രചന – കണ്ണന്റെ മാത്രം
അവൻ പറഞ്ഞത് ശരിയാ… നീ അവന്റെ അമ്മ അല്ല… അവന്റെ അമ്മ ആയിരുന്നെങ്കിൽ അവന്റെ മനസ്സ് നീ കണ്ടേനെ.. അവന്റെ ആക്സിഡന്റിന് മുൻപ് നീ കണ്ടതല്ലേ അവന് നിധിയോടുള്ള ഇഷ്ടം… എന്നിട്ടും മറ്റൊരാളുടെ വാക്ക് കേട്ട് നീ അവനോട് ആ കുട്ടിയെ കുറിച്ച് വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞു പിടിപ്പിച്ചില്ലേ.. അവന്റെ പെറ്റമ്മ ആയിരുന്നെങ്കിൽ അവന്റെ ഇഷ്ടത്തിനും വലുതായി അവർക്ക് മറ്റെന്തെങ്കിലും ഉണ്ടാകുമായിരുന്നോ…വിൻസെന്റ് ദേഷ്യത്തോടെ ചോദിച്ചു…
അങ്ങനെ പറയല്ലേ ഇച്ചായാ… എനിക്ക് ജോ അത്രയും പ്രിയപ്പെട്ടതാണ്… ഞാൻ അവന്റെ നന്മയെ കരുതി ആണ് ഇങ്ങനെ ഒക്കെ ചെയ്യ്തത്…
എന്ത് നന്മയാണ് നീ ഉദ്ദേശിച്ചത്.. ഏഹ്ഹ്… അവന് ഇഷ്ടമില്ലാത്ത പെണ്ണിന്റെ ഒപ്പം ജീവിതം ജീവിച്ച് തീർക്കാൻ വിടുന്നതാണോ നീ ഉദ്ദേശിച്ച നന്മ… എത്രപ്രാവശ്യം അവൻ പറഞ്ഞു അവന് ഹന്നയുമായി ഒരു ബന്ധത്തിന് താൽപ്പര്യം ഇല്ല എന്ന്… എന്നിട്ട് നീ അതെന്തേ മനസിലാക്കിയില്ല… എന്റെ ഭാഗത്തും തെറ്റുണ്ട്… നീ ആ കുട്ടിയെ കുറിച്ച് ഇങ്ങനെ ഇല്ലാത്ത കാര്യങ്ങൾ അവനോട് പറഞ്ഞപ്പോൾ ഞാൻ തിരുത്തണമായിരുന്നു… ഞാനും എന്റെ മോന്റെ സേഫ്റ്റി നോക്കി ആ കുട്ടിയെ കുറിച്ച് ഒന്നും ചിന്തിച്ചില്ല… നമ്മളൊന്നും ഗുണം പിടിക്കാൻ പോണില്ല… ഒരു കാലത്തും ഗുണം പിടിക്കാൻ പോണില്ല.. ആ കുട്ടിയുടെ നെഞ്ചുരുകിയുള്ള കണ്ണുനീർ ദൈവം കണ്ടു.. അതല്ലേ ആ കുട്ടി പോയി ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കും ജോയ്ക്ക് ഓർമകൾ തിരികെ കിട്ടി തുടങ്ങിയതും അവൻ നിന്നിൽ നിന്ന് പഴയതിനേക്കാൾ കൂടുതൽ അകന്നതും… അയാൾ വേദനയോടെ പറഞ്ഞു നിർത്തി…
എനിക്ക് ഒരു കാര്യം കൂടി അറിയണം.. ജോ ഗ്രേസിയമ്മയുടെ മുൻപിലായി ചെന്നു നിന്നുകൊണ്ട് ചോദിച്ചു…
