രചന – കണ്ണന്റെ മാത്രം
എന്താ… എന്താ സത്യാമ്മ പറഞ്ഞത്… അവർ രാമേട്ടനെ വന്ന് കണ്ടിരുന്നു എന്നോ… നിധി ഞെട്ടലോടെ ചോദിച്ചു…
അതേ മോളെ അവർ രണ്ടാളും കൂടി ഒരിക്കൽ നമ്മുടെ വീട്ടിലേക്ക് വന്നിരുന്നു.. വന്ദു മോള് ഉണ്ടായിരുന്നില്ല അവിടെ.. രാമേട്ടനൊക്കെ മരിക്കുന്നതിന്റെ ഒരു രണ്ടോ മൂന്നോ ആഴ്ച മുൻപായിരുന്നു അത്…
സത്യാമ്മ പറയുന്നത് കേട്ടതും നിധിയും ജോയും ഞെട്ടി നിൽപ്പായിരുന്നു.. ഇവർ അങ്ങോട്ട് ചെന്നിരുന്നെങ്കിൽ രാമേട്ടൻ എന്ത് കൊണ്ട് അത് പറഞ്ഞില്ല.. പിന്നെ മുത്തശ്ശൻ പറഞ്ഞത് അവർ വന്ദുവിനെ തിരികെ വിളിക്കാൻ തീരുമാനിച്ചപ്പോഴേക്കും അവർ മരിച്ചു എന്നല്ലേ… നിധി ആലോചിച്ചു…
സത്യാമ്മക്ക് ഇവരെ ഇത്ര ഓർമ എന്തുകൊണ്ടാണ്… രാമേട്ടനെ കാണാൻ ഒരുപാട് ആളുകൾ വരുന്നതല്ലേ… ജോ ഒരു സംശയത്തോടെ ചോദിച്ചു.. നിധിയുടെ മുഖത്തും ഉണ്ട് ആ ഒരു സംശയം…
ഞാൻ രാമേട്ടനെ അത്രയും ദേഷ്യത്തിൽ ആദ്യമായി കാണുകയായിരുന്നു അന്ന്… എന്താണ് അവർ പറഞ്ഞത് എന്ന് എനിക്കറിയില്ല പക്ഷേ രാമേട്ടന്റെ ഉറക്കെ ഉള്ള സംസാരം കേട്ടിട്ട് ഞാൻ വരുമ്പോൾ കാണുന്നത് ആ പയ്യന്റെ കോളറിൽ പിടിച്ച് ദേഷ്യത്തോടെ ഒരിക്കലും അത് നടക്കാൻ പോകുന്നില്ല എന്നൊക്കെ ഉറക്കെ പറയുന്നുണ്ടായിരുന്നു… ഇന്ന് അവരെ കണ്ടപ്പോൾ മുതൽ എവിടെയാണ് ഞാൻ ഇവരെ കണ്ടതെന്ന് ആലോചിക്കുകയായിരുന്നു… ഇപ്പോഴാണ് ഓർമ വന്നത്.. അതാ ഞാൻ മക്കളുടെ അടുത്തേക്ക് വന്നത്… അവരും ഞങ്ങൾ പറഞ്ഞത് നടത്തി കാണിച്ചു തരാടോ എന്നൊക്കെ ഭീഷണിപ്പെടുത്തിയിട്ടാണ് പോയത്… അവർ പോയി കഴിഞ്ഞ് തിരിഞ്ഞപ്പോൾ ആണ് രാമേട്ടൻ എന്നെ കണ്ടത്… അവിടെ നടന്നതൊന്നും തല്ക്കാലം വന്ദു മോളോട് പറയണ്ട അവർക്ക് എന്തോ തെറ്റിദ്ധാരണ വന്നതാണ് എന്നാ രാമേട്ടൻ പറഞ്ഞത്… അതാ പിന്നെ ഞാനും ഒന്നും പറയാതെ ഇരുന്നത്… സത്യാമ്മ പറഞ്ഞു നിർത്തി….
