The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന: കണ്ണൻ്റെ മാത്രം
ദിവസങ്ങൾ കടന്നുപോയി…. നിധിയും ജോയും തങ്ങളെ സ്നേഹിക്കുന്നവരുടെ ഇടയിൽ സന്തോഷത്തോടെ കഴിഞ്ഞുപോയി…. മക്കളും ഒരുപാട് സന്തോഷത്തിൽ ആയിരുന്നു… അവരുടെ മമ്മയുടെയും പപ്പയുടെയും സ്നേഹതണലിൽ അവർ വളർന്നു… ജോ ഇപ്പൊ നാഗാസ് ഗ്രൂപ്പ് കൂടെ നോക്കുന്നുണ്ട്.. അമൻ കിടപ്പിലായതോടെ ബിസിനസ് എല്ലാം അവതാളത്തിൽ ആയി… ഇന്ദ്രന്റെ മകൻ അയാനെക്കൊണ്ട് ഒറ്റക്ക് ഒന്നും പറ്റില്ല എന്ന് മനസിലായതും ബ്രഹ്മനും ഇന്ദ്രനും ജോയെ കണ്ട് സംസാരിച്ചു.. അല്ലെങ്കിലും നാഗാസ് ഗ്രൂപ്പ് ഏറ്റെടുക്കണം എന്ന് ജോ ഉറപ്പിച്ചിരുന്നു.. നിധിക്ക് അവകാശപ്പെട്ടത് ഒന്നും മറ്റൊരാളും അവകാശപ്പെടേണ്ട എന്നൊരു വാശി അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു… മുത്തശ്ശി ഉള്ള കാലത്തോളം തറവാട്ടിൽ അവകാശം സ്ഥാപിക്കേണ്ട എന്നത് നിധിയുടെ തീരുമാനം ആയിരുന്നു..
പക്ഷേ ബിസിനസ് ജോ നോക്കി നടത്തണം എന്ന് നിധിക്ക് ആഗ്രഹം ഉണ്ടായിരുന്നു.. അതുകൊണ്ട് തന്നെ ബ്രഹ്മനും ഇന്ദ്രനും ഇങ്ങനെ ഒരു ആവശ്യവും ആയി വന്നപ്പോൾ ജോ കണ്ണുംപ്പൂട്ടി സമ്മതിച്ചു… ഇപ്പൊ രണ്ട് ബിസിനസ്സും ഒരുപോലെ കൊണ്ടുപോകേണ്ടതുകൊണ്ട് ജോ ഒത്തിരി ബിസി ആണ്.. നിച്ചുവും ആൽബിയും രഞ്ജുവും ഒക്കെ അവന്റെ കൂടെ തന്നെ സഹായത്തിനായുണ്ട്… ആദം പക്ഷേ എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞു ഒന്നിലേക്കും ഇല്ലാതെ തറവാട്ടിൽ തന്നെ കഴിഞ്ഞുകൂടി… ജോ ഒത്തിരി തവണ അവനെ ബിസിനസ്സിലേക്ക് വിളിച്ചെങ്കിലും അവൻ അതിന് കൂട്ടാക്കിയില്ല.. അവന്റെ മനസ്സ് അറിയുന്നതുകൊണ്ട് ജോക്കും അവനെ ഒരു പരിധിയിൽ കൂടുതൽ നിർബന്ധിക്കാൻ കഴിഞ്ഞില്ല…
തറവാട്ടിൽ ഗ്രേസിയമ്മയുടെ അവസ്ഥ വളരെ പരിതാപകരമായി.. വിൻസെന്റ് കൂടി അവരോട് ശീതസമരം തുടങ്ങിയതോടെ അതുവരെ മാഗിയെല്ലാം കൊടുത്തിരുന്ന ബഹുമാനം എല്ലാം അവസാനിച്ചു… തെരേസയും അഥിതിയും ഒന്നും പറയില്ലെങ്കിലും മാഗി നല്ല രീതിയിൽ അവരെ കുത്തിപ്പറയും… വല്യപ്പച്ചൻ മാത്രേ ഇപ്പോഴും അവരോട് ഇത്തിരിയെങ്കിലും അനുഭാവത്തിൽ പെരുമാറുന്നുള്ളൂ.. ബാക്കി എല്ലാവർക്കും അവരോട് ദേഷ്യം തന്നെയാണ്… പണ്ട് വല്യപ്പച്ചന്റെയും ജോയുടെയും എല്ലാം കണ്ണെത്താത്ത നേരത്ത് താൻ നിധിയോട് പെരുമാറിയിരുന്നതുപോലെയാണ് ഇപ്പൊ മാഗി തന്നോട് പെരുമാറുന്നത് എന്ന് അവർക്ക് തോന്നി… അത് സത്യവും ആയിരുന്നു… താൻ നിധിയോട് പറഞ്ഞിരുന്നത് പോലെ കഴിക്കുന്ന ഭക്ഷണത്തിന്റെ കണക്ക് വരെ മാഗി പറയാറുണ്ട്..
