25/05/2026

നിയതി : ഭാഗം 05

രചന – കണ്ണന്റെ മാത്രം

അരമണിക്കൂർ ആയപ്പോഴേക്കും ആലുക്കലെ എല്ലാവരും ഹാളിൽ സ്ഥാനം പിടിച്ചിരുന്നു… സമയം ആയപ്പോൾ ജോ ഇറങ്ങി വന്ന് ഒരു ത്രീസീറ്റർ സോഫയുടെ നടുവിലായി ഒരു രാജാവിനെ പോലെ ഇരുന്നു…

എന്താ ജോ കാണണം എന്ന് പറഞ്ഞത്… വല്യപ്പച്ചൻ അവനോടായി ചോദിച്ചു…

പറയാം വല്യപ്പച്ചാ… അതും പറഞ്ഞ് അവൻ ആദത്തിനെ കണ്ണുകാണിച്ചു… ആദം കൈയിൽ ഉണ്ടായിരുന്ന ഫയലുകൾ അവന്റെ മുന്നിലെ ടീപ്പോയിക്ക് മുകളിൽ വച്ചു.. എല്ലാവരും അവനെയും ഫയലുകളിലേക്കും മാറി മാറി നോക്കി…

ക്രിസ്റ്റി…. ജോ വിളിച്ചു..

എൻ.. എന്താ ചേട്ടായി… അവൻ വിക്കലോടെ ചോദിച്ചു…

എന്താ ഇതിന്റെ ഒക്കെ അർത്ഥം.. ഈ ഫയലുകളിൽ മുഴുവൻ നീ ആയിട്ട് ചെയ്തുകൂട്ടിയ കള്ളത്തരങ്ങൾ ആണ്..
എന്താ.. നിനക്ക് ഇതിൽ തരാൻ ഉള്ള വിശദീകരണം….ജോ ക്രിസ്റ്റിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..

അത്.. അതുപിന്നെ ചേട്ടായി… ക്രിസ്റ്റി എന്തുപറയണം എന്നറിയാതെ നിന്നു.. ഇങ്ങനെ എല്ലാവരുടെയും മുൻപിൽ വച്ചൊരു വിചാരണ അവൻ പ്രതീക്ഷിച്ചിരുന്നില്ല…

ക്രിസ്റ്റി ഇനി മുതൽ ഓഫീസിൽ വരണം എന്നില്ല.. ആദം അവനെ സെറ്റിൽ ചെയ്തേക്ക്‌.. ജോ ആദത്തെ നോക്കി പറഞ്ഞു…

ക്രിസ്റ്റി അടക്കം എല്ലാവരും ഞെട്ടി നിൽപ്പായിരുന്നു അവന്റെ തീരുമാനത്തിൽ.. ഇങ്ങനെ എടുത്തടിച്ചപോലെ ഒരു തീരുമാനം അവൻ പറയുമെന്ന് ആരും കരുതിയില്ല…
മാഗിയാണ് അവൻ പറഞ്ഞതുകേട്ട ഷോക്കിൽ നിന്ന് ആദ്യം പുറത്തു വന്നത്…

അല്ല.. അങ്ങനെ പറഞ്ഞാൽ എങ്ങനെയാ… അവർ അല്പം ദേഷ്യത്തോടെ ചോദിച്ചു…

ഡീ.. നീ മിണ്ടാതെ ഇരുന്നേ… ആന്റണി മാഗിയെ നോക്കി ഒന്ന് കണ്ണുരുട്ടി പറഞ്ഞുകൊണ്ട് ജോയെ നോക്കി…

മോനേ.. നീ അവള് പറഞ്ഞത് കാര്യമാക്കേണ്ട… ക്രിസ്റ്റിക്ക് ഒരു തെറ്റുപറ്റിയതല്ലേ… ഈ ഒരു തവണത്തേക്ക് നീ ക്ഷമിക്ക്.. ഇനി ഒരിക്കലും അവന്റെ ഭാഗത്ത്‌ നിന്ന് അങ്ങനെ ഒന്നും ഉണ്ടാവില്ലാ..അയാൾ പറയുന്നതിന് ഒപ്പം ക്രിസ്റ്റിയെയും കണ്ണുകാട്ടി…