മ്മ്… നിധി അതിനൊന്ന് മൂളി… അവളുടെ ഉള്ളിൽ സംശയങ്ങൾ നിറഞ്ഞു… ഇച്ചാക്കയെ വിളിക്കണം എന്ന് അവൾ ഉറപ്പിച്ചു… തന്റെ സംശയങ്ങൾക്ക് ഒരു മറുപടി ആള് തരും എന്നവൾക്ക് തോന്നി…
അല്ല മോൻ ഒരാഴ്ച്ച എടുക്കും എന്നാണല്ലോ നിധിമോള് പറഞ്ഞത്…. സത്യാമ്മ ജോയോട് സംസാരിച്ചു…
പോയകാര്യം ഒറ്റമീറ്റിംഗ് കൊണ്ട് തന്നെ റെഡി ആയി സത്യാമ്മേ… അതാ പെട്ടന്ന് തിരികെ വന്നത്… അതുകൊണ്ട് എന്റെ ഭാര്യയുടെ പെണ്ണുകാണൽ നേരിട്ട് കാണാൻ പറ്റി… അവൻ ഒരു കുസൃതി ചിരിയോടെ നിധിയെ നോക്കികൊണ്ട് പറഞ്ഞു…
അത് കേട്ടതും നിധി അവനെ നോക്കി കണ്ണുരുട്ടിക്കാട്ടി…
ഞാൻ ചായ എടുക്കാം മോനേ…. നിധി മോള് പോയി കുളിച്ചിട്ട് പോകാൻ നോക്ക്.. ദേ നേരം പോയി… സത്യാമ്മ അതും പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി…
നിധി അവർ….. സത്യാമ്മ അടുക്കളയിലേക്ക് പോയപ്പോൾ ജോ നിധിയോട് എന്തോ പറയാനായി വന്നതും അവൾ അവനെ തടഞ്ഞിരുന്നു….
ഇച്ചായാ ഇപ്പോഴല്ല.. നേരം വൈകി.. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.. എന്നെ ഒന്ന് ഓഫീസിലേക്ക് ആക്കി തരുമോ നമുക്ക് അപ്പൊ സംസാരിക്കാം… പിന്നേ ഒഫീഷ്യൽ വാഹനം വന്നാൽ ഞാൻ ഓഫീസിലേക്ക് എത്തിക്കോളാം എന്നൊന്ന് പറഞ്ഞേക്ക് ട്ടോ…. അവൾ അതും പറഞ്ഞുകൊണ്ട് ബാത്‌റൂമിലേക്ക് ഓടി… ജോ അവളുടെ വണ്ടി വരുന്നതും നോക്കി പുത്തേക്കും പോയി…..
……………..
ഇച്ചായന് വിഷമായോ ഞാൻ സംസാരിക്കാൻ നിൽക്കാതെ കുളിക്കാൻ ഓടിയപ്പോൾ… നിധിയുടെ ഓഫീസിലേക്കുള്ള യാത്രയിൽ ആയിരുന്നു അവർ… അപ്പോഴാണ് അവൾ അത് ചോദിച്ചത്…
എന്തിനാ പെണ്ണേ എനിക്ക് വിഷമം.. ഇപ്പോൾ നീ എന്റെ ഭാര്യ മാത്രം അല്ലല്ലോ… ഒരു ജില്ലയുടെ അധികാരി കൂടി അല്ലേ… അപ്പോൾ ഞാൻ നിന്റെ തിരക്കുകൾ മനസിലാക്കിയില്ലെങ്കിൽ വേറെ ആരാ മനസിലാക്കുക… അതുകൊണ്ട് ഈ വക ചെറിയ കാര്യങ്ങൾ എന്നെ വിഷമിപ്പിക്കുമോ എന്നൊരു ചിന്ത നീ കളഞ്ഞോ… എനിക്ക് വിഷമം അല്ല മറിച്ച് അഭിമാനം ആണ്… എന്റെ ഭാര്യ അവളുടെ കർത്തവ്യത്തിന് എത്രത്തോളം ഇമ്പോർട്ടൻസ് കൊടുക്കുന്നു എന്ന് ആലോചിച്ചിട്ട്…. അവൻ അഭിമാനത്തോടെ പറഞ്ഞു…
അവളുടെ പ്രവർത്തി അവനെ ചെറിയ രീതിയിൽ ആയാലും വിഷമിപ്പിച്ചോ എന്നാലോചിച്ച് സങ്കടപ്പെട്ട നിധിക്ക് അവന്റെ മറുപടി ഒരുപാട് സന്തോഷം നൽകി….
