രചന – കണ്ണന്റെ മാത്രം
ഹലോ യങ്ങ് മാൻ.. ഇയാളുടെ പേര് എന്താണ്… പെട്ടന്ന് തന്റെ അടുത്ത് നിന്ന് അങ്ങനെ ഒരു ചോദ്യം കേട്ടപ്പോൾ ആണ് അവന്റെ കണ്ണുകൾ നിധിയിൽ നിന്നും മാറിയത്… അവൻ അയാളുടെ മുഖത്തേക്ക് പകച്ചു നോക്കി….
ഞാ.. ഞാൻ.. ജോഷ്വാ.. നിങ്ങൾ ഒക്കെ ആരാ.. ഞാൻ ഇപ്പൊ എവിടെയാണ്…
ഹായ്.. ജോഷ്വാ.. ഞാൻ രാം കുമാർ ഇത് എന്റെ വൈഫ് വന്ദന.. എന്റെ മകൾ നിയതി…. ഞങ്ങൾ ഡോക്ടർസ് ആണ്.. ഞങ്ങൾ ഒരു ഫങ്ക്ഷന് പോയി വരുന്ന വഴിക്കായിരുന്നു ആക്‌സിഡന്റ് പറ്റിയ നിലയിൽ താങ്കളെ കണ്ടത്… അങ്ങനെ ആണ് ഈ ക്ലിനിക്കിലേക്ക് കൊണ്ട് വന്നത്…
ഓഹ്.. നിങ്ങൾക്ക് എവിടെ വച്ചാണ് എന്നെ കിട്ടിയത്.. എനിക്ക് ഈ ഭാഗം അറിയില്ല… ജോ ഒരു ആലോചനയോടെ പറഞ്ഞു..
ഞങ്ങൾക്ക് മാങ്കുളം ഫോറെസ്റ്റ് ഭാഗത്ത് വച്ചാണ് തന്നെ കിട്ടിയത്.. ഈ ഭാഗം തനിക്കറിയില്ലെങ്കിൽ താൻ എങ്ങനെ ഇവിടെ എത്തി… പിന്നെ ഈ ആക്‌സിഡന്റ് അതൊരു നോർമൽ ആക്‌സിഡന്റ് പോലെ തോന്നിയില്ല കണ്ടിട്ട്…
ഡോക്ടർ.. എനിക്ക്.. പിന്നെ ആണ് അവൻ അവിടെ നിൽക്കുന്ന വന്ദുവിനെയും നിധിയേയും ശ്രദ്ധിച്ചത്…
ഡോക്ടർ.. എനിക്കൊന്ന് ഡോക്ടറോട് തനിച്ചു സംസാരിക്കണം.. അവൻ അല്പം മടിയോടെ പറഞ്ഞു…
മ്മ്… വന്ദു.. നീ കണ്ണനെയും കൂട്ടി വീട്ടിലേക്ക് പൊക്കോളൂ.. ഞാൻ ഇയാളോട് ഒന്ന് സംസാരിച്ചിട്ട് വരാം… അയാൾ വന്ദനയെയും നിധിയേയും
നോക്കി പറഞ്ഞു..
