10/02/2026

നിയതി :ഭാഗം 52

രചന : കണ്ണൻ്റെ മാത്രം

പിറ്റേന്ന് ഉച്ചയോടെയാണ് ജോയും നിധിയും ഹോസ്പിറ്റലിൽ എത്തുന്നത്… വിൻസെന്റിനെ ഉച്ചക്ക് റൂമിലേക്ക് മാറ്റും എന്ന് മീര നിധിയെ വിളിച്ചു പറഞ്ഞിരുന്നു.. നിധി ഇന്നുകൂടി ലീവ് ആക്കി.. ഇച്ചുവിന് എന്തൊക്കെയോ ഒഫീഷ്യൽ തിരക്കുകൾ ഉള്ള കാരണം ഇന്ന് അവരോടൊപ്പം ഉണ്ടായിരുന്നില്ല…ഹോസ്പിറ്റൽ റൂമിന്റെ ഡോർ തുറന്നുവരുന്ന ജോയെ കണ്ടതും സന്തോഷത്തോടെ എഴുന്നേറ്റ ഗ്രേസിയമ്മയുടെ മുഖം അവന്റെ കൂടെയുള്ള നിധിയെ കണ്ടതും ഇരുണ്ടു… നിധി അതിന് വല്യ മൈൻഡ് കൊടുത്തില്ലെങ്കിലും ജോയ്ക്ക് അത് ദേഷ്യം ഉണ്ടാക്കി… അവന്റെ മുഷ്ടി ചുരുണ്ടു.. അവൻ എന്തെങ്കിലും പറയുന്നതിന് മുൻപായി തന്നെ നിധി കയ്യിൽ പിടിച്ച് അവനെ തടഞ്ഞിരുന്നു.. ഹോസ്പിറ്റലിൽ വച്ച് അവളുടെ പേരിൽ ഒരു സംസാരം ഉണ്ടാക്കാൻ അവൾ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം…

എന്തായി ആൽബി.. പിന്നെ ഡോക്ടർ വല്ലതും പറഞ്ഞോ.. നിധിയുടെ ഉള്ളം മനസിലാക്കി എന്നതുപോലെ ജോ ഗ്രേസിയമ്മയെ ശ്രദ്ധിക്കാതെ ആൽബിയോട് ചോദിച്ചു…ഇല്ലാ ജോ.. ഇന്ന് രാവിലെ വന്നതാണ് ഡോക്ടർ പിന്നെ വന്നിട്ടില്ല.. പക്ഷേ ഇത്തിരി നേരത്തേ മീര ഇതിലേ വന്നപ്പോൾ പറഞ്ഞു അങ്കിളിനെ അധികം വൈകാതെ റൂമിലേക്ക് മാറ്റുമെന്ന്…. ആൽബി പറഞ്ഞു…മ്മ്… ആദം എവിടെപ്പോയി…. ജോ ആ റൂമിൽ ചുറ്റും നോക്കി ആദത്തെ കാണാതെ വന്നപ്പോൾ ചോദിച്ചു…
അവൻ ആന്റിയേയും കൊണ്ട് തറവാട്ടിലേക്ക് പോയി… പാവങ്ങൾ… വല്ലാതെ തകർന്നുപോയി… ആന്റിയുടെ മുഖം ആണ് കാണാൻ പറ്റാത്തത്… ആദ്യമേ കുറച്ചൊക്കെ അറിഞ്ഞെങ്കിലും ഇത്രത്തോളം വിഷം അയാളിൽ ഉള്ളത് അറിഞ്ഞിരുന്നില്ലല്ലോ… അതുമാത്രമല്ല ഇന്നലെ അല്ലേ ഇത്രേം കൊല്ലത്തെ അയാളുടെ സ്നേഹം പോലും അഭിനയം ആയിരുന്നെന്ന് മനസിലായത്… ആന്റിയുടെ വീട്ടുകാരെ ചതിച്ചതിനു ആന്റിക്ക് കിട്ടിയ ശിക്ഷയാണ് ഇതെന്നാണ് ആന്റി പറയുന്നത്…ഒത്തിരി വിഷമിക്കുന്നുണ്ട് രണ്ടാളും..