ഇച്ചായൻ എന്താ അപ്പൊ പറഞ്ഞ് വന്നത്… നിധി ചോദിച്ചു…
സത്യാമ്മ പറഞ്ഞത് വച്ച് നോക്കുമ്പോൾ ആ ബ്രഹ്മദത്തനും മകനും രാമേട്ടനെ കണ്ടിട്ടുണ്ട്… പക്ഷേ അത് മറ്റാരും അറിഞ്ഞിട്ടും ഇല്ല.. പിന്നെ അവർ രാമേട്ടനെ വന്നു കണ്ട സമയവും രാമേട്ടൻ നമ്മുടെ കല്യാണത്തിന് വേണ്ടി വാശിപ്പിടിച്ച സമയവും ഏതാണ്ട് ഒരേ സമയത്താണ്… അതുമാത്രമല്ല എന്റെ അറിവിൽ ഈ ബ്രഹ്മദത്തനും മോനും ചതിയന്മാർ ആണ്… പൈസ പൈസ എന്ന് ഒരു ആർത്തി ഉള്ള കൂട്ടത്തിൽ ആണ്…. ആ അവർ രാമേട്ടനേയും വന്ദുവമ്മയെയും ഒക്കെ നഷ്ടമായി ഇരിക്കുന്ന നേരത്ത് നിന്നെ അങ്ങോട്ട് വിളിക്കുക എന്നൊക്കെ പറയുമ്പോൾ ആകെ ഒരു ഡൌട്ട്… ലാഭം ഇല്ലാത്ത ഒരു ബിസിനസ്സിനും നാഗാസ് ഗ്രൂപ്പിൽ ഉള്ളവർ ഇറങ്ങാറില്ല….
മ്മ്… എനിക്കും എന്തൊക്കെയോ സംശയങ്ങൾ തോന്നുന്നുണ്ട്…. അതുപോലെ ഹരിയും ഒരു ക്വസ്റ്റ്യൻ മാർക്ക് ആണ്…. സതീശ് ചേട്ടൻ തന്ന നമ്പറിൽ വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നും ഇല്ല… അവരുടെ മരണവുമായി ഇവർക്കൊക്കെ എന്തൊക്കെയോ ബന്ധം ഉള്ള പോലെ തോന്നുന്നു… ഇച്ചാക്കയെ വിളിക്കണം ഓഫീസിൽ എത്തിയിട്ട്…
അത് പറഞ്ഞപ്പോൾ ആണ് നിന്റെ ഇച്ചാക്കയേയും നിച്ചുക്കയേയും എനിക്ക് കാണിച്ച് തന്നില്ലല്ലോ… ഇന്നാള് മക്കൾ ഫാസിലുപ്പയെയും ഉമ്മയെയും കാണിച്ച് തന്നു… ജോ ചോദിച്ചു…
നിധി വേഗം അവളുടെ ഫോൺ എടുത്ത് പോലീസ് യൂണിഫോമിൽ നിൽക്കുന്ന ഒരാളുടെ ഫോട്ടോ കാട്ടി കൊടുത്തു…
ഇതാണ് എന്റെ ഇച്ചാക്ക.. ഇർഷാദ്… അതാണ് പേര്…
ഇത് നിച്ചുക്ക.. നിഹാദ്.. ബിസിനസ് ആണ്..
പിന്നെ ഇത് ആലിയ… ആലി ഇച്ചാക്കയുടെ വൈഫ്..
ഇത് സഹാനാ.. സാഹി.. നിച്ചുക്കയുടെ വൈഫ്..
