18/04/2026

നിയതി : ഭാഗം 04

രചന – കണ്ണന്റെ മാത്രം

ഇറങ്ങി വന്ന ജോയെ കണ്ട എല്ലാവരും ഞെട്ടി.. അത്രയും അത്യാവശ്യഘട്ടങ്ങളിൽ കമ്പനിയിലേക്ക് പോകാൻ ഇറങ്ങും എന്നല്ലാതെ ബാക്കി സമയം ആ നാല് ചുവരുകൾക്കുള്ളിൽ തന്നെ ആയിരുന്നു അവൻ ഈ കഴിഞ്ഞ കൊല്ലങ്ങൾ മുഴുവൻ.. അതുപോലെ വല്ല ഓഫീസിലേക്ക് പോകാൻ ആകും അവൻ ഇറങ്ങിയത് എന്ന് കരുതി എല്ലാവരും ആദ്യത്തെ ഒരു ഞെട്ടൽ മാറി തങ്ങളുടെ ഭക്ഷണത്തിലേക്ക് ശ്രദ്ധിച്ചു… പക്ഷേ എല്ലാവരെയും അടപടലം ഞെട്ടിച്ചുകൊണ്ട് ജോ വല്യപ്പച്ചന്റെ അടുത്തായി ഒഴിഞ്ഞു കിടക്കുന്ന കസേരയിലായി ഇരുന്ന് തന്റെ മുന്നിൽ ഉള്ള പ്ലേറ്റ് നേരെ വച്ച് ഭക്ഷണം വിളമ്പി കഴിക്കാനായി തുടങ്ങി… എല്ലാവരും പന്തംകണ്ട പെരുച്ചാഴിയെ പോലെ അവനെ തന്നെ നോക്കിയിരുന്നു.. അവർക്കാർക്കും അവൻ തങ്ങളുടെ കൂടെ ഭക്ഷണം കഴിക്കാനായി ഇരുന്നത് വിശ്വസിക്കാൻ പറ്റിയില്ല.. കാരണം വർഷങ്ങൾ ആയി അവൻ അവരുടെ കൂടെ ഇരുന്ന് കഴിച്ചിട്ട്… എല്ലാവരും തന്നെതന്നെ നോക്കുന്നത് മനസിലായതും അവൻ തലയുയർത്തി എല്ലാവരെയും ഗൗരവത്തോടെ ഒന്ന് നോക്കി.. അതോടെ എല്ലാവരും അവരവരുടെ പ്ലേറ്റിലേക്ക് തന്നെ തലകുനിച്ചു… എങ്കിലും അവരുടെ ഒക്കെ നോട്ടങ്ങൾ ഇടക്കിടക്ക് തന്നിൽ പതിക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.. അവൻ പക്ഷേ ഒന്നും കാര്യമാക്കാതെ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധിച്ചു…

വല്യപ്പച്ചാ…. അവന്റെ ഭക്ഷണം കഴിച്ച് എഴുന്നേൽക്കാൻ നേരം അവൻ അയാളെ വിളിച്ചു…

എന്താ മോനേ… അയാൾ അവനെ നോക്കികൊണ്ട്‌ ചോദിച്ചു…

അരമണിക്കൂറിനുള്ളിൽ ഈ വീട്ടിലെ എല്ലാവരും ഹാളിൽ ഉണ്ടാകണം… എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്… അവൻ അതും പറഞ്ഞുകൊണ്ട് എഴുന്നേറ്റുപോയി….

