24/04/2026

നിയതി : ഭാഗം 35

രചന – കണ്ണന്റെ മാത്രം

ഇന്ന് രാത്രി ഒരു 8 മണിയോടെ പുറത്തേക്കിറങ്ങാം എന്നാണ് ജോയും ഇച്ചുവും തീരുമാനിച്ചിട്ടുള്ളത്… നിധിക്ക് രാവിലെ എഴുന്നേറ്റപ്പോൾ മുതൽ ആകെ ഒരു ടെൻഷൻ ആണ്… അവളുടെ പാട് കണ്ട് ജോ അവളുടെ പിന്നാലെ നടന്ന് സമാധാനിപ്പിക്കുന്നുണ്ട്… അതും കണ്ടുകൊണ്ടാണ് ഇച്ചു വരുന്നത്…

എന്താ സുറുമി ഇത്.. ഒന്നുമില്ലെങ്കിൽ നീ ഇങ്ങനെ ഒരു പൊസിഷനിൽ ഇരിക്കുന്നതല്ലേ.. അതിന്റെ ഒരു ധൈര്യം കാണിച്ചൂടെ… ഇച്ചു ഗൗരവത്തോടെ പറഞ്ഞു…

ഇച്ചുവിന്റെ സ്വരത്തിലെ ഗൗരവം കൂടി ആയതും അല്ലെങ്കിലേ ടെൻഷനോടെ നിന്നവൾ പൊട്ടിക്കരഞ്ഞു പോയി… ഇച്ചുവും ജോയും ഒരുപോലെ ഞെട്ടിപ്പോയി അവളുടെ കരച്ചിൽ കണ്ടിട്ട്… രണ്ടാളും ഒരുപോലെ അവളെ പൊതിഞ്ഞു പിടിച്ചു…

പ്രാണന്റെ പാതിയായവന്റെയും രക്തബന്ധമില്ലെങ്കിലും അതിലും മുകളിൽ സ്ഥാനമുള്ള സഹോദരന്റെയും സ്നേഹാചൂടിൽ അവളുടെ സങ്കടം ഒന്നു ഒതുങ്ങി… അതോടെ അവർ അവളെ അവിടെ ഉള്ള സോഫയിലേക്കായി ഇരുത്തി…

എന്താ സുറുമി ഇത്… ഇത്രയും ചെറിയ കാര്യങ്ങൾക്കൊന്നും നീ ഇങ്ങനെ ഇമോഷണൽ ആവാറില്ലല്ലോ… എന്താ നിന്റെ മനസ്സിൽ.. തുറന്ന് പറയ്… നിധി ഒന്നു ഓക്കേ ആയതും ഇച്ചു ചോദിച്ചു…

പേടിയാണ് ഇച്ചാക്ക.. ഒരിക്കൽ അനാഥമായവൾ ആണ് ഞാൻ.. മരിച്ചുപോയ എന്റെ അച്ഛനും അമ്മയും ചെയ്ത പുണ്യം കാരണം ആണ് ഇപ്പൊ എനിക്ക് സ്വന്തം എന്ന് പറയാൻ നിങ്ങളെ ഒക്കെ കിട്ടിയത്… ആ നിങ്ങൾക്ക് ഒരു മുള്ള് കൊള്ളുന്നതുപോലും എനിക്ക് സഹിക്കില്ല.. അപ്പൊ ഇങ്ങനെ ഒരു റിസ്കിലേക്ക് നിങ്ങൾ ഇറങ്ങുന്നത്.. വല്ലാതെ പേടിയാകുന്നു.. എത്രവലിയ പൊസിഷനിൽ ഇരിക്കുന്ന ആളായാലും ഞാനുമൊരു മനുഷ്യനല്ലേ ഇച്ചാക്ക.. എന്റെ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും എന്ന് വന്നാൽ എനിക്ക് സഹിക്കാൻ പറ്റുമോ.. ഇനിയൊരിക്കൽ കൂടി നിങ്ങളെ ഒന്നും നഷ്ടമാകുന്നത് എനിക്ക് ചിന്തിക്കാൻ കഴിയില്ല…. നിധി വിങ്ങലോടെ പറഞ്ഞു…