ശരി.. രാമേട്ടാ… അവർ അതും പറഞ്ഞ് പുറത്തേക്ക് ഇറങ്ങി.. പോകുന്ന പോക്കിൽ അവനെ തിരിഞ്ഞു നോക്കിയ നിധി അവന്റെ കണ്ണുകൾ തന്നിലാണെന്ന് അറിഞ്ഞതും ഒരു പിടച്ചിലോടെ മുഖം തിരിച്ച് പുറത്തേക്ക് പോയി…
പിന്നെ കുറച്ച് കഴിഞ്ഞിട്ടാണ് രാമേട്ടൻ വന്നത്…
എന്താ രാമേട്ടാ.. എന്താ ആ കുട്ടി പറയുന്നത്… അയാളെ കണ്ടതും വന്ദു ചോദിച്ചു…
അയാൾക്ക് കുറച്ച് നാൾ ഒരു ഷെൽട്ടർ വേണം എന്ന്.. ഇവിടെ താമസിപ്പിക്കാമോ എന്നാണ് ചോദിക്കുന്നത്… ഞാൻ സമ്മതം പറഞ്ഞു…
രാമേട്ടാ… അത് വേണമായിരുന്നോ… എന്തെങ്കിലും കുഴപ്പം വന്നാലോ… നിധി ടെൻഷനോടെ ചോദിച്ചു…
നമ്മളോട് ഒരാള് ഒരു ഹെല്പ് ചോദിക്കുമ്പോൾ എങ്ങനെയാ കണ്ണാ നമ്മൾ ചെയ്യാതെ ഇരിക്കുന്നത്… അതും ഇങ്ങനെ ഒരവസ്ഥയിൽ ഇരിക്കുമ്പോൾ.. പിന്നെ അയാൾ നല്ലവൻ ആണ് കണ്ണാ… വിഷമിക്കേണ്ട… രാമേട്ടൻ പറഞ്ഞു…
രാമേട്ടന് ഒറ്റദൃഷ്ടി കൊണ്ട് തന്നെ മനസ്സിലായോ അയാൾ നല്ലവൻ ആണെന്ന്… അവൾ അയാളെ കൂർപ്പിച്ചു നോക്കികൊണ്ട് ചോദിച്ചു…
അതൊക്കെ മനസിലായെടി കാന്താരി.. ഒന്നുമില്ലെങ്കിൽ കൊല്ലം കുറേ ആയില്ലേ ആളുകളെ കാണുന്നു… അയാൾ അവളുടെ മൂക്ക് ഒന്ന് പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു…
ഓഹ്… അവൾ അതിന് ഒന്ന് ചുണ്ട് കോട്ടികാട്ടിയിട്ട് ഉള്ളിലേക്ക് പോയി…
അയാൾ ഒരു ചിരിയോടെ തിരിഞ്ഞപ്പോൾ ആണ് അവിടെ ടെൻഷനോടെ നിൽക്കുന്ന വന്ദുവിനെ അയാൾ കണ്ടത്…
എന്താടോ ഭാര്യേ.. എന്തിനാ ഇത്ര ടെൻഷൻ… അയാൾ അവളുടെ തോളിൽ തട്ടിക്കൊണ്ട് ചോദിച്ചു…
രാമേട്ടാ.. ആ പയ്യൻ ഇവിടെ താമസിക്കുക എന്നൊക്കെ പറഞ്ഞാൽ… അവർ ഒരു ആശങ്കയോടെ ചോദിച്ചു…
ഒരു കുഴപ്പവും ഇല്ലെടോ.. അയാൾ നല്ലവൻ ആണ്.. കുറച്ച് നാളത്തേക്ക് ആൾക്ക് ഒരു ഷെൽട്ടർ വേണം… താനും കണ്ടതല്ലേ അയാൾക്കെതിരെ നടന്ന കാര്യങ്ങൾ.. അങ്ങനെയുള്ളപ്പോ നമ്മളോട് ഒരു ഹെല്പ് ചോദിക്കുമ്പോൾ എങ്ങനെ ആണെടോ സഹായം ചെയ്യാതെ ഇരിക്കുന്നത്…
മ്മ്… എല്ലാം ഏട്ടന്റെ തീരുമാനം പോലെ… അവർ പറഞ്ഞു..
താൻ അയാൾക്ക് കഴിക്കാൻ എന്തേലും ഉണ്ടാക്കാൻ പറയ് സത്യേച്ചിയുടെ അടുത്ത്…. ഹാർഡ് ആയിട്ട് ഒന്നും വേണ്ട… എന്തേലും ലൈറ്റ് ആയിട്ട് മതി.. തലയിൽ മുറിവുള്ളതുകൊണ്ട് കടിക്കാൻ ബുദ്ധിമുട്ടാവും.. വല്ല പൊടിയരി കഞ്ഞിയോ ഓട്സോ മതി…
ശരി രാമേട്ടാ…അവർ അതും പറഞ്ഞ് അടുക്കളയിലേക്ക് സത്യേച്ചിയോട് പറയാനായി പോയി.. സത്യ അവരുടെ വീട്ടിൽ സഹായത്തിനു നിൽക്കുന്ന സ്ത്രീ ആണ്… 60ന് മുകളിൽ പ്രായമുള്ള അവരെ രാമേട്ടനും വന്ദനയും ഒരു ചേച്ചിയുടെ സ്ഥാനത്താണ് കാണുന്നത്..
