16/04/2026

നിയതി : ഭാഗം 01

രചന – കണ്ണന്റെ മാത്രം

നിയതീ.. ആക്രോശത്തോടെ ഉള്ള വിളി കേട്ടതും തുണി മടക്കി വച്ചുകൊണ്ടിരുന്നവൾ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി. അവിടെ ദേഷ്യത്തോടെ നിൽക്കുന്നവനെ കണ്ടതും അവളുടെ കണ്ണുകൾ ഭയത്താൽ തുറിച്ചു..

എൻ.. എന്താ.. ഇച്ചായാ… അവൾ പേടിയോടെ വിക്കിവിക്കി ചോദിച്ചു..

അടുത്തനിമിഷം അവന്റെ കൈകൾ അവളുടെ മുഖത്തിന്‌ നേരെ ഉയർന്ന് താഴ്ന്നിരുന്നു… കവിളിൽ പതിച്ച അടിയുടെ ശക്തിയിൽ അവളുടെ മുഖം ചെരിഞ്ഞുപോയി. അവൾക്ക് തന്റെ കവിൾ പറിഞ്ഞുപോയത് പോലെ ആണ് തോന്നിയത്. അവളുടെ ചുണ്ടിന്റെ സൈഡിലൂടെ രക്തം കിനിഞ്ഞിറങ്ങി…

എത്ര പ്രാവശ്യം നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് നീ എന്റെ ഭാര്യ ആണെന്ന് എവിടെയും പറയരുത് എന്ന്.. നിന്നെപ്പോലെ ലോ ക്ലാസ് ബി*** എന്റെ ഭാര്യ ആണെന്ന് പറയുന്നതിലും ഭേദം എന്റെ ഭാര്യ മരിച്ചുപോയി എന്ന് പറയുന്നതാണ്.. എന്റെ നിവൃത്തികേട് ആണ് നിന്റെ കഴുത്തിൽ കിടക്കുന്ന മിന്ന്. ഇനി അധികം കാലം ഒന്നും ആ സാധനം നിന്റെ കഴുത്തിൽ ഉണ്ടാവില്ല. എന്റെ മനസ്സിനും ശരീരത്തിനും ഒരേഒരു അവകാശിയെ ഉള്ളൂ എന്റെ ഹന്ന. അവൾ അല്ലാതെ മറ്റൊരുത്തിയും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല. നിന്നെ എനിക്ക് കാണുന്നത് തന്നെ അറപ്പും വെറുപ്പും ആണ്….

പെട്ടന്നുള്ള ഫ്ലൈറ്റിന്റെ ലാൻഡിംഗ് അന്നൗൺസ്‌മെന്റ് ആണ് അവളെ ആ പഴയകാല നോവിക്കുന്ന ഓർമകളിൽ നിന്ന് പുറത്തേക്ക് കൊണ്ട് വന്നത്. അവൾ തന്നെ ചേർന്നിരുന്നുറങ്ങുന്ന പത്തുവയസ്സുകാരനെ ഒന്നുകൂടി തന്നിലേക്ക് ചേർത്തുപിടിച്ചു. 15 മിനിറ്റിനുള്ളിൽ ഫ്ലൈറ്റ് ലാൻഡ് ആവും എന്നുള്ള അന്നൗൺസ്‌മെന്റ് മുഴങ്ങിയതും അവൾ വേഗം തന്റെ മകനേ വിളിച്ച് എഴുന്നേൽൽപ്പിച്ചു..

ചിട്ടു…മോനേ…

ക്യാ ഹുവാ മമ്മ… ചിട്ടു ഉറക്കചടവിൽ ചോദിച്ചു..( എന്തുപറ്റി മമ്മ )

ചിട്ടു….. അവളുടെ ശാസനയോടെ ഉള്ള വിളിയിൽ അവന്റെ സകല ഉറക്കവും പമ്പ കടന്നു.