അതേ ചേട്ടായി.. ഈ ഒരു തവണത്തേക്ക് എന്നോട് ക്ഷമിക്ക്.. ഇനിയൊരിക്കലും എന്റെ ഭാഗത്ത്‌ നിന്ന് അങ്ങനെ ഒരു പ്രവൃത്തി ഉണ്ടാകില്ല… ക്രിസ്റ്റി ഉള്ളിൽ നുരഞ്ഞുപൊന്തുന്ന അമർഷം അടക്കികൊണ്ട് താഴ്മയോടെ പറഞ്ഞു…

മ്മ്.. ഈ ഒരു ഒറ്റത്തവണത്തേക്ക് ഞാൻ നിന്നെ വിട്ടു. പക്ഷേ ഇനി ഇങ്ങനെ ഒരു കാര്യം നിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായാൽ പിന്നെ ഒരു വിചാരണ ഒന്നും ഉണ്ടാകില്ല… കേട്ടല്ലോ… ജോ ഗൗരവത്തോടെ പറഞ്ഞു..

ഉവ്വ്.. ചേട്ടായി.. ഞാൻ ശ്രദ്ധിച്ചോളാം…

മ്മ്.. പിന്നെ ഇനി മുതൽ GM പൊസിഷനിൽ നീ ഇല്ല.. നിന്നെ പേർസണൽ ഡിപ്പാർട്മെന്റ് ഹെഡ് ആക്കി മാറ്റി…

ചേട്ടായി…. ക്രിസ്റ്റി ഞെട്ടലോടെ വിളിച്ചു…

എന്തേ.. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ… ഉണ്ടെങ്കിൽ ഈ നിമിഷം നിനക്ക് കമ്പനിയിൽ നിന്ന് ഇറങ്ങാം… അവൻ ചോദിച്ചു…

വേണ്ട.. വേണ്ട.. എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല.. ഞാൻ.. ഞാൻ ഓക്കേ ആണ്.. ക്രിസ്റ്റി വെപ്രാളത്തോടെ പറഞ്ഞു…

മ്മ്… ഇനി ഒരു കാര്യം തറവാട്ടിലെ എല്ലാവരും കേൾക്കാനായി പറയുകയാണ് ആലുക്കൽ ഗ്രൂപ്പ്‌, അത് എന്റെ മാത്രം ആണ്.. എന്റെയും എന്റെ കൂടെ നിന്ന് പ്രവർത്തിക്കുന്ന എന്റെ തൊഴിലാളികളുടെയും അദ്വാനം ആണ് അല്ലാതെ ഈ തറവാട്ടിലെ ഒരാളുടെയും അല്ല ആകാനും പോകുന്നില്ല.. കേട്ടല്ലോ എല്ലാവരും… ഞാൻ ഓഫീസിൽ പോയാലും ഇല്ലെങ്കിലും അവിടെ എന്താ നടക്കേണ്ടത് എന്നത് ഞാൻ തീരുമാനിച്ചോളാം.. ഒരാളും അതിൽ അഭിപ്രായം പറയാൻ വരണ്ട… അവസാന വാചകങ്ങൾ അവൻ ആന്റണിയെയും മാഗിയെയും ഒന്ന് ഇരുത്തി നോക്കിയാണ് പറഞ്ഞത്… അവൻ എല്ലാവരെയും ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് നേരെ വല്യമ്മച്ചിയുടെ അടുത്തേക്ക് പോയി…
ആന്റണിയും കൂട്ടരും പല്ല് കടിച്ചും മുഷ്ടി ചുരുട്ടിയും തങ്ങളുടെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചു…