ചേച്ചി കുറച്ച് കഞ്ഞിയോ ഓട്സോ ഉണ്ടാക്കുമോ.. ആ കുട്ടിക്ക് കൊടുക്കാനാ… വന്ദു പറഞ്ഞു…
ഉണ്ടാക്കാം മോളെ.. മോൾടെ കൈ എങ്ങനെ ഉണ്ട്… അവർ വന്ദുവിന്റെ സ്ലിംഗിൽ കിടക്കുന്ന വലതു കൈയിലേക്ക് നോക്കി വിഷമത്തോടെ ചോദിച്ചു..
അത് കുഴപ്പം ഒന്നുമില്ല ചേച്ചി.. ഇന്നലത്തെ ആ തിരക്കിനിടിയിൽ എവിടെയോ അടിച്ച് കൊണ്ടതാണ്.. ചതവ് ഉണ്ടെന്നും പറഞ്ഞ് രാമേട്ടന്റെ നിർബന്ധത്തിന് കൈ ഒന്ന് സ്ലിംഗിൽ ഇട്ടതല്ലേ.. അല്ലാതെ എനിക്ക് ചെറിയ വേദന ഉണ്ട് എന്നല്ലാതെ വേറെ കുഴപ്പം ഒന്നുമില്ല… അവർ ഒരു ചിരിയോടെ പറഞ്ഞു…
രാമേട്ടൻ പറയുന്നത് അനുസരിച്ചോ മോളെ.. കൈ ഇങ്ങനെ ഇട്ടില്ലെങ്കിൽ ഒരുനേരം മോള് അനങ്ങാതെ ഇരിക്കില്ല എന്ന് രാമേട്ടന് അറിയാം.. അതാവും ഇങ്ങനെ ഇടാൻ നിർബന്ധം പറഞ്ഞത്.. അവർ ഒരു ചിരിയോടെ പറഞ്ഞു..
മ്മ്.. ചേച്ചി അത് തയ്യാറാവുമ്പോ പറയ് ട്ടോ.. എന്നും പറഞ്ഞു അവർ അപ്പുറത്തേക്ക് പോയി…..
കുളിയൊക്കെ കഴിഞ്ഞ് ഇറങ്ങി വന്ന നിധിയോട് കാര്യം പറഞ്ഞിരിക്കുമ്പോൾ സത്യേച്ചി കഞ്ഞി റെഡി ആയി എന്നും പറഞ്ഞ് വന്നത്…
കണ്ണാ.. അതൊന്ന് ആ കുട്ടിക്ക് കൊണ്ടുകൊടുക്ക്.. നമുക്ക് അപ്പോഴേക്കും ആ ഗസ്റ്റ് റൂം ഒന്ന് ശെരിയാക്കിയിടാം… ഭക്ഷണം കഴിഞ്ഞാൽ അയാൾ ഇങ്ങോട്ട് മാറിക്കോട്ടെ… എഴുന്നേൽക്കാൻ പോയ വന്ദുവിനോടും നിധിയോടും ആയി രാമേട്ടൻ പറഞ്ഞു..
നിധി സമ്മതം അറിയിച്ച് സത്യേച്ചിയുടെ കൈയിൽ നിന്ന് കഞ്ഞിയും വാങ്ങി ക്ലിനിക്കിലേക്ക് നടന്നു.. അവിടെ ചെല്ലുമ്പോൾ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ നോക്കുന്ന ജോയെ ആണ് നിധി കാണുന്നത്…
ഹലോ… മിസ്റ്റർ… താൻ എന്താ ഈ കാണിക്കുന്നത്.. അങ്ങനെ എഴുന്നേൽക്കാൻ ഒന്നും പാടില്ല ഇപ്പൊ തന്നെ പ്രതേകിച്ചും ആരും ഇല്ലാതെ.. അവൾ അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു..