സോറി മമ്മ.. നോ ഹിന്ദി ഓൺലി മലയാളം… ഞാൻ പെട്ടന്ന് മറന്നുപോയി…

മ്മ്.. നീ കുഞ്ഞിയെ വിളിച്ചേ.. ദേ നമ്മൾ ഇറങ്ങാറായി…

ഓക്കേ മമ്മ.. അവൻ വേഗം തിരിഞ്ഞ് ഫുഡ്‌ ടേബിൾ ഓപ്പൺ ചെയ്തു വച്ച് അതിലേക്ക് തലവച്ചുറങ്ങുന്ന പത്തുവയസ്സുകാരിയെ വിളിച്ചെഴുന്നേൽപ്പിക്കാൻ തുടങ്ങി. കുറച്ച് നേരത്തെ ചിട്ടുവിന്റെ ശ്രമത്തിന്റെ ഫലമായി അവൾ അവളുടെ കണ്ണുകൾ തുറന്നു.

എന്താ ചിട്ടു.. ഒന്ന് ഉറങ്ങാൻ സമ്മതിച്ചൂടെ… അവൾ ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ ചോദിച്ചു..

കുഞ്ഞി… നിയതി ശാസനയോടെ വിളിച്ചു..

സോറി ചിട്ടു…

സാരല്ല്യ കുഞ്ഞി. ദേ നമ്മൾ ഇറങ്ങാറായി. അതാ നിന്നെ വിളിച്ചത്… ചിട്ടു പറഞ്ഞു…

ആണോ മമ്മ.. നമ്മൾ കേരളത്തിൽ ഇറങ്ങാറായോ.. Wow…

ഇതിലിപ്പോ എന്താ ഇത്ര wow ഉള്ളത്. എനിക്ക് ഡാർജലിംഗ് തന്നെ ആയിരുന്നു ഇഷ്ടം… ചിട്ടു പറഞ്ഞു.

ഇത് നീ ഓരോ പ്രാവശ്യം മമ്മക്ക് ട്രാൻസ്ഫർ കിട്ടുമ്പോഴും പറയുന്നതല്ലേ. ഡാർജലിംഗ് എത്തിയപ്പോ നിനക്ക് ഡൽഹി തന്നെ മതിയായിരുന്നു എന്നും പറഞ്ഞല്ലേ ആയിരുന്നേ ലഹള മുഴുവൻ..

ഡൽഹിയെക്കാളും ഡാർജലിംഗ് ആണ് എനിക്ക് ഇഷ്ടപെട്ടത്… കേരളം എന്താകും എന്ന് നോക്കാം അല്ലേ… ചിട്ടു ഒരു ചിരിയോടെ പറഞ്ഞു.

നിയതി തന്റെ മക്കളെ ഒരു ചിരിയോടെ നോക്കി.. തന്റെ അഭിമാനം ആണ് ഇവർ. ഒന്നിനും വാശിപിടിക്കാത്ത തന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കി തന്നോടൊപ്പം നിൽക്കുന്ന പൊന്നുമക്കൾ…

എയർപോർട്ടിലെ ചെക്കിങ്ങും കാര്യങ്ങളും കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി അവർ ചുറ്റും നോക്കി അപ്പോഴാണ് തന്റെ പേരും പിടിച്ച് നിൽക്കുന്ന ഒരാളെ നിയതി കണ്ടത്. അവൾ മക്കളെയും വിളിച്ച് നേരെ അയാളുടെ അടുത്തേക്ക് പോയി..

ചേട്ടാ…. അവൾ വിളിച്ചതും അയാൾ തിരിഞ്ഞു നോക്കി..

നിയതി കുഞ്ഞ് അല്ലേ….

