The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
സ്വത്ത് പുറത്തൊരു പെണ്ണ് അനുഭവിക്കൂല്ലാ…..
അതിനിവിടെ തന്നെ പെൺകുട്ടികൾ ഉണ്ടെന്നൊക്കെ യുള്ള ആശ്വാസത്തിലായിരുന്നല്ലോ എല്ലാവരും….
ഇപ്പൊ തൃപ്തിയായല്ലോ…..
അവൻ പാവം പോലിരിക്കുന്നേയുള്ളു എന്ന് ഇപ്പൊ എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും…..
എത്ര ധൈര്യമുണ്ട് അവന് പ്രേമം ഉപ്പാന്റെ മുമ്പിൽ അവതരിപ്പിക്കാൻ മാത്രം……
അടുക്കളയിൽ നിന്നും അവിടുത്തെ സ്ത്രീ ജനങ്ങൾ തമ്മിൽ പല സംസാരങ്ങളും കേട്ടെങ്കിലും അവൻ എന്ന സംബോധന ആരെയെന്നത് മനസ്സിലാകാത്തത് കൊണ്ട് തന്നെ ഹിമ അതിലേക്ക് ചെവി കൊടുത്തില്ല….
ഇവിടുത്തെ ആ ചെക്കനെ കണ്ടിട്ടുണ്ടോ നീ….
സാഹിബിന്റെ പേരക്കുട്ടിയെ……
അവരെല്ലാവരും പോയതും ജമീലാത്ത അടക്കി പിടിച്ചു കൊണ്ടാണ് തന്നോടത് ചോദിച്ചത്….
റാനിയെ ആണോ ഉദ്ദേഷിച്ചത് എന്നറിയില്ലെങ്കിൽ കൂടി താൻ ഇല്ലാ എന്ന മട്ടിൽ തലയാട്ടി….
അവന്റെ വിവാഹ ക്കാര്യമാണ് ചർച്ച….
ഏതോ പെണ്ണുമായി അടുപ്പത്തിലാണത്രേ…
ആ പെൺ കുട്ടിയുടെ ഉപ്പയാണ് ഇപ്പൊ വന്നിരുന്നത്……
ജമ്മീലത്തയുടെ വാക്കുകൾ ഒരു കൂരമ്പ് കണക്കെ ഹൃദയത്തിലേക്ക് തുളച്ചു കയറി…..
എന്താ… എന്താ അയാളുടെ പേര്……
വായിൽ ബാക്കി നിന്നിരുന്ന ഉമി നീരിറക്കി അവളത് ചോദിക്കുമ്പോൾ അവനാകരുതേയെന്നൊരു പ്രാർത്ഥന മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു…..
ഹാഷി… നീ കണ്ടിട്ടുണ്ടാവും…..
നല്ല ഉയരത്തിൽ….വെളുത്…..
വീണ്ടും എന്തൊക്കെയോ ജമീലാത്ത പറയുന്നുണ്ട്….
പക്ഷേ തനിക്ക് കേൾക്കുന്നില്ല…..
ഹാഷി എന്ന ആ പേര് മനസ്സിനെ കുത്തി കീറി കഴിഞ്ഞിരുന്നു…..
പിന്നീടൊരു വാക്കും അകത്തേക്ക് കടക്കാത്ത വിധം തലച്ചോറ് ചെവിയെ പൊത്തി പിടിച്ചിരിക്കുന്നു…
ഏത് സമയവും പൊട്ടി തെറിക്കാമെന്ന വണ്ണം ഹൃദയം ശക്തിയായി മിടിക്കുന്നുണ്ട്…..
തന്റെയുള്ളിലെ കാമുകിയോ ഭാര്യയോ ആരാണ് തന്നെ ഭരിക്കുന്നതെന്നറിയില്ല..
ശരീരമാകെ തളരുന്നത് പോലെ…..
ഒരു താങ്ങിനെന്ന പോൽ അവൾ സ്ലാബിൽ മുറുകെ പിടിച്ചു…..
ഞാനെയ് തേങ്ങായൊന്ന് പൊളിച്ചു വരാം…
അതും പറഞ് ജമീലാത്ത പോയതും അത് വരെ പിടിച്ചു നിന്നിരുന്ന നീർതുള്ളികൾ അനുസരണ യില്ലാതെ ചാലിട്ടോഴുകി……
അപ്പോഴേക്കും ആരോ അടുക്കളയിലേക്ക് വരുന്നുണ്ടെന്ന് തോന്നിയതും അവൾ വേഗം പിന്തിരിഞ്ഞു നിന്നു….
