രചന : ശ്രീനിധി
എനിക്ക് ആകെ ഉണ്ടായിരുന്ന ടെൻഷൻ നേത്രയുടെ തീരുമാനം എന്തായിരിക്കുമെന്ന് ഓർത്തിട്ടായിരുന്നു, അവള് സമ്മതം പറഞ്ഞപ്പോ തന്നെ പാതി സമാധാനമായി, എന്നാലും പെട്ടെന്ന് അവൾക്ക് എന്ത് സംഭവിച്ചു ” മഹി ചോദിച്ചു.അതിന് നന്ദി പറയേണ്ടത് എന്റെ ഭാര്യയോടും അവളുടെ അമ്മയോടുമാണ് ” ആദി പറഞ്ഞു.മഹി മനസ്സിലാവാത്തപോലെ ആദിയെ നോക്കി.ആദി ഒരു ചിരിയോടെ കാര്യങ്ങൾ പറഞ്ഞു.
” ഇന്ന് രാവിലെ അദ്രി അവളെ വീട്ടിൽകൊണ്ടാക്കിയ ശേഷം, അവളുടെ മനസ്സിൽ എന്താണെന്ന് അറിയാൻ അവളോട് ഒന്ന് സംസാരിക്കുന്നത് നല്ലതായിരിക്കുമെന്ന് എനിക്ക് തോന്നി,
അച്ഛൻ ഇന്നലെ തന്നെ പറഞ്ഞിരുന്നു നേത്രയുടെതായിരിക്കും അവസാനതീരുമാനമെന്ന്” ആദി പറഞ്ഞു തുടങ്ങി.കോണിപടി കയറി ആദി മുകളിൽ എത്തി നേത്രയുടെ മുറിയുടെ വാതിൽ തുറക്കാൻ കൈ ഉയർത്തിയതും അകത്ത് നിന്നും ഷീലയുടെ ശബ്ദം കേട്ടു.” അമ്മ എന്താ ഇപ്പോ നേത്രയുടെ മുറിയിൽ ” ആദി മനസ്സിലോർത്തു.
” എടികൊച്ചേ……. എന്താ നിന്റെ ഉദ്ദേശം, നീ കാരണം ഇവിടെ ഒരാൾക്കും സ്വസ്ഥത ഇല്ലല്ലോ” ഷീല നേത്രയോട് ചോദിച്ചു. ഞാൻ ആർക്കും ഒരു ദ്രോഹം ചെയ്യുന്നില്ല ആന്റി, ഇന്നലെ എന്റെ അറിവൊടെയല്ല ഒന്നും നടന്നത്, എന്താ ശരിക്കും സംഭവിച്ചതെന്ന് ഞാൻ എല്ലാവരോടും പറഞ്ഞതല്ലേ ” നേത്ര ചോദിച്ചു. ഇനി ഇപ്പോ പറഞ്ഞിട്ട് എന്താ കാര്യം, നടന്നതിന്റെ ബാക്കി നോക്കണം, എന്തായാലും നിനക്കും ആ ചെറുക്കനും ചീത്തപ്പേരായി, അവൻ നിന്റെ കഴുത്തിൽ ഒരു താലിയും കെട്ടി. ആ സ്ഥിതിക്ക് ഇനി നീ അവന്റെ കൂടെ ജീവിക്കാൻ നോക്ക് ” ഷീല പറഞ്ഞു.
” എനിക്ക് അതിന് കഴിയില്ല,അയാള് എന്റെ സമ്മതത്തോടെയല്ല താലി കെട്ടിയത്, അതുകൊണ്ട് അത് അംഗീകരിക്കാൻ എനിക്ക് കഴിയില്ല” നേത്ര പറഞ്ഞു. പിന്നെ എന്താ നിന്റെ ഉദ്ദേശം ” ഷീല ചോദിച്ചു. എന്റെ വിവാഹം ഒരിക്കൽ കഴിഞ്ഞതാണ്, ഇനി എനിക്ക് ഒരു വിവാഹം വേണ്ട, അത് എന്റെ ഉറച്ച തീരുമാനമാണ്,അതിൽ ആരും ഇടപെടാൻ വരരുത്, ഇത് എന്റെ അപേക്ഷയാണ് “നേത്ര പറഞ്ഞു. ഞാൻ ഇടപെടും,നിന്റെ തീരുമാനങ്ങളൊക്കെ ബാധിക്കുന്നത് നിന്നേ മാത്രല്ല, എന്റെ മോളെയും കൂടിയാണ്.അവൾക്ക് ഇവിടെ സ്വസ്ഥമായിട്ട് ഒരു ജീവിതം വേണം ” ഷീല പറഞ്ഞു.
