15/04/2026

നിയതി : ഭാഗം 07

രചന – കണ്ണന്റെ മാത്രം

താഴെ വീണ ഫോണിൽ നിന്ന് മീരയുടെ ശബ്ദം കേൾക്കുന്നത് പോലെ തോന്നിയപ്പോൾ ആണ് ജോ അതെടുത്ത് പിന്നെയും കേട്ട് തുടങ്ങിയത്..

എന്നാലും ഗ്രേസിയമ്മ.. എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല നിധി.. എല്ലാവരോടും എന്തൊരു സ്നേഹം ആണെന്നോ അവർക്ക്… എന്നെ ഒക്കെ നല്ല ഇഷ്ടം ആണ്… മീര പറഞ്ഞു..

എല്ലാവരെയും നല്ല ഇഷ്ടമാണ് അവർക്ക്.. പക്ഷേ അവർ മകന്റെ ഭാര്യയായി സ്വപ്നം കണ്ടത് ഹന്നയെ ആയിരുന്നു.. അവിടേക്ക് ഞാൻ വലിഞ്ഞു കയറി ചെന്നത് അവർക്ക് ഇഷ്ടമായില്ല.. നിനക്ക് അറിയോ.. ആ വീട്ടിൽ വല്യപ്പച്ചനും വല്യമ്മച്ചിയും ആദത്തിന്റെ അമ്മയും ഒഴികെ ഒരാളും എന്നോട് സ്നേഹത്തോടെ ഒന്ന് നോക്കി ചിരിച്ചിട്ട് പോലും ഇല്ല.. ഞാൻ കഴിക്കുന്നതിന്റെയും കുടിക്കുന്നതിന്റെയും കണക്ക് വരെ എനിക്കാ വീട്ടിൽ കേൾക്കേണ്ടി വന്നിട്ടുണ്ട്.. ആദ്യമാദ്യം ഇച്ചായന്റെ മുന്നിൽ വച്ച് അവർ എന്നെ ഒന്നും പറയില്ലായിരുന്നു പിന്നെ എന്താ ഉണ്ടായതെന്ന് നിനക്ക് അറിയാലോ… അതോടെ ഞാൻ ആർക്കും എന്തും പറയാവുന്ന അനാഥപെണ്ണായി… അവസാനം… ഇച്ചായ… നടക്കം….. അവൾക്ക് ഗദ്ഗദം കൊണ്ട് പറയാൻ പറ്റാതെ വന്നു… അവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകി…

ഹേയ്.. കരയല്ലേ മോളെ…. മീരക്ക് നിധിയുടെ അവസ്ഥ കണ്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല.. അവൾക്ക് ആലുക്കൽ തറവാട്ടുകാരോട് മുഴുവൻ ദേഷ്യം തോന്നി… അവൾ തന്നെ ചുറ്റിപ്പിടിച്ചു കരയുന്ന നിധിയെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.. അപ്പോഴും ആ ഫോൺ കാളിന്റെ അങ്ങേ സൈഡിൽ കേട്ട കാര്യങ്ങൾ വിശ്വസിക്കാൻ പറ്റാതെ തകർന്ന് തരിപ്പണമായി ഒറ്റക്ക് ഒരുവൻ കണ്ണുനീർ വാർക്കുന്നുണ്ടായിരുന്നു…

ഇത്രയൊക്കെ നടന്നിട്ടും നീ എന്താ നിധി എന്നോട് ഒന്നും പറയാഞ്ഞത്… ഞാൻ സംസാരിക്കുമായിരുന്നല്ലോ ചേട്ടായിയോട്…. മീര ചോദിച്ചു…

