22/04/2026

നിയതി : ഭാഗം 30

രചന – കണ്ണന്റെ മാത്രം

ഇച്ചായാ… തിരികെയുള്ള യാത്രയിൽ എന്തോ ചിന്തയിലായിരുന്ന നിധി പെട്ടന്നാണ് അവനെ വിളിച്ചത്… പെട്ടന്നായതുകൊണ്ട് അവന്റെ കൈയിൽ നിന്ന് വണ്ടി ഒന്ന് പാളി… കാർ സൈഡിലേക്ക് ഒതുക്കി നിർതിയിട്ട് അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി….

സോറി ഇച്ചായാ… ഞാൻ പെട്ടന്ന് ഒരു കാര്യം ഓർമ വന്നപ്പോൾ വിളിച്ചതാ… ഒച്ച ഇത്ര ഉയരും എന്ന് കരുതിയില്ല…

എത്ര വലിയ കളക്ടർ ആയിട്ടും രണ്ട് കുട്ടികളുടെ അമ്മയായിട്ടും കാര്യമൊന്നുമില്ല ട്ടോ നിധിയേ.. ഇടക്ക് നീ രാമേട്ടന്റെ കണ്ണൻ ആകുന്നുണ്ട്… അവൻ ഒരു ചിരിയോടെ പറഞ്ഞു…

ഓഹ് പിന്നേ.. പോ അവിടെന്ന്… അവൾ മുഖം ഒന്ന് കോട്ടികൊണ്ട് തിരിഞ്ഞിരുന്നു…

ഹാ.. പിണങ്ങാതെ… എന്തിനാ വിളിച്ചതെന്ന് പറയ്‌… അവൻ അവളെ തോളിൽ കൂടി കയ്യിട്ട് പിടിച്ചുകൊണ്ട് ചോദിച്ചു…

ഇച്ചായാ.. ഹരി പറഞ്ഞതുപോലൊരു വോക്കിങ് സ്റ്റിക്ക് ഞാൻ കണ്ടിട്ടുണ്ട്… നിധി ഗൗരവത്തോടെ പറഞ്ഞു…

ഏഹ്… എവിടെ…

അന്ന് നാഗമഠത്തിൽ നിന്ന് എല്ലാവരും വന്നില്ലേ അപ്പൊ മുത്തശ്ശന്റെ കൈയിൽ ഉണ്ടായിരുന്ന ആ സ്റ്റിക്കിന് നാഗത്തിന്റെ തല ആയിരുന്നു…

ഏഹ്… പക്ഷേ…

സത്യമാണ് ഇച്ചായാ.. അന്ന് ഞാൻ അടുക്കളയിൽ നിന്ന് വരുമ്പോ സത്യാമ്മയോട് മുന്നിൽ നിന്ന് മാറ് എന്ന് സ്റ്റിക്ക് പിടിച്ച കൈപൊക്കി ആക്രോശിക്കുന്ന മുത്തശ്ശനെ ആണ് ഞാൻ കണ്ടത്.. ഞാൻ സത്യാമ്മയുടെ മുന്നിലേക്ക് കയറി നിന്നപ്പോൾ എന്റെ കണ്ണുകൾ ഒരുനിമിഷം ആ സ്റ്റിക്കിൽ ഉറച്ചിരുന്നു… അതാ ഹരി പറഞ്ഞപ്പോ എവിടെയോ കണ്ടു മറന്നതുപോലെ ഒരു ഓർമ വന്നത്.. ഇപ്പൊ ആലോചിച്ചപ്പോൾ ആണ് അത് എവിടെ ആണെന്ന് ഓർമ കിട്ടിയത്…

പക്ഷേ നിധി മുത്തശ്ശൻ… അതും സ്വന്തം മോളെ… അങ്ങനെ ഒക്കെ ചെയ്യോ… ജോയുടെ ശബ്ദത്തിൽ ഇപ്പോഴും ആവിശ്വസനീയത കലർന്നു…