” ഞാനായിട്ട് ആർക്കും ഒരു ശല്യവും ഉണ്ടാകുന്നില്ല, ഏട്ടത്തിക്ക് ഞാൻ കാരണം ഇവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല ” നേത്ര പറഞ്ഞു. ആര് പറഞ്ഞു ബുദ്ധിമുട്ടുണ്ടാവില്ലെന്ന്, ആദിയും അവളും മക്കളും എന്ത് സന്തോഷത്തോടെയാണ് ഇവിടെ കഴിഞ്ഞിരുന്നത്, ഇപ്പോ അങ്ങനെയാണോ നീ തന്നെ ഒന്ന് ആലോചിച്ച് നോക്ക്,നിന്റെ കാര്യം പറഞ്ഞ് അവര് തമ്മിൽ എപ്പോഴും വഴക്കാണ്, ഇന്നലെ അവൻ എല്ലാവരുടെയും മുന്നിൽ വച്ച് അവളെ തല്ലി.
നീയും കണ്ടതല്ലേ ” ഷീല ചോദിച്ചു.
” ഞാൻ ഏട്ടനോട് പറഞ്ഞോളാം…….ഏട്ടൻ അത്രയുംപേരുടെ മുന്നിൽ വച്ച് ഏട്ടത്തിയെ തല്ലിയത് തെറ്റ് തന്നെയാണ്. പക്ഷെ അത് അപ്പോഴത്തെ ഒരു ദേഷ്യത്തിൽ ചെയ്ത പോയതായിരിക്കും, ഇനി അങ്ങനെ ഉണ്ടാവില്ല, ഞാൻ ഏട്ടനോട് പറയാം ” നേത്ര പറഞ്ഞു. അവന് ദേഷ്യം തീർക്കാനല്ല ഞാൻ എന്റെ മോളെ അവന് കെട്ടിച്ച് കൊടുത്തത്.
പിന്നെ ഇനി ഇതിന്റെ നീ പേരിൽ അവനോട് സംസാരിക്കാൻ ചെന്നാൽ അതിനായിരിക്കും അവര് തമ്മിൽ അടുത്ത് വഴക്ക് ” ഷീല പറഞ്ഞു.
” ഏട്ടനും ഏട്ടത്തിയും മക്കളോടൊപ്പം സന്തോഷത്തോടെ ജീവിക്കണമെന്ന്തന്നെയാണ് എന്റെ ആഗ്രഹം, അതിന് എന്നെകൊണ്ട് കഴിയാവുന്നതൊക്കെ ഞാൻ ചെയ്തോളാം.
എന്റെ ജോലിയുടെ പോസ്റ്റിങ്ങ് ഓർഡർ അധികം താമസിക്കാതെ ശരിയാകും, ജോലി കിട്ടിയാലുടൻ ഞാൻ ഇവിടുന്ന് മാറും, പിന്നെ എന്നെ ഓർത്ത് ഇവിടെ ആരും പേടിക്കണ്ട ” നേത്ര പറഞ്ഞു.നിനക്ക് ജോലി കിട്ടി നീ പോയാലും ഇവിടെ മാറ്റമൊന്നും ഉണ്ടാവാൻ പോണില്ല.ഇന്നലെ തന്നെ ആദി ആ ചെറുക്കനെ കൊല്ലുമെന്നാണ് ഞാൻ കരുതിയത്. ഋഷി സമയത്ത് കയറി ഇടപെട്ടതുകൊണ്ട് വേറെ അനർത്ഥങ്ങൾ ഒന്നും ഉണ്ടായില്ല.
ആദി ഇന്നലെ ഒറ്റ രാത്രികൊണ്ട് അതെല്ലാം മറന്ന് കാണുമെന്ന് നീ കരുതുന്നുണ്ടോ……?
