The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കണ്ണന്റെ മാത്രം
ജോ… തെരേസ പേടിയോടെ വിളിച്ചു…
എന്തിന് വേണ്ടിയാ നിങ്ങൾ എല്ലാം കൂടി എന്റെ ജീവിതം ഇതുപോലെ തകർത്തത്.. അതിനും മാത്രം എന്ത് തെറ്റാണ് ഞാൻ നിങ്ങളോടൊക്കെ ചെയ്യ്തത്… പറയ്… പറയാൻ… ആദ്യം ദയനീയമായും പിന്നെ ദേഷ്യത്തിലും ജോ ചോദിച്ചു…
അത് ജോ…
വേണ്ടാ… ഒന്നും പറയണ്ട.. ഇനി അതിന് നിങ്ങൾ തരുന്ന വിശദീകരണം ചിലപ്പോ എന്റെ ചങ്ക് തകർക്കുന്നത് ആണെങ്കിലോ… എന്തായാലും എന്നെയും കുടുംബത്തെയും ഇല്ലാതെയാക്കാൻ കൂട്ട് നിൽക്കാൻ തോന്നിയില്ലല്ലോ… അതിന് ഒരുപാട് നന്ദി ഉണ്ട്… ജോ തെരേസ്സയുടെ നേരെ കൈകൂപ്പിക്കൊണ്ട് പറഞ്ഞു…
എന്റെ മകൻ ഒന്നും അല്ലാതെ ആയി ഇരിക്കുമ്പോൾ നീ ഉയർന്ന് പോയത് എനിക്ക് ഇഷ്ടമായില്ല.. അതിന്റെ ദേഷ്യത്തിലും അസൂയയിലും പിന്നെ ഹന്ന നിന്റെ ഭാര്യയായി വന്നാൽ ബിസിനസ് പരമായി ഞങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന ഗുണവും ആലോചിച്ചപ്പോൾ ചെയ്തു പോയതാണ് എല്ലാം.. പക്ഷേ ഒരിക്കലും നിന്നെ ഇല്ലാതാക്കണം എന്ന് ചിന്തിച്ചിട്ടില്ല ഞാൻ…ക്ഷമിക്കണം എന്ന് ഞാൻ പറയുന്നില്ല.. കാരണം എനിക്കറിയാം ഒരിക്കലും ക്ഷമിക്കാൻ പറ്റാത്തതാണ് ഞാൻ ചെയ്തുകൂട്ടിയത് മുഴുവൻ എന്ന്… അവർ കുറ്റബോധം നിറഞ്ഞ ശബ്ദത്തോടെ പറഞ്ഞു…
അവർ അത്രയൊക്കെ പറഞ്ഞിട്ടും ജോ ഒന്നും മിണ്ടാതെ തല കുനിച്ച് ഇരുന്നതേ ഉള്ളൂ… മുഖമുയർത്തി അവരെ ഒന്നു നോക്കാൻ വരെ അവൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം….
ഞാൻ ഇറങ്ങട്ടെ… അവൻ തന്നെ ഒന്ന് നോക്കാൻ കൂടി താൽപ്പര്യപെടുന്നില്ല എന്ന് തോന്നിയതും അവർ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവിടെ നിന്നും ഇറങ്ങി….
അവർ പോയതും ജോ തന്റെ മുഖം ഉയർത്തി.. അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു.. സ്വത്തുക്കൾക്ക് വേണ്ടി തന്റെ സ്വന്തബന്ധങ്ങൾ തന്നെയാണ് തന്റെ ജീവിതം ഇങ്ങനെ ആക്കിയത് എന്നത് അവനെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്…. പക്ഷേ അപ്പോഴും അവൻ അറിഞ്ഞില്ല ഇനി അറിയാനിരിക്കുന്ന കാര്യങ്ങൾ അവനെ അടിമുടി തകർക്കാൻ കഴിവുള്ള കാര്യങ്ങൾ ആണെന്ന്… വിശ്വാസ വഞ്ചന എത്രത്തോളം ഭയാനകമാണെന്ന്…
………………
അന്ന് വൈകീട്ട് ഓഫീസിലെ വർക്ക് കഴിഞ്ഞ് ഇറങ്ങാൻ നേരത്താണ് ജോയുടെ നമ്പറിലേക്ക് ഒരു കാൾ വരുന്നത്… വിളിക്കുന്ന ആളെ കണ്ടതും ഒരു സംശയത്തോടെ ആണ് അവൻ കാൾ എടുത്തത്…
ഹലോ….
