The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കണ്ണന്റെ മാത്രം
ദിവസങ്ങൾ കടന്നുപോയി.. സത്യാമ്മ കൂടി വന്നതോടെ നിധിക്കും ജോനും ഓഫീസിൽ പോകാൻ ഒരു ടെൻഷനും ഇല്ലാതെ ആയി… അല്ലെങ്കിൽ മക്കൾ തനിച്ചല്ലേ എന്നൊരു പേടി ഉള്ളത് കൊണ്ട് അവർ സ്കൂളിൽ നിന്ന് വരുന്ന സമയത്തേക്ക് ജോ തിരികെ വരുന്നതായിരുന്നു പതിവ്… ഓഫീസിലെ ബാക്കി വർക്ക് അവന് വീട്ടിൽ കൊണ്ട് വന്ന് ചെയ്യേണ്ടിയും വരാറുണ്ടായിരുന്നു.. ഇപ്പൊ ആ പ്രശ്നം ഇല്ല..
ഇതിനിടയിൽ നിധി പലപ്രാവശ്യം സത്യാമ്മ കൊടുത്ത സതീശൻ ചേട്ടന്റെ നമ്പറിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടി ആണ് അവൾക്ക് കിട്ടിയത്… അതിന്റെ നിരാശയിൽ ആയിരുന്നു അവൾ…
…………….
ജോ മോൻ എന്നാ മോളെ വരുന്നത്.. സത്യാമ്മയും നിധിയും കൂടി രാവിലെ പണികൾ ഒതുക്കുന്നതിന് ഇടയിൽ ആണ് അവരുടെ ഈ ചോദ്യം….
ബിസിനസ് ട്രിപ്പ് അല്ലേ സത്യാമ്മേ.. ഒരാഴ്ച്ച എടുക്കും എന്നാണ് ഇച്ചായൻ പറഞ്ഞത്…. നിധി പറഞ്ഞു…
മക്കൾ ഇല്ലാത്തതുകൊണ്ട് സമയം പോകുന്നില്ല അല്ലേ…. സത്യാമ്മ പറഞ്ഞു…
അവർ നാളെ വരും സത്യാമ്മേ… ആരുഷും ആരവും ഒക്കെ വരുന്നുണ്ട് എന്നും പറഞ്ഞ് അപ്പു നിർബന്ധിച്ച് കൊണ്ടുപോയതാ രണ്ടിനേം… സത്യാമ്മ എനിക്ക് ഇവിടെ കൂട്ടള്ളതുകൊണ്ടാ.. അല്ലെങ്കിൽ എന്നെ ഒറ്റക്ക് ഇട്ടിട്ട് പോകാൻ കൂട്ടാക്കില്ല അവർ.. പ്രത്യേകിച്ച് ചിട്ടു…. നിധി വാത്സല്യം നിറഞ്ഞ ശബ്ദത്തോടെ പറഞ്ഞു..
