17/04/2026

നിയതി : ഭാഗം 37

രചന – കണ്ണന്റെ മാത്രം

അതേ ജോഷ്വാ വിൻസെന്റ് ആലുക്കൽ… എന്താ എന്റെ നിധിയുടെ പുന്നാര മുത്തശ്ശൻ ഞെട്ടിപ്പോയോ… ജോ അയാളെ നോക്കി ഒരു പുച്ഛത്തോടെ ചോദിച്ചു….

എടാ… അയാൾ ദേഷ്യത്തോടെ അവനെയും വിളിച്ച് താഴെ നിന്ന് എഴുന്നേറ്റു….

ഹാ.. അടങ്ങ് മൂപ്പീന്നേ… വെറുതെ ഇപ്പോഴേ കൈക്ക് പണിയുണ്ടാക്കാതെ….
തനിക്ക് വേണ്ടത് ഒക്കെ തരാം.. ഞാനല്ല അതിന് അർഹതപ്പെട്ടവർ.. അവർ തരാൻ ഉള്ളതൊക്കെ തന്നു കഴിഞ്ഞിട്ട് താൻ ബാക്കി ഉണ്ടെങ്കിൽ എന്റെ ഒരു സന്തോഷത്തിന് ഞാനും എന്തേലും ഒക്കെ തരാം…ജോ അയാളെ നോക്കി ഒരു പുച്ഛത്തോടെ പറഞ്ഞു…

എടാ… ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല…

അറിയാടോ.. നല്ല വ്യക്തമായി തന്നെ അറിയാം.. സ്വന്തം മോളെയും മരുമോനെയും കെട്ടിതൂക്കിയവൻ… സ്വന്തം അച്ഛനെ ശ്വാസം മുട്ടിച്ച് കൊന്നവൻ… സ്വന്തം കൊച്ചുമോളെ ഇല്ലാതെയാക്കിയവൻ… ജോ അത് പറഞ്ഞു കേട്ടതും പാതി ബോധത്തിലും ജിത്തുവിന്റെ ഉള്ളം ഒന്ന് പിടച്ചു.. കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു…

ജോ പറയുന്നതെല്ലാം കേട്ട് തരിച്ചു നിൽപ്പായിരുന്നു വീരൻ.. അവൻ എല്ലാം അറിഞ്ഞു എന്ന് അയാൾക്ക് ഉറപ്പായി.. എങ്കിലും തോൽവി സമ്മതിച്ചു കൊടുക്കാൻ അയാൾക്ക് കഴിയില്ലായിരുന്നു…

ജോഷ്വാ.. നിന്നെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്… അങ്ങനെ ഒന്നും നടന്നിട്ടില്ല.. എന്റെ സ്വന്തം മോളെ എനിക്ക് കൊല്ലാൻ പറ്റുമോ… അയാൾ വിഷമം അഭിനയിച്ചുകൊണ്ട് പറഞ്ഞു..

പറ്റുമെന്ന് താൻ തെളിയിച്ചല്ലോ… ദൃക്‌സാക്ഷി ഉണ്ടെടോ.. താനൊക്കെ ചെയ്യ്തത് കണ്ട് മനോനില തെറ്റി ചികിൽസിപ്പിക്കേണ്ടി വന്ന ഒരു കൊച്ചുപെൺകുട്ടി.. ഓർമ്മയുണ്ടോ തനിക്ക്.. താനൊക്കെ കൂടി ഭീഷിണിപ്പെടുത്തി നാടുകടത്തിയവരെ… അവൾ വന്നിരുന്നെടോ എന്റെ നിധിയെ കാണാൻ… തന്റെ വാത്സല്യഭാവം നിറഞ്ഞ മുഖത്തിന് പിന്നിലെ ക്രൂരനെ കാണിച്ച് തരാൻ.. ഇനിയുമുണ്ട് താനറിയാൻ കാര്യങ്ങൾ.. അതൊക്കെ നമുക്ക് നാളെ അറിയാം… ഇന്നൊരു ദിവസം കൂടി താൻ നന്നായി ഉറങ്ങിക്കോ.. ജോ ഒരു പരിഹാസത്തോടെ പറഞ്ഞു..

