രചന :കണ്ണൻ്റെമാത്രം
ഇച്ചായാ….. റൂമിലെ തന്റെ തുണികൾ അടുക്കിപ്പെറുക്കി ബാഗിലേക്ക് വയ്ക്കുന്ന ആന്റണിയുടെ അടുത്തെത്തി പേടിയോടെയാണ് മാഗി വിളിച്ചത്.. വിളിച്ചത് മാത്രേ അവർക്ക് ഓർമ്മയുള്ളൂ അടുത്തനിമിഷം മുഖമടച്ചു കിട്ടിയ അടിയിൽ അവർ തറയിലേക്ക് വീണിരുന്നു…. ആന്റണി അവരെ തല്ലി എന്ന് അവർക്ക് വിശ്വസിക്കാൻ പറ്റിയില്ല… ഇത്രയും കാലത്തിനിടക്ക് വഴക്കും വക്കാണവുമൊക്കെ നടക്കുമെങ്കിലും തനിക്ക് നേരെ ഒന്ന് കൈപ്പോലും ഉയർത്താത്ത ആളാണ് ഇപ്പോൾ തന്നെ തല്ലിയിരിക്കുന്നത്…ഇച്ചായാ… അവർ അവിശ്വാസത്തോടെ വിളിച്ചു…വിളിക്കരുത് നീയെന്നെ… നിന്നെ കാണുമ്പോൾ തന്നെ കൊല്ലാൻ തോന്നുന്നുണ്ട് എനിക്ക്… എന്ത് ധൈര്യത്തിൽ ആടി നീ ഇവിടെ ഇതൊക്കെ ചെയ്തുകൂട്ടിയത്.. ഇപ്പൊ എന്തായി ഇറങ്ങിപ്പോകേണ്ടി വരല്ലേ ഇവിടെ നിന്ന്.. ഇനി എങ്ങനെ ജീവിക്കും എന്ന് കരുതിയിട്ടാണ്… ഏഹ്ഹ്… നിന്റെ ആ മുടിയനായ പുത്രൻ നോക്കും നമ്മളെ എന്ന് കരുതിയോ…. അയാൾ അരിശത്തോടെ അവരോട് മുരണ്ടു…
ഇച്ചായാ… ഞാൻ വേണമെന്ന് കരുതിയിട്ടില്ല… അവർ ഭയങ്കര ഭരണം ആയിരുന്നു മുൻപൊക്കെ… ഇപ്പൊ അവരെ ഇങ്ങനെകിട്ടിയപ്പോ എന്റെ ആദ്യത്തെ ദേഷ്യം ഒക്കെ ഒന്ന് തീർത്തതാ… അതിനിടയിൽ ജോ കയറി വരുമെന്നോ അവൻ ഇത് ഇത്രയും പ്രശ്നമാക്കുമെന്നോ ഞാൻ കരുതിയില്ല… അവർ തന്റെ ഭാഗം വ്യക്തമാക്കി….ആഹ്ഹ്… എന്തായാലും ഇപ്പൊ സമാധാനമായല്ലോ.. ഇനിയിപ്പോ വാടകവീട് നോക്കി നടക്കാം.. അതുമാത്രമോ ഇനിയെങ്ങനെ ജീവിക്കും… ഇവിടെ ജീവിക്കുമ്പോൾ ഒന്നും അറിയേണ്ട ആവശ്യം ഇല്ലാ… ഇനി അങ്ങനെയല്ലല്ലോ…. അയാൾ ദേഷ്യത്തോടെയും വിഷമത്തോടെയും പറഞ്ഞു….
