രചന :കണ്ണൻ്റെ മാത്രം
പറയാം… ആദ്യം മുതലുള്ളത് പറയാം… ഞാൻ അയാളിലെ രാക്ഷസനെ കണ്ട ദിവസം മുതലുള്ള കാര്യങ്ങൾ പറയാം… അതും പറഞ്ഞുകൊണ്ട് ചാരു ഇതുവരെ അവർ അനുഭവിച്ചത് മുഴുവൻ അവരോട് പറഞ്ഞു… നിധിയും ജോയുമായി അവർ മീറ്റ് ചെയ്തതും അതിനുശേഷമുള്ള കാര്യങ്ങളും അവർ അവരോട് പറഞ്ഞില്ല…. അനുവിന്റെ മരണവാർത്ത കേട്ടപ്പോൾ ഇന്ദ്രന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… വന്ദുവിനെ പോലെ ആരുടെയോ കൂടെ അവൾ ഓടി പോയിട്ടുണ്ടാകും എന്നൊരു ചിന്തയിലായിരുന്നു അയാൾ ഇത്രയും നാൾ… അതുകൊണ്ടാണ് അന്ന് പോലീസ് സ്റ്റേഷനിൽ കംപ്ലൈന്റ്റ് കൊടുക്കാൻ ചാരു പറഞ്ഞിട്ടും താൻ അത് ചെയ്യാഞ്ഞത്… ഒരിക്കലും അവൾ മരണപ്പെട്ടിട്ടുണ്ടാകും എന്ന് അയാൾ കരുതിയിരുന്നില്ല… അതും സ്വന്തം അച്ഛൻ തന്നെ… അയാൾക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല
ചാരു ഇത്രയൊക്കെ സംഭവിച്ചിട്ടും നീ എന്താ ഇതുവരെ ഒന്നും പറയാതെ നിന്നത്…. അനുവിന്റെ കാര്യം നീ എങ്ങനെയാണ് അത് അച്ഛനാണ് ചെയ്തതെന്ന് അറിഞ്ഞത്… ബ്രഹ്മനാണ് അത് ചോദിച്ചത് ഇന്ദ്രൻ ഒന്നും ചോദിക്കാൻ പോലും പറ്റിയ അവസ്ഥയിലായിരുന്നില്ല മകളുടെ മരണം അയാളെ അത്രത്തോളം തളർത്തിയിരുന്നു…ഞാൻ ആരോട് പറയാൻ അച്ഛന്റെ വാക്കു മാത്രം കേട്ട് നടക്കുന്ന നിങ്ങളോടോ… അവൾ ആരുടെയോ കൂടെ ഒളിച്ചോടി പോയി എന്ന് പറഞ്ഞപ്പോൾ കാലുപിടിച്ചു പറഞ്ഞതാ ഇവരോട് ഒരു പോലീസ് കംപ്ലൈന്റ്റ് കൊടുക്കാം എന്ന്…. അയാൾ അപ്പോഴേക്കും എന്റെ ആയില്യയെ വെച്ചിട്ടും എന്നെ ഭീഷണിപ്പെടുത്തി തുടങ്ങിയിരുന്നു… ഒന്നിനുവേണ്ടി മറ്റൊന്നിനെ കുരുതി കൊടുക്കാൻ വയ്യായിരുന്നു…. അതാ ഞാൻ മിണ്ടാതെ ഇരുന്നത്…. പിന്നെ എന്റെ അനുവിനെ ഇല്ലാതാക്കിയത് അറിഞ്ഞത് ഇന്നലെ അയാൾ മനുവിനോടോ ജിത്തുവിനോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടപ്പോഴാണ്…. അതാ ഇന്ന് അമ്മയെയും കൂട്ടി ഞാൻ അമ്പലങ്ങളിലേക്ക് ഇറങ്ങിയത്…. അവർ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു… നുണയാണ് പറയുന്നതെന്ന് അറിയാമെങ്കിലും നിധിയുടെ പേര് ഒന്നിലേക്കും വലിച്ചിഴക്കാൻ അവർ ആഗ്രഹിച്ചിരുന്നില്ല….
