18/04/2026

നിയതി : ഭാഗം 13

രചന  – കണ്ണന്റെ മാത്രം

രണ്ടാഴ്ചകൾ കൂടി കടന്നുപോയി.. നിധി ഇപ്പോഴും അച്ഛന്റെയും അമ്മയുടെയും വിയോഗത്തിൽ നിന്ന് പുറത്ത് വന്നിട്ടില്ല.. അവൾക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അവർ സൂയിസൈഡ് ചെയ്യ്തു എന്ന്.. അവർ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നൊരു വിശ്വാസം അവൾക്ക് ഉണ്ടായിരുന്നു.. പക്ഷേ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പോലീസും അത് ആത്മഹത്യ ആണെന്ന് ഉറപ്പിച്ചു പറയുന്നു… അതല്ല എന്ന് സ്ഥാപിക്കാൻ അവളുടെ കൈയിൽ മറ്റു തെളിവുകളും ഇല്ല… പക്ഷേ അവൾക്ക് ഉറപ്പുണ്ടായിരുന്നു അവർ ഒരിക്കലും അവളെ തനിച്ചാക്കികൊണ്ട് ആത്മഹത്യ ചെയ്യില്ല എന്ന്…

ജോയ്ക്കും അവർ ആത്മഹത്യ ചെയ്യില്ല എന്നൊരു വിശ്വാസം ഉണ്ടായിരുന്നു.. അവൻ അവന്റെ രീതിയിൽ അന്വേഷിച്ചപ്പോഴും ഒരു കൊലപാതകത്തിന്റെതായ ഒരു തെളിവുകളും കിട്ടിയിരുന്നില്ല.. പിന്നെ എന്ത് ബലത്തിൽ ആണ് പോലീസിൽ ഇതിനെക്കുറിച്ചു കംപ്ലയിന്റ് ചെയ്യുന്നത്.. എങ്കിലും അവൻ നിധിയിൽ നിന്ന് ഒരു പരാതി ഒപ്പിട്ട് വാങ്ങി കമ്മിഷണർക്ക് കൊടുത്തിട്ടുണ്ട്.. അന്വേഷിക്കാം എന്നൊരു മറുപടി ആണ് അവരിൽനിന്ന് കിട്ടിയത്…

നാളെയാണ് നിധിയുമായുള്ള രജിസ്റ്റർ മാര്യേജിന്റെ ദിവസം.. നിധി അതെല്ലാം മറന്നമട്ടാണ്.. പക്ഷേ ജോയ്ക് ആ രജിസ്റ്റർ മാര്യേജ് എന്തായാലും നടത്തണം എന്നാണ്.. രാവിലെ തന്നെ ജോ ഫോൺ എടുത്ത് നിധിയോ വിളിച്ചു…

നിധി… ഫോൺ എടുത്തതും ജോ വിളിച്ചു…

ആ ഇച്ചായാ…. എന്താ ഇത്ര രാവിലെ…

നിധി നാളെ ആണ് വിവാഹം രജിസ്റ്റർ ചെയ്യേണ്ട ദിവസം.. രാവിലെ റെഡി ആയി നിന്നോ.. കുറച്ച് ഓട്ടം ഉള്ളതല്ലേ.. രഞ്ജുവും ആദവും ഉണ്ടാവും നീ മീരയെയും കൂട്ടിക്കോ…

ഇച്ചായാ.. അത് ഇനിയിപ്പോ വേണം എന്നില്ലല്ലോ.. അന്ന് രാമേട്ടന്റെ നിർബന്ധത്തിന് അല്ലേ നമ്മൾ അപ്ലൈ ചെയ്യ്തത്.. ഇപ്പൊ പിന്നെ…. അവൾ മുഴുവനാക്കാതെ നിർത്തി.. അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു…