പെട്ടന്ന് കേട്ട ശബ്ദത്തിൽ ജോ ഒന്ന് പകച്ചു.. അതേ പകപ്പോടെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.. കുളികഴിഞ്ഞ് ഈറൻമുടി ഒരു തോർത്താൽ ചുറ്റിവച്ച് ഒരു പാവാടയും ടീഷർട്ടും ഇട്ട് കഞ്ഞി പാത്രവുമായി നിൽക്കുന്ന ആ കുഞ്ഞിപ്പെണ്ണിനെ അവൻ തെല്ലതിശയത്തിൽ നോക്കി…
സോറി.. ഞെട്ടിയോ.. ഇയാള് ഒറ്റക്ക് എഴുന്നേൽക്കാൻ തുടങ്ങുന്നത് കണ്ടപ്പോ അറിയാതെ ശബ്ദം ഉയർന്നതാണ്.. ഒറ്റക്ക് ഒന്നും എണീക്കാറായിട്ടില്ല.. തലക്ക് നല്ല ആഴത്തിൽ മുറിവുണ്ട്.. വല്ല തലകറങ്ങി വീഴുകയോ മറ്റോ ചെയ്യത് ആ തല ഇനി എവിടേലും കൊണ്ടാൽ അതോണ്ട് പിന്നെ വല്യ ഉപകാരം ഒന്നും ഉണ്ടാവില്ല… അവസാനവാചകം പതുക്കെ ആണ് പറഞ്ഞെതെങ്കിലും അത് അവൻ നല്ല വൃത്തിക്ക് കേട്ടന്ന് അവന്റെ കൂർപ്പിച്ചുള്ള നോട്ടം കണ്ടപ്പോൾ അവൾക്ക് മനസിലായി… അവൾ ഒന്ന് ഇളിച്ചുകാട്ടിയിട്ട് വേഗം നോട്ടം മാറ്റി…
അവളുടെ ഇളിഞ്ഞുള്ള ആ നിൽപ് കണ്ടപ്പോൾ അവന് ചിരി വന്നെങ്കിലും അവൻ അത് കടിച്ചു പിടിച്ചിരുന്നു…
എന്തിനാ എഴുന്നേൽക്കുന്നേ.. എന്തെങ്കിലും ആവശ്യമുണ്ടോ… പെട്ടന്ന് ബോധം വന്നതുപോലെ അവൾ ചോദിച്ചു..
എനിക്ക് കുറച്ചുനേരം ഇരിക്കാൻ വേണ്ടിയിട്ടായിരുന്നു.. അവൻ പറഞ്ഞു
ആണോ.. ഞാൻ സഹായിക്കാം.. എന്തായാലും കഞ്ഞി കുടിക്കാൻ ഇരിക്കണം…
അവൾ അത് പറഞ്ഞതും ഈ പൊടികുപ്പി പോലെ ഇരിക്കുന്ന നീയാണോ എന്നെ താങ്ങാൻ പോകുന്നത് എന്നപോലെ അവൻ ഒന്ന് നോക്കി… അവൾക്ക് ആ നോട്ടത്തിന്റെ അർത്ഥം മനസിലായതുപോലെ അവളുടെ മുഖം വീർത്തു.. കുട്ടിക്ക് തന്റെ രൂപത്തെ കളിയാക്കിയുള്ള അവന്റെ നോട്ടം അങ്ങോട്ട് പിടിച്ചില്ല…
അതേ ഈ ബെഡ് ഉയർത്താൻ പറ്റുന്നതാണ്.. ഇയാള് നേരെ കിടക്ക്.. ഞാൻ ഉയർത്തി തരാം.. വീർത്ത മുഖത്തോടെ തന്നെ അവൾ പറഞ്ഞു…
മ്മ്.. അവൻ അവളുടെ മുഖത്തേക്ക് നോക്കി ഒന്ന് മൂളിക്കൊണ്ട് ബെഡിലേക്ക് കിടന്നു.. അവൾ ആ ബെഡിന്റെ കാലുഭാഗത്തുള്ള ഗിയറിൽ പിടിച്ച് തിരിച്ചുതുടങ്ങിയതും ആ ബെഡിന്റെ തലഭാഗം ഉയർന്നു തുടങ്ങി.. അത്യാവശ്യം കഞ്ഞികുടിക്കാൻ പറ്റുന്നപോലെ ആയതും അവൾ അത് വിട്ടിട്ട് കഞ്ഞി പാത്രം അവന് എടുത്ത് നൽകി..
