The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന: കണ്ണൻ്റെമാത്രം
എന്ത… അമ്മ എന്താ ഇപ്പൊ പറഞ്ഞത്… അപ്പൊ ഇന്ദ്രേട്ടൻ അമ്മയുടെ മോൻ അല്ലേ… എല്ലാം കേട്ട് പകച്ചു നിന്നിരുന്ന ചാരു അവസാനം മുത്തശ്ശി പറഞ്ഞത് കേട്ടതും ഞെട്ടലോടെ ചോദിച്ചു…അല്ല മോളെ ബ്രഹ്മന്റെയും ഇന്ദ്രന്റെയും അമ്മ ഇന്ദ്രനെ പ്രസവിച്ച് കിടക്കുമ്പോൾ ഇയാളുടെ കാമക്കേളി നേരിട്ട് കാണേണ്ടി വന്ന വിഷമത്തിൽ ജീവിതം അവസാനിപ്പിച്ചതാണ്… അവര് മരിച്ച് മാസം മൂന്നാകുന്നതിനു മുൻപ് ആകെ ക്ഷയിച്ചു കിടക്കുന്ന തറവാട്ടിൽ നിന്ന് 15 വയസ്സുള്ള എന്നെ കല്യാണം കഴിച്ചു കൊണ്ടു വന്നു.. അന്ന് മുതൽ എന്റെ മക്കളായെ ബ്രഹ്മനെയും ഇന്ദ്രനെയും ഞാൻ കണ്ടിട്ടുള്ളൂ.. അവർക്കും അറിയില്ല ഞാൻ അവരുടെ അമ്മ അല്ലെന്ന്… ആദ്യം രണ്ടുവട്ടം ഞാൻ ഗർഭിണി ആയപ്പോഴും പെൺകുട്ടികൾ ആണെന്ന് മനസിലാക്കി ഇയാളും ഇയാളുടെ അമ്മയും കൂടി ഇല്ലാതാക്കി അതുങ്ങളെ… എന്റെ വന്ദുവിനും അതായേനെ യോഗം അന്ന് ഇയാളുടെ അച്ഛൻ സത്യങ്ങൾ അറിഞ്ഞില്ലായിരുന്നെങ്കിൽ… അവൾക്ക് വേണ്ടിയാണ് ഇയാളുടെ സകല പീഡനങ്ങളും ഞാൻ സഹിച്ചത്… 15 വയസ്സിൽ തുടങ്ങിയ പീഡനങ്ങൾ ഒരു പ്രായം വരെ അയാൾ തുടർന്നു… എന്റെ ശരീരത്തിൽ ഇപ്പോഴും ഉണ്ട് മക്കളെ ഇയാൾ തന്ന മായാത്ത പാടുകൾ…
അന്ന് വന്ദുമോളും ആ മോനും തമ്മിൽ ഉള്ള ബന്ധം അറിഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു അവളെങ്കിലും ആ നരകത്തിൽ നിന്ന് രക്ഷപ്പെടുമല്ലോ എന്ന്.. അല്ലെങ്കിൽ എനിക്കുറപ്പായിരുന്നു ഇയാള് ഇയാളുടെ എന്തെങ്കിലും ലാഭത്തിനായി തൂക്കി വിൽക്കും എന്റെ മോളെ എന്ന്…. എന്റെ ആ പേടി സത്യമാക്കി കൊണ്ടാണ് ഇയാൾ ഇയാളുടെ അതേ സ്വഭാവമുള്ള ഒരുത്തനുമായി എന്റെ കുഞ്ഞിന്റെ കല്യാണം ഉറപ്പിച്ചത്…. എന്റെ മോളെക്കാൾ ഇരട്ടി വയസ്സുണ്ടായിരുന്നു അയാൾക്ക്.. മോളുടെ ബന്ധം വീട്ടിൽ അറിഞ്ഞു അവളെ വീട്ടുതടങ്കലിൽ ആയ സമയത്ത് ഒരു