അന്ന് രാമേട്ടന്റെ നിർബന്ധത്തിനാണ് അത് അപ്ലൈ ചെയ്തതെങ്കിലും എന്റെ പൂർണസമ്മതത്തോടെ ആണ് അതിന് വേണ്ട കാര്യങ്ങൾ ചെയ്യ്തത്.. ഇനി നിനക്ക് എന്തേലും താൽപ്പര്യക്കുറവ് ഉണ്ടെങ്കിൽ നമുക്ക് ഇത് വേണ്ടാന്ന് വെക്കാം.. അവസാനത്തെ വാചകം പറയുമ്പോൾ മുറുകിയ അവന്റെ സ്വരം അവൾക്ക് കാട്ടികൊടുത്തു അവൻ ദേഷ്യത്തിൽ ആണെന്ന്…

എനിക്ക് ഇഷ്ടക്കുറവ് ഒന്നുമില്ല ഇച്ചായാ.. പക്ഷേ ഇച്ചായന്റെ ഫാമിലി.. അവർ സമ്മതിക്കുമോ.. ഞാൻ കാരണം അവർ ഒക്കെ ഇച്ചായനോട് പിണങ്ങില്ലേ…

എന്നെ മനസിലാക്കാത്ത എന്റെ ഫാമിലിയുടെ സമ്മതം എനിക്ക് വേണ്ടാ.. വല്യപ്പച്ചനും വല്യമ്മച്ചിയും സമ്മതിക്കും.. എന്തായാലും മാര്യേജ് രജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടേ ഞാൻ പറയുന്നുള്ളു നമ്മുടെ കാര്യം.. ഇത് ഒരു തടസ്സവും ഇല്ലാതെ കഴിയണം എന്നെനിക്ക് നിർബന്ധം ഉണ്ട്… അവൻ ദൃഢതയോടെ പറഞ്ഞു…

മ്മ്… അതിന് അവൾ ഒന്ന് മൂളിയതേ ഉള്ളൂ..

………….

പിറ്റേന്ന് ജോ പറഞ്ഞതുപോലെ തന്നെ അവൾ റെഡി ആയി നിന്നു.. ഒരു സെറ്റ് സാരീ ആയിരുന്നു അവളുടെ വേഷം.. രാമേട്ടനും വന്ദുവും മരിച്ചിട്ട് അധികം ആവാത്തതുകൊണ്ട് അവൾ അമ്പലത്തിൽ ഒന്നും പോയില്ല.. ജോ ഒരു വണ്ടിയിലും ആദവും രഞ്ജുവും കൂടി മറ്റൊരു വണ്ടിയിലും ആണ് വന്നത്.. നിധിയും മീരയും ജോയോടൊപ്പം ആണ് കയറിയത്…

അധികം നേരമെടുക്കാതെ തന്നെ രജിസ്റ്റർ ഓഫീസിലെ കാര്യങ്ങൾ എല്ലാം കഴിഞ്ഞു.. ജോ കൈയിൽ കരുതിയ മിന്നുമാല അവളെ ചാർത്തി എന്നെന്നേക്കുമായി അവളെ തന്റെതാക്കി…

ആദം ഇപ്പോഴും ഞെട്ടലിൽ തന്നെ ആണ്… അവനോട് രണ്ട് ദിവസം മുൻപാണ് കാര്യങ്ങൾ പറയുന്നത്.. അവന് കേട്ട കാര്യങ്ങൾ വിശ്വസിക്കാൻ പറ്റുന്നുണ്ടായില്ല.. ജോ അങ്ങനെ ഒരു കാര്യം പറയുമെന്ന് സ്വപ്നത്തിൽ പോലും അവൻ കരുതിയിരുന്നില്ല.. വീട്ടിൽ തല്ക്കാലം ആരും അറിയണ്ട എന്ന് പറഞ്ഞതും ഒന്നുകൂടി ഞെട്ടി ആദം… എങ്കിലും അവനായിട്ട് ആരോടും ഒന്നും പറഞ്ഞില്ല.. ജോയ്‌ക് എപ്പോ തോന്നുന്നോ അപ്പൊ പറയട്ടെ എന്ന് അവനും കരുതി..

