19/04/2026

നിയതി : ഭാഗം 17

രചന – കണ്ണന്റെ മാത്രം

മുന്നിൽ കാണുന്ന കാഴ്ച്ചയിൽ വിശ്വാസം വരാതെ നിന്നു നിധി… മീരയും ഞെട്ടലിൽ ആയിരുന്നു.. അവൾ നിധിയെ ഒന്ന് നോക്കി പിന്നെയും അവളുടെ ദൃഷ്ടി മുന്നിലേക്ക് ആയി….

അവരുടെ വീടിന്റെ ഗേറ്റിനു പുറത്തായി നmപകച്ച മുഖത്തോടെ നിൽക്കുന്ന ജോ… അവനെ കെട്ടിപ്പിടിച്ചുകൊണ്ട് നിൽക്കുന്ന കുഞ്ഞി… അവരുടെ അടുത്തായി ചിട്ടുവും നിൽപ്പുണ്ട്…

അതിലൂടെ പോയ ഒരു കാറിന്റെ ഹോൺ ആണ് എല്ലാവരെയും ആ പകപ്പിൽ നിന്ന് പുറത്ത് കൊണ്ട് വന്നത്.. ജോയ്ക് അപ്പോഴാണ് തങ്ങൾ ഇപ്പോഴും റോഡിലാണ് നിൽക്കുന്നത് എന്ന ബോധം വന്നത്… അവൻ വേഗം തന്നെ ചുറ്റിപ്പിടിച്ചു നിൽക്കുന്ന കുഞ്ഞിന്റെ കൈ തന്റെ ശരീരത്തിൽ നിന്നും വിടീപ്പിച്ചു…

അത് കണ്ടതും നിധിയുടെ നെഞ്ച് കലങ്ങി.. സ്വന്തം ചോരയാണ് തന്നെ ചുറ്റിപ്പിടിച്ചു നിൽക്കുന്നത് എന്ന് അവന് അറിയില്ലല്ലോ… അവൾ സങ്കടത്തോടെ ആലോചിച്ചു… പക്ഷേ പിന്നെ അവൻ ചെയ്ത കാര്യം കണ്ട് അവളുടെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു…

ജോ കുഞ്ഞിയെ വാരിയെടുത്ത് റോഡിൽ നിന്ന് ഗേറ്റിന് ഉള്ളിലേക്ക് കടന്നു… ഒഴിവുള്ള കൈകൊണ്ട് ചിട്ടുവിനെ ചേർത്തുപിടിക്കാനും അവൻ മറന്നില്ല… ഉള്ളിലേക്ക് കയറി കുഞ്ഞിയെ താഴെ നിർത്തി അവൻ അവരുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു… ആദ്യം തന്നെ അവൻ രണ്ടുപേരെയും നെഞ്ചോട് ചേർത്തുപിടിച്ചു… അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവൻ രണ്ടാളെയും മുഖം മുഴുവൻ ചുംബിച്ചു… പിന്നെയും അവരെ നെഞ്ചോട് ചേർത്തു… തന്റെ മക്കളെ ആദ്യമായി നെഞ്ചോട് ചേർത്തപ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി… അവന് അവരെ കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും മതിയാകുന്നുണ്ടായില്ല….

കണ്ടു നിൽക്കുന്നവരുടെയും കണ്ണുകൾ നിറഞ്ഞു ജോയുടെ വെപ്രാളം കണ്ടിട്ട്… നിധിയിൽ ഒരു ഞെട്ടൽ ആയിരുന്നു… അവന് മക്കളെ മനസിലായി എന്നത് അവന്റെ പ്രവർത്തികൾ കാണിച്ചു കൊടുക്കുന്നുണ്ട്… പക്ഷേ എങ്ങനെ എന്ന് അവൾക്ക് മനസിലായില്ല… അവൾ ഒരു സംശയത്തോടെ മീരയെ നോക്കിയതും മീര അവളെ താൻ തന്നെയാണ് പറഞ്ഞത് എന്ന രീതിയിൽ ഒന്ന് തലയാട്ടി കണ്ണുചിമ്മിക്കാട്ടി… നിധി പിന്നെയും മുന്നിലെ കാഴ്ചയിലേക്ക് കണ്ണ് തിരിച്ചു… ജോയുടെ പെരുമാറ്റം കണ്ടപ്പോൾ നിധി കുറ്റബോധത്തോടെ തല താഴ്ത്തി…