ഏട്ടാ എന്റെ മോള്…. ഇത്രയും വലിയ ദുഷ്ടൻ ആയിരുന്നോ അയാൾ.. അയാൾക്ക് എങ്ങനെ നമ്മുടെ വന്ദൂനെ ഇല്ലാതാക്കാൻ തോന്നി സ്വന്തം മകൾ അല്ലേ അത്…. സ്വന്തം മക്കളോട് ഇല്ലാത്ത സ്നേഹമുണ്ടോ പേരക്കുട്ടികളോട്…. ഇത്രയും നേരം എനിക്കൊരു സംശയം ഉണ്ടായിരുന്നു. അമന്റെ ആക്സിഡന്റിൽ അയാൾക്ക് പങ്കുണ്ടാവുമോ ഇല്ലയോ എന്ന്…. പക്ഷേ ഇപ്പോൾ ഉറപ്പായി അയാൾ തന്നെയാണ് അതിന് പിന്നിൽ അവൻ ഇല്ലാതെയാകേണ്ടത് ഏതെങ്കിലും രീതിയിൽ അയാളുടെ ആവശ്യമായിരുന്നിരിക്കാം…. എന്നാലും ദൈവമേ എന്റെ മകളുടെ കൊലപാതകിയെ ആണല്ലോ ഇത്രയും നാൾ ഞാൻ അച്ഛൻ എന്നും പറഞ്ഞു പൂജിച്ചു കൊണ്ട് നടന്നത്…. ചാരു നീ എന്നോട് ക്ഷമിക്ക്… ഒരിക്കൽപോലും നിന്റെ വാക്കുകൾ കേൾക്കാൻ ഞാൻ തയ്യാർ ആയിട്ടില്ല… അന്ന് എന്തെങ്കിലും അങ്ങനെ കേട്ടിരുന്നെങ്കിൽ ഞാൻ വേണ്ട രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ നമ്മുടെ മോള് ഇന്നും നമ്മുടെ കൂടെയുണ്ടാകുമായിരുന്നു.. ഞാനാ നമ്മുടെ മോളുടെ മരണത്തിന് കാരണം… ഞാൻ മാത്രമാണ് കാരണം… അയാൾ നെഞ്ചുപൊട്ടിക്കൊണ്ട് പറഞ്ഞു…
ഇന്ദ്രാ വിഷമിക്കല്ലേടാ….. ബ്രഹ്മന് തന്റെ അനിയന്റെ അവസ്ഥ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല അയാൾക്കുള്ളിൽ വീരനോടുള്ള ദേഷ്യം ആളികത്തി….വെറുതെ വിടരുത് ഏട്ടാ അയാളെ…. എന്റെ കൈകൊണ്ട് തീർക്കും ഞാൻ അയാളെ…. എന്റെ മകളെ ഇല്ലാതാക്കിയവനെ ഞാൻ തന്നെ തീർക്കും ഏട്ടൻ നോക്കിക്കോ… അതു പറയുമ്പോൾ ഇന്ദ്രന്റെ മുഖത്ത് തെളിയുന്ന പകയും വെറുപ്പും ബ്രഹ്മനെ വരെ ഒന്നു ഞെട്ടിച്ചു…. ചാരു എല്ലാം ഒരു ആത്മസംതൃപ്തിയോടെ കണ്ടു…. വീരന് ഇതിലും വലിയൊരു ശിക്ഷയില്ല സ്വന്തം ആൺമക്കളും പേരക്കുട്ടികളും അയാളെ വെറുക്കുന്നതിനേക്കാളും വലിയ ശിക്ഷയൊന്നും അയാൾക്കില്ല…. അവർക്ക് ഇത് നിധിയോട് പറയണം എന്ന് തോന്നി… അവർ വേഗം ഫോണും എടുത്ത് അവിടെ നിന്നും മാറി നിന്ന് നിധിയെ വിളിച്ചു…
…………….
