിയിട്ടുണ്ട്…

ഏഹ്.. ഇത്ര പെട്ടന്ന് നേരം വെളുത്തോ… അവൾ ആലോചിച്ചു.. അപ്പൊ പിന്നെയും അവളുടെ കൈയിൽ ഒരു മുറുക്കം തോന്നി… അവൾ ഞെട്ടികൊണ്ട് കൈയിലേക്ക് നോക്കിയപ്പോൾ അവിടെ മുറുകി ഇരിക്കുന്ന അയാളുടെ കൈകൾ ആണ് കാണുന്നത്… അവൾ വേഗം അയാളെ നോക്കിയപ്പോൾ ബോധം തെളിയുന്നത് പോലെ കൺപീലികൾ ചലിക്കുന്നുണ്ട്.. അവൾ വേഗം തന്റെ കൈ അയാളുടെ പിടിത്തത്തിൽ നിന്ന് മോചിപ്പിച്ചുകൊണ്ട് രാമേട്ടനെ വിളിക്കാനായി വീട്ടിലേക്ക് ഓടി..

നിഷങ്ങൾക്കുളിൽ അവൾ രാമേട്ടനേയും വന്ദുവിനെയും വിളിച്ചിട്ട് വന്നു…

അവർ വരുമ്പോഴും അയാൾ ബോധം മിന്നിമാഞ്ഞു നിൽക്കുന്നത് പോലെ കണ്ണുകൾ ചിമ്മുന്നുണ്ടായിരുന്നു.. രാമേട്ടൻ വേഗം അവനടുത്തേക്ക് ചെന്ന് പതിയെ തട്ടി വിളിക്കാൻ തുടങ്ങി.. വന്ദുവും അയാളുടെ അപ്പുറത്തെ സൈഡിലേക്ക് പോയി നിന്നു.. നിധി അയാളുടെ കാലിനു അടുത്തായി നിന്നു..

കുറച്ചുനേരത്തെ ശ്രമത്തിന് ശേഷം അവൻ തന്റെ കണ്ണുകൾ പതിയെ ചിമ്മി തുറന്നു… കണ്ണുകൾ തുറന്നതും അയാളുടെ കണ്ണുകൾ തന്റെ കാൽക്കലായി നിന്ന് തന്നെ ഉറ്റുനോക്കുന്ന ഒരു കുഞ്ഞിപെണ്ണിൽ ആണ് പതിച്ചത്.. അവൻ അവളെ തന്നെ നോക്കിയിരുന്നു.. അവളുടെ കണ്ണുകളും അയാളുടെ ചാരനിറമാർന്ന കുഞ്ഞു കണ്ണുകളിൽ തന്നെ ഉടക്കി നിന്നു…

തുടരും…