അതുതന്നെ… സ്റ്റീഫാ… നമ്മുടെ അതിഥിയെ ഒന്ന് നന്നായി ഉറക്കണം.. കണ്ടില്ലേ ആകെ വിയർക്കുന്നു ആള്.. ഒന്ന് കൂൾ ആക്കിയേക്ക് എന്നിട്ട് ഉറക്കിയാൽ മതി.. ഇച്ചു വീരനെ നോക്കി സ്റ്റീഫനോട് ഒരു പുച്ഛത്തോടെ പറഞ്ഞു…

ശരി സാർ.. ഏറ്റു… സ്റ്റീഫൻ വേഗം തന്റെ കൂട്ടാളികളെ വിളിച്ചു.. അവർ കൊണ്ടുവന്ന് അടുക്കുന്ന സാധനം കണ്ടതും വീരന്റെ കിളിപോയി… അധികം വൈകാതെ സ്റ്റീഫനും മറ്റു രണ്ടുപേരും കൂടി അയാളെ വന്ന് അയാളെ ബന്ധനസ്ഥൻ ആക്കാൻ തുടങ്ങി…

വേണ്ട… വിട്… ജോഷ്വാ ഇതിനുള്ളത് നീ അനുഭവിക്കും… അയാൾ അവരുടെ കൈയിൽ കിടന്ന് കുതറിക്കൊണ്ട് പറഞ്ഞു… ഇത്രയൊക്കെ ആയിട്ടും അയാളുടെ ശൗര്യം സത്യം പറഞ്ഞാൽ ജോയേയും ഇച്ചുവിനെയും ഞെട്ടിച്ചു… കൈയും കാലും കെട്ടിയ വീരനെ സ്റ്റീഫനും കൂട്ടരും ചേർന്ന് അടുക്കി വച്ചിട്ടുള്ള ഐസ് ബ്ലോക്കിലേക്ക് കെടുത്തി…

വേണ്ടാ… അഴിച്ചുവിടെന്നെ… വേണ്ടാ… ആആാാ .. ശരീരത്തിലേക്ക് അരിച്ചു കയറുന്ന അതി കഠിനമായ തണുപ്പ് സഹിക്കാൻ കഴിയാതെ അയാൾ അലറി.. ജോഷ്വാ പക്ഷേ അതൊന്നും കേട്ടില്ല… അവന്റെ ഉള്ളിൽ അപ്പോൾ രാമേട്ടനും വന്ദുവും നിറഞ്ഞു നിൽപ്പായിരുന്നു… അവരോടൊപ്പം കഴിഞ്ഞ നിമിഷങ്ങൾ ആയിരുന്നു..

സ്റ്റീഫനും കൂട്ടർക്കും കുറച്ച് കഴിഞ്ഞാൽ അയാളെ മാറ്റി കസേരയിൽ കെട്ടിയിടാനുള്ള നിർദ്ദേശം കൊടുത്തുകൊണ്ട് ജോയും ഇച്ചുവും ആ റൂമിൽ നിന്ന് പുറത്തിറങ്ങി… അപ്പോഴും അയാളുടെ അലർച്ച അവരുടെ കാതുകൾക്ക് ഒരു സംഗീതം പോലെ പടരുന്നുണ്ടായിരുന്നു….

ജോ.. ഇനി എന്താ പരിപാടി… ഇച്ചു ചോദിച്ചു…

വീട്ടിലേക്ക് പോകാം ഇച്ചു നാളെ അയാൾക്ക് ശിക്ഷ വിധിക്കേണ്ടവർ കൂടി വന്നിട്ട് തീരുമാനിക്കാം എന്താ ചെയ്യേണ്ടത് എന്ന്…

എങ്കിൽ നമുക്ക് ഇറങ്ങാം സുറുമി ഒറ്റക്കല്ലേ അവിടെ.. സെക്യൂരിറ്റി ഉണ്ട്.. എന്നാലും ഒരു ടെൻഷൻ ആണ്… ഇനിയും ഉണ്ടല്ലോ കാണാമറയത്തിരിക്കുന്ന ശത്രുക്കൾ…. ഇച്ചു പറഞ്ഞു…

കാണാമറയത്തല്ല ഇച്ചു.. കൺവെട്ടത്ത് തന്നെ ഉണ്ട്…

എന്താ… ജോ നീ എന്താ പറഞ്ഞത്….