എനിക്കറിയില്ല ഇച്ചായാ… എനിക്കൊന്നും അറിയില്ല… ആരാണെങ്കിലും എന്തിനായിരിക്കും ആ പാവങ്ങളെ…. ആർക്കും ഒരു ദ്രോഹവും ചെയ്യാത്തവർ ആയിരുന്നില്ലേ അവർ… നിധിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

ഏയ്യ്.. കരയല്ലേ മോളെ.. അവൻ നിധിയെ പുണർന്നുക്കൊണ്ട് പറഞ്ഞു…

എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല നിധി… വീരൻ സാർ അങ്ങനെ ഒരു കാര്യം ചെയ്യുമെന്ന്… ബ്രഹ്മദത്തനോ അയാളുടെ മോനോ ആണെങ്കിൽ പറയാം… അവരുടെ പ്രവർത്തികൾ അങ്ങനെ ആണ്… പക്ഷേ വീരൻ സാർ.. അദ്ദേഹം അങ്ങനെ ഒരു പ്രവർത്തി ചെയ്യും എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല… ജോയ്ക്ക് എത്ര ഒക്കെ ശ്രമിച്ചിട്ടും വീരദത്തൻ അങ്ങനെ ഒരു കാര്യം ചെയ്യും എന്ന് ഉറപ്പിക്കാൻ പറ്റുന്നുണ്ടായില്ല…

ഞാൻ എന്തായാലും ഇച്ചാക്കയെ ഒന്ന് വിളിക്കട്ടെ… അതും പറഞ്ഞ് അവൾ ഫോൺ എടുത്ത് ഇർഷാദിനെ വിളിച്ചു…

എന്താ സുറുമി… ഫോൺ എടുത്തതും അവൻ ചോദിച്ചു…

ഇച്ചാക്ക ഇന്ന് ഒരു സംഭവം ഉണ്ടായി… നിധി ഇന്ന് ഹരി വന്നതുമുതൽ അവൾ അവരോട് പറഞ്ഞത് മുഴുവൻ പറഞ്ഞു…

മോളെ.. ഇതിപ്പോ… നിന്റെ മുത്തശ്ശൻ അങ്ങനെ ഒരു കാര്യം ചെയ്യുമോ… ആളുടെ സ്വന്തം മോൾ അല്ലേ വന്ദുമ്മ… ഇർഷാദിനും വീരൻ അങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് വിശ്വസിക്കാൻ പറ്റുന്നുണ്ടായില്ല…

എനിക്ക് അറിയില്ല ഇച്ചാക്ക.. എനിക്ക് ഒന്നും അറിയില്ല.. എനിക്ക് ആകെ അറിയുന്നത് എന്റെ കുടുംബം ഇല്ലാതെ ആക്കിയവരെ നശിപ്പിക്കണം എന്ന് മാത്രം ആണ്…അവൾ പകയോടെ പറഞ്ഞു..

ഹേയ്.. നീ ഇങ്ങനെ റൈസ് ആവല്ലേ… നമുക്ക് ഇത് എത്രയും പെട്ടന്ന് സോൾവ് ചെയ്യാം… നീ ഇങ്ങനെ വിഷമിക്കല്ലേ…
അവരുടെ മരണത്തിന് പിന്നിൽ ആരാണെങ്കിലും നമ്മൾ അവരെ പുറത്തുകൊണ്ട് വരും…

മ്മ്… അവൾ ഒന്ന് മൂളി…

ഇച്ചാക്ക.. എന്തായാലും ഞാനും ഇച്ചായനും കൂടി ഒന്ന് നാഗമഠം തറവാട്ടിൽ പോകാൻ തീരുമാനിച്ചു… നിധി ജോയോട് കണ്ണുകൾ കൊണ്ട് അനുവാദം ചോദിച്ചുകൊണ്ട് പറഞ്ഞു…