ഹും… ഒരു പാവങ്ങൾ… അവളുടെ കെട്ടിയോൻ ഒറ്റൊരാൾ കാരണം ആണ് എന്റെ ഇച്ചായൻ ഇങ്ങനെ കിടക്കേണ്ടി വന്നത്… എന്നിട്ടും അവളുടെ വിഷമം കാണാനേ ആളുള്ളൂ… ഗ്രേസിയമ്മയുടെ നാവ് വിഷം ചീറ്റി…നിങ്ങളുടെ ഭർത്താവ് ഇങ്ങനെ കിടക്കുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദി അയാൾ തന്നെയാണ്… എനിക്ക് എന്റെ മമ്മയെ നഷ്ടപ്പെടാനും അയാൾ മാത്രമാണ് കാരണം.. അന്ന് മമ്മ പറഞ്ഞത് അയാൾ ഒന്ന് കണക്കിലെടുത്തിരുന്നെങ്കിൽ എന്റെ മമ്മയെ എനിക്ക് നഷ്ടമാകില്ലായിരുന്നു.. മിന്നുകെട്ടി സ്വന്തമാക്കിയവൾ പറഞ്ഞതിന് യാതൊരു വിലയും കൽപ്പിക്കാതെ ദൂർത്തനായ സഹോദരനെ പൊതിഞ്ഞു പിടിച്ചു… അയാളെ ആദ്യമേ പൊതിഞ്ഞു പിടിക്കാതെ പറഞ്ഞു തിരുത്താൻ നോക്കിയിരുന്നെങ്കിൽ ചിലപ്പോ ഇങ്ങനെ ഒരു ദിവസം കാണേണ്ടി വരില്ലായിരുന്നു… അപ്പൊ സ്വന്തം അപ്പന് പോലും അയാളെ ഒന്നും പറയാൻ ഉള്ള അനുവാദം കൊടുക്കാതെ പൊതിഞ്ഞു പിടിച്ചു.. അതിനുള്ള കൂലി ആയിട്ട് കൂട്ടിയാൽ മതി ഇത്.. അല്ലാതെ ഇതിന്റെ പേരിൽ ഒരാളും മേമയുടെയോ ആദത്തിന്റെയോ മനസ്സ് വിഷമിപ്പിക്കുന്ന തരത്തിൽ സംസാരിച്ചാൽ… ജോ ഒരു താക്കീതോടെ പറഞ്ഞു നിർത്തി…

ജോ നിന്റെ പപ്പയാണ് ഇങ്ങനെ ഒരവസ്ഥയിൽ ഹോസ്പിറ്റലിൽ കിടക്കുന്നത് എന്നിട്ടും നീ മറ്റൊരുത്തിക്ക് വേണ്ടി വാദിക്കാൻ നിൽക്കുമ്പോ… എനിക്കറിയാം ഇതിനൊക്കെ പിന്നിൽ ആരാണെന്ന്…ഗ്രേസിയമ്മ വല്ലാത്തൊരു നോട്ടം നിധിയെ നോക്കികൊണ്ട്‌ പറഞ്ഞു… അവരുടെ നോട്ടവും പറച്ചിലും കേട്ട ജോയ്ക് ആകെ പെരുത്തുകയറി…നിങ്ങൾ…. ഇച്ചായാ.. വേണ്ട മതി… ഇങ്ങനെ ഉള്ളവരോട് സംസാരിച്ചിട്ട് കാര്യമില്ല… വന്നേ നമുക്ക് മീരയെ ഒന്ന് കണ്ടിട്ട് വരാം… വായോ… അവനെ ഒന്നും പറയാൻ സമ്മതിക്കാതെ അവൾ അവിടെ നിന്ന് വലിച്ചുകൊണ്ടുപ്പോയി…