കരഞ്ഞോളു …. നല്ലോണം കരഞ്ഞോളൂ
..
കണ്ണുകൾ അമർത്തി തുടക്കുമ്പോഴാണ് പിറകിൽ നിന്നുള്ള ആ പരിഹാസം താൻ കേൾക്കുന്നത്……
ആ ശബ്ദം ആരുടെയെന്നറിയാൻ തനിക്ക് തിരിഞ്ഞു നോക്കേണ്ടതില്ല….
അവർ തന്റെ അപ്പച്ചിയാണെന്ന് ഓർക്കുമ്പോൾ തന്നെ സ്വയം അറപ്പ് തോന്നുന്നു…..
എന്റെ മോന്റെ നിക്കാഹ് കഴിയും വരെ യല്ലേ കരഞ്ഞിട്ട് കാര്യമുള്ളൂ…..
അവർ തന്റെ അടുത്തേക്ക് വന്നു നിന്നത് പറയുമ്പോൾ ആ മുഖം തനിക്കത്ര മേൽ വെറുപ്പുണ്ടാക്കുമേന്നത് കൊണ്ട് തന്നെ മുഖത്തേക്ക് നോക്കിയില്ല…..
അവന്റെ ഭാര്യയാകാൻ പോകുന്ന പെൺകുട്ടി ആരാണെന്നറിയുമോ…..
നിന്നെ പോലെ വിവരവും വിദ്യാഭ്യാസവും സൗന്ദര്യവും ഇല്ലാത്തവളല്ലാ…..
എന്റെ മോന് ഏറ്റവും ചേർന്ന പെണ്ണാണ്….
അവനെ പോലെ സൗന്ദര്യവും വിദ്യാഭ്യാസവും ഉള്ള നല്ല പെൺകുട്ടിയാണ്….
പിന്നെ നിന്റെ അച്ഛന്റെ പോലെ പാടത്തു പണിയെടുത് നടക്കുന്ന കാലണക്ക് ഗതിയില്ലാത്ത ആളല്ല അവളുടേ ഉപ്പ….
കോളേജ് പ്രൊഫസറാണ്….
അവരുടെ മുഖത്ത് അഭിമാനത്തിൽ പൊതിഞ്ഞ പുഞ്ചിരി നിറഞ്ഞു….
അപ്പോഴും ഹിമ അവരുടെ മുഖത്തേക്ക് നോക്കിയതേയില്ല……
നീ കരഞ്ഞും പിഴിഞ്ഞും ഈ അടുക്കളയിൽ ജീവിതം കഴിക്കും….
എന്റെ മോൻ അവന്റെ റാണി യോടൊപ്പം നിന്റെ കണ്മുൻപിൽ വാഴും….
അതാണ് നിന്റെ അച്ഛന് ഞാൻ കൊടുക്കുന്ന ശിക്ഷ……
ഭാഗ്യം ദേഷ്യത്തോടെ അത് പറഞ്ഞതും ഹിമക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞില്ല….
അവൾ ദേഷ്യത്തോടെ അവർക്ക് നേരെ തിരിഞ്ഞു….
നിങ്ങളെന്തൊക്കെ കളികൾ കളിച്ചാലും നിയമ പരമായി വേർപ്പെടും വരെ ഞാൻ അവന്റെ ഭാര്യ അല്ലാതിരിക്കില്ല……
അവളത് പറയുമ്പോൾ വാക്കുകളിൽ ഗൗരവം കലർന്നിരുന്നു…
ഓഹ്… ഇപ്പോഴും ഞാനാണ് കളിക്കുന്നതെന്ന് നീ വിശ്വസിക്കുന്നു….
എന്നാൽ കേട്ടോ എന്റെ മോനൊരു പെണ്ണുമായി പ്രണയത്തിലാണ്…..
അവൻ തന്നെയാണ് ഈ വിവാഹത്തിന് മുൻകൈ എടുക്കുന്നതും…..
നിന്നെ അവൻ ഭാര്യയായി വാഴിക്കുന്നതും സ്വപ്നം കണ്ട് നീയിരുന്നോ….
അതീ ജന്മം നടക്കില്ല….
സമയം ആയാൽ കൊടുക്കാനുള്ള ഡിവോഴ്സ് പെറ്റീഷൻ വരെ അവൻ ഒപ്പിട്ട് വെച്ചിട്ടുണ്ട്…..