**********
മ്മ്.. ഞാൻ വരാം.. എവിടെയാ വരേണ്ടത്…
***********
ശരി.. അവിടെ കാണാം… ജോ അത് പറഞ്ഞതും മറുസൈഡിൽ ഫോൺ കട്ട് ആവുന്ന ശബ്ദം അവൻ കേട്ടു… അവൻ കുറച്ച് നേരം എന്തോ ആലോചിച്ചു നിന്നു.. പിന്നീട് അവൻ ലാപ്ടോപ് ബാഗും എടുത്ത് പുറത്തേക്ക് പോയി…
…………………
നിധി അന്ന് വീട്ടിൽ എത്തിയത് കുറച്ച് വൈകീട്ട് ആയിരുന്നു.. ഒരു സൈറ്റ് വിസിറ്റ് ഉണ്ടായിരുന്നു.. കുറച്ച് അകലെ ആയിരുന്നു അത്.. അവിടെ പോയി വരാൻ ഇത്തിരി സമയം എടുത്തു… അവൾ വീട്ടിലേക്ക് കയറുമ്പോൾ മക്കൾ രണ്ടാളും അവിടെ ഇരുന്ന് ഹോം വർക്ക് ചെയ്യുന്നതാണ് കണ്ടത്.. അവൾ അവരുടെ തലയിലായി ഒന്ന് തഴുകികൊണ്ട് കണ്ണുകൾ കൊണ്ട് ചുറ്റും ഒന്ന് നോക്കി.. പ്രതീക്ഷിച്ച ആളെ അവിടെ ഒന്നും കാണാൻ പറ്റാതെ ആയതും അവൾ കുഞ്ഞുങ്ങളോട് ചോദിച്ചു…
പപ്പ വന്നില്ലേ മക്കളെ…. അവൾ അവരോട് ചോദിക്കുന്നത് കേട്ടാണ് സത്യാമ്മ വന്നത്…
വന്നു മോളെ.. മുഖമൊക്കെ ആകെ വല്ലാതെ ആയിട്ടാണ് വന്നത്… സുഖമില്ല എന്ന് തോന്നുന്നു..ഒന്നും കുടിക്കേ കഴിക്കേ ഒന്നും ചെയ്തില്ല… അവർ പറഞ്ഞു..
ആണോ.. ഞാൻ ഒന്ന് നോക്കട്ടെ.. ചിലപ്പോ തല വേദന ആവും.. അത് വന്നാൽ ആള് പിന്നെ ഇങ്ങനെ ആണ്… അതും പറഞ്ഞ് അവൾ റൂമിലേക്ക് പോയി..
ആകെ ഇരുട്ട് നിറഞ്ഞ മുറിയാണ് അവളെ വരവേറ്റത്… തപ്പിപിടിച്ച് ലൈറ്റ് ഇട്ടപ്പോൾ ആണ് ബെഡിൽ കണ്ണിനു മുകളിൽ കൈവച്ച് കിടക്കുന്ന ആളെ കണ്ടത്…
ഇതെന്താ ഇച്ചായാ… ലൈറ്റ് ഒന്നും ഇടാതെ കിടക്കുന്നത്… വന്നപ്പോ മുഖം വല്ലാതെ ഇരിക്കുന്നുണ്ടായിരുന്നു എന്ന് പറഞ്ഞു സത്യാമ്മ… എന്ത് പറ്റി…. തലവേദന ഉണ്ടോ…. അവൾ ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്നും മിണ്ടാതെ കിടക്കുന്ന ജോയെ നിധി ടെൻഷനോടെ നോക്കി….
എന്താ ഇച്ചായാ.. തീരെ വയ്യേ… ഡോക്ടറുടെ അടുത്തേക്ക് പോണോ… നിധി അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ മുടിയിൽ തഴുകിക്കൊണ്ട് ചോദിച്ചു….
അടുത്തനിമിഷം ജോ എഴുന്നേറ്റ് അവളെ ശക്തമായി പുണർന്നു… കണ്ണുനീരിന്റെ നനവ് അറിഞ്ഞപ്പോൾ ആണ് അവൻ കരയുകയാണെന്ന് അവൾക്ക് മനസിലായത്…
എന്താ ഇച്ചായാ… കാര്യം പറയ്… എന്നെ ഇങ്ങനെ ആധി പിടിപ്പിക്കല്ലേ… അവൾ വെപ്രാളത്തോടെ പറഞ്ഞു….