അങ്ങനെ മാഗി എന്തോ പറഞ്ഞിരിക്കുന്നതിനിടയിലേക്കാണ് ജോ പെട്ടന്ന് കടന്നു വന്നത്… മാഗി പറഞ്ഞതെല്ലാം അവൻ കേട്ടു എന്ന് അവന്റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു… അവന്റെ കണ്ണുകൾ ഗ്രേസിയമ്മയുടെ മുഖത്തായിരുന്നു… അവരുടെ നിറഞ്ഞ കണ്ണുകൾ അവനെ വേദനിപ്പിച്ചു… എത്രയൊക്കെ സ്വാർത്ഥ ആണെങ്കിലും തന്നോട് അവർ കാണിച്ച സ്നേഹം സത്യമാണെന്ന് അവനറിയാം.. ഒരു പക്ഷേ പപ്പയെക്കാൾ അധികം തന്നെ സ്നേഹിച്ചതും അവർ ആയിരിക്കും എന്ന് അവനറിയാം….
എന്താ എളേമ്മേ ഇവിടെ പ്രശ്നം… അവരിൽ നിന്നും കണ്ണുകൾ വെട്ടിച്ചുമാറ്റിക്കൊണ്ട് മാഗിയെ നോക്കി അവൻ ശാന്തമായ സ്വരത്തിൽ ചോദിച്ചു…അവന്റെ ശാന്തമായ സ്വരം കേട്ടതും മാഗി സമാധാനിച്ചു.. അവന് ഗ്രേസിയമ്മയോട് ദേഷ്യം ഉള്ളതുകൊണ്ട് ഒരിക്കലും അവൻ തന്നെ ഒന്നും പറയില്ല എന്ന് അവർക്ക് തോന്നി…ഒന്നൂല്ല്യ മോനേ.. ദേ ഇവർ അടുക്കളയിൽ ഒരു സഹായത്തിനും വരില്ല… എന്നാലോ നേരാനേരത്തിനു തിന്നാൻ കറക്റ്റ് സമയത്ത് ഹാജർ ആയിക്കോളും… കെട്ടിയോന് വരെ വേണ്ടാ.. പിന്നെയും എന്തിനാവോ ഇവിടെ ഇങ്ങനെ നിൽക്കുന്നത്.. എങ്ങോട്ടെങ്കിലും ഇറങ്ങിപൊയ്ക്കൂടേ… അതിഥിക്ക് കെട്ടിയോൻ ഇല്ലെങ്കിലും ഇവിടത്തെ ചോരയെങ്കിലും അവൾക്കുള്ളിൽ ഉണ്ടായി എന്ന് വിചാരിക്കാം… ഇവർക്ക് അതിനുള്ള ഭാഗ്യം പോലും ദൈവം കൊടുത്തില്ല… അതിനെങ്ങനെയാ അതല്ലേ കയ്യിലിരിപ്പ്.. ദൈവത്തിനുപോലും വേണ്ടാത്ത ജന്മം…. മാഗി അവരെ നോക്കി വിഷം തുപ്പി….
മാഗി ഇതുപറയുമ്പോൾ മുഴുവൻ ജോയുടെ കണ്ണുകൾ ഗ്രേസിയമ്മയിൽ തന്നെ ആയിരുന്നു… അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. കഴിക്കാനെടുത്ത പാത്രത്തിലേക്ക് അവരുടെ കണ്ണുനീർ വീണുടഞ്ഞു…
അവന്റെ കണ്ണുകളിലും നീർ പൊടിഞ്ഞു.. നിമിഷനേരത്തിൽ കഴിക്കുന്ന ഭക്ഷണത്തിനു വരെ കണക്ക് കേൾക്കേണ്ടി വന്ന തന്റെ നിധിയുടെ മുഖം അവന്റെ ഉള്ളിൽ തെളിഞ്ഞു… അവന്റെ മുഖം ഒന്ന് മുറുകി… അടുത്ത നിമിഷം അവൻ ഉച്ചത്തിൽ വല്യപ്പച്ചനെ വിളിച്ചിരുന്നു… അവന്റെ ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ടതും അതുവരെ ഗ്രേസിയമ്മയെ ദുഷിച്ചുകൊണ്ടിരുന്ന മാഗി അവന്റെ മുഖത്തേക്ക് ഞെട്ടലോടെ നോക്കി….