അതേ ചേട്ടാ…

ഹോ സമാധാനമായി…ഞാനേ മീരമോളുടെ ഡ്രൈവർ ആണ്. കേശവൻ..ഇങ്ങോട്ട് ഇറങ്ങാൻ നേരത്താണ് മോൾക്ക് ആശുപത്രിയിൽ നിന്ന് എമർജൻസി ആയിട്ട് വിളി വന്നത്. അപ്പോഴാ പിന്നെ ഈ പേരെഴുതിയ കാർഡും കൊണ്ട് ഞാൻ വന്നത്. മീര മോള് കുഞ്ഞിന്റെ ഫോട്ടോ കാട്ടി തന്നിരുന്നു. പക്ഷേ അത് കുറേ പഴയത് അല്ലേ ആയിരുന്നേ.. അതാ പിന്നെ ഇങ്ങനെ പേരെഴുതി പിടിച്ചത്… അപ്പൊ പിന്നെ പെട്ടന്ന് കണ്ടെത്താലോ… ഇതാരാ.. കുഞ്ഞിന്റെ മക്കൾ ആണോ.. അയാൾ വാ തോരാതെ സംസാരിച്ചുകൊണ്ട് മക്കളെ നോക്കി ചോദിച്ചു..

അതേ ചേട്ടാ.. എന്റെ മക്കൾ ആണ്. ആരോൺ.. ആവ്‌ലിൻ.. ചിട്ടു എന്നും കുഞ്ഞി എന്നും വിളിക്കും…

ആ അതുമതി.. മറ്റേ പേരുകൾ വായിൽ കൊള്ളില്ല.. മോള് എന്നെ കേശുമ്മാവൻ എന്ന് വിളിച്ചോ. മീരമോള് അങ്ങനെ ആണ് വിളിക്കാറ്.. അയാൾ അതും പറഞ്ഞ് അവളുടെ കൈയിൽ നിന്ന് ലെഗ്ഗേജ് അടങ്ങിയ ട്രോളി വാങ്ങി തള്ളിക്കൊണ്ട് കാർ പാർക്ക്‌ ചെയ്ത സ്ഥലത്തേക്ക് പോയി. വാ തോരാതെ എന്തൊക്കെയോ സംസാരിച്ചാണ് കേശുമ്മാവന്റെ നടപ്പ്. ആളുടെ സംസാരം ശ്രദ്ധിച്ചതിൽ നിന്ന് ഒരു കാര്യം നിയതിക്ക് മനസിലായി അയാൾ വർഷങ്ങൾ ആയിട്ട് മീരയുടെ വീട്ടിലെ ഡ്രൈവറും കാര്യസ്ഥനും ഒക്കെ ആണെന്ന്. അപ്പോഴേക്കും അവർ കാറിന്റെ അവിടേക്ക് എത്തിയിരുന്നു. അയാൾ വേഗം അവരുടെ ലഗേജ് ഒക്കെ ഡിക്കിയിൽ നിറച്ചു. ചിട്ടു മുന്നിൽ കോഡ്രൈവർ സീറ്റിലും കുഞ്ഞിയും നിയതിയും പിന്നിലും ആയി കയറി..എല്ലാവരും കയറിയതും അവരുടെ വണ്ടി ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു..

………………..

എന്റെ മീരേ നീ ഒന്ന് ഉള്ളിലേക്ക് കയറി ഇരിക്ക്. അവർ ഇങ്ങോട്ട് തന്നെ അല്ലേ വരുന്നത്.

അവൾ ആയതുകൊണ്ട് പറയാൻ പറ്റില്ല ശിവേട്ടാ.. ഇത് തന്നെ എത്ര പറഞ്ഞിട്ടാണെന്നോ ഇങ്ങോട്ട് കയറാം എന്ന് സമ്മതിച്ചത്. മൂപ്പര് നേരെ ക്വാർട്ടേഴ്സിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ഞാൻ ഇമോഷണലി ബ്ലാക്‌മെയ്ൽ ചെയ്തിട്ടാ ഇങ്ങോട്ട് ഒന്ന് വരാം എന്ന് സമ്മതിച്ചത് തന്നെ. ആ ഹോസ്പിറ്റൽ എമർജൻസി വന്നതുകൊണ്ടാണ് അല്ലെങ്കിൽ ഞാൻ തന്നെ പോയേനെ അവളെ പിക്ക് ചെയ്യാൻ…

അതിനെന്താ നീ നിന്റെ കിങ്കരനെ തന്നെ അല്ലേ വിട്ടിട്ടുള്ളത്. അങ്ങേര് അവരെ ഇവിടേക്ക് തന്നെ എത്തിച്ചുകൊള്ളും. എന്റെ പേടി അതല്ല ഇവിടെ എത്തുമ്പോഴേക്കും നിന്റെ ഫ്രണ്ടിന്റെ ചെവിയുടെ അവസ്ഥ ആലോചിച്ചാണ്. കേശുമ്മാവൻ അതിനെ സംസാരിച്ച് കൊല്ലും..