ഇങ്ങനെ റോഡിലേക്ക് ഒക്കെ ഇറങ്ങി ഓടാൻ പാടുണ്ടോ വാവേ… ഏതെങ്കിലും വണ്ടി മുട്ടിയിരുന്നെങ്കിലോ… ജോ തന്റെ ഉള്ളിൽ ഒരുപോലെ നിറയുന്ന സന്തോഷവും സങ്കടവും അടക്കികൊണ്ട് കുഞ്ഞിയോടായി ചോദിച്ചു…

അത് ഞാൻ പപ്പയെ കണ്ടപ്പോൾ ആ ഒരു ആവേശത്തിൽ ശ്രദ്ധിച്ചില്ല… സോറി പപ്പേ… കുഞ്ഞി അവനെ നോക്കികൊണ്ട്‌ പറഞ്ഞു…

കുഞ്ഞിയുടെ വായിൽ നിന്ന് പപ്പ എന്ന് കേട്ടതും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… അവൻ രണ്ടാളെയും ഒരുപോലെ നെഞ്ചിലേക്ക് ചേർത്തുപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു… തന്റെ കുടുംബം കാരണം തനിക്ക് നഷ്ടമായ തന്റെ പൊന്നുമക്കൾ… അവൻ വേദനയോടെ ചിന്തിച്ചു..

ജോയുടെ കരച്ചിൽ കണ്ടതും നിധിയുടെ കണ്ണുകളും നിറഞ്ഞൊഴുകി…. ജോയുടെ അവസ്ഥ കാണുംതോറും അവൾ കുറ്റബോധത്താൽ പിടഞ്ഞു…

പപ്പ എന്തിനാ കരയുന്നത്…. ഞങ്ങൾക്കറിയാം ഞങ്ങൾ ഉള്ളത് പപ്പക്ക് അറിയില്ലായിരുന്നു എന്ന്.. അതുകൊണ്ടാണ് പപ്പ ഞങ്ങളുടെ അടുത്തേക്ക് വരാഞ്ഞത് എന്ന്.. മമ്മ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് പപ്പയെ കുറിച്ച്.. ഫോട്ടോയും കാണിച്ചു തന്നിട്ടുണ്ട്… ഞങ്ങൾക്ക് പപ്പയോട് ദേഷ്യം ഒന്നുമില്ല.. പപ്പ വിഷമിക്കല്ലേ… ചിട്ടു തന്റെ കുഞ്ഞികൈകൊണ്ട് അവന്റെ കണ്ണുകൾ തുടച്ചുനീക്കികൊണ്ട് പറഞ്ഞു…

ചിട്ടു അത് പറഞ്ഞതും ജോ നന്ദിയോടെ നിധിയെ നോക്കി… ഞാനും എന്റെ വീട്ടുകാരും ഇത്രയെല്ലാം ഉപദ്രവിച്ചിട്ടും അവൾ കുഞ്ഞുങ്ങളോട് ഞാൻ ആണ് അവരുടെ പപ്പ എന്നും എന്റെ അവസ്ഥയും പറഞ്ഞു മനസ്സിലാക്കിയല്ലോ.. അവൾക്ക് വേണമെങ്കിൽ മക്കളെ എനിക്കെതിരെ തിരിച്ച് വളർത്താമായിരുന്നു.. അവൾ അത് ചെയ്തില്ലല്ലോ.. അല്ലെങ്കിലും രാമേട്ടന്റേം അമ്മയുടെയും മോൾക്ക് അങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ല.. അത്രയും നന്മ നിറഞ്ഞവർ ആണ്.. എന്റെ വീട്ടുകാരെ പോലെ അല്ല… അവൻ ആത്മനന്ദിയോടെ ആലോചിച്ചു…