അതിന് നിനക്ക് ഞങ്ങളെ നഷ്ടമാകുന്നില്ലല്ലോ…. എന്തിനാ നീ ഇങ്ങനെ ടെൻഷൻ ആവുന്നത് നിധി.. ഞങ്ങൾ രണ്ടാൾ ഇല്ലേ.. അതുമാത്രമല്ല ഇന്ന് എന്തെങ്കിലും നടക്കും എന്ന് പോലും ഒരു പ്രതീക്ഷയും ഇല്ല.. ഒരു ചൂണ്ട ഇട്ട് നോക്കുന്നതല്ലേ.. അതിൽ അവർ കുരുങ്ങണം എന്നില്ലല്ലോ… ഇനി അഥവാ നമ്മൾ പ്ലാൻ ചെയ്തപോലെ നടന്നാലും അവരെ ഒതുക്കാനൊക്കെ ഞങ്ങൾക്ക് കഴിയും… അതുകൊണ്ട് എന്റെ ഭാര്യ വെറുതേ ടെൻഷൻ അടിക്കേണ്ട ട്ടോ… ജോ അവളെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു…

അതെന്നെ… ഒന്നും ഉണ്ടാവില്ല സുറുമി.. നീ നിന്റെ ഇച്ചാക്കയേയും ഇച്ചായനെയും ഇങ്ങനെ കുറച്ച് കാണല്ലേ.. ഒരുവെടിക്കുള്ളതൊക്കെ ഞങ്ങളുടെ കയ്യിലും ഉണ്ട് അല്ലേ അളിയാ… ഇച്ചു ഒരു ചിരിയോടെ ജോയെ നോക്കി ചോദിച്ചു…

പിന്നല്ല… അളിയന്റെ പെങ്ങൾക്ക് തീരെ ധൈര്യമില്ലന്നേ… ജോ നിധിയെ നോക്കി കുസൃതി ചിരിയോടെ പറഞ്ഞു…

ഓഹ്.. ഒരു അളിയനും അളിയനും വന്നിരിക്കുന്നു… നിധി രണ്ടിനേം പുച്ഛിച്ചുവിട്ടു.. കൊച്ചിന്റെ ധൈര്യത്തെ പറഞ്ഞത് ആൾക്ക് അത്ര ഇഷ്ടമായില്ല… പിന്നെ കുറച്ചുനേരം കൂടി കളി പറഞ്ഞിരുന്ന് നിധിയുടെ മൂട് മാറ്റിയിട്ടാണ് അവർ മറ്റുപണികളിലേക്ക് കടന്നത്…

നിധി ഓഫീസിലേക്ക് പോയി കഴിഞ്ഞിട്ടാണ് ജോ ഓഫീസിൽ പോകാൻ ഇറങ്ങിയത്…

ജോ… ജോ ഇറങ്ങാൻ നേരം അവനെ ഇച്ചു വിളിച്ചു…

എന്താ ഇച്ചു…

നീ നിന്റെ സെക്യൂരിറ്റിയെ വിളിച്ച് പറയ് ഇന്നത്തെ ദിവസം നിനക്ക് സെക്യൂരിറ്റി വേണ്ടാ എന്ന്… അവർ നിന്നെ നിരീക്ഷിക്കുന്നുണ്ടെങ്കിൽ പകലൊക്കെ സെക്യൂരിറ്റി ഉണ്ടായിട്ട് വൈകീട്ട് അതില്ലാതെ ഇറങ്ങുമ്പോൾ ചിലപ്പോ അവർ നമ്മൾ പ്രതീക്ഷിച്ച പോലെ റിയാക്ട് ചെയ്യ്തു എന്ന് വരില്ല… അതുകൊണ്ട് തന്റെ ഇന്നത്തെ സെക്യൂരിറ്റി ഞാൻ ആണ്… ഇവിടെ നിന്നിറങ്ങി കുറച്ച് മാറി എവിടെയെങ്കിലും നിർത്ത് മറ്റൊരു കാറിൽ ഞാൻ വരാം… എന്നിട്ട് പോകാം ഓഫീസിൽ…