അത് മോള് പറഞ്ഞത് ശരിയാ… ചിട്ടുമോന് എന്തൊരു ശ്രദ്ധയാ മോളുടെ ഓരോ കാര്യങ്ങളിലും… അവർ ഒരു ചിരിയോടെ പറഞ്ഞു…
ജോ ഒരു ബിസിനസ് ട്രിപ്പിന് വിദേശത്തേക്ക് പോയതാണ്.. രണ്ടു ദിവസമായിട്ടുണ്ട് പോയിട്ട്… മക്കളെ ഇന്നലെ ക്ലാസ്സ് കഴിഞ്ഞപ്പോൾ അപ്പു കൂടെ കൊണ്ടുപോയതാണ് മീരയുടെ വീട്ടിലേക്ക്… ശനിയും ഞായറും ആയതുകൊണ്ട് ഇന്നും നാളെയും അവർക്ക് മുടക്കാണ്…. നിധിയേയും മീര വിളിച്ചതാണ് സത്യാമ്മയെയും കൂട്ടി ചെല്ലാൻ പറഞ്ഞിട്ട്.. പക്ഷേ നിധിക്ക് ഇന്ന് ഓഫീസിൽ പോകാതെ പറ്റില്ല… അതുകൊണ്ട് മക്കളോട് പൊക്കോളാൻ പറഞ്ഞു അവൾ. ഇപ്പൊൾ സത്യാമ്മ ഉള്ളതുകൊണ്ട് ഒറ്റക്കല്ലല്ലോ…
അവർ പിന്നെയും ഓരോന്നൊക്കെ പറഞ്ഞ് പണികൾ തീർക്കുന്നതിന് ഇടയിൽ ആണ് കാളിങ് ബെൽ അടിച്ചത്…
ഞാൻ നോക്കാം മോളെ… സത്യാമ്മ അതും പറഞ്ഞുകൊണ്ട് വാതിൽ തുറക്കാനായി പോയി…. വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ആളുകളെ അവർ മനസിലാകാതെ നോക്കി… പക്ഷേ അപ്പോഴും അവർക്ക് അതിൽ രണ്ടാളെ എവിടെയോ കണ്ടു മറന്നിട്ടുള്ളത് പോലെ തോന്നി… എത്ര ആലോചിച്ചിട്ടും അവർക്ക് അത് ആരാ എന്ന് ഓർമ വരുന്നുണ്ടായില്ല…
മുന്നിൽ നിന്ന് മാറി നിൽക്ക്… വന്നവരിൽ ഒരു പാമ്പിന്റെ തല കൊത്തിയിട്ടുള്ള ഊന്നുവടി കുത്തിപിടിച്ചു നിൽക്കുന്ന 85 വയസ്സോളം പ്രായമുള്ള ആൾ ഗാഭീര്യം നിറഞ്ഞ ശബ്ദത്തോടെ പറഞ്ഞു….
അയാളുടെ ഉയർന്ന ശബ്ദം കേട്ടതും ആ രണ്ടുപേരെ എവിടെയാ കണ്ടത് എന്ന് ആലോചിച്ച് നിന്നിരുന്ന സത്യാമ്മ ഞെട്ടി രണ്ടടി പിന്നിലേക്ക് മാറി…
ആരാ വന്നതെന്നറിയാൻ അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്ന നിധി കാണുന്നത് ഇതാണ്.. അവൾക്ക് അയാളുടെ ധാർഷ്ട്യം കണ്ടപ്പോൾ ദേഷ്യം വന്നു… അവൾ അതേ ദേഷ്യത്തോടെ തന്നെ ആണ് അങ്ങോട്ട് ചെന്നത്….
ഹേയ്.. നിങ്ങൾ ആരാണ്… എന്തിനാ ഇങ്ങനെ ശബ്ദം ഉണ്ടാക്കുന്നത്… നിധി സത്യാമ്മയുടെ അടുത്തേക്ക് നിന്നുകൊണ്ട് ചോദിച്ചു… അതിന് ശേഷം ആണ് അവളുടെ കണ്ണുകൾ അവരുടെ കൂട്ടത്തിൽ നിൽക്കുന്ന അമനിൽ എത്തി നിന്നത്… അവനെ കണ്ടതും അവളുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി…
ഞങ്ങൾ ഒന്ന് ഉള്ളിലേക്ക് കയറിക്കോട്ടെ മോളെ.. മുത്തശ്ശിക്ക് ഇത്ര നേരം നിൽക്കാൻ കഴിയില്ല… അവരുടെ കൂടെ ഉള്ള പ്രായമുള്ള ഒരു സ്ത്രീ ചോദിച്ചു…