അവർ കരഞ്ഞു കലങ്ങിയ കണ്ണുകൾ ഉയർത്തി അവനെ നോക്കി…
എന്നാണ് മ…. മമ്മി എന്ന് വിളിക്കാൻ പോയവൻ അത് കംപ്ലീറ്റ് ചെയ്യാതെ നിർത്തി.. പിന്നെ കണ്ണുകൾ ഇറുകെ അടച്ച് തുറന്ന് അവരെ നോക്കികൊണ്ട് ചോദിച്ചു…
Mrs. വിൻസെന്റിന് ഹന്ന കള്ളം പറയുകയാണ് എന്ന് തോന്നിയത്…
അവന്റെ mrs. വിൻസെന്റ് എന്ന വിളികൂടി കേട്ടതും അവരുടെ തകർച്ച പൂർണമായി.. മമ്മി എന്ന് വിളിക്കാൻ പോലും കഴിയാത്ത അത്രയും തന്നെ അവൻ വെറുത്തുപോയോ… അവർ ആത്മനിന്ദയോടെ ആലോചിച്ചു…
എനിക്ക് മറുപടി വേണം… അവൻ ഗൗരവത്തിൽ പറഞ്ഞു…
അതൊരിക്കൽ ഹന്നയും ഇവർ രണ്ടുപേരും സംസാരിക്കുന്നത് ഞാൻ കേട്ടു… അപ്പോഴാണ് ഞാൻ പറ്റിക്കപെടുകയായിരുന്നു എന്ന് അറിഞ്ഞത്… അവർ മാഗിയെയും തെരെസ്സയെയും കാട്ടി വേദനയോടെ പറഞ്ഞു…
അതുവരെ അവിടെ നടക്കുന്നത് മുഴുവൻ ഒരു കൂസലും ഇല്ലാതെ കണ്ടുനിന്ന അവർ രണ്ടാളും ഗ്രേസിയമ്മ അത് പറഞ്ഞതും ഞെട്ടലോടെ നിന്നു.. അവർക്ക് ഉള്ളിൽ പേടി നിറഞ്ഞു… ജോ എങ്ങനെ പ്രതികരിക്കും എന്ന് അവർക്ക് അറിയില്ലായിരുന്നു…
ഓഹ്.. അപ്പൊ എന്റെ പെണ്ണിനെ വാക്കുകൾ കൊണ്ട് കീറിമുറിക്കാൻ കൂടെ നിന്നവർ നിങ്ങളെയും ചതിച്ചു അല്ലേ… അവൻ ഒരു പുച്ഛചിരിയോടെ ചോദിച്ചു…
മോനേ.. ഞങ്ങൾ…. മാഗി എന്തോ പറയാൻ പോയതും അവരെ കൈ ഉയർത്തി തടഞ്ഞിരുന്നു ജോ…
വേണ്ടാ.. എനിക്കൊന്നും കേൾക്കണ്ട… സ്വന്തം എന്ന് കരുതിയ അമ്മ വരെ ചതിച്ചവൻ ആണ് പിന്നെയല്ലേ അന്യരായ നിങ്ങൾ.. അവൻ അതും പറഞ്ഞ് പുച്ഛിച്ചുകൊണ്ട് റൂമിലേക്ക് പോയി… ബാക്കി ഉള്ളവർ എല്ലാം കേട്ടതും അറിഞ്ഞതും ആയ കാര്യങ്ങളുടെ ഞെട്ടലിൽ തന്നെ ആയിരുന്നു… ഗ്രേസിയമ്മ തളർച്ചയോടെ വെറും നിലത്ത് പടഞ്ഞിരുന്നു പോയി.. ആർക്കും സഹതാപം ഒന്നും തോന്നിയില്ല അവരുടെ അവസ്ഥ കണ്ടിട്ട്…