ഓക്കേ ഇച്ചു … ആ കീ ഹോൾഡറിൽ ഉണ്ട് കാറിന്റെ ചാവികൾ.. ഏതാണെങ്കിൽ എടുത്തോളൂ… ജോ അതും പറഞ്ഞ് ഫോൺ എടുത്ത് അവനെ സെക്യൂരിറ്റി ടീമിനോട് ഇന്ന് വേണ്ടാ എന്ന് ഇൻസ്‌ട്രക്ഷൻ കൊടുത്തിട്ട് തന്റെ കാറും എടുത്ത് പുറത്തേക്ക് പോയി…

……………

ഫോൺ ബെല്ലടിക്കുന്നത് കേട്ടപ്പോഴാണ് ഫയൽ നോക്കികൊണ്ടിരുന്ന വീരന്റെ ശ്രദ്ധ മൊബൈലിലേക്ക് വീണത്… ജിത്ത്‌ എന്ന നമ്പറിൽ നിന്നുള്ള കാൾ കണ്ടപ്പോൾ അയാൾ വേഗം ഫോൺ എടുത്തു…

എന്താ ജിത്തൂ…

വീരൻ സാർ.. ആ ജോഷ്വാ ഇന്ന് സെക്യൂരിറ്റി ഒന്നുമില്ലാതെ ആണ് ഓഫീസിലേക്ക് ഇറങ്ങിയിട്ടുള്ളത്…

എന്താ പെട്ടന്ന് അങ്ങനെ…

അറിയില്ല സാർ.. ഇന്നലെ വരെ ആർക്കും അങ്ങനെ മനസിലാകുന്ന രീതിയിൽ അല്ലെങ്കിലും അവന് ചുറ്റും സെക്യൂരിറ്റി ഉണ്ടായിരുന്നു.. പക്ഷേ ഇപ്പൊ അങ്ങനെ ഒന്നില്ല…

മ്മ്… എന്തായാലും നിങ്ങൾ ശ്രദ്ധിക്ക്… ഒന്നിനും ചാടി പുറപ്പടേണ്ട… എന്തെങ്കിലും സംശയം അവർക്ക് തോന്നിയാൽ പിന്നെ നമ്മൾ പ്ലാൻ ചെയ്തതൊന്നും അതുപോലെ നടന്നു എന്ന് വരില്ല… കേട്ടല്ലോ…

ശരി സാർ… അതും പറഞ്ഞ് അവൻ ഫോൺ വച്ച് വീരൻ പറഞ്ഞത് അവന്റെ കൂട്ടാളി മനുവിനോട് പറഞ്ഞു… ജിത്തു എന്ന ശ്രീജിത്തും മനുവും വീരൻ തെരുവിൽ നിന്ന് എടുത്തു വളർത്തിയ അവന്റെ ചാവേറുകളാണ്… വീരന് വേണ്ടി കൊല്ലാനും ചാവാനും മടിയില്ലാത്ത രണ്ടുപേർ… അതുകൊണ്ടാണ് ജിത്തുവിന്റെ പ്രണയം ആയിരുന്നിട്ടും വീരൻ പറഞ്ഞു എന്ന ഒറ്റകാരണം കൊണ്ട് അനുവിനെ ഇല്ലാതെയാക്കിയത്…. ഇപ്പൊ ജോയേയും നിധിയേയും നിരീക്ഷിക്കാൻ അവരെ തന്നെയാണ് വീരൻ ഏർപ്പാടാക്കിയിട്ടുള്ളത്… കുറച്ച് ദിവസങ്ങളായി അവർ ജോയുടെയും നിധിയുടെയും പിന്നാലെ ഉണ്ടെങ്കിലും ജോയുടെ സെക്യൂരിറ്റി ടീം അവരുടെ കൂടെ ഉള്ളതുകൊണ്ട് പൂർണമായിട്ടൊരു നിരീക്ഷണം അവർക്ക് കഴിഞ്ഞിരുന്നില്ല…. ഇന്നാണ് സെക്യൂരിറ്റി ഇല്ലാതെ ജോ പുറത്തേക്ക് ഇറങ്ങിയത്.. എന്തായാലും ഇന്ന് ഫുൾ അവന്റെ പിന്നാലെ തന്നെ ഉണ്ടാകണം എന്ന് അവർ ഉറപ്പിച്ചു…