വീരൻ കിടക്കുന്ന റൂമിലേക്ക് നടക്കുമ്പോഴാണ് നിധിയുടെ ഫോൺ ബെൽ അടിച്ചത്….. നോക്കുമ്പോൾ മീരയാണ് അവൾ വേഗം ഫോൺ എടുത്തു…. എന്താ മീരാ…. ഫോണെടുത്തതും നിധി ചോദിച്ചു….നിധി… നീ നേരത്തെ ഒരു ഫൂട്ടേജ് ചോദിച്ചിരുന്നില്ല…. അതിന്റെ കൂടെ വേറെ രണ്ടു ഫൂട്ടേജ് കൂടി ഞാൻ അയച്ചിട്ടുണ്ട് നീ അതൊന്നു കാണ് നിനക്ക് സന്തോഷമാകും… മീര അത്രമാത്രം പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു…
നിധി വേഗം തന്റെ ഫോണിലെ വാട്സ്ആപ്പ് തുറന്നു. അതിൽ ആദ്യം നിധി ബ്രഹ്മനോട് സംസാരിക്കുന്ന ഫൂട്ടേജ് ആയിരുന്നു…. പിന്നെ ഉള്ള രണ്ടു വീഡിയോ കണ്ടതും അവൾക്ക് ഉള്ളിൽ ആളിക്കൊണ്ടിരിക്കുന്ന അഗ്നിക്ക് ഒരു ശമനം ഉണ്ടായത് പോലെ തോന്നി…ഇച്ചായാ…. വീരൻ കിടക്കുന്ന റൂമിലേക്ക് കടക്കാൻ നിന്ന ജോയെ നിധി വിളിച്ചു…എന്താ മോളെ അവൻ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു…ഇച്ചായാ ഇതൊന്ന് കാണ് മീര ഇപ്പൊത്തന്നെ അയച്ചുതന്നതാണ്…. അതും പറഞ്ഞുകൊണ്ട് അവൾ തന്നെ മൊബൈൽ ജോയ്ക്ക് കൊടുത്തു…
അതിലെ വീഡിയോകൾ കണ്ടതും ജോയ്ക്ക് സന്തോഷമായി…ഹാ വീരന് സന്തോഷം ആവൂലോ ഈ വീഡിയോസ് കാണുമ്പോൾ… ജോ പുച്ഛത്തോടെ പറഞ്ഞു….സ്വന്തം മക്കൾക്ക് പറ്റി എന്ന് അറിഞ്ഞപ്പോൾ അമ്മാവന്മാരുടെ കണ്ണ് തുറന്നു…ഇത്രയും നാൾ ഇയാളുടെ വാക്ക് കേട്ടിട്ടാണെങ്കിലും അവർ എന്തൊക്കെ ചെയ്തുകൂട്ടി…. എത്രപേർക്ക് ദ്രോഹം ചെയ്തു… നിധി ദേഷ്യത്തോടെ പറഞ്ഞുഅവർക്കുള്ള ഏറ്റവും വലിയ ശിക്ഷയല്ലേ മോളെ ഇത്… ഇത്രനാളും കണ്ണും പൂട്ടി വിശ്വസിച്ച സ്വന്തം അച്ഛൻ തന്നെ മക്കളെ ഇല്ലാതാക്കി അല്ലെങ്കിൽ ഇല്ലാതാക്കാൻ ശ്രമിച്ചു എന്ന് അറിയുന്നതിലും വലിയ ശിക്ഷയൊന്നും അവർക്ക് വേറെയില്ല… ജോ പറഞ്ഞു
ഇതുപോര അവർക്ക് ഇച്ചായാ…ഏത് സ്വത്തിനു വേണ്ടിയാണോ അവർ ഇക്കണ്ട കാര്യങ്ങൾ മുഴുവൻ ചെയ്തു കൂട്ടിയത് എന്റെ രാമേട്ടനെയും വന്ദുവിനെയും വരെ ഭീഷണിപ്പെടുത്തിയത് അതൊക്കെ അവരുടെ കയ്യിൽ നിന്നും പോകണം…
നിധി നീ എന്താ ഉദ്ദേശിക്കുന്നത്…. ജോ സംശയത്തോടെ ചോദിച്ചു…..എന്റെ അമ്മയുടെ പേരിലുള്ളതൊക്കെ ഇനിമുതൽ നമ്മളാണ് നോക്കി തുടങ്ങാൻ പോകുന്നത്…. ഒരു രീതിയിലും ഞാൻ അവരെ ഉപദ്രവിക്കില്ല പക്ഷേ ഓരോ നിമിഷവും അവർക്ക് തോന്നണം അവർ എന്റെ കീഴിലാണ് കഴിയുന്നതെന്ന്…