എന്നിട്ടും ഒന്നും മിണ്ടാതെ തന്നെ പുണർന്നിരിക്കുന്നവന്റെ മുഖം അല്പം ശക്തമായി തന്നെ അവൾ തന്നിൽ നിന്നും അകറ്റി… കരഞ്ഞു കലങ്ങി ഇരിക്കുന്ന കണ്ണുകളും ചുവന്ന മുഖവും അവളുടെ ഉള്ളിലും നോവ് പടർത്തി…
എന്താ ഇച്ചായാ….. എന്താണെങ്കിലും പറയ്.. അപ്പോഴേക്കും അവളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു…
ഞാൻ ഇപ്പൊ വരാം നിധി.. എന്നിട്ട് പറയാം… അതും പറഞ്ഞ് അവൻ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയി… ഒന്ന് ഫ്രഷ് ആയി ഇറങ്ങി വരുമ്പോഴും തന്നെ പ്രതീക്ഷിച്ചിരിക്കുന്ന നിധിയെ കണ്ടതും അവന് സങ്കടം വന്നു.. താൻ പറയാൻ പോകുന്ന കാര്യങ്ങൾ അവളെ ആകെ തകർക്കുമോ എന്നായിരുന്നു അവന്റെ പേടി…
അവൻ അവളുടെ അടുത്തേക്ക് ചെന്നിരുന്ന് അവളുടെ രണ്ട് കൈയും കൂട്ടിപ്പിടിച്ചു.. പിന്നെ ഇന്ന് ഓഫീസിൽ നടന്നതും അതിന് ശേഷം ഫോൺ വന്ന് പോയപ്പോൾ അറിഞ്ഞതും അങ്ങനെ എല്ലാ കാര്യങ്ങളും അവളോട് തുറന്ന് പറഞ്ഞു… ഓരോന്ന് കേൾക്കും തോറും അവളുടെ മുഖത്ത് വിരിയുന്ന ഞെട്ടലും അവിശ്വസനീയതയും അവൻ നോക്കിക്കണ്ടു…. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു….
വെറുതെ വിടരുത് ഇച്ചായാ.. ഒറ്റയൊന്നിനെയും വെറുതെ വിടരുത്… എന്തിന് വേണ്ടിയാ ഇവർ ഇതൊക്കെ ചെയ്തുകൂട്ടിയത്.. കുറച്ച് സ്വത്തുക്കൾക്ക് വേണ്ടിയോ… ബന്ധങ്ങളെക്കാൾ മൂല്യം പണത്തിന് കൊടുക്കുന്ന ഇവനെപോലുള്ളവരൊക്കെ പണവും ബന്ധങ്ങളും ഇല്ലാതെ അലയണം….
മ്മ്.. ജോ ഒന്ന് മൂളിയതേ ഉള്ളൂ…
ഇനിയെന്താ ഇച്ചായന്റെ പരിപാടി… നിധി അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…
നിനക്കും എനിക്കും മക്കൾക്കും ഞാൻ സെക്യൂരിറ്റി ഏർപ്പാടാക്കിയിട്ടുണ്ട്.. അധികം വൈകാതെ തന്നെ അവരുടെ ഭാഗത്ത് നിന്ന് ഒരറ്റാക്ക് നമുക്ക് പ്രതീക്ഷിക്കാം… അത് പക്ഷേ നമ്മൾ അങ്ങോട്ട് മാറിയതിന് ശേഷം മാത്രേ ഉണ്ടാകാൻ ചാൻസ് ഉള്ളൂ.. കാരണം നമ്മൾ അങ്ങോട്ട് മാറിയാൽ അവർക്ക് നമ്മുടെ ഓരോ നീക്കങ്ങളും അറിയാൻ പറ്റുമല്ലോ… എന്തായാലും വെറുതെ ഒരു റിസ്ക് എടുക്കാൻ വയ്യാ… അതാ പിന്നെ സെക്യൂരിറ്റിയെ അറേഞ്ച് ചെയ്യ്തത്…
മ്മ്… നമ്മൾ ഈ ആഴ്ച അങ്ങോട്ട് മാറുന്നുണ്ടോ എന്നിട്ട്… നിധി ചോദിച്ചു…
നിന്റെ ഇച്ചാക്ക എന്നാ വരുന്നത് എന്ന് പറഞ്ഞത്…
ഇനി ഒരു 10 ഡേയ്‌സ് കഴിയും എന്നാ പറഞ്ഞത്..