നീ ആ സമയം നാട്ടിൽ ഇല്ലായിരുന്നല്ലോ MD ചെയ്യാൻ വിദേശത്ത് അല്ലേ ആയിരുന്നേ.. അതുമാത്രം അല്ല എനിക്ക് വേണ്ടി സംസാരിച്ച രഞ്ജുവേട്ടനോട് വരെ പിണങ്ങി ഇച്ചായൻ.. അങ്ങനെ ഒരവസ്ഥയിൽ ഞാൻ നിന്നോട് കാര്യങ്ങൾ പറഞ്ഞിട്ടെന്തിനാ… ഇച്ചായൻ തന്നെ ഒരിക്കൽ എന്റെ മുഖത്ത് നോക്കി പറഞ്ഞു ഇച്ചായന്റെ മനസ്സിനും ശരീരത്തിനും ഹന്ന മാത്രം ആണ് അവകാശി എന്ന്… ഇച്ചായന്റെ സിറ്റുവേഷൻ അറിയാമെങ്കിലും അങ്ങനെ ഒരു സംസാരം ഇച്ചായനിൽ നിന്ന് വന്നപ്പോൾ ജീവനോടെ എരിഞ്ഞുപോയി ഞാൻ… അതൊന്നും പോരാതെ ആ ഫോൺ കാൾ… എല്ലാം കൂടി സഹിക്കാൻ പറ്റില്ല എന്നായപ്പോൾ ആണ് ഞാൻ ഇറങ്ങി പോയത്… ജീവനോടെ ഉണ്ടെന്നെങ്കിലും സമാധാനിക്കാലോ എന്ന് കരുതി….

നീ നേരത്തെയും പറഞ്ഞല്ലോ.. എന്ത് ഫോൺ കാൾ ആണ് നിധി…

ഒരു unknown നമ്പറിൽ നിന്ന് ഉള്ള കാൾ ആയിരുന്നു അത്.. ഞാൻ പോയില്ലെങ്കിൽ ഇച്ചായന്റെ ജീവൻ തന്നെ ഇല്ലാതാക്കും എന്ന നിലയിൽ.. അത് പോരാതെ മുൻപ് നടന്ന ആക്‌സിഡന്റ്റുകളുടെ ഫോട്ടോയും.. ആരോട് പറയും ഞാൻ… ആരോടും ഒന്നും പറഞ്ഞിട്ടും കാര്യമില്ലല്ലോ.. രഞ്ജുവേട്ടനാണെങ്കിൽ ഇച്ചായനോട് പിണങ്ങി വിദേശത്തും പോയി…. എല്ലാം കൂടി ആയപ്പോൾ ഞാൻ ഇച്ചായന്റെ ലൈഫിൽ നിന്ന് പോയാൽ ഇച്ചായൻ സന്തോഷത്തോടെ ജീവിക്കുമല്ലോ എന്ന് കരുതി…

നിധി… ഞാൻ ഒരു കാര്യം പപറയട്ടെ….

മ്മ്.. അതിന് നിധി ഒന്ന് മൂളി..

നിന്നോട് ഗ്രേസിയമ്മ പറഞ്ഞത് മുഴുവൻ കള്ളം ആണ്.. ചേട്ടായിക്ക് അങ്ങനെ ഒരു കുഞ്ഞില്ല… അത്‌ മാത്രം അല്ല അവരുടെ കല്യാണം വരെ കഴിഞ്ഞിട്ടില്ല…

ഏഹ്… പിന്നെ എന്തിനാ എന്നോട് ഇത്രയും വലിയൊരു കള്ളം അവർ പറഞ്ഞത്… കേട്ട കാര്യത്തിന്റെ ഞെട്ടലിൽ നിധി ചോദിച്ചു…

അതെനിക്കറിയില്ല.. ചേട്ടായിയുടെ ലൈഫിൽ അങ്ങനെ ഒരു പെണ്ണില്ല… അതെനിക്കറിയാം… ചേട്ടായി ഇപ്പോഴും…

മമ്മ…. മീര പറഞ്ഞു മുഴുവനാക്കുന്നതിന് മുൻപ് ചിട്ടുവും കുഞ്ഞിയും ഓടി നിധിയുടെ അടുത്തേക്ക് എത്തിയിരുന്നു.. അതിന് പിന്നിലായി ശിവയും ബാക്കി പിള്ളേരും…. അതോടെ മീര പറയാൻ വന്നത് പാതി വഴിയിൽ നിർത്തി..