ഈ കാര്യത്തിൽ ഒരു തീരുമാനമായില്ലെങ്കിൽ ആദി ആ ചെറുക്കനെ വെറുതെ വിടില്ല, നിന്റെ ആങ്ങളടെ സ്വഭാവം ഞാൻ നിനക്ക് പറഞ്ഞു തരേണ്ടല്ലോ,
കേട്ടടത്തോളം ആ ചെറുക്കനും അത്ര മോശമല്ല ഇവൻ അവന്റെ മെക്കിട്ട് കയറാൻ ചെന്നാൽ അവനും നല്ലത് തിരിച്ച് കൊടുക്കും.അങ്ങനെ നീ കാരണം അവര് തമ്മിൽ തല്ലി ചാവാണോ…..?ആദിയുടെ സ്വഭാവത്തിന് ഒരു കാര്യത്തിന് ഇറങ്ങി തിരിച്ചാൽ അവൻ അതിന്റെ അന്ത്യം കണ്ടിട്ടേ മടങ്ങു.ഒടുവിൽ ആങ്ങള കൊലക്കുറ്റത്തിന് ജയിലിൽ കിടക്കുന്നത് കാണേണ്ടി വരും പുന്നാര പെങ്ങൾക്ക്…….അത് വേണോ……? ഷീല ചോദിച്ചു.
നേത്ര തല ഇരു വശത്തേക്കും ചലിപ്പിച്ച് വേണ്ടെന്ന് ആംഗ്യം കാട്ടി. ഋഷി നിന്നേ സപ്പോർട്ട് ചെയുന്നത് ആ പെണ്ണ് ശിവക്ക് ഒട്ടും പിടിക്കുന്നില്ല, ആ പെണ്ണിന് ആ ചെറുക്കനെ കണ്ണെടുത്താൽ കണ്ടൂടന്ന് അവളുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി.ഇനി അവര് തമ്മിൽ ഉള്ള പ്രശ്നം അതായിരിക്കും.അങ്ങനെ നിന്റെ രണ്ട് ആങ്ങളമാർക്കും നീ കാരണം സ്വസ്ഥമായ ഒരു കുടുംബ ജീവിതം ഇല്ലാതായിക്കൊണ്ടിരിക്കുവാണ്.
അത് നിനക്ക് മനസ്സിലാവുന്നുണ്ടോ ” ഷീല ചോദിച്ചു.
നേത്ര കണ്ണിരോടെ നിന്നതല്ലാതെ അവരോട് മറുപടി ഒന്നും പറഞ്ഞില്ല.” നീ ഞാൻ പറയുന്നത് കേൾക്ക് പെണ്ണ്, എന്തായാലും ഇങ്ങനെയൊക്കെ സംഭവിച്ചു. ഇനി അത് അംഗീകരിച്ച് ജീവിക്കാൻ നോക്ക്, നിനക്ക് സമ്മതമാണെന്ന് പറഞ്ഞാൽ ഇവിടെ ആരും പിന്നെ എതിർക്കില്ല. ആദിയും ആ തീരുമാനം അംഗീകരിക്കും.നിന്റെ കഴുത്തിൽ അവന്റെ താലി ഉള്ള കാലത്തോളം ആദിക്ക് പിന്നെ അവനെ ഒന്ന് നുള്ളി നോവിക്കാൻ പോലും കഴിയില്ല, അവൻ അതിന് മുതിരില്ല.
ആ ചെറുക്കൻ പണ്ട് ഒന്ന് ജയിലിൽ കിടന്നതാണെന്നൊക്കെ കേൾക്കുന്നുണ്ട്. അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ, ഇവിടിപ്പോ ആരാ അത്ര മിടുക്കരായിട്ടുള്ളത് എല്ലാവർക്കും ഓരോ കുറവുകളുണ്ട്, നീ ആണെങ്കിൽത്തന്നെ ഒന്ന് കെട്ടിയതല്ലേ, പോരാരത്തിന് ജാതകദോഷവും അതുകൊണ്ട് ഇതിലും നല്ലതൊന്നും നിനക്ക് ഇനി വരാനും ഇല്ല. അവന് എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ അത് കൂടെ ജീവിക്കുമ്പോൾ നീ മാറ്റി എടുക്കണം, നന്നായിട്ട് ആലോചിച്ച് തീരുമാനിക്ക് ” ഷീല മുറിക്ക് പുറത്തേക്ക് ഇറങ്ങി.
അപ്പോഴേക്കും ആദി സൈഡിലേക്ക് മാറി നിന്നിരുന്നു.ഷീല പോയതും ആദി മുറിയിലേക്ക് നോക്കി.നേത്ര ജനലിൽ പിടിച്ച് പുറത്തേക്ക് തന്നെ നോക്കി നിൽക്കുന്നുണ്ട്. അവളുടെ മനസ്സ് വല്ലാതെ വേദനിച്ചിട്ടുണ്ടെന്ന് അവന് മനസ്സിലായി. പക്ഷെ കാര്യങ്ങൾ വിചാരിച്ചതുപോലെ വരണമെങ്കിൽ നേത്ര അല്പ വേദനിക്കേണ്ടിവരുമെന്ന് ആദിക്ക് മനസ്സിലായി.