കയറി വരൂ.. അവൾ അവരെ ഉള്ളിലേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു…
അവൾ ക്ഷണിച്ചതും അവർ എല്ലാവരും ഉള്ളിലേക്ക് കയറി അവിടെ ഉള്ള സെറ്റിയിൽ ആയി ഇരുന്നു… അവൾ എല്ലാവരെയും മാറി മാറി നോക്കി.. ആരാണ് ഇതെന്ന് ഏകദേശം ഒരു ധാരണ അമനെ അവരുടെ കൂടെ കണ്ടപ്പോൾ തന്നെ അവർക്ക് മനസിലായിരുന്നു…
മോൾക്ക് ഞങ്ങളെ മനസിലായില്ല അല്ലേ.. ഞാൻ മോളുടെ അമ്മയുടെ അമ്മ ആണ്.. ദാക്ഷായണി… ഇത് മോളുടെ മുത്തശ്ശൻ ആണ് വീരദത്തൻ… ഇത് മൂത്ത അമ്മാവൻ ബ്രഹ്മദത്തൻ… ഇത് മൂത്ത മാമി ശോഭന.. ഇവനെ പിന്നെ അറിയുമായിരിക്കുമല്ലോ.. അമൻ ബ്രഹ്മന്റെ മൂത്തവൻ ആണ്… മുത്തശ്ശി എല്ലാവരെയും അവൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു…
അവൾ എല്ലാവരുടെയും മുഖത്ത് നോക്കി ഒന്ന് തലയാട്ടി.. നിങ്ങൾ ഇപ്പൊ എന്തിന് ഇവിടെ വന്നു എന്നൊരു ഭാവം ആയിരുന്നു അവളുടെ മുഖത്ത്…
സത്യാമ്മേ ചായ.. അപ്പോഴും ആലോചനയോടെ നിൽക്കുന്ന സത്യാമ്മയെ നോക്കി നിധി പറഞ്ഞു…
ആ.. ആ… മോളെ.. ഇപ്പൊ എടുക്കാം… അവർ ഒന്ന് ഞെട്ടിക്കൊണ്ട് നിധിയോട് പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി… പോകുന്നതിനു മുൻപ് നിധിയുടെ വല്യമ്മാവന്റെ മുഖത്തേക്കും അമന്റെ മുഖത്തേക്കും അവരുടെ കണ്ണുകൾ ഒന്നുകൂടി പതിച്ചു…
എന്താണ് ഇങ്ങനെ ഒരു വരവിന്റെ ഉദ്ദേശം… കുറച്ച് നേരം കഴിഞ്ഞിട്ടും ആരും ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും നിധി അവരോട് ഗൗരവത്തിൽ ചോദിച്ചു…
എന്താ മോളെ അങ്ങനെ ചോദിച്ചത്.. എന്തൊക്കെ വന്നാലും എന്റെ പെങ്ങളുടെ മകൾ അല്ലേ നീ… ബ്രഹ്മദത്തൻ വാത്സല്യത്തോടെ പറഞ്ഞു… പുറമെ അങ്ങനെ പറഞ്ഞെങ്കിലും അയാളുടെ കണ്ണിലെ വെറുപ്പ് അവൾക്ക് മനസിലായി..
എന്റെ അമ്മ എനിക്ക് ഓർമ വച്ച് മരിച്ചപ്പോൾ വരെ അനാഥ ആയിരുന്നു.. അമ്മക്ക് ആരും ഉള്ളതായിട്ട് എന്നോട് അമ്മ പറഞ്ഞിട്ടില്ല…
അത്രയും വെറുത്തുപോയിരുന്നോ അവൾ ഞങ്ങളെ.. മോളോട് ഞങ്ങളെ കുറിച്ച് പറയാതിരിക്കാൻ മാത്രം… മുത്തശ്ശി വിഷമത്തോടെ പറഞ്ഞു… അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു… അത് കണ്ടപ്പോൾ നിധിക്ക് വിഷമം ആയി…