കണ്ടില്ലേ കണ്ടില്ലേ.. അവൾ അവനെ കൊണ്ടുപോയത് കണ്ടില്ലേ.. അവൾ ഒറ്റയൊരുത്തിയ അവനെ എന്നിൽ നിന്നും അകറ്റുന്നത്.. ഗ്രേസിയമ്മ ദേഷ്യത്തോടെ ആൽബിയോട് പറഞ്ഞു…നിങ്ങളുടെ സംസാരവും ചിന്താഗതിയുമാണ് സ്ത്രീയെ നിങ്ങളിൽ നിന്ന് ജോയെ അകറ്റുന്നത്… ഇതിനും മാത്രം എന്ത് തെറ്റാ നിധിയേട്ടത്തി നിങ്ങളോട് ചെയ്യ്തത്.. അവരെ ഇങ്ങനെ വെറുക്കാൻ മാത്രം.. സത്യത്തിൽ നിങ്ങളെ അവർ അല്ലേ വെറുക്കേണ്ടത്.. നിങ്ങൾ അല്ലേ അവരുടെ ജീവിതം നശിപ്പിച്ചത്..പത്തുകൊല്ലത്തോളം ആണ് ആ മക്കൾ ഒരു അപ്പന്റെ സ്നേഹം എന്തെന്നറിയാതെ വളർന്നത്… എന്നിട്ടും അവർ ജോയെ ഒരു മകന്റെ കർമങ്ങൾ ചെയ്യുന്നതിൽ നിന്നും മുടക്കുന്നില്ല.. നിങ്ങളിൽ നിന്നും അകറ്റുന്നില്ല.. ഞാനായിരുന്നു ചേട്ടത്തിയുടെ സ്ഥാനത്തെങ്കിൽ ജോയെ നിങ്ങളോട് അടുപ്പിച്ചേനില്ല.. എന്നിട്ടും നിങ്ങൾക്ക് ഇപ്പോഴും അവരോട് ദേഷ്യം.. കഷ്ടം തന്നെ… ആൽബി ദേഷ്യത്തോടെ അവരോട് അത്രയും പറഞ്ഞുകൊണ്ട് പുറത്തേക്ക് പോകാനായി നടന്നു…

ഗ്രേസിയമ്മ ആൽബി അത്രയും ദേഷ്യപ്പെട്ട് സംസാരിച്ചതിന്റെ ഞെട്ടലിൽ ആയിരുന്നു അപ്പോഴും… കാരണം എത്ര പൊട്ടയായി നടന്ന കാലത്തും അവൻ ഒരാളോടും ഇങ്ങനെ സംസാരിച്ചു കണ്ടിട്ടില്ലായിരുന്നു… ഇപ്പൊ….അതേ ഒരു കാര്യം കാതുതുറന്നു കേട്ടോ…. നിങ്ങൾ എത്രത്തോളം നിധിയേട്ടത്തിയെ വെറുക്കുന്നുവോ അത്രയും ജോ നിങ്ങളിൽ നിന്ന് അകലും… അതുകൊണ്ട് മനസ്സിലെ ഈ ദുഷ്ടത്തരം എല്ലാം മാറ്റിവച്ചിട്ട് അവരെ ഉള്ളുതുറന്നു സ്നേഹിക്കാൻ നോക്ക്.. ഇല്ലെങ്കിൽ ഒരുകാലത്തും ജോ നിങ്ങളോട് പൊറുക്കാൻ പോകുന്നില്ല…. വാതിലിനവിടെ എത്തിയ ആൽബി ഗ്രേസിയമ്മയോട് അത്രയും പറഞ്ഞിട്ട് നേരെ വാതിൽ തുറന്ന് ICU വിന് മുൻപിലേക്ക് പോയി… ഇനിയും അവർ എന്തെങ്കിലും പറഞ്ഞാൽ താൻ എങ്ങനെ റിയാക്ട് ചെയ്യും എന്ന് അവന് അറിയില്ലായിരുന്നു..

ഓഹ്… സകലരെയും മയക്കി വച്ചിരിക്കുകയാണ് ആ ഒരുമ്പെട്ടവൾ….ഗ്രേസിയമ്മ അതിനും കുറ്റം നിധിയിൽ കണ്ടു… ചിലർ അങ്ങനെയാണ്.. ഒരാളെ അവർ വെറുത്തുപോയാൽ എന്തിനും ഏതിനും അവർ കുറ്റം കാണുന്നത് അവരിൽ തന്നെയാവും… ഉള്ളിന്റെ ഉള്ളിൽ അവർക്ക് തന്നെയറിയാം അവർ ചെയ്യുന്നത് തെറ്റാണെന്ന് പക്ഷേ അവർക്ക് മാറി ചിന്തിക്കാൻ കഴിയില്ല..വിട് നിധി.. അവരെ ഇന്ന് ഞാൻ… നീ എന്ത് ചെയ്തിട്ടാ അവർ നിന്നോട് ഇങ്ങനെ പെരുമാറുന്നത് എന്ന് എനിക്കറിയണം… തന്നെ വലിച്ചുകൊണ്ട് പോകുന്ന നിധിയോട് ജോ പറഞ്ഞു…