ഇനി അവളോട് താൻ സംസാരിക്കേണ്ട കാര്യമില്ലെന്ന് മനസ്സിലായതും ആദി അവന്റെ മുറിയിലേക്ക് നടന്നു.
” എന്തായി അമ്മേ…….നേത്ര എന്ത് പറഞ്ഞു….. “മുറിയിൽനേത്രയോട്സംസാരിച്ചതിന്റെ വിവരങ്ങൾചോദിച്ചറിയുകയായിരുന്നു ഗോപിക.ഞാൻ എല്ലാംപറഞ്ഞിട്ടുണ്ട്,അവൾക്ക്മനസ്സിലായിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ആങ്ങളമാരുടെ ജീവിതം അവള് കാരണം നശിക്കുമെന്ന് ഒരു തോന്നലുണ്ടായാൽ അവള് ഇതിന് സമ്മതിക്കും. കാര്യം എന്തൊക്കെ പറഞ്ഞാലും അവൾക്ക് എല്ലാവരോടും സ്നേഹമുണ്ട് ” ഷീല പറഞ്ഞു.” എന്നാലും ഇത്രക്ക് വേണമായിരുന്നോ, ആ ചെറുക്കൻ അത്ര ശരിയല്ല, വേറെന്തെങ്കിലും നല്ല പയ്യന്റെ കൂടെ അവളുടെ വിവാഹം നടത്തിയാൽ മതിയായിരുന്നു” ഗോപിക പറഞ്ഞു.
” നീ മിണ്ടാതിരിക്കുന്നുണ്ടോ…..?കിട്ടിയ അവസരം എങ്ങനെങ്കിലും പ്രയോജനപ്പെടുത്തണം.
ഇനി ഇതുപോലെ ഒന്ന് വരില്ല. അവളായിട്ട് മനസ്സ് മാറി ഒരു വിവാഹം ഉണ്ടാകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ……” ഷീല ചോദിച്ചു.അവള് ഒരു പാവമാണ് അമ്മേ, പിന്നെ ആദിയേട്ടൻ ഇപ്പോ എന്നേക്കാൾ സ്നേഹിക്കുന്നത് അവളെയാണ്, എന്റെ കാര്യങ്ങളെക്കാൾ ശ്രദ്ധ അവളുടെ കാര്യത്തിനാണ്. എന്തെങ്കിലും വാങ്ങിയാൽ അത് അവൾക്ക് കൊടുക്കും. എവിടെങ്കിലും പോകാമെന്ന് കരുതിയാൽ അപ്പോ അവളെയും കൂട്ടും. അവൾ ഇവിടെ നിന്നാൽ എനിക്ക് ഈ വീട്ടിൽ ഒരു സ്ഥാനവും ഉണ്ടാവില്ല, അതുകൊണ്ടാണ് അല്ലാതെ അവളോട് എനിക്ക് ഒരു വിരോധവുമില്ല, ആദിയേട്ടന്റെ സ്നേഹം പങ്കിട്ടുപോകുന്നത് എനിക്ക് സഹിക്കില്ല ” ഗോപിക പറഞ്ഞു.
” അതുകൊണ്ടാ ഈ അവസരം കളയരുതെന്ന് ഞാൻ പ്രേതികം പറഞ്ഞത്, പിന്നെ ജലജയും പറഞ്ഞു അവർക്കും ഇത് നടന്ന് കാണണമെന്ന് ആഗ്രഹമുണ്ട് ” ഷീല പറഞ്ഞു.വല്യമ്മക്ക് പിന്നെ ഇവിടെ നല്ലതൊന്നും നടക്കുന്നത് കാണാൻ പറ്റില്ല, നേത്രയേ വേദനിപ്പിച്ചില്ലെങ്കിൽ അവർക്ക് ഒരു സമാധാനമില്ല,അവരുമായിട്ട് അമ്മ അധികം കൂട്ടു കൂടാൻ നിൽക്കണ്ട, ആദിയേട്ടൻ അറിഞ്ഞാൽ പിന്നെ അത് മതി.അമ്മ വാ നമുക്ക് അടുക്കളയിലോട്ട് പോവാ, ഇല്ലെങ്കിൽ അമ്മക്ക് എന്ത് തോന്നും ” ഗോപിക ഷീലയെ വിളിച്ചുകൊണ്ട് റൂമിന് പുറത്തേക്ക് ഇറങ്ങി.അപ്പോഴാണ് ആദി പുറത്ത് നിൽക്കുന്നത് കണ്ടത്.