ജോ.. ഇനി എന്താ പരിപാടി.. നേരെ വീട്ടിലേക്ക് പോവുകയാണോ.. രജിസ്റ്റർ ഓഫീസിൽ നിന്ന് ഇറങ്ങിയതും രഞ്ജു ചോദിച്ചു…

ജോ എന്ത് വേണം എന്ന നിലയിൽ നിധിയെ നോക്കി…

ഇപ്പൊ വേണ്ട ഇച്ചായാ… ആരെയും ഫേസ് ചെയ്യാനും മിംഗിൾ ചെയ്യാനും പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ല ഞാൻ ഇപ്പോഴും… കുറച്ച് നാളുകൂടി കഴിഞ്ഞിട്ട് വീട്ടിൽ പറയാം.. നിധി പറഞ്ഞു…

എങ്കിൽ പിന്നെ അതുമതി… നീ ഒന്ന് ഓക്കേ ആയതിന് ശേഷം വീട്ടിൽ പറയാം.. എന്നാൽ നമുക്ക് ഇറങ്ങിയാലോ.. സമയം ഇത്രേം ആയില്ലേ.. ഭക്ഷണം കഴിച്ചിട്ട് പോകാം അല്ലേ..

അതുമതി ഇച്ചായാ… നിധി പറഞ്ഞു..

നിധി അത് പറഞ്ഞതും എല്ലാവരും തിരികെ പോകാനായി വണ്ടികളിൽ കയറി.. പോകുന്ന വഴിക്ക് ഭക്ഷണം കഴിച്ച് നിധിയേയും മീരയെയും ഹോസ്റ്റലിൽ ഇറക്കിയതിന് ശേഷം ആണ് അവർ വീട്ടിലേക്ക് പോയത്…

…………..

ആഴ്ചകളും മാസങ്ങളും കടന്നുപോയി.. ജോയും നിധിയും ഇതുവരെ പ്രകടിപ്പിക്കാൻ കഴിയാഞ്ഞ പ്രണയം പരസ്പരം പ്രകടിപ്പിച്ചു തുടങ്ങി.. ഇടക്ക് നിധി ടിപ്പിക്കൽ ഭാര്യയാകും… ജോയെ വിളിച്ചാൽ കിട്ടാതെ ആവുകയോ വരാം എന്ന് പറഞ്ഞ ദിവസം വരാതെ ഇരിക്കുകയോ ഒക്കെ ചെയ്താൽ ആണെന്ന് മാത്രം.. പിന്നെ ജോ അവളുടെ പിന്നാലെ കുറച്ച് നടക്കണം ആ പിണക്കം ഒക്കെ ഒന്ന് മാറാൻ… രണ്ടാളും ജീവിതത്തിലെ ഈ ഫേസ് ഇപ്പൊ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്…. കുഞ്ഞുകുഞ്ഞു പിണക്കങ്ങളും മാധുര്യമേറിയ ഇണക്കങ്ങളുമായി ഈ പ്രണയകാലം അവർ സന്തോഷത്തോടെയാണ് ജീവിക്കുന്നത്…

നിധിയുമായി പ്രണയത്തിൽ ആയപ്പോൾ ആണ് ഹന്നയോട് തനിക്ക് തോന്നിയത് ഒരിക്കലും പ്രണയം അല്ല എന്ന് അവന് തോന്നിയത്.. ഒരിക്കലും താൽപ്പര്യത്തോടെ അല്ല അവളെ ആദ്യം ഉൾകൊള്ളാൻ ശ്രമിച്ചത്.. തനിക്ക് വേണ്ടി ജീവൻ കളയാൻ ശ്രമിച്ചവളോടുള്ള സഹതാപം മാത്രമാണ് തനിക്ക് അവളോട്‌ തോന്നിയത് എന്ന് അവന് ഇപ്പൊ മനസിലായി… കാരണം നിധിയോടുള്ള അവന്റെ ഫീലിംഗ്സ് അത്രയും ഇന്റൻസ് ആയിരുന്നു…. അവളുടെ ചെറിയ ഒരു അവഗണന പോലും അവന് താങ്ങാൻ കഴിയുന്നുണ്ടായില്ല… അതിനും വേണ്ടി ഹന്ന അത്രയും വലിയ ചതി ചെയ്തിട്ടും ദേഷ്യം നിറഞ്ഞു എന്നല്ലാതെ വിഷമം ഒന്നും തോന്നിയിരുന്നില്ല…