ഇച്ചായാ.. ഇവിടെ ഇരിക്ക്… അധികം ആൾതിരക്കില്ലാത്ത ഒരിടം വന്നതും അവിടെ കണ്ട കസേരയിൽ ജോയെ ഇരുത്തി നിധിയും അവിടെ ഇരുന്നു..എന്താ ഇച്ചായാ ഇത്… ഇതൊരു ഹോസ്പിറ്റൽ ആണെന്ന ചിന്ത അവർക്കോ ഇല്ലാ ഇച്ചായനും ഇങ്ങനെ തുടങ്ങിയാലോ.. ഇങ്ങനെ ഉള്ളവർ പറയുന്നതൊക്കെ അവഗണിച്ചു വിട്ടൂടെ…. നിധി ജോയെ ശാന്തമാക്കാൻ എന്നോണം പറഞ്ഞു…എന്നാലും നീ എന്ത് ചെയ്തിട്ടാ അവർ ഇങ്ങനെ പെരുമാറുന്നത്.. ശരിക്ക് നിന്നോടല്ലേ അവർ ദ്രോഹം മുഴുവൻ ചെയ്യ്തത്…. അവൻ തല ഒന്ന് കുടഞ്ഞുകൊണ്ട് പറഞ്ഞു…

അവരുടെ കണ്ണിൽ അവർ ചെയ്തതെല്ലാം ശരികൾ ആണ് ഇച്ചായാ… ഒരു മകൻ അവരെ മാത്രം എപ്പോഴും ഏറ്റവും കൂടുതൽ സ്നേഹിക്കണം എന്നുള്ളൊരു സ്വാർത്ഥത.. അതാണ് അവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്…. ആ സ്നേഹം തിരികെ കിട്ടാൻ അവർ ചെയ്തുകൂട്ടുന്നതൊക്കെ പക്ഷേ അവരെ ആ മകനിൽ നിന്ന് അകറ്റുകയാണെന്ന് അവർ മനസിലാക്കുന്നില്ല… എനിക്ക് മനസ്സിലാകുന്നുണ്ട് അവരെ… നിധി ഒരു ചെറുചിരിയോടെ പറഞ്ഞു…
നീ എന്താ അവരെ ന്യായികരിക്കുകയാണോ…. ജോ നിധിയെ കണ്ണുകുറുക്കി നോക്കികൊണ്ട്‌ ചോദിച്ചു…

ഒരിക്കലുമല്ല… എനിക്ക് അവരെ മനസ്സിലാകുന്നുണ്ട് എന്നേ ഞാൻ പറഞ്ഞുള്ളൂ അല്ലാതെ അവർ ചെയ്യുന്നതു മുഴുവൻ ശരിയാണെന്ന് അല്ല ഞാൻ പറഞ്ഞത്.. അതുപോലെ ഈ ജന്മത്തിൽ അവരോട് ഞാൻ ക്ഷമിക്കില്ല എന്ന് പറഞ്ഞതും സത്യമാണ്.. ആരെന്നെ എന്ത് പറഞ്ഞാലും അവരോട് ഞാൻ ഒരു കാലത്തും ക്ഷമിക്കില്ല… ഇച്ചായനോടുള്ള സ്വാർത്ഥമായ സ്നേഹംകൊണ്ടായാലും അവർ എന്നോടും എന്റെ മക്കളോടും ചെയ്യ്തത് പൊറുക്കാൻ പറ്റാത്ത തെറ്റാണ്.. പക്ഷേ ഇച്ചായൻ അവരോട് ക്ഷമിക്കരുത് എന്ന് ഞാൻ പറയുകയുമില്ല… എന്തൊക്കെയായാലും ഇച്ചായനെ വളർത്തി വലുതാക്കിയവർ ആണ്.. അവരെ കാണരുത് എന്നോ മിണ്ടരുത് എന്നോ ഞാൻ ഇച്ചായനോട് പറയില്ല…