ഇപ്പോ കിട്ടിയല്ലോ നിങ്ങൾക്കുള്ള മറുപടി… വല്യപ്പച്ചൻ ആന്റണിയെയും മാഗിയെയും നോക്കി ചോദിച്ചുകൊണ്ട് ജോയുടെ പിന്നാലെ അവരുടെ റൂമിലേക്ക് പോയി…

വല്യമ്മച്ചിയോട് സംസാരിച്ച് ജോ പുറത്തേക്ക് വരുമ്പോൾ അവിടെ അവനെ കാത്തെന്നോണം വിൻസെന്റും ഗ്രേസിയും ആദവും ഉണ്ടായിരുന്നു.. അവൻ ആദത്തെയും കൂട്ടി നേരെ പുറത്തേക്ക് പോയി എന്നല്ലാതെ വിൻസെന്റിനെയും ഗ്രേസിയെയും കണ്ടതായി പോലും നടിച്ചില്ല…

ഇച്ചായാ.. നമ്മുടെ മോൻ… ഗ്രേസി നിറഞ്ഞകണ്ണോടെ വിൻസെന്റിനെ നോക്കി…

മറ്റുള്ളവരുടെ വാക്ക് കേട്ട് നമ്മുടെ മകന്റെ ജീവിതത്തിൽ കയറി നീ തീരുമാനം എടുത്തപ്പോൾ നീ കരുതിയില്ല അല്ലേ ആ തീരുമാനം ഒരിക്കൽ നിന്റെ മകനെ നിന്നിൽ നിന്ന് അകറ്റും എന്ന്.. നിന്റെ തീരുമാനങ്ങൾക്ക് മനസ്സോടെ അല്ലെങ്കിലും മൗനമായി നിന്നതിനുള്ള ശിക്ഷ ആണ് അവൻ എനിക്ക് തരുന്നത്.. അതിന് ഞാൻ ബാധ്യസ്ഥനും ആണ്.. വേറെ ആരോട് ക്ഷമിച്ചാലും നമ്മളോട് അവൻ ക്ഷമിക്കുമോ എന്ന് എനിക്കറിയില്ല ഗ്രേസി.. അവന്റെ അപ്പനും അമ്മയും ആയിട്ടും നമ്മൾ ചെയ്ത പ്രവൃത്തി അവനെ അത്രത്തോളം നോവിച്ചിട്ടുണ്ട്..

ഇച്ചായാ.. ഞാൻ അവന്റെ നന്മ…

മ്മ്ഹ്.. അവന്റെ നന്മ… ഇത്രയും കൊല്ലം കൊണ്ട് കണ്ടില്ലേ അവന്റെ നന്മ.. ഇനി നീ ചെയ്തുകൂട്ടിയ കാര്യങ്ങൾ അവന്റെ നന്മക്ക് വേണ്ടിയായിരുന്നു എന്ന് പറയല്ലേ ഗ്രേസി.. അത് കർത്താവു തമ്പുരാൻ പോലും പൊറുക്കില്ല… അവരെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ അയാൾ പറഞ്ഞു.. ജോ പോയ വഴിയേ ഒന്ന് നോക്കി ഒരു നിശ്വാസത്തോടെ അയാൾ തന്റെ മുറിയിലേക്ക് പോയി… ഗ്രേസി താൻ ജോയുടെ നല്ലതിനായി ചെയ്തുകൂട്ടിയ കാര്യങ്ങൾ മുഴുവൻ അവന് നഷ്ടങ്ങൾ മാത്രമാണല്ലോ ഉണ്ടാക്കിയത് എന്ന വിഷമത്തിൽ നിറഞ്ഞൊഴുകുന്ന കണ്ണോടെ അവിടെ നിന്നു..

………………..