ആ എന്നാൽ ആള് വന്നിട്ട് മാറാം… ആള് ഇവിടെ ചാർജ് എടുക്കട്ടെ… ആവശ്യം ഉണ്ട്.. അത് പറയുമ്പോൾ വല്ലാത്ത ഒരു പക ഉണ്ടായിരുന്നു അവന്റെ സ്വരത്തിൽ…
അപ്പൊ വല്യപ്പച്ചനോടും വല്യമ്മച്ചിയോടും എന്ത് പറയും… നിധി ചോദിച്ചു…
അത് ഞാൻ പറഞ്ഞോളാം.. സാരമില്ല…..
മ്മ്.. അതിന് അവൾ ഒന്ന് മൂളി….
നിധി ഇനിയൊരിക്കലും ഒന്നിന്റെ പേരിലും എന്നെ ഉപേക്ഷിച്ച് പോകരുത് നീ… എനിക്ക് നീയും മക്കളും അല്ലാതെ മറ്റാരും ഇല്ലാ എന്ന് ആലോചിക്കണം എപ്പോഴും…. അവൻ വിഷമത്തോടെ പറഞ്ഞു…
എനിക്കും ആരും ഇല്ലല്ലോ ഇച്ചായാ.. എനിക്കും ഇച്ചായനും മക്കളും മാത്രമല്ലേ എന്റേതായിട്ട് ഉള്ളൂ…. നമുക്ക് നമ്മൾ മാത്രം മതി ഇച്ചായാ… മറ്റാരും മറ്റൊന്നും വേണ്ടാ നമുക്ക്…
മ്മ്…. അവൻ അതിനൊന്ന് മൂളി…
വായോ… ഭക്ഷണം കഴിക്കാം.. വൈകീട്ട് വന്നിട്ടും ഒന്നും കഴിച്ചില്ലല്ലോ… മക്കളും പപ്പക്ക് എന്ത് പറ്റി എന്ന് കരുതുന്നുണ്ടാവും
ശരിയാ.. അവരെ ഒന്ന് നോക്കിയതുപോലും ഇല്ലാ… എല്ലാം അറിഞ്ഞപ്പോൾ ഒരു മരവിപ്പ് ആയിരുന്നു… എല്ലാം നിന്നോട് തുറന്ന് പറഞ്ഞപ്പോൾ ആണ് ഒരു സമാധാനം കിട്ടിയത്… നീ വന്ന കോലത്തിൽ അല്ലേ പോയി ഫ്രഷ് ആയി വായോ.. ഞാൻ മക്കളുടെ കൂടെ ഉണ്ടാകും… ജോ അതും പറഞ്ഞ് പുറത്തേക്ക് പോയി.. നിധി ഫ്രഷ് ആവാനും കയറി….
……………………
പിറ്റേന്ന് ഓഫീസിൽ പോകുന്ന വഴിക്ക് ജോ തറവാട്ടിൽ കയറി… കാളിങ് ബെൽ അടിച്ച് വാതിൽ തുറക്കാനായി കാത്തു നിൽക്കുമ്പോൾ ദ്രോഹിച്ച ആരും ആവരുതേ വാതിൽ തുറക്കുന്നത് എന്ന് അവൻ പ്രാർത്ഥിച്ചു… ആളുടെ മുഖം കണ്ടാൽ ചിലപ്പോ ദേഷ്യം അടക്കാൻ പറ്റിയെന്ന് വരില്ല എന്ന് അവന് അറിയാം… അവൻ അതും ആലോചിച്ചു നിൽക്കുമ്പോൾ ആണ് മുന്നിലെ വാതിൽ തുറന്നത്…
മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവൻ അയാൾക്ക് ഒരു ചിരി നൽകി ഉള്ളിലേക്ക് കയറി….
നീ എന്താ ജോ ഈ സമയത്ത്… സേവ്യർ അവനോട് ചോദിച്ചു…
ഒന്നുല്ല്യ പേപ്പാ… വല്യപ്പച്ചനെ കാണേണ്ട ഒരു കാര്യം ഉണ്ടായിരുന്നു… മേമ എന്തിയേ… ആദം പോയോ..
