15/04/2026

സായൂജ്യം : ഭാഗം 05

രചന – അഞ്ജു തങ്കച്ചൻ

ഭാമ തുണി മടക്കി അലമാരയിൽ അടുക്കി വയ്ക്കുകയാണ്.

കുഞ്ഞെവിടെ ,? അയാൾ ചോദിച്ചു.

ലളിതച്ചേച്ചിയുടെ കൈയിൽ ഉണ്ട്.

ഉം….അതേയ്…

എന്താ സത്യാ…?
മൂന്ന് മാസം മുൻപ് നീയെന്നെ ഫോണിൽ വിളിച്ചില്ലേ, എന്നിട്ട് എന്നോട് ക്ഷമിക്കണം സത്യാ എന്ന് പറഞ്ഞില്ലേ
അതെന്തിനായിരുന്നു?

ഓഹ് അതോ?

ആം

ആവോ.. ഞാൻ ഓർക്കുന്നില്ല.

നീയൊന്ന് ഓർത്തുനോക്കിക്കേ.

എന്തിന്?

സാധാരണ നീയങ്ങനെ, എന്നോട് ക്ഷമിക്കണം എന്നൊന്നും നീ പറയാറില്ലല്ലോ.

അത് ഞാൻ വല്ല വഴക്കും ഉണ്ടാക്കി പിണങ്ങി ഇരുന്നപ്പോൾ പറഞ്ഞതായിരിക്കും.

അതിനപ്പോൾ നമ്മൾ പിണങ്ങിയൊന്നും ഇല്ലായിരുന്നു.

ആ… ഞാൻ ഓർക്കുന്നു പോലുമില്ല സത്യാ…

ആ പതിനാലാം തിയതി എന്താ സംഭവിച്ചത്?

എന്ത് സംഭവിക്കാൻ? പതിവ് പോലെ നമ്മുടെ മോളുടെ കാര്യങ്ങൾ ഒക്കെ നോക്കി, ലളിത ചേച്ചിയെ അടുക്കളയിൽ ഇത്തിരി സഹായിച്ചു. എല്ലാ ദിവസവും ഇങ്ങനൊക്കെ തന്നെയാ.

അതല്ല നീയിതൊന്നു നോക്കിക്കേ… അയാൾ തന്റെ ഫോൺ ഓണാക്കി. ഉമ മുരളിയുടെ കൈയും പിടിച്ച് പോകുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടതും. അവളുടെ മുഖത്തു ഭയം നിറഞ്ഞു. മുഖമാകെ വിയർപ്പിൽ കുതിർന്നു.
ഉടൽ ഭയങ്കരമായി വിറകൊണ്ടു.

ഇത്… എങ്ങോട്ട് പോകുന്നതാ… അയാളുടെ ശബ്ദം കേട്ടതും…. അവൾ കണ്ണുകൾ ഉയർത്തി അയാളെ നോക്കി.

ഭയംകാരണം അവളുടെ കണ്ണുകൾ ചുവന്നു, അവൾ അയാളെ മിഴിച്ചു നോക്കി.

പറ… ഇതെങ്ങോട്ടാണ് പോകുന്നത്?

ഒരിക്കൽ കൂടെ ആ ചോദ്യം കേട്ടതും അവൾ വിറച്ചുവിറച്ചു താഴെ വീണു.
കൈകൾ ഉയർത്തി അയാൾക്ക്‌ നേരെ എന്തോ പറയാൻ ആഞ്ഞു.

ഒറ്റ നിമിഷത്തെ പരിഭ്രമം മറന്ന് അയാൾ അവളെ കൈകളിൽ താങ്ങി തന്നിലേക്ക് ചേർത്തിരുത്തി..

മോളെ… പേടിക്കരുത്, സത്യ കൂടെത്തന്നെയുണ്ട്. ഭയക്കണ്ട… എന്താ പറ്റിയത്. ആയാളോടൊപ്പം എവിടെക്കാ പോയത്… പറ.

എന്തോ പറയാൻ വെമ്പിയതും, അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു പോയി. ബോധരഹിതയായി അവൾ അയാളുടെ കൈകളിൽ തളർന്നു വീണു.

തന്റെ ഉമ അന്ന് അനുഭവിച്ച ഭയമാണ് ഇവളിൽ ഇപ്പോൾ കണ്ടത്.