നിധിക്കുള്ളിലും കുറ്റബോധം നിറഞ്ഞു.. ഈ കഴിഞ്ഞ വർഷങ്ങളിൽ എപ്പോഴെങ്കിലും താൻ ഇച്ചായനെ കുറിച്ച് അന്വേഷിച്ചിരുന്നെങ്കിൽ അവർ അച്ഛനും മക്കളും ഇതിനും മുൻപേ ഒന്നായേനെ… തന്റെ തെറ്റാണ്… ഒരിക്കൽ ഇച്ചാക്ക ചോദിച്ചതാണ് ഇച്ചായനെ കുറിച്ച് അന്വേഷിക്കണോ എന്ന്.. പക്ഷേ കേൾക്കുന്ന വാർത്ത തന്നെ തകർത്താലോ എന്ന പേടിയിൽ താൻ ആണ് സമ്മതിക്കാതെ ഇരുന്നത്.. അവൾ കുറ്റബോധത്തോടെ ആലോചിച്ചു…. കുഞ്ഞിയുടെ ശബ്ദം ആണ് നിധിയെ അവളുടെ ചിന്തകളിൽ നിന്ന് പുറത്തേക്ക് കൊണ്ട് വന്നത്…

പപ്പ ഇനി ഞങ്ങളുടെ കൂടെ ആണോ താമസിക്കുന്നത്… കുഞ്ഞി അവന്റെ മുഖത്തേക്ക് നോക്കി നിഷ്കളങ്കമായി ചോദിച്ചു…

ജോ.. അതിന് എന്ത് മറുപടി പറയണം എന്നറിയാതെ നിന്നു… അവൻ ഒന്നും മിണ്ടാതെ അവരെ ചേർത്തുപ്പിടിച്ചതേ ഉള്ളൂ….

നമുക്ക് പുറത്തൊക്കെ ഒന്ന് കറങ്ങി വന്നാലോ… ജോ അവരോട് ചോദിച്ചു…

കുഞ്ഞിയും ചിട്ടുവിനും ആഗ്രഹമുണ്ടെങ്കിലും അവരുടെ മമ്മയോട് ചോദിക്കാതെ അവർ ഒന്നിനും സമ്മതം പറയില്ല.. അവർ നിധിയെ നോക്കുന്നത് കണ്ടതും ജോ മക്കളെയും കൊണ്ട് നിധിയുടെ അടുത്തേക്ക് പോയി..

ഞാ.. ഞാൻ… ഇവരെയും കൊണ്ട് ഒന്ന് പുറത്തേക്ക് പൊക്കോട്ടെ… അവൻ അല്പം വല്ലായ്മയോടെ ആണ് അത് ചോദിച്ചത്… അവൾക്ക് ഇഷ്ടമായില്ലെങ്കിലോ എന്നൊരു ചിന്ത ആയിരുന്നു അവന്റെ ഉള്ളിൽ…

നിധിക്ക് അവന്റെ ചോദ്യം കേട്ടപ്പോൾ സങ്കടവും ദേഷ്യവും ഒരുപോലെ വന്നു…. അവന്റെ മക്കൾ അല്ലേ.. എന്തിനാ ഇങ്ങനെ അന്യനെ പോലെ ചോദിക്കുന്നത്… അവൾ ദേഷ്യത്തോടെ ആലോചിച്ചു.. എങ്കിലും അത് ഉള്ളിൽ ഒതുക്കികൊണ്ട് അവൾ പറഞ്ഞു…

വൈകീട്ട് ക്വാർട്ടേഴ്സിലേക്ക് മാറണം… അതിന് മുൻപ്….