ഞാൻ കളിക്കുന്ന കളിക്ക് അധിക കാലം നീയിവിടെ ഉണ്ടാവില്ല…
ഭാഗ്യം ചിരിയോടെ അവളെ പരിഹസിച്ചു കൊണ്ടത് പറയുമ്പോൾ അവളുടേ ഉള്ളിലെ മുറിവിൽ നിന്ന് വീണ്ടും രക്തം പൊടിഞ്ഞു തുടങ്ങി….
കണ്ണുനീർ പൊടിയാനെന്ന വണ്ണം കാത്തു നിന്നെങ്കിലും ആ നീചയായ സ്ത്രീക്ക് മുമ്പിൽ തോറ്റു കൊടുക്കാൻ അവളൊരുക്കമായിരുന്നില്ല……
ആയിക്കോട്ടെ….. നിങ്ങള് കളിക്കുന്ന കളിക്ക് പരിധിയുണ്ട്…..
എന്നാൽ ഞാനൊരു കളി കളിച്ചാൽ പിന്നെ നിങ്ങളീ വീട്ടിൽ കാണില്ല…..
നിങ്ങൾക്കു കളിക്കണമെങ്കിൽ ഒത്തിരി പേരോട് ഒത്തിരി കള്ളങ്ങൾ മെനഞ്ഞുണ്ടാക്കണം….
പക്ഷെ എനിക്കങ്ങനെയല്ല…..
സുലൈമാൻ സാഹിബിനോട് ഒന്ന് രണ്ട് മിനിറ്റ് സമയം മാത്രം സംസാരിച്ചാൽ മതി….
ആങ്ങളയുടെ മകളെ മകനെ കൊണ്ട് കല്യാണം കഴിപ്പിച്ചു മുസ്ലിമാക്കി ഈ വീട്ടിലേക്ക് കൊണ്ട് വന്ന കഥ ബാക്കി അവര് പൂരിപ്പിച്ചോളും….
പിന്നെ എന്നോടൊപ്പം ഈ വീടിന്റെ പടിയിറങ്ങാൻ നിങ്ങൾ കൂടിയുണ്ടാകും…..
അത് മറക്കേണ്ട …..
ഉറച്ച സ്വരത്തോടെ അത്രയും പറഞ് നിർത്തുമ്പോൾ ഹിമയുടെ കണ്ണുകളിൽ എരിഞ്ഞിരുന്ന അഗ്നി തന്നെ ദഹിപ്പിക്കുമോയെന്ന് ഭാഗ്യത്തിന് ഭയം തോന്നി….
ഒരു വേള അവരുടെ ശ്വാസം ഒന്ന് വിലങ്ങി പ്പോയി….
ശെരിയാണ്…. സത്യങ്ങളെല്ലാം അവളുടേ ഭാഗത്താണ്…..
എങ്കിലും അവൾ ആരോടും ഒന്നും പറയില്ലെന്നൊരു വിശ്വാസമുണ്ട് മനസ്സിൽ….
ഇനിയവൾ പറഞ്ഞാൽ അവൾ പ്രവചിച്ചതിനപ്പുറത്തേക്ക് മറ്റൊന്ന് നടക്കില്ല……
ഭീതി കലർന്ന കണ്ണുകളോടെ ഭാഗ്യം അവളെ നോക്കി നിൽക്കുമ്പോഴേക്കും ജമീലത്ത തേങ്ങയുമായി അകത്തേക്ക് കയറി വന്നിരുന്നു……
ഹിമ അവരെ കണ്ടതും വേഗം പോയി കയ്യിലെ തേങ്ങ വാങ്ങി ചിരവി തുടങ്ങി….
എന്നാൽ മനസ്സ് അവള് പറഞ്ഞ വാക്കിൽ നിന്നപ്പുറത്തേക്ക് കടക്കാൻ ഭാഗ്യത്തിന് അല്പം കൂടി സമയം വേണ്ടി വന്നു…..
അൽപ നേരം അങ്ങനെ നിന്ന ശേഷം ഹിമയെ ഒന്നമർത്തി നോക്കി അവരവിടെ നിന്നും നടന്നു…
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
റാനിയുടെ മനസ്സ് അത്ര മേൽ അസ്വസ്തമായത് കൊണ്ട് തന്നെ അവൻ മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല……
ആരുടേയും മുഖത്ത് നോക്കാൻ കഴിയുന്നില്ല….
എല്ലാവർക്കും തന്നോട് നീരസമുണ്ട്….
അതൊന്നും തനിക്ക് പ്രശ്നമല്ല…..