വാടകവീടോ… അപ്പൊ നമ്മുടെ വീടോ… അവർ ആശ്ചര്യത്തോടെ ചോദിച്ചു….നീ എന്റെ കൈവാക്കിൽ നിന്ന് മാറിനിന്ന് സംസാരിച്ചോ മാഗി.. നിനക്കല്ലെടി നമ്മുടെ സ്വത്തൊക്കെ വിറ്റ് ജേക്കബിന്റെ ബിസിനസ്സിൽ പാർട്ണഷിപ് കൂടാൻ നിർബന്ധം ആയിരുന്നത് നാ******ളെ… അവൾക്ക് തെരെസയെപ്പോലെ കാശുക്കാരി ആയി ജീവിക്കണം പോലും… നിന്റെ നിർബന്ധത്തിനല്ലേ അന്ന് അങ്ങനെ ചെയ്യ്തത്… എന്നിട്ടെന്തായി ഒരു സുപ്രഭാതത്തിൽ അയാളെങ്ങോട്ട് ആത്മഹത്യ ചെയ്യ്തു… ബിസിനസ്സും പൊളിഞ്ഞു… കടങ്ങൾ മാത്രം മിച്ചം… ഞാനും ജോനാഥനും കൂടി ബാക്കി ഉണ്ടായിരുന്ന സ്വത്തുക്കൾ ഒക്കെ വിറ്റിട്ടാ ബാധ്യതകൾ ഒക്കെ അവസാനിപ്പിച്ചത്… അവന് കുഴപ്പം ഒന്നുമില്ല തെരെസയുടെ സ്വത്തുക്കൾ ബാക്കി ഉണ്ടല്ലോ.. അതുപോരാതെ അവർക്ക് ഇവിടെ നിന്ന് എങ്ങോട്ടും പോകണ്ട… ഇതൊന്നും പോരാതെ അവന്റെ മോൻ ഇപ്പൊ ജോയുടെ വലങ്കയ്യും ആണ്… നമ്മുടെ അവസ്ഥയോ… നിന്റെ അപ്പൻ പിന്നെ കുട്ടനിറച്ചു തന്നതുകൊണ്ട് നമ്മുടെ കൈയിൽ ഇഷ്ടംപോലെ ഉണ്ടല്ലോ… പിന്നെ നമ്മുടെ മോൻ .. ഒരു പണിക്കും പോകാതെ തിന്നുമുടിപ്പിച്ചു നടക്കുന്ന ഒരു ജന്മം … ഇനി എനിക്കൊന്ന് കാണണം നീയൊക്കെ സുഖിച്ച് ജീവിക്കുന്നത്.. അയാൾ പകയോടെ മുരണ്ടുകൊണ്ട് ബാഗിന്റെ സിബ് ദേഷ്യത്തോടെ വലിച്ചടച്ചു…മാഗി അപ്പോഴും കേട്ടകാര്യങ്ങളുടെ ഞെട്ടലിൽ ആയിരുന്നു… ഇനിയങ്ങോട്ട് തങ്ങളുടെ കഷ്ടകാലം ആയിരിക്കും എന്ന് അപ്പോൾ അവർക്ക് തോന്നി….
…………………
ആലുക്കൽ ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിലെ തന്റെ കാബിനിൽ ആയിരുന്നു ജോ… നാഗാസ് ഗ്രൂപ്പും ആലുക്കൽ ഗ്രൂപ്പും ഒന്നിപ്പിക്കാനുള്ള പേപ്പർ വർക്കുകളിൽ ആയിരുന്നു അവൻ.. പെട്ടന്നാണ് ഡോറിൽ ഒരു മുട്ടുകേട്ടത്… രഞ്ജുവോ ആൽബിയോ ആകും എന്ന് കരുതി തലയുയർത്തി നോക്കാതെ തന്നെ അവൻ അകത്തേക്ക് വിളിച്ചു… രണ്ടുനിമിഷം കഴിഞ്ഞിട്ടും അനക്കം ഒന്നും അറിയാതെ വന്നപ്പോഴാണ് അവൻ തലയുയർത്തി നോക്കിയത്.. മുന്നിൽ ഇരിക്കുന്ന ആദത്തെ കണ്ടതും അവൻ ആദ്യം ഒന്ന് ഞെട്ടി.. പിന്നെ എഴുന്നേറ്റ് ചെന്ന് നല്ലൊരു ചിരിയോടെ അവനെ പുണർന്നു….
എത്ര നാളായെടാ കണ്ടിട്ട്… അതിനെങ്ങനെയാ തറവാട്ടിൽ നിന്ന് ഒന്ന് പുറത്തേക്ക് ഇറങ്ങാൻ വരെ കൂട്ടാക്കുന്നില്ലല്ലോ നീ.. ജോ ഗൗരവത്തോടെ പറഞ്ഞു….സോറി ഡാ… എനിക്കെന്തോ കഴിഞ്ഞതൊന്നും മറക്കാൻ പറ്റുന്നില്ല… എന്റെ സ്വാർത്ഥത കാരണമല്ലേ ഇതൊക്കെ ഇത്രത്തോളം എത്തിയത് എന്നൊരു ചിന്തയാ… അന്ന് നിനക്ക് ആക്‌സിഡന്റ് നടന്ന സമയം ബാക്കി ഉള്ളവരുടെ വാക്ക് കേൾക്കാതെ ഞാൻ നിധിയുടെ കാര്യം നിന്നോട് പറഞ്ഞിരുന്നെങ്കിൽ അയാൾ നിങ്ങളുടെ ജീവിതം ഇത്രത്തോളം തകർക്കില്ലായിരുന്നു….