കഴിഞ്ഞോ നിങ്ങളുടെ കളി…. നിധി മക്കളെ ചുറ്റിപിടിച്ചുകൊണ്ട് ചോദിച്ചു…

ആ… രണ്ടുപേരും ഉഷാറോടെ തലയാട്ടി…

മമ്മ കരഞ്ഞോ.. ചിട്ടു നിധിയുടെ കരഞ്ഞു വീർത്ത കണ്ണിലേക്ക് നോക്കികൊണ്ട്‌ ചോദിച്ചു…

ഏയ്യ്.. ഇല്ല ചിട്ടു.. കണ്ണിൽ എന്തോ അലർജി പോലെ.. അതാ ആകെ ചുവന്നിരിക്കുന്നേ… നിധി മുഖം ഒന്ന് അമർത്തി തുടച്ചുകൊണ്ട് പറഞ്ഞു…

മ്മ്… പൂർണമായി ആ പറഞ്ഞത് വിശ്വസിച്ചില്ലെങ്കിലും അവൻ ഒന്ന് മൂളി..

എന്നാൽ വായോ ഇനി കിടക്കാം… നാളെ രാവിലെ പോണം നമുക്ക്… നിധി ആ സംസാരം മാറ്റാൻ എന്നോണം അതും പറഞ്ഞുകൊണ്ട് അവരെയും കൊണ്ട് ഉള്ളിലേക്ക് പോയി..

നിധി മക്കളെയും കൊണ്ട് ഉള്ളിലേക്ക് പോയി എന്ന് ഉറപ്പായതും ഇനിയും കാട്ടാവാത്ത തന്റെ ഫോൺ എടുത്ത് ചെവിയിലേക്ക് വച്ചു മീര…

ചേട്ടായി….. അവൾ ജോയെ വിളിച്ചു…

അപ്പോഴും കേട്ടകാര്യങ്ങളുടെ ഞെട്ടലിൽ തന്നെ ആയിരുന്ന ജോയെ മീരയുടെ വിളി ആണ് സ്വബോധത്തിലേക്ക് കൊണ്ട് വന്നത്…

ആ മോളെ… നിധി.. അവൻ വെപ്രാളത്തോടെ ചോദിച്ചു…

അവൾ മക്കളെയും കൊണ്ട് ഉറങ്ങാനായി പോയി… ചേട്ടായി നിധി പറഞ്ഞത് മുഴുവൻ….

എനിക്കറിയില്ലായിരുന്നു മോളെ.. ഇത്രയൊക്കെ എന്റെ പെണ്ണ് അവിടെ അനുഭവിച്ചിരുന്നു എന്ന്… അതിന്റെ കൂടെ വേണമെന്ന് വച്ചിട്ടല്ലെങ്കിലും ഞാനും നോവിച്ചു അവളെ… എന്റെ കുടുംബം തന്നെ ആണ് എന്റെ ജീവിതം ഇല്ലാതെയാക്കിയത് എന്ന് എനിക്കറിയില്ലായിരുന്നു.. ഇത്രയും നാൾ സത്യങ്ങൾ മറച്ചുവച്ചു എന്നേ ഞാൻ കരുതിയിരുന്നുള്ളൂ.. പക്ഷേ എന്റെ പെണ്ണിനെ എന്നിൽ നിന്ന് അകറ്റിയതും അവർ തന്നെ ആണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല…അവൻ വികാരക്ഷോപത്തോടെ പറഞ്ഞു…