പക്ഷെ, പേടിച്ചരണ്ട് ബോധരഹിതയായ ഈ കുട്ടിയോട് ഇനിയും എങ്ങനെ ചോദിക്കാനാണ്.

പക്ഷെ ചോദിക്കാതെ തരമില്ല, എന്തായാലും തനിക്കറിഞ്ഞേ പറ്റൂ..

അയാൾ പതിയെ അവളെ കൈകളിൽ എടുത്ത് കട്ടിലിൽ കിടത്തി.

ഭാമേ…. അയാൾ പതിയെ അവളുടെ മുഖത്തു തട്ടി വിളിച്ചു.

അവൾ പതിയെ കണ്ണുതുറന്നു.

സത്യാ…

അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു. തുണി മടക്കിക്കൊണ്ടിരുന്നപ്പോൾ പെട്ടന്ന് കണ്ണിൽ ഇരുട്ട് കയറുമ്പോലെ തോന്നി.ബിപി കുറഞ്ഞതായിരിക്കും

അവൾ സാരിയുടെ തുമ്പെടുത്തുമുഖം തുടച്ചു.

ബാക്കി തുണികൾ കൂടി മടക്കി വയ്ക്കാൻ തുടങ്ങി.

അതേ നാളെ നമുക്ക് എന്റെ വീട് വരെ ഒന്ന് പോകണം കേട്ടോ സത്യാ..

പോകാം.

ഒത്തിരി നാളായി വീട്ടിൽ പോയിട്ട് എന്ന് തോന്നുമ്പോലെയാ ഇപ്പോൾ, എന്തെന്നറിയില്ല എല്ലാവരെയും കാണാൻ വല്ലാത്ത കൊതി തോന്നും പോലെ.

അതെന്താ അങ്ങനെ?

എന്താന്നറിയില്ല. എന്തൊക്കെയോ മടുപ്പിക്കുന്ന ചിന്തകളാണ് മനസ് നിറയെ, എന്താന്ന് ചോദിച്ചാൽ എനിക്ക് അറിയുകയും ഇല്ല.

സാരമില്ല. നമുക്ക് നാളെ വീട്ടിൽ പോകാം.

ഉം…

എനിക്ക് വേറൊരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു.

എന്താ സത്യാ?

ഇവിടെ മതിൽ പണിയാൻ വന്ന മുരളിയെക്കുറിച്ച് എന്താ അഭിപ്രായം?

ഒരാളെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആരാ സത്യാ… എനിക്കറിയില്ല.

എന്നാലും അയാൾ ഇവിടെ കുറച്ചു ദിവസം പണിയാൻ വന്നതല്ലേ അതാ ഞാൻ ചോദിച്ചത്.

ഞാനത് ഓർക്കുന്നു പോലുമില്ല സത്യാ…അവൾ നെറ്റി ചുളിച്ചു.

അതല്ല. പുള്ളി ഒരു പെൺകുട്ടിയെയും കൊണ്ട് നാട് വിട്ടു എന്നൊക്കെ കേൾക്കുന്നു. അതാ..

ഉവ്വോ… പോകുന്നവർ പോകട്ടെ. ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചവർ ഒരുമിച്ചു ജീവിക്കട്ടെ അത് നല്ലതല്ലേ.

അതല്ല…

പിന്നെ?

അയാളെയും ആ പെൺകുട്ടിയെയും ഉമ അറിയും. ആ പെൺകുട്ടിയുടെ പേരും ഉമ എന്ന് തന്നെയാണ്.

ഞാൻ അറിയില്ല… ഈ പറഞ്ഞ മുരളിയെ പോലും ഞാൻ അറിയില്ല. ഉമ എന്ന പേരിൽ എന്നെയല്ലാതെ ഞാൻ ഇതുവരെയും ആരേം കണ്ടിട്ടില്ല.

ഉം…

സത്യ പോയി മോളെ ഇങ്ങ് എടുത്തുകൊണ്ടു വന്നേ എനിക്കവളെ കുറച്ചു നേരം കാണാതിരിക്കുമ്പോൾ തന്നെ ആധിയാണ്.

ഈശ്വര…. എങ്ങനെയാണ് ഞാൻ ഈ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നത്?
എനിക്കൊരെത്തും പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ…

അയാൾ ആകെ ധർമ്മസങ്കടത്തിൽ ആയി.

********
തുടരും.