അന്നത്തെ ദിവസം മുഴുവൻ ജോയുടെ പിന്നാലെ ഒരു നിഴൽ പോലെ ജിത്തുവും മനുവും ഉണ്ടായിരുന്നു.. എന്നാൽ അവരെ ശ്രദ്ധിച്ചുകൊണ്ട് അവരുടെ പിന്നാലെ ഉള്ള ഇച്ചുവിനെ അവർ കണ്ടില്ലാ എന്ന് മാത്രം….

വൈകീട്ട് ജോയും നിധിയും ഏതാണ്ട് ഒരേ സമയത്താണ് ഡ്യൂട്ടി കഴിഞ്ഞെത്തിയത്… അവർ എത്തുന്നതിന് മുൻപേ ഇച്ചു അവിടെ എത്തിയിരുന്നു… നിധി കുളിക്കാനും മറ്റും കയറിയപ്പോൾ ഇച്ചു ജോയെ വിളിച്ചുകൊണ്ട് അവന്റെ റൂമിലേക്ക് കയറി…

എന്തായി ഇച്ചു കാര്യങ്ങൾ… ജോ ചോദിച്ചു…

എല്ലാം സെറ്റ് ആണ് ജോ.. അവരെ പൊക്കിയാൽ അവരെയും കൊണ്ട് പോകാൻ നീ അറേഞ്ച് ചെയ്ത സ്ഥലം തന്നെ മതി.. കുറച്ച് ദൂരം സഞ്ചരിച്ചാലും അവിടം സേഫ് ആണ്… കാപ്പി തോട്ടത്തിന് നടുവിൽ ആയതുകൊണ്ട് ആരും പെട്ടന്നൊന്നും അവിടേക്ക് എത്തില്ല.. പിന്നെ നിന്റെ സെക്യൂരിറ്റി ഹെഡ് സ്റ്റീഫനുമായി ഞാൻ സംസാരിച്ചു.. കുറച്ചുപേർ ഇപ്പൊ അങ്ങോട്ട് പോയിട്ടുണ്ടാകും.. സ്റ്റീഫനടക്കം ആറേഴുപേർ നമ്മുടെ ഒരു വിളിപ്പാട് അകലെ ഉണ്ടാകും എന്ന് പറഞ്ഞിട്ടുണ്ട്.. ഫോഴ്‌സിനെ ഇൻവോൾവ് ചെയ്യിക്കാണെങ്കിൽ എല്ലാം നമുക്ക് ഈസി ആയേനെ.. അപ്പൊ പക്ഷേ ഇവന്റെ ഒക്കെ ശിക്ഷ നമുക്ക് നടപ്പാക്കാൻ പറ്റില്ല… ജയിലിൽ ഉണ്ടും ഉറങ്ങിയും സുഖിക്കും ഇവനൊക്കെ… ശക്തമായ തെളിവുകൾ ഇല്ലാത്തതുകൊണ്ട് സുഖമായി ഊരിപ്പോരാനും പറ്റും അവർക്ക്….

തെളിവുകൾ ഉണ്ടല്ലോ ഇച്ചു നമുക്ക്.. ഹരി ഐ വിറ്റ്നെസ്സ് അല്ലേ… അല്ല നിയമം വഴി പോകണം എന്നല്ല ഞാൻ പറഞ്ഞത്.. ഇവനൊക്കെ ഉള്ള ശിക്ഷ നമ്മൾ വിധിക്കുന്നത് തന്നെ ആണ് നല്ലത്…..