രണ്ടാളും എന്റെ ബാബിമാർ ആണെങ്കിലും വയസ്സുക്കൊണ്ട് എന്നേക്കാൾ താഴെ ആയതുകൊണ്ട് ഞാൻ പേര് വിളിക്കുന്നു… അവർക്ക് ഞാൻ സുറുമി ആണ്.. ഇക്കാക്കമാർ എന്നെ സുറുമി എന്നാ വിളിക്കാ.. അതുകേട്ടിട്ട് അവരും അങ്ങനെ വിളിക്കും… രണ്ട് കൂട്ടർക്കും ഓരോ മക്കൾ ഇച്ചാക്കയുടെ മോൻ സയാൻ.. ഞങ്ങളുടെ സയു… നിച്ചുക്കയുടെ മോള് ഐഷാ… ഞങ്ങളുടെ ഐഷുമ്മ… സയുന് 9 വയസ്സ്.. ഐഷുന് 7 വയസ്സ്.. അവൾ ആവേശത്തോടെ പറഞ്ഞുകൊണ്ട് നോക്കിയപ്പോൾ ആണ് അവളെ തന്നെ നോക്കിയിരിക്കുന്ന ജോയെ അവൾ കണ്ടത്…
എന്താ ഇങ്ങനെ നോക്കുന്നേ.. വണ്ടി എന്താ നിർത്തിയത് എന്നും ചോദിച്ച് ചുറ്റും നോക്കിയപ്പോൾ ആണ് അവർ ഓഫീസിൽ എത്തി എന്ന് അവൾക്ക് മനസിലായത്…
ഇത്രപെട്ടന്ന് എത്തിയോ.. അവൾ ചോദിച്ചു… അപ്പോഴും ജോ ഒന്നും മിണ്ടാതെ അവളെ നോക്കിയതേ ഉള്ളൂ..
എന്താ ഇച്ചായാ… എന്താ എന്നെ ഇങ്ങനെ നോക്കി ഇരിക്കുന്നത്…
ഒരുപാട് ഇഷ്ടമാണ് അല്ലേ നിനക്ക് അവരെ… അവരുടെ കാര്യം പറയാൻ എന്തൊരു ഉത്സാഹം ആണ് നിനക്ക്… അവൻ ഒരു ചെറുചിരിയോടെ പറഞ്ഞു…
ഒത്തിരി ഒത്തിരി ഇഷ്ടം ആണ്.. ഇഷ്ടം മാത്രം അല്ല ഒരുപാട് കടപ്പാടും ഉണ്ട്.. ഇന്നത്തെ നിയതിയെ വാർത്തെടുത്തുത് അവർ ആണ്… അവർ ഇല്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു എന്റെ അവസ്ഥ എന്ന് എനിക്ക് ഇപ്പോഴും ചിന്തിക്കാൻ വയ്യ… കൈയിൽ പൈസയും ഒരു പ്രൊഫഷനും ഉള്ളതുകൊണ്ട് ജീവിക്കുമായിരിക്കും പക്ഷേ എന്റെ ഈ രണ്ട് കുഞ്ഞുങ്ങളെയും വച്ച് എന്ത് ചെയ്യുമായിരുന്നു എനിക്ക് അറിയില്ല…
ഞാനും എന്റെ വീട്ടുകാരും ആണല്ലോ നിന്റെ ഈ അവസ്ഥകൾക്ക് കാരണം എന്നാലോചിക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു പെണ്ണേ…. അവൻ കുറ്റബോധത്തോടെ പറഞ്ഞു…