രാത്രി ജനൽപ്പടിയിൽ പിടിച്ച് നിന്ന് ആരോടോ സംസാരിക്കുന്ന വന്ദുവിനെ ഞാൻ കണ്ടു.. അങ്ങനെയാണ് എന്റെ വന്ദുവിന്റെ ചെക്കനെ ഞാൻ ആദ്യമായി കാണുന്നത്… നല്ല യോഗ്യനായിരുന്നു… അപ്പോഴാണ് എങ്ങനെയും അവിടെ നിന്ന് ഇറങ്ങിയാൽ വീടിന്റെ അടുത്തുള്ള ഫാസിലിന്റെ സഹായത്തിൽ ആ മോന്റെ കൂടെ പോകാൻ പറ്റും എന്ന് അവർ പറയുന്നത് കേട്ടത്… രണ്ട് ദിവസം കഴിഞ്ഞാൽ അതിനൊന്ന് ശ്രമിക്കാം എന്ന് അവർ തീരുമാനിച്ചിരുന്നു… ഞാൻ ഇയാളുടെ അച്ഛന് നല്ല ഉറക്കം കിട്ടാൻ ഡോക്ടർ കൊടുത്ത മരുന്ന് ഇവര് അച്ഛനും മക്കൾക്കും കലക്കി കൊടുത്തു ആ രാത്രി.. പിറ്റേന്ന് നേരം വെളുത്തു ഇവർ ലോകമെമ്പാടും അന്വേഷിച്ചിട്ടും അവരെ കണ്ടു കിട്ടിയില്ല എന്ന് കേൾക്കുന്നതുവരെ ഒരു പ്രാർത്ഥനയിൽ ആയിരുന്നു ഞാൻ..
പന്ന ******** മോളെ അപ്പൊ നീയായിരുന്നോ അവളെ അവിടെ നിന്ന് രക്ഷപ്പെടുത്തിയത്.. നല്ലൊരു തെറിയോടെ വീരൻ അലറി… അടുത്തനിമിഷം മുത്തശ്ശിയുടെ വലം കൈ അയാളുടെ ഇടം കവിളിൽ പതിച്ചു….വീരൻ ഞെട്ടിപ്പോയി… ഒരിക്കലും ഇങ്ങനെ ഒന്ന് അവരുടെ ഭാഗത്ത് നിന്ന് അയാൾ പ്രതീക്ഷിച്ചിരുന്നില്ല….മിണ്ടല്ലെടാ.. വെറുപ്പിടിച്ച നായേ.. ഏയ്യ് നിന്നെ നായയുമായി പോലും താരതമ്യപ്പെടുത്താൻ പറ്റില്ല.. അവിറ്റങ്ങൾക്ക് സ്വന്തം മക്കളോട് സ്നേഹം ആയിരിക്കും.. നിന്നെ പോലെ അവരുടെ ചോര കുടിക്കാൻ നടക്കില്ല… അവർ അവജ്ഞയോടെ അയാളെ നോക്കികൊണ്ട് പറഞ്ഞു…അധികം വൈകാതെ ചാരുവിന്റെ കൈകളും അയാളുടെ കവിളിൽ പതിഞ്ഞു… അയാൾക്ക് മരിച്ചാൽ മതിയെന്ന് തോന്നി… അത്രക്കും അപമാനം.. തന്റെ മുന്നിൽ പേടിച്ചു വിറച്ചു നിന്നിരുന്നവർ ആണ് തനിക്ക് നേരെ കൈയുയർത്തുന്നത് എന്നത് ചില്ലറയൊന്നും അല്ല അയാളെ പിടിച്ചുലച്ചത്…
മോളെ… അയാളോട് ചോദിക്ക്.. എന്ത് ചെയ്യ്തു എന്റെ കുഞ്ഞിനെ എന്ന്… അവളെ അവസാനമായി ഒന്ന് കാണാൻ കൂടി കഴിഞ്ഞില്ല എനിക്ക്… ചാരു നിധിയുടെ കൈയിൽ പിടിച്ചുകൊണ്ട് കെഞ്ചി….