ഹഹഹ.. അതു ശരിയാ.. അവൾക്ക്‌ മിണ്ടാൻ ഇത്തിരി മടി ഉള്ള കൂട്ടത്തിൽ ആണ്. ഇപ്പൊ കേശുമ്മാവൻ ആ അവളെവരെ മിണ്ടിച്ചിട്ടുണ്ടാവും…ആ കാര്യത്തിൽ ഒരു പ്രേത്യേക കഴിവാണ് പുള്ളിക്ക്‌….മീര അത് പറഞ്ഞു നിൽക്കുമ്പോഴേക്കും അവരുടെ വണ്ടി മുറ്റത്തായി കൊണ്ട് വന്ന് നിർത്തിയിരുന്നു…

മീര വേഗം കാറിനടുത്തേക്ക് നടന്നു. കാറിൽ ഇരുന്ന് മുന്നിൽ കാണുന്ന തറവാട്ടുവീട്ടിലേക്ക് നോക്കുകയാണ് നമ്മുടെ ചിട്ടുവും കുഞ്ഞിയും…

എന്തൊരു വലിയ വീടാണ് അല്ലേ ചിട്ടു… കുഞ്ഞി അങ്ങോട്ട് നോക്കിയിട്ട് പറഞ്ഞു..

മ്മ്.. കൗശിക്കിന്റെ ഹവേലിയേക്കാൾ വലുതാണ്…

നിയതിക്ക് തന്റെ മക്കളുടെ സംസാരം കേട്ടിട്ട് ചിരി വന്നു… വാ മക്കളെ ഇറങ്ങ്.. നിയതി അതും പറഞ്ഞ് കാറിന്റെ ഡോർ ഓപ്പൺ ചെയ്യാൻ നോക്കുമ്പോഴേക്കും മീര അതിന്റെ ഡോർ വലിച്ച് തുറന്നിരുന്നു…

നിധി… പുറത്തേക്ക് ഇറങ്ങിയ നിയതിയെ കെട്ടിപിടിച്ചുകൊണ്ട് മീര നിറഞ്ഞ കണ്ണോടെ വിളിച്ചു.. വർഷങ്ങൾക്ക് ശേഷം തന്റെ ചെല്ലുപേര് അതും തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ വായിൽ നിന്ന് കേട്ടതും നിയതിയുടെയും കണ്ണുകൾ നിറഞ്ഞു…

അങ്ങനെ വർഷങ്ങളുടെ അജ്ഞാത വാസം അവസാനിപ്പിച്ച് Dr. നിയതി രാംകുമാർ IAS തിരികെ കേരളത്തിൽ എത്തി അല്ലേ.. ഞാൻ ഒന്ന് നന്നായി കാണട്ടെ നിന്നെ. എത്ര കൊല്ലം കൂടി കാണുന്നതാണ്… കുറച്ചുനേരം പരസ്പരം പുണർന്നു നിന്നശേഷം മീര അവളിൽ നിന്ന് വിട്ടു നിന്നുകൊണ്ട് പറഞ്ഞു..

നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ പെണ്ണേ ഇത്രേം കൊല്ലം കഴിഞ്ഞിട്ടും.. ദേ എന്നെ ഒക്കെ നോക്കിയേ ആകെ ചീർത്ത് ആനകുട്ടീടെ പോലെ ഇരിക്കുന്നത്. പെണ്ണുങ്ങൾ ആയാൽ ഇങ്ങനെ വേണം. അല്ലാതെ എന്നും ഒരു പോലെ സ്ലിം ആയിട്ട് ഇരിക്കുകയല്ല വേണ്ടത്.. ഹും… മീര ഒരു പുച്ഛത്തോടെ പറഞ്ഞു…

ആ ഇതിനെ ആണ് പച്ചമലയാളത്തിൽ അസൂയ എന്ന് പറയുന്നത്…ശിവകാർത്തിക്… മീരയുടെ പിന്നിലായി വന്നു നിന്നുകൊണ്ട് ശിവ പറഞ്ഞു…

അറിയാം… മീരയുടെ സ്വന്തം ശിവേട്ടൻ അല്ലേ… നിധി ഒരു ചിരിയോടെ ചോദിച്ചു…

മ്മ്… യാത്ര എല്ലാം സുഖമല്ലേ ആയിരുന്നേ… ശിവ നിധി പറഞ്ഞതിന് ഒന്ന് മൂളിക്കൊണ്ട് ചോദിച്ചു..

നീ എന്താ സർപ്രൈസ് ഉണ്ടെന്ന് എന്നെ വിളിച്ചപ്പോൾ പറഞ്ഞത്… നിധിക്ക് ശിവ ചോദിച്ചതിന് മറുപടി പറയാൻ ഉള്ള അവസരം കൊടുക്കാതെ മീര ചോദിച്ചു..

നിന്റെ ഈ ക്ഷമയില്ലാത്ത സ്വഭാവത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ പെണ്ണേ… നിധി ഒരു ചിരിയോടെ പറഞ്ഞു..

അതിന് അങ്ങനെ മാറ്റം ഒന്നും എളുപ്പം കൊണ്ട് വരില്ലെടോ.. ക്ഷമ എന്ന വാക്ക് ഇവളുടെ നിഘണ്ടുവിലെ ഇല്ല.. ശിവ മീരയുടെ തലയിൽ കൊട്ടികൊണ്ട് പറഞ്ഞു..

ദേ രണ്ടെണ്ണവും കൂടി എന്നെ ട്രോളാതെ സർപ്രൈസ് എന്താണ് എന്ന് പറ… മീര കൊട്ട് കിട്ടിയിടത്ത് ഉഴിഞ്ഞുകൊണ്ട് വീർത്ത മുഖത്തോടെ പറഞ്ഞു…

അതിന് ഇനി മുഖം വീർപ്പിക്കണ്ട നീ.. അതും പറഞ്ഞിട്ട് നിധി കാറിലേക്ക് നോക്കി വായോ എന്ന് വിളിച്ചു.. മീരയും ആകാംഷയോടെ അതിനുള്ളിലേക്ക് നോക്കി നിന്നു.. നിധി ഡോറിന്റെ അടുത്ത് നിന്ന് മാറിയതും ചിട്ടുവും കുഞ്ഞിയും പുറത്തേക്ക് ഇറങ്ങി. അവർ മീരയേയും ശിവയെയും നോക്കി നല്ല അസ്സൽ ചിരി പാസ്സാക്കി..

മീരയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു.. അവളുടെ കണ്ണുകൾ ചിരിക്കുമ്പോൾ തെളിഞ്ഞ അവരുടെ നുണക്കുഴിയിൽ തന്നെ ആയിരുന്നു… അവൾ അതിശയത്തോടെ നിധിയേയും ആ മക്കളെയും മാറി മാറി നോക്കി..

നിധി ഈ മക്കൾ… അവൾ എന്ത് ചോദിക്കണം എന്നറിയാതെ നിന്നു..

എന്റെ മക്കൾ ആണ് മീര.. ആരോൺ ആവ്‌ലിൻ.. ചിട്ടു എന്നും കുഞ്ഞി എന്നും വിളിക്കും.. 10 വയസ്സ് ആകുന്നു….