ഇച്ചായനെ ഞാൻ ഒരിക്കലും കുറ്റം പറയില്ല… എനിക്ക് അറിയാമായിരുന്നു ഇച്ചായന്റെ സിറ്റുവേഷൻ എന്നിട്ടും എന്തിന്റെ പേരിൽ ആര് പറഞ്ഞിട്ടാണെങ്കിലും ഇച്ചായനെ അവിശ്വസിച്ചത് ഞാൻ ആണ്.. എന്റെ ഭാഗത്ത് ആണ് തെറ്റുകൾ… പക്ഷേ വല്യപ്പച്ചനും വല്യമ്മച്ചിയും അഥിതി മേമയും ഒഴികെ മറ്റാരോടും ആ വീട്ടിൽ ഞാൻ ക്ഷമിക്കില്ല പ്രത്യേകിച്ച് ഇച്ചായന്റെ മമ്മിയോട്… ഇച്ചായനെ ഞാൻ പറയുന്നത് വിഷമിപ്പിക്കും എന്നറിയാം.. പക്ഷേ അവരോട് എനിക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല.. എന്നെ അത്രയും കുത്തിനോവിച്ച് രസിച്ചിട്ടുണ്ട് അവർ.. പക്ഷേ അവർക്കുള്ളിൽ എന്നോട് അത്രയും വെറുപ്പുണ്ട് എന്ന് ഞാൻ മനസിലാക്കിയത് ഇച്ചായന്റെ ആക്സിഡന്റിന് ശേഷം ഉള്ള അവരുടെ പെരുമാറ്റത്തിൽ നിന്നാണ്… അവരെല്ലാം കൂടി അത്രയും ടെൻഷൻ തന്നിരുന്നത് കൊണ്ടാകും ഒരു ഡോക്ടർ ആയിരുന്നിട്ട് കൂടി എന്റെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഞാൻ ശ്രദ്ധിക്കാതെ പോയതും പ്രെഗ്നന്റ് ആണെന്നത് അറിയാഞ്ഞതും…. അവൾ വികാരക്ഷോപത്തോടെ പറഞ്ഞു നിർത്തി…
ഹേയ്.. നിധി.. പെണ്ണേ.. നീ സമാധാനപ്പെട്.. ഒരിക്കലും ഞാനായിട്ട് നിന്നോട് അവരോട് ക്ഷമിക്കാൻ പറയില്ല… നിന്റെ യുക്തിക്ക് നിരക്കുന്ന എന്ത് തീരുമാനവും നിനക്ക് എടുക്കാം… എല്ലാത്തിലും ഞാൻ നിന്റെ കൂടെ ഉണ്ടാവും… ചുമ്മാ ടെൻഷൻ ആവല്ലേ… ജോ അവളെ തന്നിലേക്ക് ചുറ്റിപിടിച്ചുകൊണ്ട് സമാധാനിപ്പിച്ചു….
അയ്യോ.. നേരം വൈകി… 10.30 ക്ക് മീറ്റിംഗ് ഉള്ളതാണ്… ജോയുടെ കരവലയത്തിൽ പതുങ്ങി ഇരിക്കുമ്പോൾ ആണ് നിധിക്ക് മീറ്റിംഗിന്റെ കാര്യം ഓർമ വന്നത്… അതോടെ അവൾ അതും പറഞ്ഞ് അവനോട് യാത്ര പറഞ്ഞ് ചാടി ഇറങ്ങിപ്പോയി…
ജോ ഒരു ചിരിയോടെ അവൾ പോകുന്നതും നോക്കി ഇരുന്നിട്ട് വണ്ടി തന്റെ ഓഫീസ് ലക്ഷ്യമാക്കി പായിച്ചു…
…………………
മീറ്റിംഗ് എല്ലാം കഴിഞ്ഞ് തന്റെ ഓഫീസ് റൂമിൽ ഇരിക്കുമ്പോൾ ആണ് നിധി ഫോൺ എടുത്ത് അവളുടെ ഇച്ചാക്കയെ വിളിച്ചത്….