അവൻ എന്ത് വർത്തമാനം ആണ് അപ്പച്ചാ പറഞ്ഞിട്ട് പോയത്… നമ്മളെല്ലാം എന്താ അവന്റെ ഔദാര്യത്തിൽ ആണോ കഴിയുന്നത് അവൻ പറയുമ്പോഴേക്കും അവിടേക്ക് റാൻ മൂളി എത്താൻ… മാഗി ജോ പറഞ്ഞത് ഇഷ്ടപ്പെടാത്തത് പോലെ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു…

അല്ലേ.. നമ്മൾ എല്ലാവരും അവന്റെ ഔദാര്യത്തിൽ തന്നെ അല്ലേ കഴിയുന്നത്.. നേരാനേരം ഭക്ഷണസമയത്ത് വന്നിരുന്ന് കഴിക്കുന്നതല്ലാതെ ഇന്നത്തെ വരെ പത്തുപൈസ ഈ വീട്ടിലേക്ക് തന്നിട്ടുണ്ടോ… ഞാൻ ഇതുവരെ ആരോടും കഴിച്ചതിന്റെയും കുടിച്ചതിന്റെയും ഒന്നും കണക്ക് പറഞ്ഞിട്ടില്ല.. ആന്റണി നിന്റെ ഭാര്യയെ നീ നിലക്ക് നിർത്തിയില്ലെങ്കിൽ എന്റെ മറ്റൊരു മുഖം നീ കാണും… എല്ലാവരും അവൻ പറഞ്ഞതുപോലെ അരമണിക്കൂറിൽ ഇവിടെ ഉണ്ടാകണം… നിങ്ങടെ ഒക്കെ മക്കളോടും പറഞ്ഞേക്ക്… അയാൾ അതും പറഞ്ഞിട്ട് അവിടെ നിന്ന് എഴുന്നേറ്റ് പോയി.. അയാളുടെ പിന്നാലെ വിൻസെന്റും എഴുന്നേറ്റ് പോയി….

…………………

ഇതാണ് ആലുക്കൽ തറവാട്… ഇവിടത്തെ ഇപ്പോഴത്തെ കാർന്നോർ യോഹന്നാൻ.. അയാളുടെ ഭാര്യ മാർത്ത… ഇപ്പൊ രോഗശയ്യയിൽ ആണ്… യോഹന്നാൻ 80 വയസ്സിനു മുകളിൽ പ്രായം ഉണ്ടെങ്കിലും ഇപ്പോഴും ആലുക്കൽ തറവാട്ടിലെ അവസാനവാക്ക് അയാൾ തന്നെ ആണ്.. അയാളുടെ വാക്കുകളെ തിരുത്താനോ എതിർക്കാനോ ആ വീട്ടിൽ ആകെ ധൈര്യം ജോ ക്ക്‌ മാത്രം ആണ്… ഏറ്റവും മൂത്തപേരകുട്ടി ആയതിന്റെ ഒരു ഇഷ്ടക്കൂടുതൽ യോഹന്നാനും മാർത്താക്കും ജോയോട് ഉണ്ട്… അതുകൊണ്ട് തന്നെ അവരോട് എന്തും പറയാനുള്ളത് അധികാരം അവർ അവന് കൊടുത്തിട്ടുണ്ട്…

യോഹന്നാനും മാർത്തക്കും 4 മക്കൾ.. വിൻസെന്റ്, ആന്റണി, തെരെസ്സ, സേവ്യർ….

വിൻസെന്റിനും ഭാര്യ ഗ്രേസിക്കും ഒറ്റമോൻ… അവനാണ് ജോഷ്വാ വിൻസെന്റ് ആലുക്കൽ എന്ന എല്ലാവരുടെയും ജോ… ആലുക്കൽ ഗ്രൂപ്പ്സ് എന്ന ഒരു വലിയ സാമ്രാജ്യത്തിന്റെ ഉടമ… അവന്റെ മാത്രം അധ്വാനം ആണ് ആ സാമ്രാജ്യം… വിൻസെന്റ് കൊടുത്ത തുകയാണ് അവന്റെ മൂലധനം എങ്കിലും അവൻ വിൻസെന്റ് കൊടുത്തതിന്റെ മൂന്നിരട്ടി അയാൾക്ക് തിരികെ കൊടുത്തിരുന്നു…ഇപ്പൊ ഉള്ളത് മുഴുവൻ അവന്റെ മാത്രം അദ്വാനം ആണ്… ആ വീട്ടിൽ അവൻ ആകെ അടുപ്പം വല്യപ്പച്ചനും വല്യമ്മച്ചിയും ആദവും ആയിട്ട് മാത്രം ആണ് മാറ്റാരുമായും യാതൊരു വിധ അടുപ്പവും അവനില്ല… എന്തിന് സ്വന്തം മാതാപിതാക്കളെ വരെ ഒരു കൈയകലത്തിൽ ആണ് അവൻ നിർത്തിയിട്ടുള്ളത്… അവന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണ് അവനെ അവന്റെ വീട്ടുക്കാരിൽ നിന്നും അകത്തിയത്…