എന്നോട് പറഞ്ഞിട്ടില്ല എന്നേ ഉള്ളൂ.. അമ്മ നിങ്ങളെ ഓരോരുത്തരെയും ആലോചിച്ച് വിഷമിക്കുന്നതും അച്ഛൻ സമാധാനിപ്പിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്… മരിക്കുന്നതുവരെ നിങ്ങളെ ഒന്നും മറക്കാനും വെറുക്കാനും അമ്മക്ക് പറ്റിയിട്ടില്ല…. അവളുടെ സ്വരം താഴ്ന്നുപോയി.. കൊല്ലം ഇത്ര കഴിഞ്ഞിട്ടും അവരുടെ മരണത്തിന്റെ കാര്യം കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു…
കുട്ടി എവിടെ ആയിരുന്നു ഇത്രയും കൊല്ലം.. ഞങ്ങൾ എവിടെ എല്ലാം അന്വേഷിച്ചു… മുത്തശ്ശൻ ചോദിച്ചു… സത്യാമ്മയോട് സംസാരിച്ചിരുന്ന സമയത്ത് ഉണ്ടായിരുന്ന ധാർഷ്ട്യം ഉണ്ടായിരുന്നില്ല അയാളുടെ ശബ്ദത്തിൽ അതുമാത്രം അല്ല അയാളുടെ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന വാത്സല്യം നിധിയെ അത്ഭുതപ്പെടുത്തി…
മോള് IAS പഠിക്കാനും മറ്റുമായി പോയതാകും അല്ലേ… ഇന്നലെ ഇവൻ വന്ന് മോള് തിരികെ വന്നു എന്നും അതും IAS ഒക്കെ എടുത്തിട്ടാ വന്നത് എന്നും അറിഞ്ഞപ്പോൾ ഞങ്ങൾക്കൊക്കെ സന്തോഷമായി.. ഇനിയും വൈകണ്ട എന്ന് കരുതിയിട്ടാണ് ഞങ്ങൾ വേഗം വന്നത്… ബ്രഹ്മദത്തൻ കൗശലത്തോടെ പറഞ്ഞു….
അതേ മോളെ.. എന്റെ മോളുടെ മോള് ഇങ്ങനെ അന്യരെപോലെ ഒറ്റക്ക് കഴിയുന്നത് ഞങ്ങൾക്ക് സഹിക്കുന്നില്ല… മോള് ഞങ്ങളുടെ കൂടെ വരണം…. മുത്തശ്ശി പറഞ്ഞു…
അതേ കുട്ടി ഞങ്ങളുടെ കൂടെ വരണം… നാഗമഠത്തിലെ കുട്ടി അവിടെ ആണ് ഉണ്ടാകേണ്ടത്… ഞാൻ പണ്ട് ഇവനെ വിട്ട്
കുട്ടിയെ നാഗമഠത്തിലേക്ക് ക്ഷണിച്ചിരുന്നു… ഇനി ഞാൻ നേരിട്ട് വിളിക്കാതെ ഒരു പ്രശ്നം വേണ്ടാ എന്നുകരുതിയാണ് ഞാൻ നേരിട്ട് വന്നത്… വന്ദുവിനെ കൂടെ കൂട്ടാൻ ഞങ്ങൾ വരാൻ ഇരിക്കാൻ നേരത്താണ് അവളുടെ മരണവിവരം ഞങ്ങൾ അറിയുന്നത്… വന്നിരുന്നു അവിടെ… എല്ലാം കഴിഞ്ഞിട്ട് കുട്ടിയെ കൂടെകൂട്ടണം എന്ന് കരുതിയപ്പോൾ ആണ് കുട്ടി ഹോസ്റ്റലിലേക്ക് മാറിയത്… അവിടേക്ക് ഇവനെ വിട്ടിട്ടും കുട്ടി വന്നില്ല. അതാ ഇപ്പൊ നേരിട്ട് വന്നത്.. മുത്തശ്ശൻ ഗൗരവത്തോടെ പറഞ്ഞു.. പക്ഷേ അയാളുടെ കണ്ണുകളിൽ അവളോടുള്ള വാത്സല്യം തെളിഞ്ഞു കാണാമായിരുന്നു….
അങ്ങ് ക്ഷമിക്കണം എന്നോട്… ഞാൻ അങ്ങോട്ട് ഇല്ല… എന്റെ അമ്മ ഇല്ലാതെ ആ പടി കയറാൻ എന്തോ എനിക്ക് മനസ്സ് വരുന്നില്ല….