അതിന് മുൻപ് ഞാൻ കൊണ്ടുവരാം ഇവരെ… അവൾ പറഞ്ഞു മുഴുവനാക്കുന്നതിന് മുൻപ് തന്നെ അവൻ ആവേശത്തോടെ പറഞ്ഞു…

ഞങ്ങൾ പൊക്കോട്ടെ മമ്മ… ചിട്ടുവും കുഞ്ഞിയും അവളോട്‌ ചോദിച്ചു…

മ്മ്.. പോയി കൈയും മുഖവും കഴുകി ഡ്രസ്സ്‌ മാറി വായോ… അവൾ അവരോട് പറഞ്ഞു…

മീരാന്റി ഞങ്ങൾ അപ്പുവിനേം കൂടെ കൊണ്ടുപൊക്കോട്ടെ… ചിട്ടു മീരയോട് ചോദിച്ചു…

ചിട്ടു ചോദിച്ചത് കേട്ട് മീര അപ്പുവിനെ നോക്കിയപ്പോൾ അവന്റെ മുഖത്ത് അവരുടെ കൂടെ പോകാനുള്ള താൽപ്പര്യം അവൾ കണ്ടു.. അവൾ ശിവയെ നോക്കിയപ്പോൾ അവൻ അവളെ കണ്ണു ചിമ്മിക്കാട്ടി…

മ്മ്… പോകുന്നതൊക്കെ കൊള്ളാം മൂന്നെണ്ണവും ചേട്ടായി പറഞ്ഞത് കേൾക്കണം.. കുരുത്തകേടൊന്നും കാണിക്കരുത്.. മീര മൂന്നിനേം നോക്കി ഗൗരവത്തോടെ പറഞ്ഞു…

അതൊക്കെ ഞങ്ങൾ അനുസരിച്ചോളാം ആന്റി.. പപ്പേ ഇപ്പൊ വരാട്ടോ… കുഞ്ഞി അതും പറഞ്ഞുകൊണ്ട് ചിട്ടുവിനെയും അപ്പുവിനെയും വിളിച്ച് അകത്തേക്ക് ഓടിയിരുന്നു…

പിള്ളേര് ഉള്ളിലേക്ക് പോയതും അവിടെ ഒരു അശുഭകരമായ മൗനം നിറഞ്ഞു നിന്നു.. ജോയും നിധിയും ഒറ്റക്ക് ഒന്ന് സംസാരിച്ചോട്ടെ എന്ന് കരുതി മീര ശിവയെയും വിളിച്ച് മക്കളെ നോക്കട്ടെ എന്നും പറഞ്ഞ് ഉള്ളിലേക്ക് പോയി…

നിധിക്കും ജോയ്ക്കും പരസ്പരം എന്ത് പറയണം എന്ന് അറിയില്ലായിരുന്നു… ഒരിക്കലും വാക്കുകൾക്ക് ഒരു ക്ഷാമവും ഇല്ലാതിരുന്ന തങ്ങൾ ആണ് ഇപ്പൊ ഇങ്ങനെ നിൽക്കുന്നത് എന്ന് രണ്ടുപേരും വിഷമത്തോടെ ആലോചിച്ചു…

സുഖല്ലേ… ജോ പതിയെ അവളോട് ചോദിച്ചു…

മ്മ്… ഇച്… ഇച്ചായനോ….

അവളുടെ വായിൽ നിന്ന് ഇച്ചായൻ എന്ന് കേട്ടതും അവന്റെ കണ്ണുകൾ കലങ്ങി…

സുഖം… അവനും പറഞ്ഞു… ഇനിയും എന്ത് ചോദിക്കണം എന്നറിയാതെ രണ്ടുപേരും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു.. അപ്പോഴേക്കും മക്കൾ യാത്രയായി വന്നിരുന്നു.. മീരയും ശിവയും അവരുടെ പിന്നാലെ വന്നു…

ജോ എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് മക്കളെയും കൂട്ടി അവന്റെ വീട്ടിലേക്ക് നടക്കുന്നതും അവിടെ നിന്ന് വണ്ടിയെടുത്ത് പോകുന്നതും നോക്കികൊണ്ട്‌ അവർ മൂന്നുപേരും നിന്നു…

വീടിന് അകത്തേക്ക് പോകാനായി തിരിഞ്ഞപ്പോൾ ആണ് മീര നിധിയുടെ നിറഞ്ഞ കണ്ണുകളും വീർത്ത മുഖവും കാണുന്നത്..