ഏയ്യ്.. നീ ഇങ്ങനെ ഒറ്റക്ക് ഒന്നിനും ഇറങ്ങല്ലേ.. ഞാനും കൂടി എത്തിയിട്ട് പോരെ.. ഇർഷാദ് അല്പം ടെൻഷനോടെ ചോദിച്ചു…

അവൾ ഒറ്റക്കാവില്ല ഇർഷാദ്.. ഞാൻ ഉണ്ടാകും എന്തിനും അവളുടെ കൂടെ… ജോ പറഞ്ഞു…

പക്ഷേ ജോ നിങ്ങളുടെ സെക്യൂരിറ്റി… അതാണ് എന്റെ പേടി… ആരാണ് എന്ന് ഉറപ്പിക്കാത്തതുകൊണ്ട് എന്തായാലും പേടിക്കണം… ഇർഷാദ് പറഞ്ഞു..

അറിയാം ഇർഷാദ്.. ഞാൻ സെക്യൂരിറ്റി അറേഞ്ച് ചെയ്തിട്ടുണ്ട് ഞങ്ങൾക്ക്.. മക്കൾക്കടക്കം…

എന്നാലും… ഒരു കാര്യം ചെയ്യ്.. നിങ്ങൾ നാഗമഠത്തിൽ പോക്ക് മാറ്റിവെക്കേണ്ട.. ഞാൻ മറ്റന്നാൾ ആകുമ്പോഴേക്കും നാട്ടിൽ എത്താം… ബാക്കി കാര്യങ്ങൾ ഞാൻ വന്നിട്ട് ചെയ്യാം.. അതുപോലെ മക്കളെയും സത്യാമ്മയെയും നീ ഇങ്ങോട്ട് കയറ്റി വിട്.. ഒരാഴ്ച്ച കഴിഞ്ഞാൽ ഇവരുടെ കൂടെ വന്നോളാം.. ഒരാഴ്ചത്തെ സ്കൂൾ മുടങ്ങട്ടെ.. കുഴപ്പം ഇല്ലാ.. എന്തായാലും അവർ അവിടെ വേണ്ടാ.. അറിയാം അവർക്ക് സെക്യൂരിറ്റി ഉണ്ടെന്നും വീട്ടിൽ ആണെങ്കിൽ വീടിന്റെ സെക്യൂരിറ്റി ഉണ്ടെന്നും.. എന്തായാലും റിസ്ക് എടുക്കേണ്ട….

പക്ഷേ ഇക്ക.. ഈ ഒരാഴ്ച്ച വെറുതെ ഇരിക്കണം എന്ന് പറഞ്ഞിട്ട്.. നിധിക്ക് ആകെ വിഷമായി.. തനിക്ക് വേണ്ടിയാണ് ഒരാഴ്ച്ച മനസമാധാനം ആയി വീട്ടിൽ ഇരിക്കണം എന്ന് പറഞ്ഞ ആൾ നേരത്തേ ഇങ്ങോട്ട് വരുന്നത് എന്ന് ഓർത്ത്…

എന്റെ പൊന്ന് സുറുമി.. എനിക്ക് നിന്നെക്കാൾ വലുതല്ല വെക്കേഷൻ. പിന്നെ അവിടെ വന്നാൽ എപ്പോ വേണമെങ്കിൽ ജോയിൻ ചെയ്യാം. അവിടത്തെ ഡിസിപി ആൾറെഡി മാറിപ്പോയി.. ഇപ്പൊ acp ക്ക് ആണ് ചാർജ്.. സൊ നോ worries.. പിന്നെ തല്ക്കാലം താമസം നിന്റെ കൂടെ ആക്കാലോ…. അവൻ എല്ലാം തീരുമാനിച്ചു എന്ന് നിധിക്ക് മനസിലായി.. ഇനി എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല എന്ന് അവൾക്കറിയാം…

മ്മ്.. അവൾ ഒന്ന് മൂളി..