നിധി പക്ഷേ നമ്മൾ…..ഇച്ചായാ…. വിഷമിക്കേണ്ട നമുക്കൊരു സപ്പോർട്ടിന് നിച്ചുക്ക ഉണ്ടാകും… ഞാൻ സംസാരിക്കാം നിച്ചുക്കയോട്…. ഈ പ്രശ്നങ്ങളെല്ലാം ഒന്നു ഒതുങ്ങാനാണ് ഞാൻ വെയിറ്റ് ചെയ്യുന്നത്… എനിക്ക് ഇതൊന്നും വേണ്ടീട്ടല്ല… പക്ഷേ ഏതു സ്വത്തിന് വേണ്ടിയാണോ അവർ ഇത്രയൊക്കെ ചെയ്തുകൂട്ടിയത് അത് അവർക്ക് അത്രക്ക് ഈസി ആയി കിട്ടിയാൽ ശരിയാവില്ലല്ലോ….മ്മ്… എനിക്ക് മനസ്സിലാകുന്നുണ്ട് നിധി….. നമുക്ക് വേണ്ടത് എന്താണെന്ന് വച്ചാൽ ചെയ്യാം…. ഇപ്പോ വായോ നിന്റെ ഇച്ചാക്കയും സ്റ്റീഫനും കൂടി ആ വീരനെ ബാക്കി വെച്ചിട്ടുണ്ടോ ആവോ… ഇന്നുതന്നെ അയാളുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കണം… അതും പറഞ്ഞുകൊണ്ട് ജോ നിധിയേയും കൂട്ടി വീരനെ ഇട്ടിട്ടുള്ള റൂമിന്റെ വാതിൽ തള്ളി തുറന്നു…. അവിടെ വീരന്റെ മുൻപിൽ കസേരയിട്ടിരുന്ന ഇച്ചു വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അവിടെ നിന്ന് എഴുന്നേറ്റ് അവർക്ക് നേരെ തിരിഞ്ഞു… അപ്പോഴാണ് അവർ വീരനെ കാണുന്നത്… നിധിയും ജോയും ഒരുപോലെ ഞെട്ടിപ്പോയി വീരന്റെ അവസ്ഥ കണ്ടിട്ട്…. അത്രയും ദയനീയമായിരുന്നു അയാളുടെ അവസ്ഥ… മുഖമെല്ലാം പൊള്ളിയടർന്ന് ആർക്കും കണ്ടാൽ പോലും മനസിലാകില്ല അയാളെ എന്ന് തോന്നും….
ഇച്ചു.. ഇത്… ജോ അതിശയത്തോടെ ചോദിച്ചു…
നിന്റെ സ്റ്റീഫന്റെ പരിപാടിയാണ്… എവിടുന്നു കിട്ടിയെടാ നിനക്ക് അതിനെ… ഞങ്ങൾ പോലീസുകാരിൽ വരെ ഇല്ലല്ലോ ഇത്രയും ക്രൂരന്മാർ…. ഇച്ചു ഒരു ചിരിയോടെ പറഞ്ഞു…
അതുകേട്ട് ജോ ഒന്ന് ചിരിച്ചതേ ഉള്ളൂ….
എന്നാലും ഇതെങ്ങനെ….. നിധി ചോദിച്ചു…
ജോ ഇയാളുടെ മുഖം മനസിലാവാത്ത തരത്തിൽ ആക്കണം എന്ന് പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞ് ഞാൻ സേവിയർനെയും കൊണ്ട് വരുമ്പോൾ കാണുന്നത് സിമന്റ് കുഴച്ചത് മുഖത്തിട്ട് ആകെ അലറി കരയുന്ന വീരനെയാണ്… മുഴുവനായി ഉണങ്ങി പിടിക്കുന്നതിന് മുൻപ് കഴുകി കളയും.. അങ്ങനെ ഒരു നാലഞ്ചു വട്ടം… ദാ അയാളുടെ മുഖം ഇങ്ങനെയായി… ഇച്ചു പറഞ്ഞു നിർത്തിയതും നിധിയും ജോയും ഒന്നുകൂടി അയാളെ നോക്കി… മുഖമാകെ പൊള്ളിയടർന്ന് വല്ലാത്ത ഒരവസ്ഥയിൽ ആണ് അയാൾ ഇരുന്നിരുന്നത്… ബോധം ഉണ്ടായിരുന്നില്ല വീരന്….