താങ്ക്സ്.. അവൻ പറഞ്ഞുകൊണ്ട് കഞ്ഞി പാത്രം വാങ്ങി കഞ്ഞി കുടിച്ചു തുടങ്ങി.. ഇടക്ക് ഒളിക്കണ്ണിട്ട് അവളെ നോക്കാനും അവൻ മറന്നില്ല.. കുറച്ച് കുടിച്ചത് അവന് മതിയായി.. അവൻ മതി എന്നും പറഞ്ഞ് അത് അവൾക്ക് തന്നെ തിരികെ കൊടുത്തു..
എന്താ ഇയാളുടെ പേര്.. ജോ ചോദിച്ചതും തനിക്കെല്ലേടോ രാവിലെ രാമേട്ടൻ പരിചയപ്പെടുത്തി തന്നത് എന്ന രീതിയിൽ അവൾ ഒന്ന് നോക്കി..
അതുപിന്നെ.. ആ സമയത്ത് അതൊന്നും മനസിലാക്കാൻ പറ്റിയ ഒരു മൂഡിൽ ആയിരുന്നില്ല.. അതുകൊണ്ട് ശ്രദ്ധിച്ചില്ലായിരുന്നു.. അവൻ അല്പം ചമ്മലോടെ പറഞ്ഞു…
മ്മ്.. ഞാൻ നിയതി.. ഇയാളുടെ പേര് ജോഷ്വാ എന്നല്ലേ.. എന്ത് ചെയ്യുന്നു.. അവൾ തന്റെ പേര് പറഞ്ഞുകൊണ്ട് അവനോട് ചോദിച്ചു…
അതേ.. എനിക്ക് ബിസിനസ് ആണ്.. താൻ എന്താ ചെയ്യുന്നേ..
ഞാൻ എംബിബിസ് ചെയ്യാണ് ഫൈനൽ ഇയർ കൊച്ചിയിൽ… അവൾ പറഞ്ഞു…
കൊച്ചി എന്ന പേരുകേട്ടതും അവന്റെ മുഖം മാറി.. പെട്ടന്ന് തന്നെ മുഖം പ്രസന്നമാക്കാൻ നോക്കിയെങ്കിലും ആദ്യം അവന്റെ മുഖത്ത് വന്ന കാളിമ അവൾ ശ്രദ്ധിച്ചിരുന്നു…എങ്കിലും അതു മനസിലാകാത്ത പോലെ അവൾ ഇരുന്നു…
ഇയാളെ കണ്ടാൽ എംബിബിസ് ചെയ്യാണ് എന്നൊന്നും തോന്നില്ല ട്ടോ.. ഞാൻ വല്ല പ്ലസ്ടു വോ മറ്റോ ആണെന്നാ കരുതിയത്.. അവൻ ഒരു ചിരിയോടെ പറഞ്ഞു…
അവൾ അതിനെന്തോ പറയാൻ പോയ നേരത്താണ് കണ്ണാ എന്നും വിളിച്ച് രാമേട്ടൻ അകത്തേക്ക് വന്നത്…
എന്താ രാമേട്ടാ.. അയാളുടെ കണ്ണാ എന്നുള്ള വിളിക്കേട്ടതും അവൾ
ചോദിച്ചു..
ഒന്നുല്ല്യ ടാ.. ഏഹ്ഹ്.. ഇയാള് കഞ്ഞി കുടിച്ചില്ലേ.. അവിടെ ഇരിക്കുന്ന കഞ്ഞി പാത്രം കണ്ടപ്പോ അയാൾ ചോദിച്ചു…
മതിയായിട്ടാ.. ഡോക്ടർ.. കഴിക്കാൻ തോന്നുന്നില്ല…
താൻ എന്നെ ദേ ഇവളടക്കം വിളിക്കുന്നതുപോലെ രാമേട്ടൻ എന്ന് വിളിച്ചോ.. അയാൾ പറഞ്ഞു..