അതേ ഇച്ചു എല്ലാ സത്യങ്ങളും അറിഞ്ഞിട്ടാ ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത്.. ആരാണ് എന്റെ ആക്സിഡന്റിന് പിന്നിൽ.. ആരൊക്കെ കൂടിയാണ് ഞങ്ങളെ വേർപ്പിരിച്ചത്.. എല്ലാം മനസിലാക്കിയട്ടാണ് ഞങ്ങൾ ഇപ്പോൾ മുന്നോട്ട് പോകുന്നത്… എന്നും പറഞ്ഞ് ജോ എല്ലാ കാര്യങ്ങളും ഇച്ചുവിനോട് പറഞ്ഞു…

ഇത്രയൊക്കെ നടന്നിട്ടും നിങ്ങൾ എന്നിട്ട് എന്താ അവർക്കെതിരെ ഒരു ആക്ഷനും എടുക്കാതെ നിൽക്കുന്നത്…. ഇച്ചു ചോദിച്ചു…

ആര് പറഞ്ഞു ഇച്ചു ആക്ഷൻ എടുത്തില്ല എന്ന്… നിനക്കൊരു കാര്യം കാണണോ… അതും പറഞ്ഞ് ജോ അവനെ ആ കെട്ടിടത്തിന്റെ തന്നെ മറ്റൊരു ഭാഗത്തേക്ക്‌ കൊണ്ടുപോയി.. അവിടെ ഒരു റൂമിന്റെ മുന്നിലായി നിന്നു… വാതിലിൽ ഒന്ന് മുട്ടിയതും നല്ല ഉയരവും അതിനനുസരിച്ച് വണ്ണവും ഉള്ള ഒരു പെണ്ണ് വാതിൽ തുറന്നു… ജോയാണ് ആദ്യം ആ റൂമിലേക്ക് കയറിയത്… അവന്റെ പിന്നിലായി കയറിയ ഇച്ചു മുറിയുടെ മൂലയിലായി ഒരു കസേരയിൽ കെട്ടിയിട്ട നിലയിൽ ഉള്ള ഹന്നയെ കണ്ടതും ഞെട്ടിപ്പോയി… ബോധം ഒന്നുമില്ലാതെ ആകെ ഒരു പ്രാകൃത രൂപം ആയിട്ടുണ്ട് അവളെ കാണാൻ….

ജോ ഇത്…

ഞാൻ സത്യങ്ങൾ മനസിലാക്കി പിറ്റേന്ന് ഇവൾ എന്റെ പിടിയിൽ ആയിട്ടുണ്ട് ഇച്ചു… ജോ അവനെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ പറഞ്ഞു…

ജോ അപ്പൊ ഇവളുടെ വീട്ടുക്കാർ.. അവർ അന്വേഷിക്കില്ലേ ഇവളെ കാണാതെ വന്നാൽ… ഇച്ചു ചോദിച്ചു…