ചേട്ടായി…

സാരമില്ല മോളേ.. ഇതൊക്കെ ഞാൻ അനുഭവിക്കേണ്ടതാണ്.. എന്റെ രഞ്ജു ശ്രമിച്ചതാണ് സത്യങ്ങൾ പറയാൻ… പക്ഷേ ഞാൻ ആണ് അവനെ കേൾക്കാൻ കൂട്ടക്കാതെ ഇരുന്നത്… അവനെക്കാളും ഞാൻ എന്റെ അപ്പനെയും അമ്മയെയും വിശ്വസിച്ചു. അവർ ഒരിക്കലും എന്നെ ചതിക്കില്ല എന്ന് വിശ്വസിച്ചു.. അതിന് എനിക്ക് ഇത് കിട്ടണം… നീ ഫോൺ വച്ചോ.. ഞാൻ.. ഞാൻ.. കുറച്ചുനേരം ഒന്ന് ഒറ്റക്ക് ഇരിക്കട്ടെ… അവൻ അതും പറഞ്ഞുകൊണ്ട് കസേരയിലേക്ക് ചാരിയിരുന്നു… അവന്റെ ചിന്തകൾ പഴകാലങ്ങളിലേക്ക് പോയി…

…………………

മമ്മ… ഉറങ്ങാൻ കിടക്കുമ്പോൾ കുഞ്ഞി വിളിച്ചു…

എന്താ കുഞ്ഞി…

മമ്മ.. ഞങ്ങളുടെ പപ്പ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ശിവ അങ്കിൾ അപ്പുവിന്റെ കൂടെ കളിച്ചിരുന്ന പോലെ ഞങ്ങളോടൊപ്പം കളിക്കുമായിരുന്നോ… കുഞ്ഞി അല്പം മടിയോടെ ചോദിച്ചു…

നിധി ഒരുനിമിഷം മറുപടി ഇല്ലാതെ നിന്നു.. അവൾക്ക് അറിയില്ലായിരുന്നു എന്ത് മറുപടി ആണ് കുഞ്ഞിക്ക് കൊടുക്കേണ്ടത് എന്ന്… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

എന്താ കുഞ്ഞി ഇത്.. പപ്പ ഇല്ലെങ്കിലും മമ്മ ഇല്ലേ നമ്മുടെ കൂടെ കളിക്കാൻ.. അതുപോരാതെ ഇച്ചു മാമയും നിച്ചുമാമയും മാമിമാരും ഒക്കെ ഇല്ലേ.. പിന്നെ എന്താ… കുഞ്ഞിക്ക് മറുപടി കൊടുക്കാനുള്ള നിധിയുടെ വിഷമം മനസിലാക്കി എന്നതുപോലെ ചിട്ടു അവളെ ശാസിച്ചു….

സോറി ചിട്ടു.. മമ്മ സോറി ഖല്ത്തി ഹോഗയി… ( സോറി മമ്മ.. തെറ്റുപറ്റി..).. കുഞ്ഞി വിഷമത്തോടെ പറഞ്ഞു…

നിധി കുഞ്ഞിയെ കെട്ടിപ്പിടിച്ച് ഒന്നും മിണ്ടാതെ കണ്ണീർ വാർത്തു.. ഇരുട്ടായതുകൊണ്ട് അവളുടെ കണ്ണുനീർ ആരും കണ്ടില്ല…

മക്കൾ ഉറങ്ങി എന്ന് കണ്ടതും അവൾ എഴുന്നേറ്റ് ജനൽപടിയിൽ ആയി ഇരുന്ന് പുറത്തേക്കു നോക്കിയിരുന്നു…
അങ്ങനെ ഇരിക്കുമ്പോൾ അവളുടെ ഓർമകളും പഴയകാലങ്ങളിലേക്ക് പോയി.. സന്തോഷവും സങ്കടവും ഒരുപോലെ നിറഞ്ഞു അവളുടെ ഉള്ളിൽ…

……………..

( പാസ്ററ് ആണേ.. മൂന്നാമതൊരാളുടെ നരേഷൻ പോലെ ആകും പാസ്ററ് എഴുതുന്നത്..)