വിഷമിക്കല്ലേ അമ്മായി എല്ലാ സത്യങ്ങളുമറിഞ്ഞിട്ടേ ഇയാൾക്ക് എന്ത് ശിക്ഷ വിധിക്കണം എന്ന് തീരുമാനിക്കൂ… നിധി അവർക്ക് ഉറപ്പ് നൽകി… അതിന് ശേഷം ഇച്ചുവിനെയും ജോയേയും ഒന്ന് നോക്കി….അപ്പൊ വീരദത്താ… പറഞ്ഞു തുടങ്ങിക്കോ ഒന്നൊന്നായി ചെയ്തു കൂട്ടിയ പാപങ്ങൾ എല്ലാം…. ഇച്ചു കൈയിൽ ഉള്ള വടിക്കൊണ്ട് അയാളുടെ നേരത്തേ അടിച്ചൊടിച്ച കാലിൽ ഒന്ന് കൊട്ടിക്കൊണ്ട് പറഞ്ഞു…
അയാൾ വേദനയാൽ ഒന്ന് പുളഞ്ഞു…
ഒറ്റയടിക്ക് കൊന്ന് കളയെടാ നായേ എന്നെ… ഇങ്ങനെ ഇഞ്ചിഞ്ചായി വേദനിപ്പിക്കാതെ അയാൾ അലറി…
ആഹാ… അപ്പൊ വീരദത്തന് വേദന ഉണ്ടല്ലേ… സന്തോഷം… തനിക്ക് ഞാനൊരു കാഴ്ച്ച കാണിച്ചു തരട്ടെ… അതും പറഞ്ഞ് ജോ ഒരു വീഡിയോ അവന്റെ മൊബൈലിൽ ഓൺ ചെയ്ത് വീരന് കാണാൻ പറ്റുന്ന തരത്തിൽ വച്ചു… അതിലേക്ക് നോക്കിയ വീരന്റെ കണ്ണുകളിൽ ഭയം തെളിഞ്ഞു കാണാമായിരുന്നു…ജോഷ്വാ.. വേണ്ടാ.. എന്റെ കുഞ്ഞിനെ ഒന്നും ചെയ്യണ്ട….ആഹാ… എന്താ പേരകുട്ടിക്ക് നേരെ ഒന്ന് കൈയുയർത്തിയപ്പോഴത്തെ നിന്റെ സങ്കടം.. അപ്പൊ അവനെ അങ്ങോട്ട് ഇല്ലാതെയാക്കിയാലോ… എന്റെ ഒരൊറ്റ ഫോൺ കാൾ മതി അവന്റെ വണ്ടിയുടെ പിന്നിലായി പോകുന്ന ആ ലോറി അവന്റെ വണ്ടിയിലേക്ക് ഇടിച്ചു കയറ്റാൻ… എന്താ വേണോ….വേണ്ടാ.. ജോഷ്വാ.. എന്റെ അമനെ… ഒന്നും ചെയ്യല്ലേ… അയാൾ ദൈന്യമായി കെഞ്ചി….
ഓഹ്… അപ്പൊ നാഗമഠത്തിലെ വീരദത്തന് അപേക്ഷിക്കാൻ ഒക്കെ അറിയാം അല്ലേ… അവനെ ഒന്നും ചെയ്യേണ്ടെങ്കിൽ പറഞ്ഞോ നീ ചെയ്തുകൂട്ടിയ ഓരോന്നും… ജോ പറഞ്ഞു….