രണ്ടാമത്തെ മകൻ ആന്റണിക്കും ഭാര്യ മാർഗ്രറ്റ് എന്ന മാഗിക്കും രണ്ട് മക്കൾ… ക്രിസ്റ്റിയും അലീനയും… അലീന കല്യാണം കഴിഞ്ഞ് ഭർത്താവിനോപ്പം പുറത്ത് സെറ്റൽഡ് ആണ്.. ക്രിസ്റ്റിയും വിവാഹിതൻ ആണ് ഭാര്യ ആബേൽ എന്ന അബി.. രണ്ടു മക്കൾ.. ജെയ്ക്കും എൽനയും… ആന്റണിയും മാഗിയും ഒരു വല്ലാത്ത ടൈപ്പ് ആണ്.. തന്റെ മക്കൾ മാത്രം ഉയർന്നു പോകണം എന്ന് ചിന്തിക്കുന്ന ടൈപ്പ്.. ജോയുടെ വളർച്ചയിൽ അവർക്ക് വല്ലാത്ത അസഹിഷ്ണുത ഉണ്ട്… എന്നാൽ അവർ ചിന്തിക്കുന്നില്ല അവനാണ് തങ്ങൾ അടങ്ങുന്ന കുടുംബത്തെ പരിപാലിച്ചു കൊണ്ടുപോകുന്നത് എന്ന്… ക്രിസ്റ്റിയും അവന്റെ അപ്പനെയും അമ്മയെയും പോലെ തന്നെ ആണ്.. ജോയുടെ കമ്പനിയിൽ ആണ് വർക്ക്‌ ചെയ്യുന്നത് എങ്കിലും അത് എങ്ങനെയും തന്റേത് ആക്കണം എന്നൊരു ചിന്ത മാത്രം..