ജോ മക്കൾക്കും സത്യാമ്മക്കും ഉള്ള ടിക്കറ്റ് എടുത്തിട്ട് ഒന്ന് വിളിക്ക്.. നിച്ചു പിക്ക് ചെയ്തോളും അവരെ എയർപോർട്ടിൽ നിന്ന്…

ഓക്കേ ഇർഷാദ്… ജോ പറഞ്ഞു..

എന്റെ പൊന്ന് അളിയാ.. ഞങ്ങൾക്ക് ആകെ ഉള്ളൊരു പെങ്ങൾ ആണ് നിന്റെ കൂടെ ഉള്ള മുതൽ അവളുടെ പുതിയാപ്ല ഞങ്ങളെ ഇങ്ങനെ അന്യരെ പോലെ വിളിക്കല്ലേ.. ഒന്നില്ലെങ്കിൽ ഇച്ചു എന്ന് വിളിക്കാം അല്ലെങ്കിൽ അളിയൻ എന്ന് വിളിച്ചോ അല്ലേടി സുറുമി… അവൻ ഒരു ചിരിയോടെ ചോദിച്ചു..

മ്മ്… നിധി അതിന് ഒന്നു മൂളിയതേ ഉള്ളൂ. അവളുടെ ഉള്ളിൽ അപ്പോഴും അവൾക്ക് വേണ്ടി അവൻ വെക്കേഷൻ ക്യാൻസൽ ചെയ്യുന്നതിന്റെ വിഷമം ആയിരുന്നു…

എന്റെ മോളെ.. എന്തിനാടി നിനക്ക് ഈ വിഷമം.. നീ ഇങ്ങനെ ഒരാപത്തിൽ നിൽക്കുമ്പോൾ ഞങ്ങൾക്ക് ഇവിടെ മനസമാധാനത്തോടെ നിൽക്കാൻ പറ്റുമോ…. നീ ആവശ്യമില്ലാത്തതൊന്നും ചിന്തിച്ചു കൂട്ടണ്ട.. പറഞ്ഞതങ്ങു അനുസരിച്ചാൽ മതി… എന്നാൽ ഞാൻ പിന്നെ വിളിക്കാം… അളിയാ അപ്പൊ എല്ലാം പറഞ്ഞതുപോലെ…

ഓക്കേ ഇച്ചു… ജോ പറഞ്ഞു…

എന്താ പെണ്ണേ ഇത്… ജോ വിഷമത്തോടെ ഇരിക്കുന്ന നിധിയെ നോക്കി ചോദിച്ചു…

എന്നാലും ഇച്ചാക്ക.. എനിക്ക് വേണ്ടി…..

അതേ നിനക്ക് വേണ്ടിയാണ്.. അതിൽ വിഷമിക്കാണോ വേണ്ടത്.. എനിക്ക് ശരിക്ക് നിന്നോട് കുശുമ്പ് ആണ് തോന്നുന്നത്… ഒരു രക്തബന്ധം പോലും ഇല്ലാത്ത നിനക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന ഒരു കുടുംബം.. ഇവിടെ എന്റെ കാര്യം നോക്ക്.. എന്നെ കൊല്ലാൻ നോക്കുന്ന എന്റെ രക്തബന്ധങ്ങൾ… ജോ ഒരു ആത്മനിന്ദ കലർന്ന ചിരിയോടെ പറഞ്ഞു…

ഇച്ചായാ.. നിധി വിഷമത്തോടെ വിളിച്ചു..