……………………

11 വർഷങ്ങൾക്ക് മുൻപ് :-

നിധി… റെഡി ആയില്ലേ.. നീ… വന്ദന.. നിധിയുടെ അമ്മ ചോദിച്ചു…

ഞാൻ ഇല്ല വന്ദു.. നിങ്ങൾ പോയിട്ട് വായോ… എനിക്ക് നല്ല വയറു വേദന ഉണ്ട്.. അതുപോരാതെ കുറേ എഴുതാനും ഉണ്ട്… ഇനിയിപ്പോ ഒരാഴ്ച കൂടി അല്ലേ ഉള്ളൂ വെക്കേഷൻ തീരാൻ.. മീര ഇന്നലെകൂടി വിളിച്ചേ ഉള്ളൂ.. എഴുതി കഴിഞ്ഞില്ലേ എന്നും ചോദിച്ച്…

നിന്നോട് ഞാൻ വെക്കേഷൻ സ്റ്റാർട്ട്‌ ആയപ്പോൾ പറഞ്ഞതല്ലേ എഴുതാൻ ഉള്ളതൊക്കെ എഴുതി കഴിഞ്ഞിട്ട് കറങ്ങാൻ നടക്കാം എന്ന്. അപ്പൊ അച്ഛനും മോൾക്കും ഞാൻ പറയുന്നത് കുറ്റം.. എന്നിട്ട് ഇപ്പൊ അവളുടെ എഴുതി കഴിഞ്ഞിട്ടില്ല പോലും… വന്ദന കെറുവോടെ പറഞ്ഞു…

ഒന്ന് ക്ഷമിക്കെന്റെ വായ്‌നോക്കി ഡോക്ടറെ.. ഇനി ഞാൻ ഈ ഡോക്ടർ പറയുന്നത് മുഴുവൻ കേട്ടോളം… നിധി വന്ദനയെ ചുറ്റിപ്പിടിച്ചുകൊണ്ട് പറഞ്ഞു…

ആരാടി വായ്‌നോക്കി ഡോക്ടർ.. തന്നെ കെട്ടിപ്പിടിച്ച കൈ തട്ടിമാറ്റികൊണ്ട് വന്ദന അവളെ കണ്ണുരുട്ടി നോക്കി…

ദന്ത ഡോക്ടറെ വായ്‌നോക്കി ഡോക്ടർ എന്നല്ലാതെ വേറെ എന്താ വിളിക്കാ.. വായിൽ നോക്കൽ തന്നെ അല്ലേ അമ്മക്കുട്ടിയുടെ പണി… അവൾ ഒരു കളിയാക്കി ചിരിയോടെ പറഞ്ഞു…

ദേ പെണ്ണേ അടി വാങ്ങും നീ.. നിങ്ങൾ അച്ഛനും മോൾക്കും എന്നും എന്റെ പ്രൊഫഷനെ ഒന്ന് കുറ്റം പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല അല്ലേ….

എന്തിനാടോ ഭാര്യേ.. ഒന്നിനും ഇല്ലാത്ത എന്നെ വെറുതെ കുറ്റം പറയുന്നേ.. ഞാൻ ഇപ്പൊ ഒന്നും പറഞ്ഞില്ലല്ലോ… നിധിയുടെ അച്ഛൻ റാംകുമാർ പിന്നിലൂടെ വന്ദനയെ പുണർന്നുകൊണ്ട് പറഞ്ഞു…

അയ്യടാ… എന്തൊരു പാവം.. ഈ പെണ്ണിന്റെ വായിൽ നിന്ന് വരുന്നത് മുഴുവൻ നിങ്ങളുടെയും കൂടി സപ്പോർട്ട് ഉള്ളത് കൊണ്ടാണെന്ന് എനിക്കറിയാം.. നിധി നീ റെഡി ആവാൻ നോക്ക്.. നേരം പോകുന്നു…

ഇല്ല വന്ദു.. ഞാൻ ഇന്ന് വന്നാൽ ശരിയാവില്ല.. പ്ലീസ്.. രാമേട്ടാ പ്ലീസ്… നിധി അവളുടെ അച്ഛനെ നോക്കി പറഞ്ഞു….