വല്യു പ്പാന്റെ മുഖത്തെ ദുഃഖത്തിന്റെയാ നിഴൽ ഒരു നോവ് നൽകുന്നുണ്ട്….
അതിനേക്കാളൊക്കെ മേലെ അവളുടേ മുഖത്ത് താനെങ്ങനെ നോക്കും…..
അവിടെ വല്ലാതെ വീർപ്പു മുട്ടിയെന്ന് തോന്നിയപ്പോൾ അവൻ ഓഫീസിലേക്ക് തന്നെ തിരിച്ചു……
പോയി കുറച് സമയമായപ്പോഴേക്കും അവൻ തിരിച്ചു വന്നത് കണ്ട് ആദി സംശയത്തോടെ അവനെ യൊന്നു നോക്കി……
റാനി തന്റെ കേബിനിലെ ആ കസേരയിൽ ഇരുന്നൊന്ന് കറങ്ങി…..
പതിയേ ഡോർ തുറക്കുന്ന ശബ്ദം കേട്ടതും അവൻ മിഴികളോന്നുയർത്തി….
ആദിയാണെന്ന് കണ്ടതും അവൻ വീണ്ടും തലക്ക് കൈ കൊടുത്തങ്ങനെ ഇരുന്നു…..
ഇതിനോടകം വീട്ടിലെ ചർച്ചകളിൽ നിന്ന് കാര്യങ്ങൾ അവൾക്കും മനസ്സിലായിട്ടുണ്ടാകും….
എങ്ങനെ അവളുടേ മുഖത്ത് താൻ നോക്കും..
ഓരോരോ ചിന്തകൾ തലക്ക് ഭാരം നൽകിയതും അവൻ തലക്ക് കൈ കൊടുത്തങ്ങനെ ഇരിപ്പാണ്…..
ആദി അവനെ ഒന്ന് നോക്കിയ ശേഷം കയ്യിലുള്ള ഫോട്ടോസ് അവന്റെ മുമ്പിലേക്കിട്ട് കൊടുത്തു…..
റാനി മുഖമൊന്നുയർത്തി അതെന്തേന്നു നോക്കി…
കുറെ പെൺകുട്ടികളുടെ ഫോട്ടോ ആയിരുന്നത്….
എന്താടാ..
അവൻ ചോദിച്ചതും ആദിയൊന്ന് ചിരിച്ചു….
അളിയാ…. ഇതെല്ലാം അമ്മ തന്ന ഫോട്ടോകളാ….
ഇതിൽ നിന്നൊരു പെൺകുട്ടിയെ സെലക്ട് ചെയ്യെടാ..
അമ്മ വീട്ടിൽ ഇരുത്തി പൊറുപ്പിക്കുന്നില്ല….
ആദി ഒരു നെടു വീർപ്പോടെ അത് പറയുമ്പോൾ റാനിക്ക് ദേഷ്യം വന്നു….
ഒരു കല്യാണക്കാര്യം കൊണ്ട് തന്നെ കുടുങ്ങി യിരിക്കുന്ന തന്നോടാണ്….
നീ തന്നെ സെലക്ട് ചെയ്യ്….. ഞാനല്ലല്ലോ കെട്ടാൻ പോകുന്നത്….
റാനി വലിയ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു….
എടാ… നീയല്ലേ എനിക്കുള്ള ഷർട്ടും ഷൂ വും എല്ലാം സെലക്ട് ചെയ്യാറുള്ളത്….
അവനത് പറഞ്ഞപ്പോൾ റാനി അവനെയൊന്ന് നോക്കി…..
എന്തോ സീരിയസ് ആയി സംസാരിക്കുന്ന പോലെയാണ് അവന്റെ നിൽപ്പ്….
അത്രയും പിരി മുറുക്കം മനസ്സിലുണ്ടായിരുന്നപ്പോളും അവന്റെയാ നിർത്തം കണ്ടപ്പോൾ റാനിക്ക് ചിരി പൊട്ടിയിരുന്നു..
എടാ… അത് പോലെയാണോ ഇത്. .
നിന്റെ സങ്കല്പങ്ങളോട് ആര് പൊരുത്തപ്പടുന്നു എന്ന് നിനക്കല്ലേ അറിയൂ…..
നീയൊന്ന് പോയെ ആദി…..
റാനി യത് പറഞ്ഞപ്പോഴും ആദി വിടുന്ന മട്ടില്ല…..
എന്റെ സങ്കല്പങ്ങളോട് ഇവരൊന്നും ചേരുന്നില്ലെടാ…..