ഇയാൾ കാഞ്ഞുപോയോ… ജോ ചോദിച്ചു…
ഏയ്യ് ഇല്ലില്ല.. വേദന സഹിക്കാൻ പറ്റാതെ ബോധം പോയതാ… അല്ല എന്തായി ഹോസ്പിറ്റലിലെ കാര്യങ്ങൾ… ഇച്ചു ചോദിച്ചു…ജോ വിൻസെന്റിന്റെ കാര്യങ്ങൾ മുഴുവൻ വിശദമായി പറഞ്ഞുകൊടുത്തു…മ്മ്… അവൻ ഒന്ന് മൂളി… അവർ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ ആണ് നിധിയുടെ ഫോൺ ബെല്ലടിച്ചത്.. നോക്കിയപ്പോൾ ചാരുവാണ്… അവൾ വേഗം ഫോൺ എടുത്തു….
എന്താ അമ്മായി… അവൾ ചോദിച്ചു…
************
ഇവിടെ റേഞ്ച് കുറവാണ് അമ്മായി… ചില സമയത്ത് ഭാഗ്യത്തിന് കണക്ട് ആയി കിട്ടുന്നതാണ്… അതാ അമ്മായി വിളിച്ചിട്ട് കിട്ടാതെ ഇരുന്നത്… പിന്നെ ഹോസ്പിറ്റലിൽ നടന്നത് ഞാൻ അറിഞ്ഞു അമ്മായി.. അതിന്റെ വീഡിയോസ് എനിക്ക് കിട്ടിയിട്ടുണ്ട്…
**********
കാണിച്ചു കൊടുക്കാം അമ്മായി… വീരന്റെ തകർച്ച അതോടെ പൂർണമായിക്കോളും… ഓക്കേ… എന്താ സംഭവം… എന്ത് വീഡിയോസ്.. നിധി ഫോൺ വച്ചതും ഇച്ചു ചോദിച്ചു….ദാ ഈ വീഡിയോസ്… നിധി തന്റെ കൈയിൽ ഉള്ള വീഡിയോസ് ഇച്ചുവിന് കാണിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു…
അതിലെ മൂന്ന് വീഡിയോസും കണ്ടതും ഇച്ചുവിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു…
ആഹാ ഇതിലും വലിയ സമ്മാനം വീരന് കിട്ടാൻ ഇല്ലല്ലോ… അല്ല.. എങ്ങനെ ഒപ്പിച്ചു ഇത്….ഇച്ചു സന്തോഷത്തോടെ ചോദിച്ചു…ഞാൻ മീരയോട് പറഞ്ഞിരുന്നു ഇന്ന്.. പക്ഷേ ഇന്ന് തന്നെ അവന് ബോധം വരുമെന്നും ഇത്രയും പെട്ടന്ന് ഇങ്ങനെ ഒക്കെ നടക്കുമെന്നും ഞാൻ കരുതിയില്ല.. ദൈവം വരെ നമ്മുടെ കൂടെയുണ്ട് അല്ലേ ഇച്ചായാ…പിന്നെ ഇല്ലാതെ.. ഇയാളെപ്പോലെ ഒരു നികൃഷ്ട ജന്മത്തെ ഇല്ലാതെയാക്കാനല്ലേ.. അപ്പൊ ദൈവം നമ്മുടെ കൂടെ ഇല്ലാതെയിരിക്കുമോ… ജോ അയാളെ നോക്കി അവജ്ഞയോടെ പറഞ്ഞു….
ഇച്ചു അവിടെ ഉള്ള കുപ്പിയിൽ നിന്ന് അല്പം വെള്ളം അയാളുടെ മുഖത്തേക്ക് തെറിപ്പിച്ചു… ഒത്തിരി നേരെത്തെ കഷ്ടപ്പാടിന് ശേഷം അയാൾ ഒരു വിധം കണ്ണുകൾ തുറന്നു.. ബോധത്തിലേക്ക് വന്നപ്പോൾ ഉള്ള വേദനകാരണം അയാൾ ഉറക്കെ കരഞ്ഞു.. ജോയും നിധിയും ഇച്ചുവും അത് ഒരു നിർവൃതിയോടെ നോക്കിക്കണ്ടു…
………തുടരും….

by