എന്താ ജോ… നീ എന്തിനാ ഇത്ര ഉച്ചത്തിൽ എന്നെ വിളിച്ചത്… വല്യപ്പച്ചൻ അങ്ങോട്ട് വന്നുകൊണ്ട് ചോദിച്ചു… ജോ അതിന് മറുപടി പറയാതെ ചുറ്റും നോക്കി ആദവും ആൽബിയും ഒഴികെ ബാക്കി എല്ലാവരും അവിടെ എത്തിയിരുന്നു…. അവൻ നേരെ ആന്റണിയുടെ മുന്നിൽ പോയി നിന്നു….
നിങ്ങൾ ആണോ ഈ തറവാട്ടിൽ എല്ലാവർക്കും കഴിക്കാൻ കൊടുക്കുന്നത്… ജോ കടുത്തമുഖത്തോടെ അയാളോട് ചോദിച്ചു… അയാൾ ഒന്നും മനസിലാകാതെ അവനെ നോക്കി അല്ല എന്ന് തലയാട്ടി….പിന്നെ എന്ത് അധികാരത്തിൽ ആണ് നിങ്ങളുടെ ഭാര്യ മറ്റുള്ളവർ കഴിക്കുന്ന ആഹാരത്തിന് വരെ കണക്ക് പറയുന്നത്…. ജോ ഗൗരവത്തോടെ അയാളോട് ചോദിച്ചു… ആന്റണി ഒന്നും മനസിലാകാതെ അവനെ പകച്ചു നോക്കി….പിന്നീട് അയാളുടെ കണ്ണുകൾ പേടിയോടെ നിൽക്കുന്ന മാഗിയിലും പതിച്ചു.. അവർ എന്തെങ്കിലും ഒപ്പിച്ചിട്ടുണ്ടാവും എന്ന് അയാൾക്ക് മനസിലായി… മാഗിക്ക് ഉള്ളിൽ ഭയം നിറഞ്ഞു…. വല്യപ്പച്ചൻ എങ്ങനെ ആകും റിയാക്ട് ചെയ്യുക എന്ന് അവർക്ക് അറിയില്ലായിരുന്നു….
എന്തൊക്കെയാ ജോ നീ ഈ പറയുന്നത്…. കഴിക്കുന്ന ഭക്ഷണത്തിനു കണക്കുപറയുകയോ അതും ഈ തറവാട്ടിൽ… ഞാൻ എന്തൊക്കെയാ ഈ കേൾക്കുന്നത്… വല്യപ്പച്ചൻ അസ്വസ്ഥതയോടെ ചോദിച്ചു…അതേ വല്യപ്പച്ചാ… പണ്ടും നടന്നിട്ടുണ്ട്.. അതിന്റെ ആവർത്തനം പോലെ ഇപ്പോഴും… പക്ഷേ ആളുകൾ മാറി എന്ന് മാത്രം… ജോ അല്പം പുച്ഛത്തോടെ പറഞ്ഞു… ജോ അത് പറഞ്ഞതും ഗ്രേസിയമ്മയുടെ തല കുനിഞ്ഞു… അവർക്കുള്ളിൽ കഴിക്കുന്ന ഭക്ഷണത്തിനു മുന്നിൽ നിന്ന് എഴുന്നേൽപ്പിച്ചു വിട്ട നിധിയുടെ മുഖം തെളിഞ്ഞു… അവർക്ക് താൻ ഇപ്പൊ അനുഭവിക്കുന്നത് മുഴുവൻ തനിക്ക് അർഹതപ്പെട്ടതാണെന്ന് തോന്നി…
നീ തെളിച്ചുപറയ് ജോ.. എനിക്ക് ഒന്നും മനസിലാകുന്നില്ല…. ഞാൻ പറയാം വല്യപ്പച്ചാ.. ജോ അതും പറഞ്ഞ് പണ്ട് നിധി ഇവിടെ അനുഭവിച്ചതും ഇപ്പൊ അവൻ കയറിവന്നപ്പോൾ കേട്ട കാര്യവും അയാളോട് പറഞ്ഞു… അയാൾ കേട്ട കാര്യങ്ങളുടെ ഞെട്ടലിൽ ആയിരുന്നു.. നിധി ഇവിടെ ഇതൊക്കെ അനുഭവിച്ചു എന്നുള്ളത് അയാളെ വിഷമത്തിൽ ആഴ്ത്തി.. വിൻസെന്റും ആകെ പകച്ചു നിൽപ്പായിരുന്നു.. അയാൾ അവജ്ഞയോടെ ഗ്രേസിയമ്മയെ നോക്കി… ഗ്രേസിയമ്മ ആരുടേയും മുഖത്തേക്ക് നോക്കാതെ നിന്ന് കണ്ണീർവാർത്തു…. ഒരു അടിപൊട്ടുന്ന ശബ്ദം കേട്ടപ്പോൾ ആണ് ഗ്രേസിയമ്മയെ ശ്രദ്ധിച്ചിരുന്ന എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞത്… കവിളിൽ കൈവച്ച് ഞെട്ടിനിൽക്കുന്ന ആന്റണിയെയും അയാളുടെ മുന്നിൽ ദേഷ്യംകൊണ്ട് വിറച്ചു നിൽക്കുന്ന വല്യപ്പച്ചനെയും എല്ലാവരും പകപ്പോടെ നോക്കി….
ഈ അടിയെന്തിനുള്ളതാണെന്നു നിനക്ക് മനസ്സിലായോ… വല്യപ്പച്ചൻ ഗൗരവത്തോടെ അയാളോട് ചോദിച്ചു… അയാൾ യന്ത്രികമായി ഇല്ലാ എന്ന് തലയാട്ടി….ഇത് നിന്റെ ഭാര്യയെ നീ നിലക്ക് നിർത്താത്തതിനുള്ളതാണ്… പെണ്ണായിപ്പോയി അല്ലെങ്കിൽ അവൾക്ക് കിട്ടിയേനെ ഇത്… വല്യപ്പച്ചൻ അത് പറഞ്ഞതും മാഗി ഒരു നിമിഷം കവിളിൽ കൈവച്ച് നിന്നുപോയി….പലപ്രാവശ്യം നിന്റെ ഭാര്യയുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ അതിരു കടന്നപ്പോഴും ഞാൻ ക്ഷമിച്ചു വിട്ടിട്ടേ ഉള്ളൂ.. പക്ഷേ ഇത് അങ്ങനെ ക്ഷമിക്കാൻ പറ്റില്ല… ഇപ്പൊ ഈ നിമിഷം നീയും കുടുംബവും ഈ വീട്ടിൽ നിന്ന് ഇറങ്ങണം… അയാൾ ഗൗരവത്തോടെ പറഞ്ഞു…
അപ്പച്ചാ… അയാൾ ഞെട്ടലോടെ വിളിച്ചു….
വിളിക്കേണ്ട നീ എന്നെ… ഇത് തറവാട് ആണെങ്കിലും എന്റെ സമ്പാദ്യം ആണ്.. ഞാൻ അധ്വാനിച്ചു ഉണ്ടാക്കിയ പൈസ കൊണ്ട് ഉണ്ടാക്കിയ വീട്.. ആ വീട്ടിൽ ആര് വേണം വേണ്ടാ എന്ന് തീരുമാനിക്കുന്നത് ഞാനാണ്… മറ്റുള്ളവർ കഴിക്കുന്ന അന്നത്തിനു വരെ കണക്ക് പറഞ്ഞവർ വേണ്ടാ ഇവിടെ… പിന്നെ നിന്നോട്.. ഇപ്പൊ നിനക്ക് മനസിലാകുന്നുണ്ടാവുമല്ലോ നീ അന്ന് നിധിയോട് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ അവളുടെ ഉള്ളം എത്രമാത്രം പിടഞ്ഞിട്ടുണ്ടാവും എന്ന്… ദൈവം വലിയവനാ.. അതല്ലേ നീ മൂലം മറ്റൊരാൾ അനുഭവിച്ചതുമുഴുവൻ ഇപ്പൊ നീ അനുഭവിക്കുന്നത്…. വല്യപ്പച്ചൻ ആദ്യം ആന്റണിയെ നോക്കിയും പിന്നെ ഗ്രേസിയമ്മയോടുമായി പറഞ്ഞു…