ആദി പറയുമ്പോഴും കേൾക്കുന്നില്ലെന്ന മട്ടിൽ റാനി മേശ മേലിരുന്ന ഫയൽ എടുത്ത് മറിച്ചു കൊണ്ടിരുന്നു…
പിന്നെ എന്റെ സങ്കല്പത്തിനിനങ്ങിയ പെണ്ണായിരുന്നു ആ എക്സ്പോർട്ടിങ് സെക്ഷനിലെ അനന്യ…..
അവൻ താടിക്ക് കൈ കൊടുത്തു….
ആ എങ്കി അവളെ പോയി പ്രൊപ്പോസ് ചെയ്യെടാ…..
റാനി അവനെ ഒഴിവാക്കാനെന്ന പോൽ പറഞ്ഞു….
അതിനു അവള് കമ്മിറ്റിഡ് ആടാ….
ആദി നിരാശയോടെ തല കുലുക്കി…
അപ്പോഴും റാനി ഫയലിലേക്ക് തന്നെ കണ്ണ് നട്ടിരിപ്പായിരുന്നു…
ആരോടും സംസാരിക്കാൻ പറ്റിയൊരു അവസ്ഥയിലായിരുന്നില്ല അവന്റെ മനസ്സപ്പോൾ….
മനസ്സിൽ നിറഞ്ഞു നിന്നത് മുഴുവൻ അവളായിരുന്നു….
പിന്നെ ഒരു പെൺകുട്ടിയുണ്ടായിരുന്നു…..
എന്റെ സങ്കല്പത്തിനോട് ചേരുന്ന കുട്ടി…..
നിന്റെ അസിസ്റ്റന്റ് ആയി വന്നിരുന്നില്ലേ…..
ഹിമ മഹേഷ്വരി…..
ആദി ഓർമയിലെന്ന പോലത് പറഞ്ഞതും റാനി അവന് നേരെ പെട്ടെന്ന് മുഖമുയർത്തി…..
നല്ല കണ്ണുകളായിരുന്നു….
ഞാനൊന്ന് സെറ്റ് ആക്കാൻ തുടങ്ങിയപ്പോഴേക്കും നീ അതിനെ ദ്രോഹിച്ചു പറഞ്ഞയച്ചില്ലെടാ മഹാ പാപീ…..
ആദിയത് പറഞ്ഞതും റാനിയുടെ ചൊടിയിലൊരു ചിരി വിരിഞ്ഞു….
അവളെ ഓർത്തെന്ന പോൽ…..
അത് വരെയുണ്ടായിരുന്ന നോവുകളെല്ലാം തത്കാലത്തേക്ക് നീങ്ങി പ്പോയിരുന്നു…..
അവനൊരു കുസൃതി തോന്നി…..
വാ…..
നമ്മുക്കൊരിടം വരെ പോകാനുണ്ട്….
റാനിയതും പറഞ് നടന്നതും ആദി യുടെ മുഖം ഒരു നിമിഷം നിശ്ചലമായി….
മിഥിലായിലേക്കാണെങ്കിൽ ഞാനില്ല…..
അവൻ കാറിലേക്ക് കയറാതെ പുറത്ത് തന്നെ നിന്നു…..
അവന്റെ കാര്യത്തിൽ നിന്നും തന്റെ കാര്യത്തിലേക്ക് കടന്നപ്പോഴേക്കും നിമിഷ നേരത്തെ അവന്റെ ഭാവ മാറ്റം റാനിയിലൊരു പുഞ്ചിരി തെളിയിച്ചു….
കയറെടാ….
റാനി അവനെ പിടിച്ചു വലിച്ചു അകത്തേക്കിട്ട് ഡോർ അടച്ചു….
സ്റ്റാഫ് മുഴുവൻ അവരെ ശ്രദ്ധിക്കുന്നത് റാനി കണ്ടിരുന്നു…..
അവൻ ചെറു ചിരിയോടെ കാറ് സ്റ്റാർട്ട് ചെയ്തു….
അപ്പോഴും കനത്ത മുഖത്തോടെ ആദിയതേ ഇരിപ്പായിരുന്നു……
ഇനിയും അവനോട് കാര്യങ്ങൾ മറച്ചു വെക്കാൻ റാനിക്ക് തോന്നിയില്ല ..
എല്ലാം തുറന്ന് പറഞ് മനസ്സിലെ ഭാരങ്ങൾ പകുതിയെങ്കിലും കുറക്കണമായിരുന്നവന്…..
(തുടരും)