ജോ… തറവാട്ടിൽ നിന്ന് പുറപ്പെട്ട് കുറച്ച് കഴിഞ്ഞതും ആദം വിളിച്ചു… ആദം ജോയെക്കാളും വയസ്സിന് ഇളപ്പം ആണെങ്കിലും ബാക്കി ഉള്ളവരെ പോലെ ചേട്ടായി എന്ന് ആദം അവനെ വിളിക്കാറില്ല. ജോയ്ക്കും ആദം അവനെ പേര് വിളിക്കുന്നതാണ് ഇഷ്ടം…

മ്മ്… വണ്ടി ഓടിക്കുന്നതിനിടയിലും ജോ ഒന്ന് മൂളി…

അവിടെ വല്യപപ്പയും ഗ്രേസിയമ്മയും….

ആദം വേണ്ട.. നീ എന്താ പറയാൻ പോകുന്നത് എന്ന് എനിക്കറിയാം.. വേറെ ആരോടൊക്കെ ക്ഷമിച്ചാലും എന്തോ അവരോട് ക്ഷമിക്കാൻ എനിക്ക് കഴിയില്ല.. മറ്റുള്ളവരെപോലെ അല്ല എന്റെ മാതാപിതാക്കൾ ആണ് അവർ.. ആ അവർ തന്നെ എന്നെ ചതിക്കാൻ കൂട്ടുനിൽക്കാൻ പാടുണ്ടോ… അവരുടെ പ്രവർത്തിക്കൊണ്ട് എനിക്ക് ഉണ്ടായ നഷ്ടം എന്താണെന്ന് നിനക്ക് അറിയോ… അറിയില്ല.. ആർക്കും അറിയില്ല.. സ്നേഹിച്ചവർ ഒക്കെ വഞ്ചിച്ചിട്ടേ ഉള്ളൂ.. അതിപ്പോ സ്വന്തം അപ്പനും അമ്മയും ആയാലും ശരി പ്രാണനെപോലെ സ്നേഹിച്ച…. ജോ പെട്ടന്ന് ബോധം വന്നതുപോലെ മുഴുവനാക്കാതെ നിർത്തി..

എന്താടാ ഇത്… ആദം സങ്കടത്തോടെ അവനോട് ചോദിച്ചു..

ഒന്നുമില്ല.. നീ അത് വിട്ടേ.. വേറെ എന്തെങ്കിലും സംസാരിക്കാം നമുക്ക്…

എങ്കിൽ ഞാൻ ഒരു കാര്യം ചോദിക്കട്ടെ… ഇത്രയൊക്കെ ചെയ്തിട്ടും നീ എന്തിനാ ക്രിസ്റ്റിയെ ഇനിയും ഓഫീസിൽ തുടരാൻ അനുവദിച്ചത്…

അവൻ അവിടെ വേണം ആദം.. കുറച്ച് കാര്യങ്ങൾ കൂടി അറിയാൻ ഉണ്ട്.. അത് അറിഞ്ഞിട്ട് അതിൽ അവന് പ്രത്യക്ഷമായോ പരോക്ഷമായോ അവന് എന്തെങ്കിലും രീതിയിൽ ബന്ധം ഉണ്ടെങ്കിൽ അവനെ എനിക്ക് എന്റെ കാലടിയിൽ കിട്ടാൻ അവൻ ഓഫീസിൽ ഉള്ളതാണ് നല്ലത്… അത് പറയുമ്പോൾ വല്ലാത്തൊരു കാഠിന്യം ഉണ്ടായിരുന്നു അവന്റെ മുഖത്ത്…
ആദം… നിന്റെ ഒരു ശ്രദ്ധ എപ്പോഴും അവന്റെ മേൽ വേണം… ഇനി നമ്മളെ വിഡ്ഢികളാക്കാൻ അവനെ അനുവദിച്ചു കൂടാ….