കുറച്ചുനേരം അയാൾ ഒന്നും മിണ്ടാതെ ഇരുന്നു.. പിന്നെ പറഞ്ഞു തുടങ്ങി…എനിക്ക് ഏറ്റവും ഇഷ്ടമുള്ള വികാരം ഏതാണ് എന്നറിയോ ജോഷ്വാ നിനക്ക് ഭയം… എന്നെക്കാണുമ്പോൾ മറ്റുള്ളവരുടെ കണ്ണിൽ തെളിയുന്ന ഭയം ഉണ്ടല്ലോ അത് തരുന്നൊരു ഉന്മാദം ഉണ്ടല്ലോ നിനക്ക് പറഞ്ഞാൽ മനസിലാവില്ല… ആ ഭയം ഏറ്റവും കൂടുതൽ കാണുക എപ്പോഴാണെന്ന് അറിയോ അവരുടെ ജീവൻ പോകും എന്ന് അവർക്ക് ഉറപ്പ് വരുമ്പോൾ… എന്റെ തന്ത എന്ന് പറയുന്നവന്റെ കണ്ണിലും ദേ ഇവളുടെ മോളുടെ കണ്ണിലും അവള് ആ വന്ദുവിന്റെ കണ്ണിലും ഞാൻ അത് കണ്ടു… പിന്നെയും കുറേ പേര് ഈ കൈകൊണ്ട് തീർന്നിട്ടുണ്ട്… തീർത്തിട്ടുണ്ട് ഇരു ചെവിയറിയാതെ… അപ്പോഴും അവനുണ്ടല്ലോ എന്റെ മോളെ കെട്ടിയവൻ… കൊല്ലപ്പെടും എന്ന് ഉറപ്പായിട്ടും അവന്റെ കണ്ണിൽ ഞാൻ അത് കണ്ടില്ല.. ഒരു പുച്ഛമായിരുന്നു അവന്റെ കണ്ണിൽ.. നീയൊക്കെ പ്ലാൻ ചെയ്യ്തത് ഒരിക്കലും നടക്കില്ല എന്നപോലൊരു പുച്ഛം… ഇപ്പൊ മനസ്സിലാവുന്നുണ്ട് ജോഷ്വാ എനിക്ക് അവന് ആ ധൈര്യം എങ്ങനെ കിട്ടി എന്ന്… നീ ആയിരുന്നു ആ ധൈര്യം അല്ലേ… ഏഹ്… അയാൾ ഒരു ഉന്മാദത്തിൽ എന്നോണം ചോദിച്ചു…
അവിടെ നിന്നിരുന്ന എല്ലാവർക്കും തോന്നി അയാൾക്ക് ഭ്രാന്താണെന്ന്… അങ്ങനത്തെ ഭാവങ്ങൾ ആയിരുന്നു അയാളിൽ തെളിഞ്ഞു കണ്ടത്…ഇതിനെല്ലാം കാരണം എന്റെ തന്ത എന്ന് പറയുന്നവൻ ആണ്…. അയാളാണ് സ്വത്തിന്റെ 75% ആ ഒരുമ്പെട്ടവളുടെ പേരിൽ എഴുതി വച്ചത്… ഞാനും എന്റെ ആൺമക്കളും അനുഭവിക്കേണ്ട സ്വത്ത് അവളുടെ പേരിൽ എഴുതിവെക്കാൻ അയാളോട് ആരാ പറഞ്ഞത്…. കൊന്നു ഞാൻ അയാളെ.. ഈ കൈകൾക്കൊണ്ട്… ദേ ഇപ്പോഴും അറിയാൻ പറ്റുന്നുണ്ട് അയാളുടെ പിടച്ചിൽ എന്റെ കൈയിൽ… ഹഹഹ… അയാൾ ഒരു അട്ടഹാസംത്തോടെ പറഞ്ഞു…ഇതെല്ലാം പറയുമ്പോൾ അയാളുടെ കണ്ണിലും മുഖത്തും നിറയുന്ന ക്രൂരത നോക്കി കാണുവായിരുന്നു എല്ലാവരും….