എന്താണ്.. ഇച്ചാക്കയുടെ സുറുമി പെണ്ണ് രണ്ട് ദിവസമായല്ലോ വിളിച്ചിട്ട്… ഫോൺ എടുത്തതും അവൻ അവളെ കൊഞ്ചിച്ചുകൊണ്ട് ചോദിച്ചു…
ഞാൻ വിളിച്ചിരുന്നു.. ഇച്ചാക്ക കുടുംബത്തിൽ ഇരിക്കാത്തത് എന്റെ കുറ്റം അല്ലല്ലോ…. നിധി ഒരു കുസൃതി ചിരിയോടെ പറഞ്ഞു…
അതേടി.. നീ തന്നെ അത് പറയണം.. എന്ത് കൈവിഷം ആണെടി പെണ്ണേ നീ ആ പൊടികുപ്പികൾക്ക് കൊടുത്തത്.. രണ്ടും ഇവിടെ കിടന്ന് എന്താ അലമ്പ് എന്നറിയോ നിന്റെ അടുത്തേക്ക് വരണം എന്നും പറഞ്ഞ്… അവൻ കെറുവോടെ ചോദിച്ചു…
എന്റെ ഇക്കാക്കമാർക്ക് തന്ന അതേ കൈവിഷം ആണ് കുറച്ചുകൂടി കൂടിയ അളവിൽ ഞാൻ അവരുടെ മക്കൾക്കും കൊടുത്തത്….
മ്മ്…മ്മ്… ആ നിച്ചുവിനെ കാണുമ്പോൾ ഒന്ന് മാറി നിന്നോ.. അവൻ നിന്നെ പപ്പടം പൊടിക്കുന്ന പോലെ പൊടിക്കും എന്നാ ഇന്നലെ ഐഷു പ്രാന്താക്കിയപ്പോ പറഞ്ഞത്…
ദൈവമേ.. പെട്ടോ….
പെട്ടു… അവനെ ആണ് രണ്ടും കൂടി ഏറ്റവും കൂടുതൽ വട്ടാക്കുന്നത്… എന്തായാലും നിന്റെ ചരടുവലി ഏറ്റിട്ടുണ്ട് ഞങ്ങൾ നാട്ടിലേക്ക് ഷിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചു…
ഏഹ്ഹ്… സത്യം.. അവൾ വിശ്വാസം വരാതെ ചോദിച്ചു…
പിന്നെ ഇവിടെ ഉപ്പയും ഉമ്മയും ആ പൊടികുപ്പികളും ഞങ്ങളുടെ കെട്ടിയോളുമാരും ഒരേപോലെ സമരം ആണ് നിന്റെ അടുത്തേക്ക് വരണം എന്ന് പറഞ്ഞിട്ട്… അതിനായിട്ടുള്ള ഓട്ടത്തിൽ ആയിരുന്നു ഞങ്ങൾ.. എനിക്ക് മാറ്റം കിട്ടിയിട്ടുണ്ട് നിന്റെ ജില്ലയുടെ ഡിസിപി ആയിട്ട്.. പിന്നെ നിച്ചുവും ബിസിനസ് ഷിഫ്റ്റ് ചെയ്യാൻ ഉള്ള കാര്യങ്ങൾ ഏകദേശം പൂർത്തിയാക്കി…
ഏഹ്ഹ്.. ഇച്ചാക്ക ആണോ പുതിയ ഡിസിപി… അവൾ അത്ഭുധത്തോടെ ചോദിച്ചു..
അതേടി പെണ്ണേ… അല്ല നീ എന്താ ഇപ്പൊ വിളിച്ചേ.. എന്തെങ്കിലും കാര്യം ഇല്ലാതെ നീ വർക്കിംഗ് ടൈമിൽ വിളിക്കില്ലല്ലോ…
ആ.. ഇന്നൊരു സംഭവം ഉണ്ടായി ഇച്ചാക്ക… നിധി ഇന്ന് നാഗമഠത്തിൽ നിന്ന് അവർ വന്നത് മുതൽ സത്യാമ്മ പറഞ്ഞത് വരെ അവനോട് പറഞ്ഞു… ജോ ബ്രഹ്മദത്തനെയും അമനെയും കുറിച്ച് പറഞ്ഞതും അവൾ പറഞ്ഞു..
മ്മ്…. അവൻ എല്ലാം കേട്ടിട്ട് ഒന്ന് മൂളിയതേ ഉള്ളൂ.. ഒന്നും മിണ്ടിയില്ല…
ഇച്ചാക്ക… അവൻ ഒന്നും മിണ്ടാതെ ആയതും നിധി അവനെ വിളിച്ചു…
തുടരും…

by