മൂന്നാമത്തെ മകൾ തെരേസ..ഭർത്താവ് ജോനാഥൻ ബിസിനസ്‌മാൻ ആണ്….. ആന്റണിയുടെയും മാഗിയുടെയും മറ്റൊരു പതിപ്പാണ് അവർ.. അവർ ഒഴികെ മറ്റാരും നന്നാകുന്നത് അവർക്ക് ഇഷ്ടമില്ല.. പണ്ട് ജോ ബിസിനസ്‌ തുടങ്ങാൻ തീരുമാനിച്ചപ്പോൾ ഏറ്റവും കൂടുതൽ അവനെ പരിഹസിച്ചവർ ആണ് ഇവർ രണ്ടും.. എന്നിട്ട് ഇപ്പൊ അവന്റെ ബിസിനസ്‌ ഉയരങ്ങളിൽ എത്തിയപ്പോൾ ഇവരുടെ ബിസിനസ്സും ആയി ലയിപ്പിച്ചു പാർട്ണർഷിപ് തുടങ്ങണം എന്നാണ് അവരുടെ ആഗ്രഹം.. അതിന് വേണ്ടി പല വഴികളും അവർ നോക്കുന്നുണ്ട്.. ക്രിസ്റ്റിയെ md ആക്കാൻ നോക്കുന്നതും അങ്ങനെ ഒരു ഉദ്ദേശത്തിൽ ആണ്… അവർക്ക് ഒരേഒരു മകൻ.. ആൽബർട്ട് എന്ന ആൽബി… തനിതെമ്മാടി ആണ് ആൽബി. കള്ളും കഞ്ചാവും പെണ്ണും എല്ലാം ഉണ്ട് അവന്… പക്ഷേ തെരേസയുടെ കണ്ണിൽ അവനെക്കാൾ നല്ലവൻ ആരും ഇല്ല.. സ്വഭാവഗുണം കൊണ്ട് കല്യാണം ഒന്നും നടക്കാതെ വന്നിട്ട് അവസാനം മഠത്തിൽ നിന്ന് ഒരനാഥ പെണ്ണിനെ കല്യാണം കഴിപ്പിക്കുകയായിരുന്നു.. ആനി അതാണ് ആ കുട്ടിയുടെ പേര്.. ഒരു പാവം പെൺകുട്ടി.. പോകാൻ ഒരിടം ഇല്ലാത്തതുകൊണ്ട് തന്നെ ഇവന്റെ എല്ലാ ഉപദ്രവങ്ങളും സഹിച്ച് അവിടെ കഴിയുന്നു… ജോയെ ഒരു സഹോദരൻ എന്ന നിലയിൽ ഇഷ്ടമാണെങ്കിലും ബാക്കി ഉള്ളവരെ പേടിച്ച് അടുപ്പം ഒന്നും കാണിക്കാറില്ല.. ജോയും അവൾക്ക് ഒരു ബുദ്ധിമുട്ട് വരണ്ട എന്ന് കരുതി അവളോട്‌ അടുപ്പം ഒന്നും കാണിക്കാറില്ല.. പക്ഷേ ജോയുടെ ഒരു സംരക്ഷണകവചം അവൾക്ക് ചുറ്റും ഉണ്ട്… അത് ആൽബിക്കും അറിയാം…

നാലാമത്തെ മകൻ സേവ്യർ.. ഭാര്യ അതിഥി… അവർക്ക് ഒരു മകൻ ആദം..
അതിഥിയും സേവ്യറും സ്നേഹിച്ചു കല്യാണം കഴിച്ചതാണ്…. ആന്റണിയും തെരെസ്സയും ഒഴികെ ബാക്കി ഉള്ളവർക്ക് വിരോധം ഒന്നുമുണ്ടായില്ല ആ ബന്ധം. പക്ഷേ അതിഥിയുടെ വീട്ടുക്കാർ അതോടെ അവളെ പാടെ ഉപേക്ഷിച്ചു.. ആദം ജോയുടെ വലംകൈ ആണ്.. ഇപ്പോഴും വീട്ടിൽ ആരോടെങ്കിലും ജോ മനസ്സ് തുറക്കുമെങ്കിൽ അത് ആദത്തോട് മാത്രം ആണ്… ആദത്തിന്റെ ഭാര്യ ജൂലിയ എന്ന ജൂലിക്കും ജോയെ വളരെ കാര്യം ആണ്.. ജോയ്ക്കും ഒരു സഹോദരിയോട് എന്നപോലൊരു ഇഷ്ടം ആണ് അവളോട്‌.. അവർക്ക് ഒരു മകൾ എമിൽ എന്ന എമിക്കുട്ടി… ആദത്തിന് അറിയാത്ത രഹസ്യങ്ങൾ ഒന്നും ജോയുടെ ജീവിതത്തിൽ ഇല്ല.. തിരിച്ചും അതേ… ജൂലിയോട് അവന് തോന്നിയ ഇഷ്ടം വരെ അവൻ ആദ്യം പറഞ്ഞത് ജോയോട് ആയിരുന്നു… ജോ ആണ് വീട്ടിൽ സംസാരിച്ച് കല്യാണം എല്ലാം നടത്തി കൊടുത്തത്…

മക്കളും മരുമക്കളും കൂടെ വേണം എന്ന വല്യമ്മച്ചിയുടെ ഇപ്പോഴത്തെ ആഗ്രഹം കാരണം എല്ലാവരും ഇപ്പൊ തറവാട്ടിൽ തന്നെ ആണ് താമസം…

……………………..