എന്റെ നീണ്ട 28 വർഷത്തെ തിരച്ചിലിനൊടുവിൽ ആണ് അവളും അവനും എവിടെ ഉണ്ടെന്ന് ഞാൻ അറിഞ്ഞത്… അവളെ കൊല്ലാൻ ഒന്നും എനിക്ക് പ്ലാൻ ഉണ്ടായിരുന്നില്ല ഞാൻ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ മാത്രം അവളെ അങ്ങോട്ട് അവസാനിപ്പിക്കണം എന്നാണ് ഞാൻ കരുതിയത്… പക്ഷേ അത് ഞാൻ ഇവന്മാരോട് സംസാരിക്കുന്നത് അവള് ആ അനു കേട്ടു… അവൾക്ക് അതപ്പോ അവരെ അറിയിക്കണം അതാ അവളെ ഞാൻ അങ്ങോട്ട് ഇല്ലാതെ ആക്കിയത്.. അല്ലെങ്കിലും അവളെ അവസാനിപ്പിക്കണം എന്ന് കരുതി ഇരിപ്പായിരുന്നു ഞാൻ.. അവള് ഒരു പത്രപ്രവർത്തക.. കളിച്ച് കളിച്ച് എന്റെ ഓഫീസിൽ കയറി കളിച്ചു തുടങ്ങി.. ഓഫീസ് മറവിൽ നടക്കുന്ന ഇല്ലിഗൽ ആക്ടിവിറ്റീസ് അവള് കണ്ടെത്തി.. അവള് അമനെയും ബ്രഹ്മനെയും ആണ് സംശയിച്ചത്.. പക്ഷേ അധികം വൈകാതെ അത് എന്നിലേക്കും എത്തും എന്ന് അറിയാമായിരുന്നു എനിക്ക്.. അവള് സ്നേഹിക്കുന്നവൻ… അവളെ സ്നേഹിക്കുന്നവനെ വച്ചു തന്നെ അവളെ അങ്ങോട്ട് ഇല്ലാതാക്കി ഞാൻ…. അല്ലേടാ ജിത്തൂ….
അയാൾ അത് ചോദിച്ചതും ജിത്തൂ വിശ്വാസം വരാത്ത പോലെ അയാളെ നോക്കി.. മനുവിന്റെ മുഖത്തും ഉണ്ടായിരുന്നു പകപ്പ്.. ജിത്തുവിന് അവളോടുള്ള ഇഷ്ടം അയാൾക്കറിയില്ല എന്നൊരു ചിന്ത ആയിരുന്നു അവർക്ക് ഇത്രനാളും.. എല്ലാം അറിഞ്ഞുകൊണ്ടാണ് അയാൾ അന്ന് തന്നെ ക്കൊണ്ട് ആ കർമം ചെയ്യിച്ചത് എന്നുള്ളത് അവന് സഹിക്കാൻ പറ്റിയില്ല.. അവന്റെ കണ്ണുകൾ നിറഞ്ഞു… ഒരിക്കലും പൊന്തിവരാത്ത പോലെ നാഗമഠത്തിലെ കുളത്തിൽ അവളെ ചവിട്ടി താഴ്ത്തുമ്പോൾ അവളുടെ കണ്ണുകളിലും ഞാൻ കണ്ടു എന്നോടുള്ള ഭയം…. അയാൾ ഒരു ക്രൂരമായ ചിരിയോടെ പറഞ്ഞു…
ദുഷ്ടാ.. എന്റെ കുഞ്ഞിനെ നീ… ചാരു ആർത്തുകരഞ്ഞുകൊണ്ട് അയാളുടെ മുഖത്ത് തല്ലി.. ഒന്നല്ല പലപ്രാവശ്യം.. അപ്പോഴും അയാളുടെ മുഖത്ത് ഒരു ചിരി ആയിരുന്നു.. ക്രൂരമായ ചിരി…
എന്തിനായിരുന്നെടാ.. എന്റെ കുഞ്ഞിനെ നീ.. നിന്നെ സ്നേഹിച്ചതിനുള്ള ശിക്ഷ ആയിരുന്നോ.. അനാഥൻ ആണ് എന്നറിഞ്ഞിട്ടും നിന്നെക്കുറിച്ചു എല്ലാം മനസിലാക്കിയിട്ടും നിന്നെ സ്നേഹിച്ചതിനുള്ള കൂലി ആയിരുന്നോടാ എന്റെ കുഞ്ഞിന്റെ മരണം… അവർ ജിത്തുവിന്റെ മുന്നിൽ പോയി അവനെ തലങ്ങും വിലങ്ങും തല്ലിക്കൊണ്ട് ചോദിച്ചു…