മ്മ്… ഞാൻ ശ്രദ്ധിച്ചോളാം ജോ… അല്ല ആരാ ഇന്ന് മുതൽ പുതിയ GM… എനിക്ക് ഒറ്റക്ക് മുഴുവൻ കണ്ട്രോൾ ചെയ്യാൻ പറ്റില്ല ട്ടോ…

നമ്മൾ ഓഫീസിൽ എത്തുമ്പോൾ പുതിയ GM ഉം അവിടെ ഉണ്ടാകും… ജോ ഒരു ചിരിയോടെ പറഞ്ഞു…

ഏഹ്… അതാരാ… ആദം സംശയത്തോടെ ചോദിച്ചു…

അതൊക്കെ നീ അവിടെ എത്തുമ്പോൾ നിനക്ക് മനസ്സിലാവും…. ജോ ഒരു ചിരിയോടെ പറഞ്ഞു… ആദം അതാരായിരിക്കും എന്ന ആലോചനയിലാണ്ടു…

…………………

നിധി……. രാത്രി ഭക്ഷണം എല്ലാം കഴിഞ്ഞ് ശിവയും പിള്ളേരും പുറത്ത് ഗാർഡനിൽ കളിക്കുന്നത് നോക്കി ഇരിപ്പായിരുന്നു നിധിയും മീരയും. അപ്പോഴാണ് മീര നിധിയെ വിളിച്ചത്…

എന്താ മീര…. നിധി അവരിൽ നിന്ന് കണ്ണുമാറ്റാതെ തന്നെ ചോദിച്ചു…

നീ നാട്ടിലേക്ക് പോകുന്നില്ലേ…

മീര അത് ചോദിച്ചതും അതുവരെ ഒരു ചിരിയോടെ ഇരുന്നിരുന്ന നിധിയുടെ ചിരി മാഞ്ഞു… അവിടെ സങ്കടം നിറഞ്ഞു… പോണം… അവിടെ എന്റെ വരവും കാത്ത് രണ്ടുപേർ ഇല്ലേ… എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ അവിടെ അല്ലേ ആയിരുന്നേ… ജോയിൻ ചെയ്തുകഴിഞ്ഞിട്ട് പോകാം എന്ന് കരുതിയിട്ടാണ്…

മ്മ്…. മീര അതിന് ഒന്ന് മൂളി…..പിന്നെയും അവിടെ നിശബ്ദത തളംകെട്ടി..

മീരാ…. നിധി വിളിച്ചു..

എന്താ നിധി……

എനിക്കൊരു കാര്യം… അത്… പിന്നെ… നിധിക്ക് എങ്ങനെ ചോദിക്കണം എന്നറിയാതെ നിന്നു…

എന്താ കാര്യം നിധി.. നീ എന്തിനാ ഇത്ര കിടന്ന് വിക്കുന്നത്… കാര്യം പറയ്‌… മീര ചോദിച്ചു..

ഇച്.. ഇച്ചായന് സുഖാണോ… നീ കാണാറുണ്ടോ… മീരയുടെ വീടിന്റെ നേരെ കാണുന്ന വീട്ടിലേക്ക് നോക്കികൊണ്ടാണ് അവൾ അത് ചോദിച്ചത്… ആകെ ഇരുട്ട് മൂടി കിടക്കുന്ന അവിടം രാത്രിയിൽ ഒരു വല്ലാത്ത ഭീകരത സൃഷ്ടിച്ചിരുന്നു…

എന്തിനാ ഇപ്പൊ ഒരു അന്വേഷണം… എല്ലാം ഉപേക്ഷിച്ച് പോയത് നീ അല്ലേ… മീര നിധിയെ നോക്കികൊണ്ട്‌ ചോദിച്ചു…

എനിക്ക് വേറെ വഴി ഇല്ലായിരുന്നു മീര… എന്റെ ഇച്ചായൻ എവിടെ ആണെങ്കിലും ജീവനോടെ ഉണ്ടല്ലോ എന്നൊരു സമാധാനത്തില്ലെങ്കിലും എനിക്ക് കഴിയാമല്ലോ… അതുമാത്രം അല്ല മറ്റൊരുത്തിക്ക് എല്ലാ രീതിയിലും സ്വന്തമായ ഒരാളെ അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛനെ എന്തിന്റെ പേരിൽ ആണ് ഞാൻ എന്റെ എന്ന് പറഞ്ഞ് പിടിച്ചുവെക്കേണ്ടത്.. ഈ ഒരു മിന്നിന്റെ പേരിലോ… അവൾ തന്റെ കഴുത്തിൽ കിടക്കുന്ന ആ ഇത്തിരിപ്പൊന്ന് പൊക്കികാട്ടി ഇടറിയ ശബ്ദത്തിൽ ചോദിച്ചു…