ഏഹ്..10 വയസ്സോ.. അപ്പൊ നീ…

വേണ്ട മീര… ഒന്നും പറയണ്ട.. എനിക്ക് പഴയത് ഒന്നും ഓർക്കാനും കേൾക്കാനും താൽപ്പര്യം ഇല്ല.. മീരയെ പറയാൻ സമ്മതിക്കാതെ നിധി പറഞ്ഞു

ഇല്ലെടാ.. അങ്ങനെ അല്ല.. നീ പോയതിൽ പിന്നെ… പിന്നെയും മീര എന്തോ പറയാൻ വന്നതും ശിവ അവളെ തടഞ്ഞുകൊണ്ട് കണ്ണുകൊണ്ട് നിധിയെ കാട്ടി കൊടുത്തിരുന്നു.. മീര നിധിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ കല്ലിച്ച മുഖഭാവം കാട്ടികൊടുക്കുന്നുണ്ടായിരുന്നു അവൾക്ക് ദേഷ്യം വന്ന് തുടങ്ങി എന്ന്…അതോടെ മീര പറയാൻ വന്നത് വിഴുങ്ങി.. പിന്നെ നേരെ കുഞ്ഞുങ്ങളുടെ മുന്നിൽ ആയി മുട്ടിൽ ഇരുന്നു..

ആന്റിയെ അറിയോ മക്കൾക്ക്..

അറിയാലോ.. മീര ആന്റി അല്ലേ.. ഞങ്ങളുടെ അമ്മയുടെ ബെസ്റ്റി.. രണ്ടാളും ഒരേ സ്വരത്തിൽ പറഞ്ഞു.

അത് പണ്ട് ദേ.. ഈ നിമിഷം ഞാൻ നിങ്ങളുടെ അമ്മയെ ഡിവോഴ്സ് ചെയ്യ്തു. ഇനി മുതൽ നിങ്ങളുടെ ബെസ്റ്റി ആണ്… മീര ഒരു ഇളിയോടെ പറഞ്ഞു..

അത് കേട്ടപ്പോ നിധി ഇതിന് ഒരു രീതിയിലും മാറ്റം ഇല്ലല്ലോ എന്ന രീതിയിൽ ശിവയെ നോക്കി..

ശിവ എന്തുചെയ്യാം എല്ലാം എന്റെ വിധി എന്നതുപോലെ തലയിൽ കൈവച്ചുക്കാട്ടി…

ശിവയുടെ എക്സ്പ്രഷൻ കണ്ട് ചിരി കടിച്ചുപിടിച്ചുകൊണ്ട് നിധി മീരയേയും മക്കളെയും നോക്കി..

ആണോ.. ആന്റി ഞങ്ങളുടെ ബെസ്റ്റി ആണോ.. തോ ഹം സാത്ത് മേ കൂബ് മസ്തി കരേകി… ഹേനാ… (നമ്മൾ ഒരുമിച്ചു ഒരുപാട് അടിച്ചു പൊളിക്കും അല്ലേ )കുഞ്ഞി സന്തോഷത്തിൽ പറഞ്ഞു..

കുഞ്ഞിയുടെ വായിൽ നിന്ന് ഹിന്ദി വന്നതോടെ മീര ചെകുത്താൻ കുരിശ് കണ്ടതുപോലെ അവളെ പേടിയോടെ നോക്കി. പിന്നെ ദയനീയമായി നിധിയേയും.. മീരക്ക് പണ്ടുതൊട്ടേ ഹിന്ദി ഒരു ബാലികേറാമല ആണെന്ന് അറിയുന്ന നിധി അവളുടെ ദയനീയമായ നോട്ടം കണ്ട് ചിരികടിച്ചു പിടിച്ച് നിന്നു..

നിധിയേ…. നിന്റെ മക്കളോട് പറയെടി എനിക്ക് ഹിന്ദി മാലൂം നഹി എന്ന്.. മീര കിലുക്കത്തിലെ ജഗതിയെ അനുകരിച്ചു പറഞ്ഞു. അതോടെ അതുവരെ ചിരി കടിച്ചുപിടിച്ചു നിന്ന നിധിയും ശിവയും പൊട്ടി ചിരിച്ചു..

തുടരും