മോള് എന്താ ഈ പറയുന്നത്… എന്തൊക്കെ ആയാലും അവിടത്തെ കുട്ടി അല്ലേ മോള്… ഇനി അവിടത്തെ മോളായിട്ട് വരാൻ താൽപ്പര്യം ഇല്ലെങ്കിൽ മരുമോളായിട്ട് വന്നാൽ മതി… ദേ ഇവന് മോളെ കണ്ടതുമുതൽ ഇഷ്ടമാണ്… മോളുടെ മുറച്ചെറുക്കൻ അല്ലേ ഇവൻ… ബ്രഹ്മദത്തൻ അമനെ കാട്ടിക്കൊണ്ട് അവളോട് തേൻ ചാലിച്ച വാക്കുകളിൽ പറഞ്ഞു…
അതേ.. അതേ.. എത്രയും പെട്ടന്ന് ഇവരുടെ വിവാഹത്തിനുള്ള കാര്യങ്ങൾ നോക്കണം… ഇപ്പോഴേ പ്രായം എത്ര കടന്നുപോയി… ഇവൻ ആണെങ്കിൽ മോളുടെ പേരും പറഞ്ഞ് ഒറ്റക്കാലിൽ നിൽപ്പായിരുന്നു… അതുവരെ മിണ്ടാതെ ഇരുന്നിരുന്ന ശോഭന പറഞ്ഞു…
എന്റെ കല്യാണക്കാര്യം നിങ്ങൾ ആണോ തീരുമാനിക്കേണ്ടത്… അവൾ ബ്രഹ്മദത്തനെയും ശോഭനയെയും രൂക്ഷമായി നോക്കികൊണ്ട് ചോദിച്ചു…
അങ്ങനെ അല്ല മോളെ… അവർ അവരുടെ ഒരാഗ്രഹം പറഞ്ഞതല്ലേ… മുത്തശ്ശി അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു…
എന്റെ ഭാര്യയെ തല്ക്കാലം ഞാൻ ആർക്കും കല്യാണം കഴിച്ചു കൊടുക്കാൻ തീരുമാനിച്ചിട്ടില്ല… മുത്തശ്ശിക്ക് നിധി എന്തോ മറുപടി കൊടുക്കാൻ നേരത്താണ് പെട്ടന്ന് വാതിൽപടിയിൽ നിന്ന് നല്ല ഉറച്ച ശബ്ദത്തിൽ ഉള്ള മറുപടി വന്നത്….
എല്ലാവരുടെയും കണ്ണുകൾ ഒരുപോലെ അവിടേക്ക് തിരിഞ്ഞു… ജോ യെ അവിടെ കണ്ട നിധിയുടെ കണ്ണുകൾ വിടർന്നെങ്കിൽ മുത്തശ്ശന്റെയും ബ്രഹ്മദത്തന്റെയും അമന്റെയും കണ്ണുകൾ ഒന്ന് കുറുകി…
ജോഷ്വാ…. അമൻ പതിയെ പറഞ്ഞു…
അങ്ങോട്ട് വന്ന ജോ അവൻ പറഞ്ഞത് കേട്ടു…
അതേ ജോഷ്വാ.. ജോഷ്വാ വിൻസെന്റ് ആലുക്കൽ… പിന്നെ ഇത് mrs. നിയതി ജോഷ്വാ ആലുക്കൽ… എന്റെ ഭാര്യയെ തല്ക്കാലം ആർക്കും കല്യാണം കഴിച്ച് കൊടുക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല… ജോ അമന്റെയും ബ്രഹ്മദത്തന്റെയും മുഖത്തേക്ക് നോക്കി ഒരു പുച്ഛത്തോടെ പറഞ്ഞു…
എടാ… നീ… അമൻ ദേഷ്യത്തോടെ ചാടി എഴുന്നേറ്റു….
അമൻ വേണ്ടാ… മുത്തശ്ശൻ അവനോട് പറഞ്ഞു… അമൻ അവന്റെ ഉള്ളിൽ നിറഞ്ഞ ദേഷ്യവും പകയും മുഷ്ടി ചുരുട്ടി പിടിച്ച് തീർത്തു…
കുട്ടിയുടെ കല്യാണം കഴിഞ്ഞതാണോ… മുത്തശ്ശൻ നിധിയെ നോക്കി ചോദിച്ചു….