” എന്തായിരുന്നു രണ്ടുപേരുംകൂടി ഉള്ളിൽ ഒരു ചർച്ച ” ആദി ഒന്നും അറിയാത്തപോലെ ചോദിച്ചു.ഹേയ് ഒന്നില്ല ആദിയേട്ടാ അമ്മക്ക് ഇന്ന് തിരിച്ച് പോകണമെന്ന് പറഞ്ഞപ്പോ ഞാൻ പോവണ്ടെന്ന് പറയുവായിരുന്നു ” ഗോപിക പറഞ്ഞു. അത് നേരാ…… അമ്മക്ക് രണ്ട് ദിവസം നിന്നിട്ട് പോയാൽപോരെ…” ആദി ചോദിച്ചു. ഇവിടുത്തേ കാര്യങ്ങൾ എല്ലാം ഒന്ന് നേരെ ആകുന്നതുവരെ നിൽക്കണമെന്നുണ്ട്, പക്ഷെ ചെന്നിട്ട് കുറച്ച് കാര്യങ്ങളുണ്ട് ” ഷീല പറഞ്ഞു.
” എങ്കിൽ അമ്മയുടെ ഇഷ്ടം…… ” ആദി മുറിക്ക് ഉള്ളിലേക്ക് കയറി.ഭാഗ്യം….. ആദിയേട്ടൻ ഒന്നും കേട്ടില്ല, അല്ലെങ്കിൽ ഇപ്പോ നമുക്ക് കിട്ടിയേനെ ” ഗോപിക പറഞ്ഞു. മ്മ്…. നീ വാ….. ” അവര് അടുക്കളയിലേക്ക് നടന്നു.രണ്ടിന്റെയും പ്ലാനൊക്കെ എനിക്ക് ഇഷ്ട്ടായി…….എന്തായാലും പണി എടുക്കാതെ എന്റെ മനസ്സിലുള്ള പ്ലാൻ നിങ്ങളായിട്ട് സാധിച്ചു തന്നു.അതിന് നന്ദിയുണ്ട്.പിന്നെ നേത്രയോട് ഉള്ള നിന്റെ അസുഖം ഞാൻ മാറ്റി തരാം, തത്കാലം കാര്യങ്ങളൊക്കെ ഒന്ന് നേരെ ആകുന്നതുവരെ ഇത് ഇങ്ങനെ പോട്ടെ ” ആദി മനസ്സിൽ ഓർത്തു.
എല്ലാം കേട്ടിരിക്കുകയായിരുന്നു മഹി.നിന്റെ അമ്മായിഅമ്മയും ഭാര്യയും കൊള്ളാല്ലോ ” മഹി ചോദിച്ചു.അവർക്കുള്ളത് ഞാൻ കൊടുത്തോളം, തത്കാലം നമ്മുടെ കാര്യം നടന്നല്ലോ, അത് തന്നെ വലിയ കാര്യം.വേറെ ആര് ഇടപെട്ടാലും ചിലപ്പോ നേത്ര ഇത്ര പെട്ടെന്ന് സമ്മതിക്കണമെന്നില്ല, ഇതിപ്പോ ഇവര് ഈസിയായിട്ട് നടത്തിയില്ലേ” ആദി പറഞ്ഞു.
അത് നേരാ……….എന്തായാലും ദോഷം വിചാരിച്ച് ചെയ്തതാണെങ്കിലും നമുക്ക് അത് ഗുണമായല്ലോ” മഹി പറഞ്ഞു.
” ഇനി എന്താ നിന്റെ പ്ലാൻ………. ഇപ്പോ കാര്യങ്ങൾ ഏതാണ്ട് നമ്മള് ഉദ്ദേശിച്ചിടത്ത് തന്നെ വന്നിട്ടുണ്ട്, ഇനി ഇപ്പോ എങ്ങനാ ” ആദി ചോദിച്ചു.
ഇനി അദ്രിയെ ഇവിടെ പിടിച്ച് നിർത്തണം, നമുക്ക് അവനെ ഈ നാട്ടിൽ തന്നെ വേണം എങ്കിലേ മുന്പോട്ട് ഉള്ള കാര്യങ്ങൾ നടക്കൂ.അതിന് നീ വിചാരിക്കണം, നേത്രയുടെ സേഫ്റ്റി പറഞ്ഞു നീ അവനെ ഇവിടെ തന്നെ നിർത്താൻ നോക്കണം ” മഹി പറഞ്ഞു”മ്മ്മ്മ്….എനിക്ക് മനസ്സിലായി…..