ഹരി ഐ വിറ്റ്നെസ്സ് ആണ്.. പക്ഷേ ആ കുട്ടി ഒരിക്കൽ മാനസിക നില തെറ്റിയതിന് ട്രീറ്റ്മെന്റ് എടുത്തതല്ലേ.. അതുകൊണ്ട് അയാളുടെ മൊഴി കോടതി എത്രത്തോളം വിശ്വാസത്തിൽ എടുക്കും എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ… പിന്നെ വീരദത്തന്റെ സമൂഹത്തിലെ സ്ഥാനം പ്രായം എല്ലാം ശിക്ഷയെ ബാധിച്ചെന്നിരിക്കും…

അതുശരിയാ… നമ്മുടെ നിയമങ്ങളിലെ ലൂപ് ഹോൾസ് വച്ചിട്ട് അയാൾ രക്ഷപ്പെട്ടെന്നിരിക്കാം എല്ലാത്തിൽ നിന്നും…. ജോ പറഞ്ഞു…

നമുക്ക് ഒരു 8 മണിയോടെ ഇറങ്ങാം… ഞാൻ അല്പം നേരത്തേ വണ്ടിയിൽ ഉണ്ടാവും.. കാണുന്നവർക്ക് താൻ ഒറ്റക്കാണെന്ന് തോന്നിയാൽ മതി… ഇച്ചു പറഞ്ഞു…

ഓക്കേ ഡോ…ജോയും സമ്മതിച്ചു…

………………………

8 മണിയോട് കൂടി ജോ റെഡി ആയി പുറത്തേക്കിറങ്ങി… ബേജാറായി നിൽക്കുന്ന നിധിയെ പറഞ്ഞു സമാധാനിപ്പിച്ചാണ് ജോ വണ്ടിയിലേക്ക് കയറിയത്… ജോയുടെ താർ കണ്ണിൽ നിന്ന് മറയുന്നവരെ പിടക്കുന്ന നെഞ്ചുമായി നിധി അവിടെ നിന്നു… എത്രയൊക്കെ ധൈര്യം സംഭരിക്കാൻ നോക്കിയിട്ടും അവൾക്ക് അതിന് കഴിയുന്നുണ്ടായിരുന്നില്ല… അവരിൽ ആർക്കെങ്കിലും എന്തെങ്കിലും പറ്റുമോ എന്നൊരു പേടിയിൽ അവളുടെ ഉള്ളം പിടക്കുന്നത് അവൾക്ക് അറിയാൻ കഴിഞ്ഞു.

……………..

വീരൻ ആകെ ടെൻഷനിൽ റൂമിൽ അങ്ങോളം ഇങ്ങോളം നടപ്പാണ്.. ഒരു എട്ടരയോടെ മനു വിളിച്ചതാണ് ആ ജോഷ്വാ എങ്ങോട്ടോ ഒറ്റക്ക് ഇറങ്ങിട്ടുണ്ട് പറ്റിയാൽ ഇന്ന് തന്നെ അവനെ പൊക്കും എന്നും പറഞ്ഞുകൊണ്ട്… പിന്നെ അങ്ങോട്ട് ഒരു വിവരവും ഇല്ലാ… സമയം ഇപ്പോൾ പത്തര കഴിഞ്ഞു.. അയാൾക്ക് ആകെ വെപ്രാളമായി തുടങ്ങി… ആരോടും ഒന്നും പറയാനും പറ്റാത്ത അവസ്ഥയായി… മക്കളും കൊച്ചുമക്കളും അത്യാവശ്യം തല്ലുകൊള്ളിത്തരം കൈയിൽ ഉള്ളവർ ആണെങ്കിലും അവരുടെ പെങ്ങളെ കൊന്നത് താനാണെന്ന് അറിഞ്ഞാൽ അവർ ഒരിക്കലും ക്ഷമിക്കില്ല എന്ന് അയാൾക്കറിയാം… കാര്യം ബ്രഹ്മനും ഇന്ദ്രനും വന്ദുവിനോട് ദേഷ്യം ഉണ്ടെങ്കിലും അവരുടെ ഉള്ളിൽ അവളോട് ഇപ്പോഴും ഒത്തിരി ഇഷ്ടമാണെന്ന് അവൾ മരിച്ചപ്പോൾ തനിക്ക് മനസിലായത് ആണെന്ന് അയാൾ ഓർത്തു…