ഗ്രേസിയമ്മ ഒന്നും മിണ്ടാതെ കണ്ണീർവാർത്തതെ ഉള്ളൂ.. വല്യപ്പച്ചൻ പറഞ്ഞതുമുഴുവൻ സത്യം ആണെന്ന് അവർക്ക് അറിയാം…. ഒരുകാര്യം കൂടി…. സാധങ്ങൾ എടുക്കാൻ റൂമിലേക്ക് പോകാൻ നിന്ന ആന്റണിയെയും മാഗിയെയും നോക്കി ജോ പറഞ്ഞു.. അവർ എന്താ എന്ന രീതിയിൽ അവനെ നോക്കി…ഇവർ ഇനിയും എന്തിനാ ഇവിടെ നിൽക്കുന്നത് എന്നൊരു സംശയം നിങ്ങൾക്കില്ലേ… അവൻ ഗ്രേസിയമ്മയെക്കാട്ടി മാഗിയോട് ചോദിച്ചു… അവർ ഒന്നും പറയാതെ നോക്കി നിന്നതേ ഉള്ളൂ…
അവർ ഇവിടത്തെ മൂത്തമകൻ വിൻസെന്റിന്റെ ഭാര്യ ആയതുകൊണ്ട്.. അയാളുടെ മകന്റെ അമ്മ ആയതുകൊണ്ട്.. അതായത് ആലുക്കൽ തറവാട്ടിലെ മൂത്തപേരകുട്ടിയുടെ അമ്മ… മനസ്സിലായോ അവർക്ക് ഈ വീട്ടിൽ ഉള്ള അധികാരം എന്താണെന്ന്… ജോ മാഗിയോട് അത് ചോദിച്ചതും അവിടെ ഉള്ള എല്ലാവരും ഒന്ന് ഞെട്ടി പ്രത്യേകിച്ചും വിൻസെന്റും ഗ്രേസിയമ്മയും… അവരുടെ ഉള്ളിൽ പ്രതീക്ഷകൾ ഉയർന്നു…
എന്നോടും എന്റെ മമ്മിയോടും നിങ്ങൾ ചെയ്ത തെറ്റൊന്നും അവർ നിങ്ങളോട് ചെയ്തിട്ടില്ല… പിന്നെ എന്തിന്റെ പേരിൽ ആണ് നിങ്ങൾ മിന്നുകെട്ടി കൊണ്ടുവന്നവളെ മറ്റുള്ളവർക്ക് തട്ടികളിക്കാൻ പാകത്തിന് വിട്ടുകൊടുക്കുന്നത്… നിങ്ങളുടെ മകനെ സ്വന്തം പോലെ കണ്ട് സ്നേഹിച്ചതിനുള്ള കൂലി ആണോ… അതോ ഇത്രയും കൊല്ലം നിങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കി ഇവിടെ കഴിഞ്ഞതിനുള്ളതോ… ജോ വിൻസെന്റിനോട് ചോദിച്ചു… അയാളുടെ തല കുനിഞ്ഞു.. കണ്ണുകൾ നിറഞ്ഞു…. മോനേ ജോ… ഗ്രേസിയമ്മ പ്രതീക്ഷയോടെ വിളിച്ചു…വേണ്ടാ.. നിങ്ങളോട് ക്ഷമിച്ചിട്ടല്ല ഞാൻ ഇപ്പോൾ ഇവിടെ നിങ്ങൾക്ക് വേണ്ടി സംസാരിച്ചത്.. സ്വാർത്ഥത കലരുന്നതിന് മുൻപ് നിങ്ങൾ എനിക്ക് നൽകിയ സ്നേഹം ആത്മാർഥമാണെന്ന് എനിക്ക് അറിയുന്നതുകൊണ്ട്… അല്ലെങ്കിൽ കുറേ കാലം സ്വന്തം അമ്മയായി കണ്ട് സ്നേഹിച്ചവരെ ഇങ്ങനെ ഒരവസ്ഥയിൽ കാണാൻ പറ്റാത്തതുകൊണ്ട് മാത്രമാണ്…. ജോ അവരെ നോക്കാതെ അതും പറഞ്ഞുകൊണ്ട് വല്യമ്മച്ചിയുടെ റൂമിലേക്ക് പോയി…
………………….
തുടരും