എന്താടി.. എന്തുപറ്റി… എന്തിനാ കണ്ണുകൾ നിറഞ്ഞിരിക്കുന്നത്.. മുഖവും വീർപ്പിച്ചു പിടിച്ചിട്ടുണ്ടല്ലോ… മീര അന്താളിപ്പോടെ ചോദിച്ചു…

ഒന്നുല്ല്യ… അവൾ ദേഷ്യത്തോടെ പറഞ്ഞു..

നീ കാര്യം പറയ് പെണ്ണേ… മീര ഒന്നുകൂടി നിർബന്ധിച്ചതും നിധി കാര്യം പറഞ്ഞു…
നിധി പറഞ്ഞത് കേട്ട് ആദ്യം കുറച്ച് നേരം മീര കണ്ണുമിഴിച്ച് നിന്നെങ്കിലും പിന്നെ മീര ഒറ്റച്ചിരിയായിരുന്നു.. മീരക്ക് അവളുടെ ചിരി കണ്ട്രോൾ ചെയ്യാൻ പറ്റുന്നുണ്ടായില്ല..

മീരയുടെ ചിരിയുടെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന ശിവ കാണുന്നത് ചിരിച്ചുചിരിച്ചു കണ്ണു നിറഞ്ഞു നിൽക്കുന്ന മീരയെയും ചമ്മൽ നിറഞ്ഞ മുഖത്തോടെ മീരയെ നോക്കി കണ്ണുരുട്ടുന്ന നിധിയേയും ആണ്…

എന്താ.. എന്താ കാര്യം… എന്തിനാടി നീ ഇങ്ങനെ ചിരിക്കുന്നത്… മീരയെ നോക്കികൊണ്ട്‌ ശിവ ചോദിച്ചു…

ഞാൻ കരുതി ഇവൾ വല്യ കളക്ടർ ഒക്കെ ആയപ്പോ വല്യ മെച്യൂരിറ്റി വന്നിട്ടുണ്ടാവും എന്ന്.. ഇന്നലെ മുതൽ ഉള്ള ഇവളുടെ പെരുമാറ്റം കണ്ടപ്പോൾ അത് ഉറപ്പിക്കേം ചെയ്യ്തു… എവിടെ ഇതിന് ഒരു മാറ്റവും ഇല്ല ശിവേട്ടാ.. ഇവൾ ഇപ്പോഴും പണ്ടത്തെ ആ കുശുമ്പി തന്നെ.. അവൾ ഇഷ്ടപ്പെടുന്നവർ അവളെക്കാൾ ഇമ്പോർട്ടൻസ് വേറെ ആൾക്ക് കൊടുത്താൽ കുശുമ്പ് കുത്തുന്ന പഴയ അതേ കുശുമ്പി… മീര അതും പറഞ്ഞ് പിന്നെയും ചിരിച്ചു…

അതെന്താ നീ അങ്ങനെ പറഞ്ഞത്…. ശിവ നിധിയുടെ ചമ്മൽ നിറഞ്ഞ മുഖത്തേക്ക് നോക്കി ഒരു ചിരിയോടെ ചോദിച്ചു…

ഇവൾക്ക് ഞാൻ പരിചയപ്പെടുന്ന കാലത്തേ ഉണ്ട് അവൾ ഒരുപാട് ഇഷ്ടപ്പെടുന്നവർ അവളെക്കാൾ കൂടുതൽ ഇമ്പോർട്ടൻസ് മറ്റുള്ളവർക്ക് കൊടുത്താൽ അപ്പൊ കുശുമ്പ് എടുക്കും.. പണ്ട് രാമേട്ടനും വന്ദു അമ്മയും വരുമ്പോ ഇവളെക്കാൾ മുൻപെങ്ങാനും എന്നെ മൈൻഡ് ചെയ്താൽ തീർന്നു.. അപ്പൊ പിണങ്ങും.. പിന്നെ ആ രണ്ടെണ്ണം പിന്നാലെ നടക്കണം ഇവളുടെ… ആ സ്വഭാവത്തിന് പക്ഷേ ഇപ്പോഴും മാറ്റമില്ല എന്ന് കണ്ടപ്പോ ചിരിച്ചുപോയതാ… മീര നിധിയെ നോക്കി ഒരു കളിയാക്കി ചിരിയോടെ പറഞ്ഞു…