എന്തൊക്കെയാ നിധി നീ ഈ പറയുന്നത്.. ചേട്ടായി അങ്ങനെ ഒരാളാണോ… മറ്റുള്ളവർ പറയുന്നത് കേട്ട് നീ ചേട്ടായിയെ അവിശ്വസിച്ചോ…. മീര ഒന്നും മനസിലാകാതെ ചോദിച്ചു…

മറ്റാര് ഇത് പറഞ്ഞാലും ഞാൻ വിശ്വസിക്കുമായിരുന്നില്ല മീര.. പക്ഷേ ഒരിക്കലും ഒരു അമ്മയും സ്വന്തം മകനെ കുറിച്ച് ഇങ്ങനെ ഒരു കള്ളം പറയില്ലല്ലോ… എന്നോട് അമ്മച്ചിയാണ് പറഞ്ഞത് അവരുടെ മകന്റെ ജീവിതത്തിൽ നിന്നു ഒഴിഞ്ഞു പോകാൻ.. അവരുടെ മകന്റെ കുഞ്ഞ് മറ്റൊരു പെണ്ണിന്റെ ഉള്ളിൽ തുടിച്ചു തുടങ്ങിയെന്ന്.. ഇനിയും ഒരു അപശകുനം പോലെ അവിടെ കടിച്ചു തൂങ്ങി കിടക്കാതെ എന്ന്.. അവരുടെ മകന് ഒരു ജീവിതം ഉണ്ടാകണമെങ്കിൽ ഞാൻ അവിടെ നിന്ന് പോകണം പോലും.. എന്നെ കാണുന്നത് പോലും അവരുടെ മകന് വെറുപ്പാണെന്ന്… പറഞ്ഞു കഴിയുമ്പോഴേക്കും നിധിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…

നിധി.. എന്തൊക്കെയാ നീ ഈ പറയുന്നത്… ഗ്രേസിയമ്മ ഇങ്ങനെ ഒക്കെ നിന്നോട് പറഞ്ഞോ.. എന്നിട്ട്… എന്നിട്ട് നീ ആരോടും ഒന്നും ചോദിച്ചില്ലേ… നിധി പറഞ്ഞതെല്ലാം കേട്ട മീര ഞെട്ടലോടെ ചോദിച്ചു…

ആരോട് ചോദിക്കാൻ.. എന്നെ കാണുമ്പോഴേക്കും മുഖം തിരിച്ചുപോകുന്ന എന്റെ ഇച്ചായനോടോ.. ആരോടാ ഞാൻ ചോദിക്കേണ്ടത്…നിധി വികാരക്ഷോപത്തോടെ പൊട്ടിത്തെറിച്ചു…

മീര അപ്പോഴും കേട്ട കാര്യങ്ങളുടെ ഷോക്കിൽ ആയിരുന്നു.. മീര മാത്രം അല്ല മീരയുടെ ഫോണിന്റെ അങ്ങേ തലയിൽ ജോ അതിലും വലിയ ഷോക്കിൽ ആയിരുന്നു… നിധി പറയുന്നതെല്ലാം കേട്ട അവന് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിയുന്നുണ്ടായില്ല… ഇങ്ങനെ ഒരു കാര്യം ആവും അവളുടെ ഒളിച്ചോട്ടത്തിന് പിന്നിൽ എന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. അവന്റെ കണ്ണുകൾ നിറഞ്ഞു.. കൈയിൽ നിന്ന് ഫോൺ താഴേക്ക് വഴുതിവീണു…

തുടരും….