നിനക്കറിയോ നിന്നോടുള്ള അവളുടെ ഇഷ്ടം എന്നോട് ആദ്യം പറഞ്ഞപ്പോൾ തന്നെ ഞാൻ വിലക്കിയതാ അവളെ.. ഇയാളുടെ കൂടെ നടക്കുന്നവൻ അല്ലേ നല്ലവൻ ആവില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.. കേട്ടില്ല അവള്.. എത്രയൊക്കെ ഞാൻ പറഞ്ഞു മനസിലാക്കാൻ നോക്കിയിട്ടും പറ്റിയില്ല… ഇയാളെക്കറിച്ചുള്ള മുഴുവൻ സത്യവും അവളോട് പറയാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല.. എടുത്തുചാട്ടം കൂടുതൽ ഉള്ളവളാണ്.. നേരെ പോയി ഇയാളോട് തന്നെ ചോദിക്കും അവൾ കാര്യങ്ങൾ എന്ന് എനിക്കറിയാമായിരുന്നു.. അങ്ങനെ സംഭവിച്ചാ കൊല്ലാനും ഇയാള് മടിക്കില്ല എന്ന് എനിക്കറിയാം.. എന്നിട്ടോ.. എങ്ങനെയൊക്കെ പൊത്തിപ്പൊതിഞ്ഞു കൊണ്ടു നടന്നിട്ടും കൊന്നു കളഞ്ഞില്ലെടാ നിങ്ങൾ ഒക്കെ കൂടി എന്റെ കുഞ്ഞിനെ… അവൾ ഇല്ലാതായിട്ടുണ്ടാവും എന്നറിയാമായിരുന്നിട്ടും ഒരു പ്രാർത്ഥന ഉണ്ടായിരുന്നു ഉള്ളിൽ എവിടേലും അവൾ ജീവനോടെ ഉണ്ടെന്ന് ഒരു വാക്ക് പറഞ്ഞു കേൾക്കണേ എന്ന്… എന്റെ പൊന്നുമോളെ… സഹിക്കുന്നില്ലല്ലോടി അമ്മക്ക് ഇത്… അവർ ഞെഞ്ചുപൊട്ടി കരഞ്ഞു…
നിധി അവരെ ചേർത്തുപ്പിടിച്ചു….
കൊന്നുകളഞ്ഞു മോളെ എന്റെ കുഞ്ഞിനെ ഈ ദുഷ്ടന്മാര്… ഇതിന് വേണ്ടിയായിരുന്നോ ഇക്കണ്ട കാലം ഞാൻ പേടിച്ചു പേടിച്ച് ജീവിച്ചത്…അവർ നിധിയെ കെട്ടിപ്പിടിച്ച് ഉറക്കെ ഉറക്കെ കരഞ്ഞു… ഇക്കണ്ട കാലം അവർ ഉള്ളിൽ ഒതുക്കിയത് മുഴുവൻ അവരിൽ നിന്നും പുറംചാടി…
വീരനൊഴികെ അവിടെ ഉള്ള ഓരോരുത്തരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി… എന്തിന് ജിത്തുവിന്റെയും മനുവിന്റെയും കണ്ണുകൾ അടക്കം നിറഞ്ഞൊഴുകി…ജിത്തുവിന് തന്നോട് കുറുമ്പ് കാട്ടി പിന്നാലെ വരുന്നവളെ ഓർമ വന്നു.. അന്ന് അവളെ ഇല്ലാതെ ആക്കിയതിനു ശേഷം ഇന്നത്തെ വരെ മനസമാധാനായിട്ട് ഒന്ന് ഉറങ്ങാൻ സാധിച്ചിട്ടില്ല എന്ന് അവൻ ആലോചിച്ചു..
അപ്പോഴും ജോയും ഇച്ചുവും നോക്കിയത് വീരന്റെ മുഖത്തേക്കായിരുന്നു… അവിടെ നടക്കുന്ന എല്ലാം ഒരു പുച്ഛത്തോടെ നോക്കികാണുന്ന അയാളുടെ കണ്ണിൽ അപ്പോഴും കാണുന്ന അഹങ്കാരം അമർഷത്തോടെ ആണ് അവർ നോക്കികണ്ടത്… ജോയും ഇച്ചുവും പരസ്പരം ഒന്ന് നോക്കി.. രണ്ടുപേരുടെ മുഖത്തും ഗൂഢമായ ഒരു പുഞ്ചിരി വിരിഞ്ഞു… വീരന്റെ പതനം മുന്നിൽ കണ്ടിട്ടുള്ള പുഞ്ചിരി…
തുടരും….