ട്രോളി ഉരയുന്ന പോലത്തെ ശബ്ദം കേട്ടപ്പോൾ ആണ് എല്ലാവരുടെയും ശ്രദ്ധ കോണിപ്പടിയിലേക്ക് പോയത്.. ഒരു ട്രോളിയും ലാപ്ടോപ് ബാഗുമായി വരുന്ന ജോയെ കണ്ടതും എല്ലാവരും ഞെട്ടലോടെ നിന്നു.. ഗ്രേസിയമ്മ ഇരുന്നിടത്ത് നിന്ന് വേഗം എഴുന്നേറ്റു…
എങ്ങോട്ടാ ജോ നീ പെട്ടിയുമൊക്കെയായി… വല്യപ്പച്ചൻ ആധിയോടെ ചോദിച്ചു…
ഞാൻ ഗസ്റ്റ് ഹൗസിൽ ഉണ്ടാകും വല്യപ്പച്ചാ.. വല്യപ്പച്ചന് എന്നെ കാണണമെങ്കിൽ ഒന്നില്ലെങ്കിൽ അങ്ങോട്ട് വരാം അല്ലെങ്കിൽ വിളിച്ചാൽ ഞാൻ ഇങ്ങോട്ട് വരാം..ജോ ഗൗരവത്തോടെ പറഞ്ഞു…
ജോ… എന്താ മോനേ ഇത്… അയാൾ സങ്കടത്തോടെ പറഞ്ഞു…
എനിക്ക് ഇനിയിവിടെ പറ്റില്ല വല്യപ്പച്ചാ… എന്നോട് ക്ഷമിക്കണം… അവൻ ആരെയും നോക്കാതെ അതും പറഞ്ഞുകൊണ്ട് മുന്നോട്ട് നടക്കാൻ പോയി.. പെട്ടന്നാണ് അവന്റെ കൈയിൽ ഗ്രേസി കേറി പിടിച്ചത്…
മമ്മിയെ വിട്ട് പോകല്ലേ മോനേ.. ക്ഷമിക്കെടാ… തെറ്റുപറ്റിപ്പോയി.. തിരുത്താൻ ആവാത്ത തെറ്റ് … ഓരോ നിമിഷവും കുറ്റബോധത്താൽ നീറിയാണ് ഞാൻ കഴിഞ്ഞത്… അവർ കരഞ്ഞുകൊണ്ട് പറഞ്ഞു…
എന്നിട്ട് ഇത്ര നാളായിട്ട് ഇപ്പൊ ഞാൻ ചോദിക്കുന്നത് വരെ നിങ്ങൾ പറഞ്ഞോ എന്തുകൊണ്ടാണ് നിധി പോയത് എന്ന്… ഇപ്പൊ ഞാൻ കാര്യങ്ങൾ എല്ലാം അറിഞ്ഞു ചോദിച്ചപ്പോൾ അല്ലേ നിങ്ങൾ പറഞ്ഞത്… ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും ഞാൻ ഒന്നും അറിയാതെ ജീവിച്ചേനില്ലേ… അവർ പിടിച്ച കൈ കുടഞ്ഞെറിഞ്ഞുകൊണ്ട് അവൻ ദേഷ്യത്തിൽ ചോദിച്ചു…
അവർ ഒന്നും മിണ്ടാതെ കണ്ണീർ വാർത്തതേ ഉള്ളൂ….
ജോ പിന്നെയും പോകാനായി തിരിഞ്ഞു… ആ മുൻവാതിൽ കടക്കുന്നതിനു മുൻപായി അവൻ ഒന്നുകൂടി എല്ലാവരെയും തിരിഞ്ഞു നോക്കി.. പിന്നെ ആദത്തിനോടായി പറഞ്ഞു…
ആദം നാളെ മുതൽ നിനക്ക് മാത്രം ഓഫീസിലേക്ക് വരാം… വേറെ ഒരാളെയും എന്റെ ഓഫീസ് പരിസരത്ത് എനിക്ക് കാണണ്ട… ക്രിസ്റ്റിയെ നോക്കിയിട്ടാണ് അവൻ അത് പറഞ്ഞത്….
മോനേ അപ്പൊ ക്രിസ്റ്റി… ആന്റണി ഒരു പരുങ്ങലോടെ ചോദിച്ചു..