………………

വർക്ക്‌ ഉള്ളതുകൊണ്ട് ഈ ശനിയും ഞായറും മീരയുടെ വീട്ടിലേക്ക് പോകേണ്ട എന്ന് തീരുമാനിച്ചു മീരയും നിധിയും കൂടി… അല്ലെങ്കിൽ ഒഴിവുള്ള ആഴ്ചകളിൽ ഇപ്പോൾ മീരയുടെ വീട്ടിലേക്കാണ് അവർ പോകാറ്.. പറ്റുന്ന ആഴ്ചകളിൽ ജോയും അവന്റെ ഗസ്റ്റ് ഹൗസിലേക്ക് വരും… പിന്നെ നിധി രണ്ട് ദിവസം അവന്റെ കൂടെ തന്നെ ആയിരിക്കും… കിടക്കാൻ നേരത്ത് മാത്രമേ മീരയുടെ അവിടെ എത്തുകയുള്ളു…

ഫ്രൈഡേയിലെ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് വന്ന് കിടന്നുറങ്ങുന്ന നേരത്താണ് ഹോസ്റ്റൽ റൂമിന്റെ വാതിലിൽ ആരോ മുട്ടിയത്… മീരക്ക് ഡേ ഡ്യൂട്ടി ആണ് അതുകൊണ്ട് അവൾ ആവില്ല.. ഇതിപ്പോ ആരാണാവോ എന്ന വിചാരിച്ച് ഉറക്കം മുറിഞ്ഞ ദേഷ്യത്തോടെ ആണ് അവൾ വാതിൽ തുറക്കാനായി എഴുന്നേറ്റത്… തുറന്നപ്പോൾ അപ്പുറത്തെ റൂമിലെ ശ്വേത ആണ്…

എന്താ ശ്വേത…

എടോ തനിക്കൊരു വിസിറ്റർ ഉണ്ടെന്ന് പറയാൻ പറഞ്ഞു മാഡം..

വിസിറ്ററോ… എനിക്കോ… ആരാണാവോ.. അവൾ തന്നോട് തന്നെ എന്നപോലെ പറഞ്ഞു..

ആവോ.. എനിക്കറിയില്ലെടോ.. തന്നോട് പറയാൻ പറഞ്ഞത് ഞാൻ വന്ന് പറഞ്ഞു…. അത്രേ ഉള്ളൂ… തന്നോടാണ് അവൾ പറഞ്ഞതെന്ന് കരുതി ശ്വേത മറുപടി നൽകി..

ഓക്കേ ഡോ.. ഞാൻ പൊക്കോളാം.. എന്നും പറഞ്ഞ് നിധി നേരെ ബാത്‌റൂമിലേക്ക് കയറി മുഖം എല്ലാം നല്ലതുപോലെ കഴുകി ഒരു ഷാൾ എടുത്ത് കഴുത്തിൽ കൂടെയിട്ട് വിസിറ്റേഴ്സ് റൂം ലക്ഷ്യമാക്കി നടന്നു… അവിടെ എത്തുമ്പോൾ പുറത്തേക്ക് നോക്കി നിൽക്കുന്ന ഒരു ജിമ്മനെ ആണ് കണ്ടത്… കണ്ടാലേ അറിയാം ജിമ്മിൽ കിടന്ന് നല്ല കസറത്ത് ആണെന്ന്…