ഇവൾക്ക് ബാംഗ്ലൂർ ഒരു ബ്യൂട്ടിപാർലർ കം സ്പാ ഉണ്ട്… കുറച്ച് ദിവസം നാട്ടിൽ നിന്നാൽ പിന്നെ അവിടെ ആവും ഇവൾ..
ഇടക്ക് ഓരോ മെസ്സേജ് അതാണ് ബാംഗ്ലൂർ പോയാൽ ഇവളുടെ പതിവ്.. അത് ദേ മേരിയേച്ചി നല്ല വൃത്തിക്ക് അയക്കുന്നുണ്ട്.. പിന്നെ പൊന്നുമോൾക്ക് ഇല്ലാത്ത ദുഃശീലങ്ങൾ ഒന്നും ബാക്കി ഇല്ലാത്തതുകൊണ്ട് വീട്ടുക്കാർ തള്ളികളഞ്ഞ മട്ടാണ്.. ഇവളുടെ ആ ബ്യൂട്ടിപാർലറിന്റെ മറവിൽ സകല വൃത്തികേടും നടക്കുന്നുണ്ട്.. കള്ളും കഞ്ചാവും.. ബാംഗ്ലൂരിലെ നല്ല ഒന്നാന്തരം ഒരു വേശ്യ ആണ് ഈ ഇരിക്കുന്നത്.. പെണ്ണുങ്ങളെ പറയിപ്പിക്കാൻ ഉണ്ടായ ജന്മം… ജോ അവജ്ഞയോടെ പറഞ്ഞു…

അപ്പൊ ഇനി എന്താ പരിപാടി… എത്ര ദിവസം കൂടി ഇവളെ ഇവിടെ ഇങ്ങനെ സൂക്ഷിക്കാൻ ആണ് നിന്റെ പരിപാടി… അല്ല നിധിക്ക് അറിയോ ഇവൾ നിന്റെ കസ്റ്റഡിയിൽ ഉള്ളത്….

ഇല്ല പറഞ്ഞിട്ടില്ല… ഇന്ന് പറയണം.. എന്താ വേണ്ടത് എന്ന് അവൾ തീരുമാനിക്കട്ടെ… മക്കൾ തിരികെ എത്തുമ്പോഴേക്കും എല്ലാം അവസാനിപ്പിക്കണം എന്നാണ് എന്റെ ഇപ്പോഴത്തെ ഒരു ആഗ്രഹം.. അവരെ വച്ച് ഒരു റിസ്ക് എനിക്ക് എന്തോ ഒരു പേടി…

അത് ശരിയാ ജോ… അവരെ വച്ച് ഒരു റിസ്ക് എടുക്കേണ്ട… എന്തായാലും നമുക്ക് നിധിയോട് സംസാരിക്കാം… അവൾ തീരുമാനിക്കട്ടെ എല്ലാം അല്ലേ….

മ്മ്… നമുക്ക് ഇറങ്ങിയാലോ… ഇനിയും നിന്നാൽ നേരം പോകും… ജോ ഇച്ചുവിനോട് ചോദിച്ചു…

മ്മ്… ഇച്ചു മൂളിയതും ജോ അവിടെ ഉള്ള മേരിയേച്ചിയോട് പറഞ്ഞ് പുറത്തേക്കിറങ്ങി… അവർ തിരിച്ച് ഫ്രന്റ്‌ ഭാഗത്തേക്ക്‌ എത്തിയപ്പോഴും വീരന്റെ ചെറിയ തോതിൽ ഉള്ള ഞരക്കങ്ങൾ കേൾക്കുന്നുണ്ടായിരുന്നു…

സ്റ്റീഫൻ നിർത്തിയില്ലേ ഇതുവരെ… അടഞ്ഞു കിടക്കുന്ന വാതിലിന് നേരെ നോക്കി ഇച്ചു ചോദിച്ചു….

വല്ലവരെയും ടോർച്ചർ ചെയ്യാൻ സ്റ്റീഫനെ കഴിഞ്ഞിട്ടേ ആരും ഉള്ളൂ… കൊല്ലില്ല… കൊല്ലാകൊല ചെയ്തോളും അവരെ അവൻ…

ആഹാ… ഇവനൊക്കെ സകല വേദനയും അറിഞ്ഞു വേണം ചാകാൻ… ഇച്ചു വീരനോടുള്ള ദേഷ്യത്തിൽ പറഞ്ഞു…
അധികം വൈകാതെ അവർ രണ്ടാളും തിരികെ പുറപ്പെട്ടു… അവർ വീട്ടിൽ എത്തുമ്പോഴേക്കും പുലരാൻ ആയിരുന്നു… കാളിങ് ബെൽ അടിക്കാതെ കൈയിൽ ഉള്ള സ്പെയർ കീ വച്ച് വാതിൽ തുറന്ന് അകത്തേക്ക് കയറിയ ജോയും ഇച്ചുവും സോഫയിൽ ഇരുന്നുറങ്ങുന്ന നിധിയെ കണ്ടു..