ഭാര്യയോട് പറയ്.. ഹന്നയുടെ തന്തയുടെ ഓഫീസിൽ ജോലി വാങ്ങി കൊടുക്കാൻ… ജോ അല്പം പുച്ഛത്തോടെ പറഞ്ഞു…
മാഗിയുടെയും ആന്റണിയുടെയും മുഖം വിളറി വെളുത്തു.. ക്രിസ്റ്റി ദേഷ്യം അടക്കാൻ ആവാതെ നിന്നു.. പക്ഷേ ഒന്നും പറയാൻ ഉള്ള ധൈര്യം അവന് ഉണ്ടായിരുന്നില്ല….
പിന്നീട് ഒരു സംസാരത്തിന് നിൽക്കാതെ അവൻ ഇറങ്ങിപ്പോയി…..
ഇച്ചായാ.. നമ്മുടെ മോനോട് പോകണ്ട എന്ന് പറയ് ഇച്ചായാ.. എനിക്ക് അവൻ ഇല്ലാതെ പറ്റില്ല ഇച്ചായാ… ഗ്രേസിയമ്മ കരച്ചിലോടെ വിൻസെന്റിനോട് പറഞ്ഞു.. അയാൾ തന്റെ കൈയിൽ പിടിച്ചിട്ടുള്ള അവരുടെ കൈകൾ കുറച്ച് ബലത്തോടെ തന്നെ മാറ്റി.. നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് റൂമിലേക്ക് പോയി.. ഓരോരുത്തർ ആയി അവിടെ നിന്നും അവരവരുടെ റൂമികളിലേക്ക് പോയി.. ഗ്രേസിയമ്മ മാത്രം ആശ്രയമറ്റവളെ പോലെ ഒറ്റക്ക് അവിടെ നിന്നു…
……………………….
മീര….. ഇച്ചായന്റെ ഇപ്പോഴത്തെ അവസ്ഥ എന്താ… ഓർമ്മകൾ തിരിച്ചു കിട്ടിയോ… ആലുക്കൽ ഗ്രൂപ്പ് ഇത്രയും ഉയർന്നിട്ടും ഒരിക്കൽ പോലും ഇച്ചായന്റെ മുഖം ഒരു ന്യൂസിലൊ മാഗസിനിലോ കണ്ടിട്ടില്ലല്ലോ… നിധി അല്പം ചമ്മലോടെ ചോദിച്ചു..
പിറ്റേന്ന് രാവിലെ ബ്രേക്ഫാസ്റ് എല്ലാം കഴിഞ്ഞ് ഇരുപ്പായിരുന്നു മീരയും നിധിയും.. മക്കൾ പുറത്ത് കളിക്കുന്നുണ്ട്.. അവരുടെ കൂടെ ശിവയും ഉണ്ട്…
എന്തിനാ നീ അറിയുന്നത്… ഇനിയും ഒളിച്ചോടാൻ ആണോ… മീര നിധിയുടെ ചമ്മൽ മനസിലാക്കിയതുപോലെ കളിയാക്കി ചോദിച്ചു…
മീര വേണ്ടാട്ടോ… നീ ഞാൻ ചോദിച്ചതിന് മറുപടി താ… നിധി വീർത്ത മുഖത്തോടെ പറഞ്ഞു…
കാര്യമായിട്ട് എനിക്കും ഒന്നും അറിയില്ല മോളെ.. നിനക്ക് അറിയാലോ ജോ ചേട്ടായിയെ അറിയും എങ്കിലും അവിടത്തെ ബാക്കി ഉള്ളവരുമായി വലിയ കമ്പനി ഒന്നും ഇല്ല ഞാൻ എന്ന്… പിന്നെ ആ സമയത്ത് ഞാനും നാട്ടിൽ ഉണ്ടായിരുന്നില്ലല്ലോ… പിന്നീട് ശിവേട്ടൻ വഴി ഒന്ന് അന്വേഷിപ്പിച്ചു അപ്പോഴാണ് അറിഞ്ഞത് ആൾക്ക് ഓർമ വന്നതും അതോടെ ഒരു റൂമിനു ഉള്ളിൽ തന്റെ ജീവിതം തളച്ചിട്ടതും ഒക്കെ… കമ്പനിയുടെ കാര്യങ്ങൾ എല്ലാം ചേട്ടായി തന്നെ ആണ് നോക്കിയിരുന്നത് പക്ഷേ അത്യാവശ്യ സമയങ്ങളിലെ ആ റൂമിൽ നിന്നും പുറത്തിറങ്ങു.. വീട്ടുകാരോട് മുഴുവൻ ഒരു അകൽച്ച ആയിരുന്നു….