അന്ന് അവൾ മരിച്ചു എന്നറിഞ്ഞപ്പോൾ ബ്രഹ്മൻ അവിടെ പോയതും അവരായി വഴക്കായതും പറഞ്ഞ് ഒത്തിരി കരഞ്ഞിരുന്നു… അന്ന് താനാണ് തല്ക്കാലം അതാരോടും പറയണ്ട എന്ന് പറഞ്ഞത്… ഞാനും അവരെ ഒന്നും ചെയ്യുമായിരുന്നില്ല… അവർ ഞാൻ പറഞ്ഞതെല്ലാം അനുസരിക്കാൻ തയ്യാർ ആയിരുന്നെങ്കിൽ.. അബദ്ധത്തിൽ നാവിൽ നിന്ന് വീണ അച്ഛന്റെ മരണം പൊക്കിപിടിച്ച് അവർ എന്നോട് യുദ്ധം പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ… ഇത്രയൊക്കെ ചെയ്തുകൂട്ടിയിട്ടും ഒന്നും തനിക്ക് മാത്രമായി കിട്ടാതെ ഭ്രാന്തെടുത്ത് ഇരിക്കുമ്പോൾ ആണ് അവളുടെ രണ്ടാം വരവ്… അതും ഭർത്താവും രണ്ടു കുട്ടികളുമായി…. അയാൾ നിരാശയോടെ ആലോചിച്ചു…

ഈ വക ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ആണ് അയാളുടെ ഫോൺ അടിക്കുന്നത്.. നോക്കിയപ്പോൾ മനുവിന്റെ നമ്പർ ആണ്…

എന്തായി മനു കാര്യങ്ങൾ…

സാർ.. ഞാൻ ലൊക്കേഷൻ അയച്ചിട്ടുണ്ട്.. എത്രയും പെട്ടന്ന് ഇവിടെ എത്തിയാൽ നമുക്ക് പെട്ടന്ന് എല്ലാം ഒതുക്കാം.. അവൻ ഞങളുടെ കസ്റ്റഡിയിൽ ഉണ്ട്…

അതുകേട്ടതും അയാളുടെ മുഖത്ത് ഒരു വിജയച്ചിരി തെളിഞ്ഞു.. എല്ലാം അയാൾ ആഗ്രഹിച്ചപോലെ നടക്കുന്നതിന്റെ ഒരു ധാഷ്ട്യം അയാളുടെ മുഖത്ത് തെളിഞ്ഞു കാണാം…

റെഡി ആയി പുറത്തേക്കിറങ്ങിയ അയാൾ ചെന്നുപ്പെട്ടത് ഇന്ദ്രന്റെ മുൻപിൽ ആയിരുന്നു..

എങ്ങോട്ടാ അച്ഛാ ഈ സമയം… ഇന്ദ്രൻ ചോദിച്ചു…

എനിക്ക് എങ്ങോട്ടെങ്കിലും പോകണമെങ്കിൽ നിന്റെ സമ്മതം വേണോ… മകൻ മകന്റെ സ്ഥാനത് നിന്നാൽ മതി.. എന്നെ ഭരിക്കാൻ വരണ്ട.. കേട്ടല്ലോ… അതും പറഞ്ഞ് അയാൾ ഉറങ്ങിപ്പോയി…

ചുളിഞ്ഞ മുഖവുമായി ഇന്ദ്രൻ അയാൾ പോയ വഴിയേ നോക്കി നിന്നു….

തുടരും…