ഈ പെണ്ണെന്താ ഇവിടെ ഇങ്ങനെ കിടന്നുറങ്ങുന്നേ…. ഇച്ചു അതും പറഞ്ഞുകൊണ്ട് അവളെ തട്ടി വിളിക്കാൻ പോയി….

വേണ്ട ഇച്ചു… ഞാൻ എടുത്തോളാം.. അല്ലെങ്കിൽ ഉറക്കം പോകും അവളുടെ.. അതും പറഞ്ഞു ജോ അവളെ പതിയെ കൈകളിൽ കോരിയെടുത്തു… പിന്നെ ഇച്ചുവിനോട് ഗുഡ് നെറ്റും പറഞ്ഞ് റൂമിലേക്ക് പോയി….

…………………….

പിറ്റേന്ന് ആലുക്കൽ തറവാട്ടിൽ എല്ലാവരും ബ്രേക്ഫാസ്റ്റ്‌ കഴിക്കാൻ ഇരിക്കുകയായിരുന്നു.. അപ്പോഴാണ് വല്യപ്പച്ചൻ അവിടെ ഇരിക്കുന്ന ആൽബിയെ കണ്ടത്…. അവനെ അവിടെ കണ്ടതും അയാളുടെ പുരികം ഒന്ന് ചുളിഞ്ഞു… ഇന്നലെ കിടക്കുന്നവരെ അവൻ എത്തിയിരുന്നില്ല..

ആൽബി എവിടെ ആയിരുന്നു നീ രണ്ട് ദിവസം… ഇന്നലെ എപ്പോഴാ നീ എത്തിയത്…. വല്യപ്പച്ചൻ ഗൗരവത്തോടെ ചോദിച്ചു…

ഞാൻ ഇന്നലെ കുറച്ച് വൈകി വല്യപ്പച്ചാ.. ഒരു ജോലിയുടെ ആവശ്യത്തിന് പോയതാണ്… ആൽബി പറഞ്ഞു…

ഈ കാര്യം നീ ഇവിടെ ആരുടെങ്കിലും അടുത്ത് പറഞ്ഞിരുന്നോ.. നിന്റെ മമ്മിയോടൊ അല്ലെങ്കിൽ നിന്റെ മിന്നും കഴുത്തിൽ ഇട്ട് ഒരുത്തി ഇല്ലേ ഇവിടെ അവളോടോ പറഞ്ഞിരുന്നോ നീ ഈ കാര്യം….

ആൽബി ഒന്നും മിണ്ടാതെ തലയും കുമ്പിട്ടിരുന്നതേ ഉള്ളൂ…

ആൽബി എനിക്ക് മറുപടി വേണം…

ഇല്ല… ആൽബി പതിയെ പറഞ്ഞു…

ഇനിയൊരിക്കൽ കൂടി ഇതുപോലെ ആരോടും മിണ്ടാതെയും പറയാതെയും ഇറങ്ങിപ്പോയിട്ട് തോന്നുമ്പോൾ തിരികെ കയറി വന്നാൽ ജീവിക്കാൻ വേറെ ഇടം നോക്കേണ്ടി വരും നീ… ഇവിടെ കഴിയാം എന്ന് കരുതേണ്ട കേട്ടല്ലോ….