പക്ഷേ എനിക്ക് അവരെ കാണാനോ മിണ്ടാനോ തോന്നുന്നില്ല നിധി… എന്റെ മക്കളെയും നിന്നെയും സ്വീകരിക്കാത്ത അവരെ ചേർത്തുപിടിക്കാൻ എനിക്കൊരിക്കലും കഴിയില്ല… നിന്നെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നപ്പോഴും അവരെ ഞാൻ ചേർത്തുപ്പിടിച്ചിരുന്നു.. അതവർ മനസിലാക്കിയില്ല… ഇപ്പൊ എനിക്ക് തോന്നുന്നത് അവർ ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല എന്നാണ്.. അല്ലെങ്കിൽ എന്റെ പ്രാണനെ എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുമോ…അങ്ങനെ പറയരുത് ഇച്ചായാ… അവർക്ക് നിങ്ങളോട് സ്നേഹമാണ്.. ഭ്രാന്തമായ സ്വാർത്ഥത മാത്രം നിറഞ്ഞ സ്നേഹം.. ഇച്ചായൻ അവരുടെ മാത്രം ആണെന്ന ചിന്തയിൽ നിന്ന് വന്ന സ്നേഹം… അവർക്ക് ഇച്ചായനോട് മാത്രമേ സ്നേഹമുള്ളൂ… ഇച്ചായനോട് ചുറ്റിപറ്റി നിൽക്കുന്ന മറ്റൊന്നിനോടും സ്നേഹമില്ല.. അതാണ് അവർക്ക് എന്നെ ഉൾകൊള്ളാൻ പറ്റാത്തത്… ഒരു തരത്തിൽ പറഞ്ഞാൽ അവരുടെ ഈ ഒരു സ്വഭാവത്തിന് കുറച്ചൊക്കെ ഇച്ചായനും കാരണം ആണ്… ഹന്നയുടെ ആ പ്രശ്നത്തിന് മുൻപ് അവർ എന്ത് പറഞ്ഞാലും അതിപ്പോ തെറ്റായാലും ശരിയായാലും ഇച്ചായൻ അനുസരിച്ചിരുന്നില്ലേ…

മ്മ്… ജോ ആലോചനയോടെ മൂളി…അതാണ്… അതോടെ അവർക്ക് ഒരു ചിന്ത കടന്നുകൂടി ഉള്ളിൽ അവർ എന്ത് പറഞ്ഞാലും ഇച്ചായൻ അനുസരിക്കുമെന്ന്… അങ്ങനെ ഒരു വിശ്വാസത്തിൽ ജീവിക്കുമ്പോൾ ആണ് ഇച്ചായൻ ഹന്നയുമായി ബ്രേക്കപ്പ് ആകുന്നത്… സ്വാഭാവികമായും ഹന്ന അവരെ ചെന്ന് കണ്ടിട്ടുണ്ടാകും.. അവർ പറയുന്നതെന്തും ഇച്ചായൻ അനുസരിക്കും എന്നുള്ള വിശ്വാസത്തിൽ ഹന്നക്ക് അവർ വാക്കും കൊടുത്തിട്ടുണ്ടാവും… പക്ഷേ ഇച്ചായൻ അവരെ എതിർക്കുന്നു ഈ കാര്യത്തിൽ… അവിടെ അവരുടെ വിശ്വാസം തകരുന്നു… അതോടെ അവർക്ക് വാശിയായി.. എങ്ങനെയും ഹന്നയെ ഇച്ചായന്റെ ലൈഫിലേക്ക് കൊണ്ട് വരണം എന്ന്.. അങ്ങനെ നിൽക്കുമ്പോൾ ആണ് ഞാൻ ഇച്ചായന്റെ ലൈഫിൽ ഉള്ളത് അവർ അറിയുന്നത്.. അതും ഇച്ചായൻ എന്നെ ഒത്തിരി സ്നേഹിക്കുന്നു.. എന്നെ വെറുക്കാൻ ഇതിൽ കൂടുതൽ എന്തെങ്കിലും അവർക്ക് വേണോ… ഇതിൽ ഇച്ചായന് പറ്റിയ തെറ്റ് എന്താണെന്ന് അറിയോ…