എന്താ ഇപ്പൊ അങ്ങനെ തോന്നാൻ… അവൻ ചോദിച്ചു…

ദേ ചേട്ടായി മക്കളേം കൊണ്ടുപോയപ്പോൾ ഒരുത്തി മുഖവും വീർപ്പിച്ചു കണ്ണും നിറച്ച് നിൽക്കുന്നു…

എന്തിന്… മീര പറഞ്ഞത് കേട്ടതും ശിവ നിധിയെ മിഴിച്ച് നോക്കികൊണ്ട്‌ ചോദിച്ചു…

ചേട്ടായി ഇവളെ ഒന്ന് വിളിച്ചതുപോലും ഇല്ലല്ലോ മക്കളേം കൊണ്ടുപോകുമ്പോൾ എന്ന്… അതിന് കണ്ണും നിറച്ച് മുഖവും വീർപ്പിച്ചു നിൽപ്പാണ് ആള്…

അത്.. അതുപിന്നെ മക്കളേം കൊണ്ട് പോകുന്ന നേരത്തുപോലും നീ വരുന്നോ എന്നൊരു ചോദ്യം വന്നില്ലല്ലോ.. അതിന്റെ ഒരു സങ്കടത്തിൽ… നിധി ചമ്മലോടെ പറഞ്ഞു….

പിന്നെ നീ ചെയ്ത പുണ്യപ്രവർത്തിക്ക് നിന്നെ മാലയിട്ട് സ്വീകരിക്കും അങ്ങേര്.. വല്ലതും മിണ്ടിയാൽ തന്നെ വല്യ കാര്യം… മീര ഒരു കളിയോടെ പറഞ്ഞു… മീര അത് പറഞ്ഞതും നിധിയുടെ മുഖം മങ്ങി..

മീര… ശിവ നിധിയുടെ മങ്ങിയ മുഖം കണ്ടതും ശാസനയോടെ വിളിച്ചു..

ഏയ്യ്… വേണ്ടാ ശിവേട്ടാ.. അവൾ പറഞ്ഞതിൽ തെറ്റൊന്നും ഇല്ല… ഞാനും ഇച്ചായനും കൂടെ ഇരിക്കുമ്പോൾ ഞങ്ങളുടെ ഇടയിൽ വാക്കുകൾക്ക് ഒരു ക്ഷാമവും ഉണ്ടാവാറില്ല… ആ ഞങ്ങൾ ഇന്ന് പരസ്പരം സംസാരിക്കാൻ ഒന്നുമില്ലാതെ ഇങ്ങനെ നിന്നിട്ടുണ്ടെങ്കിൽ അതിന് ഞാൻ തന്നെ ആണ് കാരണം.. എന്റെ പ്രവർത്തികൾ ആണ് കാരണം… നിധിയുടെ വാക്കുകൾ ഇടറിയിരുന്നു…

നിധി.. ഡാ… ഞാൻ ചുമ്മാ നിന്നെ ചൊറിയാൻ പറഞ്ഞതല്ലേ.. എന്റെ പണ്ടത്തെ നിധി ആണെങ്കിൽ എനിക്ക് ഇപ്പൊ നല്ല മറുപടി കിട്ടിയേനെ.. ഇതിപ്പോ നീ വല്യ കളക്ടർ ഒക്കെ ആയപ്പോ ക്രൈ ബേബി ആയിപ്പോയല്ലോ.. അയ്യേ.. മീര നിധിയെ കളിയാക്കികൊണ്ട് പറഞ്ഞു…

ദേ പെണ്ണേ ക്രൈ ഞാനല്ല നീയാ.. ഓർമയില്ലേ കോളേജിലെ സീനിയേഴ്‌സ് നിന്നെ അല്ലേ അങ്ങനെ വിളിച്ചിരുന്നേ… നിധി ഒരു കുസൃതി ചിരിയോടെ പറഞ്ഞു..