ആരാ… നിധി ചോദിച്ചു…

തന്റെ നേരെ തിരഞ്ഞവനെ നിധി മനസിലാകാതെ നോക്കിയപ്പോൾ അയാളുടെ കണ്ണുകൾ അവളുടെ മുഖത്തും ശരീരത്തിലും ഓടിക്കൊണ്ട് നടപ്പായിരുന്നു.. അയാളുടെ കണ്ണുകളിൽ ഒരു ആസക്തി നിറഞ്ഞു…. അവളുടെ സൗന്ദര്യവും അഴകൊത്ത ശരീരവും അയാളെ മത്തുപിടിപ്പിച്ചു…

ആരാ… മനസിലായില്ല.. അയാളുടെ നോട്ടം ഇഷ്ടപ്പെടാതെ വന്നതും അവൾ ഇത്തിരി കടുപ്പത്തോടെ ചോദിച്ചു…

ഞാൻ അമൻവീർ തന്റെ അമ്മയുടെ മൂത്ത സഹോദരൻ ബ്രഹ്മദത്തന്റെ
മൂത്തമകൻ…. അവന്റെ മുഖത്തെ അഹങ്കാരവും അവളെ മൊത്തമായി ഉഴിഞ്ഞുള്ള വഷളൻ നോട്ടവും നിധിയെ ദേഷ്യം പിടിപ്പിച്ചു….

അതിന് ഞാൻ എന്തുവേണം… നിധി നെഞ്ചിൽ കൈകെട്ടി നിന്ന് അല്പം പുച്ഛത്തോടെ ചോദിച്ചു…

അവളുടെ നിൽപ്പും ചോദ്യവും എല്ലാം കണ്ട അമന്റെ കണ്ണുകൾ ഒന്ന് ചുരുങ്ങി.. അവളുടെ കൂസലലില്ലാത്ത ചോദ്യം അവനെ ദേഷ്യം പിടിപ്പിച്ച് തുടങ്ങിയിരുന്നു…

ഞാൻ നിന്നെ കൊണ്ടുപോകാൻ ആണ് വന്നത്.. നാഗമഠം തറവാട്ടിലെ കുട്ടി അവിടെയാണ് കഴിയേണ്ടത്.. മുത്തശ്ശൻ പറഞ്ഞയച്ചതാണ് എന്നെ… എടുക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ എടുത്തോ.. ഇനി മുതൽ അവിടെ നിൽക്കാം.. ഇവിടേക്ക് വരാനും അധികം സമയം എടുക്കില്ല… വന്നദേഷ്യം കടിച്ചുപിടിച്ചുകൊണ്ടു അവൻ നിധിയോട് ആജ്ഞയോടെ പറഞ്ഞു…

ഞാൻ ഒരു തറവാട്ടിലെയും കുട്ടി അല്ല… എന്റെ അച്ഛനും അമ്മയും മരിക്കുന്നതുവരെ അനാഥർ ആയിരുന്നു.. പിന്നെ എങ്ങനെ എനിക്ക് മാത്രമായി ഒരു തറവാട് ഉണ്ടാകും… അവൾ ഉറപ്പോടെ ചോദിച്ചു..

ഒരു നിമിഷം അവന് ഉത്തരം മുട്ടി… അടുത്തനിമിഷം അവന്റെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നു…

മുത്തശ്ശൻ പറഞ്ഞതുകൊണ്ടാണ് നിന്നോട് നല്ല നിലക്ക് കൂടെ വരാൻ പറഞ്ഞത്.. അല്ലായിരുന്നെങ്കിൽ ഈ അമൻ വിചാരിച്ചാൽ ഇരുചെവിയറിയാതെ നിന്നെ ഇവിടെ നിന്ന് കൊണ്ടുപോകാൻ എനിക്കറിയാം… അവൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് കണ്ണിൽ നോക്കി പറഞ്ഞു… അവളുടെ കണ്ണുകളിൽ ഭയത്തിന്റെ ഒരു ലാഞ്ചന പോലും ഇല്ല എന്നത് അവൻ പ്രത്യേകം ശ്രദ്ധിച്ചു…

അവൾ അവൻ പറഞ്ഞത് ശ്രദ്ധിക്കുകപോലും ചെയ്യാത്ത പോലെ തിരിഞ്ഞുനടക്കാൻ തുടങ്ങി..