എന്നാര് പറഞ്ഞു.. അങ്ങനെ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അയാൾ ഞങ്ങളുടെ ജീവിതം നശിപ്പിക്കുമായിരുന്നു.. നിധിയും മക്കളും എന്റെ കൂടെ ഇല്ലാതിരുന്നതുകൊണ്ട് അവർക്ക് ആപത്തൊന്നും ഇല്ലാതെ ഇരുന്നു.. അവർ ഇവിടെ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്താവും അവസ്ഥ എന്ന് എനിക്ക് അറിയില്ല… ഇത്രയും അതികം ശത്രുക്കൾക്ക് നടുവിൽ ഞങ്ങളുടെ ജീവിതം എത്രത്തോളം സുരക്ഷിതമാകുമെന്ന് ആർക്കറിയാം… അതുകൊണ്ട് അങ്ങനത്തെ ചിന്തകൾ ഒന്നും വേണ്ടാ നിനക്ക്.. എല്ലാം നല്ലതിന് വേണ്ടിയായിരുന്നു എന്ന് കരുതിയാൽ മതി… വെറുതേ ആവശ്യമില്ലാത്തതൊന്നും ചിന്തിച്ച് നീ മനസ് വിഷമിപ്പിക്കേണ്ട… കേട്ടല്ലോ… ജോ അവനെ ആശ്വസിപ്പിച്ചെന്നോണം പറഞ്ഞു…മ്മ്… ആദം അതിനൊന്ന് മൂളിയതേ ഉള്ളൂ…
അതൊക്കെ വിട്ടേ.. നീ എന്നാ ഇനി ഓഫീസിലേക്ക്… ഇങ്ങനെ ചുമ്മാ ഇരുന്ന് കളയണ്ടതാണോ ഈ ജീവിതം… ജോ ഗൗരവത്തോടെ ചോദിച്ചു….അത് പറയാനും കൂടിയാണ് ഞാൻ വന്നത്… ഞാൻ ഇനി ഓഫീസിലേക്ക് ഇല്ലാ ജോ… അയാൾ ആഗ്രഹിച്ച സ്വത്തുക്കളിൽ ഒരു തരത്തിലും ബന്ധം ഉണ്ടാവാൻ പാടില്ല എനിക്ക്… ആദം പകയോടെ മുരണ്ടു.. സേവിയറിനോടുള്ള പക അവന്റെ ശബ്ദത്തിൽ തെളിഞ്ഞു കാണാം… ഒരുപക്ഷേ ഇതായിരിക്കാം അയാൾക്കുള്ള ഏറ്റവും വലിയ ശിക്ഷ.. മരിച്ചു മണ്ണടിഞ്ഞിട്ടും സ്വന്തം ചോരക്ക് തന്നോടുള്ള പക അയാളെ അയാളുടെ ശവകല്ലറയിൽ പോലും പൊള്ളിക്കുന്നുണ്ടാവും… ജോ ആലോചിച്ചു..
ആദം എന്താടാ ഇത്… നീ എന്തിനാ ഇങ്ങനെ എല്ലാം ചിന്തിക്കുന്നത്… ജോ വേദനയോടെ ചോദിച്ചു…അറിയില്ലെടാ.. എനിക്കെന്തോ എന്നെത്തന്നെ വിശ്വാസമില്ല ഇപ്പോൾ.. ഒന്നുമില്ലെങ്കിലും അയാളുടെ ചോരയല്ലേ ഞാൻ.. ഇന്നല്ലെങ്കിൽ നാളെ അയാളെപ്പോലെ ചിന്തിക്കാൻ തോന്നിയാലോ എനിക്ക്… എനിക്ക് പേടിയാടാ.. അറിഞ്ഞോ അറിയാതെയോ നിന്നെ ദ്രോഹിക്കേണ്ട അവസ്ഥ വന്നാൽ… അതാ ഞാൻ ഈ നാട്ടിൽ നിന്ന് തന്നെ മാറി നിൽക്കാം എന്ന് കരുതിയത്…ആദം… എന്താടാ ഇത്… നാട്ടിൽ നിന്ന് മാറിനിൽക്കുകയോ… എന്തൊക്കെയാ നീ ഈ പറയുന്നത്… ജോ വിശ്വാസം വരാത്തപ്പോലെ ചോദിച്ചു….