ഏഹ്ഹ്.. അതെന്താ സംഭവം.. കോളേജിലെ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു കാര്യം ഇവൾ പറഞ്ഞിട്ടില്ലല്ലോ… ശിവ കാര്യം അറിയാനുള്ള ത്വരയോടെ ചോദിച്ചു…

അയ്യടാ.. ഭാര്യയേ കളിയാക്കിയത് കേൾക്കാൻ എന്താ ഒരിഷ്ടം.. മീര ശിവയെ നോക്കി കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു..

താൻ പറയെടോ.. എന്താ അങ്ങനെ ഒരു പേര് വരാൻ കാരണം… ശിവ മീര പറഞ്ഞത് കേട്ടിട്ടേ ഇല്ലാത്ത പോലെ നിധിയോട് ചോദിച്ചു…

വേറെ ഒന്നുമില്ല ശിവേട്ടാ.. ഞങ്ങൾ കോളേജിൽ ജോയിൻ ചെയ്ത സമയത്ത് ഞങ്ങളെ റാഗിങ്ങിന് തേർഡ് ഇയറിലെ ചേട്ടന്മാരാണ് പിടിച്ചത്.. ഞാനും ഇവളും ഏതാണ്ട് ഒരേ സമയത്താണ് അവരുടെ മുന്നിൽ പെട്ടത്.. അന്ന് ഞങ്ങൾ പരിചയത്തിൽ ആയിട്ടില്ല.. എന്നോട് സൈക്കിൾ ചവിട്ടുന്ന പോലെ കാണിക്കാൻ പറഞ്ഞപ്പോൾ ഇവളോട് ആ മഞ്ജുവാര്യർ കഴുത പുറത്ത് നിന്ന് ഇറങ്ങുന്ന സീൻ ഇല്ലേ അത് പാട്ട് പാടി അഭിനയിക്കാൻ ആണ് പറഞ്ഞത്.. സംഭവം ഉഗ്രൻ ആയിട്ട് ചെയ്യ്തു കേട്ടോ ഇവൾ.. മഞ്ജുവാര്യർക്ക് വരെ ഇത്രേം ഒറിജിനാലിറ്റി ഉണ്ടായിട്ടുണ്ടാവില്ല..

എന്നിട്ട്….

എന്നിട്ടെന്താ… അവൾ അത് അഭിനയിച്ച് കഴിഞ്ഞതും ആ ചേട്ടന്മാരും അവിടെ ഉള്ളവരും എന്തിന് ഞാൻ അടക്കം ചിരിച്ചുപോയി.. അതോടുകൂടി ഇവൾ അങ്ങോട്ട് കരഞ്ഞെങ്കിലോ.. അതും ഓരിയിട്ട് കരയുന്നതുപോലെ ഉറക്കെ.. ഞങ്ങൾ എല്ലാവരും ഞെട്ടിപ്പോയി.. ആ ചേട്ടന്മാരും പേടിച്ചു.. അവർ പിന്നെ കുറേ അതുമിതും ഒക്കെ പറഞ്ഞാണ് ഇവളെ സമാധാനിപ്പിച്ചത്.. അതോടെ കോളേജിൽ ആശാത്തിക്ക് വീണ പേരാണ് ക്രൈ ബേബി എന്നത്… നിധി മീരയെ നോക്കി ഒരു ആക്കി ചിരിയോടെ പറഞ്ഞു നിർത്തി…

ശിവയും അവളെ കളയാക്കി ചിരിച്ചുകൊണ്ടിരുന്നു.. അതുകണ്ടതും മീര ദേഷ്യത്തോടെ അവിടെ നിന്നും ചവിട്ടിതുള്ളി ഉള്ളിലേക്ക് പോയി.. നിധിയും ശിവയും ഒരു ചിരിയോടെ അവളുടെ പിന്നാലെ ഉള്ളിലേക്ക് പോയി…

തുടരും…