മ്മ്.. അതിന് അവൻ ഒന്നുമൂളി.
കഞ്ഞി കുടിച്ച സ്ഥിതിക്ക് നമുക്ക് റൂമിലേക്ക് മാറിയാലോ ജോഷ്വാ… റൂം ശരിയാക്കിയിട്ടുണ്ട്… അയാൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…
ഡോ.. രാമേട്ടന് ഞാനൊരു ബുദ്ധിമുട്ടായല്ലേ.. അത്രയും പറ്റാത്ത സിറ്റുവേഷൻ ആയതുകൊണ്ടാണ്… താൻ കാരണം അവർക്ക് ഒരു ബുദ്ധിമുട്ടായി എന്ന ചിന്തയിൽ അവൻ വല്ലായ്മയോടെ പറഞ്ഞു…
ഹാ.. തനിങ്ങനെ ഡെസ്പ് ആകേണ്ട ആവശ്യം ഒന്നുമില്ലെടോ.. നമ്മളൊക്കെ മനുഷ്യർ അല്ലെടോ.. അയാൾ അതും പറഞ്ഞ് അവനെ മെല്ലെ എഴുന്നേൽപ്പിക്കാൻ സഹായിച്ചു..
രാമേട്ടന്റെയും നിധിയുടെയും സഹായത്തോടെ അവൻ ബെഡിൽ നിന്ന് എഴുന്നേറ്റ് നിന്നതും അവന്റെ തലയൊന്നു കറങ്ങി… അവൻ തലയിൽ കൈവച്ചുകൊണ്ട് അവിടേക്ക് തന്നെ ഇരുന്നുപോയി…
എന്താടോ തല കറങ്ങുന്നുണ്ടോ.. സാരല്ല്യ.. അതാ മുറിവുള്ളതുകാരണം ആണ്.. കുറച്ച് ദിവസം ഉണ്ടാകും.. കാര്യാക്കണ്ട…. താൻ കുറച്ച് നേരം ഒന്നിരുന്നിട്ട് പതുക്കെ എഴുന്നേൽക്കാൻ നോക്ക്…
രാമേട്ടൻ പറഞ്ഞതും ജോ കുറച്ചുനേരം കൂടി അവിടെ ഇരുന്നു.. പിന്നെ പതിയെ എഴുന്നേറ്റു.. അവൻ തനിയെ നടക്കാൻ ശ്രമിച്ചു… നിധിയും രാമേട്ടനും വീഴാൻ പോയാൽ പിടിക്കാൻ എന്നതുപോലെ അവന്റെ ഒപ്പം തന്നെ നടന്നു…
വേദനയുണ്ടോ തനിക്ക്.. പൈൻ കില്ലർ വല്ലതും വേണോ രാമേട്ടൻ അവനോട് ചോദിച്ചു.
പൈൻ അല്ല… വല്ലാത്തൊരു മന്ദിപ്പ്.. അവൻ തലയിൽ പിടിച്ചുകൊണ്ടു പറഞ്ഞു…
സാരല്ല്യ മാറിക്കോളും.. ഇതിപ്പോ ആക്സിഡന്റിന്റെ ആണ്.. അയാൾ അവനെ ഒന്നുകൂടി എഴുന്നേൽക്കാൻ സഹായിച്ചുകൊണ്ട് പറഞ്ഞു…
മ്മ്…അവൻ ഒന്നുമൂളിക്കൊണ്ട് പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു… കുറച്ചുനേരത്തെ ശ്രമത്തിൽ അവന് എഴുന്നേൽക്കാനും നടക്കാനും പറ്റി. അവർ രണ്ടാളും കൂടി അവനെ തങ്ങളുടെ കിളിക്കൂടിലേക്ക് കൊണ്ടുപോയി…
തുടരും…

by