അതേടാ… ഈ നാട്ടിൽ നിൽക്കുമ്പോൾ ഒരിക്കലും ഒന്ന് മനസ്സമാധാനമായി ഉറങ്ങാൻ പോലും എനിക്കോ അമ്മക്കോ കഴിയില്ല… അയാൾ ചെയ്തുകൂട്ടിയ കാര്യങ്ങൾ ഞങ്ങളെ ഇങ്ങനെ വേട്ടയാടിക്കൊണ്ടിരിക്കും… അതാ ഞാൻ പുറത്തേക്ക് എവിടേക്കെങ്കിലും മൈഗ്രേറ്റ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചത്… അതിനുവേണ്ടിയുള്ള ശ്രമങ്ങളിൽ ആയിരുന്നു ഞാൻ.. ഇപ്പോഴാ എല്ലാം റെഡി ആയത്.. സ്പെയിനിൽ ഒരു ജോബ് സെറ്റ് ആയിട്ടുണ്ട്… സ്പാനിഷ് സംസാരിക്കാൻ അറിയുന്നത് വലിയ ഒരു അനുഗ്രഹമായി… അടുത്ത ആഴ്ച അങ്ങോട്ട് പോകാം എന്ന് കരുതുന്നു.. എല്ലാം തീരുമാനിച്ചിട്ടാണ് നീ വന്നത് അല്ലേ.. ശരി ഞാൻ തടുക്കുന്നില്ല.. നിനക്ക് സമാധാനം കിട്ടുന്നിടത് നീ ജീവിക്ക്… ജോ വിഷമത്തോടെ പറഞ്ഞു….വിഷമിക്കല്ലെടാ…. പറ്റാഞ്ഞിട്ടാണ്… ഇവിടെ നിന്നാൽ ഓരോ നിമിഷവും അയാളുടെ ഓർമ്മകൾ എന്നിലും അമ്മയിലും നിറയും… അത് ഇല്ലാതെ ആകണമെങ്കിൽ ഇവിടെ നിന്ന് ഒന്ന് മാറി നിന്നേ പറ്റുള്ളൂ… ഇപ്പോഴായാൽ മോളെ സ്കൂളിൽ ചേർത്താറാവുമ്പോഴേക്കും അവിടെ ഒന്ന് സെറ്റ് ആവാം ഞങ്ങൾക്ക്…. ആദംപറഞ്ഞു
മ്മ്… ടിക്കറ്റ് എടുത്തോ നീ എന്നേക്കാ ഫ്ലൈറ്റ്…
അടുത്ത ശനിയാഴ്ച വൈകീട്ടാണ് … ആരോടും പറഞ്ഞിട്ടില്ല ഞാൻ.. ജൂലിക്കും അമ്മക്കും വരെ അറിയില്ല കാര്യങ്ങൾ… ആദ്യം നിന്നോട് പറയണം എന്ന് തോന്നി… അതാ നേരെ ഇങ്ങോട്ട് വന്നത്… ഇനി വേണം അവരോടെല്ലാം പറയാൻ… ആർക്കും താൽപ്പര്യം ഉണ്ടാകില്ല.. പക്ഷേ ഇത് ഒഴിവാക്കാൻ പറ്റില്ല….മ്മ്… ജോ ഒന്ന് മൂളി.. അവന് ഉള്ളിൽ അത്രയും വിഷമം തോന്നുന്നുണ്ടായിരുന്നു… ഇടയിൽ കുറച്ചൊരു അകൽച്ച വന്നെങ്കിലും അവന് ഒത്തിരി പ്രിയപ്പെട്ടതായിരുന്നു ആദം… ജോയുടെ മുഖത്തെ വിഷമം കണ്ടതും ആദത്തിനും വിഷമം ആയി.. അവൻ ജോയെ മുറുക്കെപ്പുണർന്നു….
വിഷമിക്കല്ലെടാ… എത്രയൊക്കെ അകലെ ആണെങ്കിലും എനിക്ക് ഒത്തിരി പ്രിയപ്പെട്ടവൻ ആണ് നീ… അതിനൊരിക്കലും മാറ്റം ഉണ്ടാവില്ല.. ആദം നിറഞ്ഞ കണ്ണോടെ അത്രയും പറഞ്ഞുകൊണ്ട് അവനെ വിട്ടകന്നു…പോട്ടെ… പോകുന്നതിനു മുൻപ് ചെയ്തുതീർക്കാൻ കുറേ കാര്യങ്ങൾ ഉണ്ട്.. ശനിയാഴ്ച നിന്നെ ഞാൻ പ്രതീക്ഷിക്കും…. അത്രയും പറഞ്ഞുകൊണ്ട് ആദം ജോയ്ക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു പുറത്തേക്ക് പോയി… അവന്റെ പോക്ക് നോക്കി നിന്ന ജോയുടെ കണ്ണിൽ നിന്നും ഒരു നീർതുള്ളി കവിളിലേക്ക് ചാലിട്ടു….
……തുടരും…….
റിവ്യൂസ് പോന്നോട്ടെ ട്ടോ…

by