നിധി അത് ചോദിച്ചപ്പോൾ ജോ എന്താണ് എന്ന രീതിയിൽ അവളെ നോക്കി..ഹന്നയുമായി ബ്രേക്കപ്പ് ആകുന്നു… അവളുടെ സ്വഭാവം ശരിയല്ല എന്ന് പറഞ്ഞത് തെളിവടക്കം അന്നേ അവർക്ക് മുന്നിൽ കാണിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അവർ ഇത്രയൊന്നും ചെയ്തുകൂട്ടുമായിരുന്നില്ല… പക്ഷേ അപ്പോഴും എന്നെ അവർ സ്വീകരിക്കും എന്ന കാര്യത്തിൽ പ്രതീക്ഷ ഒന്നും എനിക്കില്ല.. അവർക്കൊരിക്കലും അതിന് കഴിയില്ല.. അത്രയും സ്വാർത്ഥയാണ് അവർ ഇച്ചായന്റെ കാര്യത്തിൽ… നിനക്കെങ്ങനെ അവർ ചെയ്തതൊക്കെ ഇത്ര ലാഘവത്തോടെ എടുക്കാൻ പറ്റുന്നു.. ജോ നിധി പറഞ്ഞതെല്ലാം കേട്ടപ്പോൾ ചോദിച്ചു…

അതിന് ആര് പറഞ്ഞു അവർ ചെയ്തതെല്ലാം ഞാൻ ലാഘവത്തോടെയാണ് എടുത്തിട്ടുള്ളത് എന്ന്.. ഒരിക്കലുമല്ല… അവർ ചെയ്തതൊന്നും എന്നിലെ ഭാര്യക്കോ അമ്മക്കോ ഒരിക്കലും ക്ഷമിക്കാനോ പൊറുക്കാനോ പറ്റില്ല.. അതിനൊട്ട് ഞാൻ ശ്രമിക്കുകയും ഇല്ലാ.. പിന്നെ ഇപ്പൊ ഞാൻ ഇത് പറഞ്ഞത് അവർ ഇച്ചായനെ സ്നേഹിച്ചിരുന്നില്ല എന്ന് പറഞ്ഞത് കേട്ടപ്പോൾ പറഞ്ഞതാണ്… എന്റെ അഭിപ്രായത്തിൽ അവർ ഈ ജീവിതത്തിൽ ആകെ സ്നേഹിച്ചിട്ടുള്ളത് ഇച്ചായനെ മാത്രമാകും ചിലപ്പോ… നിധി ഒരു ചിരിയോടെ പറഞ്ഞു…എന്തോ നീ ചിന്തിക്കുന്നതുപോലെ ചിന്തിക്കാൻ എനിക്ക് കഴിയുന്നില്ല.. എനിക്ക് ഇപ്പോഴും തോന്നുന്നത് അവർ എന്നെ സ്നേഹിച്ചിട്ടില്ല എന്നാണ്.. എന്നെ അവർ സ്നേഹിച്ചിരുന്നെങ്കിൽ എന്റെ ഇഷ്ടങ്ങളും അവർ സ്നേഹിച്ചിരുന്നേനെ… ഇതുപോലെ എന്റെ ജീവിതം തന്നെ ഇല്ലാതെയാക്കാൻ ശ്രമിക്കുമായിരുന്നില്ല… ജോ വല്ലായ്മയോടെ പറഞ്ഞു…

ഹാ… അത് വിട്ടുകള ഇച്ചായാ… ഇപ്പൊ അതൊന്നും ചിന്തിക്കാൻ നിൽക്കണ്ട.. വായോ… നമുക്ക് ഓരോ കോഫി കുടിച്ചിട്ട് അങ്ങോട്ട് പോകാം.. അങ്കിളിനെ ഇപ്പൊ റൂമിലേക്ക് മാറ്റുമായിരിക്കും… നിധി അതും പറഞ്ഞുകൊണ്ട് ആകെ വല്ലാതെയിരിക്കുന്ന ജോയെ അവിടെ നിന്ന്പിടിച്ചുവലിച്ചു എഴുന്നേൽപ്പിച്ചു.. പിന്നെ രണ്ടാളുംകൂടി കാന്റീൻ ലക്ഷ്യമാക്കി നടന്നു…

…….തുടരും….
കുറിപ്പ് :-ഗയ്‌സ് ഞാൻ വെക്കേഷൻ കഴിഞ്ഞ് തിരികെ എത്തി ട്ടോ… ഇനിമുതൽ റെഗുലർ ആയി കഥ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം… എല്ലാവരോടും ഒത്തിരി സ്നേഹം🥰🥰🥰…. നിയതി അവസാനിക്കാറായെ… കുറച്ചു പാർട്ടുകൾ മാത്രേ ബാക്കി ഉണ്ടാവൂ… ☺️☺️☺️