മ്മ്… അവൻ കുറച്ച് നേരത്തേ ഇറങ്ങി… ഇന്നെന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു.. അതിഥി അമ്പലത്തിൽ പോയിട്ട് വരാം എന്നും പറഞ്ഞ് പോയതാ.. ഇപ്പൊ വരുമായിരിക്കും… അവർ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ ആണ് ഗ്രേസിയമ്മ അങ്ങോട്ട് വന്നത്… അതോടെ ജോയുടെ മുഖം മാറി… അവൻ ഒന്നും മിണ്ടാതെ വല്യപ്പച്ചന്റെ മുറിയിലേക്ക് പോയി.. ഗ്രേസിയമ്മ ഒരു നിശ്വാസത്തോടെ അവൻ പോയ വഴിയേ നോക്കി നിന്നു..
എന്താ ജോ ഈ സമയത്ത്… നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നേ… റൂമിലേക്ക് കയറി വന്ന ജോയെ കണ്ടതും വല്യപ്പച്ചൻ ചോദിച്ചു…
ഏയ്യ്… ഒന്നുല്ല്യ വല്യപ്പച്ച… ഞാൻ വന്നത് ഒരു കാര്യം പറയാൻ ആയിട്ടായിരുന്നു…
എന്താ മോനെ…..
അത് വല്യപ്പച്ചാ ഞങ്ങൾ കുറച്ച് ദിവസം കൂടി കഴിഞ്ഞിട്ട് മാറാം ഇങ്ങോട്ട് കേട്ടോ… കുറച്ച് കാര്യങ്ങൾ ഉണ്ട്.. അതൊന്ന് സെറ്റിൽ ചെയ്യണം… എന്നിട്ട് മാറാം… അവൻ അല്പം സങ്കോചത്തോടെ ആണ് അത് പറഞ്ഞത്… അവരെ അത് വേദനിപ്പിക്കുമോ എന്നൊരു പേടി അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു…
അത് സാരമില്ല മോനേ… നീ ഇങ്ങോട്ട് വരാം എന്ന് സമ്മതിച്ചല്ലോ.. അത് തന്നെ വലിയ കാര്യം… നീ നിങ്ങൾക്ക് എപ്പോഴാ സൗകര്യം എന്ന് വച്ചാൽ മാറിയാൽ മതി.. ഇടക്ക് മക്കളെ ഒന്ന് കൊണ്ട് വന്ന് കാണിച്ചാൽ മതി… വല്യമ്മച്ചി അവനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു…
അത് കേട്ടപ്പോൾ ആണ് ജോയ്ക്ക് സമാധാനം ആയത്… പിന്നീട് അവൻ കുറച്ചുനേരം അവരുടെ ഒപ്പം ഇരുന്ന് സംസാരിച്ചതിന് ശേഷം ആണ് പോകാനായി ഇറങ്ങിയത്.. പുറത്ത് നിൽക്കുന്ന ഗ്രേസിയമ്മയെ കണ്ടെങ്കിലും അവൻ ഒരു നോട്ടം കൊണ്ട് പോലും അവരെ ശ്രദ്ധിക്കാതെ അവിടെ നിന്ന് പോയി… വിഷമത്തോടെ അവൻ പോകുന്നത് നോക്കി നിൽക്കാൻ മാത്രേ അവർക്ക് കഴിഞ്ഞുള്ളൂ…
………………
നിധി അന്ന് പതിവിലും നേരം വൈകി ആണ് ഓഫീസിൽ എത്തിയത്.. അതുകൊണ്ട് തന്നെ നല്ല പണിയിൽ ആയിരുന്നു അവൾ.. പെട്ടന്നാണ് ഡോറിൽ തട്ടിക്കൊണ്ട് പ്യൂൺ അകത്തേക്ക് വന്നത്…
മേഡം… ഒരാൾ കാണാൻ വന്നിട്ടുണ്ട്…
ആരാ ഭാസ്കരേട്ടാ… അപ്പോയ്ന്റ്മെന്റ് ഉണ്ടോ…
അതില്ല മോളെ.. പക്ഷേ മോളെ അറിയുന്നതാണ്.. മോൾടെ നാട്ടുകാരൻ ആണെന്നാണ് പറഞ്ഞത്..
മ്മ്… ഉള്ളിലേക്ക് വിട്ടോളൂ.. അവൾ നോക്കാൻ കിടക്കുന്ന ഫയലുകളിലേക്ക് നോക്കി ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് അയാളോട് പറഞ്ഞു…
ശരി… അയാൾ അതും പറഞ്ഞ് പുറത്തേക്ക് പോയി…
അധികം വൈകാതെ വാതിൽ തുറന്ന് വരുന്ന ആളെ കണ്ടതും നിധി ഞെട്ടലോടെ എഴുന്നേറ്റു…
തുടരും…