അതേ കഴിഞ്ഞതാണ്.. എന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് എന്റെ കല്യാണം തീരുമാനിച്ചിരുന്നു… നിധി അയാളുടെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു…
മ്മ്… അയാൾ ഒരു നിശ്വാസത്തോടെ മൂളി.. പിന്നെ പതിയെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു…
നിനക്ക് അവകാശപ്പെട്ടതാണ് നാഗമഠം തറവാട്… കുട്ടി അവിടെ ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം.. നേരംപോലെ ഭർത്താവിനെയും കൂട്ടിയിട്ട് വരണം… മുത്തശ്ശൻ അവളെ നോക്കി പറഞ്ഞു… പിന്നീട് പതുക്കെ പുറത്തേക്ക് നടന്നു.. പോകുന്ന വഴി അവിടെ നിൽക്കുന്ന ജോയുടെ തോളിൽ സ്നേഹത്തോടെ ഒന്ന് തട്ടി.. പിന്നെ പറഞ്ഞു..
ആ കുട്ടിയേയും കൂട്ടി വരണം.. അത് നിങ്ങൾക്ക് അവകാശപ്പെട്ടതാണ്…
മ്മ്.. ജോ ഒന്ന് മൂളി…
മുത്തശ്ശിയും അവളുടെ കവിളിൽ വാത്സല്യത്തോടെ ഒന്ന് തഴുകി ജോയെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി.. അവരെ പിന്നിലായി നിധിയെ ഒന്ന് നോക്കി ദഹിപ്പിച്ചുകൊണ്ട് ശോഭനയും പോയി.. അമനും ബ്രഹ്മദത്തനും നിധിയേയും ജോയെയും വല്ലാത്ത ഒരു പകയോടെ നോക്കിയിട്ടാണ് ഇറങ്ങി പോയത്.. അവരുടെ മുഖത്തെ ഭാവം കണ്ടതും ജോയുടെയും നിധിയുടെയും മുഖം സംശയത്താൽ ചുരുങ്ങി…
മോളെ.. അവർ പോയ വഴിയെ തന്നെ നോക്കി നിൽക്കുന്ന നിധിയും ജോയും സത്യാമ്മയുടെ വിളികേട്ടപ്പോൾ ആണ് തിരിഞ്ഞു നോക്കിയത്…
എന്താ സത്യാമ്മേ… നിധി അവരുടെ മുഖത്തെ പരിഭ്രമത്തിലേക്ക് നോക്കികൊണ്ട് ചോദിച്ചു…
മോളെ ആ വന്നവർ മോൾക്ക് അറിയാവുന്നവർ ആണോ… അവർ ചോദിക്കുന്നത് കേട്ടതും അവൾ അതേ എന്നതുപോലെ തലയാട്ടി.. എന്നിട്ട് പറഞ്ഞു…
ആ വന്നത് വന്ദുവിന്റെ അച്ഛനും അമ്മയും ഏട്ടനും ഭാര്യയും മകനും ആണ് സത്യാമ്മേ…. അവർ പറഞ്ഞത് സത്യാമ്മ കേട്ടില്ലേ…അവൾ പറഞ്ഞു…
ഏഹ്… വന്ദുമോൾടെ ബന്ധുക്കളോ… ഞാൻ ശ്രദ്ധിച്ചില്ല മോളെ… എന്നിട്ടെന്താ അന്ന്… അവർ മുഴുവനാക്കാതെ നിർത്തി…
എന്താ സത്യാമ്മേ… സത്യാമ്മ അവരെ മുൻപ് കണ്ടിട്ടുണ്ടോ… അവരുടെ മുഖത്തെ വല്ലായ്മ കണ്ടതും ജോ ചോദിച്ചു…
അതിൽ ആ ചെറുക്കനും മധ്യവയ്സ്ക്കനും ഒരിക്കൽ രാമേട്ടനെ കാണാൻ വന്നിട്ടുണ്ടായിരുന്നു…. അവർ പറഞ്ഞു…
എന്താ…. സത്യാമ്മ പറഞ്ഞത് കേട്ടതും നിധിയും ജോയും ഞെട്ടലോടെ നിന്നു…
തുടരും….