അത് ഞാൻ ചെയ്യാം…….ആദി പറഞ്ഞു.
അദ്രിയെ ഒന്ന് സൂക്ഷിക്കണം, അവൻ ഇന്നലെത്തെ പ്രേശ്നത്തിന്റെ വാലും പിടിച്ച് ഇറങ്ങിയാൽ നമ്മള് രണ്ടാളും പെടും, പിന്നെ നമുക്ക് അവനോട് എല്ലാം തുറന്ന് പറയേണ്ടി വരും” മഹി പറഞ്ഞു.
” അത് എനിക്ക് അറിയാം. വളരെ ശ്രദ്ധയോടെ തന്നെയാണ് കാര്യങ്ങൾ ചെയ്തത്.എവിടെങ്കിലും പാളിയാൽ പിന്നെ നമ്മുടെ കൈയിൽ നിൽക്കില്ലെന്ന് എനിക്ക് അറിയാം.ഇനി എന്താ നിന്റെ പ്ലാൻ “ആദി ചോദിച്ചു. അദ്രി നിരപരാധിയാണെന്ന് നമുക്ക് തെളിക്കണം. അതിന് അവനിലൂടെ തന്നെ സത്യത്തിലേക്ക് എത്തണം” മഹി പറഞ്ഞു.” അപ്പോ എന്റെ റോള് കഴിഞ്ഞു അല്ലേ ” ആദി ചോദിച്ചു.
” നിന്നേ ഏല്പിച്ച കാര്യം നീ ഭംഗിയായി ചെയ്ത കഴിഞ്ഞല്ലോ. ഇനി നിനക്ക് സപ്പോർട്ടിങ് റോള് മാത്രേ ഉള്ളൂ.കളിക്കളത്തിനുള്ളിൽ അദ്രി മാത്രേ ഉണ്ടാവു.
അദ്രി തന്നെ ഇറങ്ങണം, അവൻ തന്നെ വേണം സത്യം വെളിച്ചത്ത് കൊണ്ടുവരാൻ.
അതിനിടയിൽ നമ്മള് മൂടി വെയേക്കുന്ന സത്യം ഇനി മൂന്നാമതൊരാൾ അറിയരുത്.ഇത് നമ്മുടെ ഉള്ളിൽ മാത്രം ഒതുങ്ങണം” മഹി പറഞ്ഞുമനസ്സിലായി……
ചില സത്യങ്ങൾ പുറത്ത് വരാതിരിക്കുന്നത് തന്നെയാണ് നല്ലത്. നമ്മൾ മനസ്സിലാക്കിയ കാര്യങ്ങൾക്കൊണ്ട് വേറെ ആർക്കും ഒരു പ്രയോജനവും ഇല്ലെങ്കിൽ പിന്നെ അത് ആരും അറിയാതെ പോട്ടെ.എന്തൊക്കെ സംഭവിച്ചാലും നേത്രയും അദ്രിയും ഇതൊന്നും അറിയരുത്.
അവനെക്കുറിച്ച് എല്ലാം അറിയുന്ന നീയും, അവളെക്കുറിച്ച് എല്ലാം അറിയുന്ന ഞാനും ഇതിന്റെ പിന്നിലുണ്ടെന്ന് അറിഞ്ഞാൽ അവർക്ക് സഹിക്കാൻ കഴിയില്ല” ആദി പറഞ്ഞു.
“മ്മ്….. അറിയാം…..അവനോട് മറച്ച് വെയേക്കുന്ന ആദ്യത്തെയും അവസാനത്തെയുമാവട്ടെ ഇത് ” മഹി പറഞ്ഞു.ശരിക്കും അന്ന് എന്താ മഹി സംഭവിച്ചത്,നീ കാര്യങ്ങളൊക്കെ പറഞ്ഞെങ്കിലും അദ്രി നിരപരാധിയാണെന്ന് മാത്രം എനിക്ക് മനസ്സിലായി, പക്ഷെ ആ കുറ്റം എങ്ങനെ അദ്രിയുടെ തലയിൽ വന്നു.ആ കുട്ടിക്ക് എന്താ സംഭവിച്ചത്” ആദി ചോദിച്ചു.
തുടരും

by