മ്മ്… അവൻ ഒന്ന് മൂളിയിട്ട് എഴുന്നേറ്റ് റൂമിലേക്ക് പോയി…

ആനി പേടിച്ചാണ് റൂമിലേക്ക് പോയത്… വല്യപ്പച്ചൻ ഈ പറഞ്ഞതിനെല്ലാം ചിലപ്പോ തനിക്കായിരിക്കും കിട്ടാൻ പോകുന്നത് അവൾക്കറിയാം… അവൾ ചെല്ലുമ്പോൾ ബെഡിൽ തലയും കുനിച്ച് ഇരിക്കുന്നുണ്ട് അവൻ…

ഇച്ചായാ… സത്യമായിട്ടും ഞാൻ വല്യപ്പച്ചനോടൊന്നും പറഞ്ഞില്ല… ഇന്നലെ വല്യപ്പച്ചൻ ചോദിച്ചിരുന്നു ഇച്ചായൻ എങ്ങോട്ടാ പോയത് എന്ന്… എന്നോട് ഇച്ചായൻ ഒന്നും പറഞ്ഞിരുന്നില്ലല്ലോ.. അതാ ഞാൻ അറിയില്ല എന്ന് പറഞ്ഞത്…. ആനി വിശദീകരിച്ചു തുടങ്ങി..

ആനിയുടെ സംസാരം കേട്ട ആൽബി തല ഉയർത്തി അവളെ ഒന്ന് നോക്കി… പിന്നെ അവിടെ നിന്നും എഴുന്നേറ്റു…

അതോടെ ആനി പേടിയോടെ വിറച്ചു തുടങ്ങി…

സത്യായിട്ടും ഞാൻ ഒന്നും പറഞ്ഞില്ല ഇച്ചായാ… എന്നെ ഒന്നും ചെയ്യല്ലേ… അവൾ അവനെ പേടിയോടെ നോക്കികൊണ്ട്‌ പറഞ്ഞു.. അവളുടെ ഉണ്ടക്കണ്ണുകളിൽ നിറയെ ഭയം മാത്രമാണ് അവൻ കണ്ടത്… താനായിട്ട് ഇങ്ങനെ ആക്കി തീർത്തതാണ് അവളെ എന്ന് അവന് അറിയാം…

അപ്പോഴും പേടിയോടെ വിറച്ചു നിൽക്കുന്ന ആ പെണ്ണിനെ വലിച്ച് നെഞ്ചിലേക്കിട്ട് പൊതിഞ്ഞു പിടിച്ചു അവൻ..

ആനി ഞെട്ടിപ്പോയിരുന്നു അവന്റെ ആ പ്രവർത്തിയിൽ… ഇന്നത്തെ വരെ ഇങ്ങനെ ഒന്ന് പൊതിഞ്ഞു പിടിച്ചിട്ടില്ല അവൻ അവളെ… അതിന്റെ ഒരു പകപ്പിൽ ആയിരുന്നു അവൾ…

ആനി… അവളെ വിട്ട് അവളുടെ മുഖം കൈയിൽ എടുത്തുകൊണ്ട് അവൻ വിളിച്ചു…

അവൾ ഒന്നും മിണ്ടാതെ അവനെ ഒന്ന് നോക്കിയതേ ഉള്ളൂ…

നിനക്ക് എന്നോട് ക്ഷമിക്കാൻ കഴിയുമോ ആനി… അറിയാം ക്ഷമിക്കാൻ കഴിയുന്ന ഒന്നും അല്ല ഞാൻ ചെയ്ത് കൂട്ടിയത് ഒന്നും എന്ന്… ഇത്രനാളും നിന്നോട് ചെയ്തതിനു മുഴുവൻ ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു.. ഇനിയൊരിക്കലും ഒരു രീതിയിലും നിന്നെ വിഷമിപ്പിക്കാതെ നോക്കിക്കോളാം ഞാൻ…

അവൻ പറയുന്നത് കേട്ടതും അവളുടെ രണ്ടുകണ്ണുകളും നിറഞ്ഞൊഴുകി…

ക്ഷമിക്ക് പൊന്നേ… കരയല്ലേടി… ആൽബി അവളെ ഒന്നുകൂടി തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു… അവളും അവനെ മുറുക്കെ കെട്ടിപ്പിടിച്ച് പൊട്ടിപ്പൊട്ടി കരഞ്ഞു… അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി.. അവൻ ഒന്നുകൂടി ഇറുക്കെ ചേർത്തുപിടിച്ചു അവളെ….

തുടരും….