തെരേസ റൂമിലേക്ക് വന്ന് ആദ്യം തന്നെ ആൽബിയെ വിളിച്ച് ജോ പറഞ്ഞത് പറഞ്ഞു… ജോയെ പേടിയുള്ളതുകൊണ്ട് അരമണിക്കൂറിൽ അവൻ എത്തിക്കോളാം എന്നും പറഞ്ഞ് അവൻ ഫോൺ വച്ചു…

അതിനുശേഷം അവർ വിളിച്ചത് ജോനാഥന്റെ ഫ്രണ്ടും ബിസിനസ്‌ പാർട്ണറും ആയ ജേക്കബിന്റെ മകൾ ഹന്നയെ ആണ്…

ഹായ് ആന്റി.. എന്തൊക്കെ ഉണ്ട് വിശേഷം.. ഫോൺ എടുത്തതും ഹന്ന ചോദിച്ചു…

ഹന്നമോളെ.. ഇന്ന് ഇവിടെ വലിയ ഒരു വിശേഷം നടന്നു.. അത് പറയാൻ ആണ് ഞാൻ വിളിച്ചത്…

എന്താ കാര്യം ആന്റി… ഹന്ന എന്താണ് എന്നറിയാനുള്ള ആവേശത്തിൽ ചോദിച്ചു…

ഇന്ന് ജോ അവന്റെ ഏകാന്തവാസം അവസാനിപ്പിച്ച് റൂമിന് പുറത്തേക്ക് ഇറങ്ങി.. അത് പറയുമ്പോൾ അവരുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി ഉണ്ടായിരുന്നു…

ഏഹ്… ആന്റി എന്തൊക്കെയാ ഈ പറയുന്നത്… ഇച്ചായൻ വല്ലപ്പോഴത്തെയും പോലെ ഓഫീസിലേക്ക് അങ്ങാനും പോകാൻ ഇറങ്ങിയതാവും.. അവൾക്ക് അവർ പറഞ്ഞത് വിശ്വസിക്കാൻ പറ്റുന്നുണ്ടായില്ല…

അങ്ങനെ ആണെങ്കിൽ ഞാൻ ഇങ്ങനെ വിളിച്ച് പറയാറുണ്ടോ മോളെ.. ഇന്ന് വർഷങ്ങൾക്ക് ശേഷം അവൻ ഡൈനിങ് ടേബിളിൽ വന്നിരുന്ന് ബ്രേക്ഫാസ്റ് കഴിച്ചു.. അതുംപോരാതെ അരമണിക്കൂറിനുള്ളിൽ എല്ലാവരും ഇവിടെ ഉണ്ടാകണം എന്നും ആജ്ഞാപിച്ചിട്ടുണ്ട്… അവർ ഒരു പുച്ഛത്തോടെ പറഞ്ഞു…..

എന്തിനാ ആന്റി… ഇങ്ങനെ പെട്ടന്ന് ഇച്ചായൻ പുറത്തിറങ്ങാൻ എന്തായിരിക്കും കാരണം… ഹന്ന ഒരു സംശയത്തോടെ ചോദിച്ചു…

അറിയില്ല മോളെ… നിനക്കറിയാലോ അവന്റെ മുഖഭാവത്തിൽ നിന്ന് ഒന്നും ആർക്കും മനസിലാക്കാൻ കഴിയില്ല എന്ന്.. സ്ഥായി ഭാവം എപ്പോഴും ഗൗരവം തന്നെ അല്ലേ… ആകെ ചിരിച്ചു കണ്ടിട്ടുള്ളത്… അവർ മുഴുവനാക്കാതെ നിർത്തി…

മ്മ്.. ആന്റി അവിടെ എന്ത് നടന്നാലും വിളിച്ച് പറയണം.. അറിയാലോ സത്യങ്ങൾ എല്ലാം അവൻ അറിഞ്ഞാൽ ഉള്ള ഭവിഷ്യത്… അവൾ ഒരു വാണിങ്ങോട് പറഞ്ഞു….