ഞാൻ കാരണം ആണല്ലേ മീര… ഓർമ്മകൾ തിരിച്ചു വന്നപ്പോ ഇച്ചായന് സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല… എന്തിനായിരിക്കും ഗ്രേസിയമ്മ ഇത്രയും വലിയ ചതി എന്നോട് ചെയ്യ്തത്… അല്ല അവരെ കുറ്റപ്പെടുത്താൻ ഉള്ള അധികാരം എനിക്കില്ല… ഒരിക്കലും അവരുടെ വാക്കുകൾ ഞാൻ വിശ്വസിക്കരുതായിരുന്നു… അതുമാത്രം ആയിരുന്നില്ല ആ അൺനോൺ നമ്പറിൽ നിന്ന് വന്ന മെസ്സേജുകളും എന്നെ വല്ലാതെ ഭയപ്പെടുത്തി… ഇച്ചായന് എന്തെങ്കിലും പറ്റുന്നത് എനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു.. എന്റെ കൂടെ അല്ലെങ്കിലും എവിടെയെങ്കിലും ജീവനോടെ ഉണ്ടെന്നെങ്കിലും ആശ്വസിക്കാലോ എന്നേ ഞാൻ കരുതിയുള്ളൂ….
എന്നാലും ആരായിരിക്കും നിധി അതിനൊക്കെ പിന്നിൽ….
അറിയില്ല മീര.. പക്ഷേ എല്ലാം എനിക്കറിയണം… എന്റെ ജീവിതം തകർത്ത ആരെയും ഞാൻ വെറുതെ വിടില്ല… അതുമാത്രം അല്ല എന്റെ രാമേട്ടന്റേം വന്ദുവിന്റേം മരണത്തിന് പിന്നിൽ ഉള്ള സത്യങ്ങളും എനിക്ക് പുറത്തേക്ക് കൊണ്ട് വരണം.. അന്ന് എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല.. പണം ഉണ്ടെങ്കിലും അധികാരം ഒന്നും ഉണ്ടായിരുന്നില്ല.. പക്ഷേ ഇപ്പൊ പണവും അധികാരവും ഉണ്ട് എന്റെ കൈയിൽ.. എല്ലാ സത്യങ്ങളും ഞാൻ മറ നീക്കി പുറത്തുകൊണ്ട് വരും… ഇതിനൊക്കെ പിന്നിൽ ആരാണെങ്കിലും ഒരു നിയമത്തിനും വിട്ടുകൊടുക്കില്ല ഞാൻ… നിധി അഗ്നി നിറച്ചുകൊണ്ട് പറഞ്ഞു…
മീര നിധിയെ ആദ്യം കാണുന്നതുപോലെ നോക്കി നിന്നു… അവളുടെ ഇങ്ങനെ ഒരു ഭാവം ആദ്യമായി കാണുകയായിരുന്നു മീര.. മീര എന്തോ പറയാൻ പോയ സമയത്താണ് ചിട്ടുവിന്റെ ഉറക്കെ ഉള്ള വിളി അവിടെ മുഴങ്ങിയത്..
മമ്മ….
ചിട്ടു ആണല്ലോ… എന്തുപറ്റിയാവോ… നിധി അതും പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി.. അവളുടെ പിന്നാലെ മീരയും.. എന്നാൽ പുറത്തേക്ക് ഇറങ്ങിയ നിധി മുന്നിൽ കാണുന്ന കാഴ്ച്ചയിൽ പകച്ചു നിന്നു…
തുടരും…

by