സാരമില്ല പെണ്ണേ.. എനിക്ക് നീയും നമ്മുടെ മക്കളും ഉണ്ടല്ലോ.. അതുമതി.. വേറെ ഒന്നും വേണ്ടാ… അവൻ അവളെ പുണർന്ന് നെറ്റിയിലായി ഒന്ന് മുത്തിക്കൊണ്ട് പറഞ്ഞു…

അതേ നമുക്ക് പോയാലോ.. ഇപ്പൊ പോയാൽ എനിക്ക് ഹാഫ് ഡേ ലീവ് ക്യാൻസൽ ചെയ്ത് കയറാം… കുറച്ച് നേരം കഴിഞ്ഞതും നിധി ചോദിച്ചു…

ഓക്കേ.. എന്നാൽ പോയേക്കാം… അതും പറഞ്ഞു ജോ അവളെ വിട്ടുമാറി കാർ സ്റ്റാർട്ട്‌ ചെയ്തു…

………………..

അന്ന് വൈകീട്ട് തന്നെ ജോ മക്കൾക്കും സത്യാമ്മക്കും ഡൽഹിയിലേക്ക് ഉള്ള ടിക്കറ്റ് എടുത്തിരുന്നു. പിറ്റേദിവസം ഉച്ചക്ക് ആയിരുന്നു ഫ്ലൈറ്റ്… സത്യാമ്മ കുറേ തടസ്സം പറഞ്ഞെങ്കിലും മക്കളെ ഒറ്റക്ക് വിടേണ്ടി വരും എന്നൊക്കെ സങ്കടം പറഞ്ഞപ്പോൾ അവർ സമ്മതിച്ചു.. മക്കളെ സംബന്ധിച്ച് ഡൽഹിയിലേക്ക് പോകാം എന്നുള്ളത് തന്നെ ഒത്തിരി സന്തോഷം ഉള്ള കാര്യം ആയിരുന്നു. ചിട്ടുവിന് നിധിയെ വിട്ടുനിൽക്കേണ്ടത് ഇത്തിരി സങ്കടം ഉള്ള കാര്യം ആണെങ്കിലും ഉപ്പയുടെയും ഉമ്മയുടെയും അടുത്തേക്ക് ആണല്ലോ എന്നത് സന്തോഷം തന്നെ ആയിരുന്നു.. ശിവയോട് വിളിച്ചു പറഞ്ഞു ലീവിന്റെ കാര്യവും നിധി ശരിയാക്കി.. നല്ല ബ്രില്യന്റ് കുട്ടികൾ ആയതുകൊണ്ട് ടീച്ചേഴ്സിനും ഇഷ്യൂസ് ഒന്നും ഉണ്ടായില്ല…

അങ്ങനെ പിറ്റേന്ന് ഉച്ചക്കത്തെ ഫ്ലൈറ്റിന് ചിട്ടുവും കുഞ്ഞിയും സത്യാമ്മയും ഡൽഹിക്ക് പോയി.. ജോ ആണ് അവരെ എയർപോർട്ടിൽ കൊണ്ട് ചെന്നാക്കിയത്… അന്ന് വൈകീട്ട് 5 മണിയോടെ നാഗമഠത്തിലേക്ക് പോകാം എന്നാണ് അവർ തീരുമാനിച്ചിട്ടുള്ളത്.. നാളെ വൈകുന്നേരം ഇച്ചുവും എത്തും ഇവിടെ.. എത്രയും പെട്ടന്ന് രാമേട്ടന്റെയും വന്ദുവമ്മയുടെയും മരണത്തിന് പിന്നിലുള്ള സത്യങ്ങൾ പുറത്തുകൊണ്ട് വരണം എന്നാണ് മൂന്നാളുടെയും ആഗ്രഹം.

അന്ന് വൈകീട്ട് അഞ്ചുമണിയോടെ ജോ നിധിയേയും പിക്ക് ചെയ്ത് നാഗമഠം തറവാട്ടിലേക്ക് വിട്ടു.. തങ്ങളുടെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം അവിടെ നിന്ന് കിട്ടും എന്ന് അപ്പോഴും അവർക്ക് അറിയില്ലായിരുന്നു….

തുടരും…