എവിടേക്കാടി നീ ഓടുന്നത്.. വന്ന് വണ്ടിയിൽ കയറെഡി.. ഈ അമൻ നിന്നെ കൊണ്ടുപോകാൻ വന്നിട്ടുണ്ടെങ്കിൽ നിന്നെയും കൊണ്ടേ ഇവിടെ നിന്ന് പോകു.. തിരിഞ്ഞു നടന്നു തുടങ്ങിയ നിധിയുടെ കൈയിൽ പിടിച്ചുകൊണ്ട് അവൻ പറഞ്ഞു…

കൈ എടുക്കടോ.. തന്റെ കൈത്തണ്ടയിൽ അമരുന്ന അവന്റെ കൈയിലേക്ക് നോക്കി അവൾ പറഞ്ഞു… അവൻ അത് കേൾക്കാത്തതുപോലെ നിന്നു..

ച്ചീ.. കയ്യെടുക്കെടാ… അവൾ ദേഷ്യത്തോടെ അലറി.. അവളുടെ ആ ഉറക്കെ ഉള്ള ശബ്ദത്തിൽ അമന്റെ കൈകൾ അവളുടെ കൈയിൽ നിന്നു അയഞ്ഞു… അവൾ തന്റെ കൈ അമന്റെ കൈയിൽ നിന്നും വേർപ്പെടുത്തി…

തന്റെ ഈ വിധ ഉമ്മാക്കിയും കൊണ്ട് താൻ വേറെ എവിടെങ്കിലും പൊക്കോ.. എന്റെ അടുത്തേക്ക് വരണ്ട.. ഇനി അങ്ങനെ വന്നാൽ എന്റെ കൈയിന്റെ ചൂട് താൻ അറിയും.. എനിക്ക് ഈ ലോകത്തിൽ എന്റെ അച്ഛനും അമ്മയും അല്ലാതെ മറ്റാരുമില്ല… ആദ്യവും ഉണ്ടായിരുന്നില്ല ഇപ്പോഴും ഇല്ല ഇനിയൊട്ട് എനിക്ക് അതൊന്നും വേണ്ടതാനും.. അതുകൊണ്ട് എന്നെ അന്വേഷിച്ചുള്ള ഈ വരവ് ഇവിടെ നിർത്തിക്കോ… അവൻ അവനെ ഒന്ന് ഇരുത്തിനോക്കി പറഞ്ഞുകൊണ്ട് അവളുടെ റൂമിലേക്ക് പോയി…

അമൻ ജീവിതത്തിൽ ആദ്യമായ് അറിഞ്ഞ അപമാനത്തിൽ ഉരുകിയൊലിച്ചു നിന്നു.. ഇന്നത്തെ വരെ എല്ലാവരും അവന് നേരെ ഭയഭക്തി ബഹുമാനത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളു.. അവിടെയാണ് ഒരു പീറപെണ്ണ്… അവന്റെ ദേഷ്യം ഉച്ചസ്ഥായിയിൽ ആയി.. അവന്റെ കണ്ണുകളിൽ രക്തവർണ്ണം നിറഞ്ഞു.. മുഷ്ടി ചുരുണ്ടു…

എന്നെ ഈ അപമാനിച്ചതിനുള്ളത് നീ അനുഭവിക്കും നിയതി… അവൻ പല്ലുകടിച്ചുകൊണ്ട് സ്വയം മൊഴിഞ്ഞു. പിന്നെ അവൾ പോയ വഴിയെ ദേഷ്യത്തോടെ ഒന്ന് നോക്കികൊണ്ട്‌ വെട്ടിതിരിഞ്ഞു പുറത്തേക്ക് പോയി…

തുടരും…