അവൾക്ക് വയ്യെങ്കിൽ നിർബന്ധിക്കണ്ട വന്ദു.. നമുക്ക് പോയിട്ട് വരാം… രാമേട്ടൻ വന്ദുവിനോടായി പറഞ്ഞു…

ഓഹ്.. വന്നല്ലോ റെക്കമെന്റേഷനും കൊണ്ട് ആള്.. നിങ്ങൾ അച്ഛനും മോളും എന്താണെങ്കിൽ ആയിക്കോ.. ഞാൻ പോവുകയാണ്.. അതും പറഞ്ഞ് അവർ ദേഷ്യത്തോടെ അവിടെ നിന്ന് ചവിട്ടി തുള്ളി പോയി…

രാമേട്ടാ… വന്ദു ടെറർ ആയല്ലോ.. പണി ആവോ…

അതൊക്കെ ഞാൻ നോക്കിക്കോളാം.. അച്ഛന്റെ കണ്ണൻ വയ്യെങ്കിൽ അധികം നേരം കുത്തിയിരുന്നു എഴുതേണ്ട ട്ടോ.. വേദന കൂടും… മെഡിസിൻ വല്ലതും വേണോ നിനക്ക്.. സഹിക്കാൻ പറ്റാത്ത വേദന ആണെങ്കിൽ ഒരു ടാബ്ലറ്റ് എടുത്തോ….

വേണ്ട രാമേട്ടാ… അത്ര ബുദ്ധിമുട്ടില്ല.. ഈ വേദനയും വച്ച് യാത്ര ചെയ്താൽ കൂടുതൽ പണികിട്ടും എന്ന് വിചാരിച്ചിട്ടാണ് ഞാൻ ഇല്ല എന്ന് പറഞ്ഞത്…

മ്മ്.. എങ്കിൽ കണ്ണൻ വന്ന് ആ ഡോർ അടച്ചോ.. ഞങ്ങൾ ഇറങ്ങട്ടെ… നേരം വൈകും എന്നുണ്ടെങ്കിൽ വിളിക്കാം അപ്പുറത്തുനിന്ന് ഹരിയെ വിളിച്ചോ ഒരു കൂട്ടിന്….

വൈകുമെങ്കിൽ അവളെ വിളിക്കാം രാമേട്ടാ.. നിങ്ങൾ ഇറങ്ങിക്കോ.. നേരം കുറച്ചായി വന്ദു ചാടിതുള്ളി പോയിട്ട്.. വേഗം പൊക്കൊ അല്ലെങ്കിൽ രാമേട്ടനെ കൊണ്ടുവാതെ പ്രിയതമ പോകും….

അങ്ങനെ ഒന്നും പോകില്ല മോളെ.. എനിക്ക് വേണ്ടി എന്തൊക്കെ ഇട്ടെറിഞ്ഞു വന്നതാ അവൾ.. എന്നിട്ടും ഇന്നത്തെവരെ ഒരു പരാതിയും പരിഭവവും പറഞ്ഞിട്ടില്ല അവൾ..

രാമേട്ടൻ ചുമ്മാ നിന്ന് സെന്റി അടിക്കാതെ പോകാൻ നോക്ക്… അയാൾ പണ്ടത്തെ കാര്യങ്ങൾ ആലോചിച്ചു വിഷമിക്കുന്നു എന്ന് തോന്നിയതും അവൾ വിഷയം മാറ്റികൊണ്ട് പറഞ്ഞു..

മ്മ്.. പോയിട്ട് വരാം കണ്ണാ.. വാതിൽ പൂട്ടിക്കോ… ആരേലും വന്നാൽ ഞങ്ങൾ ഇവിടെ ഇല്ല എന്ന് ആ ജനൽ ഒന്ന് തുറന്ന് പറഞ്ഞാൽ മതി ട്ടോ…

ആ… അവൾ അതിനൊന്ന് തലയാട്ടിക്കാട്ടി…

അയാൾ അവളുടെ തലയിൽ ഒന്ന് തഴുകികൊണ്ട് പുറത്തേക്ക് പോയി.. അവരുടെ കാറ്‌ കണ്ണിൽ നിന്ന് മറയുന്നതുവരെ അവൾ നോക്കി നിന്നു. പിന്നെ വാതിൽ അടച്ച് അവൾ സ്വന്തം റൂമിലേക്ക് പോയി…

തുടരും…..