അതിന് ഞാൻ എന്ത് ചെയ്യ്തു.. ചെയ്യ്തത് മുഴുവൻ…

വേണ്ട ആന്റി… ഒന്നിൽ നിന്നും ഒഴിയാൻ നിൽക്കേണ്ട… ഞാൻ ഒറ്റക്ക് ഒന്നും ചെയ്തിട്ടില്ല.. അതിനുള്ള തെളിവുകൾ എന്റെ കയ്യിൽ ഉണ്ട്… അത് ആന്റി ഓർക്കുന്നത് നല്ലതാണ്… അവരെ പറഞ്ഞ് മുഴുവനാക്കാൻ സമ്മതിക്കാതെ ഭീഷിണിയുടെ സ്വരത്തിൽ ഹന്ന പറഞ്ഞു…

മോളെ… അവർ അല്പം പേടിയോടെ വിളിച്ചു..

പേടിക്കേണ്ട ആന്റി… എന്നെ ചതിക്കാത്തിടത്തോളം കാലം അതൊക്കെ എന്റെ കൈയിൽ ഭദ്രം ആയിരിക്കും.. എന്നെ ചതിക്കണം എന്നൊരു ചിന്ത വരുമ്പോൾ ഇതൊന്ന് ഓർക്കാൻ വേണ്ടി പറഞ്ഞു എന്നേ ഉള്ളൂ.. അപ്പൊ ശരി ആന്റി വെക്കട്ടെ.. അവിടെ നടക്കുന്നത് ഒക്കെ അപ്പപ്പോൾ അറിയിക്കണം.. എന്റെ ആവശ്യം അവിടെ ആവശ്യമാണെങ്കിൽ ഞാൻ അവിടെ എത്തും.. എന്തൊക്കെ വന്നാലും ജോ എനിക്കുള്ളതാണ്.. അതിനി ആരെ കൊന്നിട്ടായാലും ഞാൻ അവനെ സ്വന്തമാക്കും.. അത് പറയുമ്പോൾ വല്ലാത്തൊരു ക്രൗര്യം നിറഞ്ഞിരുന്നു അവളുടെ സ്വരത്തിൽ…

അവളുടെ സംസാരം കേട്ട് നിന്ന തെരേസ പേടിയോടെ ഉമിനീർ ഇറക്കി.. ഹന്നക്ക്‌ എത്രത്തോളം ക്രൂരത ചെയ്യാൻ കഴിയും എന്ന് അവർക്ക് അറിയാം.. അങ്ങനെ ഉള്ളപ്പോൾ അവളെ പിണക്കുന്നത് ആപത്താണ്.. പക്ഷേ സത്യങ്ങൾ ജോ അറിഞ്ഞാൽ ഉള്ള അവസ്ഥ ആലോചിക്കുമ്പോൾ അത് അതിലേറെ ഭയം.. അവന് പക തോന്നിയാൽ അതിപ്പോ സ്വന്തം അപ്പൻ ആണെങ്കിലും അവൻ മുച്ചൂടും മുടിപ്പിക്കും എന്ന് അവർക്കറിയാം.. എല്ലാം കൊണ്ടും താൻ ഒരു ചക്രവ്യൂഹത്തിനുള്ളിൽ ആണെന്ന് അവർ പേടിയോടെ. മനസിലാക്കി… ഹന്ന ഫോൺ വച്ചിട്ട് പോയതൊന്നും അവർ അറിഞ്ഞില്ല.. അവർ അപ്പോഴും ഫോണും ചെവിയിലേക്ക് വച്ച് ഭയത്തോടെ നിന്നു.. ഇത്രയും നാളും ചെയ്തുകൂട്ടിയ ഓരോന്നിനും കണക്ക് പറയാനുള്ള സമയം ആയി എന്ന് അവർ അപ്പോഴും മനസിലാക്കിയില്ല..

തുടരും..